
ഇതൊരു കഥയല്ല. ഞാനിതെഴുതുന്നത് എന്റെ ഇളയ സഹോദരന്റെ ആശുപത്രി കിടക്കയ്ക്കരുകിലിരുന്നാണ്. കൈയും കാലും ഒടിഞ്ഞ്, ദേഹം മുഴുവൻ മുറിവുകളുമായി വേദനകൊണ്ടു ഞരങ്ങുന്ന അവനെ നോക്കിയിരിക്കുമ്പോൾ എന്റെ ഹൃദയം നോവുന്നുണ്ട്. ഒപ്പം വല്ലാത്തൊരാശ്വാസവുമുണ്ട്...ഇങ്ങനെയാണെങ്കിലും അവനിവിടെ ഉണ്ടല്ലോ എന്ന ആശ്വാസം.
മൂന്നു ദിവസങ്ങൾക്കു മുൻപാണ് ക്ലാസ് കഴിഞ്ഞു വരുകയായിരുന്ന അവന്റെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചശേഷം ഒരു കാറിനിട്ട് ഇടിച്ചതും ബൈക്കിൽ നിന്നും തെറിച്ച് കാറിന്റെ മുകളിൽ വീണശേഷം കാറിന്റെ മുൻപിൽ റോഡിൽ വീണതും...ബൈക്ക് തകർന്നു പോയി. അവൻ തീർന്നുപോയി എന്നുറപ്പിച്ചു തന്നെയാണ് ആരൊക്കെയോ അവനെ ഹോസ്പിറ്റലിലെത്തിച്ചത്. പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുറച്ചു സമയത്തിന് ശേഷം അവൻ കണ്ണുതുറന്നു സംസാരിച്ചു തുടങ്ങി. അന്നത്തെ ദിവസം സംഭവിച്ചതൊന്നും ഓർമ്മയില്ലെങ്കിലും എല്ലാവരെയും തിരിച്ചറിഞ്ഞു. ഭീതിയോടെ എല്ലാവരെയും തുറിച്ചു നോക്കി. അവന്റെ കണ്ണുകളിലുണ്ടായിരുന്ന ആ ഭയം മരണത്തെ മുഖാമുഖം കണ്ട ഒരുവന്റെയായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നതു കൊണ്ടു മാത്രമാണ് അവൻ രക്ഷപെട്ടതെന്നാണ് ഡോക്ടർമാർ പറഞ്ഞത്....അതെ, ചൂടെടുക്കുമെന്നും, അസ്വസ്ഥതയാണെന്നും,മുടി പോകുമെന്നുമൊക്കെപ്പറഞ്ഞ് നിങ്ങൾ മാറ്റി വയ്ക്കുന്ന ആ ഹെൽമെറ്റ് ധരിച്ചിരുന്നതു കൊണ്ടു മാത്രമാണ് അവനിന്നു ജീവനോടെ ഉള്ളത്.
നിങ്ങൾ പുതിയ മോഡൽ ബൈക്കുകളിൽ സെക്കന്റിന്റെ ഫ്രാക്ഷൻസിൽ പാഞ്ഞുപോകുമ്പോൾ നിങ്ങളോടൊപ്പം സഞ്ചരിക്കുന്ന മരണത്തെ കാണാതെ പോകരുത്. ചെറുപ്പത്തിന്റെ തിളപ്പിൽ മരിച്ചാൽ മരിക്കട്ടെ എന്നു ഗർവ്വുപറയുമ്പോൾ, കൈവളർന്നോ കാൽ വളർന്നോ എന്നു നോക്കി, നിങ്ങൾ വീട്ടിലെത്താൻ വൈകുമ്പോൾ നെഞ്ചിൽ തീയോടെ, പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ട് വഴിക്കണ്ണുമായി കാത്തുനിൽക്കുന്ന ആ അച്ഛനമ്മമാരെ മറന്നു പോകരുത്. നിങ്ങളാണ് അവരുടെ എല്ലാം...നിങ്ങൾക്കുവേണ്ടിയാണ് അവർ ജീവിക്കുന്നത്. പെട്ടെന്നൊരു ദിവസം നിങ്ങൾ ഇല്ലാതായാൽ അവരുടെ മുന്നോട്ടുള്ള ജീവിതം എത്ര ഭയാനകമായിരിക്കുമെന്ന് ഒന്നു ചിന്തിച്ചു നോക്കൂ.
കുഞ്ഞനുജന്മാരേ...നിങ്ങൾ കഴിവ് തെളിയിക്കാനായി വാഹനം സ്പീഡപ് ചെയ്യുമ്പോൾ, വളവുകളിൽ ഓവർടേക്ക് ചെയ്യുമ്പോൾ, മൊബൈലിൽ നോക്കിക്കൊണ്ട് ഡ്രൈവ് ചെയ്യുമ്പോൾ, രാത്രി ലൈറ്റ് ഡിം ചെയ്യാതിരിക്കുമ്പോഴൊക്കെ മറ്റൊരാളെക്കൂടി നിങ്ങൾ അപകടപ്പെടുത്തുകയാണ്. അതൊരുപക്ഷേ ഒരു കുടുംബത്തിന്റെ അത്താണിയായ ചെറുപ്പക്കാരനാവാം, കുഞ്ഞുങ്ങളടങ്ങിയ ഒരു കുടുംബമാവാം, കാത്തിരിക്കുന്ന പ്രിയപ്പെട്ടവരേ കാണാൻ കൊതിയോടെ എത്തിയ ഒരു പ്രവാസിയാവാം...നിങ്ങളുടെ അശ്രദ്ധ അവരുടെ ജീവനെടുക്കാൻ ഇടയാകരുത്. നിങ്ങൾ കുറെ മനുഷ്യരുടെ കണ്ണുനീരിനു കാരണമാവരുത്.
നിയമങ്ങൾ മനുഷ്യനന്മക്കു വേണ്ടിയുള്ളതാണ്. ഹെൽമറ്റും സീറ്റ്ബെൽട്ടും പോലീസിനെ കാണുമ്പോൾ മാത്രം ധരിക്കാനുള്ളതല്ല. അത് സംരക്ഷിക്കുന്നത് നിങ്ങളുടെ ജീവനാണ്...നിങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നങ്ങളാണ്...
ദിവസവും എത്രയെത്ര അപകടങ്ങളാണ് പത്രത്തിൽ നമ്മൾ കാണുന്നത്! ഈ മൂന്നുദിവസത്തിനുള്ളിൽ മരിച്ചും മരിക്കാതെയും പലരെയും ഇവിടെ കൊണ്ടു വന്നു. ചിലർ പാതിമരിച്ച് വർഷങ്ങളായി കിടപ്പുണ്ട്. അവർക്കുവേണ്ടി എല്ലാം വിറ്റുപെറുക്കി ദരിദ്രരായിത്തീർന്ന മാതാപിതാക്കളുടെ തോരാത്ത കണ്ണുകൾ അവർ കാണുന്നുണ്ടാകുമോ?
കസർത്തുകാട്ടി പാഞ്ഞു പോകുമ്പോൾ ലോകം നിങ്ങളെ അത്ഭുതത്തോടെ വീക്ഷിക്കുന്നു എന്നു തെറ്റിദ്ധരിക്കരുത്. നിങ്ങളുടെ പേക്കൂത്തുകൾ കാണുമ്പോൾ അത്ഭുതമല്ല അവജ്ഞയാണ് ഞങ്ങൾക്കു തോന്നാറുള്ളത്. ഞാൻ ഒരിക്കൽ ഡ്രൈവ് ചെയ്യുമ്പോൾ ഒരു സ്ത്രീയാണ് ഡ്രൈവിംഗ് സീറ്റിലെന്നു കണ്ട് എന്റെ മുൻപിൽ ബൈക്ക് ഒറ്റവീലിൽ ഓടിച്ച്, കഴിവ് തെളിയിക്കാൻ ശ്രമിച്ച പതിനെട്ടു വയസോളം വരുന്ന ഒരു കുട്ടിയെ ഓർമ്മവരുന്നു. അവൻ അതിൽനിന്നും താഴെവീഴരുതേ എന്നു പേടിയോടെ പ്രാർത്ഥിക്കുകയായിരുന്നു ഞാനപ്പോൾ. കുട്ടികളേ, നിങ്ങളുടെ കോപ്രായങ്ങൾ കൊണ്ടല്ല, മാന്യമായി വാഹനമോടിക്കുന്ന നിങ്ങളുടെ പക്വതകൊണ്ടാണ് ഞങ്ങളെ അത്ഭുതപ്പെടുത്തേണ്ടത്.
കുഞ്ഞനുജന്മാരേ, പക്വതയോടെ വാഹനമോടിക്കൂ. നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവനെ സംരക്ഷിക്കൂ. റോഡുകളിൽ പൊലിഞ്ഞു തീരേണ്ടതല്ല നിങ്ങളുടെ ജീവനും സ്വപ്നങ്ങളും...
ഒത്തിരി സ്നേഹത്തോടെ ,
ലിൻസി ചേച്ചി
ലിൻസി ചേച്ചി
24/02/2019
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക