******************************
ദിനകരൻ എന്ന അയാൾ ഈ ഇരിപ്പു തുടങ്ങിയിട്ട് ദിവസം മൂന്നായി . മസ്തിഷ്ക്കത്തെ ഇളക്കി മറിക്കുന്ന ചില ചോദ്യങ്ങളും പ്രസ്താവനകളും നിഷ്ക്കരുണം എറിഞ്ഞു കൊടുത്തിട്ടു അയാളുടെ ഭാര്യ വീട് വിട്ടിറങ്ങിയ നിമിഷം മുതൽ തുടങ്ങിയ ഇരിപ്പാണ് .ഭാര്യയുടെ മലവെള്ള പാച്ചൽ പോലെയുള്ള വാക്കുകളില്‍ അയാളെ ഏറ്റവും കൂടുതൽ കുഴക്കിയിരിക്കുന്നതു ഈ ഒരു പ്രസ്താവനയാകാം എന്നുള്ളതാണ് എന്റെ കണ്ടു പിടുത്തം ......
" മരിച്ചവരെ പോലെ കുറെ ആളുകൾ ജീവിക്കുന്ന ഈ വീട്ടിൽ ഞാനിനി നിൽക്കില്ല ...."
ദിനകരന്റെ ചിന്തകളുടെ ആഴമളക്കാൻ കിട്ടിയ അവസരം ഞാൻ ഇതാ ഉപയോഗിക്കാന്‍ പോകുന്നു .ദിനകരന്റെ ചിന്തകളെ ഞാൻ എന്റെ ചിന്തകളാക്കി വായനക്കാരിൽ എത്തിക്കുകയാണ് . അപ്പോഴാകും ദിനകാരനും എനിക്കും ഒരു ഗുമ്മുണ്ടാവുക
ദിനകരനിലേക്ക് ....
മരിച്ചവരെ പോലെ കുറെ ആളുകള്‍ ജീവിക്കുന്ന വീട് എന്ന് തന്നെയാണ് അവള്‍ പറഞ്ഞത് ..അതെന്താ അങ്ങനെ എന്ന് ചിന്തിച്ചു തുടങ്ങിയിടത്തു തന്നെയാണ് അയാൾ ഇപ്പോഴും ഇരിയ്ക്കുന്നത് ..
മഴ മൂടി നില്‍ക്കുന്ന മാനത്തിനു കീഴെ പാതി പണി തീര്‍ന്ന ആ കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ഇറയത്തു ഒരു ഒറ്റമുണ്ടില്‍ പൊതിഞ്ഞു അയാള്‍ ഇരിക്കുന്നു . അല്പം മുന്‍പേ പെയ്തു പോയ മഴയും നനഞ്ഞ മണ്ണും വീശിയടിച്ച കാറ്റില്‍ മുറ്റമാകെ വീണു കിടക്കുന്ന മഞ്ഞയും പച്ചയും നിറമുള്ള പ്ലാവിന്റെ ഇലകളും കാണാത്തത് പോലെ അയാള്‍ ഇരിക്കുന്നു .മുറ്റത്ത് നിന്ന് നോക്കിയാല്‍ മൈലുകള്‍ ദൂരെ വലിയ മൊട്ടക്കുന്നുകള്‍ കാണാം. മഴ പെയ്തു മാറിയത് കൊണ്ടാകാം ആകെ ഒരു മഞ്ഞിന്റെ മറ . അയാളുടെ കണ്ണുകള്‍ അതിലേതോ ഒരു കുന്നില്‍ തറച്ചു ഇരിക്കുകയാണ് . അകത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ടിവി സീരിയലിന്റെ നീണ്ട കരച്ചില്‍ ശബ്ദത്തിനും അതിന്റെ അകമ്പടി സംഗീതത്തിനും അയാളെ അയാള്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും ഉണര്‍ത്താന്‍ കഴിയുന്നില്ല ..
അവൾ പറഞ്ഞതൊക്കെയും ഒരു മുഴക്കം പോലെ വീണ്ടും വീണ്ടും ദിനകാരന്റെ ചെവിയിലേക്ക് തന്നെ പതിയ്ക്കുകയാണ് .
വന്ന നാള്‍ മുതല്‍ കേള്‍ക്കുന്നതാണ് .."ഇവിടെന്താ ഇങ്ങനെ .. ഇവിടത്തെ ആളുകള്‍ എന്താ ഇങ്ങനെ .. അവിടെ ഇങ്ങനെ അല്ല ...ഇവിടെ എന്താ ആളുകള്‍ ഉറക്കെ ചിരിക്കാത്തത് .. ഇവിടെന്താ ആളുകള്‍ കരയാത്തത് ...എന്താ ഉറക്കെ സംസാരിക്കാത്തത് .."
പിന്നെ പിന്നെ അയാള്‍ക്കും തോന്നി തുടങ്ങി , തന്റെ വീട് അസാധാരണമായ എന്തോ ഒന്ന് ആണെന്ന് . ഒന്ന് മാറി നിന്ന് നോക്കിയാല്‍ രോഗം ഭേദമാകാന്‍ സാധ്യത ഇല്ലാത്ത മാനസിക രോഗികളെ താമസിപ്പിക്കുന്ന ചിലയിടങ്ങളെ പോലെ . പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് അയാൾ പോയിട്ടുണ്ട് അങ്ങനെ ഒരിടത്ത് .ജീവനുള്ള നിശ്ചലമായ മനസ്സുകളെ കണ്ടു കുറേ വേദനിച്ചിരുന്നു. ഏറ്റവും വേദനിപ്പിച്ചത് അവരുടെ കണ്ണുകളാണ് .പലപ്പോഴും പാതി അടഞ്ഞവ , ചിലരുടെ കൃഷ്ണമണികള്‍ ചലിക്കുന്നതേ കാണാറില്ല . എവിടെ എങ്കിലും ഇരുത്തിയാല്‍ പിന്നെ അങ്ങനെ ഒരേ ഇരുപ്പാണ് . ചിലരുടെ നോട്ടം ..നീണ്ട മുറ്റത്തിനും അപ്പുറത്തുള്ള കൂറ്റന്‍ പ്രവേശന കവാടത്തിനും അപ്പുറത്തേക്കാണ് . പ്രീയപ്പെട്ടവര്‍ ആരെങ്കിലും കാണാന്‍ വരുമെന്ന് അവരില്‍ പലരും വെറുതെ പ്രതീക്ഷിക്കുന്നു .
അന്ന് അയാളുടെ മനസ്സിനെ ഏറ്റവും വേദനിപ്പിച്ചത് ആമിനയുമ്മയാണ് . ചന്തയില്‍ നിന്നും മീന്‍ തലയില്‍ ചുവന്നു നാട് നീളെ വിറ്റാണ് ഏക മകനെ വളര്‍ത്തിയത് . ഓര്‍മ്മക്കുറവില്‍ തുടങ്ങിയ രോഗമാണ് . രാത്രയില്‍ വീട് വിട്ടു ഇറങ്ങിയോടുന്നത് സ്ഥിരമായപ്പോള്‍ മകനാണ് അവിടെ കൊണ്ടാക്കിയത് . പലപ്പോഴും വസ്ത്രം പോലും ഇല്ലാതെയാണ് ഇറങ്ങിയോടുക . രോഗം പൂര്‍ണമായും ഭേദമായെങ്കിലും മകന്‍ തിരികെ കൊണ്ടുപോകുവാന്‍ തയ്യാറായില്ല . മകനും ഭാര്യക്കും പേടിയും നാണക്കേടും ഒക്കെയാണെന്ന് . കൊച്ചുമോനെ ഒന്ന് കാണിക്കാന്‍ പോലും തയ്യാറാകാത്തവര്‍ .എങ്കിലും ഉമ്മ എന്നും രാവിലെ മുതല്‍ വൈകിട്ട് ഉറങ്ങും വരെ ഒരേയിരുപ്പാണ്. കണ്ണുകള്‍ അങ്ങ് ദൂരെ വഴി വരെ നീളും .ചിലപ്പോള്‍ തനിയെ വിതുമ്പും കരയും . അന്ന് അയാൾ ചേര്‍ത്ത് പിടിച്ചു ഉമ്മവെച്ചപ്പോള്‍ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു . കണ്ണുകള്‍ വല്ലാതെ നീറി പുകയുന്നു .
ദിനകരന്‍ ഓര്‍മ്മകളില്‍ തന്നെയാണ് .വളരെ നീണ്ട ഇടവേളകള്‍ക്കു ശേഷമാണു അയാൾ കണ്ണുകള്‍ ചിമ്മുന്നത് വരെ . .ടിവിയില്‍ നിന്നും ഉയരുന്ന ശബ്ദം ഒഴിച്ചാല്‍ ആ വീട്ടില്‍ ആളുകള്‍ ഉണ്ടോ എന്ന് തന്നെ ചിലപ്പോള്‍ സംശയം തോന്നും ...
പക്ഷെ ഒന്നുറപ്പാണ് , ഈ വീട് ഇങ്ങനെ അല്ലായിരുന്നു . എന്ന് മുതലാണ് ഈ വീട്ടില്‍ ഈ മരവിപ്പ് കടന്നു കൂടിയത് . കുട്ടിക്കാലത്ത് വീട് നിറയെ ശബ്ദമായിരുന്നു . ചിരിയും ഒച്ചപ്പാടുകളും കളികളും എല്ലാം ഉണ്ടായിരുന്നു . ഇപ്പോൾ ഒന്നിനും പ്രതികരിക്കാന്‍ പോലും ആര്‍ക്കും അറിയാത്തത് പോലെ . ഒരു മരണം അറിഞ്ഞാല്‍ അല്ലെങ്കിൽ ആരെങ്കിലും ഒരു വിവാഹം ക്ഷണിച്ചാല്‍, വിളിക്കാത്ത ഒരതിഥിയെ പോലെ തല കാണിച്ചു മടങ്ങുന്നു . പലപ്പോഴും പോകാതിരിയ്ക്കാന്‍ ശ്രമിക്കുകയാകും ചെയ്യുക . അതുമല്ലെങ്കിൽ അതൊരു തരം ജോലിയായി കണ്ടു പരസ്പരം ഏല്പിച്ചു മാറി നില്‍ക്കാന്‍ ശ്രമിക്കുന്നു . അവള്‍ പറഞ്ഞത് ശരിയാണെന്നു അയാൾക്കും തോന്നി തുടങ്ങിയിരിക്കുന്നു .
വാതില്‍ക്കല്‍ രണ്ടു തലകള്‍ ഇടയ്ക്കിടയ്ക്ക് ഒളിഞ്ഞു നോക്കി ഉള്‍വലിയുന്നുണ്ട് . അയാളുടെ അമ്മയും ചേച്ചിയും . ടിവിയില്‍ ഉണര്‍ന്നു ടിവിയില്‍ തന്നെ ഉറങ്ങുന്നവര്‍ ..സീരിയലുകളില്‍ ഉണ്ടും കുടിച്ചും ജീവിതം നീക്കുന്നവര്‍ . ചേച്ചി വിധവയാണ് ..ഒരു കുട്ടിയുണ്ട് , അവന്‍ സ്കൂളില്‍ പോയി . ഏഴാം വയസ്സിലും അവനിലും മരവിപ്പ് പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നു അയാൾ ഭീതിയോടെ മനസ്സിലാക്കി . ചില സമയങ്ങളില്‍ ചേച്ചി അവനെ കൈ കൊണ്ട് ആഞ്ഞടിക്കുകയും ആ സമയം അവന്‍ വെറുതെ ചേച്ചിയുടെ നേരെ നോക്കി നില്‍ക്കുന്നതും അയാൾ കണ്ടു നിന്നിട്ടുണ്ട് .
എന്താണ് ഈ വീടിന്റെ പ്രശ്നം എന്നാണു ദിനകരൻ ഇപ്പോൾ ചിന്തിക്കുന്നത് ..
അച്ഛന്‍ മരിച്ചതാണോ കാരണം , അതോ ..ചേച്ചിയെ കെട്ടിക്കാന്‍ സഹകരണ ബാങ്കില്‍ നിന്നും എടുത്ത ലോണ്‍ വളര്‍ന്നു ഇന്നൊരു കുന്നോളം ആയതോ .. ഒന്നര വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം വെള്ള സാരിയും ചുറ്റി , കൈകുഞ്ഞുമായി വന്ന ചേച്ചിയെ കണ്ടപ്പോള്‍ വീണതാണ് അച്ഛന്‍ ..പിന്നെ ഏറെക്കാലം വേണ്ടി വന്നില്ല .തെക്കേലെ മാവ് വെട്ടാന്‍ .അന്ന് ബന്ധുക്കൾ എല്ലാവരും കരഞ്ഞിട്ടും താൻ മാത്രം കരഞ്ഞില്ലല്ലോ എന്ന് അയാൾക്ക് ഇപ്പോളാണ് ഓർമ്മ വന്നത് .
ഇതൊക്കെ വെറും സാധാരണ അവസ്ഥകള്‍ ആണെന്നും ഇതിലും വലിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ സന്തോഷമായി ജീവിക്കുന്നുണ്ടെന്നും മനസ്സിലാക്കി അയാൾ സന്തോഷമായി ജീവിക്കുന്നു എന്ന ആത്മ വിശ്വാസത്തിന്മേലാണ് അവൾ കോടാലി വെച്ചത് .
അയാൾ ചിരിച്ചിട്ട് ഒരാഴ്ചയില്‍ ഏറെ ആയത്രേ ...അവളുടെ ഓരോ പൊട്ട കണ്ടുപിടുത്തങ്ങൾ എന്നയാൾ അപ്പോൾ ചിന്തിച്ചുവെങ്കിലും പിന്നീട് പലപ്പോഴും വല്ലാത്ത ഒരു ഞെട്ടലോടെ ഇറയത്തെ തൂണില്‍ അരികുകള്‍ പൊട്ടി ഒറ്റയ്ക്ക് കിടന്നാടുന്ന കണ്ണാടിയില്‍ തന്റെ മുഖം നോക്കി .അയാൾ ചിരിയ്ക്കാൻ വെറുതെ പാഴ്ശ്രമങ്ങൾ നടത്തി നോക്കി . ദാരിദ്രത്തിന്റെ നേര്‍ ചിത്രം പോലെ ഇത്തരം എല്ലാ വീടിലും കാണും വശങ്ങള്‍ പൊട്ടിയ ഒരു കണ്ണാടി , അല്ലെങ്കില്‍ നിന്നു പോയൊരു ക്ലോക്ക് .രണ്ടും ഇവിടെയും ഉണ്ട് . ചിരിയ്കാന്‍ ശ്രമിക്കുമ്പോള്‍ കവിളിനും ചുറ്റും വേദന .ചുണ്ടുകള്‍ അകലാന്‍ മടിക്കുന്നു .താടിയെല്ലിനു വല്ലാത്ത വേദന .കണ്ണിനു ചുറ്റും കറുപ്പും . അലസം വളരുന്ന താടി രോമങ്ങള്‍ ..ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു എന്നെയും , മരവിപ്പ് എന്ന ഭൂതം പിടിച്ചിരിയ്ക്കുന്നു .....പിന്നെയും പല വട്ടം കരയാനും ചിരിയ്ക്കാനും ശ്രമിച്ചു അയാൾ പരാജയപ്പെട്ടു കാഴ്ച ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് .
താന്‍ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനും , അതിനൊത്ത് പെരുമാറാനും അറിയാത്തവര്‍ മരിച്ചവര്‍ തന്നെയെന്നു അവള്‍ ആവര്‍ത്തിച്ചു . ഭ്രാന്തിനും സാധാരണ ജീവിതത്തിനും ഇടക്കുള്ള ആ നേര്‍ത്ത രേഖയിലൂടെ സഞ്ചരിയ്ക്കുന്ന കുറെ ജീവിതങ്ങളെ ഒറ്റയ്കാക്കി അവള്‍ പടിയിറങ്ങി .
അകത്തെ മുറിയില്‍ നിന്നുമുള്ള ശബ്ദങ്ങള്‍ പെട്ടെന്ന് നിന്നു . നിശബ്ദത , അല്ല ശബ്ദം തിരിച്ചറിയാന്‍ ആവാത്ത അവസ്ഥ . നിശബ്ദതയിലും , ശബ്ദമുണ്ടെന്നും , അത് തിരിച്ചറിയാന്‍ കഴിയാത്ത സാധാരണ മനുഷ്യന്‍ ആ അവസ്ഥയെ നിശബ്ദത എന്ന് വിളിക്കുന്നു എന്ന് ആരാണ് പറഞ്ഞത് . അറിയില്ല ... അകത്തുള്ളവര്‍ , മരിച്ചോ ...ജീവിച്ചിരിക്കുന്നവര്‍ മാത്രമല്ലേ മരിയ്ക്കൂ ........
ഞാൻ അകത്തേയ്ക്കു അൽപനേരം കണ്ണും ചെവിയും കൂർപ്പിച്ചു വെച്ചു. ശബ്ദമുണ്ട് . ശ്വാസഗതിയും കേൾക്കാം . ഞാൻ വീണ്ടും പുറത്തേയ്ക്കു ദിനകാരനിലേക്കു തന്നെ തിരിച്ചെത്തി .
ദിനകരന്‍ അതേ ഇരുപ്പു തുടരുകയാണ് .ഞാൻ പ്രതീക്ഷയോടെ പുറത്തേയ്ക്കു നോക്കി . ഒരു ആംബുലന്‍സ് ദിനകരന്റെ വീടിന്റെ മുന്നിലേക്ക് മഴ നനഞ്ഞ വഴിയിലൂടെ ആഴത്തിൽ ചക്രങ്ങൾ പതിപ്പിച്ചു പാഞ്ഞു വരുന്നുണ്ട് . പുറകെ പോലീസ് വണ്ടികളും .ഞാൻ പ്രതീക്ഷിച്ചു കാത്തിരുന്നവർ എത്തിയല്ലോ . ദിനകരൻ വിട്ടു ഞാൻ എഴുന്നേറ്റു .
ദിനകരൻ ആൾക്കൂട്ടത്തിന്റെ മുൻനിരയിൽ കാണപ്പെട്ട നരച്ച തയുടെ ഉടമസ്ഥന് നേരെ ഒരു ചോദ്യ ചിഹ്നം എറിഞ്ഞിട്ടു . തണുത്തുറഞ്ഞ അയാളുടെ കൈകളിൽ അമരത്തു പിടിച്ചു കൊണ്ട് നരച്ച തല വളരെ പതിയെ സംസാരിച്ചു തുടങ്ങി .
മഴയിൽ സ്കൂള്‍ കെട്ടിടം ഇടിഞ്ഞു വീണു ...പെട്ടെന്ന് അകത്തെ ടിവിയുടെ ശബ്ദം നിലയ്ക്കുകയും . ഇറയത്തു രണ്ടു സ്ത്രീ രൂപങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു . അവര്‍ ദിനകരന്റെ ഇരുവശങ്ങളിലായ് ഇരിപ്പുറപ്പിച്ചു .. ആംബുലന്‍സില്‍ നിന്നും ഇറക്കിയ വെള്ള രൂപത്തെ നോക്കി അവര്‍ മൂന്നു പേരും കരഞ്ഞില്ല . ഒച്ച വെച്ചില്ല . കാഴ്ചക്കാരില്‍ ചിലര്‍ മൂക്കത്ത് വിരല്‍ വെച്ചു. കാമറയും പേപ്പറും പേനയും കൊണ്ട് വന്ന മാധ്യമ പ്രവര്‍ത്തകര്‍ നിശബ്ദം നിന്നു . എന്താണ് പകര്‍ത്തുക....
ഞാന്‍ ഇറങ്ങി നടന്നു . വന്ന കാര്യം കഴിഞ്ഞു . ഇനി മടങ്ങാം . തൊട്ടു പിന്നിൽ വിരൽ തൊട്ടു നടക്കുന്ന ഏഴു വയസ്സ് പ്രായമുള്ളൊരു ആത്മാവുമായി ഞാൻ മുന്നോട്ടു നടന്നു . ഇത് ദിനകരന്റെ മാത്രം ജീവിതമാണ് ...ദിനകരന്റെ മാത്രം വീടും .. ഇവിടെ എനിക്കെന്തു കാര്യം ...... ഒരു നിമിഷത്തിന്റെ തിരിഞ്ഞു നോട്ടത്തില്‍ അങ്ങ് ദൂരെ മല മുകളിലെ മഞ്ഞിന്റെ ആഴമളക്കുന്ന രണ്ട് രൂപങ്ങള്‍ .......പിന്നിലൊരനക്കം കൂടി..
ദിനകരനെവിടെ ..?
******************
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക