നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Patient 27 - Part 14


മൂന്നു പേരും ലാബിനുള്ളിലെത്തിയതും ഡോ. ശങ്കർ വാതിൽ ലോക്കു ചെയ്തു.
“മിസ്. നതാലിയ... അടുത്ത 30 മിനിട്ടിനുള്ളിൽ ജെനറൽ സാവന്ത് ഭട്ട് ഇവിടെ ലാൻഡ് ചെയ്യും. ഇവിടെ ചില പ്രശ്നങ്ങളുണ്ടെന്നും, പെട്ടെന്ന് ലാൻഡ് ചെയ്യാനാകില്ലെന്നും പറഞ്ഞ് ഞാൻ ഒരല്പ്പം സമയം നീട്ടി വാങ്ങിയിട്ടുണ്ട്. പക്ഷേ അയാൾ ഒരു കുറുക്കനാണ്. ഞാൻ പറഞ്ഞത് വിശ്വസിച്ചിട്ടുണ്ടാകില്ല. എനിക്കുറപ്പാണ്.”
നതാലിയ മറുപടിയൊന്നും പറയാതെ ഡോ. രഘുചന്ദ്രയെ അവിടെ കണ്ട ഒരു കസേരയിലേക്കിരുത്തി. പിസ്റ്റൾ ഒരണുവിട മാറാതെ അയാളുടെ കഴുത്തിനു പുറകിൽ അമർത്തിപ്പിടിച്ചിരുന്നു അവൾ.
“ഞാൻ പറയാൻ പോകുന്നത് ടോപ്പ് മിലിട്ടറി സീക്രട്ട്സാണ്. യാതൊരു കാരണവശാലും വെളിയിലറിയാൻ പാടില്ലാത്തത്. അതീവ ഗൗരവമുള്ള... ”
“സമയമില്ലെന്ന് താങ്കൾ തന്നെയല്ലേ പറഞ്ഞത്? താങ്കൾ സംസാരിക്കുന്നത് ആരോടാണെന്ന് അറിയാമല്ലോ. ഇത്തരം മുന്നറിയിപ്പുകൾക്കായി സമയം നഷ്ടപ്പെടുത്തേണ്ടതില്ല.” നതാലിയക്ക് ഡോ. ശങ്കറിനെ പൂർണ്ണമായും വിശ്വാസമായിട്ടില്ല എന്ന് അവളുടെ സംസാരത്തിൽ നിന്നു തന്നെ വ്യക്തമായിരുന്നു.
“ഓക്കെ, ഓക്കെ... ” ഡോ. ശങ്കർ തിടുക്കത്തിൽ തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ചെടുത്ത് ഡോ. രഘുചന്ദ്രയെ സമീപിച്ചു.
“ഈ മനുഷ്യൻ ഒരിക്കലും സംസാരിക്കാൻ പോകുന്നില്ല നതാലിയ. നമ്മൾ എന്തൊക്കെ ചെയ്താലും അയാൾ ഒരു ലാസ്റ്റ് മിനിറ്റ് മിറക്കിളിന്റെ പ്രതീക്ഷകളിൽ മൗനം പാലിക്കുക തന്നെ ചെയ്യും. നമുക്ക് തല്ക്കാലം ഇയാളെ ഒന്നു സെഡേറ്റ് ചെയ്യാം. അടുത്ത 20 മിനിറ്റ് നേരത്തേക്ക്.“ അദ്ദേഹം അയാളുടെ കഴുത്തിൽ തന്നെ ആ സിറിഞ്ച് താഴ്ത്തി.
നതാലിയായുടെ മുഖത്ത് അക്ഷമ നിറഞ്ഞു.
”ഓക്കേ ഏജന്റ് നതാലിയ. ഞാൻ എന്റെ കഥ പറയാൻ പോകുകയാണ്.“ ബോധ രഹിതനായ ഡോക്ടറെ താഴേക്ക് താങ്ങിയിറക്കി കിടത്തിക്കൊണ്ട് ശങ്കർ പറഞ്ഞു തുടങ്ങി.
”എന്റെ യതാർത്ഥ പേര് ഡോ. രാജീവ്. രാജീവ് നാഥ്.“ പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം നിവർന്നു. ”ജനറൽ സാവന്തിന്റെ പേഴ്സണൽ ഫിസിഷ്യനായിരുന്നു ഞാൻ. മെഡിക്കൽ ഡോക്ടർ.“
നതാലിയ ആ കസേര അദ്ദേഹത്തിനു നീക്കിയിട്ടു കൊടുത്തു.
”1991 മുതൽ ഞാൻ ജനറലിനൊപ്പമാണ്. അയാൾക്ക് ഈ ലോകത്തിൽ ഏറ്റവും വിശ്വസ്തനായ... ഒരു നിഴൽ പോലെ എപ്പോഴും കൂടെ കൊണ്ടു നടന്ന അദ്ദേഹത്തിന്റെ പേർസണൽ ഡോക്ടർ.“
നതാലിയ ശ്രദ്ധയോടെ തലയാട്ടിക്കൊണ്ടിരുന്നു.
”ഞാൻ വന്ന് ഏതാണ്ട് 3 വർഷങ്ങൾക്കു ശേഷമാണ് ഈ മനുഷ്യൻ... ഡോ. ജോർജ്ജ് മുക്കാടൻ അഥവാ രഘുചന്ദ്ര ജനറലുമായി ബന്ധപ്പെടുന്നത്. ഇവർ രണ്ടു പേരും എങ്ങനെ പരിചയപ്പെട്ടു എന്നറിയില്ല. പക്ഷേ ഒരിക്കലും തമ്മിൽ കാണാൻ പാടില്ലാത്ത രണ്ടു മനുഷ്യർ തമ്മിലുള്ള കൂടിക്കാഴ്ച്ചയായിരുന്നു അത്.
ഈ ... മൃഗം!“ ഡോക്ടർ പല്ലു ഞെരിച്ചു “ഇയാൾ...ഇതു പോലൊരു നീചൻ ഈ ലോകത്തിന്നു ജീവിച്ചിരിപ്പുണ്ടോ എന്നു സംശയമാണ്. മനുഷ്യത്വം എന്നൊരു വാക്കിന്റെ അർത്ഥം പോലുമറിയില്ല ഇയാൾക്ക്. ഇയാളുടെ കണ്മുൻപിൽ, ജീവനുള്ളതെല്ലാം, പരീക്ഷണ വസ്തുക്കളാണ്. നമ്മൾ ഈ അപസർപ്പക കഥകളിലൊക്കെ വായിക്കുന്ന തരം ഒരു ഈവിൾ സയന്റിസ്റ്റ്! അതിൻറെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ഇയാൾ!”
“സമയം പോകുന്നു...” നതാലിയ ഓർമ്മിപ്പിച്ചു.
“ഓക്കെ!” ഡോക്ടറിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. “ഞാൻ എന്റെ കഥ ആദ്യം പറയാം. എനിക്ക് ഭാര്യയും ഒരു മകനുമായിരുന്നു. കേരളത്തിൽ ഒറ്റപ്പാലം എന്നൊരിടത്തായിരുന്നു വീട്. അതി മനോഹരമായൊരു കൊച്ചു ഗ്രാമത്തിൽ...” ഡോക്ടറുടെ മുഖത്ത് വേദന നിറഞ്ഞൊരു പുഞ്ചിരി വിടർന്നു. “ഞാനും ഭാര്യയും എന്റെ മകനും. സന്തുഷ്ട കുടുംബം.
ഒരിക്കലും വൈഫിനെയോ മകനെയോ ഞാൻ എന്റെ ജോലി സ്ഥലങ്ങളിലേക്കു കൂട്ടിക്കൊണ്ടു വരാൻ ഇഷ്ടപ്പെട്ടില്ല. കാരണം, ജെനറൽ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ചിലപ്പോൾ നമ്മുടെ മുൻപിൽ വെച്ച് മറ്റുള്ളവരെ ഉപദ്രവിക്കുന്നത് അയാൾക്കൊരു ഹരമാണെന്നു തോന്നിയിട്ടുണ്ട്. ഉപദ്രവിക്കുക എന്നു വെച്ചാൽ, വളരെ ക്രൂരമായി മർദ്ദിക്കും. ചെറിയ തെറ്റുകൾക്കു പോലും നമുക്ക് കണ്ടുനിൽക്കാൻ സാധിക്കാത്ത ക്രൂരമായ ശിക്ഷകളാണ് വിധിക്കപ്പെടുക.
സന്തോഷങ്ങൾക്കിടയിലും .. ഭാര്യക്ക് ചെറുതായി മാനസീകാസ്വാസ്ഥ്യമുണ്ടായിരുന്നു. വിവാഹത്തിനു ശേഷം തുടങ്ങിയതാണ്. കുഞ്ഞുണ്ടായതിനു ശേഷം ചില സ്ത്രീകളിലുണ്ടാകാറുള്ള പോസ്റ്റ്പാർട്ടം ഡിപ്രഷൻ (Postpartum Depression) ആണെന്നാണ് ആദ്യം കരുതിയത്. പക്ഷേ, പിന്നീട് കൂടുതൽ പരിശോധനകളിൽ അത് സ്കീസോഫ്രീനിയ എന്ന മാരകമായ ഒരു തരം മെന്റൽ ഡിസോർഡർ ആണെന്നു മനസ്സിലായി. ഇടക്കിടെ വയലന്റാകുക, മറ്റുള്ളവരെ ഉപദ്രവിക്കുക, വീട്ടിൽ നിന്നിറങ്ങി ഓടുക, ചിലപ്പോൾ ആത്മഹത്യാ പ്രവണതയും...“ അദ്ദേഹത്തിന്റെ തൊണ്ടയിടറി.. നതാലിയ മുൻപോട്ടാഞ്ഞ് ഡോക്ടറുടെ തോളിൽ ഒന്ന് തൊട്ടു.
”എന്റെ മോന്റെ 20-ആം പിറന്നാളിനാണ് അവൾ പോയത്. രാവിലെ വളരെ സന്തോഷമായി അവനു വേണ്ടി സദ്യയൊരുക്കി വെച്ച്...ഉച്ചക്ക് അവനോടും കൂട്ടുകാരോടുമൊപ്പമിരുന്ന് ഭക്ഷണം കഴിച്ച്... ഏതാണ്ട് 3 മണിയായപ്പോൾ പെട്ടെന്ന് വീട്ടിൽ നിന്നിറങ്ങി ഓടി അടുത്തുള്ള റെയിൽവേ ക്രോസിങ്ങിലേക്ക്.“ ഡോക്ടർ വിങ്ങിപ്പൊട്ടി.
”ഡോക്ടർ... ഇതെല്ലാം എന്നോട് പറയേണ്ട കാര്യമുണ്ടോ ? പ്ലീസ്... ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കാം നമുക്ക്. “ നതാലിയ അസ്വസ്ഥയായിരുന്നു.
”ഇതെല്ലാം ആവശ്യമുള്ളതു തന്നെ കുട്ടീ... “ ഡോക്ടർ കണ്ണു തുടച്ചു ”... അതിനു ശേഷം എന്റെ മകനെ ഞാൻ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു പോന്നു. 20 വയസ്സ്. അവന് ധാരാളം ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. പെരുമാറ്റ വൈകല്യങ്ങളും. പക്ഷേ എന്നിട്ടും, ഞാൻ ജനറലിനോട് സംസാരിച്ച് അവനെ ആർമിയിൽ ചേർത്തു. അതിനു പുറകിൽ ഒരപകടം പതിയിരിക്കുന്നുണ്ടായിരുന്നു എന്നറിയാതെ.“
”എന്തു പറ്റി ?“
”ദൗർഭാഗ്യവശാൽ അവന്റെ അമ്മയുടെ അതേ അസുഖം അവനും കിട്ടിയിരുന്നു. സ്കിസോഫ്രീനിയ!“
“Oh! Shit!“ നതാലിയ കണ്ണുകൾ ഇറുക്കിയടച്ചു തുറന്നു.
”ആദ്യമൊക്കെ ഒറ്റക്കിരുന്നു സംസാരിക്കുമായിരുന്നു. അങ്ങനെയാണ് തുടങ്ങിയത്. പിന്നെ, അവൻ ഓരോ മായക്കാഴ്ച്ചകൾ കാണാൻ തുടങ്ങി. അപ്പോഴൊക്കെ വയലന്റാകും. അടുത്തു നില്ക്കുന്നവരെ തിരിച്ചറിയില്ല, ആക്രമിക്കും. ചിലപ്പോൾ കൊന്നുകളഞ്ഞെന്നു വരെ വരും. ഞാൻ ഇതെല്ലാം അറിഞ്ഞപ്പോഴേക്കും വല്ലാതെ വൈകിയിരുന്നു.
ജനറൽ ഒരു ദിവസം എന്നെ വിളിപ്പിച്ചു.
ഞാൻ ചെന്നപ്പോൾ, അയാളുടെ മുറിയിൽ ഒരു സ്റ്റ്രെയ്റ്റ് ജാക്കറ്റിടുവിച്ച് ഇരുത്തിയിരിക്കുകയായിരുന്നു എന്റെ മകനെ. ഒരു പിതാവും ഒരിക്കൽ പോലും കാണാൻ ഇടവരരുത് ആ കാഴ്ച്ച!“ ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി യാതൊന്നും പറയാനാകാതെ നതാലിയ കുഴങ്ങി.
ജനറൽ പറഞ്ഞാണ് അറിഞ്ഞത്, എന്റെ മകനെ, ഡോ. ജോർജ്ജ് പരിശോധിച്ചത്രേ. അവനു ഭ്രാന്താണ്. മുഴു ഭ്രാന്ത്. മിലിട്ടറിയിൽ തുടരാനാകില്ല അവന്... ഒരിക്കലും ചികിൽസിച്ചു മാറ്റാനാകാത്ത തരം ഒരു അവസ്ഥയാണത്രേ എന്റെ കുഞ്ഞിന്.
ഞാൻ തകർന്നു പോയി.
ഡോ. ജോർജ്ജ്... ദാ ഈ കിടക്കുന്ന മൃഗം ആ മുറിയിൽ തന്നെയുണ്ടായിരുന്നു. ഇവനാണ് എന്നോട് പറഞ്ഞത് he has some kind of experimental medicine!. അസുഖം പൂർണ്ണമായി മാറ്റിത്തരാമെന്ന് ഇവൻ എനിക്കുറപ്പു തന്നു. നതാലിയക്കറിയാമായിരിക്കുമല്ലോ, സ്കിസോഫ്രീനിയ ഒരിക്കലും പൂർണ്ണമായി ചികിൽസിച്ചു ഭേദമാക്കാനാവില്ല. എന്റെ വൈഫിന്റെ കാര്യത്തിൽ ഞാനതു മുൻപേ മനസ്സിലാക്കിയിരുന്നതാണ്. ആദ്യമായാണ് ഒരു ഡോക്ടർ എനിക്ക് 100% ഉറപ്പു തരുന്നത്. ആ ഒരവസ്ഥയിൽ എനിക്ക്.. എനിക്കതു സമ്മതിക്കാതെ തരമില്ലായിരുന്നു.
ഞാനറിഞ്ഞിരുന്നില്ല നതാലിയാ... ഇവർ വർഷങ്ങളായി ഇത്തരം എന്തോ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നത്രേ. അതിന്റെ പേരിൽ ഈ ഡോക്ടറെ ആർമി പുറത്താക്കിയിരുന്നു, ജനറലിനെ സസ്പെൻഡ് ചെയ്തിരുന്നു... ഒക്കെ മിലിട്ടറി ടോപ്പ് ലെവലിൽ നടന്ന കാര്യങ്ങളായിരുന്നതു കൊണ്ട് ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. ആദ്യമായി ജനറൽ എന്റെ മകന്റെ കാര്യത്തിൽ ഇത്ര താല്പര്യമെടുക്കുന്നതു കണ്ടിട്ടും എനിക്ക് സംശയമൊന്നും തോന്നിയില്ല. എന്റെ തെറ്റ്. എന്റെ മകനെ ഞാൻ അവരെ ഏല്പ്പിച്ചു.
പിന്നെ നടന്നത് തികച്ചും അവിശ്വസനീയമായിരുന്നു.
ആദ്യത്തെ മൂന്നു മാസങ്ങൾ... മകൻ പൂർണ്ണമായും ചികിൽസയോടു പ്രതികരിക്കുന്നുണ്ടായിരുന്നു. വളരെ പെട്ടെന്ന് അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ അവനെ അവർ ഡിസ്ചാർജ്ജ് ചെയ്തു. എന്നോടൊപ്പം വീട്ടിൽ തന്നെയായിരുന്നു അവൻ തുടർന്നുള്ള കുറേക്കാലം. ഇടക്കിടെ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ ഒഴിച്ചാൽ വളരെ സന്തോഷകരമായി പോയ ഏതാനും ആഴ്ച്ചകൾ.
ഡോ. ജോർജ്ജ് ഇടക്കിടെ കാണാൻ വന്നിരുന്നു. അയാൾക്കെന്തോ അവന്റെ കാര്യത്തിൽ വല്ലാത്ത താല്പ്പര്യമായിരുന്നു. വരുമ്പോഴെല്ലാം ഓരോ ചോദ്യങ്ങൾ ചോദിക്കും. എന്തൊക്കെയോ മരുന്നുകൾ കുറിച്ചു കൊടുക്കും. അവൻ പൂർണ്ണമായും ഡോക്ടർ പറയുന്നതനുസരിച്ച് ജീവിച്ചു. രോഗം പൂർണ്ണമായും വിട്ടുമാറുമെന്ന് ഞാനും ആശ്വസിച്ചു തുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെ ഒരിക്കൽ ഒരു രാത്രി ഡോക്ടർ വീട്ടിൽ വന്നു. മകനെ വിളിച്ചുണർത്തി, അവനെ കൂട്ടിക്കൊണ്ടു പോകുകയാണെന്നു പറഞ്ഞു. എക്സ്പെരിമെന്റൽ മെഡിസിൻ ആണല്ലോ. കുറേ ടെസ്റ്റുകൾ ബാക്കിയുണ്ടത്രേ. എന്തോ പന്തികേടു തോന്നാതിരുന്നില്ല. പക്ഷേ ഞാൻ സമ്മതിച്ചു.
അവർ അന്ന് രാത്രിയിൽ കൊണ്ടുപോയ എൻറെ മകനെ ഞാൻ കാണുന്നത് ആഴ്ചകൾക്കു ശേഷമാണ്! അപ്പോഴേക്കും അവന്റെ സ്ഥിതി വളരെ വഷളായിരുന്നു. പെരുമാറ്റത്തിൽ വല്ലാത്ത വ്യത്യാസങ്ങൾ. എന്നെ കണ്ടിട്ട് തിരിച്ചറിഞ്ഞോ എന്നു വരെ സംശയം. അസുഖം തിരിച്ചു വന്നിരിക്കുന്നു എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ...
അവന്റെ കയ്യിൽ ഒരു ചെറിയ ലെതർ കെയ്സ് ഉണ്ടായിരുന്നു. അതിനുള്ളിൽ ഒരു വലിയ സിറിഞ്ച്. എന്തോ ഒരു തരം കെമിക്കലും.
ആ സിറിഞ്ചിന്റെ വലിപ്പം കണ്ടപ്പോൾ തന്നെ എനിക്കെന്തോ അപകടം മണത്തു. പക്ഷേ അവന്റെ മുഖഭാവം കണ്ടിട്ട് എനിക്ക് ഒന്നും ചോദിക്കാൻ തോന്നിയില്ല. രാത്രി ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ അവൻ ആ സിറിഞ്ചുമായി ബെഡിൽ മലർന്നു കിടന്നു. ഞാൻ വാതിൽക്കൽ നിൽക്കുമ്പോൾ. അവൻ ആ സിറിഞ്ചിൽ കെമിക്കൽ നിറച്ച് വായുവിലേക്കുയർത്തുന്നതു കണ്ടു. ഞാൻ അപകടം തിരിച്ചറിഞ്ഞപ്പോഴേക്കും
നേരേ ഹൃദയത്തിലേക്ക് അവൻ ആ നീഡിൽ താഴ്ത്തിക്കഴിഞ്ഞിരുന്നു. അതേ സമയം തന്നെ സിറിഞ്ചിലെ കെമിക്കൽ മുഴുവനായും അകത്തേക്കു പമ്പു ചെയ്തു കഴിഞ്ഞിരുന്നു!
എന്റെ വർഷങ്ങളുടെ മെഡിക്കൽ എക്സ്പീരിയൻസിൽ, നേരേ ഹൃദയത്തിലേക്ക് മരുന്നുകൾ ഇഞ്ചക്റ്റ് ചെയ്യുന്നത് (Intracardiac Injections) വളരെ അപൂർവ്വമായ ചില സാഹചര്യങ്ങളിലാണ് എന്നാണ് മനസ്സിലാക്കിയിരുന്നത്. എപ്പിനെഫ്രിൻ എന്നൊരു മരുന്നാണ് സാധാരണ അങ്ങനെ ചെയ്യാറ്. ഹാർട്ട് അറ്റാക്ക്, ഡ്രഗ് ഓവർഡോസ്... അങ്ങനെയുള്ള സാഹചര്യങ്ങളിൽ, വളരെ പെട്ടെന്ന് ഹാർട്ട്, ജമ്പ്-സ്റ്റാർട്ട് ചെയ്യിക്കാൻ. പക്ഷേ ഇത്...
ഇഞ്ചക്ഷനു ശേഷം കുറച്ചു നേരത്തേക്ക് മകൻ അല്പ്പം വയലന്റായിരുന്നു. പക്ഷേ പെട്ടെന്നു തന്നെ ശാന്തനായി. എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് വാതിലടച്ചു കളഞ്ഞു.
പിറ്റേന്നു രാവിലെ തന്നെ ഞാൻ ജനറലിനെ ചെന്നു കണ്ട് ഡോ. ജോർജ്ജ് ചെയ്യുന്ന ഈ പരീക്ഷണങ്ങൾ എന്താണെന്നു കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ടു. എന്തു കെമിക്കലാണ് അവൻ എന്റെ മകനിൽ പരീക്ഷിക്കുന്നതെന്ന് അറിയാൻ.. ജനറൽ കരുതുന്നതു പോലൊന്നുമല്ല, എന്തോ മാരകമായ പരീക്ഷണങ്ങളാണ് അയാൾ നടത്തുന്നതെന്നു അദ്ദേഹത്തെ അറിയിക്കണമെന്ന് തോന്നി.
പക്ഷേ അയാൾ പറഞ്ഞ മറുപടി എന്നെ നടുക്കിക്കളഞ്ഞു, നതാലിയ.
‘മകന്റെ അസുഖം ഭേദമായില്ലേ ? ഇനി അവനെക്കൊണ്ട് ഞങ്ങൾക്ക് കുറച്ചു പണിയുണ്ട്. He is the perfect specimen for an experiment we are doing!!' ഇതായിരുന്നു അയാളുടെ വാക്കുകൾ.
ജനറൽ കൂടി അറിഞ്ഞുകൊണ്ടാണിതെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്.
എന്തു തന്നെയായാലും ഞാനൊരു ഡോക്ടറല്ലേ ? മരുന്നുകൾ - അത് എന്തിനു വേണ്ടിയുള്ളതായാൽ പോലും - മനുഷ്യരിൽ അതു പരീക്ഷിക്കുന്നതിന് മുൻപ് ധാരാളം നടപടി ക്രമങ്ങളുണ്ട്. ഇവിടെ അങ്ങനെ ഒന്നും ചെയ്തിട്ടുള്ളതായി എനിക്കു തോന്നിയില്ല. എന്തോ ഇല്ലീഗൽ എക്സ്പെരിമെന്റ്. അത് പരീക്ഷിക്കാനായി അവർ ഉപയോഗിക്കുന്നത് എന്റെ സ്വന്തം മകനെ! എനിക്ക് സഹിക്കാനാകുമായിരുന്നില്ല. ഞാൻ വളരെ രൂക്ഷമായി പ്രതികരിച്ചു.
എന്റെ ജീവൻ അപകടത്തിലായേക്കാമെന്നു വരെ എനിക്കറിയാമായിരുന്നു. പക്ഷേ ജനറൽ ശാന്തനായിരുന്ന് എല്ലാം കേട്ടു. തുടർന്ന് എന്നെ ഭാണ്ഠൂപിലുള്ള അവരുടെ ലാബിലേക്കു കൂട്ടിക്കൊണ്ടു പോയി. എന്നെ അയാൾക്കു വിശ്വാസമായിരുന്നു. പല വട്ടം അയാളുടെ ജീവൻ രക്ഷിച്ച ആളല്ലേ. അതുകൊണ്ടായിരിക്കണം.
അവിടെ വെച്ചാണ് ഞാൻ ഈ ഗൂഢാലോചനയെപ്പറ്റി അറിയുന്നത്. കഴിഞ്ഞ മുപ്പതിൽ പരം വർഷങ്ങളായി ... മിലിട്ടറി സപ്പോർട്ടോടു കൂടി നടക്കുന്ന അതി ക്രൂരമായ ഈ പരീക്ഷണം. The infamous ‘PROJECT SS TURBO!’“
നതാലിയായുടെ ശ്രദ്ധ പരിപൂർണ്ണമായും ഡോക്ടറിലായി. ഈ മിഷൻ തുടങ്ങിയ അന്നു മുതൽ കേൾക്കുന്ന ആ പരീക്ഷണം!
”സീ, ഏജന്റ് നതാലിയ. ഇതിന്റെ കോൺസപ്റ്റ് വളരെ സിമ്പിളാണ്. അമാനുഷീക കഴിവുകളുള്ള കുറച്ചു പട്ടാളക്കാരെ സൃഷ്ടിച്ചെടുക്കാനുള്ള ഒരു ശ്രമം. അത്ര മാത്രം. ഇത് വർഷങ്ങളായി പല രാജ്യങ്ങളിലും നടക്കുന്നതാണ്. 1953 - 64 കാലഘട്ടത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി CIA നടത്തിയ MKUltra എന്ന പരീക്ഷണത്തെപ്പറ്റി കേട്ടിട്ടുണ്ടാകുമല്ലോ. അതു പോലെ, ചൈനയുടെ MSS ഏജൻസി, നോർത്ത് കൊറിയയുടെ RGB അങ്ങനെ പല രാജ്യങ്ങളും സമാനമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. എല്ലാവർക്കും ഒരേ ഒരു ലക്ഷ്യം മാത്രം. അസാമാന്യ കഴിവുകളുള്ള ഒരു പറ്റം സൂപ്പർ സോൾജ്യേഴ്സിനെ ഉണ്ടാക്കിയെടുക്കുക.
സൂപ്പർ സോൾജ്യേഴ്സ് എന്നു പറയുമ്പോൾ നമ്മൾ കഥകളിൽ വായിച്ചിട്ടുള്ള സൂപ്പർ ഹീറോസിനെപ്പോലെയാകും എന്ന് തെറ്റിദ്ധരിക്കരുത്. ഒരു മനുഷ്യ ശരീരത്തിനു താങ്ങാനാകുന്നതേ ചെയ്യാനാകൂ. പ്രാക്ടിക്കലി നടപ്പുള്ള കാര്യങ്ങൾ മാത്രം. പക്ഷേ നമുക്ക് എന്തൊക്കെ കഴിവുകളുണ്ടോ, അതെല്ലാം പല ഇരട്ടിയായി വർദ്ധിപ്പിക്കാനാകും. ഞാൻ കുറച്ച് ഉദാഹരണങ്ങൾ കാണിച്ചു തരാം.“ ഡോക്ടർ തന്റെ ലാപ്പ്ടോപ്പ് തുറന്നു. “ഞാനിനി പറയാൻ പോകുന്നത് ഇപ്പോൾ ജീവിച്ചിരിക്കുന്ന ചില റിയൽ ലൈഫ് സൂപ്പർ ഹീറോകളെയാണ്. അതായത്, സാധാരണ മനുഷ്യർക്കു ചെയ്യാനാകാത്ത പലതും ചെയ്യാനാകുന്ന അമാനുഷർ എന്നു വേണമെങ്കിൽ പറയാവുന്ന ചിലരെ.”
ആദ്യത്തെ സ്ലൈഡിൽ ഒരു മനുഷ്യ ശരീരത്തിന്റെ മസിൽ ഡയഗ്രമായിരുന്നു.
“Muscle Hypertrophy Syndrome (MHS) എന്നയോരു ജെനറ്റിക് ഡിസോർഡറുണ്ട്. <MSTN> എന്നൊരു ജീനിലുണ്ടാകുന്ന വൈകല്യമാണ് ഈ അസുഖത്തിനു കാരണം. ഈ രോഗികൾക്ക് ശരീരത്തിൽ സാധാരണക്കാരെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയോളം മസിൽ ഗ്രോത്ത് ഉണ്ടാകും. മറ്റു ശാരീരിക പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ, അപകടമില്ലാത്ത ഒരു രോഗാവസ്ഥയാണിത്. പ്രോട്ടീൻ ധാരാളം കഴിക്കേണ്ടി വരുമെന്നു മാത്രം.”
ഡോക്ടർ രണ്ടാമത്തെ സ്ലൈഡ് തുറന്നു.
“Eidetic memory . ഇത് ഒരു രോഗാവസ്ഥയല്ല. പക്ഷേ കൂടുതലും കാണപ്പെടുന്നത് ബുദ്ധിമാന്ദ്യമുള്ളവരിലാണ്. ഇവർക്ക് ഒരു കാഴ്ച്ച ഏതാനും സെക്കൻഡുകൾ കണ്ടാൽ മതി, അത് സകല ഡീറ്റയിലുകളോടും കൂടി ഓർമ്മയിൽ സൂക്ഷിക്കാനാകും. ചിലർക്ക് ഇത് അതേ പടി ക്യാൻവാസിലേക്കു പകർത്താനുമാകും. ബ്രിട്ടീഷു കാരനായ **സ്റ്റീഫൻ വില്റ്റ്ഷെയർ (Stephen Wiltshire) ഈ ഒരു കാര്യത്തിൽ പ്രശസ്തനാണ്. അദ്ദേഹത്തിന് ഹെലികോപ്റ്ററിൽ നിന്നും ഒരു വട്ടം താഴേക്കൊന്നു നോക്കിയാൽ മതി. ഒരു സിറ്റി മുഴുവൻ ഓർമ്മയിൽ സൂക്ഷിച്ച് ക്യാൻവാസിൽ പൂർണ്ണ കൃത്യതയോടെ വരക്കാനാകും.” **
മൂന്നാമത്തെ സ്ലൈഡ്
“‘Hyperthymesia’ എന്നൊരവസ്ഥയുണ്ട്. വളരെ അപൂർവ്വമായി കാണപ്പെടുന്ന ഒരു ഡിസോർഡർ. ഈ പ്രശ്നമുള്ളവർക്ക് അവരുടെ ജീവിതത്തിൽ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായിട്ടുള്ള ഒന്നും മറക്കാൻ സാധിക്കില്ല. വർഷങ്ങൾക്കു മുൻപ് നടന്നിട്ടുള്ള കാര്യങ്ങൾ വരെ - അത് എത്ര നിസ്സാര കാര്യമാണെങ്കിൽ കൂടി അവർക്ക് സെക്കൻഡുകൾക്കുള്ളിൽ ഓർത്തെടുക്കാനാകും.
നല്ലൊരു കഴിവാണെന്നു തോന്നുമെങ്കിലും, വളരെ ബുദ്ധിമുട്ടാണ് ഈ അസുഖം വന്നാൽ. ഓർമ്മകൾ സദാ സമയവും വേട്ടയാടിക്കൊണ്ടിരിക്കും. പ്രൊഡക്ടീവായി ഒന്നും ചെയ്യാനാകില്ല. മുഴുവൻ സമയവും പഴയ ഓർമ്മകളിങ്ങനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. തലച്ചോറിലെ ‘temporal lobe’ അതു പോലെ ‘caudate nucleus’ തുടങ്ങിയ ഭാഗങ്ങൾ അമിതമായി ഡെവലപ്പാകുന്നതാണിതിനു കാരണമായി കരുതുന്നത്.
ഞാൻ കൂടുതൽ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നില്ല. ഇതു പോലെ റിയൽ ലൈഫ് സൂപ്പർ പവറുകൾ ധാരാളമുണ്ട്. മിക്കതും ഒരു രോഗാവസ്ഥയാണെന്നു മാത്രം. പഠിക്കാനുള്ള അമിതമായ കഴിവ്, പുതിയ ഭാഷകൾ മണിക്കൂറുകൾക്കുള്ളിൽ പഠിച്ചെടുക്കാനുള്ള കഴിവ് അങ്ങനെ അങ്ങനെ പത്തിലധികം വിവിധ സൂപ്പർ പവറുകൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട് ലോകത്ത്.
അത്തരം മനുഷ്യരെ കണ്ടെത്തി, അവരുടെ പ്രശ്നങ്ങൾ പഠിച്ച്, ഈ അവസ്ഥയുടെ കാരണങ്ങൾ കണ്ടെത്തി അത് ജെനറ്റിക്ക് അല്ലെങ്കിൽ ന്യൂറോളജിക്കൽ പ്രശ്നമാണെങ്കിൽ, ആ കഴിവുകൾ മാത്രം ഇൻഡ്യൂസ് ചെയ്യാൻ കഴിവുള്ള വിവിധ കെമിക്കലുകൾ മിക്സ് ചെയ്ത് ഒരു കോക്ക്ടൈൽ ഉണ്ടാക്കുകയായിരുന്നു ഈ ഡോക്ടർ. അതു മാത്രമല്ല ദിവസങ്ങളോളം, ഉറങ്ങാതെയിരുന്നാലും, തലച്ചോറിനു കേടുപാടുകൾ പറ്റാതിരിക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ... മുറിവുകൾ വേഗം സുഖപ്പെടാനുള്ള സെൽഫ് ഹീലിങ്ങ് മെക്കാനിസങ്ങൾ... ഇങ്ങനെ സൂപ്പർ പവർ കിട്ടുന്ന വ്യക്തിയെ വരുതിക്കു നിർത്താനായി, സ്കോപ്പലോമീൻ‘ പോലുള്ള എക്സ്ട്രാ ഏജന്റുകൾ … അങ്ങനെ പലതും ഉണ്ട് ആ സിറിഞ്ചിനുള്ളിൽ.
ഒരൊറ്റ ഇഞ്ചക്ഷനിൽ ഈ കഴിവുകളെല്ലാം ചേർന്ന് ഒരു അമാനുഷനെ സൃഷ്ടിച്ചെടുക്കാനാകും. അതാണ് Project SS TURBO.“ ഡോക്ടർ പറഞ്ഞു നിർത്തി.
കുറേ സമയത്തേക്ക് നിശബ്ദയായിരുന്നു നതാലിയ. ഒടുവിൽ അവിടെ കണ്ട ഒരു കസേരയിലേക്കിരുന്നുകൊണ്ട് അവൾ സംസാരിച്ചു തുടങ്ങി. “ഇങ്ങനെയുള്ള പരീക്ഷണങ്ങളെപ്പറ്റി പഠിച്ചിട്ടുണ്ട് ഞാൻ. പക്ഷേ ഇന്നു വരെ എവിടെയും ഇത്തരം ഒരു പരീക്ഷണവും വിജയിച്ചതായി അറിയില്ല. ഹിറ്റ്ലർ ഒക്കെ ധാരാളം ശ്രമിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഈയൊരു കാര്യത്തിനായിട്ടു മാത്രം ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിയിട്ടുണ്ടത്രേ.”
“യെസ്! ഈ കിടക്കുന്നവൻ ഒരു ചെറിയ ഹിറ്റ്ലർ തന്നെയായിരുന്നു.” ഡോക്ടർ അവജ്ഞയോടെ രഘുചന്ദ്രയെ നോക്കി. “ഇതുവരെ ഈ പ്രൊജക്റ്റിന്റെ പേരിൽ ഏറ്റവും ചുരുങ്ങിയത് 100 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.”
“താങ്കളുടെ മകൻ...?”
“ഓ...” ഡോക്ടറിൽ നിന്നും വീണ്ടും ദീർഘനിശ്വാസമുതിർന്നു. “ഞാൻ ഈ വിവരങ്ങളൊക്കെ അറിഞ്ഞതിനു ശേഷം, അന്നു രാത്രി മകനുമായി ഇരുന്ന് സംസാരിച്ചു. അവന്റെ അസുഖം ഏതാണ്ട് പൂർണ്ണമായും ഭേദമാക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നു. പക്ഷേ അസുഖം മാറിയ ഉടനെ വീണ്ടും ഈ പരീക്ഷണം നടത്തിയതാണ് പ്രശ്നമായത്.
ആദ്യത്തെ ഡോസ് മരുന്നു ചെന്നപ്പോൾ തന്നെ അവനിൽ അത് കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. അവന്റെ ചിന്താഗതികളിൽ വലിയ വ്യത്യാസങ്ങളുണ്ടായി. വളരെ സ്മാർട്ടായി മാറി എന്റെ മോൻ. വളരെ പെട്ടെന്നു തന്നെ പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനും, അത് ഒരിക്കലും നഷ്ടപ്പെടാത്ത വിധം ഓർമ്മയിൽ സൂക്ഷിക്കാനുമെല്ലാം അവനാകുന്നുണ്ടായിരുന്നു. ഒപ്പം 4 പേരുടെ ആരോഗ്യവും. ശരീരമാകെ മസിൽ വന്നു നിറഞ്ഞു.
രണ്ടാമത്തെ ഡോസ് ആയപ്പോഴേക്കും അവൻ ഈ എക്സ്പെരിമെന്റിനെപ്പറ്റി മുഴുവനും പഠിച്ചു കഴിഞ്ഞിരുന്നു. ആ ക്ലിനിക്കിൽ എന്താണു നടക്കുന്നതെനും, പൂട്ടിക്കിടക്കുന്ന സെല്ലുകളിൽ നിറയെ മുന്നെ ടെസ്റ്റ് ചെയ്തവർ ആണെന്നും എല്ലാം അവൻ ഊഹിച്ചു.
ഓരോ പ്രാവശ്യം ഡോക്ടർ ഓരോ പുതിയ കെമിക്കൽ മിക്സ് ചെയ്ത് അവനിൽ ഇഞ്ചക്റ്റ് ചെയ്യുമ്പോഴും ഓരോ പുതിയ കഴിവുകൾ അവൻ ആർജ്ജിച്ചു കൊണ്ടിരുന്നു.
പക്ഷേ, അങ്ങനെ കുറച്ചു ഡോസുകൾ കഴിഞ്ഞപ്പോൾ…
അവനു വീണ്ടും ഹലൂസിനേഷൻസ് തുടങ്ങി. ആ മരുന്നിന്റെ സൈഡ് എഫക്റ്റ് ആയിരിക്കാം, അല്ലെങ്കിൽ അവന്റെ സ്കിസോഫ്രീനിയ തിരിച്ചു വന്നതായിരിക്കാം. വീണ്ടും മായക്കാഴ്ച്ചകൾ...വീണ്ടും അവന്റെ മനസ്സിന്റെ താളം തെറ്റിത്തുടങ്ങി.
അങ്ങനെയാണ് മനസില്ലാ മനസ്സൊടെയാണെങ്കിലും ഞാനും ഈ പ്രൊജക്റ്റിൽ ഒരു ഭാഗമാകാൻ തീരുമാനിച്ചത്. ഡോ.ജോർജ്ജിനോടൊപ്പമല്ല, പാരലൽ ആയി അയാളറിയാതെ ഒരു ഫെസിലിറ്റി കൂടി സ്ഥാപിക്കാൻ ജനറൽ എന്നോടാവശ്യപ്പെടുകയായിരുന്നു. ഇവിടെ ഈ കാട്ടിനുള്ളിൽ. സകല സൗകര്യങ്ങളും ചെയ്തു തന്നു അയാൾ. ഡോ.ജോർജ്ജിന്റെ മുഴുവൻ റിസർച്ചും എനിക്കെത്തിച്ചു തന്നു ജെനറൽ.ഇതേ ഗവേഷണങ്ങൾ എന്റേതായ രീതിയിൽ തുടരാനായിരുന്നു പ്ലാൻ.
പക്ഷേ എനിക്കാകെ ഒരേ ഒരു ലക്ഷ്യം മാത്രം. എന്റെ മകനെ തിരിച്ചു വേണമായിരുന്നു എനിക്ക്. എന്തെങ്കിലും തരത്തിൽ ഈ ഗവേഷണം പൂർത്തിയാക്കാനായാൽ, റിവേഴ്സ് എഞ്ചിനീറിങ്ങ് വഴി എനിക്ക് അവനെ ഈ മരുന്നിന്റെ പിടിയിൽ നിന്നു മോചിപ്പിക്കാനാകും. പക്ഷേ ഡോ.ജോർജ്ജിനുള്ള അറിവോ എക്സ്പീരിയൻസോ എനിക്കില്ലല്ലോ. മാത്രമല്ല, യാതൊരു കാരണവശാലും ഞാൻ ഉണ്ടാക്കുന്ന മരുന്നുകൾ ഒരു മനുഷ്യനിൽ പരീക്ഷിക്കാനുള്ളനസാന്നിധ്യവും എനിക്കുണ്ടായിരുന്നില്ല.
അപ്പോഴേക്കും, എന്റെ മകൻ വല്ലാത്തൊരവസ്ഥയിൽ ആയിക്കഴിഞ്ഞിരുന്നു. അമ്മയും, അവന്റെ കാമുകി ശ്രീദേവിയുമെല്ലാം അവന്റെ മനസ്സിലേക്കു കടന്നു വരും ഇടക്കിടെ. വല്ലാതെ അസ്വസ്ഥനാകും. ഡോക്ടർ ജോർജ്ജാണ് അവന്റെ ഈ അവസ്ഥക്കു കാരണമെന്ന് അവനു തോന്നിത്തുടങ്ങിയിരുന്നു.
ഏറ്റവുമൊടുവിൽ അവനെന്നെ കാണാൻ വന്നപ്പോൾ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതു പോലെയായിരുന്നു പെരുമാറ്റമെല്ലാം. വളരെ അപകടകരമായ എന്തോ ഒരു തീരുമാനം ആയിരുന്നു അവൻ എടുത്തത് എന്ന് അവൻറെ നിശ്ചയദാർഢ്യം കണ്ടപ്പോൾ എനിക്ക് ഉറപ്പായിരുന്നു.
അവൻ ആ രാത്രി വീട്ടിൽ നിന്നിറങ്ങിയതും, ഏറെ നേരത്തെ ആലോചനക്കു ശേഷം ഞാൻ ആ തീരുമാനമെടുത്തു. ഇനി മുൻപോട്ടു പോയാൽ കാര്യങ്ങൾ കൈവിട്ടു പോകും. ഒരുപക്ഷേ എനിക്കെന്റെ മകനെ നഷ്ടപ്പെടും. ഡോക്ടർ ജോർജ്ജിനെയും ജനറലിനെയുമെല്ലാം അവസാനിപ്പിക്കാനാണ് അവൻറെ തീരുമാനം എന്നെനിക്കുറപ്പായിരുന്നു. അവന്റെ അപ്പോഴത്തെ അവസ്ഥയിലവന് അതിനുള്ള ശേഷിയുമുണ്ടായിരുന്നു .
അന്നു രാത്രി... ഞാൻ എന്റെ ഒരു പഴയ സുഹൃത്തിനെ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു.
സോമനാഥ് ചാറ്റർജ്ജി. RAW ഡെപ്യൂട്ടി ഡയറക്ടർ.“
“What!!” നതാലിയ ഒരു നടുക്കത്തോടെ ചാടിയെഴുന്നേറ്റു.
“അതേ കുട്ടീ... എല്ലാമറിഞ്ഞു കൊണ്ടു തന്നെയാണ് അദ്ദേഹം നിന്നെ ഈ മിഷനു വേണ്ടി അയച്ചത്.” ഡോക്ടർ പുഞ്ചിരിച്ചു.
“എല്ലാം കേട്ടതിനു ശേഷം ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ് പിന്നീടീ നടന്നതെല്ലാം. നിന്നെ ഇവിടെ എത്തിച്ചതു വരെയുള്ള സകല കാര്യങ്ങളും എന്റെ പ്ലാൻ പ്രകാരമാണ്. നിന്നെ മാത്രമല്ല... ഈ കേസിൽ ഉൾപ്പെട്ട സകലരെയും ഞാൻ ഒരിടത്തേക്കെത്തിച്ചു. ഇനി ഒരിക്കലും തിരിച്ചു പോകാനാകാത്ത വിധം ഒരു ഊരാക്കുടുക്കിലേക്ക്. ഏജന്റ് നതാലിയായുടെ പിടിയിൽ നിന്നും ജീവനോടെ ഒരുത്തൻ പോലും രക്ഷപ്പെട്ടു പോയ ചരിത്രമില്ല എന്നാണ് ചാറ്റർജ്ജി പറഞ്ഞത്. അതിലെനിക്കിനി യാതൊരു സംശയവുമില്ല. ഐഗ്വോയെ നീ കൈകാര്യം ചെയ്തതു ഞാൻ കണ്ടതാണ്.. You are One of the best agents I’ve ever seen ! “
”ഭാണ്ഠൂപിലെ ആ ക്ലിനിക്ക് ?“
”RAW യുടെ കീഴിലുള്ള Tactical Assault Unit ആണ് ആ കെട്ടിടം തകർത്തത്. വളരെ കണ്ട്രോൾഡ് ആയി നടത്തിയ ഒരു സ്ഫോടനമായിരുന്നു അത്. ആ കെട്ടിടത്തിന്റെ മുകൾ നിലക്ക് ഒരു കേടു പാടും പറ്റാത്ത വിധം, മിലിട്ടറിയിലെ ഡെമോളിഷൻ വിദഗ്ധർ അത് തകർത്തു കളഞ്ഞു.അവിടെയുണ്ടായിരുന്ന 26 പേഷ്യന്റ്സിനെയും നമ്മൾ രക്ഷപ്പെടുത്തി. പക്ഷേ... ഇവന് രക്ഷപ്പെടാൻ അവസരമുണ്ടാക്കിക്കൊടുക്കണമെന്നു ഞാൻ പറഞ്ഞിരുന്നു.“ അദ്ദേഹം ഡോക്ടർ രഘുചന്ദ്രയെ ചൂണ്ടി.“
”വീണ്ടും നിങ്ങൾ ഇവിടെ ഈ എക്സ്പെരിമെന്റ് തുടരാൻ കാരണം ?“
“ദാ ആ സിറിഞ്ച്...100% വർക്കിങ്ങ് ആയ ഒരു ഫോർമുല... അതു കിട്ടിയെങ്കിലേ എനിക്കൊരു ഫലപ്രദമായ ആന്റിഡോട്ട് ഉണ്ടാക്കാനാകൂ. എങ്കിലേ എനിക്ക് എന്റെ മകനെയും, മറ്റു പേഷ്യന്റ്സിനെയും സഹായിക്കാനാകൂ.”
“താങ്കളുടെ മകനിപ്പോൾ എവിടെയുണ്ട് ?”
അതിനു മറുപടിയെന്നോണം ഒരുഗ്ര സ്ഫോടന ശബ്ദം കേട്ടു!
അവർ നിന്നിരുന്ന ആ മുറി ആകെ ഒന്നു കുലുങ്ങി.
ഡോക്ടറുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. വല്ലാത്തൊരു പുഞ്ചിരി...
“അവനാണത്... എന്റെ മകൻ! ഞാൻ പറഞ്ഞില്ലേ, എല്ലാവരേയും ഞാൻ ഒരിടത്തേക്കെത്തിച്ചെന്ന് ?” അദ്ദേഹം പൊട്ടിച്ചിരിച്ചു.
അശുഭകരമായത് എന്തോ നടക്കാൻ പോകും പോലെ തോന്നിച്ചു കൊണ്ട് പുറത്ത് ഒരു തണുത്ത കാറ്റ് ചൂളംകുത്തിക്കൊണ്ട് ശക്തിയാർജ്ജിച്ചു വരുന്നുണ്ടായിരുന്നു..
To be continued.........
Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm
______
* (വായനക്കാർ താല്പ്പര്യമുണ്ടെങ്കിൽ യൂറ്റ്യൂബിൽ ‘Stephen Wiltshire‘ എന്ന പേര് സെർച്ച് ചെയ്ത് ഈ അത്ഭുതം നേരിൽ കാണാവുന്നതാണ്. ഞാൻ ഇദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഒരു മഹാത്ഭുതം. പക്ഷേ ഈ ഒരു കഴിവു മാത്രമേ ഉള്ളൂ. ബുദ്ധി മാന്ദ്യമുണ്ട്. പെൻ, പേപ്പർ തുടങ്ങിയ ഏതാനും വാക്കുകളല്ലാതെ സംസാരിക്കാൻ പോലും കഴിവില്ല ഇദ്ദേഹത്തിന്.)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot