നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉടഞ്ഞുവീഴുന്ന ചില്ലുഗോപുരങ്ങൾ - നാലാം ഭാഗം


ദേവു അലോഷിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കുകയായിരുന്നു .. പഴയ വശ്യതയ്ക്ക് പകരം ഒരുതരം ഭയം അതിനെ കീഴ്പെടുത്തിയിരിക്കുന്നു ... പഴയ അലോഷിയുടെ നേർത്ത ഒരു നിഴൽ മാത്രമാണിന്നയാൾ ... തന്റെ പ്രണയം ആ മിഴികളിലെങ്ങും അവൾക്ക് കണ്ടെത്താനായില്ല.
"അലോഷി എനിക്കു കാണണമെന്നില്ലവളെ ..! നിങ്ങളുടെ സഹജീവി സ്നേഹം പൊള്ളയാണെന്ന് എന്നെക്കാൾ അറിയുന്നവരാരുമില്ലല്ലോ .... നിഴലിനോട് സംവദിക്കാൻ എനിക്ക് താൽപര്യമില്ല. എന്റെ കഴുത്തിൽ താലികെട്ടിയ ആളോടു മാത്രമേ എനിക്ക് സമരസപെടേണ്ടതുള്ളൂ ...!"
"ദേവു .... "
ഒരു നിമിഷം രാമൻ പുഴ ആർത്തലച്ചു വന്നെങ്കിലെന്നാശിച്ചുപോയി , അലോഷി ..
"ഞാൻ നിഴലാണെന്നത് നിനക്കറിയില്ലേ ...?
പക്ഷെ ... സീതയെ നീ കാണണം ... അവൾക്കൊരമ്മയുടെ കരുതലാണ് ഇപ്പോഴാവശ്യം ...കാരണം അവൾക്കമ്മയെ അത്രയ്ക്കിഷ്ടമാണ് ... "
എന്തോ അലോഷിയുടെ വലയത്തിൽ നിന്നും പോവാൻ തോന്നിയില്ല ദേവുവിന് ..
"അവളുടെ മാതാപിതാക്കൾ ...? "
"ഉണ്ട് .. അച്ഛനും അമ്മയും .. പക്ഷെ രണ്ടാനച്ഛന്റെ കൂടെയായിരുന്നു അവളും അമ്മയും .അവളുടെ വളർച്ചയ്ക്കനുസരിച്ച് അയാളുടെ സ്വഭാവവും മാറിയെന്നു മാത്രം ..! റെയിൽവേ ജീവനക്കാരനായ അയാളും കുടുംബവും എന്റെ അയൽക്കാരായത് യാദൃശ്ചികം ..അയാളുടെ ക്രൂരതയിൽ നിന്നും അവൾ പരമാവധി മറഞ്ഞു നിന്നിരുന്നു ."
ദേവു പതിയേ ചാരുകസേരയ്ക്കു സമീപം ഇരുന്നു ... അലോഷിയുടെ സാമീപ്യം അവളിൽ പക്ഷെ ഒരു ചലനവും സൃഷ്ടിച്ചില്ല.
"നിശാന്ധതയുടെ ശല്യം അവളുടെ രാവുകളെ കൂടുതൽ ഭീതിദമാക്കിയിരുന്നു. ഒടുവിലൊരു ദിവസം ഞാൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. തന്റെ സർവ്വസ്വവും നഷ്ടമായ ഒരു പതിനെട്ടുകാരി തെളിച്ചമില്ലാത്ത മിഴികളുമായി സ്വയമൊടുങ്ങാൻ എടുത്തു ചാടിയത് ട്രെയിൻ വഴി മാറിപ്പോയ ഒഴിഞ്ഞ ട്രാക്കിലേക്കായിരുന്നു. പ്ലാറ്റ്ഫോമിലെ ടീസ്റ്റാളിലിരുന്ന് ഞാനത് കണ്ടു ....
ആത്മഹത്യ ചെയ്യാൻ പോലും കഴിയാത്ത നിസ്സഹായത ...!"
അവളെ മാറോടുച്ചേർക്കുമ്പോൾ ഞാനറിയുകയായിരുന്നു ഒരച്ഛന്റെ മാനസികാവസ്ഥ ... എന്തോ എനിക്കപ്പോൾ ദേവനെ ഓർമ്മ വന്നു. ...
അവനായിരുന്നു ശരി ....!"
പറയുന്നതിനിടയ്ക്ക് ചുമയുടെ ശല്യം അലോഷിയെ വല്ലാതെ ക്ഷീണിതനാക്കിയിരുന്നു. ... കടുത്ത ശ്വാസതടസ്സം അയാളുടെ മുഖത്തെ വലിച്ചു മുറുക്കുന്നുണ്ടായിരുന്നു.
ദേവു അകത്തേക്കു നടന്നു ... അകത്തെ മുറിയിൽ വാടിക്കുഴഞ്ഞ സീതയിരിക്കുന്നുണ്ടായിരുന്നു ... അവളുടെ മുടിയിഴകളിൽ ദേവു പതിയേത്തലോടി ...
തനിക്കു നേരെ മുഖം തിരിച്ച സീതയുടെ പാതി വെളിച്ചം വീണ മുഖം കണ്ട് ദേവു ഞെട്ടി ...
ഇത് .... നീ ...?
അവൾ പുറത്തേക്കോടി ...
"അലോഷി .... അകത്ത് ....അവളെ... ഞാനെവിടെയോ കണ്ടതുപോലെ ... ആ മിഴികൾ...!"
അലോഷി പക്ഷെ ഞെട്ടിയില്ല .... പ്രതീക്ഷിച്ചത് സംഭവിച്ചതു പോലെ അക്ഷോഭ്യനായി അയാളിരുന്നു .
"അന്നാ റെയിവേട്രാക്കിൽ ഒടുവിലവളെന്നോട് ചോദിച്ചത് നീയറിയണം ..
ഞാനിനിയെങ്ങിനെ അമ്മയുടെ മുഖത്ത് നോക്കുമെന്ന ആ ചോദ്യത്തിൽ അമ്മയും താനും അച്ഛന്റെ മുന്നിൽ ഒരു പോലെയായില്ലേ എന്ന ഞെട്ടിക്കുന്ന സത്യം ഒരു ശരാശരി മനുഷ്യനും മറക്കാനാവില്ല."
അലോഷി .... അവളാരാണ് ...? എന്റെ മനസ്സിനെ കൊളുത്തി വലിക്കുന്ന ആ ഉത്തരം നിന്റെ മുഖത്ത് നിന്ന് തന്നെയറിയണം ...

(തുടരും )
രചന: ശ്രീധർ ആർ എൻ
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- CLICK HERE

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot