Slider

മഞ്ഞു പോലെ ഒരു മനസ്സ്

0
"പപ്പ അറിഞ്ഞത് ശരിയാ .നമ്മുടെ അന്നമോൾക്കു ആ ഹിന്ദു ചെക്കനുമായിട്ട് " "പറഞ്ഞു തീർക്കാനനുവദിച്ചില്ല ജോസഫ് അലക്സിന്റെ മുഖത്തു ഒന്ന് കൊടുത്തു
"മിണ്ടരുത് ശവമേ .എന്നിട്ടു അതും കേട്ടു നീയിങ്ങു പോരുന്നു. .തീർത്തൂടായിരുന്നോ അവനെ ?"അതോ വലിയ തിമിംഗലം വല്ലോം ആണോടാ?"
"അല്ല പപ്പാ ഗതികെട്ടവനാ ..അച്ഛനും അമ്മയുമൊന്നുമില്ല ഇവിടെ ഏതോ ബന്ധുക്കളുടെ വീട്ടിൽ നിന്നു പഠിക്കുവാ "
"ഓ അപ്പൊ കാശുള്ള വീട്ടിലെ പെണ്ണാണെന്ന് കണ്ടു കൂടെ കൂടിയിരിക്കുവാ .അപ്പൊ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലത്ത ഇനമാ അല്ലിയോടാ അലക്സ് കുഞ്ഞേ ..?എങ്കിൽ സംഗതി എളുപ്പമായി ,വല്ല ബൈക്കോ മറ്റോ ഉണ്ടോ? ഒരു അപകടം ..അതിലങ്ങു
തീര്ന്നോളുമല്ലോ "
ജോസഫ് ഗ്ലാസ്സിലേക്കു മദ്യം പകർന്നു സോഡാ ചേർത്തു
"നിനക്ക് വേണോ? "
"വേണ്ട പപ്പാ .."അലക്സ് തല വിലങ്ങനെ ആട്ടി
"ഇതെന്തുവാടേ ഉവ്വേ ഇപ്പോളത്തെ പെൺപിള്ളേർ ഇങ്ങനെ ? ഓരോന്ന് കേട്ട ചിരിവരും ..പത്തുപതിനെട്ടു വയസാകുമ്പോളേക്കും അത് വരെ കണ്ണേ പൊന്നെയെന്നു വളർത്തിയ തന്തേടേം തള്ളേടേം നെഞ്ചത്തോട്ട് ചവിട്ടിയെച്ചും മുഖത്ത് ഒറ്റ തുപ്പാ...എന്നിട്ടു അവന്റ കയ്യും പിടിച്ചു ഇറങ്ങിയങ്ങു ് പോയേക്കും ...അതും എങ്ങനെ ഉള്ളവന്റെ കൂടെ .ജോലിയും കാണുകേല വീടും കാണുകേല. ഫുൾ ടൈം കഞ്ചാവും കള്ളും, പിന്നെ മുടിയും നീട്ടി വളർത്തി കുളിക്കാതേം നനയ്ക്കാതേം ജീൻസും ഇറക്കി ഷഡിയും കാണിച്ചു നടക്കുന്നവന്റെയൊക്കെ കൂടെ ..അവന്മാർക്കൊരു പേരുണ്ടല്ലോ എന്തുവാ? "
"ഫീ ഫ്രീക്കൻ .."അലക്സ് ഒന്ന് വിക്കി
"അതന്നെ ഫ്രീക്കൻ, അവന്റ കൂടെ അങ്ങ് പോയേക്കും. ഒറ്റ വര്ഷം, അത് കഴിയ്മ്പോ അവനവളെ കൊല്ലും അല്ലേൽ അവൾ അവനെ കൊല്ലും അതുമല്ലെങ്കിൽ അവനവളെ വിൽക്കും ..ഇല്ലെങ്കിൽ പെണ്ണ് വീട്ടിൽ വന്നു നിൽക്കും വെറുതെ പോയപോലല്ല എളിയിലൊരു ട്രോഫി കാണും. അവന്റെ സമ്മാനമായിട്ട് "
അലക്സ് മിണ്ടിയില്ല
"എടാ എടാ ഇതറിഞ്ഞാ നിന്റെ മമ്മി എന്ന പറയും ?എന്റെ നോട്ടക്കുറവാണെന്നു പറയുകേലെ? ചത്ത്‌ മോളിൽ പോയെങ്കിലും അവളെന്നെ നോക്കി ഒറ്റ നിപ്പാ .ഞായറാഴ്ച പള്ളിയിൽ പോകുമ്പോൾ അവളുട കുഴിമാടത്തിലോട്ടു പോകാൻ സത്യത്തിലെനിക് പേടിയാടാ .കുടിച്ചതിന്റ കണക്ക് , ബീഫ് തിന്നതിന്റെ കണക്കു , തോട്ടത്തിലെ റബ്ബറിന്റേം ഏലത്തിന്റ് കണക്ക് ..വല്ല പെണ്ണുങ്ങളോടും ഞാൻ മനസ്സറിയാത് മിണ്ടിപ്പോയിട്ടുണ്ടെങ്കിൽ അതും..."
അലക്സ് ചിരി അടക്കി
"
നീ ചിരിച്ചോടാ, പെണ്ണ് കെട്ടുമ്പോൾ പഠിച്ചോളും .ജീവിച്ചിരിക്കുമ്പോളും മരിച്ചു പോയാലും അവളുടെ നോട്ടത്തിൽ നിന്നു നമുക്കു രക്ഷയില്ലേടാ മോനെ ..ആ പറഞ്ഞു വന്ന കാര്യം ഇതൊന്നുമല്ല ആ ചെറുക്കന്റ് പേരെന്താ ?"
"ആനന്ദ് "
"അവനിനി ഭൂമിയിൽ വേണ്ട ഉവ്വേ "
"അത് പപ്പാ ഒന്ന് പറഞ്ഞു മനസിലാക്കിയിട്ടു ..അല്ല തിരുത്താൻ ഒരു അവസരം "
"മാങ്ങാത്തൊലി. തിരുത്താനിതെന്തുവാ ഉത്തരക്കടലാസാണോ ?ജീവിതമാണെടാ ..എന്റെ അന്നക്കുട്ടിയുടെ ജീവിതം അതില് തിരുത്തു വേണ്ട. മായ്ക്കൽ മതി ..മനസ്സിലായോ ?"
അലക്സ് തലയാട്ടി
"എന്ന പൊക്കോ "
പപ്പാ വിചാരിക്കും പോലെ ആനന്ദ് ഒരു ഫ്രീക്കാനോ തെമ്മാടിയോ അല്ലെന്നു അലെക്സിന് അറിയാമായിരുന്നു ..പക്ഷെ അത് പറയാൻ അവനു ധൈര്യം ഉണ്ടായില്ല
"പപ്പാ "അന്ന വന്നു തോളിൽ തൂങ്ങുമ്പോൾ ജോസഫ് ചിരിക്കാൻ ശ്രമിച്ചു
"എന്റെ പപ്പയോടെനിക്കൊരു കാര്യം പറയാനുണ്ട് കേട്ട "
"ഉം "
"പപ്പയുടെ മുഖമെന്താ വല്ലാതെ ?"
"ഒന്നുമില്ല മോള് പറ "
"അതെ പപ്പാ എനിക്കൊരാളെ വലിയ ഇഷ്ട ...ആള് ഹിന്ദുവാ .പപ്പാ സമ്മതിക്കുകേലെന്നു എനിക്ക് അറിയാം .തിരുമേനിമാരോക്കെയുള്ള തറവാടല്ലിയോ നമ്മുടെ ?പപ്പയെ വേദനിപ്പിച്ചു അന്നക്കുട്ടി അയാൾക്കൊപ്പം പോകുകേല കേട്ടോ .."അന്ന പുഞ്ചിരിച്ചു
"അല്ല ഇനി ഞാൻ ചെന്നാലും അവനെന്നെ സ്വീകരിക്കുകയൊന്നുമില്ല എന്താന്നോ അവനു അപ്പനും അമ്മയും ഒന്നുമില്ലാത്ത കൊണ്ടേ അതിന്റെ വില നന്നയി അറിയാം .എപ്പോളും പറയും പപ്പയെ സങ്കടപ്പെടുത്തി ഒന്നും ചെയ്യല്ലേ ന്നു ..എന്നാലും നമ്മുക്കി പ്രായത്തിലിങ്ങനെ ഒക്കെ തോന്നുവാരിക്കും അല്ലിയോ പപ്പാ ?പപ്പക്ക് ലവ് ഉണ്ടായിരുന്നോ ?"അവൾ അയാളുടെ മൂക്കിൽ പിടിച്ചു
"ഇല്ലാരുന്നു "ജോസഫ് പറഞ്ഞു
"മമ്മിയാരുന്നോ ഫസ്റ്റ് ലവ് ?'
"ഉം ആദ്യത്തെയും അവസാനത്തെയും "അയാൾ മെല്ലെ പറഞ്ഞു
"ഭാഗ്യവതി "അവളെന്തോ ആലോചിച്ചിരുന്നു
"നമ്മൾ സ്നേഹിക്കുന്നവരുടെ സ്നേഹം നമ്മൾക്ക് കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം ...ആനന്ദിനെ എനിക്ക് കിട്ടുകേല ..അവളുട ശബ്ദം ഒന്ന് ഇടറി ...അവനെന്റ് സീനിയർ ആണ് ..ഈ വര്ഷം കൂടിയേ ഉള്ളു പിന്നെ ദൂരെ എവിടേക്കോ പോവാ ..പഠിക്കാൻ
അവൾ അയാളുടെ മടിയിൽ കിടന്നു
"അവനെന്നെ വലിയ ഇഷ്ടമാ പപ്പാ ...പപ്പാ എന്നെ സ്നേഹിക്കുന്ന പോലെയാ അവനും എന്നെ സ്നേഹിക്കുന്നെ ...ആ സ്നേഹം കൊണ്ട അവൻ ഇവിടം വിട്ടു പോകുന്നെ ..പപ്പക്ക് വല്ലോം മനസ്സിലായോ ?'
അയാൾ അവളുടെ മുടി ഒന്ന് ഒതുക്കി വെച്ച്
"എണ്ണ തേക്കാറില്ലേ നീയ്?"
"അതിനിപ്പോ പപ്പക്ക് സമയമില്ലല്ലോ ഞാൻ വളർന്നപ്പോൾ പപ്പയും അങ്ങ് വളർന്നില്ലേ?"
അവൾ ചിരിച്ചു
"പപ്പായെ"
"എന്നതാടി കൊച്ചെ ?"
"ഞാൻ അങ്ങ് ചത്ത് പോയാല് എന്റെ പപ്പാ എന്ന ചെയ്യും ?"
അയാൾ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി .നിറഞ്ഞു തൂവുന്ന രണ്ടു കണ്ണുകൾ
"അവൻ പോകും ന്നു പറയുമ്പോൾ എന്റെ നെഞ്ച് വേദനിക്കും പപ്പാ. ഞാൻ മരിക്കാൻ പോകുന്ന പോലെ ..എന്ന് വെച്ചൂ് ന്റെ പപ്പാ ആരുടേം മുന്നിൽ താഴണ്ട കേട്ടോ .നാണക്കേടാ .ജോസഫ് അബ്രഹാമിന്റ് മകൾ ഒരു ഹിന്ദു ചെക്കന്റെ കൂടെ ..അത് വേണ്ട ..ഞാൻ ഇവിടെ കഴിഞ്ഞോളം എന്നും "
അയാൾ അവളെ നെഞ്ചോട് ചേർത്തു അടക്കിപ്പിടിച്ചു. അയാളുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. ഉള്ളിലെ കരിമ്പാറക്കെട്ടുകൾക്കു ബലക്ഷയം ഉണ്ടാവുന്നു
"എന്നാലും ജോസെഫേ ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ ?ചെക്കനെ നമ്മുട കൂട്ടത്തിൽ ചേർത്തു കെട്ടു നടത്തിയാൽ പോരാരുന്നോ ?'കൂട്ടുകാരൻ മാത്യൂസ് പറഞ്ഞപ്പോൾ ജോസഫ് ഉറക്കെ ചിരിച്ചു
"ഓ അതൊക്കെ എന്നാത്തിനാടാ ഉവ്വേ? ... ..അവനു അവളെ ജീവനാ തിരിച്ചു അങ്ങോട്ടും ..അതുങ്ങള് സ്നേഹിച്ചങ്ങു ജീവിക്കട്ടെ ന്നു ..പിന്നീട് കല്യാണത്തിന്റെ ആർഭാടം കാണിക്കുന്ന കാശ് കൊണ്ട് ഞാൻ അഞ്ചു അനാഥ കൊച്ചുങ്ങളുടെ കല്യാണം അങ്ങ് നടത്തി. അതെന്റെ മോള് പറഞ്ഞിട്ടാ കേട്ടോ. ലോകത്താരുടെ മുന്നിലും തോറ്റിട്ടില്ല ഈ ജോസഫ്. പക്ഷെ എന്റെ മോള്... അയാളുടെ കണ്ണ് നിറഞ്ഞു
"എന്നാലും നിനക്കുളളതൊക്കെ ഞാൻ തരും കേട്ടോ വൈകിട്ട് പാർട്ടി ഉണ്ട് "
'ഓ മതി ... അതു മതി .."
അയാൾ തലചൊറിഞ്ഞു
അന്നമ്മയുടെ കുഴിമാടത്തിനു മുന്നിൽ നിൽകുമ്പോൾ പതിവു ചോദ്യങ്ങളൊന്നുമുണ്ടായില്ല
"നമ്മുടെ മൂന്നാറിലേയും വയനാട്ടിലേം എസ്റ്റേറ്റ് അവൾക്കുള്ളതാ കേട്ടോ "
"ഉം "
"സ്വർണമെല്ലാം ലോക്കറിലുണ്ട് ..അവൾക്കു കൊടുത്തേക്കണം "
"ഉം "
"വേണ്ടതെല്ലാം നോക്കിയും കണ്ടും ചെയ്യണം ഇച്ചായ ഞാൻ ഇല്ലാത്തത "
"ഉം '
'എന്റെ ഇച്ചായൻ ഇപ്പോളാണ് നല്ല അപ്പനായത് "
അയാൾ കണ്ണുനീരോടെ അനങ്ങാതെ നിന്നു
പള്ളിപ്പറമ്പ് ശാന്തമായിരുന്നു
"മഴ വരുന്നുണ്ട് അല്ലെ അച്ചായാ "
ആകാശം ഇരുണ്ടു മൂടി കിടന്നു
"പൊക്കോ നനയണ്ട" അന്നമ്മയുടെ ശബ്ദം നേർത്തു
അയാൾ മെല്ലെ മുട്ട് കുത്തി ആ തറയിൽ മുഖം വെച്ചു
"അച്ചായന് ...നിന്നെ കാണാൻ തോന്നുവാടി.."അയാൾ മെല്ലെ പറഞ്ഞു
മഴ പെയ്തു തുടങ്ങി ..അയാളുടെ കണ്ണുനീരൊക്കെ ആ മഴയിൽ അലിഞ്ഞു ചേർന്ന് അന്നമ്മയ്ക്കു മുകളിലേക്ക് വീണു കൊണ്ടിരുന്നു

By : AmmuSanthosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo