Slider

Patient 27 - Part 12

0

പ്രിയ സുഹൃത്തുക്കളേ,
ഈ ഭാഗത്തിൽ നതാലിയ വരുന്നില്ല. പക്ഷേ കഥ പൂർണ്ണമാക്കാനായി കുറച്ച് ചരിത്രം കൂടി ചേർക്കേണ്ടതുതിനാൽ, ഈ ലക്കത്തിൽ കമാൻഡർ വിശാൽ സത്യനാഥും സംഘവും നിർണ്ണായകമായ ചില കണ്ടെത്തലുകൾ നടത്തുകയാണ്.
****************************************
Tactical Assault Unit (TAU) – Trombay - Mumbai
****************************************
കമാൻഡർ വിശാൽ റോബിയുടെ തോളിൽ കൈ വെച്ചു. അയാളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടോ ആ മുഖത്തേക്ക് നോക്കുമ്പോഴൊക്കെ റോബിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നി.. ആ പുഞ്ചിരിക്ക് പിന്നിൽ എന്തോ അപകടം പതിയിരിക്കും പോലെ..
“റോബി... ഞങ്ങളുടെ പിടിയിലകപ്പെടുന്ന മിക്കവരും പറയുന്ന കാര്യം തന്നെയാണ് റോബിയും പറഞ്ഞത്. രഹസ്യങ്ങൾ എന്നോടൊപ്പം മരിക്കും... കൊന്നാലും ഞാൻ സത്യം വെളിപ്പെടുത്തില്ല എന്നൊക്കെ. അതിന്റെ കാരണം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. സിവിലൈസ്ഡ് വേൾഡിലെ ചില നിയമങ്ങളുണ്ട്. നമ്മൾ പാലിച്ചേ മതിയാവൂ എന്ന് സമൂഹം നിഷ്കർഷിക്കുന്ന നിയമങ്ങൾ. കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാളെ നിരപരാധിയായി കണക്കാക്കണം എന്നതാണ് അതിലൊന്ന്... ഇനി മറ്റൊന്നുണ്ട്.. കുറ്റവാളിയെ ശരീരികോപദ്രവം ചെയ്യരുത്.
ഇത്തരം നിയമങ്ങൾ ഉണ്ട് എന്നത് ശരിയാണ്. എന്നാൽ അവ നൂറുശതമാനവും പാലിക്കപ്പെടുന്നുണ്ട് എന്നുള്ളത് മിഥ്യാധാരണയും."
റോബി ഒന്നു ഞെട്ടി ഉമിനീരിറക്കി.. അത് കണ്ടിട്ടും കാണാത്തതുപോലെ വിശാൽ തുടർന്നു. "ഉദാഹരണത്തിന്, എന്റെ പോളിസി വ്യത്യസ്തമാണ്. എനിക്കറിയേണ്ടതെന്തെങ്കിലും നിന്റെ ഈ തലയിൽ ഉണ്ടെങ്കിൽ, തല തുരന്നിട്ടായാലും ഞാനത് വെളിയിലെടുത്തിരിക്കും. മരണം എന്നൊക്കെ പറയുന്നത് നിനക്ക് ലക്ഷ്വറിയായിരിക്കും. മനസിലാകുന്നുണ്ടോ ?”
റോബി തകർന്നു പോയിരുന്നു. നെറ്റിയിലെ മുറിവിൽ നിന്നുള്ള രക്തപ്പാച്ചിൽ നിലച്ചിട്ടില്ല. മുഖമാകെ ചോരയിൽ കുളിച്ചിരുന്നു.
വിശാൽ, തന്റെ കയ്യിൽ പറ്റിയ രക്തം റോബിയുടെ ഷർട്ടിൽ തന്നെ തുടച്ചു വൃത്തിയാക്കിക്കൊണ്ട് അവന്റെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി തന്റെ ചോദ്യങ്ങൾ തുടർന്നു.
“നതാലിയയെപ്പറ്റി നമുക്ക് അവസാനം സംസാരിക്കാം. ആദ്യം നീ ഈ ജെനറലിനെപ്പറ്റി പറയു. ആരാണയാൾ ? എന്താണയാളുടെ പേര് ?“
”ബ്രിഗേഡിയർ ജെനറൽ സാവന്ത് ഭട്ട്!“ റോബിയുടെ തല കുനിഞ്ഞു.
”ഇന്റെറസ്റ്റിങ്ങ്... എനിക്കു തോന്നിയിരുന്നു അയാളാണെന്ന്. പണ്ടേ അയാൾ നമ്മുടെ നോട്ടപ്പുള്ളിയാണ്. പക്ഷേ നേരിട്ടിതുവരെ ഇടപെടേണ്ടി വന്നിട്ടില്ലെന്നു മാത്രം. ഓക്കേ! ബാക്കി പറയു.“
”വർഷങ്ങൾക്കു മുൻപാണ്... തൊണ്ണൂറുകളിലാണെന്നാണെന്റെ ഓർമ്മ. ഇദ്ദേഹം ഒരു ഡോക്ടറെ പരിചയപ്പെട്ടു. താങ്കളെപ്പോലെ തന്നെ ഒരു മലയാളി ഡോക്ടർ. ഡോ. ജോർജ്ജ് മുക്കാടൻ.“
”തൊണ്ണൂറുകളിൽ നിനക്ക് എത്ര വയസ്സ് പ്രായമുണ്ടായിരുന്നു റോബി ?“ വിശാലിന്റെ മുഖത്തൊരു പരിഹാസച്ചിരി വിരിഞ്ഞു.
”എനിക്ക് കേട്ടുകേൾവി മാത്രമേയുള്ളൂ. ഞാൻ ആർമിയിൽ ചേർന്ന സമയത്ത് പലരും പറഞ്ഞറിഞ്ഞ കഥകൾ.“
”ഓഹോ! നീയും ആർമിയിലായിരുന്നോ. ഗ്രെയ്റ്റ്! ബാക്കി പറയൂ.“
”ഈ ഡോക്ടർ ഒരു കമ്മീഷൻഡ് ആർമി ഫിസിഷ്യനായിരുന്നു ആദ്യം. പക്ഷേ, ജെനറൽ അയാളെ അപ്പോയിന്റ് ചെയ്തത് മറ്റു ചില ഉദ്ദേശത്തിലാണ്. കാരണം അയാൾ ഒരു മെഡിക്കൽ ഡോക്ടർ ആയിരുന്നില്ല. അയാളുടെ സ്പെഷ്യാലിറ്റി ഓർഗാനിക്ക് കെമിസ്ട്രി വിഭാഗത്തിലായിരുന്നത്രേ.“
വിശാൽ ശ്രദ്ധയോടെ അയാൾ പറയുന്നതോരോന്നും കേട്ടുകൊണ്ട് ഒരു കസേര വലിച്ചിട്ട് റോബിക്ക് എതിർ വശത്തായി ഇരുന്നു.
”ജെനറലുമായി ഡോക്ടർ എന്തോ രഹസ്യ ധാരണയുണ്ടാക്കി എന്നാണ് പിന്നീട് കേട്ടത്. എന്തോ ഒരു കെമിക്കൽ ഡെവലപ്പ് ചെയ്യാനോ മറ്റോ.“
”എന്തു കെമിക്കൽ ?“ വിശാലിന് അവൻ പറയുന്നതു മുഴുവൻ വിശ്വസിക്കാമോ എന്നൊരു സംശയം തോന്നിത്തുടങ്ങിയിരുന്നു അപ്പോൾ.
”എന്തു കെമിക്കലാണെന്നൊന്നും ആർക്കുമറിയില്ല. മനുഷ്യരിൽ പരീക്ഷിക്കുന്ന എന്തോ അപകടകാരിയായ ഒന്നാണെന്നു മാത്രം എനിക്കറിയാം. നേരിട്ട് ഹാർട്ടിലേക്കാണ് ഇഞ്ചക്റ്റ് ചെയ്യുക. ഞാൻ കണ്ടിട്ടുണ്ട്.“
”എന്താ റോബീ ഇത് ? ഹോളിവുഡ് സിനിമയോ ?“
”ഒരു ഹോളിവുഡ് സിനിമയിലും കണ്ടിട്ടില്ലാത്തതൊക്കെയാണ് പിന്നീട് നടന്നത്. 8 വർഷം അവർ ഈ ഗവേഷണം നടത്തി. ആദ്യമൊക്കെ ചിമ്പാൻസികളിലൊക്കെയായിരുന്നു പരീക്ഷണം. അന്നൊക്കെ അത് ലീഗലായിരുന്നു. ഈ പരീക്ഷണത്തെപ്പറ്റി ടോപ്പ് ഗവണ്മെന്റ് ഒഫീഷ്യൽസിനൊക്കെ അറിയാമായിരുന്നു.“
”വല്ല കെമിക്കൽ വെപ്പൺ പോലെ എന്തെങ്കിലുമാണോ ?“
”I have no idea sir ! You will have to ask him. ആ ഡോക്ടർക്കും ജെനറലിനുമല്ലാതെ മറ്റാർക്കെങ്കിലും ഇതിനെപ്പറ്റി എന്തെങ്കിലുമറിയാൻ സാധ്യത കുറവാണ്.“
”ഓക്കെ! റോബി ഇതിലെങ്ങനെ വന്നു പെട്ടു ?“
”കാർഗ്ഗിൽ ഇൻസിഡന്റ് സമയത്താണ് ആദ്യമായി ഈ മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാമെന്നൊരു തീരുമാനമുണ്ടായത്. അന്ന് കുറേ നുഴഞ്ഞുകയറ്റക്കാരെ നമ്മൾ പിടികൂടിയിരുന്നു. സർ ഓർക്കുന്നുണ്ടാകും.“
വിശാൽ തലയാട്ടി. അയാളുടെ മനസ്സിലൂടെ തന്റെ കാർഗ്ഗിൽ നാളുകൾ മിന്നി മറയുകയായിരുന്നു അപ്പോൾ.
“ഞങ്ങൾ നാലു സുഹൃത്തുക്കൾ ഒരുമിച്ചാണ് കമാൻഡോ ട്രെയിനിങ്ങ് കഴിഞ്ഞിറങ്ങിയത്. വളരെ ക്ലോസ് ഫ്രണ്ട്സായിരുന്നു. ട്രെയിനിങ്ങ് കഴിഞ്ഞിറങ്ങിയതും, കാർഗ്ഗിൽ തുടങ്ങി. ഉടനെ തന്നെ ഞങ്ങളെ അങ്ങോട്ടു ഡെസ്പാച്ച് ചെയ്തു. ഫ്രഷ് ഔട്ട് ഓഫ് ട്രെയിനിങ്ങ്. പക്ഷേ ഞങ്ങൾ നാലു പേരും നല്ല പ്രകടനം കാഴ്ച്ച വെച്ചു. മുൻപിൻ നോക്കാതെ ഞങ്ങൾ പാക്കിസ്ഥാനികളെ കൊന്നു തള്ളി. പെട്ടെന്നു തന്നെ ഞങ്ങൾ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ മൂന്നാം ദിവസം ഞങ്ങളെ ജെനറൽ സാവന്ത് വിളിപ്പിച്ചു. സ്പെഷ്യൽ ഹെലികോപ്റ്റർ അയച്ചു പിക്ക് ചെയ്യുകയായിരുന്നു.
ആദ്യം കരുതിയത് ഞങ്ങളെ അഭിനന്ദിക്കാനാണെന്നാണ്. പക്ഷേ അദ്ദേഹം വളരെ വിചിത്രമായ ഒരു ആവശ്യമാണുന്നയിച്ചത്. പിറ്റേന്നു മുതൽ ഒരു പുതിയ മിഷൻ തുടങ്ങുകയാണെന്നു പറഞ്ഞു. ഞങ്ങൾ ഇനിയങ്ങോട്ട് വളരെ ശ്രദ്ധിച്ചു മുൻപോട്ടു പോകണം. കാരണം അദ്ദേഹത്തിന് പൂർണ്ണ ആരോഗ്യവാന്മാരായ പാക്കിസ്ഥാനി പട്ടാളക്കാരെ ജീവനോടെ വേണമത്രെ! ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല. ക്യാപ്ചർ ചെയ്തെന്ന് റെക്കോർഡിലുണ്ടാകാൻ പാടില്ല. മറ്റൊരാളോടും ഞങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല തുടങ്ങി പല കാര്യങ്ങൾ. ഒഫീഷ്യലായിട്ടൊരു ഓർഡറാണെന്നു തോന്നിയില്ല.
പിറ്റേന്ന് ഞങ്ങൾ വീണ്ടും ഫീൽഡിലെത്തി. ഞങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞൊരു അവസ്ഥയായിരുന്നു. ജീവനോടെ ഒരാളെ പിടിക്കുക എന്നത് തന്നെ ബുദ്ധിമുട്ടാണ്. അപ്പോൾ പൂർണ്ണ ആരോഗ്യത്തോടെ തന്നെ വേണമെങ്കിലോ. ഞങ്ങൾ പക്ഷേ ആ പ്രായത്തിൽ അതെല്ലാം വല്ലാത്ത ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഏതാണ്ട് 4 ദിവസം. ജെനറലിന്റെ ആവശ്യപ്രകാരം 3 പാക്കിസ്ഥാനികളെ ഞങ്ങൾ കീഴ്പ്പെടുത്തി. കാര്യമായ പരുക്കുകളില്ലാതെ തന്നെ. പിടികൂടിയ നിമിഷം തന്നെ സകല രേഖകളും അവരുടെ ഡോഗ് ടാഗും ഒക്കെ ഞങ്ങൾ നശിപ്പിച്ചു കളഞ്ഞ് ജെനറലിനെ ഏല്പ്പിച്ചു. “
”ട്രെയിനിങ്ങിന്റെ സമയത്ത് ജനീവ കരാർ എന്നൊരു സംഭവം കേട്ടിരുന്നോ ?“
”ഞങ്ങളുടെ പ്രായം സർ ഓർക്കണം.ഇതൊക്കെ ഓരോ മനുഷ്യർ സ്വയമറിയാതെ വന്നു പെടുന്നതാണ്. വേണമെന്നു കരുതി ചോദിച്ചു വാങ്ങിയ മിഷൻ ആയിരുന്നില്ല ഇത്. “
”ബാക്കി പറയു.“
”ജെനറലിന് ഞങ്ങളെ വല്ലാതെ ഇഷ്ടപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലേക്ക് മാറ്റി ഞങ്ങളെ. ആദ്യമായി ഈ മരുന്നിന്റെ പരീക്ഷണം നേരിൽ കണ്ടത് അങ്ങനെയാണ്. ഡോ. ജോർജ്ജ്, മരുന്നിന്റെ ആദ്യ സാമ്പിൾ ഞങ്ങൾ കൊണ്ടുവന്ന ഒരു പാക്കിസ്ഥാനിയിൽ കുത്തിവെച്ചു...“ റോബിയുടെ ശിരസ്സ് വീണ്ടും താണു.
”എന്നിട്ട് ?“
”നിമിഷങ്ങളേ എടുത്തുള്ളൂ. ആ മനുഷ്യന്റെ മൂക്കിൽ നിന്നും ചെവിയിൽ നിന്നുമെല്ലാം രക്തം ചീറ്റിയൊഴുകി. തലക്കുള്ളിൽ ഒരു സ്ഫോടനം നടന്ന പോലെ. ഞങ്ങൾ നോക്കി നില്ക്കെ തന്നെ അയാൾ പുറകോട്ടു മറിഞ്ഞു വീണു. പിന്നെ അനങ്ങിയില്ല.
വല്ലാത്തൊരു അവസ്ഥയായിരുന്നു. പാക്കിസ്ഥാനിയാണല്ലോ ശത്രുവാണല്ലോ എന്നൊക്കെ ചിന്തിച്ച് ഞങ്ങൾ ആശ്വസിച്ചു. ഡോ. ജോർജ്ജിനു യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. ആ മനുഷ്യന്റെ വീഴ്ച്ച കണ്ട് പൊട്ടിച്ചിരിച്ച അയാൾ പിന്നെ അയാൾ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ലാബിലേക്കു പോയി.
അന്നു തന്നെ അടുത്ത ടെസ്റ്റും നടത്തി. പക്ഷേ വ്യത്യാസമുണ്ടായിരുന്നില്ല. ആ പട്ടാളക്കാരനും പിടഞ്ഞു വീണു മരിച്ചു. പക്ഷേ ഡോക്ടർ അപ്പോഴും ചിരിക്കുകയായിരുന്നു.
ഇനി അവിടെ തുടർന്നാൽ അപകടമാണെന്നു ഞങ്ങൾക്കു മനസ്സിലായി. കൂട്ടത്തിലൊരുത്തൻ, സുനിൽ പാഠക് വല്ലാതെ അസ്വസ്ഥനായി. ഇത് റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു അവന്റെ ആവശ്യം. യുദ്ധത്തിൽ ഏറ്റുമുട്ടലുണ്ടായി കൊല്ലപ്പെടുന്നത് പ്രശ്നമല്ല. പക്ഷേ ഒരാളെ പൂർണ്ണാരോഗ്യത്തോടെ പിടികൂടി കൊണ്ടുവന്ന് കൊലപ്പെടുത്തുന്നത് അങ്ങനല്ലല്ലോ. അത് കൊലപാതകമല്ലേ. പക്ഷേ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾക്ക് സമ്മതമായിരുന്നില്ല. ഒടുവിൽ അവൻ ഒറ്റക്ക് ജെനറലിനെ കാണാൻ പോയി.
അന്നു ഞങ്ങൾക്കു മനസ്സിലായി ഞങ്ങൾ വന്നു പെട്ടിരിക്കുന്ന ഈ അപകടത്തിന്റെ ആഴം. ജെനറലിന്റെ മുറിയിലേക്കു കയറിപ്പോയ സുനിൽ... പിന്നീട് ഞങ്ങൾ മൂന്നു പേരും അവനെ കണ്ടിട്ടില്ല. ഒരിക്കൽ പോലും. മിണ്ടാതെ അയാളുടെ ഓർഡറുകൾ അനുസരിച്ചു ജീവിക്കുന്നതാണ് ഇനിയുള്ള കാലം സുരക്ഷിതം എന്നു മനസ്സിലായി.
പക്ഷേ, എത്ര മൂടിവെച്ചിട്ടും ഈ പരീക്ഷണം വെളിയിലറിഞ്ഞു എന്നതാണത്ഭുതം. എങ്ങനെയോ വിവരമറിഞ്ഞ ചില അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രശ്നം വഷളായി. ഹ്യൂമൻ ട്രയൽ എന്നൊരു വാക്കു വെളിയിലറിഞ്ഞാൽ അതോടെ എല്ലാം തീർന്നു. ലോക രാജ്യങ്ങളെല്ലാം ഇൻഡ്യക്കു നേരേ തിരിയും. അങ്ങനെ ചീഫ് ഓഫ് ആർമി സ്റ്റാഫ് ജെനറലിനെ സസ്പെൻഡ് ചെയ്തു. ഞങ്ങൾ മൂന്നു പേരും ജയിലിലുമായി.
പക്ഷേ അതൊക്കെ വെറും 24 മണിക്കൂറുകളേ നീണ്ടു നിന്നുള്ളൂ. ജെനറൽ പൂർവ്വാധികം ശക്തിയോടെ തിരിച്ചടിച്ചു. കാരണം അദ്ദേഹത്തിന് ഈ പരീക്ഷണം നടത്താൻ ഗവണ്മെന്റ് അനുമതിയുണ്ടായിരുന്നു. ചെയ്തത് ഇല്ലീഗൽ ആണെങ്കിൽ കൂടി അയാൾ വല്ലതും വിളിച്ചു പറഞ്ഞാൽ തലകൾ ഉരുളും. അതുകൊണ്ട് പ്രശ്നം വളരെ രഹസ്യമായി ഒതുക്കി. താങ്കൾക്ക് ഈ ജെനറലിനെ നേരിൽ പരിചയമുണ്ടായിരുന്നെങ്കിൽ മനസ്സിലായേനേ. ഒരു വല്ലാത്ത മനുഷ്യനാണയാൾ. ഉദ്ദേശിച്ചതെന്തായാലും അതു സാധിച്ചിരിക്കും.
എന്തായാലും, ഗവണ്മെന്റ് അറിവോടെയുള്ള പരീക്ഷണം അതോടെ അവസാനിച്ചു. ഡോ. ജോർജ്ജിനെ ആർമി പുറത്താക്കി. ഒപ്പം ഞങ്ങൾ മൂന്നു പേരെയും. പക്ഷേ ജെനറൽ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. ഡോക്ടർ ജോർജ്ജ് മുക്കാടനും. അവർ രണ്ടു പേരും ചേർന്ന് പരീക്ഷണം വീണ്ടും പുനരാരംഭിച്ചു. അതിനായിട്ട് ആദ്യം ചെയ്തത് ഡോ. മുക്കാടൻ എന്ന വ്യക്തിയെ ഇല്ലാതാക്കുക എന്നതായിരുന്നു. ഒരു ആക്സിഡന്റിൽ കൊല്ലപ്പെട്ടു എന്നു വരുത്തിത്തീർത്ത് , പുതിയ രേഖകളുമായി ഡോ. രഘുചന്ദ്ര ഭട്ടിയാർ എന്നൊരു പുതിയ വ്യക്തിയെ സൃഷ്ടിച്ചെടുത്തു. ജെനറൽ, ഇവിടെ ഭാണ്ഡൂപ് എന്നൊരു സ്ഥലത്ത് ഒരു മാനസീകാരോഗ്യ കേന്ദ്രം എന്ന വ്യാജേന എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു ലാബ് സ്ഥാപിച്ചു കൊടുത്തു അദ്ദേഹത്തിന്.“
അതുവരെ കേട്ടതൊന്നും വിശ്വസിക്കാനാകാതെ വിശാൽ അമ്പരന്ന് സഹപ്രവർത്തകരെ നോക്കി.
വേദന എല്ലാ പരിധികളും കടന്നിരുന്നു.. റോബി ഞരങ്ങി.. ”ഒരുപകാരം ചെയ്യണം... നല്ല വേദനയുണ്ട്. ഞാൻ ബാക്കി കൂടി പറയണമെങ്കിൽ, പെയിൻ കില്ലർ എന്തെങ്കിലും...“ അയാൾ ദയനീയമായി ചുറ്റുമുള്ള മുഖങ്ങളിലേക്ക് നോക്കി.
”പെയിൻ മാത്രമായിട്ട് കിൽ ചെയ്യുന്ന ഒന്നുമില്ല ഇവിടെ. പിന്നെ, വേറൊരു ഐഡിയ ഉണ്ട്." ഇതും പറഞ്ഞുകൊണ്ട് ഒരു ഏജൻറ് ബ്രീഫ്കേസ് തുറന്ന് തിടുക്കത്തിൽ എന്തോ തിരഞ്ഞു തുടങ്ങി.. റോബി പ്രതീക്ഷയോടുകൂടി അയാളെ നോക്കി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ തേടിയ കാര്യം കണ്ടെത്തിയ സന്തോഷം അയാളുടെ മുഖത്ത് തെളിഞ്ഞു. അയാൾ ഒരു ഡ്രില്ലിംഗ് മെഷീൻ എടുത്തുയർത്തിക്കാണിച്ചു. "ദാ ഇത് വച്ച് തന്റെ മുട്ടിന്റെ ചിരട്ടയിലൂടെ ഒരു ഹോൾ ഉണ്ടാക്കാം.“
റോബി അന്തം വിട്ട് ആ മനുഷ്യനെ നോക്കി. അയാൾ കാര്യമായാണോ തമാശായിട്ടാണോ പറഞ്ഞതെന്ന് അവന് മനസ്സിലായില്ല. എജന്റിന്റെ മുഖത്ത് തികഞ്ഞ ഗൗരവം ആയിരുന്നു.
”അങ്ങനെ ചെയ്താൽ, പിന്നെ തലയുടെ വേദന നിനക്ക് മറക്കാം. കാരണം അതിനേക്കാൾ നാലിരട്ടി വേദനയായിരിക്കും മുട്ടിന്.“
നോക്കിനിൽക്കെ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. പതിയെ വളരെ പതിയെ അതൊരു പൊട്ടിച്ചിരിയായി.. ചിരിച്ച് ചിരിച്ച് അയാളുടെ ശ്വാസം വിലങ്ങുന്നതുപോലെ തോന്നി. അജ്ഞാതമായ ഒരു ഭയം റോബിയെ ഗ്രസിച്ചു. മുഖം ഉയർത്തി നോക്കാനാവാതെ അയാൾ തലകുനിച്ചു. ചിരിയുടെ അലകൾ അവസാനിക്കുമ്പോൾ പല്ലുകൾ ഞെരിയുന്ന ശബ്ദം കേട്ട് റോബി പതിയെ തല ഉയർത്തി നോക്കി.. തൻറെ മുഖത്ത് നിന്നും ഒരു ഇഞ്ച് അകലത്തിൽ ആ ഏജന്റിന്റെ മുഖം. തൊട്ടടുത്തായി ഡ്രില്ലിംഗ് മെഷീനും. റോബി ഞെട്ടി കസേരയോടൊപ്പം അല്പം പുറകോട്ട് നിരങ്ങി. ഒരു നിലവിളി അയാളുടെ തൊണ്ടയിൽ തടഞ്ഞു നിന്നു..
”ഹേയ്! ഹോൾഡ് ഇറ്റ്."വിശാൽ കയ്യുയർത്തി തടഞ്ഞു. "അതിൻറെ ഒന്നും ആവശ്യം വരില്ല." അയാൾ റോബിയുടെ നേർക്ക് തിരിഞ്ഞു. "റോബി, എത്രയും പെട്ടെന്ന് ഞങ്ങൾക്കു വേണ്ട വിവരങ്ങൾ തന്നാൽ, ഉടനെ തന്നെ ഹോസ്പിറ്റലിലെത്തിക്കും ഞങ്ങൾ.“
റോബി വേദന കടിച്ചമർത്തിക്കൊണ്ട് തുടർന്നു.
”പുതിയ ലാബിൽ ആകെയുണ്ടായിരുന്ന പ്രശ്നം, ടെസ്റ്റ് ചെയ്യാൻ സബ്ജക്റ്റ്സ് ഇല്ല എന്നുള്ളതാണ്. കാർഗിൽ പോലെ ഒരു സാഹചര്യം എപ്പോഴുമുണ്ടാകില്ലല്ലോ. അങ്ങനെ ജെനറൽ വീണ്ടും ഞങ്ങളെ വിളിച്ചു വരുത്തി. പുതിയൊരു ലൈഫ്. പുതിയൊരു ഐഡന്റിറ്റി, കൈ നിറയെ കാശ് എന്നൊക്കെയായിരുന്നു ഓഫർ. ഞങ്ങൾക്ക് വേറേ മാർഗ്ഗമുണ്ടായിരുന്നില്ല.
അങ്ങനെ ഞങ്ങൾ മൂന്നു പേരും ചേർന്ന്...“ തുടർന്നു പറയാൻ റോബി വല്ലാതെ ബുദ്ധിമുട്ടി.
”എവിടെനിന്നാണ് നിങ്ങൾക്ക് ടെസ്റ്റ് സബ്ജക്റ്റ്സിനെ കിട്ടിയത് ?“ വിശാലിന്റെ മുഖം ഗൗരവപൂർണ്ണമായി.
”അതായിരുന്നു ഞങ്ങളുടെ ജോലി. ഏജന്റ് നതാലിയ അടക്കം കുറേയധികം പേരെ ഞങ്ങൾ ഡോക്ടർക്ക് എത്തിച്ചു കൊടുത്തിട്ടുണ്ട്. പല സംസ്ഥാനങ്ങളിൽ നിന്നായി. കൂടുതലും ക്രിമിനലുകളായിരുന്നു. പ്രത്യേകിച്ച് കുഞ്ഞുങ്ങളെ റേപ്പ് ചെയ്ത കേസുകളിലെ പ്രതികൾ. അങ്ങനെയുള്ളവരെ തിരഞ്ഞു കണ്ടു പിടിക്കാനായിരുന്നു ഡോക്ടറുടെ ഓർഡർ. ഞങ്ങൾ ഇൻഡ്യ മുഴുവൻ അലഞ്ഞു. അതിനിടക്ക് ഡോക്ടർ, ‘സ്കോപ്പലോമീൻ’ എന്നൊരു കെമിക്കൽ ഡെവലപ്പ് ചെയ്തു. അതോടെ ജോലി എളുപ്പമായി. ആ മരുന്ന് അകത്തു ചെന്നാൽ പിന്നെ ആരും എന്തും അനുസരിച്ചു പോകും. അങ്ങനെയൊരു പ്രോപ്പർട്ടിയാണ് അതിന്. അയാൾ ആവശ്യപ്പെടുമ്പോഴെല്ലാം ഒരു സബ്ജക്റ്റിനെ ഞങ്ങൾ എത്തിച്ചു കൊടുത്തു.
പതിയെ പതിയെ ഡോക്ടറുടെ പരീക്ഷണങ്ങൾ വിജയിച്ചു തുടങ്ങി. ആദ്യമൊക്കെ തലച്ചോറിൽ രക്തസ്രാവമുണ്ടായി പേഷ്യന്റ്സ് പെട്ടെന്ന് കൊല്ലപ്പെടുകയായിരുന്നു. അതിൽ നിന്നൊക്കെ വളരെ വ്യത്യാസമുണ്ടായി. അവസാനമൊക്കെ ആയപ്പോഴേക്കും, പേഷ്യന്റ്സ് മരുന്നിനോട് പ്രതികരിച്ചു തുടങ്ങി. പക്ഷേ ...“
”പക്ഷേ ?“
”സൈഡ് എഫക്റ്റ്സ് ഭീകരമായിരുന്നു. മിക്കവരുടേയും മനസ്സിന്റെ സമനില തന്നെ തെറ്റിപ്പോയി. പലരും വയലന്റായി. ഈ മരുന്ന് ബ്രെയിനിലാണ് പ്രവർത്തിച്ചു തുടങ്ങുക എന്നു തോന്നുന്നു. പക്ഷേ ഡോക്ടർക്ക് അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. ഒരു പേഷ്യന്റ് ‘ഉപയോഗ ശൂന്യമായാൽ’ ഉടനേ മറ്റൊരാളെ കൊണ്ടുവരാൻ ആവശ്യപ്പെടും.“
“മൊത്തം എത്ര പേരെ നിങ്ങൾ അങ്ങനെ എത്തിച്ചു കൊടുത്തിട്ടുണ്ട് ?” ഒരു ഏജന്റാണത് ചോദിച്ചത്.
“27 പേരെ.” റോബി വിതുംബി. “പക്ഷേ മിക്കവരും ബോൺ ക്രിമിനൽസായിരുന്നു.”
“അങ്ങനെ പറഞ്ഞ് സ്വയം ആശ്വസിക്കാം. അല്ലേ ?”
റോബി നിശബ്ദനായി.
“അതൊക്കെ നില്ക്കട്ടെ. ഇത്രയും വാസ്റ്റ് ഓപ്പറേഷൻ നടത്തിയിട്ടും ഒരിക്കൽ പോലും നിങ്ങൾ പിടിക്കപ്പെട്ടില്ലെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.”
“ജെനറൽ വാക്കു പാലിച്ചു. എപ്പൊഴൊക്കെ പിടിയിലായിട്ടുണ്ടോ, അപ്പോഴെല്ലാം അയാൾ രക്ഷകനായി വന്നു. ആവശ്യത്തിലധികം കാശ്, പുതിയ പേര്, ഐഡന്റിറ്റി, അങ്ങനെ ഒരു പ്രശ്നവുമില്ലാതെ ഞങ്ങൾ മൂന്നു പേരും കഴിഞ്ഞ കുറേ വർഷങ്ങളായി ഈ രണ്ടു മനുഷ്യരോടൊപ്പമുണ്ടായിരുന്നു. ഇന്നലെ വരെ.“
”ഇന്നലെ എന്തു സംഭവിച്ചു ?“
”ഇന്നലെ...“ റോബി ചിരിച്ചു. ”ഇന്നലെ നിങ്ങളുടെ ഏജന്റ് നതാലിയായെ തട്ടിക്കൊണ്ട് ചെല്ലാനായിരുന്നു ഓർഡർ! ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയെ കൊണ്ടു ചെല്ലാൻ പറഞ്ഞത്. പൂ പറിക്കും പോലെ എളുപ്പത്തിൽ ചെയ്യാമെന്നു കരുതി ഇറങ്ങിപ്പുറപ്പെട്ടതാണ്... “ റോബിയിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു . ”The biggest mistake I’ve ever made in my life! ഒന്ന് മുഖം ചുളിക്കുക പോലും ചെയ്യാതെയാണ് അവൾ എന്റെ സുഹൃത്ത് ബോബിയെ വെടിവെച്ചിട്ടത്. പിന്നെ എന്താണുണ്ടായതെന്ന് എനിക്കൊരു ഐഡിയായുമില്ല!“
”അവളെ ഇഞ്ചക്റ്റ് ചെയ്യാൻ കൊണ്ടുപോയ സ്കോപ്പലോമീൻ അവൾ നിനക്കു തന്നെ ഇഞ്ചക്റ്റ് ചെയ്ത് തന്നിട്ടു പോയി. അല്ലേ ?“
”ആയിരിക്കണം...ഓർമ്മയില്ല.“ റോബി പറഞ്ഞു നിർത്തി.
“അതു തന്നെയാണ് സംഭവിച്ചത്. സ്കോപ്പലോമീൻ നിന്റെ ബ്ലഡിൽ ട്രേസു ചെയ്തിരുന്നു ഞങ്ങൾ. ഈ കെമിക്കൽ കുറേ കാലമായി സർഫസ് ചെയ്തിട്ട്. അന്വേഷണങ്ങൾ നടക്കുന്നുണ്ട്. നീ ഒറ്റയൊരുത്തനെ കിട്ടിയപ്പോൾ എത്ര കേസുകളാണ് തെളിയാൻ പോകുന്നതെന്നു നോക്കൂ.”
“അതൊക്കെ താങ്കളുടെ വെറും തോന്നലുകൾ മാത്രം.” റോബിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. “നിങ്ങൾ സാക്ഷാൽ ജെനറൽ സാവന്ത് ഭട്ടിനെ അവസാനിപ്പിച്ചാൽ പോലും, ഈ വിവരങ്ങളൊന്നും പുറം ലോകമറിയാൻ പോകുന്നില്ല സർ! ഒരു പത്രവും ഇത് പ്രിന്റ് ചെയ്യില്ല. ഈവൺ ഇന്റർനാഷണൽ മീഡിയ പോലും ചിലപ്പോൾ വായടച്ചു കളയും. അത്രമാത്രം അപകടം പിടിച്ചൊരു സംഭവമാണിത്. അമേരിക്കയിൽ, CIA ഇങ്ങനെയെന്തോ പരീക്ഷണം നടത്തിയിരുന്നു. കേട്ടിട്ടുണ്ടോ ? Project MK Ultra ? അന്നതൊരു വലിയ വാർത്തയായിരുന്നു. പക്ഷേ എത്ര പെട്ടെന്നാണ് അത് മാഞ്ഞു പോയത് .”
“ഓക്കേ. അതെല്ലാം വിടൂ. ഇനി നമുക്ക് കാര്യത്തിലേക്കു വരാം. ഏജന്റ് നതാലിയ എവിടെ ?”
അവൻ ‘അറിയില്ല’ എന്നർത്ഥത്തിൽ പതിയെ തല വെട്ടിച്ചു.
അടുത്ത നിമിഷം ഡ്രിലിംഗ് മെഷീന്റെ മുരൾച്ച മുഴങ്ങി. റോബി നടുങ്ങി മുഖമുയർത്തി. ആ ഏജന്റ് കീഴ്ച്ചുണ്ട് കടിച്ചമർത്തി അവന്റെ കാല്മുട്ടിലേക്കു തന്നെ നോക്കി നില്ക്കുകയാണവിടെ. “നിങ്ങൾ മൂന്നു പേരുണ്ടെന്നു പറഞ്ഞല്ലോ. റോബി, ബോബി, പിന്നെ ? മൂന്നാമന്റെ പേരെന്താണ് ? ശരിയായ പേരു തന്നെ പറയണം. വെറുതേ എന്നെക്കൊണ്ട്...” ആ ഏജന്റ് ഡ്രില്ലിംഗ് മെഷീൻ പതിയെ തന്റെ കവിളിലേക്കു ചേർത്തു പിടിച്ചു.
“ഗോകുൽ! ഗോകുൽ പണ്ഡിറ്റ്!“ ബോബിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. ”അവനായിരിക്കും നതാലിയായെ കൊണ്ടുപോയിട്ടുണ്ടാകുക.“
”ഓക്കേ! അവന്റെ ഫോൺ നമ്പറില്ലേ നിന്റെ കയ്യിൽ ?“
റോബി തലയാട്ടി.
”ഓക്കേ! നമുക്ക് അവനെ ഒന്നു വിളിച്ചു കളയാം. എന്തു പറയുന്നു ?“ വിശാൽ പതിയെ റോബിയെ താങ്ങിയെഴുന്നേല്പ്പിച്ചു. മറ്റൊരു ഏജന്റ് അവന്റെ കൈകാലുകളിലെ വിലങ്ങുകൾ അഴിച്ചു മാറ്റി.
“നിങ്ങൾ വാട്ട്സാപ്പ് ഉപയോഗിക്കാറുണ്ടോ ?”
അവൻ തലയാട്ടി.
“നിങ്ങളുടെ ജോലിക്ക് വാട്ട്സാപ്പ് ഒക്കെ ഉപയോഗിക്കുന്നത് അപകടമല്ലേ ? ” വിശാൽ പുഞ്ചിരിച്ചു. “ജെനറൽ കൂടെയുള്ള ധൈര്യമാണല്ലേ ? പിടിക്കപ്പെട്ടാലും അയാളുണ്ടല്ലോ രക്ഷപ്പെടുത്താൻ.”
റോബി മറുപടിയൊന്നും പറഞ്ഞില്ല. മുഖത്തു നിന്നും രക്തം വടിച്ചു കളയുകയായിരുന്നു അവൻ.
ആ ഏജന്റ്, അവന്റെ ഫോൺ തന്റെ കമ്പ്യൂട്ടറുമായി കണക്റ്റ് ചെയ്ത് അവന്റെ ഫോൺ കണക്ഷൻ ക്ലോൺ ചെയ്തു. ഇപ്പോൾ അവന്റെ ഫോൺ സ്ക്രീൻ അയാളുടെ കമ്പ്യൂട്ടറിൽ കാണാം.
”ആദ്യം നമുക്ക് ഒരു ട്രെയിനിങ്ങ് വേണം. അവനെ വിളിക്കുമ്പോൾ എന്താണ് പറയേണ്ടതെന്ന് ഇവർ പറഞ്ഞു തരും. ഒരു കാര്യം മറക്കരുത്. അവനെ നമുക്ക് കിട്ടിയില്ലെങ്കിൽ നിന്നെക്കൊണ്ട് പിന്നെ ഞങ്ങൾക്കൊരു ഉപയോഗവുമില്ല. അറിയാമല്ലൊ ? ആ മൂലയിലിരിക്കുന്ന സൾഫ്യൂരിക്കാസിഡ് ബാരൽ കണ്ടോ ? ജീവനോടെ അതിനുള്ളിലേക്കിട്ട് സീൽ ചെയ്യും. നിനക്ക് കളിക്കാനോ കളിപ്പിക്കാനോ പറ്റിയ ആൾക്കാരല്ല ഞങ്ങൾ. ഒരു കാരണവശാലും അത് മറന്നു പോകരുത്. ഓക്കേ ?“
റോബി ഒന്നും മിണ്ടാതെ അവരുടെ കയ്യിൽ നിന്നും തന്റെ ഫോൺ വാങ്ങി ഗോകുലിന്റെ നമ്പർ ഡയൽ ചെയ്തു. “ഒന്നും വേണ്ട. ഞാൻ വേണ്ടതു ചെയ്തോളാം.”
“വാട്ട്സാപ്പിൽ വിളിക്കൂ. അഥവാ നീ ചതിച്ചാലും അവന്റെ ലൊക്കേഷൻ ഞങ്ങൾക്കു കിട്ടണമല്ലോ.” ഒരു ചിരിയോടെ ഏജന്റ് കോൾ കട്ടു ചെയ്തു. എന്നിട്ട് അതേ നമ്പർ വാട്ട്സാപ്പിലെടുത്ത് ഡയൽ ചെയ്ത് ഫോൺ തിരിച്ചേല്പ്പിച്ചു. സ്പീക്കർ ഫോണിലാക്കാനും അയാൾ മറന്നില്ല.
ഹിന്ദിയിൽ ഉച്ചത്തിൽ ഒരു തെറിയോടെയാണ് അപ്പുറത്ത് ഫോൺ ആൻസർ ചെയ്തത്. തലേന്നു മുതൽ പല വട്ടം വിളിച്ചിട്ടും റോബിയെ കിട്ടിയില്ല. അതാണവൻ പറയുന്നത്. റോബി നിശബ്ദനായിരുന്നു കേട്ടു. എന്നിട്ട്...
“ഗോകുൽ... അവസാനമായിട്ട് നിന്റെ വായിൽ നിന്നു കേട്ടത് പച്ചത്തെറിയാണ്. സന്തോഷം! ഒരു ചെറിയ കാര്യം പറയാൻ വിളിച്ചതാണ്.ഞാൻ നമ്മുടെ ബോബിയുടേയും പാഠകിന്റേയും അടുത്തേക്കു പോകുകയാണ്. ബീ കെയർഫുൾ! നിന്നെത്തേടി ഉടനെ ഇവരെത്തും. ജെനറലിനെ അറിയിക്കുക!”
പിന്നെ നടന്നത് ആരും പ്രതീക്ഷിക്കാത്തതായിരുന്നു.
സെക്കൻഡുകൾക്കുള്ളിൽ റോബി വിശാലിന്റെ അരയിലെ ഹോൾസ്റ്ററിൽ നിന്നും തോക്കു വലിച്ചെടുത്തു.
എല്ലാവരും നടുങ്ങിപ്പോയി.
“സോറി ഗയ്സ്!” അവൻ തിടുക്കത്തിൽ പിന്നോട്ട് ചുവടു വെച്ചുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അവനാ മുറിയുടെ ഏറ്റവും പുറകിലെത്തി.
“മണ്ടത്തരം കാണിക്കരുത് റോബി! എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ നിന്നെ പ്രൊട്ടക്റ്റ് ചെയ്യും. അബദ്ധം കാണിക്കരുത്. ഞങ്ങൾക്കു വേണ്ടതെല്ലാം നീ തന്നു കഴിഞ്ഞു. നിനക്കിനി ഒരപകടവും വരില്ല. അരുത്!” വിശാൽ മുൻപോട്ടാഞ്ഞതും അവൻ തോക്ക് തന്റെ തലയിലേക്കു ചൂണ്ടി.
മിസ്റ്റർ വിശാൽ! കഴിഞ്ഞ 19 വർഷങ്ങളായി ഞാൻ ചെയ്ത കാര്യങ്ങളാണ് ഏതാനും മിനിട്ടുകൾ കൊണ്ട് നിങ്ങൾക്കു മുൻപിൽ ഞാൻ കുമ്പസാരിച്ചത്. ജീവിതത്തിൽ ആദ്യമായി ഞാൻ മനസ്സിലാക്കി. ജീവിച്ചിരിക്കാൻ ഒരു യോഗ്യതയുമില്ലാത്ത വെറുമൊരു പാഴ്ജന്മമാണെന്റേത്. ഇവിടെ നിങ്ങളോട് പറയാത്ത പല കാര്യങ്ങളുമുണ്ട്. ഒരിക്കലും ഇനി എനിക്ക് സമാധാനമായിട്ട് തുടർന്നു ജീവിക്കാനാകില്ല! ഇനിയൊരുപക്ഷേ ഇവിടുന്നു പുറത്തിറങ്ങിയാൽ എന്നെ കാത്തിരിക്കുന്ന മരണം. അതേ... മരണം തന്നെ. ഒറ്റുകാരന്റെ മരണം. അത് നിങ്ങൾക്ക് സങ്കല്പിക്കാനാകുന്ന ക്രൂരതകൾക്കും കാതങ്ങൾ അപ്പുറത്താകും. ജനറൽ അത് ഉറപ്പുവരുത്തും. വയ്യ.. നിങ്ങൾ ചെയ്തത് സഹിക്കാൻ കഴിയാത്ത എനിക്ക് ആ വേദനകൾ ആലോചിക്കുമ്പോൾ." അവന്റെ കണ്ണുകളിൽ ഭയവും പിന്നെ വന്യമായ ഒരു ഭ്രാന്തും മാറിമാറി നിഴലിക്കുന്നത് കണ്ടപ്പോൾ വിശാലിന് അടുത്ത നിമിഷം സംഭവിക്കാൻ പോകുന്നത് ഊഹിക്കാൻ കഴിയുമായിരുന്നു. "മരിക്കുന്നതിനു തൊട്ടു മുൻപ് കൂട്ടുകാരനെ ഒറ്റുകൊടുക്കാനും എനിക്കാകില്ല സർ. സോറി.” ഇത് പറഞ്ഞപ്പോൾ റോബിയുടെ കണ്ണുകളിൽ വേദന മാത്രം ബാക്കിയായിരുന്നു.
വെടിയൊച്ച മുഴങ്ങി!
വിശാൽ ഓടിയടുത്തപ്പോഴേക്കും വല്ലാതെ വൈകി. റോബിയുടെ തലയുടെ ഇടതുവശം തകർന്നു തരിപ്പണമായിപ്പോയിരുന്നു. കഴുത്തിനു മുകളിലേക്ക് രക്തവും ചിതറിത്തെറിച്ച തലച്ചോറിന്റെ ഭാഗങ്ങളും മാത്രം!
“SHIT!!” വിശാൽ അലറിക്കൊണ്ട് തിരിഞ്ഞ് ഏജന്റ്സിനെ നോക്കി.
“ലൊക്കേഷൻ കിട്ടി. ഗോകുൽ ഇപ്പോൾ എയർപോർട്ടിലുണ്ട്. പക്ഷേ ഫോൺ ഓഫാക്കിക്കളഞ്ഞു. എത്രയും വേഗം പുറപ്പെട്ടാൽ ചിലപ്പോൾ...”
“ഓക്കേ! എയർപോർട്ടായത് നന്നായി. ഉടനെ ATC യെ അറിയിക്കൂ. നമുക്ക് ലാൻഡിങ്ങ് പെർമിഷൻ വേണം! പിന്നെ... ആ ഫോണിൽ ഗോകുലിന്റെ ഫോട്ടോ ഉണ്ടോ ?”
“ഉണ്ട്. വാട്ട്സാപ്പിന്റെ പ്രൊഫൈൽ പിക്.”
“അത് എയർപോർട്ട് അതോറിറ്റിക്കയക്കൂ. ഒരു ലോക്ക് ആൻഡ് സെർച്ച് ഓർഡർ കൊടുക്കണം. അഥവാ അവൻ അകത്തു കയറിയിട്ടുണ്ടെങ്കിൽ പിന്നെ വെളിയിലിറങ്ങാനിടവരരുത്. ”
“യെസ് സർ!”
“ഞാൻ ടെറസിലേക്കു പോകുകയാണ്. Send the pilot! FAST!!” വിശാൽ ഒരു സെക്കൻഡ് പോലും പാഴാക്കാതെ പുറത്തേക്കി സ്റ്റെയറിലൂടെ മുകളിലേക്കോടി.
അടുത്ത 2 മിനിറ്റിനുള്ളിൽ ഹെലികോപ്റ്റർ ഉയർന്നു കഴിഞ്ഞിരുന്നു.
*********************************************************************************************
ഛത്രപതി ശിവജി മഹാരാജ് എയർപോർട്ട് - മുംബൈ. ഏതാണ്ട് 12 മിനിറ്റുകൾക്കു ശേഷം.
*********************************************************************************************
ഗോകുൽ പണ്ഡിറ്റ്!
ഡെൽഹിയിലേക്കായിരുന്നു അവന്റെ യാത്ര. തലേന്നു മുഴുവൻ അവൻ റോബി-ബോബി മാരുടെ കോൾ പ്രതീക്ഷിച്ചു ബോംബേയിൽ തന്നെ തങ്ങി. RAW ചീഫ് സോമനാഥ് ചാറ്റർജിയാണ് അടുത്ത ടാർഗറ്റ്. അധികം വൈകാതെ ഡെൽഹിയിലെത്തണം. ഒരുപക്ഷേ ഇതുവരെ ഏറ്റെടുത്തതിലൊക്കെ വെച്ച് ഏറ്റവും റിസ്കിയായ ഒരു ഓപ്പറേഷനായിരിക്കുമിത്. പക്ഷേ മറ്റു രണ്ടു പേരുടേയും ഒരു വിവരവുമില്ല. ഒടുവിൽ ഒറ്റക്ക് പുറപ്പെടാൻ തീരുമാനിച്ചതാണയാൾ.
വിമാനത്തിലേക്കു കയറാനുള്ള ഗേറ്റിനടുത്ത് ലോബിയിൽ വിശ്രമിക്കുമ്പോഴാണ് റോബിയുടെ കോൾ വന്നത്. അവന്റെ സ്വരം കേട്ടതും ഗോകുൽ അപകടം മണത്തു. പക്ഷേ ഭയം ഈ ജോലിയിൽ ഒരു ഓപ്ഷനല്ലല്ലോ. അവൻ ഫോൺ ഓഫ് ചെയ്ത് യാത്ര തുടരാൻ തന്നെ തീരുമാനിച്ചു. ഏതാനും സെക്കൻഡുകൾ കൊണ്ട് തന്റെ ലൊക്കേഷൻ കണ്ടുപിടിക്കാൻ സൈബർ സെൽ വിചാരിച്ചാൽ സാധിക്കില്ല.
പക്ഷേ അവനറിയില്ലല്ലോ, ലോക്കൽ പൊലീസോ സൈബർ സെല്ലോ ഒന്നുമല്ല തന്റെ പുറകേയുള്ളതെന്ന്.
ഗേറ്റ് തുറന്നതായുള്ള അറിയിപ്പു മുഴങ്ങി. അവൻ ചാടിയെഴുന്നേറ്റ് വരിയുടെ മുൻപിൽ തന്നെ സ്ഥാനം പിടിച്ചു. എത്രയും പെട്ടെന്ന് വിമാനത്തിനകത്തെത്തണം. ബോംബേ വിട്ടു കഴിഞ്ഞാൽ പിന്നെ താൻ സേഫായിരിക്കുമെന്നവനുറപ്പുണ്ട്.
വിമാനത്തിനുള്ളിൽ...
തന്റെ സീറ്റിലിരുന്ന് ബെൽട്ടിട്ടതും ആശ്വാസത്തോടെ അവൻ കണ്ണുകളടച്ചു. ഇനിയൊന്നും പേടിക്കാനില്ല. യാത്രക്കാരെല്ലാവരും തന്നെ കയറി ഇരുന്നു കഴിഞ്ഞു. കാബിൻ ക്രൂ കാര്യങ്ങളെല്ലാം ഭംഗിയാണെന്നുറപ്പു വരുത്തി ക്യാപ്റ്റനെ അറിയിച്ചു കഴിഞ്ഞു. വാതിലടഞ്ഞു.
വിമാനം നീങ്ങാൻ തുടങ്ങുകയാണെന്നു മനസ്സിലായതും അവൻ പോക്കറ്റിൽ നിന്നും തന്റെ ഫോണെടുത്ത് ഓണാക്കി ഫ്ലൈറ്റ് മോഡിലേക്കിട്ടു. എന്നിട്ട് ഹെഡ് സെറ്റ് കണക്റ്റ് ചെയ്ത് മനോഹരമായ ഒരു ഹിന്ദി ഗാനത്തിലേക്ക് ലയിച്ച് പതിയെ പുറകോട്ടു ചാഞ്ഞു.
To be continued.........

Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo