Slider

ഒരു തുറന്നയെഴുത്ത്

0

"ചെറുക്കൻ നല്ല സുന്ദരനാണല്ലോ. നല്ല തറവാടും. മറ്റു ബാധ്യതകളുമില്ല. പോരാത്തതിന് പേർഷ്യയിലാണ് ജോലി. എന്നിട്ടുമെന്തേ കാർന്നോരെ കല്യാണം നാൽപ്പതിലെത്തിയെ ?"
പെണ്ണ് വീട്ടുകാരിലെ കൃഷ്ണൻ നായർക്കാണ് ആദ്യപന്തിയിൽ സദ്യയുണ്ട് പായസം കഴിക്കുന്നതിനിടയിൽ ആ സംശയം ഏമ്പക്കത്തിന്റെ കൂടെ തികട്ടി വന്നത്.
"പെണ്ണ് കിട്ടാഞ്ഞിട്ടല്ല ന്റെ നായരേ... ജാതകം ചേരേണ്ടെ.മുല്ലശ്ശേരീന്നു വരെ ആലോചന ഇങ്ങോട്ട് വന്നതായിരുന്നു. പിന്നേ ഓരോരുത്തർക്കുള്ളത് നേരത്തേ കൂട്ടി മേലെന്നു നിശ്ചയിച്ചിട്ടുണ്ടാവൂലോ.."
കാർന്നോരുടെ മറുപടി നായർക്കത്ര ബോധിച്ചില്ല.
"പ്രഥമന് ലേശം കട്ടി കുറവുണ്ട്.രുചി അത്രയ്ക്കങ്ങോട്ടു പോരാ ."
"ഇവിടെ ഇത്തിരി പ്രഥമൻ കൂടെ!!!"
നായർ ഉറക്കെ വിളിച്ചു പറഞ്ഞു.
ആ സമയം മണവാളൻ സുധാകരനും മണവാട്ടി ശാരദയും പര്സപരം ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് ശർക്കരയുപ്പേരി കൊറിച്ചുകൊണ്ടിരുന്നു. അവരുടെ മനസ്സ് നിറയെ വൈകിയെത്തിയ വസന്തകാലത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളായിരുന്നു
********************************************
അങ്ങനെ കല്യാണം കഴിഞ്ഞു പത്താം ദിവസം സുധാകരൻ തിരിച്ചു പേർഷ്യയിൽ പോയി. ലീവ് കുറവായിരുന്നു. മുല്ലപ്പൂ മണം മാറാത്ത മുറിയ്ക്കുള്ളിൽ ശാരദയുടെ കണ്ണീരും നെടുവീർപ്പുകളും മാത്രമായി ബാക്കി.
സുധാകരൻ പോയി ഇരുപത്തിയാറാം ദിവസം..ഉച്ച തിരിഞ്ഞു കൃത്യം മൂന്നര മണിക്ക്, ദേവകിയമ്മ ഉച്ചമയക്കം കഴിഞ്ഞു ഉമ്മറത്തെത്തി.
"ദിതെന്താ ഈ നിലത്തൊരു കടലാസ്." അവർ കൈകൾ കാൽമുട്ടിൽ പിടിച്ചു കുനിഞ്ഞു ആ കടലാസ്സെടുത്തു.
"ഹൈ, ദിത് "സുധാരന്റെ" എഴുത്തല്ലേ. ശാരദയ്ക്കുള്ളതാണല്ലോ. ആരാപ്പോ ഇത്‌ തുറന്നത്? ശാരദേ, കുട്ട്യേ... ഒന്നിങ്ങടു വരൂ."
ശാരദ ഉമ്മറത്തേക്ക് ഓടി വന്നു. "ന്താ അമ്മേ വിളിച്ചത്."
"കുട്ട്യേ.. ഈ എഴുത്ത് കണ്ടിരുന്നോ.. നീയാണോ ഇത്‌ തുറന്നത്. ശിപായി വന്നതും പോയതുമൊന്നും ഞാനറിഞ്ഞില്ല." ദേവകിയമ്മ എഴുത്ത് ശാരദയ്ക്ക് നേരെ നീട്ടി.
"ഇല്ലാ അമ്മേ.. സുധാകരേട്ടന്റെ എഴുത്താണല്ലോ.ഞാൻ കണ്ടില്ലായിരുന്നു."
ശാരദ പരിഭവത്തോടെ പറഞ്ഞു.
"മ്മ്, കുട്ടി അകത്തേയ്ക്ക് പൊയ്ക്കോളൂ."
ദേവകിയമ്മ പറഞ്ഞത് കേട്ട് ശാരദ ആ തുറന്ന എഴുത്തുമായി അകത്തേയ്ക്ക് പോയി.
ആ വീട്ടിലുള്ളവരോടെല്ലാം എന്തിനധികം,സുധാകരന്റെ പെങ്ങളുടെ ഇളയമകൻ, തരം കിട്ടിയാൽ കടലാസോണ്ട് വിമാനം ഉണ്ടാക്കുന്ന കുഞ്ഞിരാമനോട് വരെ ദേവകിയമ്മ തുറന്നയെഴുത്തിനെ കുറിച്ച് ചോദിച്ചു. എല്ലാവരും തുറന്നത് പോയിട്ട് ഒരു അടച്ചയെഴുത്തു പോലും കാണാത്തവരെന്ന നിഷ്കളങ്കഭാവത്തിൽ കൈ മലർത്തി.
ആ വാർത്ത കാട്ടു തീ പോലെ ആ കൊച്ചു ഗ്രാമത്തിൽ പെട്ടെന്ന് പടർന്നു വൈറലായി!!
കുറുമ്പ തള്ളയുടെ ബീഡി തെരുക്കൽ യൂണിറ്റ് മുതൽ പാർട്ടിയാഫീസിലെ പരിപ്പുവട തീറ്റയ്ക്കിടയിൽ വരെ ഇത്‌ തന്നെ ചർച്ച.
"അറിഞ്ഞില്ലെ, സുധാകരൻ പുതുപ്പെണ്ണിന് എഴുതിയ എഴുത്ത് മറ്റാരോ തുറന്നിരിക്കുന്നു. ഹൈ, ന്നാലും ആരാവും ആ തോന്ന്യാസം കാട്ടീത്.വഷളത്തരം. കെട്ട്യോൻ കെട്ട്യോൾക്കെഴുതിയതൊക്കെ വായിക്കാനുള്ള വഷളൻ ചിന്ത ആർക്കാണാവോ മ്മടെ നാട്ടില്..ആ കുട്ടി മ്മടെ നാട്ടാരെക്കുറിച്ച് ന്താ വിചാരിച്ചു കാണാ.!!"
ആരാവും ആ തുറന്നയെഴുത്തിനുത്തരവാദി ???
അന്തിക്ക് രണ്ടന്തി മോന്തി, വീട്ടിലേക്ക് നടക്കുന്നതിനിടെ കാര്യസ്ഥൻ കുട്ടൻ നായർ എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
"ഫൂ, തുറന്നാലെന്തു പോയി... തുറന്നെഴുതാനറിയാത്ത ശപ്പൻ. പ്രായം തെറ്റി കെട്ടിയതും പോരാഞ്ഞു പത്താം പക്കം പേർഷ്യയിലും പോയി. അങ്ങനെയുള്ളവൻ ഇങ്ങന്യാ എഴുതാ. ഇത്തിരി അശ്ലീലം പോയിട്ട് ഒരു വാക്കു ശൃങ്കാരം പോലും ഇല്ലാന്നു വച്ചാൽ. ശുംഭൻ.
എഴുത്ത് തുറന്നാലെന്താ...ഇത്രയും ദണ്ണിക്കാന് മാത്രം ആ എഴുത്തിൽ തുറന്നെഴുത്തൊന്നുമില്ലല്ലോ ന്റെ നാട്ടാരെ"
അന്തി താളം ചേർന്നുള്ള കുട്ടൻ നായരുടെ സംഗീതാത്മകമായ വാക്കുകൾ ഭാഗ്യത്തിന് നാട്ടാർക്കാർക്കും തിരിഞ്ഞില്ല. കൊട്ടാരത്തു വീട്ടിൽ തേങ്ങയിടുന്ന ദിവസം കുട്ടൻ നായർക്കിതു പതിവുള്ളതാണല്ലോ.
ദിവസങ്ങൾക്കു ശേഷം സുധാകരന്റെ അടുത്ത എഴുത്ത് വന്നു. പക്ഷെ അപ്പോൾ മാത്രമല്ല പിന്നീടങ്ങോട്ട് സുധാകരന്റെ എഴുത്തുകളെല്ലാം തന്നെ ശാരദയാണ്‌ തുറന്നത്.
******************************************
കാലം കടന്നു പോയി.. എഴുത്തുകളുടെ രൂപവും ഭാവവുമൊക്കെ കാലത്തിനൊത്തു കോലവും മാറി.
എന്തിനധികം പറയേണ്ടു !!! വർഷങ്ങൾക്കു ശേഷം മറ്റു പലരുടെയും ഒട്ടും അടയ്ക്കാത്ത തുറന്നയെഴുത്തുകൾ കണ്ടു ശാരദയുടെ ട്രങ്ക് പെട്ടിയ്ക്കുള്ളിലെ ശാരദ തുറന്നയെഴുത്തുകളും പിന്നേ കുട്ടൻ നായർ തുറന്ന ആ വൈറൽ വാർത്തയ്ക്കിട കൊടുത്തയെഴുത്തും നാണിച്ചു കണ്ണടച്ചു കിടന്നു. കുട്ടൻ നായരുടെ ആത്മാവിന്നൊലി ഒന്ന് ശ്രദ്ധിച്ചാൽ കാറ്റിലൂടെ നമ്മൾക്കും കേൾക്കാം... കണ്ടോ നാട്ടാരെ..എന്തു നല്ല കാലമാണ്.ഇപ്പോഴുള്ള എഴുത്തുകളാണ് ശരിക്കുള്ള തുറന്നെഴുത്ത്...അല്ലാതെ ആ ശപ്പൻ സുധാകരന്റെ എഴുത്തൊക്കെ എന്തിന് കൊള്ളാം !!! ത്ഫൂ !!!
********************************************

BY Aisha Jaice
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo