നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നുപെയ്തമഴയിൽ - Part 10


രചന:അഞ്ജന ബിജോയ്
അവന്റെ കണ്ണിൽ നിന്നും ചുടുകണ്ണീർ ഒലിച്ചിറങ്ങി..
"ഞങ്ങൾ നാട്ടിൽ വെക്കേഷന് വന്ന സമയം. അന്ന് നല്ല മഴ പെയ്ത് തോർന്നൊരു ദിവസമായിരുന്നു ..കുളപ്പുരയിൽ  സവിത  തുണികൾ നനച്ചുകൊണ്ടിരുന്നപ്പോ ഞാൻ ചെന്നു.ഞാനും ദേവനും പ്രിയേച്ചിയും വെളിയിൽ  പോവാണ് വരുന്നുണ്ടോ എന്ന്  ചോദിക്കാൻ..എൻട്രൻസ് പരീക്ഷ അടുത്തതിനാൽ പഠിക്കാനുണ്ട് വരുന്നില്ല എന്നവൾ പറഞ്ഞു..പിന്നെയും എന്തൊക്കെയോ പറഞ്ഞ് കുറച്ച് നേരം സംസാരിച്ചിരുന്നു..പോവാൻ നേരം അവൾ എന്നെ എന്തോ പറഞ്ഞ്  കളിയാക്കി..അത് കേട്ട് അവളെ ഒന്ന്‌ പേടിപ്പിക്കാൻ പടവിലിരുന്ന  അവളെ ഞാൻ കുളത്തിലേക്ക് പിടിച്ച് തള്ളി. പടവിന്റെ അരികിൽ  തന്നെ  ആണ് അവൾ വീണത്.ഞാൻ അവിടെ നിന്നും ഓടിപ്പോയി.എനിക്ക് നീന്താൻ അറിയില്ല അപ്പേട്ടാ  എന്നവൾ വിളിച്ചുപറയുന്നുണ്ടായിരുന്നു..അത് കേട്ടിട്ടും കളിയാക്കിയതല്ലേ അവിടെ കിടന്ന് വെള്ളംകുടിച്ചോ എന്ന പറഞ്ഞ് ഞാൻ പോയി..  അവിടുന്ന് നേരെ ഞാനും ദേവനും പ്രിയേച്ചിയും കവലയിലും കടകളിലുമൊക്കെ  ചുമ്മാ കറങ്ങാൻ പോയി. അവൾക്ക് നീന്തൽ ഒരുവിധം വശമുണ്ടായിരുന്നു എന്ന് എനിക്കറിയാമായിരുന്നു..കുളത്തിന്റെ ഉള്ളിലേക്ക് ഒരുപാട് ദൂരം  പോവില്ലെങ്കിലും പടവിന്റെ  അരികെ ഇടയ്ക്ക്  നീന്തുന്നത്  ഞാൻ കണ്ടിട്ടുള്ളതുമാണ്.ആ ധൈര്യത്തിലാണ്  അങ്ങനെ ചെയ്തതും. നീന്തൽ അറിയില്ല എന്ന്  പറഞ്ഞ് അവൾ എന്നെ കളിപ്പിക്കുകയാണെന്നേ   ഞാൻ വിചാരിച്ചുള്ളു.. ഇടയ്ക്ക് ഞങ്ങളെ ഒന്ന് പേടിപ്പിക്കാൻ അവൾ അങ്ങനെ ഒരോ കുസൃതികൾ ചെയ്യാറുണ്ടായിരുന്നു. പക്ഷെ അന്ന് നല്ല മഴ പെയ്തത് കൊണ്ട്  കുളം നിറഞ്ഞ് കിടക്കുകയായിരുന്നു.പടവിലും നല്ല വഴുക്കലുണ്ടായിരുന്നു . എങ്കിലും പടവിന്റെ  അരികിൽ തന്നെ ആയത്കൊണ്ട് അവൾ തിരിച്ച് വീട്ടിലേക്ക് കയറിപ്പോയ്ക്കാണുമെന്നായിരുന്നു എന്റെ ചിന്ത.വെളിയിൽ പോയി കറങ്ങി കുറച്ച്  കഴിഞ്ഞ് തിരികെ വന്നതും വീട് നിറയെ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.കാര്യമെന്തെന്ന് മനസ്സിലാവാതെ നിന്ന ഞങ്ങളുടെ മുൻപിലേക്ക് ആരൊക്കെയോ ചേർന്ന് ജീവനറ്റ  അവളുടെ ശരീരം കൊണ്ടുവരുന്നത്കണ്ടു..കുളത്തിൽ വീണ് മരിച്ചതാണെന്ന് ആരൊക്കെയോ  പറയുന്നത് കേട്ടു.. അതല്ല ആരോ തള്ളിയിട്ട് കൊന്നതനാണെന്നും വേറെ ചിലർ  പറഞ്ഞു.കേട്ടത് വിശ്വസിക്കാനാകാതെ  മരവിച്ച് നിൽക്കാനേ എനിക്കായുള്ളു.. എനിക്ക് നീന്തൽ അറിയില്ല അപ്പേട്ടാ എന്നുള്ള അവളുടെ വിളി എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു..എല്ലാവരിൽ നിന്നും ഓടിയൊളിക്കാനെന്നപോലെ ഞാൻ എന്റെ മുറിയിലേക്കോടി..മുറിയിൽ പോയി കട്ടിലിൽ  കയറി കിടന്നു.അലറിക്കരയണമെന്നുണ്ടായിരുന്നു എനിക്ക്..കുറച്ച് കഴിഞ്ഞപ്പോ അമ്മയും സതിയാന്റിയും മായാന്റിയും എന്റെ മുറിയിലേക്ക് വന്നു.അവരെ കണ്ടതും അവളെ ഞാനാണ് കുളത്തിലേക്ക് തള്ളിയിട്ടതെന്ന് അറിയാതെ ചെയ്തുപോയതാണെന്നും പറഞ്ഞ് സതിയാന്റിയുടെ  കാലുപിടിച്ച്  ഞാൻ വാവിട്ട്  കരഞ്ഞു..
ഒരു പൊട്ടിത്തെറി ആണ് ഞാൻ പ്രതീക്ഷിച്ചത്.പക്ഷെ സതിയാന്റി  എന്നെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു.ഇനി ഒരിക്കലും മോന്റെ നാവിൽ നിന്നും ഇങ്ങനെ ഒരു സംസാരം  ഉണ്ടാവരുതെന്നും തങ്ങളോട് പറഞ്ഞത്പോലെ ദേവനോടോ പ്രിയയോടൊ മറ്റാരോടും ഒന്നും  പറയരുതെന്നും  സതിയാന്റി പറഞ്ഞു.സ്വന്തം മക്കളെ പോലെ ഒരു പക്ഷെ സവിതയെക്കാളേറെ  ആ സ്ത്രീ എന്നെയും ദേവനെയും പ്രിയേച്ചിയെയും സ്നേഹിച്ചിരുന്നു .അതുകൊണ്ട് തന്നെ അറിയാതെ  ചെയ്തുപോയൊരു തെറ്റിന് എന്നെ ശിക്ഷിക്കാൻ അവർക്കവുമായിരുന്നില്ല..ഞാൻ സവിതയെ കുളത്തിലേക്ക് പിടിച്ചുതള്ളി ഇടുന്നത് അവിടെ എന്തോ ആവശ്യത്തിന് വേണ്ടി വന്ന മായാന്റി കണ്ടിരുന്നു എന്ന് പിന്നീട് അമ്മ പറഞ്ഞ് ഞാൻ അറിഞ്ഞു. ഞങ്ങളുടെ  വഴക്കും തമാശകളും  അറിയാവുന്നത്കൊണ്ടും സവിതയ്ക്ക് നീന്തൽ അറിയാമെന്ന ധാരണയിലും   മായാന്റിയും അത് കാര്യമാക്കാതെ അവരുടെ വീട്ടിലേക്ക് പോയി.  സവിത മരിച്ച അന്ന് മായാന്റി പറഞ്ഞാണ് ഈ വിവരം അച്ഛനും അമ്മയും സതിയാന്റിയും അറിഞ്ഞതും പേടിച്ച് വിറച്ചിരുന്ന എന്നെ കാണാൻ അവർ മൂന്നുപേരും മുറിയിലേക്ക് വന്നതും.. അച്ഛനും ജയശങ്കർ അങ്കിളും എന്റെ നേർക്ക് അന്വേഷണം ഒന്നും വരാതിരിക്കാൻ  അന്ന് കേസ് അന്വേഷിച്ച പോലീസ് ഓഫീസറിനും കൂട്ടർക്കും പിന്നെ സവിതയുടെ ബോഡി പോസ്റ്റ് മോർട്ടും ചെയ്ത ഡോക്ടർക്കും കാശ് വാരിക്കോരി കൊടുത്തു.അതോടെ സവിതയുടെ മരണത്തിൽ യാതൊരു ദുരൂഹത ഇല്ലെന്നും  അതൊരു നാച്ചുറൽ ഡെത്ത്  ആണെന്നും അവർ റിപ്പോർട്ട് എഴുതി. പിന്നീട് ഞങ്ങൾ എല്ലാവരും തിരികെ  അമേരിക്കയിലേക്ക് പോയി.പിന്നീടുള്ള വെക്കേഷനൊന്നും ഞാൻ നാട്ടിൽ വരാതെ ആയി. അച്ഛനും അമ്മയും പ്രിയേച്ചിയും ജയശങ്കർ അങ്കിളും മായാന്റിയും  ഒക്കെ പോവുമ്പോൾ ഞാൻ മാത്രം ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞവിടെ നിൽക്കും.ഞാൻ പോവാത്തതുകൊണ്ട് ദേവനും എനിക്ക് കൂട്ടായി അമേരിക്കയിൽ നിൽക്കുമായിരുന്നു... ദേവനോടോ പ്രിയേച്ചിയോടോ ഒന്നും ഞാൻ ഇതുവരെ ഈ  സത്യം പറഞ്ഞിട്ടില്ല.. ഓരോ പ്രാവശ്യവും മഴ പെയ്യുന്നത് കാണുമ്പോൾ ആ ദിവസവും സവിതയുടെ അപ്പേട്ടാ എന്നുള്ള വിളിയും ഓർമ്മ വരും.. പിന്നീട് ഒരു തരം ശ്വാസം മുട്ടൽ ആണ്..നെഞ്ചിനകത്ത് ഒരു തരം വിങ്ങൽ ആണ്.. ആ കുളം അത്  അന്നും ഇന്നും എനിക്കൊരു പേടിസ്വപ്നമാണ്.അന്ന് പെയ്ത മഴയിൽ തമാശയ്ക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിന് ഇത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഞാൻ ഓർത്തില്ല.. അന്ന് ഞങ്ങൾ വെളിയിൽ ചിരിച്ചുകളിച്ചിരുന്ന സമയത്ത് അത്രനേരം അവൾ കുളത്തിൽ സ്വന്തം ജീവനുവേണ്ടി കിടന്നുപിടയുകാണെന്നും ഞാൻ അറിഞ്ഞില്ല..” ആദിത് വർഷയുടെ മുൻപിലിരുന്ന്  പൊട്ടിക്കരഞ്ഞു.വർഷയ്ക്ക് ഒരേ സമയം അവനോടു ദേഷ്യവും സഹതാപവും തോന്നി..അവൾ നിലത്ത് അവന്റെ അടുത്തിരുന്നു.അവനെ മെല്ലെ അവളുടെ മടിയിലേക്ക് പിടിച്ച് കിടത്തി.അവൻ ഒരു കൊച്ചുകുട്ടിയെ പോലെ അവളുടെ മടിയിൽ തലവെച്ച് ചുരുണ്ടുകൂടി  കിടന്നു.ഇടയ്ക്കിടയ്ക്ക് അവൻ ഏങ്ങലടിക്കുണ്ടായിരുന്നു.അവൾ അവന്റെ മുടിയിൽ വിരലൊടിച്ചുകൊണ്ടിരുന്നു.. കുറച്ച് കഴിഞ്ഞ് ചായ്പ്പിൽ നിന്നിറങ്ങി വരുന്ന വർഷയെയും  ആദിത്തിനെയും  പ്രിയ കണ്ടു.അവർ അവളെ കണ്ടതുമില്ല.പ്രിയ തന്റെ മുറിയിലേക്ക് കയറിപ്പോയി.

ഒരു വൈകുന്നേരം എല്ലാവരും ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോൾ വിഷു അടുത്തമാസമാണ്  ആദിത്തും പ്രിയയും നാട്ടിൽ ഉള്ളത് കൊണ്ട്  ഇത്തവണ വിഷു കെങ്കേമം ആക്കണമെന്ന് മുത്തശ്ശി സതിയോട് പറഞ്ഞു.
അപ്പോഴാണ്  പ്രിയ അവളുടെ ഒരാഗ്രഹം അറിയിച്ചത്.അമേരിക്കയിൽ നിന്നും ജയശങ്കറിനോടും  മായയോടും ജയദേവനോടും കൂടി വരാൻ പറയണമെന്നും എല്ലാവരും ഒന്നിച്ച് പണ്ട്  ആദിത്തിന്റെയും  പ്രിയയുടെയും അച്ഛനും അമ്മയും ഉണ്ടായിരുന്നപ്പോൾ കൂടിയിരുന്നത്പോലെ വിഷു ആഘോഷിക്കണമെന്നും.ആദിത് അവരെ വിളിച്ച് സംസാരിക്കാമെന്ന് ഏറ്റു.
അന്ന് തന്നെ ആദിത് ജയദേവനെ  വിളിച്ച് സംസാരിച്ചു അടുത്ത മാസത്തേക്ക് ആദിത് തന്നെ അവർക്ക് മൂന്ന് പേർക്കും ടിക്കറ്റ് ബുക്ക്  ചെയ്തോളാം എന്നും അറിയിച്ചു.എന്നിട്ട് വിഷു അടുപ്പിച്ച് അവർക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തു .
വിഷുവിന് ഒരാഴ്ച്ച  മുൻപ്   അവർ മൂന്നുപേരും ആദിത്തിന്റെ തറവാട്ടിൽ  എത്തി.ആദിത്  തന്നെയാണ് അവരെ എയർപോർട്ടിൽ നിന്നും കൂട്ടികൊണ്ട് വന്നത്.മായ പ്രിയയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
"പ്രിയേച്ചിയുടെ കാര്യം ഇവിടെ മുത്തശ്ശിക്ക്  അറിയില്ല..സതിയാന്റിയും വർഷയും  അതുപോലെ കെയർഫുൾ ആയിട്ടാ നിൽക്കുന്നത് .  എല്ലാവരോടും ഒന്ന് സൂക്ഷിച്ച്  സംസാരിക്കണമെന്ന് മായാന്റിയോട്‌ പറയണം  .."  ആദിത് ജയദേവനോട് സ്വകാര്യമായി പറഞ്ഞു.
"നീ ടെൻഷൻ ആവണ്ട.ഞാൻ അച്ഛനോടും  അമ്മയോടും പറഞ്ഞിട്ടുണ്ട്." ജയദേവൻ അവനെ സമാധാനിപ്പിച്ചു.
എല്ലാവരും അകത്തേക്ക് നടന്നു.കുളിച്ച് ഫ്രഷ് ആയി അവരെല്ലാവരും ഊണ് കഴിക്കാനിരുന്നു.ആദിത് വർഷയുടെ കാര്യം അവരോട് നേരത്തെ സൂചിപ്പിച്ചിരുന്നു . വർഷയെ  നേരിട്ട് കണ്ടതും ജയശങ്കറും മായയും ജയദേവനും അമ്പരന്നു.
"ഈ കുട്ടിക്ക് നമ്മടെ സവിതയുടെ ഛായ ഉണ്ട് അല്ലെ അമ്മെ..?"മായ അത്ഭുതത്തോടെ മുത്തശ്ശിയോട് പറഞ്ഞു.
"അതെ അതെ..മുഖത്ത് എവിടെയൊക്കെയോ നല്ല സാമ്യം  ഉണ്ട്..എന്നാലും എന്റെ സവിതയുടെ അത്ര ഐശ്വര്യം ഇല്ല കേട്ടോ." മുത്തശ്ശി പറഞ്ഞതുകേട്ട് വർഷ അവരെ നോക്കി മുഖം വീർപ്പിച്ചു.
"ചുമ്മാ പറഞ്ഞതാ കൊച്ചെ.നീയും അവളെ പോലെ നല്ല സുന്ദരിക്കുട്ടി തന്നെയാ." മുത്തശ്ശി അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
വർഷ  എല്ലാവരെയും  പരിചെയ്യപ്പെട്ടു. സതിക്ക്  നടുവേദന ആയത് കൊണ്ട് അവർ അന്ന് വന്നില്ല.വർഷയാണ് വിരുന്നുകാർക്കെല്ലാം  ആഹാരം വിളമ്പിക്കൊടുത്തത് ..വർഷയെ  നേരിട്ട് കണ്ടതുമുതൽ  ജയശങ്കറിന്‌  അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല..ജയശങ്കറിന്റെ നോട്ടം അത്ര ശെരിയല്ലെന്ന് വർഷയ്ക്ക് മനസ്സിലായി..ആരും കാണാതെ അയാൾ തന്റെ ശരീരം കണ്ണുകൾകൊണ്ട് കൊത്തിപ്പറിക്കുന്നത് അവൾ കണ്ടു. സഹിക്കാൻ വയ്യാതായപ്പോൾ തലവേദന ആണെന്ന് പറഞ്ഞ് അവൾ അവിടെ നിന്നും തന്റെ മുറിയിലേക്ക് പോയി.
"ഞങ്ങൾ ഇന്ന് തന്നെ അപ്പുറത്തേക്ക് പോവാ അമ്മെ" മായ മുത്തശ്ശിയോട്  പറഞ്ഞു.തറവാടിന്റെ തൊട്ടപ്പുറത്ത്  ഒരു മതിലിനപ്പുറം ആയിരുന്നു ജയശങ്കറിന്റെ  വീട്.
" നിങ്ങൾ ഇന്ന് വന്നതല്ലേ ഉള്ളു മായെ .കുറച്ച്  ദിവസം ഇവിടെ താമസിക്ക്.വർഷയോട് പറഞ്ഞ് ആ വീടൊക്കെ ഒന്ന്  വൃത്തിയാക്കാം.പൂട്ടികിടക്കുവായിരുന്നില്ലേ കുറെ നാൾ.വല്ല  പാമ്പോ പഴുതാരയോ  ഉണ്ടോ എന്നറിയില്ലല്ലോ.." മുത്തശ്ശി പറഞ്ഞു.
കുറച്ച് കഴിഞ്ഞ് ആദിത് വർഷയുടെ മുറിയിലേക്ക്  ചെന്നു.അവൾ കട്ടിലിൽ ഫോൺ തന്റെ നെഞ്ചോടു ചേർത്ത് കിടക്കുകയായിരുന്നു..
"വയ്യേ നിനക്ക്?" ആദിത്തിനെ  കണ്ടതും അവൾ ചാടി എഴുനേറ്റു ഫോൺ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് അവൻ കണ്ടു..
വർഷയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്  ആദിത് ശ്രദ്ധിച്ചു.
"എന്താ മോളെ ..എന്തെങ്കിലും പ്രശ്നമുണ്ടോ?" ആദിത് ചോദിച്ചു.
"ഹേയ്  ഒന്നുമില്ല.." വർഷ ആദിത്തിന്റെ മുഖത്തുനോക്കാതെ പറഞ്ഞു.
"പനിയോ മറ്റോ ഉണ്ടോ?" ആദിത് അവളുടെ നെറ്റിയിൽ കൈവെച്ചുനോക്കി.
"ഹമ്മ് ഐസ് പോലെ തണുത്തിരിക്കുന്നു..എന്താ നിന്റെ മുഖത്തൊരു സന്തോഷമില്ലാത്തെ ?"ആദിത് വീണ്ടും ചോദിച്ചു.
"ചെറിയൊരു തലവേദന.കുറച്ച് കിടന്നാൽ ഒന്ന് മാറും." വർഷ പറഞ്ഞു.അവളോട്   വിശ്രമിച്ചുകൊള്ളാൻ പറഞ്ഞിട്ട് അവൻ വെളിയിലേക്ക് ഇറങ്ങി.അവിടെ  അവനെ കാത്ത് ജയദേവൻ നിൽപ്പുണ്ടായിരുന്നു.
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot