Slider

ധാർമ്മികതയില്ലാതാവുമ്പോൾ !!

0
Image may contain: 1 person
അവജ്ഞ നിറഞ്ഞ നോട്ടങ്ങൾ കൊത്തിപ്പറിയ്ക്കുമ്പോൾ, ആ അച്ഛനുമമ്മയും തങ്ങളുടെ ഇരുപതുകാരൻ മകനെ വീൽചെയറിൽ നിന്നും കാറിലേക്ക് കയറുവാൻ സഹായിക്കുകയായിരുന്നു. വഷളത്തരം നിറഞ്ഞ കമന്റുകൾ ശരീരവും കടന്ന് മനസ്സിൽ തറയ്ക്കുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഭർത്താവ് അവരെ ചേർത്തുപിടിച്ചു കൊണ്ട് പുഞ്ചിരിയ്ക്കാൻ ശ്രമിച്ചു. അപ്പോഴും കാറിലിരുന്നാ മകൻ, വികൃതസ്വരങ്ങൾ പുറപ്പെടുവിക്കുകയും വികലമായ ആംഗ്യങ്ങളാൽ എന്തൊക്കെയോ ഗോഷ്ടികൾ കാണിച്ചുകൊണ്ട് ഇരിക്കുകയുമായിരുന്നു.
സെറിബ്രൽ പാൽസി എന്ന ഓമനപ്പേരിനു പുറകിലെ ഭീകരമായ മനുഷ്യാവസ്‌ഥയെ വാക്കുകളാൽ വരച്ചിടുക എളുപ്പമല്ല. ഒരു സാധാരണ മനുഷ്യജീവിയുടെ എല്ലാ വികാരവിചാരങ്ങളും, പ്രായത്തിനൊത്ത ശാരീരികവളർച്ചയും, ബുദ്ധിവൈഭവവും എല്ലാമുള്ളവർ; എന്നാൽ സാധാരണ മനുഷ്യരെപ്പോലെ ജീവിയ്ക്കുന്നതിനുള്ള വിദൂരസാദ്ധ്യത പോലുമില്ലാത്തവർ. ഏതൊരു പ്രവൃത്തിക്കും കൃത്യമായ പരിശീലനങ്ങളും വേണ്ടപ്പെട്ടവരുടെ ശരിയായ പരിപാലനങ്ങളും ജീവിതകാലം മുഴുവൻ വേണ്ടവർ.
ഇവിടെയാ മകന്റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നതാ പിതാവായിരുന്നു. അവനൊരു പതിനാലു വയസ്സൊക്കെ ആയപ്പോഴായിരുന്നു അവരതു മനസ്സിലാക്കിയത്, ടിവിയിലും മറ്റുമൊക്കെ കാണുന്ന റൊമാന്റിക് സീനുകൾ അവനിലുണ്ടാക്കുന്ന ആന്തരിക പ്രതികരണങ്ങൾ സ്ഥലകാലഭേദമില്ലാതെ അവൻ പ്രകടിപ്പിയ്ക്കാൻ തുടങ്ങിയെന്നത്. ജീവശാസ്ത്രപരമായ ചോദനകളാണെങ്കിലും, മറകൾ വേണ്ടതായ കാര്യങ്ങൾ മറയില്ലാതെ കാണേണ്ടി വരുന്നതെത്ര വേദനയുള്ള കാര്യമാണെന്ന് അനുഭവത്തിൽ വരുമ്പോഴല്ലേ മനസ്സിലാവുക. അങ്ങനെയാണ് അയാൾ, അവനിൽ പ്രകൃത്യാലുണ്ടാവുന്ന ഇത്തരം ചോദനകളെ താനായിട്ട് ശമിപ്പിച്ചു കൊടുക്കണം എന്ന തീരുമാനത്തിലെത്തുന്നതും. സ്വന്തം ചേട്ടനെപ്പോലെ കരുതിയിട്ടായിരുന്നു അന്നൊരിക്കൽ തൻ്റെ വീട്ടുടമസ്ഥനോടയാൾ ഈ ആത്മസംഘർഷത്തെക്കുറിച്ചു പറയുന്നത്. ഒടുക്കം അയാളിലൂടെ ഇക്കാര്യം ആ നാടു മൊത്തം അറിഞ്ഞതും, "ഈ വക വൃത്തികേടുകൾ" ഈ വീട്ടിലും നാട്ടിലും പറ്റില്ല എന്ന ഏകസ്വരം ഉയർന്നതും. അശ്ലീലച്ചുവയുള്ള പ്രയോഗങ്ങൾ ഭാര്യയ്ക്ക് നേരെ ചെന്നതോടെ അവിടം വിടുക എന്ന തീരുമാനത്തിൽ, അവരെത്തുകയായിരുന്നു.
ഭിന്നശേഷിക്കാരായ ഇത്തരം കുട്ടികളുടെ മാതാപിതാക്കൾ അനുഭവിയ്ക്കുന്ന ആത്മസംഘർഷങ്ങളിൽ ഒരു തണലായില്ലെങ്കിലും, അവരെ ഉപദ്രവിക്കാതിരിക്കുകയെങ്കിലും വേണമെന്നത് നമ്മുടെ സമൂഹം എന്നു മനസ്സിലാക്കുമോ എന്തോ ???
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo