നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നുപെയ്തമഴയിൽ - Part 8


രചന:അഞ്ജന ബിജോയ്

അവരുടെ സംസാരം കേട്ടുകൊണ്ടായിരുന്നു  സതി തിരിച്ചെത്തിയത്...അവരെ കണ്ടതും മുത്തശ്ശിയും വർഷയും ആ സംസാരം  അവിടെ നിർത്തി..
കുറച്ച് ദിവസങ്ങൾ കൊണ്ടുതന്നെ വർഷയ്ക്ക് ആ സ്ഥലം നന്നേ പിടിച്ചു .മുത്തശ്ശിയുമായി  അവൾ നല്ല കൂട്ടായി.
"നിനക്ക് നല്ല കൈപ്പുണ്യമാണല്ലോ കൊച്ചെ..ഭക്ഷണത്തിനൊക്കെ നല്ല സ്വാദാ.." മുത്തശ്ശി ഇടയ്ക്കിടെ വർഷയെ പ്രശംസിക്കും..
തറവാട്ടിൽ എത്തിയിട്ടും   കുറച്ചു ദിവസത്തേക്ക്  പ്രിയ പുറത്തേക്കൊന്നും ഇറങ്ങിയില്ല.വർഷ എപ്പോഴും  അവളുടെ കൂടെ തന്നെ  ഉണ്ടായിരുന്നു.
"എന്താ മോളെ എപ്പോഴും  മുറിക്കകത്ത് ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കുന്നത്?" മുത്തശ്ശി പ്രിയയുടെ മുറിയിലേക്ക് വന്നുകൊണ്ട് ചോദിച്ചു.
"ഒന്നുമില്ല മുത്തശ്ശി.." പ്രിയ  പറഞ്ഞു.അവർ പ്രിയയുടെ കട്ടിലിൽ അവളുടെ അടുത്തായി ഇരുന്നു.
"മോൾടെ മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടോ മോളെ? മുത്തശ്ശിയോട് തുറന്ന് പറയാൻ പറ്റുന്നതാണെങ്കിൽ പറയ് മോളെ.."മുത്തശ്ശി വിഷമത്തോടെ  പ്രിയയുടെ മുഖത്തേക്ക് നോക്കി.
"അങ്ങനെ ഒന്നും ഇല്ല മുത്തശ്ശി.." പ്രിയ മുത്തശ്ശിയുടെ മുഖത്തു നോക്കാതെ പറഞ്ഞു.
"എത്ര നാള് കൂടിയാ നിങ്ങളെ ഒക്കെ കാണുന്നത്.ഇനി അടുത്ത അവധിക്ക് വരുമ്പോ ഈ മുത്തശ്ശി ഇതുപോലെ ജീവനോടെ ഉണ്ടാകുമോ എന്ന് അറിയത്തില്ലല്ലോ..മുത്തശ്ശിക്ക് വേണ്ടി എങ്കിലും എന്റെ മക്കള് പണ്ടത്തെപ്പോലെ ചിരിച്ചും കളിച്ചും നടന്നേ.."മുത്തശ്ശി കണ്ണീരോടെ പ്രിയയുടെ തലയിൽ തലോടി.
പ്രിയയുടെ കണ്ണുകളും നിറഞ്ഞു.അവൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ച് കരഞ്ഞു.
"വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല മോളെ..പണ്ടത്തെ കളിയും ചിരിയും ഒന്നുമില്ലാതെ നിന്നെ കണ്ടപ്പോ ഭയങ്കര വിഷമം."മുത്തശ്ശി അവളുടെ നെറുകയിൽ തലോടി.പ്രിയ അവരെ കെട്ടിപ്പിടിച്ച് പിന്നെയും കരഞ്ഞുകൊണ്ടിരുന്നു.
"എന്താ മക്കളെ?എന്തിനാ ഇങ്ങനെ കരയുന്നത്?എന്റെ കുഞ്ഞിനെന്താ ഇത്ര സങ്കടം?" മുത്തശ്ശി വെപ്രാളത്തോടെ ചോദിച്ചു.വർഷ പെട്ടെന്ന് പ്രിയയെ തട്ടിവിളിച്ചു.അരുത് എന്ന് ശാസന പോലെ അവളുടെ കൈയിൽ വർഷ ചെറുതായൊന്ന് തോണ്ടി.അപ്പോഴാണ് പ്രിയക്ക് സ്ഥലകാലബോധം വന്നത്.പ്രിയ പെട്ടെന്ന് കരച്ചിൽ നിർത്തി..
"പ്രിയേച്ചി എന്താ കൊച്ചുകുട്ടികളെ പോലെ..ദേ മുത്തശ്ശിയും കരഞ്ഞുതുടങ്ങിയല്ലോ..പ്രിയേച്ചിക്ക് കുളിക്കണ്ടേ?"വർഷ വിഷയം മാറ്റാനായി പറഞ്ഞു.
"ഞാൻ കുളിച്ചിട്ട് വരാം മുത്തശ്ശി." പ്രിയ മുഖം തുടച്ച് കട്ടിലിൽ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു. മുത്തശ്ശി വിഷമത്തോടെ പ്രിയയെ നോക്കി ഇരുന്നു..
"നീ കുളത്തിൽ പോയി കുളിക്ക്  മോളെ.പണ്ട് വരുമ്പഴൊക്കെ മോൾക്ക്  അവിടെ മുങ്ങികുളിക്കാൻ എന്തൊരിഷ്ടമായിരുന്നു."പ്രിയ ബാത്റൂമിലേക്ക് കയറുന്നത്കണ്ട് മുത്തശ്ശി ചോദിച്ചു.പ്രിയ എന്ത് പറയണമെന്നറിയാതെ പെട്ടെന്ന് വർഷയെ  നോക്കി.
"പൊയ്ക്കോളാം മുത്തശ്ശി..ഞാൻ കൂടെ ചെല്ലാത്തത്കൊണ്ടാ പ്രിയേച്ചിയും പോവാത്തത്.. എനിക്ക് കുളത്തിൽ ഇറങ്ങാൻ പേടിയാ.."വർഷ മുത്തശ്ശിയോട് കള്ളം പറഞ്ഞു.അവരുടെ സംസാരം കേട്ട് ആദിത് മുറിക്ക് വെളിയിൽ നിൽപ്പുണ്ടായിരുന്നു.മുത്തശ്ശി അവിടെ നിന്നും പോയപ്പോൾ പ്രിയ ബാത്‌റൂമിൽ  കയറി. നീളൻ കൈകളുള്ള  കഴുത്ത് മുഴുവനും മറച്ച ചുരിദാർ അവൾ പതിയെ ഊരി.. ശരീരത്തിൽ പലയിടത്തായി എന്തോ മൂർച്ച ഉള്ള സാധനം  കൊണ്ട് വരഞ്ഞ ആഴത്തിൽ ഉള്ള മുറിവുകൾ ഉണങ്ങിയ പാടുകൾ!  പ്രിയ അതിലൂടെ വിരലോടിച്ചു.അവൾ ഏങ്ങലടിക്കുന്നത് ബാത്റൂമിന്റെ വെളിയിൽ നിൽക്കുന്ന വർഷയ്ക്ക് കേൾക്കാമായിരുന്നു.അതാരും കേൾക്കാതിരിക്കാനായി വർഷ പെട്ടെന്ന് തന്നെ  ആ മുറിയുടെ വാതിലടച്ചു..
പിറ്റേന്ന് സന്ധ്യക്ക് അമ്പലത്തിൽ മുത്തശ്ശി ആദിത്തിന്റെയും  പ്രിയയുടെയും പേരിൽ പൂജ  കഴിപ്പിക്കുന്നുണ്ടായിരുന്നു . അത് തൊഴാനായി  പ്രിയയോടും ആദിത്തിനോടും അമ്പലത്തിൽ തന്റെ ഒപ്പം വരണം  എന്ന് മുത്തശ്ശി നിർബന്ധം പിടിച്ചു..വർഷയ്ക്ക് അമ്പലത്തിൽ പോവുമ്പോൾ ഉടുക്കാൻ സതി സവിതയുടെ ഒരു സെറ്റ് സാരിയും ബ്ലൗസും കൊടുത്തു. പ്രിയയും ആദിത്തും മുത്തശ്ശിയും ഒരുങ്ങി ഇറങ്ങിയിട്ടാണ്   സതിയും വർഷയും  വന്നത് .
സതി  ആണ് വർഷയെ  സാരി ഉടുപ്പിച്ചത്.ബ്ലൗസ് കുറച്ച് ലൂസ് ആയ്യിരുന്നതിനാൽ അവിടെയും ഇവിടെയും ഒക്കെ പിൻ കുത്തി ഒരുവിധം ഒപ്പിച്ച്  വെച്ചിരിക്കുകയായിരുന്നു..സെറ്റ് സാരി ഉടുത്ത് നീണ്ട മുടി പിന്നിക്കെട്ടി കണ്ണിൽ കരിമഷി എഴുതി വട്ടപ്പൊട്ടും തൊട്ട്  കഴുത്തിൽ ഒരു കുഞ്ഞു ചെയിനും കൈയിൽ കുപ്പിവളയുമിട്ട്  വർഷയെ  കണ്ടതും എല്ലാവരും  അവളെ തന്നെ കുറച്ച് നേരം നോക്കി നിന്നു...ആദിത്  അവളിൽ നിന്നും കണ്ണെടുത്തില്ല.
"നമ്മുടെ സവിത എവിടെപ്പോയി എന്ന് നോക്കണ്ട.." മുത്തശ്ശി ആത്മഗതം പറഞ്ഞത് ആദിത് കേട്ടു..
അവിടെ ആദിത്തിന്റെ അച്ഛൻ  നാട്ടിൽ വരുമ്പോൾ ഉപയോഗിച്ചിരുന്ന ഒരു കാർ ഉണ്ടായിരുന്നു. ആദിത് ആണ് അതോടിച്ചത്. എല്ലാവരും അമ്പലത്തിൽ ചെന്നു.പൂജ നടക്കുന്നതെ  ഉണ്ടായിരുന്നുള്ളു.
"എന്റെ  ഭഗവാനെ,എന്റെ കാര്യങ്ങൾ എല്ലാം നിനക്കറിയാമല്ലോ...എന്തെങ്കിലും ഒരു വഴി കാണിച്ചുതരണേ..എന്നെ ഉപേക്ഷിക്കരുതേ.."വർഷ കണ്ണുകളടച്ച് കൈകൾകൂപ്പി മനസ്സുരുകി പ്രാർത്ഥിച്ചു.
"പ്രദക്ഷിണം വെച്ചിട്ട് വന്നോളൂ കുട്ടികളെ.."മുത്തശ്ശി അവരോട് പറഞ്ഞു.സതിയും മുത്തശ്ശിയും പ്രസാദം വാങ്ങാൻ അവിടെ തന്നെ നിന്നു.
അമ്പലത്തിൽ വന്നിരുന്ന മിക്ക ചെറുപ്പക്കാരുടെയും കണ്ണ് വർഷയിൽ ആണെന്ന് ആദിത് മനസ്സിലാക്കി..അവന് നല്ല ദേഷ്യം വന്നു..നടക്കുന്നതിനിടയിൽ  വർഷയുടെ ബ്ലൗസിന്റെ സൈഡിൽ കുത്തിവെച്ചിരിക്കുന്ന സെപ്റ്റിപിൻ അഴിഞ്ഞ് അത് ബ്ലൗസിൽ തന്നെ ഉടക്കികിടന്നു.അവളുടെ കൈ തട്ടുമ്പോൾ പിൻ ഉരഞ്ഞ് അവളുടെ ദേഹം  വേദനിക്കുണ്ടായിരുന്നു.അവൾ എന്ത് ചെയ്യണമെന്നറിയാതെ അതുരയുന്നതിനൊപ്പിച്ച് വേദന കൊണ്ട് പുറം  അനക്കിക്കൊണ്ടിരുന്നു.വേദനകൊണ്ട് അവളുടെ കണ്ണുനിറയുന്നുണ്ടായിരുന്നു.
"നീ എന്താ തിരുവാതിര കളിക്കുവാണോ ?" ആദിത് അവളോട് ഒച്ചവെച്ചു..
വർഷ ഒന്നും മിണ്ടാതെ നിന്നു .
"എന്താ വർഷേ കണ്ണുനിറഞ്ഞിരിക്കുന്നെ ?.."പ്രിയ കാര്യം തിരക്കി.
"ഒന്നുമില്ല ചേച്ചി..ഞാൻ കാറിലേക്കൊന്ന് പൊക്കോട്ടെ ?"വർഷ ചോദിച്ചു.
"എന്ത് പറ്റി ?നിനക്ക്  ആയോ?" പ്രിയ അവളോട് ശബ്ദം താഴ്ത്തി ചോദിച്ചു..
"ഇല്ല ചേച്ചി..ഞാൻ ഒന്ന് പൊക്കോട്ടെ ? അമ്പലത്തിൽ ഇടാൻ നേർച്ച  നേർന്ന് ഒരു പത്തുരൂപ നോട്ട് കാറിൽ വെച്ചിരുന്നു..അതെടുക്കാൻ മറന്നുപോയി.
 ഞാൻ പെട്ടെന്ന് വന്നോളാം.."വർഷ കള്ളം  പറഞ്ഞു.
അമ്പലത്തിൽ നിന്നും കുറച്ചുദൂരെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു അവരുടെ കാർ .
"ഞങ്ങളും  കൂടി വരാം." പ്രിയ പറഞ്ഞു.
"പൂജ നമ്മളുടെ പേരിലല്ലേ  ..പ്രസാദം മേടിക്കാൻ നേരത്ത് നമ്മളെ രണ്ടാളെയും കണ്ടില്ലെങ്കിൽ പിന്നെ മുത്തശ്ശിക്ക്  അത് മതി. ചേച്ചിയെ അവരുടെ അടുത്ത് കൊണ്ടാക്കിയിട്ട് ഞാൻ വർഷയുടെ കൂടെ പൊയ്ക്കോളാം.." ആദിത് പറഞ്ഞു.ആദിത് കൂടെ വന്നാൽ ശരിയാവില്ല .ബ്ലൗസിന്റെ പിൻ  വിട്ടുപോയി എന്ന് എങ്ങനെ പറയും.കാറിൽ കയറി ഇരുന്ന് തനിയെ ശെരിയാക്കാം എന്ന് വിചാരിച്ചതാണ്.വർഷ മനസ്സിൽ വിചാരിച്ചു.
"ഞാൻ ഒറ്റയ്ക്ക് പൊക്കോളാം.നിങ്ങൾ രണ്ടാളും  അകത്തേക്ക് പൊയ്ക്കോളൂ.."വർഷ പറഞ്ഞു.
"ഞാൻ കൂടെ വരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?" ആദിത് അവളെ രൂക്ഷമായി ഒന്ന് നോക്കി.
"ശരിയാ  വർഷേ ..ഒറ്റയ്ക്ക് പോവണ്ട.അവൻ കൂടെ വന്നോട്ടെ.." പ്രിയയും പറഞ്ഞതോടെ അവൾ ഒന്നും മിണ്ടിയില്ല.പ്രിയയെ അകത്ത്  മുത്തശ്ശിയുടെയും സതിയുടെയും  അടുത്താക്കി ആദിത്  വർഷയെയും  കൂട്ടി കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക്  നടന്നു..
കുറച്ച് ചെറുപ്പക്കാർ വർഷയെ  നോക്കി നിൽക്കുന്നതും അവളുടെ സൗന്ദര്യം ആസ്വദിക്കുന്നതും അവളെ നോക്കി എന്തോ പറഞ്ഞ് ചിരിക്കുന്നതും  കണ്ടപ്പോൾ ആദിത്തിന് പിന്നെയും ദേഷ്യം ഇരച്ചു കയറി..
"ഒന്നു വേഗം നടക്കാമോ?" ആദിത് അവളോട് ചൂടായി..
"എന്തിനാ എന്നോടൊച്ച വെക്കുന്നത്?" വർഷ വിഷമത്തോടെ അവനോട് ചോദിച്ചു.
"ആരെക്കാണിക്കാനാ ഇങ്ങനെ അന്നനട  നടക്കുന്നത്.."ആദിത് ചോദിച്ചു.വർഷയ്ക്ക് കരച്ചിൽ വന്നു .പിൻ ഉരസുന്നത് കാര്യമാക്കാതെ അവൾ അവന്റെ  ഒപ്പം  വേഗം നടന്നു.
കാറിന്റെ അരികിൽ എത്തിയപ്പോൾ ആദിത് പിറകിൽ  അവൾക്കുള്ള ഡോർ തുറന്ന് കൊടുത്തു.  അവൻ  വെളിയിൽ തന്നെ നിന്നു..
 വർഷ ബാക് സീറ്റിൽ കയറി ഇരുന്നു.
"എന്താ എടുക്കാനുള്ളതെന്ന് വെച്ചാ പെട്ടെന്ന്  എടുത്തിട്ട് വാ." ആദിത്  മുഷിവോടെ പറഞ്ഞു.
വർഷ ഡോർ അടച്ചിട്ട് പിൻ ഊരി എടുക്കാൻ നോക്കി.അത് പക്ഷെ ബ്ലൗസിൽ ഉടക്കി കിടക്കുകയായിരുന്നു.അവൾ കുറെ ശ്രമിച്ചിട്ടും അത് ഊരി  വന്നില്ല.
"എന്താ പൈസ കിട്ടിയില്ലേ?നീ എവിടെയാ വെച്ചത് ? "കാറിൽ ഫ്രണ്ട് സീറ്റിലേക്ക്  കയറി ഇരുന്ന് ആദിത് ചോദിച്ചു.വർഷ ഒന്നും മിണ്ടിയില്ല.
"കിട്ടിയില്ലെങ്കിൽ സാരമില്ല ഇറങ്ങി വാ നേർച്ചയ്ക്കുള്ള  പൈസ ഞാൻ തരാം."ആദിത് പറഞ്ഞു.
"ഒന്ന് പുറത്തിറങ്ങി നിൽക്കാമോ?" വർഷ ചോദിച്ചു .
"എന്താ കാര്യം?" ആദിത് തിരിച്ച്  ചോദിച്ചു.
"പ്ളീസ് ഒന്ന് പുറത്തിറങ്ങി നിൽക്കാമോ?" വർഷ അപേക്ഷ പോലെ പറഞ്ഞു ...
"നിനക്കെന്തിന്റെ സൂക്കേടാ?കാറിൽ നിന്ന് പൈസ എടുക്കണമെന്ന് പറഞ്ഞ്  വന്നിട്ടിപ്പോ ഇതിനകത്ത് കയറി അട ഇരിക്കുന്നു.എന്നിട്ട് എന്നോട് കാറിൽ നിന്നിറങ്ങി നിൽക്കാൻ ...അവിടെ പൂജ നടന്നോണ്ടിരിക്കുന്നതിനിടയിലാ ഞാൻ ഇങ്ങോട്ട് വന്നത്..മനുഷ്യനെ ഒരുമാതിരി വട്ടുകളിപ്പിക്കരുത് " ആദിത് ശബ്ദം ഉയർത്തി സംസാരിച്ചു.
പിൻ  കൊണ്ടുകയറുന്നതിന്റെ  വേദനയും പ്രതീക്ഷിക്കാതെ ഉള്ള ആദിത്തിന്റെ  ദേഷ്യവും കണ്ടപ്പോൾ വർഷയ്ക്ക് പിടിച്ച് നിൽക്കാനായില്ല .അവൾ കൈകൾ കൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു.ആദിത് പെട്ടെന്ന് വല്ലാതായി.
"എന്താ കാര്യം..?" അവൻ ശാന്തനായി അവളോട് ചോദിച്ചു..
"എന്റെ..എന്റെ സൈഡിൽ   പിൻ കൊണ്ട് വേദനിക്കുന്നു..അത് ശരിയാക്കാനാ ഞാൻ.." കരച്ചിലിനടിയിൽ ഏങ്ങലടിച്ച് അവൾ പറഞ്ഞു..
അവന് വല്ലാത്ത കുറ്റബോധം തോന്നി.. ആരൊക്കെയോ അവളെ നോക്കി നിൽക്കുന്നതിന്റെ  കുശുമ്പിലാണ്  അവൻ അവളോട് ദേഷ്യപ്പെട്ടത്..അവൾ പക്ഷെ ആരെയും ശ്രദ്ധിക്കുന്നുകൂടി ഉണ്ടായിരുന്നില്ല എന്നതും അവൻ ഓർത്തു..
ആദിത്  ഫ്രണ്ട്  സീറ്റിൽ നിന്നും ഇറങ്ങി ബാക് ഡോർ തുറന്ന് അവളുടെ അടുത്ത് ചെന്നിരുന്നു.അവളുടെ ചുമലിൽ പിടിച്ച് അവളെ പുറം തിരിഞ്ഞിരുത്തി.അവൾ പേടിയോടെ അവനെ നോക്കി .ആദിത് അവളുടെ പിന്നിയിട്ടിരിക്കുന്ന മുടി എടുത്ത് മുൻപിലേക്കിട്ടു..ഇടുപ്പുവശത്ത് ബ്ലൗസിന്റെ സൈഡിലായി അവൾ കൈ പൊത്തി പിടിച്ചിരിക്കുന്നത് കണ്ടു.അവൻ  അവളുടെ കൈ വിടുവിച്ച് ആ ഭാഗത്തെ സാരി കുറച്ച് മാറ്റി. അവിടെ പിൻ അയഞ്ഞിരിക്കുന്നതും അതിന് തൊട്ടു താഴെ  പിൻ  ഉരസ്സി ചെറുതായി  ചോരപൊടിഞ്ഞിരിക്കുന്നതും കണ്ടു..കുറച്ചുനേരത്തെ ശ്രമത്തിനൊടുവിൽ അവൻ പിൻ ഊരിയെടുത്ത് അത് വീണ്ടും ശരിക്ക്  കുത്തിക്കൊടുത്തു.അവൾ എന്ത് ചെയ്യണമെന്നറിയാതെ വിറച്ചുകൊണ്ടിരുന്നു..ഇടയ്ക്ക് ഏങ്ങലടിക്കുന്നുമുണ്ടായിരുന്നു.
പെട്ടെന്നുണ്ടായ ആവേശത്തിൽ അവൻ അവളുടെ മുറിവിൽ തന്റെ ചുണ്ടുകൾ  ചേർത്തു! വർഷ ഞെട്ടിവിറച്ച് മുഖംതിരിച്ച് ആദിത്തിനെ നോക്കി. അവൾ പെട്ടെന്ന് കാർ  ഡോർ തുറന്ന് ഇറങ്ങി അമ്പലത്തിലേക്കോടി..
(സവിതയ്ക്ക് എന്ത് പറ്റി എന്നുള്ള ചോദ്യത്തിനുത്തരം കിട്ടാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുക..)
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot