നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആവണിപ്പൂക്കൾ

Image may contain: 1 person


അവൾ അവസാനിപ്പിച്ച യാത്രയിലൂടെയായിരുന്നു എന്റെ യാത്രയുടെ തുടക്കം. വരികൾ വിഘടനവാദികളേപ്പോലെ അനുവാദമില്ലാതെ ഇടപെടൽ ആരംഭിച്ചിരുന്നു. ആരോടെന്നില്ലാതെ എന്തൊക്കെയോ പുലമ്പിക്കൊണ്ട് ഞാൻ ആ വഴിയേ നടന്നു.
സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ലെന്ന് മുമ്പ് ആരോ പറഞ്ഞുകേട്ടത് ഓർമ്മവന്നു. പക്ഷേ സമയത്തിനായി നമുക്ക് കാത്തിരിക്കുവാകുമല്ലോ എന്നത് ഒരു ആശ്വാസമായിരുന്നു.
കഴിഞ്ഞതൊന്നും ഓർത്തെടുത്ത് ചത്ത കുഞ്ഞിന്റെ ജാതകം വായിക്കുവാൻ ഞാൻ തയ്യാറായിരുന്നില്ല. എന്റെ യാത്ര തുടങ്ങുകയായിരുന്നുവല്ലോ.
വഴിവാണിഭക്കാരുടെ നീണ്ട നിരയിലൂടെ ഞാൻ വെറുതെ ദൃഷ്ടി പായിച്ചു. അവർക്കിടയിലായി ആദ്യമായി ഞാൻ അവരെ കണ്ടു. കണ്ടത് സത്യമാണെന്ന് ഉറപ്പിക്കുവാൻ ഞാൻ എന്റെ മിഴികളെ വീണ്ടും വീണ്ടും അടച്ചുതുറന്നു. അതെ... സത്യംതന്നെ. പക്ഷേ, എങ്ങനെ...?
എവിടെ തുടങ്ങണമെന്നറിയാതെ ഞാൻ ആ തെരുവിലൂടെ പലവട്ടം കടന്നുപോയി. ഓരോ തവണയും അവൾക്കരികിലെത്തുമ്പോൾ ഞാൻ എന്റെ നടത്തം മെല്ലെയാക്കി. എതിരെ നടന്നുവരുന്നവരേപ്പോലും അല്പം ബുദ്ധിമുട്ടിച്ചുകൊണ്ടായിരുന്നു എന്റെ നടത്തം. രണ്ടുപേർക്ക് ഒരേ സമയം കടന്നുപോകുവാൻ ഏറെ ബുദ്ധിമുട്ടുള്ള ആ നടവഴിയിൽ ചിലപ്പോഴെങ്കിലും ഞാൻ ചിലരുടെ മുഖഭംഗി ഇല്ലാതാക്കുന്നത് അറിയുന്നുവെങ്കിലും എനിക്ക് ഭാവമാറ്റമൊന്നും സംഭവിച്ചില്ല. പക്ഷേ, അതുവഴിയേ പോകുന്ന അപരിചിതരായ യാത്രക്കാരിൽ ഒരാളെന്നതിലപ്പുറം മുമ്പ് ഒരിക്കലെങ്കിലും കണ്ടിട്ടുളള ഒരു വ്യക്തിയായിപ്പോലും ഞാൻ അവളുടെ മനസ്സിൽ കടന്നുവന്നില്ലെന്ന് എനിക്ക് ഊഹിക്കാനായി.
പതിനെട്ടു വർഷം മുമ്പ് ഞാൻ അവളെ കാണുമ്പോൾ ഇതേ രൂപമായിരുന്നു. ആവണിയെന്നാണ് പേരെന്ന് ആരാണ് എന്നോട് പറഞ്ഞത്? തലയിൽ കനകാമ്പരപ്പൂക്കളാൽ മാലകൊരുത്തുചാർത്തി , നെറ്റിയിൽ ചുവന്ന കുങ്കുമക്കുറിയണിഞ്ഞ് , മെടഞ്ഞിട്ട ചെമ്പൻ തലമുടി ഷോൾഡറിലൂടെ മുന്നിലേക്കിട്ട് , ആരേയും ആകർഷിക്കുന്ന മുഖഭാവത്തോടെ അവൾ തന്റെ മുന്നിൽ നിരത്തിയ പൂക്കൂടകൾക്ക് പുറകിലായി കാത്തിരുന്നു.
കറുപ്പിന് ഏഴഴകാണെന്ന് ആരോ പറഞ്ഞത് അവളെക്കണ്ടപ്പോൾ ഓർമ്മവന്നു. കരിമഷിയെഴുതിയ മിഴികളിലും അതിനുള്ളിലെ അല്പം ചുവന്ന ഝടുതിയിൽ മിന്നിത്തിളങ്ങുന്ന കൃഷ്ണമണികളും പണ്ടെങ്ങോ കേട്ടുമറന്ന രാഗങ്ങളുടെ ഭാവചലനമാണെന്ന് തോന്നുമായിരുന്നു.
മലയാളിയല്ലെങ്കിലും, വർഷങ്ങളുടെ വാസംമൂലമാവാം തമിഴ് കലർന്ന മലയാളം അവൾ ശരിയും തെറ്റും അറിയാതെ വാരിവിതറുമായിരുന്നു.
"സേട്ടാ പൂ വേണമെങ്കിൽ ശീഘ്രം വാങ്കിയിട്ട് പോയിട് " എന്ന് അവൾ പറയുമായിരുന്നുവെങ്കിലും അല്പംകൂടി ഇവിടെ നില്ക്കൂ എന്ന് അവളുടെ കടമിഴികൾ മൗനമായി മൊഴിയുന്നത് മനസ്സിലാക്കുവാൻ എനിക്ക് അധികം ദിവസം വേണ്ടിവന്നില്ല.
"നിന്റെ പേരെന്താണ്" എന്ന് ഒരു ദിവസം ഞാൻ ചോദിച്ചപ്പോൾ ആദ്യം അവൾ തന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു;
"എന്നാ സാർ ലൗവ്വാ..?"
ഒരു നിമിഷം അറച്ചുവെങ്കിലും ഞാൻ ചോദിച്ചു;
"ആണെങ്കിൽ. ...?"
"എന്നെ കല്ല്യാണം കഴിക്കുമോ?"
അപ്രതീക്ഷിതമായ ആ മറുപടിയേക്കാൾ അവളുടെ കണ്ണുകളിലെ പ്രതീക്ഷ എനിക്ക് കാണുവാനായി. ഇതുവരെ ഒരു പേരുപോലും കൃത്യമായി അറിയാത്ത ഒരു തമിഴ് യുവതിയോട് എന്ത് പറയണം എന്ന് ചിന്തിച്ചുനില്ക്കാതെ ഞാൻ പറഞ്ഞു;
" എന്നോടൊത്ത് ജീവിക്കുവാൻ നിനക്ക് കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ..."
എന്റെ വാക്കുകൾക്ക് മറുപടിയായി രണ്ടു തുള്ളി കണ്ണുനീർ അവളുടെ മുന്നിൽ വെച്ചിരുന്ന മുല്ലപ്പൂമാലയിൽ വീണു തിളങ്ങി.
പക്ഷേ, എല്ലാം ശരിയാക്കി ഞാൻ വീണ്ടും അവധികഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ആവണിയെ അവിടെ കണ്ടില്ല. ആരോടെങ്കിലും ചോദിക്കാമെന്നുകരുതി ആ പരിസരത്തുള്ള തമിഴ് നാട്ടുകാരിയായ ഒരു വൃദ്ധയോട് തിരക്കിയെങ്കിലും അവർക്കും അറിയില്ലെന്ന് പറഞ്ഞു.
ദിവസങ്ങളോളം ഞാൻ ആ വഴിയേ അവൾക്കായി അലഞ്ഞുവെങ്കിലും പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു.
കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രമോഷൻ ആഗ്രഹിച്ചിരുന്നതായിരുന്നുവെങ്കിലും അവളില്ലാതെ തനിയെ പോകുവാൻ മനസ്സ് വേപഥുപൂണ്ടുനിന്നു. വിവാഹം തീരുമാനിച്ചതോടെ അവൾ പൂക്കാരിയായി കച്ചവടം നടത്തിയ ഈ തെരുവിൽനിന്നും തന്റെ ജീവിതത്തിലേക്കുള്ള കാൽവെപ്പിന് കോഴിക്കോട് വേണ്ടെന്നു തീരുമാനിച്ചത് ഞാൻ തന്നെയാണ്. അവൾക്കും എനിക്കും അതായിരിക്കും നല്ലതെന്ന് ഞാൻ സ്വയം കണക്കുകൂട്ടി. പക്ഷേ അവൾ....
ആതിര തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതോടെ പതുക്കെ ഞാൻ ആവണിയെ മറക്കുകയായിരുന്നു. വീട്ടുകാരുടെ നിർബന്ധം മൂലമാണ് ആ വിവാഹത്തിന് സമ്മതം മൂളിയത്.
"നിനക്കെന്താ തലയ്ക്ക് നല്ല സുഖമില്ലേ" എന്നായിരുന്നു ആവണിയുടെ കാര്യം പറഞ്ഞപ്പോൾ സുഹൃത്തുക്കളുടെ പ്രതികരണം.
"നീ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്? സിനിമയല്ല ജീവിതം. ഒരു ബാങ്കുമാനേജരുടെ ജീവിതപങ്കാളിയായി ഒരു തമിഴ് നാട്ടുകാരിയായ പൂക്കാരിപ്പെണ്ണ്..."
അവരെല്ലാം പരിഹസിച്ചു തള്ളിയപ്പോഴും എവിടെയൊക്കെയോ ഞാൻ ആവണിയെ സ്നേഹിച്ചിരുന്നു. പക്ഷേ, ആതിരയായിരുന്നു ആ സ്ഥാനത്തെത്തിയത്. ബാങ്കുമാനേജർക്ക് കോളജ് അദ്ധ്യാപിക വധു. എല്ലാവരും അംഗീകരിച്ചു.
ഫിലോസഫിയായിരുന്നു അവളുടെ സബ്ജക്ട്... അല്ല അവളുടെ സ്വഭാവം എന്നുതന്നെ പറയാം.
ബിസിനസ്സും സാമ്പത്തികശാസ്ത്രവും ഫിലോസഫിയുമായി പലപ്പോഴും ചേരാതെപോയി. പല ദിവസങ്ങളിലും തന്റെ ക്ലാസ്റൂമിലെ ലക്ചററായി മാറി ആതിര. അവിടെ ബാങ്കിങ്ങും ഫിനാൻസും അവൾക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു.
യാത്ര പാതിവഴിയിൽ അവസാനിക്കുകയാണ് എന്നതിന്റെ സൂചനകളായി പിന്നീടുള്ള ഓരോ ദിനരാത്രങ്ങളും മാറുകയായിരുന്നു. കച്ചവടത്തിൽ ആർക്കും ലാഭമോ നഷ്ടമോ ഉണ്ടായില്ല എന്നതാണ് എടുത്തുപറയേണ്ടത്.
എങ്കിലും ഒരു ചോദ്യം അപ്പോഴും എന്റെ മനസ്സിൽ ഉയർന്നുവന്നു. എന്തിനായിരുന്നു എന്നത്... ഉത്തരം വളരെ സിംപിളായിരുന്നു.
"നിങ്ങൾക്ക് താല്പര്യമില്ലാതെയല്ലേ ഈ വിവാഹത്തിന് സമ്മതിച്ചത്?"
അവൾ ഇക്കാര്യം എങ്ങനെ അറിഞ്ഞുവെന്നോർത്ത് ഞാൻ ആശ്ചര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
"ഇങ്ങനെ നോക്കണമെന്നില്ല. ഞാൻ ഒരു സ്ത്രീയാണ്. ഫിലോസഫിയുമായി മാത്രമല്ല കൂടെ ഹ്യൂമൺ സൈക്കോളജിയും ഞാൻ പഠിച്ചിട്ടുണ്ട്. നിങ്ങളുടെ മനസ്സ് മനസ്സിലാക്കുവാൻ എനിക്ക് അധികം ദിവസമൊന്നും വേണ്ടിവന്നില്ല. പക്ഷേ, ഞാൻ ഒരിക്കലും അതോർത്ത് ഡെസ്പായിരുന്നില്ല. എന്തുകൊണ്ടാണെന്ന് അറിയാമോ?"
കൈയിലിരുന്ന പേപ്പർ വെയിറ്റ് മേശപ്പുറത്തുവെച്ച് ആവർത്തിച്ചു തിരിച്ചുകൊണ്ടിരുന്നതല്ലാതെ അയാൾ യാതൊന്നും ചോദിച്ചില്ല. അയാളുടെ നിസ്സംഗത കണ്ടിട്ടെന്നവണ്ണം ആതിര തുടർന്നു;
"എന്റെ മനസ്സിൽ നിങ്ങൾ ഇല്ലായിരുന്നു. അച്ഛനമ്മമാരുടെ നിർബന്ധം മാത്രമായിരുന്നു നിങ്ങളുടെ ഭാര്യാപദവി സ്വീകരിക്കുവാൻ എന്നെ പ്രേരിപ്പിച്ചത്. "
അല്പസമയം രണ്ടുപേരും മൗനമായി. ആ മൗനം ഭഞ്ജിച്ചത് അയാളായിരുന്നു.
"ആതിര, തനിക്ക് തുറന്നു പറയാമായിരുന്നില്ലേ... എങ്കിൽ ഒരുപക്ഷെ ഞാൻ. ...."
ഒരു നിമിഷം പോലും പാഴാക്കാതെ ഉടനെ തന്നെ ആതിര ചോദിച്ചു;
"എന്തിന്? "
അവളുടെ വാക്കുകളിലെ ഈർഷ്യ അയാൾക്ക് വായിച്ചെടുക്കുവാനായി.
"എനിക്ക് ഒരിക്കലും നിങ്ങളെ ഇഷ്ടപ്പെടുവാൻ കഴിയുമായിരുന്നില്ല. ഏക്ച്വലി ഞാൻ ഹാപ്പിയാവുകയായിരുന്നു. മനസ്സുകൊണ്ട് ഞാൻ ആഗ്രഹിച്ചത് എനിക്ക് അറിഞ്ഞുനൽകിയ ഈശ്വരന് ആദ്യമായി ഞാൻ നന്ദി പറഞ്ഞു. "
അയാൾ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി.
"ഒന്നു നില്ക്കൂ... എനിക്ക് ഒരു കാര്യം പറയുവാനുണ്ട്."
മറുപടി പറയാതെ അയാൾ തിരിഞ്ഞു നിന്നു. അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി ദൃഢനിശ്ചയത്തോടെ പറഞ്ഞു;
"ഐ നീഢ് ഡിവോസ് ഫ്രം യൂ... ഒരു മ്യൂച്വൽ പെറ്റീഷൻ ഫയൽ ചെയ്താൽ നമുക്ക് സ്വതന്ത്രരാവാം... "
"ആവാം.... "
"താങ്ക്സ്..."
ആരും എതിർപ്പ് പ്രകടിപ്പില്ല. അയാൾ ചിന്തിച്ചു;
ഒരു വർഷം എങ്ങനെ ഞാൻ പിന്നിട്ടുവെന്ന് എനിക്കുപോലും നിശ്ചയമില്ല. ഒരിക്കലും ഞാൻ അവളെ സ്നേഹിച്ചിട്ടില്ലേ? അതോ എന്റെ തോന്നൽ മാത്രമാണോ? ചിലപ്പോൾ ശരിയാവാം. പക്ഷേ, അവൾ തുറന്നു പറഞ്ഞതിനാൽ ഇനിയും സ്വയം വഴി കണ്ടെത്തുകയല്ലേ നല്ലത്. ഒരു നല്ല കപ്പിളാകുവാൻ കഴിഞ്ഞില്ലെങ്കിലും ചിലപ്പോൾ നല്ല സുഹൃത്തുക്കളാകുവാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കാം.
അന്നു വൈകുന്നേരം വീട്ടിലെത്തിയ അയാൾ പതിവിലും സന്തോഷവാനായിരുന്നു. അയാൾ വീട്ടിലെത്തിയപ്പോൾ തന്നെ ആരതി ചിരിച്ചുകൊണ്ട് കതകുതുറന്ന് അയാളെ സ്വീകരിച്ചു.
"ഇന്ന് നേരത്തെയാണല്ലോ? "
"അതെ... ഇന്നെന്തോ നേരത്തെ വരണമെന്ന് തോന്നി. "
നല്ലകാര്യം. ഞാനും ആഗ്രഹിച്ചു ഇന്ന് ആനന്ദ് നേരത്തെ വന്നിരുന്നുവെങ്കിലെന്ന്."
"റിയലി..?"
അവൾ ചിരിച്ചു. റൂമിലേക്ക് കടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു;
"ഇന്ന് നമുക്ക് പുറത്ത് പോയാലോ.. ഒരു ഷോപ്പിംഗ്, സിനിമ..പിന്നെ ഡിന്നർ പുറത്തുനിന്നുതന്നെയാവാം. ആതിരയ്ക്ക് ഇഷ്ടമുള്ളത്".
"വെരി നൈസ്... ഞാൻ റെഡി. "
"എങ്കിൽ റെഡിയായിക്കൊ. ഞാൻ ഒന്ന് ഫ്രഷാവട്ടെ."
"ഓകെ. അപ്പോഴേക്കും ഞാൻ കാപ്പി തയ്യാറാക്കാനും."
അതുവരെ നഷ്ടപ്പെട്ട എന്തോ ഒന്ന് അവർക്ക് തിരിച്ചുകിട്ടുകയായിരുന്നു. ജീവിക്കാൻ മറന്നുപോയ അവർ രണ്ടുപേരും അവിടെ പുതിയൊരു ജീവിതം സ്വപ്നം കാണുകയായിരുന്നു. അതോടൊപ്പം പരസ്പരം തുറന്നു സംസാരിക്കുവാനും തുടങ്ങി.
ഒരു മാസത്തിനിടയിൽ ഏറ്റവും നല്ല സുഹൃത്തുക്കളായിമാറി അവർ ഇരുവരും. ഇതിനിടയിൽ ഡിവോസ് ഫയൽ ചെയ്തു. രണ്ടുപേർക്കും ആരോപണങ്ങൾ ഇല്ലായിരുന്നു. ഒരുമിച്ച് ജീവിക്കാൻ താല്പര്യമില്ല എന്നുമാത്രമായിരുന്നു അവർ പറഞ്ഞത്. ആറുമാസം കഴിഞ്ഞ് വീണ്ടും കോടതിയുടെ ചോദ്യത്തിന് ഇതേ മറുപടി തന്നെയാണ് രണ്ടുപേർക്കും എന്നാകിൽ അവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സ്വതന്ത്രരാവാം.
"നിങ്ങൾ ഒരുമിച്ചാണോ താമസിക്കുന്നത്?"
"അല്ല. ഞാൻ എന്റെ വീട്ടിലാണ്. " ആതിര പറഞ്ഞു. ആനന്ദ് അവളുടെ മുഖത്തേക്ക് നോക്കി. കോടതിക്ക് ആ മറുപടിയാണ് ആവശ്യമെന്ന് അവളുടെ മുഖഭാവം വ്യക്തമാക്കി.
തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ ആനന്ദ് ചോദിച്ചു;
"ആരതി വീട്ടിലേക്കാണോ അതോ..."
"അതെ. ഞാൻ അങ്ങോട്ട് തന്നെയാണ്. ഇനി ആറുമാസം കൂടിയില്ലേ. അത്രയും നാൾ നമുക്ക് അവിടെ ഹാപ്പിയായി കഴിയാം. എന്റെ വീട്ടിൽ പോയാൽ എനിക്ക് പലരുടെയും നൂറുനൂറു ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടിവരും."
"ഈ യാത്ര ആറുമാസത്തോടെ അവസാനിക്കുമോ?"
ആനന്ദിന്റെ ശബ്ദത്തിലെ നേരിയമാറ്റം അവളറിഞ്ഞു. മറുപടിക്കായി അവൾക്ക് അല്പം സമയം ആവശ്യമായിരുന്നു. അവസാനം അവൾ പറഞ്ഞു;
"ഇനിയും ആറുമാസമുണ്ടല്ലോ... "
ആ വാക്കുകളിൽ അതുവരെ കേൾക്കാത്ത ,അനുഭവിക്കാത്ത സ്നേഹത്തിന്റെ മൃദുസ്പർശം അയാളറിഞ്ഞു.
ഋതുഭേദങ്ങൾ ആടകളഴിച്ച് പുതിയതണിഞ്ഞു. മഴയും വെയിലും മഞ്ഞും പെയ്തുതോർന്നു. ആതിരയ്ക്കും ആനന്ദിനും ഇപ്പോൾ രണ്ടു പെൺമക്കളുണ്ട്. ആശ്രയയും ആവന്തികയും.
വേർപാടിന്റെ മതിലുകൾ പണിതുയർത്തുവാൻ ശ്രമിക്കുന്നതിനിടയിൽ അടിത്തറ ദുർബ്ബലമായതിനാലാവാം ഒരോ കട്ടയും ഇടിഞ്ഞുവീഴുകയായിരുന്നു. അകലുന്നു എന്ന തിരിച്ചറിവ് അടുക്കുവാനുള്ള കാരണമായി. പരസ്പരം കണ്ടെത്തുവാൻ വൈകിയ ഇരുവരും സ്വയം തിരിച്ചറിയുകയായിരുന്നു. വികാരത്തേക്കാൾ വിവേകം പ്രർത്തനസജ്ജമായതോടെ നഷ്ടപ്പെടുന്ന ജീവതത്തിന്റെ പ്രസക്തി എത്രമാത്രം വലുതാണെന്ന് അവർ തിരിച്ചറിഞ്ഞു.
"നാളെ കോടതിയിലേക്ക് പോകണം. ഞാൻ ലീവെടുക്കാം. ആതിര....."
"ഞാനും ലീവെടുത്തിട്ടുണ്ട്. ലെവനോക്ലോക്കിന് കോർട്ടിൽ ഹാജരാകണമെന്നല്ലേ അഡ്വേക്കറ്റ് പറഞ്ഞത്?"
"ഉം.. അതെ."
ഒരു മേശയുടെ ഇരു വശങ്ങളിലിരുന്ന് പരസ്പരം നോക്കിക്കൊണ്ട് അവൾ ചോദിച്ചു;
"ആനന്ദിന് ടെൻഷനുണ്ടോ?"
ആതിരയുടെ ചോദ്യം അയാളുടെ മനസ്സിൽ ഒരു കനൽ കോരിയിട്ടുവെങ്കിലും അത് മുഖത്ത് പ്രകടമാക്കാതെ സ്വതസിദ്ധമായ ശൈലിയിൽ അയാൾ ചോദിച്ചു;
"എന്തിന് ടെൻഷൻ? നമ്മൾ നേരത്തെ തീരുമാനിച്ചതല്ലേ?"
"അതെ... പക്ഷേ... ആനന്ദ്.... ഐ നീഢ് യൂ.... എനിക്ക്.... ഐ ലവ് യു ആനന്ദ്... നമുക്ക് ഒരുമിച്ച് ജീവിച്ചുകൂടെ...? കോടതി സമ്മതിക്കില്ലേ... "
അയാളുടെ മനസ്സ് ഒരുപാട് തവണ ചോദിച്ച ചോദ്യം ആതിരയുടെ നാവിൽനിന്ന് വരുന്നതുകേട്ട് ആനന്ദ് ആഹ്ളാദചിത്തനായി. ഇരുണ്ടുകൂടിയ കാർമേഘപാളികൾ ദൂരെയെങ്ങോ പോയ് മറഞ്ഞു.
ഒരു കൊടുങ്കാറ്റ് ദിശമാറിവന്ന് എവിടെയൊക്കെയോ ആഞ്ഞടിച്ച് പ്രതികാരം ശമിച്ച് ഇളം തെന്നലായി പരിണമിച്ചു.
സിറ്റിയിൽ തന്നെയായിരുന്നു അവരുടെ വീട്. ശ്രീ പത്മനാഭസ്വാമിയുടെ തിരുനടയിൽ പ്രണാമമർപ്പിച്ചായിരുന്നു അവരുടെ പിന്നീടുള്ള ഓരോ ദിവസവും ആരംഭിച്ചത്. അവരുടെ മക്കളും അതേ പാത തുടർന്നു. ക്ഷേത്രനടയിലെത്തിയാൽ രണ്ടുപേർക്കും മുല്ലപ്പൂ വേണമായിരുന്നു. എല്ലാ അവധി ദിവസങ്ങളും അത് ഒരു പതിവായിരുന്നു. അങ്ങനെ ഒരു യാത്രയിലാണ് ആനന്ദ് വർഷങ്ങൾക്ക് ശേഷം ആ മുഖം വീണ്ടും കണ്ടത്.
ക്ഷേത്രത്തിന് പുറത്ത് വഴിയോരത്ത് പൂമാലകൾ വില്ക്കുന്ന ആവണി. തലയിൽ കനകാമ്പരപ്പൂക്കളില്ലാതെ, നെറ്റിയിൽ സിന്ദൂരമില്ലാതെ, കൈയിൽ കുപ്പിവളകളില്ലാതെ, കഴുത്തിൽ താലിച്ചരടില്ലാതെ, അലസമായി വാരിക്കെട്ടിയ ചെമ്പിച്ച മുടിയും മുറുക്കിച്ചുവപ്പിച്ച അധരങ്ങളുമായി മുഷിഞ്ഞ ഏതോ ഒരു ചേലയണിഞ്ഞ് കരിഞ്ഞുണങ്ങിയ ഒരു മനുഷ്യരൂപം മാത്രമായി. എങ്കിലും എവിടെയൊക്കെയോ അവൾ ആവണിയാണെന്ന് ആനന്ദിന് തോന്നി.
അന്ന് ആ ഞായറാഴ്ച അയാൾ മക്കളോടൊത്ത് ആവണിയുടെ അടുത്തെത്തി പൂക്കൾ ചോദിച്ചു.
"ഒരു മൊഴം 25 രൂപ സാർ, ഉങ്കളുക്ക് എത്തന വേണം സാർ.. സൊല്ലുങ്കൊ."
അയാൾ ഒന്നും പറയാതെ അവളെത്തന്നെ നോക്കി നില്ക്കുന്നതുകണ്ട് ആശ്രയ അയാളുടെ കൈയിൽ തട്ടിവിളിച്ചു.
"നാലുമുഴം മതി... " ആശ്രയ പറഞ്ഞു.
"ഓ... സാറുടെ മക്കളാണോ?
"അതെ..."
പൂ വാങ്ങി മറ്റൊന്നും പറയാതെ അയാൾ തിരിച്ചു നടക്കവേ "ഓ ചെമ്പകം... ഇങ്കെ വാമ്മാ ശീഘ്രം..." എന്ന് അവൾ ഉറക്കെ പറയുന്നതുകേട്ടപ്പോൾ അയാൾ വീണ്ടും തിരിഞ്ഞു നോക്കി.
അല്പം അകലെയായി മറ്റൊരു പൂക്കൂടയ്ക്കരികിൽനിന്ന് ഒരു പെൺകുട്ടി എഴുന്നേറ്റു വരുന്നത് അയാൾ കണ്ടു. കാലിൽ നിറയെ കിലുങ്ങുന്ന മുത്തുപതിപ്പിച്ച കൊലുസണിഞ്ഞ് ,കൈകളിൽ നിറയെ തിളങ്ങുന്ന കുപ്പിവളകണിഞ്ഞ ഒരു പാവാടക്കാരി.... വർഷങ്ങൾക്ക് മുമ്പ് അയാൾ അന്വേഷിച്ച ആവണിയുടെ അതേ രൂപം.......
***മണികണ്ഠൻ അണക്കത്തിൽ***
Copyright Reserved
08/03/2019.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot