Slider

ൻ്റെ മുത്തിൻ്റൊരു പരൂക്ഷക്കാലം..

0


അച്ഛനെ ഒന്ന് അച്ചൻ്റെയടുത്ത് കൊണ്ടു പോകണം.
അതെന്തിനാണാവോ, എനിക്കിപ്പോൾ എന്താണ് കുഴപ്പം.
അച്ഛൻ അല്പം കൂടെ നന്നാകാനുണ്ട്, ഒരു പരീക്ഷയുടെ ആവശ്യമുണ്ട്. അച്ഛൻ്റെ കൗണ്ടർ ഒന്നും പഴയ പോലെ നന്നായി ഏശുന്നില്ല. ഞങ്ങൾ ഇന്ന് കണ്ട അച്ചൻ സൂപ്പറാണ്.
എന്താണിപ്പോൾ എല്ലാരും കൂടെ അച്ചനെ സന്ദർശിക്കാനുണ്ടായ സാഹചര്യം.
ഒന്നും പറയണ്ടച്ഛാ, അടുത്ത ദിവസം പരീക്ഷ തുടങ്ങുകയല്ലേ, ഏതായാലും
പഠിത്തം കുറവാണെങ്കിലും അനുഗ്രഹങ്ങൾ കുറയ്ക്കണ്ട എന്ന് സിസ്റ്റർ പറഞ്ഞതിനാലാണ് കൂട്ടുകാർ എല്ലാരും കൂടെ പോയത്.
എന്നിട്ട് അനുഗ്രഹമെല്ലാം
നന്നായി കിട്ടിയോ?
പിന്നേ കൂട്ടുകാർക്ക് റീട്ടെയിൽ ആയും എനിക്ക് ഹോൾസെയിലും ആയി കിട്ടി.
ഇനി ബാക്കി പഠിക്കാനുള്ളതും കൂടെ പഠിച്ചാൽ മതി എന്നാലേ പരീക്ഷ അടിപൊളിയാകൂ, അല്ലെങ്കിൽ അടിയേ പൊളിയും. എല്ലാം നന്നായി പഠിയ്ക്കാൻ ഒന്നിനും സമയം
തികയുന്നില്ല.
നേരത്തെ തൊട്ട് കുറേശ്ശേ പഠിയ്ക്കാൻ പറഞ്ഞിട്ട് കേൾക്കാഞ്ഞിട്ടല്ലേ, ഇനി ഇപ്പോൾ പരീക്ഷയെല്ലാം
കഴിഞ്ഞിരുന്ന് സ്വസ്ഥമായിരുന്ന് പഠിയ്ക്കാം
മോളെ, അപ്പോൾ ധാരാളം സമയം കിട്ടുമല്ലോ.
ഹ ഹ ഹ തമാശിച്ചതാണല്ലേ,
മനുഷ്യനിവിടെ പഠിച്ചതെല്ലാം
വരുമോ എന്ന ടെൻഷൻ.
മകൾക്ക് പ്രാണവേദന, അച്ഛന് വീണ വായന.
എന്തിനാ മോളെ ടെൻഷൻ.
നമുക്കിഷ്ടമുള്ളതുപോലെ
നമ്മൾ പഠിയ്ക്കുക, അവർക്കിഷ്ടമുള്ളതുപോലെ
അവർ ചോദിയ്ക്കട്ടെ. നമുക്കറിയാവുന്നതു പോലെ നന്നായി നമ്മൾ എഴുതുക. അവർക്കിഷ്ടമുള്ള മാർക്കുകൾ അവർ നല്കും. ഏതായാലും തോൽക്കില്ല എന്നുറപ്പില്ലേ പിന്നെന്തിനാ ജയത്തിൻ്റെ ഏറ്റക്കുറച്ചിലുകളിൽ ഭയം.
നമ്മളെക്കൊണ്ട് ചെയ്യാവുന്നത് ചെയ്യുക. അത്രമാത്രം മതി.
ടെൻഷൻ ഫ്രീ ആയിരിക്കുക അതെല്ലാം വിട്ടുകളത്തേയ്ക്ക്. എന്നിട്ട്
അച്ചൻ എന്തു പറഞ്ഞെന്ന്
പറഞ്ഞില്ലല്ലോ ഹോൾസെയിൽ ആയി അനുഗ്രഹം തന്ന നേരം.
അതു രസമായിരുന്നു.
അനുഗ്രഹിയ്ക്കുന്നതിന് മുമ്പ്
അച്ചൻ എന്നോട് ചോദിച്ചു, ഏതു വിഷയത്തിനാണ് കൂടുതൽ ബുദ്ധിമുട്ട് എന്നു പറഞ്ഞാൽ കർത്താവിനോട്
അതിനായി സ്പഷ്യൽ ആയി പ്രാർത്ഥിയ്ക്കാം എന്ന്.
എന്നിട്ട് മോൾ ഏതു വിഷയമാണ് അനുഗ്രഹത്തിനായ് സജസ്റ്റ് ചെയ്തത്.
നമ്മൾ പഴയ പല്ലവി തന്നെ മൊഴിഞ്ഞു, നമുക്കങ്ങിനെ ഒരു വിഷയമെന്നൊന്നുമില്ല
എല്ലാ വിഷയവും ടഫ് തന്നേയാണെന്ന കാര്യം.
അച്ചൻ പോലും ചിരിച്ചു പോയി, എന്നാലും അനുഗ്രഹം തന്നു. നീ ഉന്നതങ്ങളിലെത്തും എന്ന്. കൂടെ ചെറിയ ഒരു പ്രാർത്ഥനയും, കർത്താവേ ഈ കുഞ്ഞാടിനേ അധികം പരീക്ഷണങ്ങളിൽപ്പെടുത്തി
പരീക്ഷിക്കരുതേ, നിൻ്റെ അനുഗ്രഹം ഇവളിൽ നന്നായി
ചൊരിഞ്ഞീടണമേ.
കുഞ്ഞാടിൻ്റെ കാര്യമെല്ലാം കേട്ടപ്പോൾ നല്ല മട്ടൺ ബിരിയാണി കിട്ടിയ പോലെ ഞാനുമൊന്ന് ചെറുതായി ചിരിച്ചു.
അതു കണ്ട അച്ചൻ്റെ മറുപടി കേട്ട് ഞാൻ ചിരിച്ചില്ല. അച്ചനും പഠിത്ത കാര്യത്തിൽ
ഫസ്റ്റൊന്നും അല്ലായിരുന്നു എന്നിട്ടും ഇത്ര ഉന്നതപദവിയിൽ എത്തിയില്ലേ എന്ന്. എന്ത് ഉന്നതപദവിയെന്ന്, ഞാനൊന്നും തിരിച്ചു ചോദിച്ചില്ലേയ് ഇനി അതിൻ്റെ
കൗണ്ടർ കൂടി താങ്ക മുടിയലൈ എന്ന് ഉള്ളിൽ പറഞ്ഞതേയുള്ളു.
അതേതായാലും നന്നായി.
അച്ചൻമാർ തമാശയുടെ കാര്യ കാര്യത്തിൽ പണ്ടും അടിപൊളിയാണ്. പണ്ട് ഞങ്ങൾ പത്തു മുപ്പതു വർഷത്തിനു മുമ്പ് കോളേജിലെ കൂട്ടുകാർ എല്ലാം കൂടെ അവിടെ അടുത്തുള്ള ഒരു പള്ളിയിൽ ഒരു പെരുന്നാളിൻ്റെ തലേ ദിവസം പോയി. പള്ളിയിൽ നല്ല തിരക്ക് അതുകൊണ്ട് ഞങ്ങൾ പള്ളിയിലുള്ള സെമിത്തേരിയിൽ പോയി കല്ലറയിൽ കയറി ഇരുന്ന് കളിയും ചിരിയുമായി കുറച്ചു നേരം ചിലവഴിച്ചു. ഒച്ചയും ബഹളവും കേട്ടു വന്ന അച്ചൻ
പറഞ്ഞ വാചകമോർത്താൽ
ഇന്നും ചിരി വരും. പാവമായ
ആ ആത്മാക്കൾക്ക് സെമിത്തേരിയിൽ പോലും ഇത്തിരി മനസ്സമാധാനം നിങ്ങളായിട്ട് കൊടുക്കില്ലല്ലേ, അവർ അവിടെ ഉറങ്ങിക്കോട്ടെ നിങ്ങൾക്ക് ബാക്കി ഈ ലോകത്ത് എത്ര സ്ഥലമുണ്ട്. എന്തിനാണ് അവരുടെ സ്ഥലം കൂടെ ഇങ്ങിനെ കയ്യേറുന്നത്.
അതോടെ ഞങ്ങൾ വളരെ
നന്നായി, നല്ല കുഞ്ഞാടുകളായി.
അനുഗ്രഹം വാങ്ങാൻ അമ്പലത്തിൽ പോയില്ലേ.
അവിടേം പോയി അനുഗ്രഹവും വാങ്ങി ഇപ്പോൾ വന്നേയുള്ളു.
എന്നിട്ട് അമ്പലത്തിൽ എന്തു
വിശേഷം.
ദൈവങ്ങൾ എല്ലാം സുഖമായിരിക്കുന്നു, എന്നോട് ചോദിച്ചു അച്ഛനു
സുഖമല്ലേ, ഇപ്പോൾ ഇങ്ങോട്ട് ഒന്നും കാണുന്നില്ലല്ലോ എന്നെല്ലാം.
നിർത്തിക്കോ അച്ഛനും മോളും തമ്മിലുള്ള കത്തിവയ്പ്. അല്ലെങ്കിലും പരീക്ഷാക്കാലത്ത് രണ്ടിനും സംസാരം ഇത്തിരി കൂടുതലാണ്. ഫോൺ ചെയ്തു കഴിഞ്ഞ് പഠിയ്ക്കാം
എന്നു പറഞ്ഞതിനാൽ രണ്ടിൻ്റേം സംസാരം ഒരിയ്ക്കലും തീരില്ല. ഇനി പരീക്ഷയെല്ലാം കഴിഞ്ഞിട്ട് മതി മുഴുനീള സംസാരം.
നിർത്തിക്കോ, നിർത്തിക്കോ.
നിർത്തി. എപ്പോഴേ നിർത്തി,
ഞങ്ങൾ എപ്പോഴേ നന്നായി.

By PS Anilkumar Devidiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo