Slider

അന്നുപെയ്തമഴയിൽ - Final Part (17)

4

 അവിടെ നടന്ന സംഭവങ്ങളുടെ ആഘാതത്തിൽ നിന്നും മുത്തശ്ശിയും പ്രിയയും വർഷയും സതിയും മോചിതരായിരുന്നില്ല..
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് പോലീസ് വിളിച്ചറിയിച്ചതുനസരിച്ച് ആദിത് അവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് പാഞ്ഞു.ഒരു ഹോട്ടൽ മുറിയിൽ ഉറക്ക ഗുളികകൾ കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച  ജയദേവനെ  അവിടെ ഐ.സി.യു വിൽ  അഡ്മിറ്റ് ചെയ്തിരുന്നു. മരുന്നിന്റെ ഓവർ ഡോസ്  കാരണം ജയദേവൻ കോമാ സ്റ്റേജിലേക്ക് പോയി എന്നും ഇനി ഒരു തിരിച്ചുവരവിന് സാധ്യതയില്ലെന്നും ഡോക്ടർമാർ വിധിയെഴുതി. ജയദേവനെ ആരും ഏറ്റെടുക്കാൻ ഇല്ലാത്തത് കൊണ്ട് അവനെ തിരികെ തറവാട്ടിലേക്ക് തന്നെ കൊണ്ടുവരണമെന്ന് പ്രിയയുടെ വാശി ആദിത്തും സമ്മതിച്ചു.അവളോടിത്രയൊക്കെ ചെയ്തിട്ടും പ്രിയ ഇപ്പോഴും ജയദേവനെ സ്വന്തം അനിയനെ പോലെ തന്നെ സ്നേഹിക്കുണ്ടെന്ന് എല്ലാവർക്കും അറിയാം. ആദിത്തിന് അതിൽ ദേഷ്യവും അമർഷവും ഉണ്ടായിരുന്നു. തറവാട്ടിൽ കൊണ്ടുവന്ന് പ്രിയയും സതിയും ആയിരുന്നു  അവന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്.വർഷയ്ക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും പതിയെ വർഷയും ജയദേവന്റെ കാര്യങ്ങളിൽ പ്രിയയെ സഹായിച്ചു..ഒരിക്കൽ ആദിത് ജയദേവന്റെ മുറിയിൽ ചെന്നപ്പോൾ ജയദേവൻ  കണ്ണുകൾ തുറന്ന് കിടക്കുകയായിരുന്നു.അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
"അല്ലെങ്കിലും വിധി അങ്ങനെ ആണ് അല്ലെ ദേവാ...നമ്മൾ ഒരു സമയത്ത് ആട്ടിപ്പായിച്ചവരുടെയും അറിഞ്ഞുകൊണ്ട് ഉപദ്രവിച്ചവരുടെയും കാൽക്കീഴിൽ തന്നെ എന്നെങ്കിലും ദൈവം നമ്മളെ കൊണ്ടെത്തിച്ചിരിക്കും." ആദിത് പറഞ്ഞതുകേട്ടുകൊണ്ടാണ് വർഷയും  പ്രിയയും മുറിയിലേക്ക് വന്നത്..
"സഹതാപം തോന്നിയിട്ടല്ല നിങ്ങളെ ശുശ്രൂഷിക്കാൻ ഞാനും കൂടുന്നത്..ഒരാള് വീണുകിടക്കുമ്പോ അല്ല പ്രതികാരം തീർക്കേണ്ടതെന്ന് നിങ്ങൾ കൊന്നുതള്ളിയ എന്റെ വിനുവേട്ടൻ എന്നെ പഠിപ്പിച്ചിട്ടുണ്ട്.."വർഷ ജയദേവനോട് പറഞ്ഞു.
"മതി..രണ്ടാളും ചെല്ല് .ഞാൻ ദേവന് ആഹാരം കൊടുക്കട്ടെ.."പ്രിയ അവരെ ശാസിച്ചു.
"എങ്ങനെ പറ്റുന്നു പ്രിയേച്ചി?തീർത്ത് കളയാൻ തോന്നുന്നില്ലേ ഇവനെ?"ആദിത് പ്രിയയോട് ചോദിച്ചു.
"എന്തിനാ അപ്പു?ഒരു കരണത്തടിച്ചാൽ മറ്റേ കരണം കൂടി കാണിച്ചുകൊടുക്കണമെന്ന അഭിപ്രായം എനിക്കില്ല.പക്ഷെ നീ ഇവന്റെ ഈ അവസ്ഥ കണ്ടോ?ഇതിൽ കൂടുതൽ എന്ത് ശിക്ഷ ആണിവന് കിട്ടാനുള്ളത്? ഈ അവസ്ഥയിൽ നമ്മളും കൂടി കൈയൊഴിഞ്ഞാൽ പിന്നെ ഇവനും നമ്മളും തമ്മിൽ എന്ത് വ്യത്യാസം ആണ് മോനെ?കഴിഞ്ഞതൊക്കെ മറക്കുക.." പ്രിയ ആദിത്തിനെ  മാറ്റി നിർത്തി അവന്റെ ചെവിയിൽ പറഞ്ഞു.
ആദിത് ഒന്നും മിണ്ടാതെ മുറി വിട്ടിറങ്ങി.
"സാരമില്ല..ദേഷ്യം വന്നപ്പോ അവരെന്തൊക്കെയോ പറഞ്ഞതാ..നമ്മക്ക് ഫുഡ് കഴിക്കാം?" പ്രിയ ജയദേവന്റെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
 താമസിയാതെ  വർഷ അനാഥാലയത്തിലേക്ക് തിരികെ പോവാണെന്ന് പ്രിയ ആദിത്തിനോട് പറഞ്ഞു.
"ഞങ്ങൾ എത്ര നിർബന്ധിച്ചിട്ടും  കേൾക്കുന്നില്ല   മോനെ.."സതി വിഷമത്തോടെ പറഞ്ഞു.
"ഇവിടെ നമ്മളൊക്കെ ഇല്ലേ..അവിടെ പോയാ ഇനി ആ കുട്ടിക്ക് ആരാ  ഉള്ളത്?എന്താകും അതിന്റെ ഭാവി?"മുത്തശ്ശിയും സങ്കടത്തോടെ പറഞ്ഞു.
"നീ പറഞ്ഞാൽ ഒരുപക്ഷെ.."പ്രിയ പ്രതീക്ഷയോടെ ആദിത്തിനെ നോക്കി.
"ഞാൻ എന്തിനാ പറയുന്നത്?അതിന് ഞാൻ ആരാ?സത്യങ്ങൾ എല്ലാം മറച്ചുവെച്ച്  എന്നോട് പോലും പറയാതെ നിങ്ങൾ  രണ്ടുപേരും നാടകം കളിച്ചില്ലേ ? അവൾക്കെങ്കിലും എന്നോടൊന്ന്  പറയാമായിരുന്നല്ലോ..പോകണമെന്ന് അത്ര നിർബന്ധം ആണെങ്കിൽ പോകട്ടെ.."ആദിത് ദേഷ്യത്തോടെ പറഞ്ഞു.അവന്റെ മനസ്സ് നീറുകയാണെന്ന് പ്രിയക്ക് അറിയാമായിരുന്നു .സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ താനും വർഷയും  കൂടി ഒരുമിച്ച് തീരുമാനമെടുത്തിട്ടാണ് ജയശങ്കറിനെയും കുടുംബത്തെയും നാട്ടിൽ എത്തിച്ചതും തങ്ങൾ  മുൻകൂട്ടി നിശ്ചയിച്ചതുപോലെ താൻ വർഷയുടെ ഫോണിൽ അവളും വിനുവും കൂടി നിൽക്കുന്ന ഫോട്ടോ ആദിത്തിനെ കാണിച്ചതും അത് ചോദ്യം ചെയ്തപ്പോൾ വർഷ തന്നെപ്പറ്റി എല്ലാവരുടെയും മുൻപിൽ വെച്ച് അസഭ്യം പറഞ്ഞതും ഇതൊന്നുമറിയാതെ  ആദിത് അവളെ തല്ലിയതും  ഒക്കെ..അതിന്റെ ദേഷ്യവും വിഷമവും ആണ് ആദിത്തിനെന്ന് പ്രിയക്കറിയാം.. അതുകൊണ്ട് തന്നെ അന്നാ  ദിവസത്തിന് ശേഷം ആദിത് വർഷയോട് അധികം സംസാരിക്കാറില്ലായിരുന്നു ..
വർഷ പോകാൻ തുടങ്ങുന്നതിന്റെ തലേദിവസം ആദിത്  വെപ്രാളപ്പെട്ട് വർഷയുടെ മുറിയിൽ എത്തി.അവൾ കിടക്കുകയായിരുന്നു.ആദിത്തിനെ  കണ്ടതും അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു..അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു.അവൾ കരയുകയായിരുന്നു എന്ന് അവന് മനസ്സിലായി.ആദിത്  അന്ന് അടിച്ചപ്പോൾ  അവളുടെ ചുണ്ടിന്റെ കോണിൽ അവന്റെ മോതിരം  കൊണ്ടുള്ള മുറിവ്  കരിഞ്ഞ പാടുണ്ടായിരുന്നു .അവൻ വിഷമത്തോടെ അവളെ നോക്കി.
"പോവാണെന്ന് എല്ലാവരോടും പറഞ്ഞു..എന്നോട് ഒരക്ഷരം പോലും മിണ്ടാതെ പൊയ്ക്കളയാനായിരുന്നോ ഉദ്ദേശം  ?"ആദിത് ചോദിച്ചു.
വർഷ ഒന്നും മിണ്ടാതെ മുഖം കുനിച്ച് നിന്നു.
"നീ ശരിക്കും പോവാണോ?"ആദിത് ചോദിച്ചു.
"അതെ.." വർഷ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
"എന്തിന്..?"ആദിത് മുറിക്കകത്തേക്ക് കയറികൊണ്ട് ചോദിച്ചു.
"ഞാൻ ഇവിടേക്ക് വന്നതിന് പിന്നിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു..എന്റെ വിനുവേട്ടൻ എവിടെയെയങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസമുണ്ടായിരുന്നു.എന്നെങ്കിലും ഒരിക്കൽ എന്റെ വിനുവേട്ടൻ എന്നെ തേടി മടങ്ങിവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. .ഇനി അത് വേണ്ടല്ലോ.."വർഷ പൊട്ടിക്കരഞ്ഞു..
"നിനക്ക് ഇവിടെ താമസിച്ചുകൂടെ?അറിയാതെ ആണെങ്കിൽ പോലും ഞങ്ങൾ കാരണം അല്ലെ നിനക്കീ അവസ്ഥ വന്നത്   " ആദിത് അവളോട് ചോദിച്ചു.
"നിങ്ങൾ ആരും ഒരു തെറ്റും ചെയ്തില്ല...പിന്നെ ഞാൻ തിരിച്ച് പോവുന്നത് തന്നെ ആണ് നല്ലത്..എവിടെനിന്ന് തുടങ്ങിയോ അവിടേക്ക് തന്നെ.."
അവൾ പറഞ്ഞു.
"അവിടെ ചെന്നാൽ..നിനക്കാരുണ്ട്?നീ ഒറ്റയ്ക്കാവില്ലേ?അല്ലെങ്കിൽ നിനക്ക് ഞങ്ങളുടെ  കൂടെ വന്നുകൂടെ?പ്രിയേച്ചിക്കൊരു കൂട്ടാകുമല്ലോ.." ആദിത്  ചോദിച്ചു.പ്രിയേച്ചിയെക്കാളും തനിക്കാണ് അവളുടെ ആവശ്യം എന്ന് പറയണമെന്നുണ്ടായിരുന്നു അവന്.
"പ്രിയേച്ചിക്ക് ഇനി എന്റെ ആവശ്യമില്ല..അധികം താമസിയാതെ പ്രിയേച്ചി പഴയ ആളായിക്കൊള്ളും...പിന്നെ ഒരു സഹതാപത്തിന്റെ പേരിൽ ആർക്കും ഒരു ബാധ്യത ആവാൻ എനിക്ക് താല്പര്യമില്ല.. "കരച്ചിലിനിടയിൽ അവൾ പറഞ്ഞു.
"കഴുത്തിൽ ഒരു താലി ചാർത്തി ഈ ബാധ്യത ഞാൻ അങ് ഏറ്റെടുത്തോട്ടെ?" ആദിത് പറഞ്ഞതുകേട്ട് വർഷ അവനെ പകച്ച് നോക്കി.
"സഹതാപത്തിന്റെ പേരിലല്ല.നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടമായത്കൊണ്ടാ.. നിനക്കും അതറിയാമല്ലോ "ആദിത് പറഞ്ഞു.
"ഞാൻ..എനിക്ക്..ഇപ്പൊ ഒരു വിവാഹത്തെ പറ്റി ചിന്തിക്കാനുള്ള മാനസികാവസ്ഥ അല്ലെനിക്ക്..അറിയാമല്ലോ.."വർഷ കരച്ചിലടക്കാൻ പാടുപെട്ടു.
"ഞാൻ കാത്തിരുന്നോളാം.എത്ര വർഷം വേണമെങ്കിലും.പക്ഷെ നീ ഇല്ലാതെ എനിക്ക് പറ്റില്ല. ."ആദിത് അവളുടെ കൈകൾ രണ്ടും പൊതിഞ്ഞ് പിടിച്ചു.
"ഞാൻ ലോകം കണ്ടിട്ടില്ലാത്തവളാണ്.പഠിപ്പ് കുറവാണ്.അച്ഛനും അമ്മയും ആരാണെന്നറിയില്ല..നിങ്ങളുടെ നിലയ്ക്കും വിലയ്ക്കും ഒന്നും ഞാൻ ചേരില്ല..ഇപ്പൊ തോന്നുന്ന ആവേശമെല്ലാം കെട്ടടങ്ങുമ്പോ ഞാൻ നിങ്ങൾക്കൊരു ഭാരമാവും..ശല്യമാവും..സാറിന് എന്നേക്കാൾ നല്ല പഠിപ്പും വിവരവും ഉള്ള കുട്ടിയെ കിട്ടും.."വർഷ കണ്ണീരോടെ പറഞ്ഞു.
"കിട്ടുമായിരിക്കും പക്ഷെ അവരൊന്നും നിനക്ക് പകരം ആവില്ലല്ലോ..ഞാൻ പറഞ്ഞല്ലോ ആവേശത്തിന്റെ പുറത്ത് പറയുന്ന വെറുംവാക്കല്ല... എന്റെ പ്രിയേച്ചിയെ നീ പൊന്നുപോലെ നോക്കുന്നത് ഞാൻ കണ്ടിട്ടുള്ളതാണ്..സഹായിക്കാൻ ആരോരുമില്ലാതിരുന്നിട്ടും സ്വന്തം ഏട്ടന് വേണ്ടി ഒരു പരിചയവുമില്ലാത്ത കുറച്ചാൾക്കാരുടെ ഇടയിലേക്ക് ജയമോ തോൽവിയോ  എന്നറിയാതെ സ്വന്തം ജീവൻ പോലും പണയം വെച്ച് നീ സത്യങ്ങൾ അന്വേഷിച്ച് വന്നു.നിനക്ക് നല്ലൊരു മനസ്സുണ്ട് വർഷേ.പ്രിയപ്പെട്ടവർക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനുമുള്ള മനക്കരുത്തും നിനക്കുണ്ട് ..ഞാൻ വേറൊന്നും ചോദിക്കുന്നില്ല..ഞാൻ കൊണ്ടുപോയ്‌ക്കോട്ടെ നിന്നെ?എനിക്ക് ജീവനുള്ളിടത്തോളം കാലം ഒരു കുറവും വരാതെ ഞാൻ നോക്കിക്കോളാം.."ആദിത്  അവളെ കെട്ടിപ്പിടിച്ചു.അവൾ കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.ആദിത് അവളുടെ മുഖം പിടിച്ചുയർത്തി.നെറ്റിയിൽ ഉമ്മ കൊടുത്തു.. അവളുടെ ചുണ്ടിന്റെ കോണിലെ മുറിപ്പാടിൽ പതിയെ തന്റെ ചുണ്ടുകൾ അമർത്തി..
-------****
കുറച്ച് വർഷങ്ങൾക്ക് ശേഷം..
"സവിതേ..മോളെ സവിതേ.." സതി വീടിന് ചുറ്റും ആരെയോ വിളിച്ച് നടന്നു.
"ആഹ് സതിയമ്മയ്ക്ക് ഇത് തന്നെ പണി..ഈ കുട്ടിയെ കൊണ്ട് തോറ്റു." വർഷ പറയുന്നത്കേട്ട് സതി ചിരിച്ചു.
പെട്ടെന്ന് ചായ്പ്പിൽ നിന്നും ഒരു നാല് വയസ്സ് പ്രായമുള്ള പെൺകുട്ടി പട്ടു പാവാടയും ബ്ലൗസും  ഇട്ട് മുടി രണ്ടു സൈഡിലായി പിന്നി ഇട്ട് പതിയെ നടന്ന് വന്നു.
"അമ്മുമ്മ..ഐ എം ഹിയർ.."അവൾ സതിയോടായി വിളിച്ചുപറഞ്ഞു..
"അപ്പേട്ടാ  ഇവിടെ വരുമ്പോ എങ്കിലും മലയാളത്തിൽ സംസാരിക്കാൻ ഈ കോച്ചിനോടൊന്ന് പറയ്.എപ്പോ നോക്കിയാലും ഇംഗ്ലീഷ് തുപ്പിക്കൊണ്ടിരിക്കും.രണ്ടാം വയസ്സ് തൊട്ടേ ഡേ കെയറിൽ വിട്ടാൽ ഇതാ കുഴപ്പം.. "ആദിത്തിനോട് പറഞ്ഞിട്ട് വർഷ അകത്തേക്ക് പോയി.
ആദിത്തിന്റെയും വർഷയുടെയും മകൾ സവിത! വെക്കേഷന് അമേരിക്കയിൽ നിന്നും നാട്ടിൽ വന്നതായിരുന്നു അവർ മൂന്നുപേരും .പ്രിയ ജയദേവനൊപ്പം അമേരിക്കയിൽ തന്നെ ആയിരുന്നു.ജയദേവന്റെ അവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലായിരുന്നു.
"എന്തിനാ ചായ്പ്പിൽ പോയി ഒളിച്ചിരുന്നത് ?അമ്മൂമ്മ എവിടെയെല്ലാം നോക്കി?"സതി കുഞ്ഞിനോട്  ചോദിച്ചു.
"ഐ വാസ് ഹൈഡിങ് സം ബുക്ക്സ് ഹിയർ .ഐ ലവ് റ്റു റീഡ് മോൺസ്റ്റർ സ്റ്റോറീസ് അമ്മൂമ്മ..ബട്ട് അമ്മ വോണ്ട് ലെറ്റ് മി ടച്ച് ദെം. പ്ളീസ് ഡോണ്ട് ടെൽ അമ്മ ഓക്കേ ?"  കുഞ്ഞ് സവിതയുടെ ഇംഗ്ലീഷ് സതിക്ക് ഒട്ടും മനസ്സിലായില്ല.
"അമ്മയോട് എന്ത് പറയണ്ടെന്നാ എന്റെ പൊന്നുമോൾ പറയുന്നത്?അച്ഛൻ കേട്ടു.ഇപ്പൊ തന്നെ അമ്മയോട് പറയട്ടെ." ആദിത് അവിടെ നിൽക്കുന്ന കാര്യം സവിത അറിഞ്ഞില്ല.
"എന്താ മോനെ കുഞ്ഞ് പറഞ്ഞത്? "സതി ആദിത്തിനോട് കാര്യം തിരക്കി.
"ഇവൾക്ക് കുട്ടികളുടെ കുറച്ച്   കഥാ പുസ്തകങ്ങൾ  ഉണ്ട് സതിയാന്റി.മിക്കതും പ്രേത കഥകളാ..ഇവൾ അതൊക്കെ വായിച്ച് രാത്രി കിടന്ന് നിലവിളിക്കും.അതുകൊണ്ട് വർഷ അതെല്ലാമെടുത്ത് മാറ്റിവെക്കും.ഇപ്പൊ അതെല്ലാം ഇവൾ വർഷ കാണാതെ ചായ്പ്പിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന്..നമ്മടെ സവിതയെ പോലെ തന്നെ.."ആദിത് പറഞ്ഞതുകേട്ട് സതി ചിരിച്ചു..അവർ മൂന്നുപേരും അകത്തേക്ക് നടന്നു.. മുത്തശ്ശിയുടെ അസ്ഥിത്തറയിൽ വർഷ  കത്തിച്ചുവെച്ച വിളക്ക് വീശിയടിച്ച കാറ്റിൽ  അണയാതെ നിന്നു..
(അവസാനിച്ചു)
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA
===================================
A message from Author:-  (കൂട്ടുകാരെ..വർഷയുടെയും ആദിത്തിന്റെയും കഥ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടോ?
ചെറുകഥകളും കവിതകളും എഴുതാറുണ്ടെങ്കിലും തുടർക്കഥ എഴുതാൻ തുടങ്ങിയത് അടുത്തിടെ ആണ്. മാളവിക ആയിരുന്നു എന്റെ ആദ്യ തുടർക്കഥ.
മാളവിക വായിച്ച് നിങ്ങളിൽ  നിന്നും നല്ല പോസിറ്റീവ് റെസ്പോൺസ് കിട്ടിയതാണ് വീണ്ടും ഒരു തുടർക്കഥ എഴുതാൻ എനിക്ക്  പ്രചോദനമായത്..
ഇത് ഒരു യഥാർത്ഥ സംഭവമോ എന്റെയോ എനിക്കറിയാവുന്നവരുടെയോ ജീവിത കഥയോ ഒന്നും  അല്ല.
ഒരുപാട് സമയമെടുത്ത് എന്റെ ഭാവനയിൽ നിന്നും ഞാൻ മെനഞ്ഞെടുത്ത കഥകൾ ആണ് 'മാളവിക'യും 'അന്നുപെയ്തമഴയിൽ’ എന്ന ഈ കഥയും.

കഥ തുടങ്ങിയ ദിവസങ്ങളിൽ ഈ കഥ എങ്ങോട്ടാണ് പോകുന്നതെന്ന് ആർക്കും ഒരു പിടിയും കിട്ടിയില്ലെന്ന് അറിയാം. ക്ലൈമാക്സിലേക്കുള്ള വഴിത്തിരിവായിരുന്നു ഓരോ പാർട്ടും.ഫ്ളാഷ്ബാക്കും തുടർന്നുള്ള സംഭവങ്ങളും കൂട്ടിയിണക്കി കഴിവതും ലോജിക് തെറ്റാതെ എഴുതാൻ കഴിഞ്ഞു എന്ന് കരുതുന്നു.ഒരു ക്രൈം ത്രില്ലെർ ആയത്കൊണ്ട് നിങ്ങൾ ഇത് സ്വീകരിക്കുമോ   എന്നെനിക്ക് ടെൻഷൻ ഉണ്ടായിരുന്നു.
തിരക്കുകൾ മൂലം രാത്രി ഉറക്കമളച്ച് എഴുതുന്നത്കൊണ്ട് ചിലയിടങ്ങളിൽ അക്ഷരത്തെറ്റ്  ഉണ്ടാവാൻ സാധ്യതയുണ്ട്.

അധികം വലിച്ചുനീട്ടാതെ പെട്ടെന്ന് തന്നെ തീർക്കാൻ പറ്റി  എന്നാണ് എന്റെ വിശ്വാസം.നിങ്ങളുടെ ഓരോരുത്തരുടേയും സപ്പോർട്ട് ഉണ്ടെങ്കിലേ എനിക്ക് തുടർന്നും ഇതുപോലെയുള്ള കഥകൾ എഴുതുവാൻ സാധിക്കു.ഈ കഥ നിങ്ങളിലേക്കെത്തിക്കാൻ എനിക്കവസരം തന്ന നല്ലെഴുത്ത് പേജിനോടും അഡ്മിനോടും എന്റെ നന്ദി അറിയിക്കുന്നു.വീണ്ടും ഒരു തുടർക്കഥയുമായി എന്നത്തേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് അറിയില്ല..

വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ..
സ്നേഹത്തോടെ അഞ്ജന)
4
( Hide )
  1. നന്നായി എഴുതി.

    ReplyDelete
  2. വളരെ നന്നായി എഴുതി ... മുഴുവൻ കഥയും വായിച്ചു കഴിഞ്ഞപ്പോൾ ഒരു നല്ല സിനിമ കണ്ട ഒരു ഫീലിംഗ് .. താങ്ക്സ് ... waiting for next story!!!!!!!!

    ReplyDelete
  3. ഒരുപാട് ഇഷ്ടമായി. വെയ്റ്റിംഗ് ഫോർ d next.. ❤️

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo