Slider

ഉടഞ്ഞുവീഴുന്ന ചില്ലുഗോപുരങ്ങൾ - രണ്ടാം ഭാഗം

0
Image may contain: 1 person, smiling, closeup
അശോകത്തിൻ പൂവുകളാൽ അലംകൃതമായ മുറ്റവും തൊട്ടു പുറകിലായി ഒട്ടും പ്രൗഢമല്ലാത്ത കൊച്ചു വീടും ..ഉമ്മറക്കോലായിലെ ചാരു കസേരയിൽ ചിന്തകളാൽ കലുഷിതമായ മനസ്സുമായി തന്റെ നരവീണ കുറ്റിത്താടിയിൽ വിരലോടിച്ച് അലോഷിയിരിക്കുന്നു .വിയർപ്പു വീണ നെറ്റിത്തടം തന്റെ രണ്ടാം മുണ്ടിനാൽ ഒപ്പി കേശുമ്മാവൻ ഒന്നു ചുമച്ചു. കേശുമ്മാവന്റെ മുരടനക്കംഅലോഷിയെ ചിന്തയിൽ നിന്നുണർത്തി .
"കുട്ടി വന്നിട്ടുണ്ട് .ഞാൻ പറഞ്ഞിരുന്നു ...,ഇങ്ങോട്ട് വരുംന്നാ പറഞ്ഞത് .ഞാൻ കടേൽ പോന്ന വഴി കേറീ ന്നേയുള്ളൂ ... "
അലോഷി മുഖത്ത് ഒരു ചിരി പടർത്തി
"കേശുമ്മാവൻ ഇരിക്കൂ .. സീതേ എന്തേലും കുടിയ്ക്കാൻ എടുത്തോളൂ ട്ടോ ..."
ചാരുപടിയിൽ പാതി പതിഞ്ഞിരിക്കവേ കേശുമ്മാവന്റെ കണ്ണുകൾ അകത്തേക്ക് നീണ്ടു ."വേണമെന്നില്ല, ആ കുട്ടിയ്ക്ക് ബുദ്ധിമുട്ടാവില്ല ..?"
"ഏയ് അവൾക്ക് രാത്രിയിൽ കണ്ണ് പിടിക്കില്ല. .. അത്രേയുള്ളൂ . ചികിത്സയുണ്ട് ... കുറേശ്ശെ മാറ്റണ്ട് ... "
വിടർന്ന മിഴികളിൽ തുളുമ്പി നിന്ന ദുഃഖം പുറത്തു കാണാത്ത രീതിയിൽ ചിരിച്ചു കൊണ്ട് സീത കേശുമ്മാവന് സംഭാരം നൽകി ... എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ തോന്നി കേശുമ്മാവന് .
"ഞാൻ ഇറങ്ങട്ടെ ... നേരം കുറേയായി .. "
വലം കൈ തലയ്ക്ക് കീഴെ തിരുകി അലോഷി ചാരുകസേരയിലേക്ക് കിടന്നു. ...
നേർത്ത തണുത്ത കാറ്റ് അയാളുടെ മുഖത്തെ തഴുകി ... വൈകാതെ കാറ്റ് ചൂടുപിടിക്കാൻ തുടങ്ങി .. അത് പാലക്കാടൻ ഉഷ്ണക്കാറ്റായി മാറുമ്പോൾ അലോഷി അഗ്രഹാരത്തിന്റെ കതികിൽ മൃദുവായി മുട്ടി ... പാതി തുറന്ന് കതകിനപ്പുറം ഒരു വൃദ്ധയുടെ നിഴലനക്കം കാണാം ...
"എന്നാ വേണം ...? "
" മൃദുല ...? "
"ഇങ്കെയില്ല... ഉങ്കൾക്ക് എന്ന സംബന്ധം ..?"
" അറിയാം ... ഒന്നിച്ചു പഠിച്ചതാണ് .. എവിടെ പ്പോയതാ ? .."
"തെരിയലെ ... "
വാതിൽ കൊട്ടിയടച്ചു .... തുടർന്നുള്ള അന്വേഷണത്തിൽ കോയമ്പത്തൂരാണെന്നറിഞ്ഞതിനാൽ ഒട്ടും മടിയാതെ അവിടേക്കു തിരിച്ചു .
രണ്ടു വർഷത്തെ അലച്ചിലിനൊടുവിൽ രാമനാഥപുരത്തെ ഒരു ഫ്ലാറ്റിൽ മൃദുലയെ കണ്ടെത്തുമ്പോൾ അവളുടെ ഒക്കത്ത് ഒരു കുഞ്ഞു മുഖം മോണകാട്ടി തന്നോട് ചിരിക്കുന്നുണ്ടായിരുന്നു.
"ഊണു കഴിക്കാം .. "
സീതയുടെ ശബ്ദം ചിന്തകളിൽ നിന്നുണർത്തി .
"നീ കഴിക്കുന്നില്ലേ ...? "
കഴിക്കുന്നതിനിടെ അലോഷി തിരക്കി .. "
"നീയെല്ലാം മറന്ന് ഒന്നു ചിരിക്കുന്നത് കാണാൻ എനിക്ക് കഴിയുമോ ?"
അവളൊന്നു ചിരിച്ചെന്നു വരുത്തി ...
''അമ്മയെ വല്ലാതെ ഓർമ്മ വരുന്നു ...!"
അലോഷി കഴിച്ചെന്നു വരുത്തി മുറിയിലെത്തി മരുന്നു കഴിച്ചു ... ഷെൽഫിലെ കുഞ്ഞു ഫോട്ടോയിൽ ദേവൻ തന്നെ നോക്കിച്ചിരിക്കുന്നതിലേക്ക് ഒന്നു പാളി നോക്കി ...
ദേവുവിന്റെ വിവാഹത്തിനോടനുബന്ധിച്ച് എടുത്ത ഫോട്ടോയായിരുന്നു ... ആ ചിരിയിൽ ഒരു പാട് അർത്ഥങ്ങളുണ്ടെന്ന് അലോഷിക്കു തോന്നി.
രണ്ടു വർഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ദേവുവിന്റെ വിവാഹം കഴിഞ്ഞെന്ന വാർത്തയറിഞ്ഞത് .അന്നൊരു തരം മരവിപ്പായിരുന്നു .ദേവന് വേണ്ടി മാറിനിന്നതിൽ അന്നെന്തോ അഭിമാനം തോന്നി .
മൃദുലയെക്കണ്ട കാര്യം പറഞ്ഞപ്പോൾ ആ മനസ്സിന്റെ വിങ്ങൽ മിഴികളിൽ പ്രതിഫലിച്ചത് ഇന്നുമോർക്കുന്നു ....
"അലോഷി.., നിന്നോട് ചെയ്തതിന്റെ പ്രതിഫലം ദൈവം എനിക്കു തന്നതാവും ... അവളുടെ ജീവിതത്തിലേക്ക് ഇനി നമ്മൾ പോണ്ട. ... ഞാനൊരു യാത്ര പോവുന്നു ... നീ വരുന്നോ ...? "
ഇല്ല ... കുറച്ചു നാൾ റെയിൽവേ കാന്റീനിലായിരുന്നു ... അവിടേയ്ക്കു തിരിച്ചു പോണം ...
ദേവന്റെ ചിത്രം വീണ്ടും ചിരിക്കുന്നു ... പുറത്ത് അന്തരീക്ഷം കറുപ്പണിഞ്ഞിരിക്കുന്നു ... ഒന്നു തകർത്ത് പെയ്തിരുന്നെങ്കിലെന്ന് അലോഷി ആഗ്രഹിച്ചു .

(തുടരും )
രചന: ശ്രീധർ ആർ എൻ
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- CLICK HERE
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo