നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Patient 27 - Part 11


ഭാഗം - 11 ( Read previous parts here - Click here - https://goo.gl/YQ1SLm )
Copyright Work- In Accordance with section 45 of the copyright act 1957 (14 of 1957)
****************************************************
Reserved Forest– Elephanta Island - Mumbai
****************************************************
കഴിഞ്ഞ ഭാഗം തുടരുന്നു...
അസാധാരണ വലുപ്പമുള്ള ആ സിറിഞ്ചിൽ വളരെ സൂഷ്മതയോടെ നീഡിൽ പിടിപ്പിച്ച് സുജിത്ത് ഒന്ന് ചുറ്റും നോക്കി. ഒരു വന്യമൃഗത്തിന്റെ മുഖഭാവമായിരുന്നു അപ്പോളവന്.
പിന്നെ തന്റെ ഷർട്ടിന്റെ ബട്ടനുകൾക്കിടയിൽ വിരൽ കൊണ്ട് തിരഞ്ഞ് അവൻ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു. ആ സിറിഞ്ചിന്റെ നീഡിൽ മാറിൽ... അവന്റെ ചൂണ്ടുവിരലിനോട് ചേർന്ന് പതിയെ അമർന്നു.
ദിഗന്തങ്ങൾ നടുങ്ങുമാറുച്ചത്തിൽ ഒരലർച്ചയായിരുന്നു പിന്നീട് കേട്ടത്.
ആ സിറിഞ്ചിലെ മരുന്ന് മുഴുവൻ അവൻ നേരേ തന്റെ ഹൃദയത്തിലേക്ക് കുത്തിയിറക്കി!!
സെക്കൻഡുകൾക്കുള്ളിൽ അവന്റെ ശരീരം മരുന്നിനോട് പ്രതികരിച്ചു തുടങ്ങി.
കണ്ണുകൾ കുറുകി വന്നു. പേശികൾ വലിഞ്ഞു മുറുകി.
ശരീരത്തിൽ നിന്ന് വേദന എന്ന പ്രതിഭാസം പൂർണ്ണമായും അപ്രത്യക്ഷമാകുന്നതവൻ തിരിച്ചറിഞ്ഞു. ഒപ്പം ഭയവും! എന്തു വന്നാലും നേരിടാനാകുമെന്ന ഒരു വല്ലാത്ത ആത്മവിശ്വാസം! കൈ കാലുകളിലെ മസിലുകൾ വസ്ത്രങ്ങൾ വലിച്ചു കീറി അവൻ സ്വതന്ത്രമാക്കിക്കൊടുത്തു.
ഒരു പാറ്റൺ ടാങ്കു വന്നാൽ പോലും നെഞ്ചു വിരിച്ചു നേരിടാനുള്ള ചങ്കുറപ്പുമായി സുജിത്ത് പാളയത്തിൽ എന്ന ‘പേഷ്യന്റ് 27’ ആ ക്യാമ്പ് ലക്ഷ്യമാക്കി നടന്നു.
ആ യാത്രയിൽ അയാൾ തന്നെ കൊണ്ടു വന്ന ഹെലികോപ്റ്ററിന്റെ ഭാഗങ്ങൾ കണ്ടു. തകർന്നു തരിപ്പണമായി കിടക്കുകയാണത്, ഇപ്പോഴും പുകയുയരുന്നുണ്ട്. മേജർ സുദേവും പൈലറ്റും രക്ഷപ്പെട്ടിരിക്കണം. മൃതദേഹങ്ങളൊന്നും കാണാനില്ല.
അധികം ദൂരെയല്ലാതെ പട്ടാളത്തിന്റെ ആക്രോശങ്ങൾ കേൾക്കാം. തന്നെ തേടിയിറങ്ങിയവരാണ്. അവനു സഹതാപം തോന്നി. തന്റെ മുൻപിൽ വന്നു പെട്ടാൽ പിന്നെ അവരാരും തന്നെ അടുത്ത സൂര്യോദയം കാണില്ല എന്നവനുറപ്പാണ്. വെടി വെച്ചാൽ പോലും തനിക്കേൽക്കില്ല എന്നവന് തോന്നി . പേശീ നിബദ്ധമായ അവന്റെ ശരീരം കണ്ടാലും അങ്ങനെ തന്നെ തോന്നും. താനിപ്പോൾ ഒരു അമാനുഷനായിക്കഴിഞ്ഞിരിക്കുന്നു എന്നു തന്നെ അവൻ വിശ്വസിച്ചു. എന്നാൽ... ആ തോന്നലും ആ മരുന്നിന്റെ പ്രവർത്തന ഫലമായിരുന്നു എന്നവനറിഞ്ഞിരുന്നില്ല.
പക്ഷേ കുറച്ചു നടന്നപ്പോഴേക്കും അവൻ ഭയന്നിരുന്നതു സംഭവിച്ചു.അവന്റെ വലതു ഭാഗത്തായി, ഒരു പൊൻ കൊലുസ്സിന്റെ ശബ്ദം...
അങ്ങോട്ടു നോക്കാൻ തന്നെ അവനു തോന്നിയില്ല. ശ്രീക്കുട്ടിയാണത്. അവനറിയാം. പക്ഷേ...
അതൊരു ഹാലൂസിനേഷനാണ്. മായക്കാഴ്ച്ച. അതിലേക്കെങ്ങാൻ ശ്രദ്ധ ഒന്നു പതറിപ്പോയാൽ, അടുത്ത നിമിഷം മാരകമായ ഒരു സൈക്കഡലിക്ക് വിഭ്രാന്തിയിലേക്ക് കൂപ്പുകുത്തുകയായി. പിന്നെ കാട്ടുന്നതെല്ലാം മുഴുഭ്രാന്തിൻ്റെ ചേഷ്ടകൾ ആയിരിക്കും. പക്ഷേ... ഇപ്പോളവനത് നിയന്ത്രിക്കാനാകുന്നുണ്ട്. യാഥാർത്ഥ്യമേത്
മായയേത് എന്നു തിരിച്ചറിയാനാകുന്നുണ്ട്. ആ കൊലുസ്സിന്റെ ശബ്ദം പൂർണ്ണമായും അവഗണിച്ച് അവർ മുൻപോട്ടു തന്നെ നടന്നു. ഏതു നിമിഷവും പിൻവലിക്കാവുന്ന തരത്തിൽ പോക്കറ്റിൽ തന്റെ പിസ്റ്റൾ റെഡിയാക്കി വെച്ചു.
നേരത്തെ ആ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്ന സമയത്ത് താഴെ സ്നൈപ്പർ റൈഫിളുകളുമായി രണ്ടു മൂന്നു പട്ടാളക്കാർ താഴെ ഉണ്ടെന്നത് അവൻ ശ്രദ്ധിച്ചിരുന്നു. അതെല്ലാം ഒരു ഫോട്ടോഗ്രാഫ് പോലെ അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. സ്നൈപ്പേഴ്സ് മറഞ്ഞിരുന്നു തന്നെ നിരീക്ഷിക്കുന്നുണ്ടാകണം എന്ന തോന്നലിൽ, അവൻ തന്റെ നടത്തത്തിന്റെ സ്വഭാവം ഒന്നു മാറ്റി. ഇടക്കിടെ ഇടത്തേക്കും വലത്തേക്കും ചാടിക്കൊണ്ടാണ് നടപ്പ്. സ്നൈപ്പേഴ്സ്, ടെലസ്കോപ്പിലൂടെ നോക്കുമ്പോൾ പെട്ടെന്നു ചലിക്കുന്ന വസ്തുക്കളെ ഫോക്കസ് ചെയ്യാൻ ബുദ്ധിമുട്ടാണ്.
മുൻപിൽ ഒരു ചെറിയ മൊട്ടക്കുന്നാണ്. ദിശയനുസരിച്ച് അതിനപ്പുറമാണ് ക്യാമ്പെന്നവൻ ഊഹിച്ചു. ആ ഹെലികോപ്റ്റർ പറക്കുന്ന സമയത്ത് അവൻ കണ്ട ആകാശ ദൃശ്യങ്ങൾ ഇപ്പോൾ കൺമുന്നിൽ പ്ലേ ചെയ്യുന്ന ഒരു ചലച്ചിത്രം കാണുന്നതുപോലെ ഓർത്തെടുക്കാൻ അവന് സാധിക്കുന്നുണ്ടായിരുന്നു. ഫോട്ടോഗ്രാഫിക്ക് മെമ്മറി എന്നറിയപ്പെടുന്ന ഈ പ്രതിഭാസവും ആ മരുന്നിന്റെ മറ്റൊരു മായാജാലം തന്നെയായിരുന്നു.
പോക്കറ്റിൽ നിന്നും കത്തിയെടുത്ത് ധാരാളം ഇലകളുള്ള ഒരു മരക്കൊമ്പ് മുറിച്ചെടുത്ത് അവൻ തലക്കു മുകളിൽ ഉയർത്തിപ്പിടിച്ചു. എന്നിട്ട് അവിടവിടെയായി കണ്ട കുറ്റിച്ചെടികൾക്കിടയിലൂടെ കുനിഞ്ഞ് പതിയെ പതിയെ ആ മൊട്ടക്കുന്നിന്റെ മുകളിലേക്ക് ചുവടു വെച്ചു. ദൂരെ നിന്നു നോക്കിയാൽ ഒരു വലിയ ചെടി മാത്രം കാണാനുണ്ടാകും.. മറ്റനേകം ചെടികൾക്കിടയിൽ അതിൻറെ സ്ഥാനചലനം ശ്രദ്ധിക്കപ്പെടുകയും ഇല്ല.
കുന്നിന്റെ മുകളിലെത്തിയതോടെ അവൻ ജാഗരൂകനായി. ഇനിയങ്ങോട്ട് അപകടസാധ്യത വർദ്ധിക്കുകയാണ്. ഏതു ദിശയിൽ നിന്നും ആക്രമണം പ്രതീക്ഷിക്കാം. ചുറ്റും തന്നെ നിരീക്ഷിക്കുന്ന കണ്ണുകളുണ്ടാകാം. അവൻ നിലം പറ്റിക്കിടന്ന് ആ മരക്കൊമ്പ് തന്റെ ദേഹത്തേക്ക് മറിച്ചിട്ടു.
കുറച്ചു സമയം അങ്ങനെ കടന്നു പോയി. പെട്ടെന്ന്!
“സുജിത്ത്...!” കാതിനടുത്തായി ഒരു ശബ്ദം കേട്ടു ഞെട്ടിത്തിരിഞ്ഞു നോക്കിയ അവൻ നടുങ്ങിപ്പോയി. തന്നോടൊപ്പം ആ പുൽപ്പരപ്പിൽ കമിഴ്ന്നു കിടക്കുന്ന ഒരു മനുഷ്യൻ!
ഡോ. രഘുചന്ദ്ര!
“സുജിത്ത്... നിനക്കു തോന്നുന്നുണ്ടോ ഒറ്റക്ക് ഇവരെയെല്ലാം നേരിടാനാകുമെന്ന് ?” ഒരു പരിഹാസച്ചിരിയോടെ അയാൾ ചോദിക്കുകയാണ്.
“You!!! BastaaaaarD!" അലറിക്കൊണ്ട് ചാടിയെഴുന്നേറ്റ സുജിത്ത് തുടരെ തുടരെ നിറയൊഴിച്ചു. ഡോക്ടറുടെ കണ്ണുകളിൽ... മാറിൽ... അവൻ നിർത്താതെ ട്രിഗർ വലിച്ചുകൊണ്ടിരുന്നു. പക്ഷേ...
ഓരോ വെടിയേല്ക്കുമ്പോഴും പൊട്ടിച്ചിരിച്ചുകൊണ്ട് അവിടെ തന്നെ കിടക്കുകയാണയാൾ! വെടിയുണ്ടകൾ ഡോക്ടറുടെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽപ്പിക്കുന്നില്ല. ആദ്യം അവൻ അമ്പരന്നു.
”SHIT!!" സുജിത്ത് തല കുടഞ്ഞു. അതും മറ്റൊരു മായക്കാഴ്ച്ച മാത്രമായിരുന്നു എന്നവൻ തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയി.
“FIRE!!" എന്നൊരു അലർച്ച കേട്ടു.
അനേകം യന്ത്രത്തോക്കുകൾ ഒരുമിച്ച് ഗർജ്ജിക്കുന്ന ശബ്ദം! നാനാ ദിശകളിൽ നിന്നും വെടിയുണ്ടകൾ ചീറിപ്പാഞ്ഞു വന്നു! സുജിത്ത് ഒരലർച്ചയോടെ നിലത്തേക്കു കമിഴ്ന്നു വീണു കിടന്നു.
വെടിയേറ്റിട്ടുണ്ട് തനിക്ക്. പക്ഷേ, വേദന അറിയാനാകുന്നില്ല. അതുകൊണ്ടു തന്നെ എത്ര ഗുരുതരമാണ് പരിക്കുകൾ എന്നും തിരിച്ചറിയാനാകുന്നില്ല. അവൻ നിശ്ചലനായി അവിടെ തന്നെ കിടന്നു.
“CEASE FIRE!!" ആരോ ഉറക്കെ അലറുന്ന ശബ്ദം കേട്ടു. അടുത്ത നിമിഷം തന്നെ തോക്കുകൾ നിശബ്ദമായി.
സുജിത്ത് ആ കിടപ്പിൽ കണക്കു കൂട്ടുകയായിരുന്നു.
അഞ്ചു മെഷീൻ ഗണ്ണുകൾ, ശബ്ദം കേട്ട ദിശ നോക്കി ഓരോന്നിന്റേയും കൃത്യമായ ലൊക്കേഷൻ അവനു മനസ്സിലാക്കാനാകുന്നുണ്ട്. തന്റെ തോക്കിൽ ഇനി ആകെ 2 ബുള്ളറ്റുകളേ ശേഷിച്ചിരിക്കാൻ സാധ്യതയുള്ളൂ.അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ഇടതു ഷോൾഡറിൽ വെടിയേറ്റിട്ടുണ്ട്. ചോര കുതിച്ചൊഴുകുകയാണ്. അവൻ കൈ ഒരു കുമ്പിൾ പോലെ പിടിച്ച് ആ രക്തം ശേഖരിച്ച് തന്റെ മുഖത്തേക്കൊഴിച്ചു. മൂന്നു നാലു പ്രാവശ്യം അതു ചെയ്തപ്പോഴേക്കും, അവന്റെ മുഖവും, തലമുടിയും ചോരയിൽ കുതിർന്നിരുന്നു. എന്നിട്ടവൻ പതിയെ മലർന്നു കിടന്നു.
ഒറ്റ നോട്ടത്തിൽ തലക്കു വെടിയേറ്റെന്നേ തോന്നൂ. ഒരു ചെറിയ അനക്കം പോലുമില്ലാതെയുള്ള അവന്റെ കിടപ്പു കണ്ടാൽ ജീവനുണ്ടെന്ന് ആരും പറയില്ല.
****************************************************************
Temperory Military Fecility – Elephanta Island - Mumbai
*****************************************************************
കഴിഞ്ഞ ഭാഗം തുടരുന്നു...
ആ സിറിഞ്ച് താൻ കഴുത്തിൽ കുത്തിയിറക്കിയതിനു ശേഷം, ഇതുവരെ കാണാത്ത ഒരു ഭീതി ഡോ. രഘുചന്ദ്രയുടെ കണ്ണിൽ നിഴലിക്കുന്നതവൾ കണ്ടു. സിറിഞ്ച് കുത്തിയിറക്കിയിട്ടേയുള്ളൂ, മരുന്ന് അവൾ ഇഞ്ചക്റ്റ് ചെയ്തിരുന്നില്ല. പക്ഷേ ഏതു നിമിഷവും അമർത്താവുന്ന രീതിയിൽ അവളുടെ തള്ളവിരൽ പിസ്റ്റണിൽ അമർന്നിരുന്നു.
വിറങ്ങലിച്ചു പോയിരുന്നു പട്ടാളക്കാർ. എന്തിനും മടിക്കാത്ത ഒരുവളാണതെന്നവർക്ക് വ്യക്തമായി മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു. ഡോ. രഘുചന്ദ്രയും അവരോട് പിൻവാങ്ങാൻ കൈകൊണ്ട് ആംഗ്യം കാണിക്കുകയാണിപ്പോൾ!
“GET THE FUCK OUT!!” അവൾ ഗർജ്ജിച്ചു!
നിമിഷങ്ങൾക്കുള്ളിൽ പട്ടാളക്കാർ പുറത്തേക്കിറങ്ങി അവൾക്കു വഴിയൊരുക്കിക്കൊടുത്തു.
“ഈ സിറിഞ്ചിലെന്താണെന്നു നിനക്കറിയില്ല നതാലിയാ...” ഡോക്ടർ പിറുപിറുക്കുന്നുണ്ടായിരുന്നു.
“ഷട്ടപ്പ്!” അവൾ തോക്ക് പിടിച്ച കൈകൊണ്ട് അയാളുടെ തലക്കു പിറകിൽ ആഞ്ഞൊരടി കൊടുത്തു. “പ്രവീൺ എവിടെ ?”
“പ്രവീണോ ? അതാരാണ് ?” മനസ്സിലാകാത്ത പോലെ ഡോക്ടർ അവളെ തിരിഞ്ഞ് നോക്കാൻ ശ്രമിച്ചു.
“Where the fuck is Praveen Sathya ?" അവൾ വീണ്ടും തോക്കു പിടിച്ച് കൈ ഓങ്ങി.
”നിനക്കെന്നെ ജീവനോടെ തന്നെ വേണം നതാലിയാ...എനിക്കറിയാം.“ ഡോക്ടറുടെ മുഖത്ത് വിരിഞ്ഞ ചിരി ഒറ്റ നിമിഷം കൊണ്ടവൾ ഇല്ലാതാക്കിക്കളഞ്ഞു. സിറിഞ്ചിന്റെ പിസ്റ്റണിൽ അവളുടെ വിരൽ തെല്ലൊന്നമർന്നപ്പോൾ തന്നെ ഡോക്ടർ ജാഗരൂകനായി. അവൾ ചോദിച്ചതിനുള്ള ഉത്തരമല്ലാതെ മറ്റൊന്നും നതാലിയ സ്വീകരിക്കില്ല എന്നയാൾക്കു മനസ്സിലായി.
“ഓക്കേ! അയാൾ സേഫാണ്. അടുത്ത മുറിയിൽ തന്നെയുണ്ട്. ആ സിറിഞ്ചിലെന്താണെന്നറിയാതെ നീ-”
“നടക്ക്!” അവൾ അയാളെ ശക്തിയായി പുറത്തേക്കു തള്ളി.
സത്യത്തിൽ അടുത്ത നീക്കമെന്തായിരിക്കണം എന്ന കാര്യത്തിൽ അവൾക്കും നിശ്ചയമുണ്ടായിരുന്നില്ല. മുറിക്ക് പുറത്ത് സായുധരായ പട്ടാളക്കാരുണ്ട്. എത്രയൊക്കെ ശ്രമിച്ചാലും, അത്രയധികം പേരെ ഒന്നിച്ചു നേരിടാൻ തന്നെക്കൊണ്ടാകില്ല. എന്നാൽ അവളുടെ മുഖത്ത് നോക്കിയാൽ അടുത്തത് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് കൃത്യമായി പ്ലാൻ ചെയ്ത ഭാവമായിരുന്നു. നതാലിയയുടെ മനസ്സിലൂടെ പലതരം ചിന്തകൾ കടന്നു പോയി. ഒരു നിമിഷം, ഡോക്ടറെ ഇല്ലാതാക്കി തന്റെ മിഷൻ പൂർത്തിയാക്കിയാലോ എന്നു വരെ അവൾ ചിന്തിച്ചു. പക്ഷേ പ്രവീൺ അപകടത്തിലാണ്. അതു മാത്രമാണ് അവളെ അലട്ടിയ ഏക പ്രശ്നം. തന്നെ ഒന്നു പരിചയപ്പെട്ടു എന്നൊരു തെറ്റു മാത്രമേ ആ ചെറുപ്പക്കാരൻ ചെയ്തുള്ളൂ. വരുന്നതു വരട്ടെ എന്നുറപ്പിച്ച് അവൾ ഡോക്ടറുമായി വെളിയിലേക്കിറങ്ങി.
“ഒരൊറ്റയെണ്ണം അടുത്തു വരരുത്! മരിക്കാൻ പേടിയില്ലെനിക്ക്!” അവൾ ഉറക്കെ അലറി. “എവിടെ പ്രവീൺ ?”
മേജർ യൂണിഫോമിലുണ്ടായിരുന്ന ഒരു പട്ടാളക്കാരനെ കണ്ണു കൊണ്ടാംഗ്യം കാണിച്ചു. ഉടനെ തന്നെ മറ്റൊരുത്തൻ പ്രവീണിനെ ലോക്ക് ചെയ്തിട്ടിരുന്ന മുറിയുടെ വാതിൽ ചൂണ്ടിക്കാണിച്ചു കൊടുത്തു.
“മി. പ്രവീൺ അകത്തുണ്ട്.” മേജർ ശബ്ദം താഴ്ത്തി പറഞ്ഞു.
“അതുകൊണ്ട് ?” നതാലിയാ പല്ലുകൾ ഞെരിച്ചു. “ഞാനകത്തു പോയി അവനെ ഇറക്കിക്കൊണ്ടു വരണോ ? നിങ്ങൾ എന്താണ് കരുതിയിരിക്കുന്നത് മിസ്റ്റർ ? നിന്റെയൊക്കെ കയ്യിൽ എന്തൊക്കെ ട്രിക്കുകളുണ്ടെങ്കിലും ഓരോന്നായി പുറത്തെടുത്തോളൂ. അതിൽ ഒന്നെങ്കിലും നതാലിയ മുൻപ് കണ്ടിട്ടില്ലാത്തതുണ്ടോ എന്ന് പരീക്ഷിക്കാവുന്നതാണ് ! Go! Get him you bastards!!"
മേജർ ഒന്നു സംശയിച്ചു നിന്നു. അടുത്ത നിമിഷം നതാലിയായുടെ കയ്യിലെ തോക്കു ശബ്ദിച്ചു.
പ്രവീണിനെ ബന്ധിച്ചിരുന്ന മുറിയുടെ താഴ് ഒരു വലിയ ശബ്ദത്തോടെ പൊട്ടിച്ചിതറി.
വെടിശബ്ദം കേട്ട് ഭയന്നു പോയ പട്ടാളക്കാർ നിമിഷങ്ങൾക്കുള്ളിൽ ആ മുറിയിലേക്കോടിക്കയറി.
“ആരാണ് ഇവിടത്തെ കമാൻഡിങ്ങ് ഓഫീസർ ?” നതാലിയ ആ മേജറുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിയാണ് ചോദിച്ചത്.
“അദ്ദേഹമാണ്.” ഡോക്ടർക്കു നേരേ മേജർ വിരൽ ചൂണ്ടി.
“ഓക്കെ! ഇയാളാണ് കമാൻഡർ എന്ന് നിങ്ങളോടാരു പറഞ്ഞു ?”
“അത്... ഞങ്ങൾക്ക് ഓർഡറുണ്ട്.”
“അതാണ് ഞാൻ ചോദിച്ചത്. ആരുടെ ഓർഡർ .?”
“ജെനറൽ സാവന്ത്.”
“സാവന്ത് ഭട്ട് ?” ആ പേര് നതാലിയ ധാരാളം കേട്ടിട്ടുണ്ട്.
മേജർ തല കുലുക്കി.
അപ്പോഴേക്കും വാതിൽ തുറന്ന് പ്രവീൺ വെളിയിലേക്കിറങ്ങിയിരുന്നു. പാവം ഭയന്ന് രണ്ടു കൈകളും പൊക്കിപ്പിടിച്ചാണ് ഇറങ്ങി വന്നത്.
“പ്രവീൺ! Don't Worry! everything is gonna be OK. We are going home soon. OK ?" നതാലിയ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഭയന്ന് വിറങ്ങലിച്ചു പോയ ആ ചെറുപ്പക്കാരനിൽ അത് യാതൊരു ചലനവും ഉണ്ടാക്കിയില്ല.
പ്രവീൺ സുരക്ഷിതനായി തന്റെ അടുക്കലെത്തിയതും നതാലിയ മേജറെ തന്റെ അടുത്തേക്കു വിളിച്ചു.
”താങ്കൾ ഓർഡർ അനുസരിക്കുകയാണ്. എനിക്കറിയാം. നമ്മൾ തമ്മിൽ ഒരു പ്രശ്നമുണ്ടാകേണ്ട യാതൊരാവശ്യവുമില്ല. പരസ്പരം സഹകരിച്ചാൽ നമുക്കൊരു വലിയ കോൺഫ്ലിക്റ്റ് ഒഴിവാക്കാം.“
മേജർ തലയാട്ടി കേട്ടു.
”ഉടൻ തന്നെ താങ്കൾ RAW ഡെപ്യൂട്ടി ഡയറക്ടർ സോമനാഥ് ചാറ്റർജ്ജിയുമായി ബന്ധപ്പെടുക. സിറ്റുവേഷൻ റിപ്പോർട്ട് കൊടുക്കുക. വേണ്ടത് അദ്ദേഹം ചെയ്തോളും. മനസ്സിലാകുന്നുണ്ടോ ?“
”സോറി മാഡം...“ മേജറുടെ തല കുനിഞ്ഞു. ”ഇത് ഒരു മിലിട്ടറി രഹസ്യ താവളമാണ്. ഇതിന്റെ ലൊക്കേഷൻ വെളിയിലാരോടെങ്കിലും ഡിസ്ക്ലോസ് ചെയ്യുന്നത് ... രാജ്യദ്രോഹക്കുറ്റമായിട്ടാണ് പരിഗണിക്കുക. നിങ്ങൾക്കെന്നെ കൊല്ലാം മാഡം. But I will not commit Treason!"
“What the hell are you talking about ?”നതാലിയ അമ്പരന്നു പോയി. “നിങ്ങൾ ഇപ്പോളീ ചെയ്തുകൊണ്ടിരിക്കുന്നതാണ് രാജ്യദ്രോഹം സുഹൃത്തേ! ഇതൊരു ഇല്ലീഗൽ പരീക്ഷണമാണിവിടെ നടക്കുന്നത്.”
മേജർ കഴുത്തിൽ തൂക്കിയിട്ടിരുന്ന സയനേഡ് ക്യാപ്സ്യൂൾ വലിച്ചെടുത്ത് നതാലിയാക്കു കാണിച്ചു കൊടുത്തു. “ഇവിടത്തെ രഹസ്യങ്ങൾ വെളിയിൽ പോയേക്കാവുന്ന ഒരു സാഹചര്യത്തിൽ ജീവനൊടുക്കാൻ തീരുമാനിച്ചിട്ടുള്ളവരാണ് ഞങ്ങളോരോരുത്തരും.”
താൻ കരുതിയതിലും എത്രയോ വലിയൊരു ഗൂഢാലോചനയാണിവിടെ നടക്കുന്നതെന്ന് നതാലിയ തിരിച്ചറിഞ്ഞു. തങ്ങൾ ഈ ചെയ്യുനത് നൂറു ശതമാനവും ശരിയാണ്. രാജ്യ സുരക്ഷക്കു വേണ്ടിയാണ് എന്നൊക്കെ ധരിച്ചു വെച്ചിരിക്കുകയാണ് ഈ പാവം ഉദ്യോഗസ്ഥർ. അവരെയും പറഞ്ഞിട്ടു കാര്യമില്ലല്ലോ. മുകളിൽ നിന്നുള്ള ഓർഡറാണ്. ബ്രിഗേഡിയർ ജെനറൽ സാവന്ത് ഭട്ടിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. ദയയോ ദാക്ഷിണ്യമോ തൊട്ടു തീണ്ടിയിട്ടില്ലാത്ത, തികച്ചും അപകടകാരിയായൊരു പട്ടാള മേധാവി. ക്രൂരതക്ക് പേരു കേട്ടയാളാണയാൾ. ചീഫ് ഓഫ് ആർമി സ്റ്റാഫ് (COAS) നേരിട്ടിടപെട്ട് അദ്ദേഹത്തെ ഒരിക്കൽ സസ്പെൻഡ് വരെ ചെയ്തിട്ടുണ്ട്. ഇപ്പോഴും ഇത്ര അപകടകാരിയായൊരു ഉദ്യോഗസ്ഥനെ ആർമ്മിയിൽ തുടരാനനുവദിക്കുന്നതിനെച്ചൊല്ലി പല വിവാദങ്ങളുമുണ്ടായിട്ടുണ്ട്.
ഇത് അതീവ ഗൗരവകരമായൊരു ആഭ്യന്തര പ്രശ്നമാണ്. തന്റെ മിഷൻ പൂർത്തിയാക്കുന്നതിലുപരി, ഈ ഗൂഢാലോചന തകർക്കുന്നതാണ് പ്രധാനമെന്നവൾക്കു തോന്നി.
പെട്ടെന്ന്!
ആ പട്ടാളക്കാർക്കു പുറകിൽ , ഇരുമ്പിന്റെ സ്റ്റെയർകേസിനു മുകളിലായി ബൂട്ടിട്ട രണ്ടു കാലുകൾ പ്രത്യക്ഷപ്പെട്ടു ! പതിയെ പതിയെ ഓരോ സ്റ്റെപ്പുകളായി ഇറങ്ങി വരുന്ന അസാമാന്യ ഉയരമുള്ള ഒരാൾ. മിലിട്ടറി യൂണിഫോമിലല്ല. ഇരു കൈകളും ട്രൗസറിന്റെ പോക്കറ്റിൽ തിരുകിയിരിക്കുന്നു. മുഖം വ്യക്തമല്ല.
“സ്റ്റോപ്പ്!!” നതാലിയ അലറി.
അയാൾ നിന്നു. പിന്നെ സാവധാനം പോക്കറ്റിൽ നിന്നും വലതു കൈ പിൻവലിച്ചു. പിന്നെ മുഷ്ടി ചുരുട്ടി കൈ മുഖത്തേക്കുയർത്തുന്നതു കണ്ടു.
“Get Down Here!” നതാലിയ അപകടം മണത്തു കഴിഞ്ഞു. “പ്രവീൺ! ഗെറ്റ് ബാക്ക്! ആ മുറിക്കുള്ളിലേക്കു കയറിക്കോളൂ.” അവൾ തന്നെ ബന്ധിച്ചിരുന്ന മുറിയിലേക്ക് കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി.
അടുത്ത നിമിഷം!
സ്റ്റെയറിൽ നിന്നിരുന്ന മനുഷ്യൻ എന്തോ ഒരു ഉരുണ്ട വസ്തു ആ മുറിയിലേക്കിടുന്നതു കണ്ടു.
“ഗ്രനേഡ്!!”
പട്ടാളക്കാർ ഉറക്കെ അലറിക്കൊണ്ട് പരക്കം പാഞ്ഞു.
നതാലിയ ഡോക്ടറേയും വലിച്ചിഴച്ചുകൊണ്ട് തിടുക്കത്തിൽ പുറകോട്ടോടാൻ തുടങ്ങി. നിലത്തു വീണ ഗ്രനേഡ് നേരേ അവളുടെ കാല്ച്ചുവട്ടിലേക്കു തന്നെ ഉരുണ്ടു വന്നുകൊണ്ടിരുന്നു.
ആ മനുഷ്യൻ ഒരു നിമിഷം പോലും പാഴാക്കാതെ സ്റ്റെയറിലൂടെ ഓടിയിറങ്ങി അവരെ സമീപിച്ചു കഴിഞ്ഞിരുന്നു.
രണ്ടു കൈകളും വിടർത്തി ഭ്രാന്തമായി ആക്രോശിച്ചുകൊണ്ട് പാഞ്ഞെത്തിയ ആ ചൈനാക്കാരൻ നതാലിയയുടെ മേലേക്ക് ചാടി വീണു.
ആ കൂറ്റൻ ശരീരത്തിന്റെ ഭാരം താങ്ങാനാകാതെ അവർ മൂന്നു പേരും പുറകോട്ട് മലർന്നു വീണു പോയി.
എന്നാൽ പെട്ടെന്നു തന്നെ ചാടിയെഴുന്നേറ്റ നതാലിയ ആദ്യം നോക്കിയത് ആ ഗ്രനേഡിനു നേരെയാണ്.
“FUCK!" ചതി പറ്റിയിരിക്കുന്നു! അതിന്റെ പിൻ ഊരിയിരുന്നില്ല! ബുദ്ധിപരമായി കളിച്ചതാണവൻ! നതാലിയ ഞെട്ടിത്തിരിഞ്ഞ് ആ മനുഷ്യനെ നോക്കി.
ഐഗ്വോ എഴുന്നേറ്റതിനോടൊപ്പം അവന്റെ കയ്യിലെ പിസ്റ്റൾ നതാലിയായുടെ ശരീരത്തിലുരുമ്മി ഉയർന്നു വന്നു. നേരെ കണ്ണുകൾക്കു നടുവിലേക്കതു ചൂണ്ടി അവൻ പല്ലിളിച്ചു പിടിച്ച് ഒന്നു ചിരിച്ചു. ”Your patient is ready Doctor!“
മലർന്നു കിടന്ന ഡോ. രഘുചന്ദ്ര രണ്ടു കൈകളും നിവർത്തി ഒന്നു സ്ട്രെച്ച് ചെയ്തു. വേദന സഹിക്കാനാകുന്നുണ്ടായിരുന്നില്ല അയാൾക്ക്. പക്ഷേ നതാലിയ പിടിയിലായ സന്തോഷം ആ മുഖത്തു കാണാമായിരുന്നു. അപ്പോഴും തന്റെ കഴുത്തിൽ തറച്ചിരുന്ന സിറിഞ്ച് അയാൾ വലിച്ചൂരിയെടുത്തു.
നതാലിയ, ഐഗ്വോയെ തന്നെ സൂക്ഷിച്ചു നോക്കിയാണ് നില്പ്പ്. അവനെ കീഴ്പ്പെടുത്താൻ എളുപ്പമല്ലെന്നവൾക്ക് മനസ്സിലായി. ഒന്നാമത് ചൈനീസാണ്. ബലിഷ്ഠമായ ശരീരം. മാർഷ്യൽ
ആർട്ട്സ് വിദഗ്ധനാണെന്ന് തെളിയിക്കുന്ന പേശി ഘടന. മാത്രമല്ല, തോക്ക് കത്തി തുടങ്ങി സകല ആയുധങ്ങളും ധരിച്ചിട്ടുണ്ട്. പക്ഷേ...
ഇനിയെന്തു നോക്കാൻ ?
ഏജന്റ് നതാലിയ മിഷെലെനക്കു മുൻപിൽ ഒരു പ്രത്യാക്രമണമല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല. സംശയിച്ചു നിൽക്കുന്ന ഓരോ സെക്കൻഡും പ്രതിയോഗി തൻറെ മേൽ സൈക്കോളജിക്കൽ മേൽക്കോയ്മ നേടിക്കൊണ്ടിരിക്കും എൻ തിരിച്ചറിവിൽ ഒരു നിമിഷം കൊണ്ട് നതാലിയ മനസ്സാന്നിധ്യം വീണ്ടെടുത്തു.
പെട്ടെന്നായിരുന്നു അവൾ പുറകോട്ടൊരു ചുവടു വെച്ചത്. തന്റെ വലതു കാൽ വായുവിലുയർത്തി ഒന്നു വട്ടം ചുറ്റിയ നതാലിയാ ആ കാൽ നിലം തൊടുന്നതിനു തൊട്ടു മുൻപു തന്നെ നിലത്തു നിന്നും കുതിച്ചുയർന്ന്, ഇടതു കാലു കൊണ്ടാണ് ഐഗ്വോക്ക് ആദ്യ പ്രഹരമേല്പ്പിച്ചത്. സ്വതവേ പതിഞ്ഞിരുന്ന അവന്റെ ചൈനീസ് മൂക്ക് തകർത്തുകൊണ്ടാണ് ആ കാല്പ്പാദം അവൾ പിൻവലിച്ചത്.
ചോര ചിതറിത്തെറിക്കുന്ന മൂക്കു പൊത്തിപ്പിടിച്ച് അവൻ പുറകോട്ടു മലച്ചു. അടുത്ത നിമിഷത്തിൽ അതേ പോലെ തന്നെ അടുത്ത കിക്ക്. അവന്റെ കഴുത്തിൽ!
അവൾ നിർത്തിയില്ല. ഓരോ പ്രാവശ്യവും തന്റെ വലതു കാലിന്റെ തള്ള വിരൽ നിലത്തു മുട്ടുമ്പോഴും അവൾ കറങ്ങി ഇടതു കാൽ കൊണ്ട് മാറി മാറി ഉയർത്തിയും താഴ്ത്തിയും അവന്റെ മുഖത്തും മാറിലും പ്രഹരമേല്പ്പിച്ചുകൊണ്ടിരുന്നു. ഓരോ പ്രാവശ്യവും അവൻ ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴും കാല്പ്പാദത്തിന്റെ ദിശ മാറ്റി അവൾ അവനെ കബളിപ്പിച്ചുകൊണ്ടിരുന്നു. മെലിഞ്ഞ ശരീര പ്രകൃതിയായിരുന്നതിനാൽ നതാലിയാക്ക് ഒരു ചീറ്റപ്പുലിയുടെ വേഗതയായിരുന്നു. ഒടുവിൽ ആ കൂറ്റൻ ചൈനീസ് ശരീരം മലർന്നടിച്ച് പുറകോട്ട് വീഴുന്നതു വരെ അവൾ തന്റെ അഭ്യാസ മുറകൾ തുടർന്നു.
ആ പ്രദേശമാകെ ഒന്നു കുലുങ്ങി അവന്റെ വീഴ്ച്ചയിൽ.
‘Crouching Tiger’ എന്നൊരു പോസിലായിരുന്നു നതാലിയ അപ്പോൾ. ഒരു കടുവയെപ്പോലെ അവൾ ഐഗ്വോക്കു മുകളിലേക്കു ചാടി വീണു. കാലുകൾക്കിടയിൽ അവളുടെ കാല്മുട്ടു പതിഞ്ഞതും അയാളിൽ നിന്നും ദയനീയമായൊരു നിലവിളി ഉയർന്നു.
അടുത്ത നിമിഷം, അവൾ തന്റെ സിഗ്നേച്ചർ ആയ ‘ലിവർഷോട്ട്’ പ്രയോഗിച്ചു. വലതു വശത്തെ ഏറ്റവും അടിയിലെ വാരിയെല്ലു തകർത്തുകൊണ്ട് നതാലിയായുടെ വലതു മുഷ്ടി ആഴ്ന്നിറങ്ങി! സെക്കൻഡുകൾക്കുള്ളിൽ മിസ്റ്റർ ഐഗ്വോ യിങ്ങ് ബോധരഹിതനായി.
അയാളുടെ ശരീരത്തിൽ നിന്നും പതിയെ എഴുന്നേറ്റ നതാലിയായുടെ മുഖം അപകടകാരിയായ ഒരു ഹിംസ്രമൃഗത്തെ ഓർമ്മിപ്പിച്ചു. അന്ന്... ആദ്യമായി ഡോ. രഘുചന്ദ്ര ഭയമെന്താണെന്നറിഞ്ഞു.
മുപ്പതു വർഷങ്ങൾ നീണ്ട പരീക്ഷണം... എത്രയോ പേഷ്യന്റ്സ്... പക്ഷേ ഇവൾ!
To be continued.........

Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot