നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരുചിരിക്കഥ


ഒരുചിരിക്കഥ@1pm
സീൻ നമ്പർ നാല്.
2 pm.
വെള്ളയും ഓറഞ്ചും കലർന്ന നിറമുള്ള ടാക്സി ഒരു ഞരക്കത്തോടെ സ്റ്റോപ്പിൽ നിർത്തി. ബാബു യാതൊരു ധൃതിയും കൂടാതെ ടാക്സിയിൽ നിന്നിറങ്ങി, സ്റ്റോപ്പിനടുത്ത് തന്നെയാണ് താമസിക്കുന്ന ഫ്ലാറ്റ്. കഷ്ടിച്ച് രണ്ടു മിനിട്ടു കൊണ്ട് റൂമിലെത്താം. പക്ഷെ അവൻ റൂമിലേയ്ക്ക് പോയില്ല. എന്തോ ഓർമ്മയോടെ നാലുവരിപാതയുടെ താഴേക്കൂടി പോകുന്ന അടിപ്പാതയിലേക്കുള്ള പടികൾ ഇറങ്ങി. മുകളിൽ കൂടി ചീറി പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ട്. ഉച്ചനേരമായതിനാൽ അടിപ്പാത ആളൊഴിഞ്ഞു കിടന്നു, അല്പം മുന്നോട്ട് നടന്ന്
അവൻ ചുറ്റും നോക്കി, ഒന്നും കാണുന്നില്ല. അടുത്തുള്ള ഷോപ്പിംഗ് സെൻററിൻ്റെ പേരും ചിത്രവുമുള്ള ഒരു കാലിക്കവർ ചെറുകാറ്റിൽ ഉയർന്നുപൊങ്ങി കറങ്ങി തിരിഞ്ഞു പറക്കുന്നുണ്ട്. വേറൊന്നും കാണുന്നില്ല.
സീൻ നമ്പർ 3.
1.30 pm.
വീണു കിടക്കുന്ന ആളുടെ മൂക്കിൽ ബാബു തൻ്റെ വിരൽ വച്ചു നോക്കി, ശ്വാസം ഉണ്ട്. കുലുക്കി വിളിച്ചിട്ടും ബോധം തെളിയുന്നില്ല. പാൻറും ഷർട്ടുമാണ് വേഷം അതിനാൽ അപരിചിതൻ ഹിന്ദിയാണോ, ബംഗാളിയാണോ എന്ന് തിരിച്ചറിയാനാവുന്നില്ല. അടിപ്പാതയിൽ മറ്റാരുമില്ല, ഇരുകൈകളിലുമായി അയാളെ കോരിയെടുത്തു മുകളിയേക്കുളള പടികൾ കയറി മുകളിലെത്തി. ആദ്യം കണ്ട ടാക്സിയിൽ കയറ്റി അടുത്ത ക്ലിനിക്കിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ചു. കുഴപ്പമൊന്നുമില്ല. ചൂടുകൊണ്ട് ബോധരഹിതനായി വീണതായിരിക്കും ഒരു ഡ്രിപ്പിട്ടാൽ ശരിയാകുമെന്ന് പറഞ്ഞ് ഒ പി യിൽ കിടത്തി.
ചികിത്സയുടേയും മരുന്നിൻ്റേയും പൈസ കൊടുത്ത് അയാൾ പുറത്തേയ്ക്ക് ഇറങ്ങി.
സീൻ നമ്പർ വൺ
1 pm
ബാബു താമസസ്ഥലത്തേക്കുള്ള യാത്രയിലാണ്. ഉള്ളിലാണെങ്കിൽ കത്തിക്കാളുന്ന വിശപ്പ്. റൂമിലെ (ഫിഡ്ജിൽ ചോറിരിപ്പുണ്ട്, കറിയുടെ കാര്യം സംശയമാണ്. എന്തെങ്കിലും ഉണ്ടാക്കണം. കറി ഉണ്ടാക്കുന്ന കാര്യമോർത്തപ്പോഴാണ് എണ്ണ തീർന്ന കാര്യം ഓർമ്മയിൽ വന്നത്. ഏതു കറി ഉണ്ടാക്കാനും എണ്ണ വേണമല്ലോ. അതിനായി അടുത്തു കണ്ട വലിയ സൂപ്പർ മാർക്കറ്റിലേക്ക് കയറി. ചില്ലു വാതിൽ തുറന്നടഞ്ഞു. കത്തിക്കാളുന്ന വെയിലിൽ നിന്ന് ഏസിയുടെ കുളിർമ്മയിലേക്ക് കടന്നിറങ്ങി.
സീൻ നമ്പർ 2
1.15 pm
ബാബുവിൻ്റെ കൈയ്യിലെ പ്ലാസ്റ്റിക് കവറിൽ ഒന്നര ലിറ്ററിൻ്റെ എണ്ണക്കുപ്പിയുണ്ട്. അവൻ അടിപ്പാതയുടെ പടികൾ ഇറങ്ങി മുന്നോട്ട് നടന്നു. അടിപ്പാതയുടെ മദ്ധ്യഭാഗത്തെത്തിയ നേരം എതിരെ വന്ന അപരിചിതൻ
അവനെ നോക്കി വെറുതെ ചിരിച്ചു. അയാൾ ഏതു രാജ്യക്കാരനാണ് എന്നവന് മനസ്സിലായില്ലെങ്കിലും അയാളുടെ രൂപവും, വരവും കണ്ടപ്പോൾ അവൻ്റെ ഒരു പഴയ കൂട്ടുകാരനായ രാമുവിനെ ഓർമ്മ വന്നു. അയാളുടെ ചിരി അവനെ ചില പഴയ സുഖകരമല്ലാത്ത ഓർമ്മകളിലേയ്ക്ക് തിരിച്ചു നടത്തി. അന്നും ഇതുപോലെ
ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ വീട്ടിലേയ്ക്ക് സൈക്കിളിൽ പോകുന്നനേരത്ത് വഴിയിൽ വച്ച് രാമുവിനെ കണ്ടു. അവനും വരുന്നു എന്നു പറഞ്ഞ് സൈക്കിളിൽ കയറി. കഴിഞ്ഞ രാത്രിയിൽ അടുത്തുള്ള ഉത്സവപ്പറമ്പിൽ വച്ച് രാമുവും ആയി എന്തോ കശപിശ നടന്ന് ഉന്തും തള്ളുമായതെല്ലാം അവൻ മറന്നു എന്നു തോന്നുന്നു. അതെല്ലാം സൗഹൃദത്തിൽ ഉള്ളതല്ലേ. സൈക്കിൾ അടുത്ത ഇടവഴിയിലേക്ക് തിരിഞ്ഞു.
രാമു തലേ ദിവസത്തെ കാര്യങ്ങൾ മറന്നില്ല എന്നറിഞ്ഞത് അവൻ പെട്ടെന്ന് ചാടി ഇറങ്ങി സൈക്കിൾ പിടിച്ചു നിർത്തി മുതുകിൽ ആഞ്ഞിടിച്ച വേളയിലാണ്. അവനെ തിരിച്ചിടിയ്ക്കാനുള്ള വ്യഗ്രതയിൽ സൈക്കിളിൽ നിന്നിറങ്ങി സൈക്കിൾ സ്റ്റാൻഡിൽ വച്ച് തിരിഞ്ഞ് കൈയ്യോങ്ങിയ നേരം തന്നേയാണ് അടുത്ത വീട്ടിലെ
ചേട്ടന്മാർ വഴക്ക് വേണ്ടെന്ന് പറഞ്ഞ് അവനെ പൂണ്ടsക്കം പിടിച്ച് സമാധാനിപ്പിച്ചത്. തിരിച്ച് രണ്ടു കൊടുക്കാൻ പറ്റാതെ നിന്ന ബാബുവിനെ നോക്കി വിജയീ ഭാവത്തിൽ രാമു ചിരിച്ച പുച്ഛച്ചിരി അവനിൽ വല്ലാത്ത അസ്വസ്ഥതയുണർത്തിയിരുന്നു.
രാമുവിൻ്റെ രൂപവും, ഭാവവും ഉള്ള അപരിചിതൻ്റെ ചിരിയും
ബാബുവിനെ അലോസരപ്പെടുത്തി. ഒരു നിമിഷം ചിരിച്ചു കൊണ്ടു നിൽക്കുന്നത് രാമുവല്ലേ എന്നു പോലും തോന്നിപ്പോയി. അന്നത്തെ കടം തീർക്കാനുള്ള മാനസിക പിരിമുറുക്കത്തോടെ കൈയ്യിലുള്ള എണ്ണക്കുപ്പി കൊണ്ട് അപരിചിതൻ്റെ തലയിൽ ആഞ്ഞടിച്ചു. ആ അടിയിൽ അപരിചിതൻ്റെ ചിരിയും ബോധവും അപ്പോഴേ നഷ്ടമായി.

By: 
Ps Anilkumar DeviDiya

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot