
"ജീവിതത്തിൽ ഒറ്റയ്ക്കാവണമെങ്കിൽ, നമ്മൾ ഒറ്റയാവണമെന്നില്ലാ സജീ, ഒരാൾക്കൂട്ടത്തിനു നടുവിൽ നിന്നാലും നമുക്കത് അനുഭവപ്പെടും..."
-- ചേച്ചീ, ഞാൻ ആത്മാർത്ഥമായിപ്പറയാ, എന്റൂടെ പോന്നൂടെ, ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം.
"അറിയാടാ എനിക്ക് നന്നായിട്ട്... എന്നെപ്പോലെ ഒരുവൾക്ക് അതൊന്നും വിധിച്ചിട്ടില്ലടാ, വിധിയ്ക്ക് പോലും വേണ്ടാത്ത ജന്മം ന്നൊക്കെ പറയില്ലേ, അതാ എന്റേത്... എന്റടുക്കലേക്കുള്ള ഈ വരവൊക്കെ നിർത്തി എന്റെ മോൻ ഒരു സുന്ദരിക്കുട്ടിയെ കല്യാണമൊക്കെ കഴിച്ച് സുഖമായിട്ട് ജീവിയ്ക്കണം. നിങ്ങളുടെ ജീവിതം ദൂരെ നിന്ന് നോക്കിക്കാണണം, അതേയുള്ളൂ എനിക്കാകെക്കൂടിയുള്ള ഒരു മോഹം."
തൻ്റെ മടിയിൽ കിടന്നിരുന്ന അവന്റെ ഇടതൂർന്ന മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് ആർദ്രതയോടവൾ പറഞ്ഞു,
-- നീയാണ്, ഞാനെന്റെ ജീവിതത്തിൽ കണ്ട ആദ്യത്തെ "ആണ് !!" എല്ലാർക്കും വേണ്ടതെന്റെ ദേഹം മാത്രമായിരുന്നു. കൂടെയുണ്ടാകുമെന്നു വിശ്വസിച്ചു കൂടെയിറങ്ങിച്ചെന്ന പെണ്ണിനെ, മോഹം തീർന്നപ്പോൾ ഉപേക്ഷിച്ചു പോയ എൻ്റെ ആദ്യപുരുഷൻ മുതൽക്കിങ്ങോട്ട്, നിമിഷസുഖം തേടി വന്ന ഏറ്റവുമൊടുവിലത്തോനടക്കം, ഒരുത്തനിലും ഞാൻ കണ്ടിട്ടില്ല, ഇന്നോളം ഒരാണിനെ. മണിക്കൂറുകൾ നീളുന്ന ഭോഗസുഖം തരുന്നവനാണ്, "ആണ്" എന്ന അവൻ്റെ വികലമായ കാഴ്ചപ്പാടിനൊരു മാറ്റവുമില്ല.
ഒരു പെണ്ണ് അവൻ്റെ പുരുഷനിൽ തേടുന്നത് ഒരാശ്രയമാണ്, ഒരു കൂട്ടാണ്. പുരുഷന്റെ സ്‌നേഹപ്രകടനം സ്ത്രീ പ്രതീക്ഷിയ്ക്കുന്നു. സ്‌നേഹത്തോടെയുള്ള ഒരു ചിരി, തലോടൽ, സാന്ത്വനം ഇതൊക്കെയാണവൾ ആഗ്രഹിയ്ക്കുന്നത്. തനിക്കു സ്‌നേഹവും സുരക്ഷിതത്വവും ആവോളം പകർന്നു തരുവാൻ സാധിയ്ക്കുന്ന ഒരു പുരുഷനേ അവളുടെ മനസ്സിലിടമുണ്ടാവുകയുള്ളൂ. താൻ സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലും ആ കരവലയത്തിനുള്ളിൽ താൻ സുരക്ഷിതയാണെന്ന വിശ്വാസവും, അവളിലെ ആത്മവിശ്വാസത്തിനു കരുത്തേകും.
അല്ല, എന്നെയൊക്കെ സ്നേഹിച്ചിട്ടെന്തിനാ ല്ലേ, സ്വന്തം ഭാര്യമാരെ "റേപ്" ചെയ്തു മടുക്കുമ്പോളാണല്ലോ, വെറൈറ്റിയ്ക്ക് വേണ്ടി എന്നെപ്പോലുള്ളോരെ തേടി വരുന്നതു തന്നെ; അവരെന്തിനാ ഇപ്പൊ എന്നെ സ്നേഹിയ്ക്കണേ...
ജീവിതത്തിലിന്നോളം കിട്ടാത്തൊരു വികാരം, അതാണെനിക്ക് "സ്നേഹം"...
ജീവിതത്തിലിന്നോളം കിട്ടാത്തൊരു വികാരം, അതാണെനിക്ക് "സ്നേഹം"...
എന്നാലും, ഞാനുമൊരു മനുഷ്യജീവിയല്ലേടാ, എനിക്കുമില്ലേ മോഹങ്ങൾ...
ആ കണ്ണുനീരാൽ മുറിവേറ്റ സജി എഴുന്നേറ്റിരുന്ന് അവളെ തൻ്റെ തോളോട് ചേർത്തു...
"എന്തിനാ, വെഷമിയ്ക്കണേ ചേച്ചീ... ചേച്ചിയ്ക്ക് ഞാനില്ലേ..."
"എന്തിനാ, വെഷമിയ്ക്കണേ ചേച്ചീ... ചേച്ചിയ്ക്ക് ഞാനില്ലേ..."
-- വിതുമ്പിക്കൊണ്ടവൾ പറഞ്ഞു, എൻ്റെ ജീവിതത്തിൽ എൻ്റെ മടിക്കുത്തഴിയ്ക്കാത്തത് നീ മാത്രമാണെടാ, എന്നെക്കാൾ ഞാനിന്ന് വിശ്വസിയ്ക്കുന്നതും നിന്നെയാണ്. എനിക്കറിയാം, ഈ ലോകത്തൊരു പുരുഷനും നിന്നോളമെന്നെ സ്നേഹിയ്ക്കാൻ പറ്റില്ലെന്ന്. എന്നിട്ടും, ഞാൻ പറയുന്നു, എന്നെപ്പോലെ ഒരു ചീത്ത സ്ത്രീ നിനക്ക് പാടില്ല, നീയൊരുപാട് അർഹിയ്ക്കുന്നുണ്ട്....
"മതി, ഇനിയൊന്നും പറയണ്ട.." എന്നും പറഞ്ഞവൻ അവളുടെ ചുണ്ടിൽ അവൻ്റെ വിരൽ ചേർത്തു...
"ഒന്നും ഇങ്ങോട്ടു പറയണ്ട, പറയുന്നതങ്ങോട്ട് കേട്ടാൽ മതി.." സ്നേഹം നിറഞ്ഞ ഒരു കർശനമവനുതിർത്തു...
"നാളേക്കഴിഞ്ഞു ഞാൻ വരും, ഒരുങ്ങിയിരുന്നോണം... പുലർച്ചയ്ക്കുള്ള ബസിൽ നമുക്കീ നശിച്ച നാട്ടീന്നു പോണം... നമ്മെയറിയാത്ത, നമുക്കറിയാത്ത, ഒരു നാട്ടിൽ പോയി ഒന്നിച്ചു ജീവിയ്ക്കണം..."
എല്ലാം തീരുമാനിച്ചുറച്ച മട്ടിൽ ഒരു നറുചിരിയോടെയവൻ നോക്കിയപ്പോൾ, കണ്ണുകൾ തുടച്ചവൾ ശരിയെന്നു തലയാട്ടി.
ഇരുട്ടിലേയ്ക്ക് നടന്നു മറയുന്ന അവനിൽ നിന്നും, തൻ്റെ നോട്ടം പിൻവലിച്ച അവളുടെ മുഖത്തൊരു ദൃഢനിശ്ചയത്തിൻ്റെ അലയടികളപ്പോൾ കാണാമായിരുന്നു...
പിറ്റേന്നതേ മുറിയിൽ അതേ കിടക്കയിൽ ഒരു വശം വച്ച് നീണ്ടൊരു നിദ്രയിലാണ്ടു കിടക്കുമ്പോൾ, വിവരമറിഞ്ഞു പാഞ്ഞെത്തിയ അവനോട്, അവളുടെയാ ശാന്തമായ മുഖം പറയുന്നുണ്ടായിരുന്നു,
"ജീവിതത്തിൽ ഒറ്റയ്ക്കാവണമെങ്കിൽ, നമ്മൾ ഒറ്റയാവണമെന്നില്ലാ സജീ, ഒരാൾക്കൂട്ടത്തിനു നടുവിൽ നിന്നാലും നമുക്കത് അനുഭവപ്പെടും..."
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക