Slider

അന്നുപെയ്തമഴയിൽ - Part 12


രചന:അഞ്ജന ബിജോയ്

പെട്ടെന്നാണ് വാതിലിൽ ആരോ മുട്ടിയത്.പിന്നെ തുടരെ തുടരെ ഉള്ള മുട്ട് കേട്ടു .അയാൾ വർഷയുടെ വായ നല്ലതുപോലെ പൊത്തിപ്പിടിച്ചു.അവളെ റൂമിലേക്ക്  വലിച്ചിഴയ്ക്കുന്നതിനിടയിൽ അവിടെ  മേശയിൽ ഇരുന്ന  ഒരു പേന എടുത്ത് അവൾ അയാളുടെ കൈയിൽ ആഞ്ഞുവരഞ്ഞു.അയാൾ വേദന കൊണ്ട്  പുളഞ്ഞു.ആ തക്കം നോക്കി വർഷ  അയാളുടെ കൈ തട്ടിമാറ്റി  ഓടിച്ചെന്ന് വാതിൽ തുറന്നു .അവിടെ ജയശങ്കറിനെ  നോക്കി കത്തുന്ന കണ്ണുകളുമായി നിൽക്കുന്നു സതി!
സതിയെ കണ്ടതും  വർഷ അവരെ കെട്ടിപ്പിടിച്ച്  കരഞ്ഞു.ജയശങ്കർ  ഒന്നും മിണ്ടാതെ അവരെ രണ്ടുപേരെയും  പുച്ഛത്തോടെ നോക്കിയ ശേഷം വീടിന്  പിൻവശത്തെ വാതിലിൽ കൂടി ഇറങ്ങി പോയി.

ഈ സംഭവം തൽക്കാലം  ആരോടും പറഞ്ഞ് വഷളാക്കണ്ട എന്ന് സതി വർഷയെ  ഉപദേശിച്ചു.
അവൾ കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് പോയി  കതകടച്ചു..അവളുടെ ശരീരം  ആലിലപോലെ വിറയ്ക്കുണ്ടായിരുന്നു.അവൾ തന്റെ ഫോൺ എടുത്ത് അതിലെ ഫോട്ടോ നോക്കി .അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം വന്നു.അവളുടെ ചുണ്ടിന്റെ കോണിൽ ഒരു ചിരി പടർന്നു..
സതിയും വർഷയും  കൂടിയ വിഷുക്കണി ഒരുക്കി.രാവിലെ എല്ലാവരും എഴുന്നേറ്റ്  വിഷുക്കണി കണ്ടു. പ്രിയയും സതിയും വർഷയും മായയും  എല്ലാവരും കൂടി വിഷു സദ്യ ഒരുക്കി..അമ്പലത്തിൽ പോയി ഭഗവാനെ തൊഴുതു.. മുത്തശ്ശി എല്ലാവർക്കും  വിഷുക്കൈനീട്ടം കൊടുത്തു.  അവർ എല്ലാവരും ഊണ് കഴിക്കാനായി ഇരുന്നു. പ്രിയ മാത്രം കഴുത്തും കൈകളും മറഞ്ഞുകിടക്കുന്ന സെറ്റിന്റെ ഒരു  ചുരിദാറും ബാക്കി സ്ത്രീകൾ എല്ലാവരും മുണ്ടും നേര്യതും പുരുഷന്മാർ ജുബ്ബയും  മുണ്ടുമായിരുന്നു വേഷം .എല്ലാവരും ഒരുമിച്ചിരുന്ന് വിഭവസമൃദ്ധനായ  വിഷു സദ്യ ഉണ്ടു .വർഷ ജയശങ്കറിനെ  ശ്രദ്ധിച്ചുകൂടി ഇല്ല.ജയശങ്കറിനും അത്  അത്ഭുതമായിരുന്നു.അവളുടെ നടത്തം കണ്ടാൽ  ഇന്നലെ അങ്ങനൊരു സംഭവം നടന്നതിന്റെ യാതൊരു ലക്ഷണവുമില്ല.
പ്രിയയുടെ  മുഖത്ത് വലിയ തെളിച്ചമില്ലായിരുന്നു.ആദിത്തും വർഷയും  തമ്മിലുള്ള മൗനസല്ലപങ്ങൾ അവൾ  ശ്രദ്ധിക്കുണ്ടായിരുന്നു.
സദ്യ  കഴിഞ്ഞ് എല്ലാവരും ഉമ്മറത്ത്  ഒരുമിച്ചിരിക്കുകയായിരുന്നു. പ്രിയ കുറച്ച് കിടക്കണമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി.ആദിത് അവളുടെ പിറകെ ചെന്നു.
"എന്ത് പറ്റി  പ്രിയേച്ചി..എന്താ ഒരു വിഷമം പോലെ?" ആദിത് വെപ്രാളത്തോടെ കാര്യം തിരക്കി .പ്രിയയ്ക് പിന്നെയും എന്തെങ്കിലും വയ്യായ്ക വന്നോ എന്നായിരുന്നു അവന്റെ പേടി.
"നീ.. നിനക്ക് വർഷയെ  ഇഷ്ടമാണോ?" പ്രിയ ചോദിച്ചു.
ആദിത്ത് ഒന്ന് പരുങ്ങി.പ്രിയേച്ചി മനസ്സിലാക്കിയിരിക്കുന്നു..
"ഞാൻ പറയാൻ ഇരിക്കുകയായിരുന്നു.എനിക്ക് അവളെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട് പ്രിയേച്ചി .."ആദിത് ചമ്മലോടെ പറഞ്ഞു.
"നിനക്കവളെ കുറിച്ച് എന്തറിയാം അപ്പു?" പ്രിയ ഗൗരവത്തോടെ ചോദിച്ചു.
പ്രിയ എന്താണ് ഉദ്ദേശിച്ചതെന്ന് ആദിത്തിന്  മനസിലായില്ല.
"എന്താ പ്രിയേച്ചി അങ്ങനെ ചോദിച്ചത്.." ആദിത്ത് ചോദിച്ചു.
"അവളെ എനിക്കും ഇഷ്ടമായിരുന്നു.പക്ഷെ എപ്പോഴോ അവൾ നമ്മളിൽ നിന്നും എന്തൊക്കെയോ മറച്ചുപിടിക്കുന്നത്പോലെ എനിക്ക് തോന്നി.. സംശയം തോന്നി ഞാൻ അവളുടെ ഫോൺ പരിശോധിച്ചു .ഓർഫനേജിൽ ആരോ ഉപേക്ഷിച്ചുപോയി  ആരോരുമില്ലാതെ അവിടെ വളർന്ന അനാഥക്കുട്ടിയോട് ഇതാരാണെന്ന്  ചോദിച്ച്  നോക്ക് അപ്പു! " പ്രിയ തന്റെ കൈയിലിരുന്ന  വർഷയുടെ ഫോൺ ആദിത്തിന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.ആദിത് അവളുടെ കൈയിലിരുന്ന ഫോൺ മേടിച്ച് നോക്കി.അതിന്റെ ലോക്ക് സ്‌ക്രീനിൽ വർഷയും  ഒരു ചെറുപ്പക്കാരനും  തോളിൽ കൈയിട്ട് നിൽക്കുന്ന  ഫോട്ടോ കണ്ടു .  ആദിത്തിന്റെ ഉള്ളൊന്ന് പിടച്ചു..ആരായിരിക്കും ഇത്? ഈ ചെറുപ്പക്കാരനെ താൻ എവിടെയോ കണ്ടിട്ടുണ്ടെന്ന് അവന് തോന്നി.പക്ഷെ ഓർത്തെടുക്കാൻ പറ്റുന്നില്ല..ഇതായിരിക്കണം അവൾ അന്ന് തന്നെ കണ്ടപ്പോൾ ഒളിപ്പിക്കാൻ ശ്രമിച്ചത്. ആദിത്തിന് താൻ ചതിക്കപ്പെടുന്നത്പോലെ തോന്നി .അവന് വർഷയോട് അടങ്ങാത്ത  ദേഷ്യം വന്നു.നേരെ അടുക്കളയിലേക്ക്  ചെന്നു .
അവിടെ സതിയുടെ കൂടെ എന്തോ പണിയിലായിരുന്നു വർഷ .
ആദിത്തിന്റെ വരവ് കണ്ട് സതി  പേടിച്ചുപോയി.
ആദിത് വർഷയുടെ  കൈക്ക് പിടിച്ച് അവളെ അവന്റെ അടുത്തേക്ക് മാറ്റിനിർത്തി.
"ഇതാരാ ? നീയും ഇവനും തമ്മിൽ എന്താ ബന്ധം " വർഷയുടെ  ഫോൺ അവൾക്ക്  നേരെ നീട്ടി ആദിത് നിന്ന് വിറച്ചു.
വർഷ  പകച്ച് നിന്നു!
"ചോദിച്ചതുകേട്ടില്ലേ അനാഥ ആണ് ആരോരുമില്ലാത്തവൾ ആണെന്ന് പറഞ്ഞിട്ട് നീ തോളിൽ കൈയിട്ട് കെട്ടിപ്പിടിച്ച് നിൽക്കുന്നത്  ഏതവന്റെ കൂടെയാ ?" ആദിത്തിന്റെ  ഒച്ച കേട്ട് ഉമ്മറത്ത്  നിന്നും എല്ലാവരും അങ്ങോട്ട്  വന്നു.
"സൂക്ഷിച്ച്  സംസാരിക്കണം.ഞാൻ അറിയാതെ എന്റെ ഫോൺ പരിശോധിക്കുന്നത് മരിയാദ അല്ല." വർഷയ്ക്കും ദേഷ്യം  വന്നു.
"നിന്റെ കള്ളത്തരം കണ്ടുപിടിച്ചപ്പോൾ ഇപ്പൊ ഞാൻ മരിയാദ  ഇല്ലാത്തവൻ അല്ലെ.എന്തിനു വേണ്ടിയാ കള്ളം പറഞ്ഞ്  ഞങ്ങളുടെ  അടുത്ത്   നീ കൂടിപ്പറ്റിയത്?"ആദിത് ഒച്ചവെച്ചു.
"മോനെ പതുക്കെ അവൾക്കെന്താ  പറയാനുള്ളതെന്ന് കേട്ടുനോക്ക്" സതി പറഞ്ഞു.
"എനിക്കൊന്നും പറയാനില്ല.എന്റെ ഫോൺ തന്നേക്ക് ഞാൻ പോയേക്കാം" വർഷ പറഞ്ഞു.
"അവൾക്ക് ഒന്നും പറയാനുണ്ടാവില്ല സതിയാന്റി.എന്റെ അനിയത്തിയെപ്പോലെയാ  ഞാൻ ഇവളെ കണ്ടത്..സ്നേഹിച്ചത്.സതിയാന്റിക്കും  ഇവൾ സ്വന്തം മകളെ പോലെ ആയിരുന്നില്ലേ. എന്നിട്ട് സതിയാന്റിയോട്  പോലും ഇവൾ എന്തെങ്കിലും പറഞ്ഞോ?ഇനിയും എന്തൊക്കെ കള്ളത്തരങ്ങൾ കൈയിലിരിപ്പുണ്ടെന്ന്  ആർക്കറിയാം. " പ്രിയ വർഷയെ  നോക്കി ദേഷ്യത്തോടെ പറഞ്ഞു..
"നിങ്ങൾ കൂടുതൽ ഷൈൻ ചെയ്യണ്ട.നിങ്ങളുടെ കൈയിലിരുപ്പിന്റെ ഫലം ആണല്ലോ നിങ്ങളിന്ന് അനുഭവിക്കുന്നത്..കുറേകാലം ഭ്രാന്താശുപത്രിയിൽ ആയിരുന്നല്ലോ."വർഷ പ്രിയയെ നോക്കി പറഞ്ഞു.എല്ലാവരും പകച്ചുപോയി!
"എന്താ മോളെ ഇവള് പറയുന്നത്.." മുത്തശ്ശി കണ്ണുമിഴിച്ച് പ്രിയയെ നോക്കി.
പ്രിയയും ആദിത്തും എല്ലാവരും ഞെട്ടിനിൽക്കുകയാണ്!
"അതെ ഈ സ്ത്രീയുടെ തന്നെ വായിൽ നിന്നും ഒരിക്കൽ അറിയാതെ വീണുപോയതാ.. ആരുടെയോ കൂടെ കറങ്ങിനടന്ന്  അവരുടെ ആവശ്യം കഴിഞ്ഞ്  അവർക്ക് വേണ്ടാതായപ്പോ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞു.എന്നിട്ടിപ്പോ എന്റെ കൈയിലിരിപ്പാണത്രെ  മോശം!" വർഷ പുച്ഛത്തോടെ പ്രിയയെ നോക്കി പറഞ്ഞു.
ആദിത് കൈനിവർത്തി വർഷയുടെ കവിളത്താഞ്ഞടിച്ചു!അരിശം തീരാഞ്ഞ് അവൻ ഒന്നുകൂടി അടിച്ചു .അടിയുടെ ശക്തിയിൽ വർഷ കമഴ്ന്നടിച്ച്  നിലത്തേക്ക് വീണു.അവളുടെ ചുണ്ടിന്റെ കോണിൽ  നിന്നും ചോര ഒലിച്ചിറങ്ങി..ജയദേവൻ തടഞ്ഞില്ലായിരുന്നുവെങ്കിൽ ആദിത്  വർഷയെ  വീണ്ടും ഉപദ്രവിച്ചേനേം..
"ഹോ സത്യം പറഞ്ഞപ്പോ ഇയാൾക്ക് നൊന്തു അല്ലെ..എല്ലാവരും കേൾക്കട്ടെ  പെങ്ങളുടെ  കൈയിലിരുപ്പിന്റെ ഗുണം."
"മിണ്ടരുത് നായെ..ഒരക്ഷരം മിണ്ടരുത്..ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്.."ആദിത് അലറി.
"മോളെ ഈ പെണ്ണ് പറയുന്നതൊക്കെ സത്യമാണോ മോളെ? " മുത്തശ്ശി കണ്ണീരോടെ പ്രിയയോട് ചോദിച്ചു.
"മുത്തശ്ശി ഇതെന്തറിഞ്ഞിട്ടാ ?  എവിടുന്നോ വന്ന ഏതോ ഒരുത്തി പറയുന്നതൊക്കെ വിശ്വസിക്കാനും മാത്രം മണ്ടി  ആണോ മുത്തശ്ശി?"  ആദിത് മുത്തശ്ശിയോട് ഒച്ചവെച്ചു..
"വേണ്ട അപ്പു.മുത്തശ്ശിയോട് ഇനിയൊന്നും മറച്ചുവെക്കണ്ട..എന്നായാലും  എല്ലാവരും അറിയും." പ്രിയ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു..
"പ്രിയേച്ചി.."ആദിത് അവളെ ശാസനപോലെ വിളിച്ചു.
"വർഷ പറഞ്ഞത് ഒരു പരിധിവരെ സത്യമാണ് മുത്തശ്ശി..ഞാൻ കുറച്ച് നാൾ അമേരിക്കയിലെ ഒരു  മെന്റൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു...അതിവിടെ നിൽക്കുന്ന ജയശങ്കർ അങ്കിളിനും  മായാന്റിക്കും  ദേവനും ഒക്കെ അറിയാം.അത് പക്ഷെ വർഷ പറഞ്ഞതുപോലെ കാമം മൂത്ത് എന്റെ ഇഷ്ടക്കാരന്റെ കൂടെ ചുറ്റിനടന്നിട്ടോ അയാൾ ഉപേക്ഷിച്ചിട്ടോ അല്ല..."പ്രിയ കണ്ണുകളടച്ചു.ആ നശിച്ച രാത്രിയിലെ ഭയാനകമായ  ഓർമ്മകളിൽ അവളുടെ ശരീരം വിറച്ചു.അവൾ എല്ലാവരോടുമായി പറഞ്ഞുതുടങ്ങി..
"ഞാനും ഞാൻ പുതിയതായി ജോയിൻ ചെയ്ത  കമ്പനിയിലുള്ള കുറച്ചുപേരും ഞങ്ങളുടെ ബോസ്സിന്റെ ബീച്ച് കോട്ടേജിൽ  ഹാലോവീൻ പാർട്ടി ആഘോഷിക്കുകയായിരുന്നു...ഹാലോവീൻ  എന്നാൽ മരിച്ചവരെ  ഓർമ്മിക്കുന്ന ദിവസം..അന്ന്  പ്രേതങ്ങളുടേതുപോലെ മുഖം മൂടി ഇട്ടും വസ്ത്രം ധരിച്ചും അങ്ങനെ പേടിപ്പിക്കുന്ന രീതിയിലുള്ള ഹാലോവീൻ കോസ്ററ്യൂംസ്  ധരിച്ചായിരുന്നു എല്ലാവരും വന്നത്..പരസ്പരം കണ്ടാൽ തിരിച്ചറിയില്ല.. അല്ലെങ്കിലും പുതിയ കമ്പനിയും പുതിയ ആൾക്കാരും ആയത്കൊണ്ട് എന്റെ ടീമിലെ ഒന്ന് രണ്ടുപേരെ അല്ലാതെ എനിക്കവിടെ അധികം ആരെയും പരിചയമില്ലായിരുന്നു.. ഞങ്ങളുടെ  ടീമിൽ എന്നെപോലെ  പുതിയതതായി ജോയിൻ ചെയ്ത  ലിഡിയ എന്നൊരു പെൺകുട്ടിയുടെ ഒപ്പമായിരുന്നു ഞാൻ അവിടെ ചെന്നത്..പാർട്ടിക്ക് നമ്മുടെ പാർട്ണറെയും നമ്മുടെ ഒപ്പം കൂട്ടാമായിരുന്നു .ലിഡിയയുടെ ബോയ്‌ഫ്രണ്ട്‌ വന്നതോടെ ഞാൻ അവരുടെ അടുത്ത് നിന്നും മാറിനിന്നു.പാട്ടും ഡാൻസും  ബഹളവുമായി പാർട്ടി കൊഴുക്കുകയായിരുന്നു.ഞാൻ അധികം നിൽക്കില്ല അപ്പു എന്നെ  വിളിക്കാൻ വരുമെന്ന് ഞാൻ ലിഡിയയോട് നേരത്തെ പറഞ്ഞിരുന്നു.കുറച്ച് കഴിഞ്ഞപ്പോ മുഖം മൂടി ഇട്ട് ആരോ വന്ന് അവിടെ ലിഡിയ ബോട്ട് ഹൗസിൽ  വീണുകിടക്കുന്നു എന്നോട് അങ്ങോട്ട്  ചെല്ലാമോ എന്ന് അവൾ  ചോദിച്ചെന്നു പറഞ്ഞു.. അയാൾ ഓഫീസിലെ  തന്നെ സ്റ്റാഫ് ആണെന്ന് കരുതി അയാൾ പറഞ്ഞതുപോലെ ഞാൻ ബോട്ട് ഹൗസിലേക്ക്  ഓടി... ബീച്ച് കോട്ടേജിൽ  നിന്നും കുറച്ച്  ദൂരം മാറി ആയിരുന്നു ആ ബോട്ട് ഹൗസ് .വാതിൽ തുറന്നുകിടപ്പുണ്ടായിരുന്നു.അവിടെ അധികം  വെളിച്ചമില്ലായിരുന്നു.ഞാൻ ലിഡിയയുടെ പേര് വിളിച്ച് അകത്തേക്ക് കയറിയതും  ആരോ വാതിൽ കുറ്റി  ഇടുന്ന ശബ്ദം കേട്ടു .തിരിഞ്ഞുനോക്കിയതും ലിഡിയ വീണ്  കിടക്കുന്നു എന്ന്  എന്നോട് വന്ന്  പറഞ്ഞ ആ മുഖംമൂടിക്കാരൻ! എന്തെങ്കിലും ചോദിക്കാൻ പറ്റുന്നതിന്  മുൻപേ  അയാൾ എന്റെ വാ തുണികൊണ്ട് മൂടിക്കെട്ടി. പിന്നെ അയാൾ എന്നെ..എന്നെ.." വാക്കുകൾ കിട്ടാതെ പ്രിയ വിതുമ്പി..
"മതി പ്രിയേച്ചി .."ആദിത് അവളെ ചേർത്തുപിടിച്ചു .കത്തുന്ന കണ്ണുകളോടെ അവൻ വർഷയെ  നോക്കി..അവളുടെ മുഖഭാവമെന്തെന്ന് അവന്  മനസ്സിലാക്കാൻ പറ്റിയില്ല..
"ഇല്ല അപ്പു.ഒരു റേപ്പ് നടന്നു എന്നല്ലാതെ അന്ന് ഞാൻ എന്ത് മാത്രം വേദന അനുഭവിച്ചു എന്ന് ഇവർക്കാർക്കും അറിയില്ല..അപ്പോഴും അയാൾ മുഖം മൂടി ഉപേക്ഷിച്ചിരുന്നില്ല .അയാളുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ അവിടെ ഉപേക്ഷിച്ചു പോവുമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ അതുകഴിഞ്ഞാണ് അയാൾ ശരിക്കും കളി  തുടങ്ങിയത്.കൈയിൽ കരുതിയിരുന്ന ബ്ലേഡും കല്ലുകളും റ്റെയ്‌സറും കൊണ്ട്   പാതിച്ചത്ത  എന്റെ ശരീരത്തിൽ അയാൾക്ക് അയാളുടെ വൈകൃതങ്ങൾ തീർക്കാനുണ്ടായിരുന്നു. റ്റെയ്‌സർ വെച്ച് എന്റെ ശരീര ഭാഗങ്ങളിൽ ഷോക്ക് അടിപ്പിച്ചുകൊണ്ടിരുന്നു... എന്റെ ഉള്ളിലേക്ക് കല്ലുകൾ കുത്തി ഇറക്കി.
വായിൽ തുണി കെട്ടിയത്കൊണ്ട് ഒന്നലറിക്കരയാൻ  പോലുമാകാതെ പച്ചമാംസത്തിലൂടെ ബ്ലേഡ് ഉറഞ്ഞിറങ്ങുന്ന സുഖം ഞാൻ അനുഭവിച്ചു. .ശബ്ദമില്ലാത്ത എന്റെ കരച്ചിലും ഞരക്കവും  എല്ലാം അയാളുടെ ആവേശം കൂട്ടികൊണ്ടിരുന്നു..അയാളുടെ ആവേശമെല്ലാം കഴിഞ്ഞ്  ഞാൻ മരിച്ചു എന്ന് തോന്നിയിട്ടാകണം അയാൾ പതിയെ അവിടെ നിന്നുമിറങ്ങി. ഇറങ്ങാൻ നേരം അയാൾ ആരെയോ വിളിച്ച് എന്തോ പറയുന്നത് കേട്ടു... നേരത്തെ വരാമെന്ന് വാക്ക് പറഞ്ഞെങ്കിലും ഓഫീസ് മീറ്റിങിനിടയിൽ  അപ്പു എന്നെ വിളിക്കാൻ വരണമെന്ന കാര്യം  വിട്ടുപോയി. അപ്പു വന്ന് എന്നെ കൂട്ടിക്കൊണ്ട്  പോയി കാണുമെന്ന് വിചാരിച്ച് ലിഡിയയും എന്നെ അന്വേഷിച്ചില്ല… ” പ്രിയ പറയുന്നതുകേൾക്കാൻ  ത്രാണി ഇല്ലാതെ മുത്തശ്ശി ചെവിരണ്ടും പൊത്തിപ്പിടിച്ച്   നിലത്തിരുന്നു. .
"എന്റെ പൊന്നു കുഞ്ഞേ എന്തോരം അനുഭവിച്ചു മോളെ നീ..ആവതില്ലാഞ്ഞിട്ടും രണ്ടുനേരവും മുടങ്ങാതെ ഈ വൃദ്ധ അമ്പലത്തിൽ പോയി മനസ്സുരുകി വിളിക്കാറുണ്ട് ഭഗവാനെ എന്റെ കുഞ്ഞുങ്ങൾക്ക്  ആപത്തൊന്നും വരുത്തല്ലേ എന്നും പറഞ്ഞ് ..എന്നിട്ടും ഒരു ദാക്ഷണ്യവുമില്ലാതെ  എന്റെ കുഞ്ഞിനെ  കൈവിട്ടല്ലോ ഭഗവാനെ..  "മുത്തശ്ശി പ്രിയയെ നോക്കി ഉച്ചത്തിൽ  ഏങ്ങലടിച്ച് കരഞ്ഞു.
"അങ്ങനെ വിളിച്ചതുകൊണ്ടായിരിക്കാം മുത്തശ്ശി ഇത്രയൊക്കെ അനുഭവിച്ചിട്ടും ഞാനിന്നും ജീവനോടെ നിൽക്കുന്നത്...
കുറച്ചുനേരം ഞാൻ അവിടെ കിടന്നു.എന്റെ ശരീരം പിളർന്നുപോവുന്ന വേദനായിരുന്നു..പതിയെ എന്റെ ബോധം മറഞ്ഞു..കുറച്ച് കഴിഞ്ഞപ്പോൾ ആരോ എന്റെ മുഖത്ത് വെള്ളം തളിക്കുന്നത്പോലെ എനിക്ക് തോന്നി.പാതി കണ്ണുതുറന്ന് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനായിരുന്നു അത്!"
പ്രിയ പറഞ്ഞു..
ആദിത്തും ബാക്കി ഉള്ളവരും അവളെ ചോദ്യഭാവത്തിൽ നോക്കി..
"ഞാൻ നിങ്ങളോട് അയാളെക്കുറിച്ച് പറഞ്ഞിട്ടില്ല അപ്പു..ബോധം വീണതുമുതൽ ഞാൻ ഭ്രാന്തമായ ഒരവസ്ഥയിൽ ആയിരുന്നല്ലോ."പ്രിയ പറഞ്ഞുതുടങ്ങി.
"അയാൾ മുറിയിലെ ലൈറ്റ് ഇട്ടിരുന്നു..മുഖം മൂടി ധരിച്ച ആളെപോലെ എന്നെ ഉപദ്രവിക്കാൻ വന്ന ആളാകുമെന്നായിരുന്നു ഞാൻ ആദ്യം വിചാരിച്ചത്..ഞാൻ ശബ്ദമില്ലാതെ അലറിക്കരഞ്ഞു.. ഞാൻ നോക്കിയപ്പോൾ പാതി നഗ്നയായി ദേഹം മുഴുവൻ ചോര ഒലിപ്പിച്ച്  കിടക്കുന്ന എന്നെ അയാൾ അവിടെ കിടന്നിരുന്ന ഒരു ഷീറ്റുകൊണ്ട് പുതപ്പിച്ചിരുന്നു.എന്റെ വായിൽ നിന്നും തുണി എടുത്ത് മാറ്റി.കൈയിലിരുന്ന  കുപ്പിയിൽ നിന്നും അയാൾ എന്റെ വായിലേക്ക് വെള്ളം ഇറ്റിച്ചു .വിക്കി ചുമച്ച് ഞാൻ അയാളുടെ മുഖത്തേക്ക് ചോര തുപ്പി.ആ പാവം അതെല്ലാം തുടച്ച്  വിഷമിക്കണ്ട എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു .എന്റെ ഫോണിൽ നിന്ന് തന്നെ അയാൾ എമർജൻസി നമ്പർ വിളിക്കാൻ പോവുകയാണെന്നും പറഞ്ഞു. പക്ഷെ ശരീരം നുറുങ്ങുന്ന വേദനയിൽ എന്റെ ബോധം പിന്നെയും മറഞ്ഞു..ഉണർന്നെഴുന്നേൽക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു..മനസ്സിനും ശരീരത്തിനും ഏറ്റ മുറിവിന്റെ ഷോക്കിൽ എന്റെ മാനസികനില ആകെ തെറ്റിയിരുന്നു..പിന്നീട് കുറച്ചുനാൾ ഞാൻ അവിടെ മെന്റൽ ഹോസ്പിറ്റലിൽ ആയിരുന്നു.ആരെ കണ്ടാലും അലറിവിളിക്കും.എന്റെ അടുത്ത് ആരെങ്കിലും  വന്നാൽ ചിലപ്പോൾ ഉപദ്രവിക്കും.ഇരുട്ടായിരുന്നു എനിക്കിഷ്ടം.ഉണർന്നിരുന്നാൽ അലറിവിളിക്കുകയും അടുത്ത് ചെല്ലുന്നവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നത്കൊണ്ട് മിക്കപ്പോഴും ഞാൻ സെഡേഷനിലായിരുന്നു. നാളുകൾ കഴിഞ്ഞിട്ടും എന്റെ അവസ്ഥ മോശമായികൊണ്ടിരുന്നത്കൊണ്ട്  അപ്പു എന്നെ മുംബൈയിലെ ഞങ്ങളുടെ വീട്ടിലേക്ക്  കൊണ്ടുവന്നു.കാര്യങ്ങൾ എല്ലാം ധരിപ്പിച്ച് സതിയാന്റിയെ നാട്ടിൽ നിന്നും വിളിച്ചുവരുത്തി..  കുഞ്ഞുന്നാളിലേ തൊട്ട് എനിക്ക് അടുപ്പമുള്ള ഞാൻ അമ്മയെപ്പോലെ സ്നേഹിക്കുന്ന സതിയാന്റിയുടെ സാമീപ്യവും സ്നേഹത്തോടെയുള്ള പരിചരണവും ഒരുപക്ഷെ  എന്നെ നോർമൽ ആക്കുമെന്ന് അപ്പുവിന് തോന്നി." പ്രിയ പറഞ്ഞുനിർത്തി.
"പ്രിയേച്ചിയെ രക്ഷിക്കാൻ ശ്രമിച്ച ആ ചെറുപ്പക്കാരൻ ആരാണെന്ന്  അറിയാമോ  പ്രിയേച്ചി?അയാളെ നേരത്തെ കണ്ടിട്ടുണ്ടോ? "
ജയദേവൻ ചോദിച്ചു.
"അയാളുടെ  പേര് വിനു!" വർഷ പറഞ്ഞു.
എല്ലാവരും  അവളെ അമ്പരപ്പോടെ നോക്കി.
(ഇതാ രഹസ്യങ്ങളുടെ ചുഴുളഴിയാൻ തുടങ്ങുന്നു..!)

(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo