നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉടഞ്ഞുവീഴുന്ന ചില്ലുഗോപുരങ്ങൾ - ഒന്നാം ഭാഗം

Image may contain: 1 person, smiling, closeup
ജൻമാന്തരങ്ങളുടെ നൂലിഴകൾ കോർത്ത് മെലിഞ്ഞു നേർത്ത രാമൻ പുഴയിലെ ചുട്ടുപഴുത്ത മണലിൽകാലൂന്നി ദേവു പുഴയുടെ മാറിലേക്കു നടന്നു ,ആടിത്തിമിർത്ത മണൽത്തരികളും അള്ളിപ്പിടിച്ച പാറക്കൂട്ടങ്ങളും ഒരു നിമിഷം നിശ്ശബ്ദതയോടെ അവളെ വരവേറ്റു.
പുഴയ്ക്കക്കരെ നാട്ടുമാവിൻ ചോട്ടിലെ
കളിവീട്ടിൽ കുഞ്ഞുദേവുവും അവളുടെ ദേവേട്ടനും ... കൂടെ കുറേ കളിക്കൂട്ടുകാരും ... അലോഷിയായിരുന്നു കൂട്ടത്തിൽ ശാഠ്യക്കാരൻ ... ദേവേട്ടന്റെ മൗനാനുവാദം എന്തിനും അവന്കൂട്ടായിരുന്നു .പക്ഷെ , അതേ ദേവേട്ടൻ തന്നെ ....?
വെള്ളിക്കൊലുസ്സിൽ രാമൻ പുഴ ചുറ്റിപ്പുണർന്നപ്പോൾ അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു ,സമ്പന്നതയുടെ വെള്ളിക്കരണ്ടിയിൽ നുകർന്ന അവളുടെ ബാല്യവും കൗമാരവും ..
ദാവണിചുറ്റി കോളേജിലേക്കോടുമ്പോൾ പാടവരമ്പത്തെ കമാനത്തിലേക്ക് ഒരു നോട്ടം പതിവാണ് , അലോഷിയുടെ കണ്ണുകളിലെ തീക്ഷണതയ്ക്ക് അത്രയും വശ്യതയുണ്ടായിരുന്നു. അവനറിയാതെ... അവനോട് പറയാതെ തന്റെ ഹൃദയത്തിൽ ഒരു മണിമാളിക ഉയരുന്നുണ്ടായിരുന്നു.
"മേലേടത്തെ ദേവൂട്ട്യല്ലേ ....? എത്ര നാളായി ഇങ്ങട്ടൊക്കെ വന്നിട്ട് ...? "
വടക്കേലെ മീനാക്ഷിയമ്മയാണ് ....,
എല്ലാരുടേയും പൊന്നോമനയായിക്കഴിഞ്ഞ
നല്ലകാലത്തിന്റെ ഓർമ്മകളിൽ താൻ ഇപ്പോഴുമുണ്ടെന്നതിൽ അവൾക്കാശ്വാസം തോന്നി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പൈതൃക ശേഷിപ്പുകളിലേക്കുള്ള ഈ മടക്കം. ദേവേട്ടന്റെ ആത്മാവുറങ്ങുന്ന തെക്കേത്തൊടിയിൽ അവളുടെ പാദങ്ങൾ നിശ്ചലമായി ...
"ദേവൂ ... നിന്റെ സ്വപ്നങ്ങൾ നിറവേറ്റിത്തരാൻ ഈ ഏട്ടന് കഴിയില്ല. .. എന്നോടു പോലും പറയാതെ അവൻ പോയി ... എങ്ങോട്ടാണെന്ന് ആർക്കുമറിയില്ല. ... ശ്രമിക്കാം ഞാൻ ... അവനെവിടെയാണെങ്കിലും കണ്ടെത്താം !"
തന്റെ പ്രണയം അവന് ഇഷ്ടമായിരുന്നില്ലേ. ..? ഒന്നു പറയാമായിരുന്നു .... ആ മിഴികളിലെ വശ്യതയിൽ നോക്കി ഇഷ്ടമാണെന്ന് പറയാൻ വൈകിയോ ... അതോ ...?
അലോഷിയുടെ ഓർമ്മകൾ കടിച്ചമർത്തി മറ്റൊരു പുരുഷന് മുന്നിൽ തലകുനിക്കുമ്പോൾ ഏട്ടന്റെ മുഖഭാവം എന്തായിരുന്നുവെന്ന് ഇന്ന് തനിക്കൂഹിക്കാം... ഇത്രയും നാൾ തന്നിൽ നിന്നും മറച്ചുവെച്ച സത്യങ്ങൾ അലോഷിയുടെ അക്ഷരങ്ങളായി തന്റെ മുന്നിൽ എത്തുന്നതു വരെ അറിയില്ലായിരുന്നു ഒന്നും .
അടഞ്ഞുകിടക്കുന്ന തറവാടിനു മുന്നിൽ ഒരു നിമിഷം നിന്നു. ... അച്ഛനുമമ്മയും ദേവേട്ടനും പോയിരിക്കുന്നു.... ഒറ്റയാനായി എന്തിനോ വേണ്ടി ജീവിച്ച് സകല സമ്പാദ്യവും തനിക്കായി നൽകിയ ദേവേട്ടൻ ...!
തനിച്ചായവൾക്കിനിയെന്തിന് ആടയാഭരണങ്ങൾ ...?
നീണ്ട ഒരു യാത്രയായിരുന്നു ലക്ഷ്യം .അതിനിടയ്ക്കാണ് അലോഷിയുടെ കത്ത് വന്നത് ... അതും ദേവേട്ടൻ പറഞ്ഞിട്ട് എഴുതിയത് ... ദേവേട്ടന്റെ ഏറ്റു പറച്ചിലുകൾ തനിക്കായി എഴുതിയ അലോഷിയെ അപ്പോഴവൾ ഓർത്തിരുന്നു .. ആ മനസ്സിന്റെ നീറ്റൽ അവൾക്ക് കാണാമായിരുന്നു. ... പക്ഷെ ...?
"ഹാ മോള് വന്നോ ... ചടങ്ങുകളൊക്കെക്കഴിഞ്ഞ് എല്ലാരും പോയി .... കുറച്ചീസം ണ്ടാവ്വോ...? ഞാൻ എന്തായാലും സരസൂനോട് വരാൻ പറയാം ആദ്യം താക്കോല് കൊണ്ടോരാം ."
ദേവു കേശുമ്മാവനെ നോക്കി നിന്നു. ... പഴയ തലമുറയുടെ രീതികളിൽ അവൾക്കത്ഭുതം തോന്നി ... അളന്നു മുറിച്ച ചോദ്യങ്ങളും വിശേഷങ്ങളും മാത്രം ...!
ദേവേട്ടന് വേണ്ടി നിലംപതിച്ച നാട്ടുമാവിന്റെ തളിരിലകൾ വ്യസനത്തോടെ തല കുനിച്ചു നിൽക്കുന്നു .ഒരു ശോകഛായ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്ന പോലെ ...
"മോള് വന്നാൽ അറിയിക്കണമെന്ന് അലോഷി പറഞ്ഞിരുന്നു. ... അവനും വയ്യ .. അവന്റെ മോൾടെ കാര്യവും കഷ്ടാ .."
"ഞാൻ പോയിക്കാണുന്നുണ്ട് ... "താഴിനെ സ്വതന്ത്രമാക്കിക്കൊണ്ട് പറഞ്ഞു.
തെല്ലൊരു മടിയോടെ വാതിൽപ്പാളികൾ തുറന്നു ... ദേവേട്ടന്റെ മണം അവിടമാകെ നിറഞ്ഞിരിക്കുന്നു ... നല്ല അടുക്കും ചിട്ടയിലും എല്ലാം യഥാസ്ഥാനത്തിരിക്കുന്നു. ആരേയോ പ്രതീക്ഷിക്കുന്ന പോലെ നാഴികമണി മുടങ്ങാതെ ചലിക്കുന്നു.
അലോഷിയ്ക്ക് ഒരു മോളോ ...? കുളിച്ച് ഫ്രഷാവുമ്പോഴും അവളുടെ ചിന്തകൾ കാടുകയറി ... നീണ്ട 16 വർഷങ്ങൾക്കു ശേഷം അലോഷിയെ കാണാൻ പോവുന്നു ... എന്തായിരിക്കും അവന് പറയാനുള്ളത്... അവന്റെ മനസ്സിൽ താനുണ്ടായിരുന്നോ ... ആദ്യ പ്രണയം പഴകുന്തോറും തീവ്രമാവും എന്ന് പറയുന്നതിലെ അർത്ഥശൂന്യത അവൾ
മന: പൂർവ്വം മറക്കാൻ ശ്രമിച്ചു ..
(തുടരും )
രചന: ശ്രീധർ ആർ എൻ
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- CLICK HERE

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot