നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

KL.333 AMBULANCE

Image may contain: 1 person, selfie, closeup and outdoor
മൂന്ന് ആംബുലൻസുകൾ ഒരേ സമയം പായുന്നു.
മൂന്ന് ജീവനുകൾ രക്ഷിച്ചെടുക്കാനുള്ള മൂന്നു പേരുടെ ശ്രമം.
ജീവനോടെ എത്തണം.
എന്നാലെ ജീവന്റെ വിലയുടെ ഒരു ഭാഗം അവർക്കും കിട്ടുകയുള്ളു.
ഒരു ജീവന്റെ വില എത്രയായിരിക്കും?
എന്തായിരിക്കും അതിന്റെ അളവ്?
എങ്ങനെ അതിന്റെ മൂല്ല്യമളക്കും?
ഭാരം കൊണ്ടോ?
നീളം കൊണ്ടോ?
വീതി കൊണ്ടോ?
ഒരു ജീവന്റെ ഭാരം ഒരു കോഴിമുട്ടയോളമാണ് എന്ന് എവിടെയോ വായിച്ചിരുന്നു.
ജീവനോടെയിരുന്ന ഒരാൾ ആത്മാവ് വേർപെട്ടയുടെനെ ഒരു കോഴിമുട്ടയോളം ഭാരം കുറഞ്ഞിരുന്നു എന്ന്.
ആ ഭാരം എത്ര ആയിരിക്കും?
മുട്ടകൾ പല വലിപ്പത്തിലുണ്ടാകില്ലേ?
അതിന് എങ്ങനെ വിലയിടും?
KL.3 ഒന്നാമത്തെ ആംബുലൻസിൽ അവൾ കിടക്കുന്നു.
ജീവിതം സായാഹ്നത്തിൽ എത്തും മുൻപെ കടന്നു വന്ന രംഗബോധമില്ലാത്ത കോമാളി,
നല്ല പാതിയെയും തട്ടിയെടുത്താണ് കടന്നു കളഞ്ഞത്.
അവൾ തളർന്നില്ല.
വിധിയോട് പൊരുതി കാലത്തിനോട് അവൾ മറുപടി കൊടുത്തു.
മകളുടെ വിവാഹം കഴിഞ്ഞു. കുട്ടിയുമായി. മരുമകൻ മകന് തുല്ല്യം തന്നെയായിരുന്നു.
കാഴ്ച്ച കണ്ണുകൾ കൊണ്ട് മാത്രമല്ല.
തലച്ചോറിലൂടെ കൂടെയാണല്ലോ ഉണ്ടാകുന്നത്.
എന്തുകൊണ്ടായിരിക്കും അവളെ അപ്പോൾ കണ്ണുകൾ ചതിച്ചത്.
റോഡിന് ഒരു വശത്ത് നിൽക്കുന്ന അവൾ അത് മറികടക്കാൻ ശ്രമിക്കില്ല എന്നവന് ഉറപ്പായിരുന്നു.
കാരണം അവൾ, അവൻ വരുന്ന ദിശയിലേക്ക് അവനെ തന്നെ നോക്കി നിൽക്കുവായിരുന്നു.
ഞാൻ പോയതിന് ശേഷം മറികടക്കാൻ ആയിരിക്കണം അവൾ കാത്ത് നിൽക്കുന്നത്.
അവൻ ഇരുച്ചക്ര വാഹനത്തിന്റെ വേഗത കൂട്ടി.
പെട്ടെന്ന് അവളെ മറികടന്ന് പോകാൻ.
അവളുടെ കണ്ണുകൾ അവളെ ചതിച്ചിരുന്നു.
ആ കാഴ്ച്ച കണ്ണുകൾ തലച്ചോറിന് നൽകിയില്ല.
കാഴ്ച്ച വന്നപ്പോൾ കണ്ടത് ചുറ്റിനും കൂടി നിൽക്കുന്ന കുറെ മുഖങ്ങളായിരുന്നു.
അവരെല്ലാം നിൽക്കുവാണല്ലേ ഞാൻ കിടക്കുകയാണെന്നവൾക്ക് മനസ്സിലായി.
തലയ്ക്ക് പുറകിലായി ഒരു മരവിപ്പ്.
പതിയെ കണ്ണുകൾക്ക് ഉള്ളിലേക്ക് ഒരു തണുപ്പ് കടന്നു വന്നു.
നേർത്ത് വീശിയ കാറ്റിൽ ഒരു തൂവൽ പോലെ പൊങ്ങിപ്പറന്നു.
ശബ്ദങ്ങൾ കേൾക്കുന്നുണ്ട്.
പതിയെ പതിയെ അതും നിലച്ചു.
തൂവൽ പറന്ന് പറന്ന് ഇപ്പൊ നീലാകാശം കാണാറായി.
പ്രമുഖ സ്വകാര്യ ആശുപത്രിയുടെ മുൻവശത്തെത്തി നിന്നു.
KL. 3 വെള്ള നിറത്തിലെ വാഹനം.
ചോരയിൽ കുളിച്ച അവളെ പുറത്തിറക്കി. പുറകെ കരഞ്ഞ് വിളിച്ച് മകളും മകനും.
പ്രാഥമിക പരിശോധയ്ക്കൊടുവിൽ,
"ജീവൻ രക്ഷിക്കാം പത്ത് ലക്ഷം രൂപ ഉടൻ അടയ്ക്കണം"
ഒരൊറ്റ ഫോൺ വിളി കൊണ്ട് പത്ത് ലക്ഷം രൂപ എത്തി.
ഓപ്പറേഷൻ കഴിഞ്ഞു.
ആ ജീവൻ രക്ഷപ്പെട്ടു.
വർഷങ്ങളോളം അവൾ ഇനിയും ജീവിക്കും. മകൾക്ക് അമ്മയുണ്ട്,ചെറുമകൾക്ക് അമ്മൂമ്മയുണ്ട്, മരുമകന് അമ്മായിയും. അവൾക്ക് ഇവരെല്ലാം ഉണ്ടെന്നും ആരെന്നും തിരിച്ചറിയുന്നുണ്ടാകുമോ? അറിയില്ല.
മൂല്ല്യം അളന്നപ്പോൾ ജീവന് കൊടുത്ത വില കുറഞ്ഞ് പോയോ?
ആഹാരം ദ്രവരൂപത്തിൽ കുഴൽ വഴി ഉള്ളിൽ ചെല്ലുന്നുണ്ട്.
അത് പുറത്തേക്ക് പോകാനും കുഴലുകൾ ഇട്ടിട്ടുണ്ട്.
ശ്വാസത്തിനായി വായു നിറച്ച ഇരുമ്പ് കൂജയുമുണ്ട്.
ജീവനുമുണ്ട്.
ലക്ഷങ്ങൾ കൊടുത്ത് നേടിയ ജീവൻ.
KL.33 രണ്ടാമത്തെ ആംബുലൻസ് വന്ന് നിന്നത്
ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുന്നിൽ.
സ്ട്രെക്ച്ചറിൽ നിന്നും ചോരയൊലിപ്പിച്ച അവളെ പുറത്തെടുത്തു.
മിഴികൾ ചതിച്ച് തലച്ചോറിൽ കാഴ്ച്ച കൊടുക്കാതെ അല്ല അവൾ അവിടെത്തിയത്.
ഉറ്റുനോക്കി നിന്ന അവളുടെ കാഴ്ച്ചയും സമയത്തിന്റെ കണക്ക് കൂട്ടലും കൃത്യമായിരുന്നു.
ആ വാഹനം നിർത്താതെ തന്നെ കടന്ന് പോയി.
തൂവൽ പോലെ ഭാരമില്ലാതെ പറന്നവൾ
KL. 33 വെളുത്ത വാഹനത്തിലേറി.
"സീരിയസാണ്.ഏതെങ്കിലും വലിയ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോകണമെന്ന് " ഡോക്ടർ.
വിലയിട്ട ജീവന് പൈസയ്ക്ക് കൈമമലർത്തി കൂടെയുള്ളവർ.
ഐ സി യു ഒഴിവില്ലെന്ന് വീണ്ടും ആശുപത്രി അധികാരികൾ.
ഒരൊറ്റ ഫോൺ വിളി.
പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നഗരത്തിന്റെ ഭരണച്ചുമതലയുള്ള ഒരാളിലേക്ക്.
അവിടെന്ന് പിന്നെ ആശുപത്രി സൂപ്രണ്ടിലേക്ക്. ഐ സി യു വിൽ ഒഴിവ് വന്നു.
അവൾ അഡ്മിറ്റായി.ആ ജീവൻ രക്ഷപ്പെട്ടു.
ഇനി അവൾ ജീവിക്കും അവളായി തന്നെ
പുനർജ്ജന്മം ആയിക്കഴിഞ്ഞു.
ഇനി മൂന്നാമത്തെയവൾ.
KL.333 വെള്ള വാഹനത്തിനുള്ളിൽ ചോര വാർന്നവൾ കിടപ്പുണ്ട്.
അവൾക്കൊരു പേരുണ്ടായിരുന്നു.
ഭിക്ഷക്കാരി.
കാഴ്ച്ച ഇവിടെ നഷ്ടപ്പെട്ടത് ആർക്കെന്നറിയില്ല.
കാൽവിരലിലൂടെ കയറിയിറങ്ങിയ വാഹനത്തിന്റെ ചക്രം.
പിന്നെയത് വീണ്ടും വീണ്ടും കാലിലൂടെ കയറിയിറങ്ങി.
കാഴ്ച്ചയില്ലായിരുന്നു ആർക്കും.
ചോര വാർന്നൊഴുകി റോഡിൽ കിടന്നു ഭിക്ഷക്കാരി.
ചുറ്റുമുള്ളവരുടെ കണ്ണുകൾ ആ കാഴ്ച്ച തലച്ചോറിലേക്ക് എത്തിച്ചിട്ടില്ലായിരിക്കും.
അതല്ലേ അവർ നോക്കി നിന്നത്.
ഒടുവിൽ KL.333 വെള്ള വാഹനം എത്തി. ജീവന്റെ സാരഥിയായവൻ ഭിക്ഷക്കാരിയെയും കൊണ്ട് പാഞ്ഞു.
ആദ്യം എത്തിയത് ഏറ്റവും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു.
"ആദ്യമെ പൈസ അടയ്ക്കൂ "അവർ പറഞ്ഞു.
പൈസ ഇല്ല.
ജീവനും കൊണ്ട് ഓടി വന്നവന്റെ കൈയ്യിൽ ഒരു ജീവന് കൊടുക്കാനുള്ള പൈസ ഇല്ലായിരുന്നു.
ആംബുലൻസ് അവിടെന്ന് നേരെ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക്.
സീരിയസാണ്,
ഐ സി യു ഒഴിവില്ല.
അവർ പറഞ്ഞു.
ഫോൺ വിളി ഒരിടത്തും പോയില്ല.
ഒരിടത്ത് നിന്ന് വന്നതും ഇല്ല.
ഭിക്ഷക്കാരി എന്ന അവളുടെ പേര് ഒരു വോട്ടർ പട്ടികയിലും ഇല്ലായിരുന്നു.
അൽപ്പനേരം കൊണ്ട് തന്നെ കൊടുക്കാനില്ലാതിരുന്ന വിലയുടെ അത്രയും ഭാരം ഭിക്ഷക്കാരിയുടെ ശരീരത്തിൽ കുറഞ്ഞു.
ആ ശരീരം ശ്മശാനത്തിൽ എത്തിച്ച് തിരിച്ച് പോകുമ്പോഴും ആ ജീവന്റെ സാരഥിയ്ക്ക് പൈസ ഒന്നും ആരും കൊടുത്തിരുന്നില്ല.
ജീവനില്ലല്ലോ? ജീവനല്ലേ വിലയുള്ളു.
അത് നഷ്ടമായി.
എത്രയായിരിക്കും ജീവന്റെ വില?
ഒരു ഗ്രാമിന് എത്ര...?
ജെ....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot