നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കല്ലെടുക്കുന്ന തുമ്പികൾ

Image may contain: 1 person, closeup

--------------------------------------
ആരും കുടെയില്ലാതെ ഒറ്റയ്ക്ക് ഹോസ്റ്റൽ മുറിയിൽ കഴിയേണ്ടി വരുന്ന അവധി ദിനങ്ങളെ പറ്റി ആ ദിവസത്തിനു മുമ്പു വരെ അവൾ ആലോചിച്ചിരുന്നില്ല. കാരണം വീണു കിട്ടുന്ന അവധി ദിനങ്ങളിലെല്ലാം അവൾ ആ നഗരത്തിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറമുള്ള തന്റെ ഗ്രാമത്തിലേക്ക് പോവുകയാണ് പതിവ്. അങ്ങനെ ഒരു ദിനത്തിലൂടെ ആദ്യമായി കടന്നു പോവുന്നതിനാലാവണം അവൾ ആകെ അസ്വസ്ഥയായിരുന്നു. മിനിറ്റുകൾക്ക് മണിക്കുറുകളുടെ ദൈർഘ്യമുള്ള അതു പോലുള്ള ദിനങ്ങൾ നൽകുന്ന വിരസത ജീവിതത്തിൽ മറ്റൊന്നിനും നൽകാൻ കഴിയില്ല എന്ന് അന്നവൾക്ക് മനസിൽ തോന്നി.
ഒരു ജോലി കിട്ടിയതിന്റെ ഭാഗമായി ആദ്യമായ് ആ ഹോസ്റ്റലിൽ താമസത്തിനെത്തിയപ്പോൾ നല്ല വരുമാനമുള്ള ജോലി കിട്ടിയ സന്തോഷത്തേക്കാൾ തന്റെ ഗ്രാമത്തെ ഉപേക്ഷിച്ച് തിരക്കുപിടിച്ച മറ്റൊരു നഗരത്തിൽ താമസിക്കേണ്ടി വന്ന ദുഃഖമായിരുന്നു അവളുടെ മനസിൽ നിറഞ്ഞു നിന്നിരുന്നത്. പാഴ്ശ്രമമാണ് എന്നറിഞ്ഞിട്ടും മറ്റാരുമറിയാതെ മനസിന്റെ ഉള്ളറകളിലെവിടെയോ ആ ദു:ഖത്തെ കുഴിച്ചുമൂടി സന്തോഷത്തിന്റെ മൂടുപടമണിയാൻ എന്നും അവൾ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു.
രണ്ടുനിലയുളള ആ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു അവളുടെ മുറി. രണ്ടു പേർക്കു താമസിക്കാവുന്ന ആ മുറിയിൽ അവൾക്ക് കുട്ടിനായുണ്ടായിരുന്നത് മധ്യവയസ്കയായ ഒരു ടീച്ചർ ആയിരുന്നു. ജീവിതവീഥിയുടെ പകുതി ദൂരവും പൂർത്തിയാക്കി കഴിഞ്ഞ അവർ എപ്പോഴും തന്റെ ലോകത്തിൽ സ്വൈരവിഹാരം നടത്തുന്ന ഒരാളായിരുന്നു. മറ്റാർക്കും പ്രവേശിക്കാൻ കഴിയാത്ത വണ്ണം അകൽച്ചയുടെ ശക്തമായ ഒരു മതിൽ അവർ തന്റെ മനസിനു ചുറ്റും പണിതുയർത്തിയിരുന്നു. ഒരേ മുറിയിൽ താമസക്കാരായിരുന്നിട്ടു കൂടി ആ മതിൽ ഭേദിക്കാൻ അവൾക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. ഒന്നു രണ്ടു തവണ അവളതിനു ശ്രമിച്ചുവെങ്കിലും അടുക്കും തോറും അകന്നു പോവുന്ന ഒരു കാന്തത്തിലെ സജാതിയ ധ്രുവങ്ങൾ പോലെയായിരുന്നു അവരിരുവരുമെന്ന തിരിച്ചറിവ് തന്റെ മനസിന്റെ കോണിലൊളിപ്പിച്ചു വച്ചിരുന്ന അവളുടെ ദു:ഖത്തിന്റെ ആക്കം വളരെയധികം വർദ്ധിപ്പിക്കുവാൻ പോന്നതായിരുന്നു.
ആ ദു:ഖത്തിന്റെ പ്രതിഫലനമെന്ന വണ്ണം ഹോസ്റ്റലിൽ ചിലവഴിക്കേണ്ടി വന്ന ഏറിയ സമയവും അവൾ വളരെ ചിന്താകുലയായിരുന്നു. അവളുടെ ചിന്തകളിലെപ്പോഴും തന്റെ ഗ്രാമവും അവിടുത്തെ തണുത്ത സന്ധ്യകളും നിറഞ്ഞു നിന്നു. ഋതുഭേദങ്ങളില്ലാതെ അവിടുത്തെ വയലിൽ നിന്നും വീശുന്ന തണുത്ത കാറ്റു നൽകുന്ന കുളിര് വല്ലപ്പോഴും വരുന്ന അതിഥിയെ പോലെ തനിക്ക് അന്യമായിക്കൊണ്ടിരിക്കുകയാണെന്ന ചിന്ത അവളുടെ ഹൃദയത്തെ പല കഷണങ്ങളായി കീറി മുറിച്ചു കൊണ്ടിരുന്നു. ആഴ്ചയിലെ അവസാന ദിവസം തന്റെ ഗ്രാമത്തിലേക്ക് നടത്താറുള്ള യാത്രകളെയും ശേഷം സ്നേഹനിധികളായ തന്റെ കുടുംബത്തോടൊപ്പം പങ്കിടുന്ന മധുരമൂറുന്ന നിമിഷങ്ങളെയും പ്രതീക്ഷിച്ചു കൊണ്ടാണ് ഹോസ്റ്റലിലെ ഓരോ ദിനവും അവൾ തള്ളി നീക്കിയിരുന്നത്. അപ്രതീക്ഷിതമായി വന്ന ജോലിത്തിരക്കിനാൽ മുടങ്ങിപ്പോയ ആ ആഴ്ചയിലെ തന്റെ യാത്രയെ പറ്റി ഓർത്ത് അവൾ ആകെ അസ്വസ്ഥയായിരുന്നു. എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് അവൾ മുറിയിലെ തന്റെ കട്ടിലിൽ സമാന്തരമായി ഇട്ടിരിക്കുന്ന ടീച്ചറിന്റെ കട്ടിലിലേക്ക് നോക്കിക്കൊണ്ട് വെറുതെ കിടന്നു. അങ്ങോട്ട് നോക്കവേ കാരണമറിയാത്ത ഏതോ ഒരു ദുഃഖത്തിന്റെ മാറ്റൊലികൾ തന്റെ ഹൃദയത്തിൽ അലയടിക്കുന്നതായി അവൾക്ക് തോന്നി. നിസാരമായ ഒരു പുൽക്കൊടിത്തുമ്പു പോലും നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ഒരു പാട് വൈകിയായിരിക്കും ചിലപ്പോഴൊക്കെ നമ്മൾ മനസിലാക്കുക. തിരിച്ചു വരാനാവാത്ത അകലങ്ങളിലേക്ക് ഒരു അപ്പൂപ്പൻ താടി പോലെ പറന്നു പറന്നു പോയിട്ടുണ്ടാവും അവയൊക്കെയും അപ്പോൾ.
ശൂന്യതയിലേക്ക് ദൃഷ്ടികൾ ഉറപ്പിച്ചു കൊണ്ട് ആ കട്ടിലിൽ ഒരു പ്രതിമ കണക്കെ ഇരിക്കാറുള്ള ടീച്ചറുടെ രൂപം അവളുടെ മനസിൽ ഒരു തിരശീലയിലെന്ന പോലെ തെളിഞ്ഞു വന്നു. എപ്പോഴും ചിന്താകുലയായിരിക്കുന്ന അവരെ കാണുമ്പോൾ അവൾക്കോർമ്മ വരുന്നത് ഹരിതാഭമായ പുൽമേടുകളിൽ തന്റെ കാലികളെ മേയ്ക്കാൻ വിട്ടിട്ട് കാത്തിരിക്കുന്ന ഒരു ഇടയനെ പോലെയാണ്. പല വഴിക്ക് ചിതറിത്തെറിച്ച ചിന്തകളെ ഒരുമിച്ചാക്കാൻ അവർ പാടുപെടുന്നതായി അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതാനും മണിക്കൂറുകൾ മുമ്പു വരെ ഈ മുറി അവർക്ക് കൂടി സ്വന്തമായിരുന്നു. ഇന്നു രാവിലെയാണ് ഇത്രയും നാൾ താമസിച്ച ഈ മുറി വിട്ട് വേറൊരു നാട്ടിലെ തനിക്കായി മാറ്റി വച്ചിട്ടുള്ള മറ്റൊരു മുറിയിലേക്ക് അവർ യാത്രയായത്. അവിടെയും തന്റെ ഏകാന്ത ലോകം കെട്ടിപ്പടുക്കാൻ ഒരു പക്ഷേ അവർ ശ്രമിച്ചേക്കാം. അവരുടെ കുടുംബത്തെ പറ്റിയൊന്നും അത്ര വ്യക്തമായ അറിവ് അവൾക്കുണ്ടായിരുന്നില്ല എങ്കിലും തന്റെ പരിമിതമായ അറിവ് വച്ച് അവർ എന്തൊക്കെയായിരിക്കാം ചിന്തിക്കാറുള്ളതെന്ന് അവൾ വെറുതേ മനസിലോർത്തു നോക്കി. കാലിനു വൈകല്യമുണ്ടായിരുന്ന അവർ ചിലപ്പോൾ തന്റെ വൈകല്യത്തെയും അതുമൂലം നഷ്ടമായ തന്റെ ജീവിത സുഖങ്ങളെ പറ്റിയുമായിരിക്കാം ചിലപ്പോൾ ചിന്തിക്കാറ്. ഇനി അതുമല്ലെങ്കിൽ ആ വൈകല്യം തനിക്ക് സമ്മാനിച്ച ജോലിയുടെ ആനുകുല്യങ്ങൾ മുതലെടുക്കാൻ ശ്രമിക്കുന്ന വീട്ടുകാരെ പറ്റിയായിരിക്കാം. ഇവയൊന്നുമല്ലാതെ വേറെ എന്തെങ്കിലും ചിന്തകൾ അവരിലുണ്ടാവുമോ? ഒരു വിവാഹ ജീവിതം നിഷേധിക്കപ്പെട്ട തന്റെ ദൗർഭാഗ്യത്തെ കുറിച്ചായിരിക്കുമോ അവർ ചിന്തിക്കാറ്? കടലിലെ തിരമാലകൾ പോലെ ഒന്നിനു പുറകെ ഒന്നായി വരുന്ന ചിന്തകളിൽ നിന്ന് അവരുടെ ജീവിതത്തിന്റെ ഒരു തിരക്കഥ മെനയാൻ അവൾ വെറുതെ ശ്രമിച്ചു കൊണ്ടിരുന്നു.
സ്കൂൾ യൂണീഫോമണിഞ്ഞു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രമാണ് ആദ്യം അവളുടെ മനസിലേക്ക് വന്നത്. കൂട്ടുകാർ കളിക്കുന്നതു കണ്ടു കൊണ്ട് സ്കൂൾ വരാന്തയിലിരിക്കുകയായിരുന്നു അവൾ. കാലിന്റെ വൈകല്യം കാരണം തനിക്കന്യമായ ആ കളികളെ പറ്റിയോർത്തിട്ടായിരിക്കാം ആ കണ്ണുകൾ രണ്ടും നിറഞ്ഞിരുന്നു. പുറം കൈകൊണ്ട് കണ്ണുകൾ തുടച്ച് തന്റെ ദു:ഖത്തെ ഒരു പുഞ്ചിരിയിലൊളിപ്പിക്കാൻ അവർ വെറുതേ ശ്രമിച്ചുകൊണ്ടിരുന്നു.
പിന്നിടുന്ന വഴികളിൽ തന്നെ സഹതാപത്തോടെയും പരിഹാസത്തോടെയും നോക്കുന്ന കണ്ണുകളെ അവഗണിച്ച് വേച്ചു പോവുന്ന കാലടികളുമായ് അവർ നടന്നു പോവുന്ന ചിത്രമാണ് പിന്നെയവൾ ഓർത്തത്.
സ്വപ്നങ്ങൾ പൊട്ടിമുളയ്ക്കുന്ന അവരുടെ കൗമാരകാലത്തിന്റെ ചിത്രമാണ് പിന്നെയവളുടെ മനസിൽ തെളിഞ്ഞത്. താൻ ഒരാളുടെ പ്രണയിനിയാവുന്നതും അയാളുമായ് പങ്കിടുന്ന മധുരമാർന്ന നിമിഷങ്ങളെ പറ്റിയുമുള്ള സ്വപ്നം കണ്ടു കൊണ്ടുറങ്ങുന്ന അവരുടെ ചിത്രം. ചില സ്വപ്നങ്ങൾക്ക് ഒരു രാത്രിയുടെ ആയുസ് മാത്രമേ കാണുകയുള്ളുവെങ്കിലും ജീവിതകാലം മുഴുവൻ ഓർത്തു വയ്ക്കാനുള്ള വേദനകൾ അവ നമുക്ക് തന്നേക്കാം.
ആ വേദനകളെ പിന്നിലുപേക്ഷിച്ച് വിജയത്തിന്റെ ചവിട്ടുപടികൾ ഒന്നൊന്നായി കയറുന്ന അവരുടെ ചിത്രമാണ് അവളുടെ മനസിലേക്ക് പിന്നീട് വന്നത്. കാറും കോളും വകവയ്ക്കാതെ കര കവിഞ്ഞൊഴുകുന്ന പുഴയിലൂടെ തന്റെ തോണിയിലെ യാത്രക്കാരെ രക്ഷപ്പെടുത്തുന്ന ഒരു വള്ളക്കാരന്റെ രൂപത്തിലുള്ള അവരുടെ ചിത്രമാണ് അതിനു ശേഷമവൾ ഓർത്തത്. അപ്പോഴേക്കും അവരുടെ മനസിന് ഒരു തരം മടുപ്പ് ബാധിച്ചു തുടങ്ങിയിരുന്നു.
യഥാർത്ഥ ജീവിതത്തിൽ അവർ വിജയിച്ചിരുന്നുവോ എന്ന് അവൾ വെറുതേ ചിന്തിച്ചു നോക്കി. കാലം കടന്നു പോകുംതോറും താൻ സൃഷ്ടിച്ച ഒരു ഏകാന്തലോകത്തിലേക്ക് സ്വയം ഉൾവലിഞ്ഞു കൊണ്ട് പരാജയങ്ങൾ ഏറ്റുവാങ്ങുകയായിരുന്നില്ലേ അവർ? അവരുടെ ജീവിതത്തിലെ അടുത്ത ചിത്രം എന്തായിരിക്കുമെന്നവൾ മനസിലോർത്തു. ഏറെ നേരം ചിന്തിച്ചിട്ടും ഉത്തരമൊന്നും കിട്ടാതെ വിഷമിച്ച അവൾ മുറിയിലെ ചില്ലു ജാലകപ്പാളി തുറന്ന് പുറത്തേക്ക് നോക്കി നിന്നു. ഒരു മതിലിനപ്പുറമുള്ള വീടിന്റെ മുറ്റത്ത് രണ്ടു കുട്ടികൾ കളിച്ചു കൊണ്ടു നിൽക്കുന്നത് അവൾ കണ്ടു. എന്തു കളിയാണവർ കളിക്കുന്നതെന്ന ആകാംക്ഷയോടെ അവൾ അങ്ങോട്ട് നോക്കി. ഒരു കുഞ്ഞു തുമ്പിയെക്കൊണ്ട് അവർ നിർബന്ധപൂർവം കല്ലെടുപ്പിക്കുകയായിരുന്നു. ഭാരമെടുത്ത് അവശയായ ആ കുഞ്ഞു തുമ്പി അപ്പോൾ മരണത്തോടടുക്കുകയായിരുന്നു.
(അവസാനിച്ചു)
രഞ്ജിനി

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot