"അപ്പൻ കുടി നിർത്തുകേല ആനി ..ഇനി ഞാൻ അതിനു വെറുതെ മിനക്കെടണ്ട "അവന്റെ കണ്ണുകൾ നിറയുന്നതും ആ ശബ്ദം ഇടറുന്നതും അറിഞ്ഞു ആനി ആ കൈയിൽ ഒന്ന് തൊട്ടു
"നീ രക്ഷപ്പെട്ടോ എന്റെ കൂടെ കൂടി നിന്റെ ജീവിതം കൂടി ഇല്ലാതെയാക്കണ്ട .ഇപ്പോൾ ഞാൻ സ്റ്റേഷനിൽ നിന്നാ വരുന്നേ. അപ്പൻ അടിപിടിയുണ്ടാക്കിയിട്ടു കൊണ്ട് പോയേക്കുവാരുന്നു . അവിടെ ഉള്ളവർ പണ്ട് കൂടെ ജോലി ചെയ്തിട്ടുള്ള കൊണ്ടാണ് അപ്പനെ തല്ലാതെ വിട്ടത് ...എനിക്ക് മടുത്തു "അവൻ മുഖം പൊത്തി കരഞ്ഞു
"എബി..എന്താ ഇത് കരയല്ലേ ..ആരെങ്കിലും കാണും ..."അവൾ ചുറ്റും നോക്കി പബ്ലിക് റോഡ് ആണ് ആൾക്കാർ കടന്നു പോകുമ്പോൾ നോക്കുന്നുണ്ട്
അവൾ അവനെയും കൊണ്ട് അടുത്ത കോഫീ ഷോപ്പിലേക്ക് കയറി .ഒരു കോഫിക്ക് പറഞ്ഞു
"അപ്പൻ പണ്ട് മുതലേ ഇങ്ങനെ ആണോ ..അതായതു നിന്റെ കുട്ടിക്കാലത്തെ ...?"
"ഊഹും..അല്ല... ഞാൻ പത്തില് പഠിക്കുന്ന സമയം . ഒരു ദിവസം അപ്പനും അമ്മച്ചിയും കൂടി അപ്പന്റെ ബുള്ളറ്റിൽ അമ്മച്ചിയുടെ വീട്ടിൽ പോയതാരുന്നു . അപ്പന്റ വണ്ടിയിൽ ഒരു ലോറി വന്നു തട്ടി ..ആ ലോറി എന്റെ അമ്മച്ചിയേം കൊണ്ട പോയത് .അതി പിന്നെ അപ്പൻ ഇങ്ങനെയാ ...അവര് തമ്മിൽ വലിയ സ്നേഹമാരുന്നു.."അവൻ ഒന്ന് നിർത്തി കാപ്പിക്കപ്പെടുത്തു ചുണ്ടോടു ചേർത്ത് എന്തോ ആലോചിച്ചു
"ആ സ്നേഹം എനിക്ക് അറിയാവുന്ന കൊണ്ടാ ഞാനും ചിലപ്പോളൊക്കെ കണ്ണടയ്ക്കുന്നെ പക്ഷെ ഇപ്പൊ ഇത് ഒത്തിരി കൂടി പോവാ ഈയിടെ. എനിക്ക് സഹിക്കാൻ കഴിയുന്നതിനുമപ്പുറം .... എനിക്കറിയാം അപ്പനെന്നെ വലിയ ഇഷ്ട , അല്ലേൽ അമ്മച്ചിയുടെ കൂടെ അപ്പനങ്ങു ചത്തേനെ..അത്രയ്ക്ക് ജീവനായിരുന്നു അപ്പന് അമ്മച്ചി"അവൻകാപ്പി കുടിച്ചെഴുനേറ്റു .
"പോകാം ..ഞാൻ നിന്നെ വിളിക്കാം "
"എന്നോട് നിന്നെ ഇട്ടേച്ചു പോകാൻ പറയാനാണോ ?"അവൾകുസൃതിയോടെ ചിരിച്ചു
"എന്റെ മരണം വരെ നീ കാണുമെടി ഒപ്പം.ഞാൻ എന്റെ സങ്കടം കൊണ്ട് പറഞ്ഞതല്ലേ ?"
അവൻ അവളുടെ കൈയിൽ ഒന്ന് കൈ കോർത്ത് അമർത്തി പിന്നെ വിട്ടു. ബൈക്ക് സ്റ്റാർട്ട് ചെയ്തു
എബി വീട്ടിലെത്തുമ്പോൾ അപ്പൻ വാഴയ്ക്ക് വെള്ളം നനയ്ക്കുന്നു
"എബി മോനെ കപ്പ പുഴുങ്ങി വെച്ചിട്ടുണ്ട് കേട്ടോ ഇന്നലെത്തെ മീൻകറി ചൂടാക്കി വെച്ചിട്ടുണ്ട് "അപ്പൻ വാത്സല്യത്തോടെ പറഞ്ഞെങ്കിലും അതവന്റ് ഉള്ളിലൊട്ടു കയറിയില്ല
"എബി മോൻ ..! മിണ്ടരുത് അപ്പന് വീട്ടിലിരുന്നു കുടിച്ചാൽ പോരെ? നാട്ടാരുടെ മെക്കിട്ടു കയറിയാൽ അവര് തല്ലിക്കൊല്ലും അപ്പാ "
"അത് മോനെ, നിന്റെ അമ്മച്ചിയെ ഞാൻ മനഃപൂർവം തള്ളിയിട്ട് കൊന്നതാണെന്നു ആ വർക്കി പറഞ്ഞപ്പോൾ തല്ലിപ്പോയത് ആണെടാ സത്യായിട്ടും വേണമെന്ന് വെച്ചിട്ടല്ല "അപ്പൻ മുഖം കുനിച്ചു. അവനു ദേഷ്യം കൊണ്ട് കണ്ണ് കാണാതായി
"അമ്മച്ചി രക്ഷപ്പെട്ടു .സത്യത്തിൽ .ഇനി അങ്ങനെ വല്ലോം ആയിരുന്നോ ?"അവൻ ചോദിച്ചു
ദേഷ്യം വന്നപ്പോ പറഞ്ഞതെങ്കിലും അത് ക്രൂരമായി പോയി എന്നവന് തന്നെ തോന്നി .അപ്പനൊന്നും മിണ്ടാതെ മുറിയിലോട്ടു പോകുന്നത് അവൻ കണ്ടു
അപ്പൻ മിണ്ടാതെയാകുന്നത് കുടിക്കാതെയിരിക്കുന്നത് , വീടിനു പുറത്തിറങ്ങാതിരിക്കുന്നത്, ഒക്കെ അവനാദ്യമായി കാണുകയായിരുന്നു .
അവനെന്തോ വല്ലായ്മ തോന്നി
അപ്പൻ കിടക്കുന്ന കട്ടിൽ അവനിരുന്നു
"അപ്പൻ ഒന്ന് പുറത്തിറങ്ങിയേച്ചും വാ "
"ഓ വേണ്ടടാ "
"അപ്പനെന്നോടു ദേഷ്യമാണോ ?"
അയാൾ അവനെ നോക്കിയിരുന്നു . പിന്നെ അവന്റെ മൂക്കില് തൊട്ടു
"ഇതേ മൂക്കാരുന്നു മേരി കൊച്ചിന്റെ ...നിനക്കോർമയില്ലിയോ നിന്റെ അമ്മച്ചിയെ ?..എന്നാ നിറമാ ..എന്നാ ചേലാ..ചട്ടയും മുണ്ടുമുടുക്കുന്നതു ഒന്നും പുള്ളിക്കാരിക്ക് അത്രയ്ക്ക് അങ്ങോട്ടു ഇഷ്ടമല്ല. പരിഷ്കാരിയല്ലിയോ..എന്നാലും എനിക്ക് കാണണം എന്ന് പറഞ്ഞാൽ അതും ഇട്ടോണ്ട് ഒരു വരവുണ്ട്" ...അയാളുടെ ശബ്ദം ഇടറി
"അപ്പാ "അവൻ വേദനയോടെ വിളിച്ചു
"ഞങ്ങൾക്കൊരു പെങ്കോച്ചുണ്ടാരുന്നെങ്കില് അവളെ പോലിരുന്നേനെ. ....കാണാരുന്നു ഇപ്പൊ അല്ലിയോടാ ..?അവളില്ലെലും അതിനെ കാണാരുന്നു ....പെങ്കൊച്ചുങ്ങൾക്കു അപ്പനോട് വലിയ സ്നേഹമാരിക്കും ...ഇല്ലിയോ ?"
"അപ്പാ എനിക്കില്ലെ അപ്പാ അപ്പനോട് സ്നേഹം ..?ദേഷ്യം വന്നപ്പോ ഞാൻ വെറുതെ .."അപ്പൻ കണ്ണുകളച്ചു കിടക്കുന്നതു കണ്ടു അവൻ നിർത്തി ..പിന്നെ എണീറ്റ് പോരുന്നു
അന്ന് ജോലി കഴിഞ്ഞു വരുമ്പോ അപ്പനില്ല ..
അവൻ ആധി പിടിച്ചോടി നടന്നു ..ആരും കണ്ടിട്ടുമില്ല .നടന്നു തളർന്നവൻ അമ്മച്ചിയുടെ കുഴിമാടത്തിനരികിലെത്തി
അവിടെ ഒരു നിഴൽ രൂപം
"അപ്പൻ "
അപ്പൻ അമ്മച്ചിയോട് സംസാരിക്കുന്നതു കണ്ട് അവൻ ഒരു മരത്തിന്റ മറവിൽ മാറി നിന്നു
അപ്പൻ അമ്മച്ചിയോട് സംസാരിക്കുന്നതു കണ്ട് അവൻ ഒരു മരത്തിന്റ മറവിൽ മാറി നിന്നു
"മേരി കൊച്ചെ ..ഒരു തുള്ളി ഉള്ളിൽ ചെല്ലുമ്പോ നീ എന്റെ മുന്നിൽ വന്നു നിൽക്കുമ്പോലെ അങ്ങ് തോന്നുവാ. എനിക്ക് .നിന്നോടെനിക്ക് മിണ്ടാം ,കാണാം ,തൊടാം കെട്ടിപ്പിടിക്കാം ...ഞാൻ കുടിക്കുന്നതു എന്റെ മേരികോച്ചിനെ കാണാനാണെന്നു എബി മോനോട് ഞാൻ എങ്ങനെ പറയും ?നിന്നെ കാണാതെ എങ്ങനെയാ ഞാൻ ജീവിക്കുന്നെ ?എന്നെ കൂടെ കൊണ്ട്പോവോ അങ്ങോട്ട് ? ഇപ്പൊ അവൻ വളർന്നല്ലോ ..അന്ന് നിന്റെ കൂടെ ചാകാൻ പോയപ്പോ നീ അല്ലെ പറഞ്ഞെ മോനെ നോക്കണം ഇച്ചായൻ മാത്രേ ഉള്ളു അവനെന്നു ...ഇനി അവനു അപ്പനെ എന്തിനാ ?ഇപ്പൊ അപ്പൻ അവനൊരു നാണക്കേടാ.... നാണക്കേടാ?"അപ്പൻ സങ്കടം പറയുന്നത് കേട്ട് എബി വാ പൊത്തി കരച്ചിലടക്കി വീട്ടിലോട്ടു പോരുന്നു.
രാത്രി അത്താഴം കഴിഞ്ഞു എബി അപ്പനരികിൽ ചെന്നു
കയ്യിലിരുന്ന കുപ്പി തുറന്നു ഗ്ലാസിൽ ഒഴിച്ച് അപ്പന് നേരെ നീട്ടി
"ഓ വേണ്ടെടാ "അപ്പൻ മുഖം തിരിച്ചു
"വേണം .അപ്പൻ രണ്ടെണ്ണം അടിച്ചോ ..പക്ഷെ ഇവിടെ ഇരുന്നു മതി ...ഞാൻ ഉണ്ടാകും കൂട്ടായിട്ട്.."അവൻ ആ നിറുകയിൽ അമർത്തി ഉമ്മ വെച്ചു.."എന്റെ അപ്പനല്ലേ ..എന്നോട് ക്ഷമിക്ക് "
"ഒന്ന് പോടാ ചെക്കാ .."അപ്പൻ ചിരിച്ചു "നീ പോയി കിടന്നോ ,,അപ്പനിച്ചിരി നിലാവ് കാണട്ടെ "
"നിലാവാണോ അതോ അമ്മച്ചിയെ ആണോ ?"അവൻ കള്ളച്ചിരി ചിരിച്ചു
"പോടാ പോയി കിടന്നുറങ്ങടാ "അപ്പന്റ മുഖത്ത് നാണം .അവൻ ചിരിയോടെ തിരികെ പോരുന്നു
തിരികെ വരുമ്പോൾ ഹാളിൽ ചില്ലിട്ടു വെച്ചിരിക്കുന്ന അമ്മച്ചിയുടെ ചിത്രത്തിന് മുന്നിൽ അവൻ നിന്നു
"അപ്പൻ പറഞ്ഞാൽ എന്തും അനുസരിക്കും അമ്മച്ചി എന്ന് എനിക്ക് അറിയാം ..എന്റെ അപ്പനെ കൊണ്ട് പോകല്ലേ അമ്മച്ചി ...ഞാൻ വളർന്നാലും കാലമെത്ര കഴിഞ്ഞാലും അപ്പനെ എനിക്ക് വേണം ...എനിക്ക് വേറെ ആരാ ഉള്ളെ?"അവൻ കണ്ണീരോടെ ആ ചിത്രത്തിൽ കൈ അമർത്തി .."സത്യായിട്ടും എന്റെ അപ്പൻ എനിക്ക് ജീവനാ അമ്മച്ചി "
അമ്മച്ചി ഒന്ന് ചിരിച്ചത് പോലെ
മുറിയിൽ അമ്മച്ചിയുടെ മണം നിറയുന്നത് പോലെ
വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും
കരുതലിന്റെയും മണം
കരുതലിന്റെയും മണം
മുലപ്പാലിന്റെ മണം
മാതൃത്വത്തിന്റെ മണം
By: Ammu Santhosh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക