രചന:അഞ്ജന ബിജോയ്
വർഷ പറഞ്ഞുതുടങ്ങി "കമ്പനിയുടെ പുതിയ പ്രൊജക്റ്റിന്റെ ഓൺസൈറ്റ് വർക്കിന് വേണ്ടി ആറ് മാസത്തേക്ക് അമേരിക്കയിൽ ചെന്നതായിരുന്നു വിനു.പ്രൊജക്റ്റ് കഴിഞ്ഞ് പോവുന്നതിന്റെ തലേദിവസം അയാൾ ഫ്രണ്ട്സുമൊത്ത് ബീച്ച് റോഡിൽ ഉള്ള ഒരു പബ്ബിൽ പോയി. അയാൾ മദ്യപിക്കാറില്ലായിരുന്നു.കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് കൂടെ ചെല്ലാമെന്നേറ്റത്.മൂക്കറ്റം മദ്യപിക്കുന്ന കൂട്ടുകാർകിടയിൽ ജ്യൂസും കുടിച്ച് മുഷിഞ്ഞിരിക്കുന്ന സമയം അയാൾ നാട്ടിലുള്ള അയാളുടെ പെങ്ങൾക്ക് ഫോൺ ചെയ്തു. തൊട്ടടുത്തുള്ള ബീച്ച് ഹൗസിൽ ഉച്ചത്തിലുള്ള പാട്ടും ബഹളവുമായി പാർട്ടി നടക്കുന്നതിനാൽ ഫോണിൽ അവൾ പറയുന്നതൊന്നും അയാൾക്ക് കേൾക്കാൻ സാധിച്ചില്ല.അപ്പോഴാണ് അധികം ദൂരത്തല്ലാതെ ഒരു ബോട്ട് ഹൌസ് കണ്ടത്. അയാൾ ഫോണുമായി അങ്ങോട്ട് നടന്നു.ബോട്ട് ഹൗസിന്റെ സൈഡിൽ നിന്നും അയാൾ സംസാരിച്ചു. തിരികെ വീട്ടിലെത്തുമ്പോൾ കഴിക്കാൻ തന്റെ പ്രിയപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കിവെക്കണമെന്നും വരുമ്പോൾ അവൾക്ക് തരാൻ അവിടെ നിന്നും ഏതൊക്കെയോ വാങ്ങികൂട്ടിയിട്ടുണ്ടെന്നും ഒക്കെ അയാൾ പെങ്ങളോട് പറഞ്ഞു.. പെട്ടെന്നാണ് ബോട്ട് ഹൗസിൽ നിന്നും ആരുടെയോ ഞരക്കം കേട്ടത്..ഫോൺ കട്ട് ചെയ്യാതെ അയാൾ ബോട്ട് ഹൗസിലേക്ക് കയറി..ലൈറ്റ് ഇട്ടപ്പോൾ കണ്ട കാഴ്ച അതിഭയാനകമായിരുന്നു! ചോരയിൽ മുങ്ങിക്കുളിച്ച് പാതിനഗ്നയായി കിടക്കുന്ന ഒരു സ്ത്രീരൂപം.അയാൾ അവിടെ കിടന്നിരുന്ന ഒരു തുണി എടുത്ത് അവരെ പുതപ്പിച്ചു.ഫോണിൽ കൂടി പെങ്ങളോട് കാര്യം പറഞ്ഞു. അയാൾ പറഞ്ഞത് പെങ്ങൾക്ക് വിശ്വസിക്കാനായില്ല.. അയാൾ അവരുടെ അടുത്ത് ചെന്ന് അവരുടെ ഒരു ഫോട്ടോ പെങ്ങളുടെ ഫോണിലേക്ക് അയച്ചു.ആ സ്ത്രീയുടെ പേഴ്സ് തൊട്ടടുത്ത് തന്നെ കിടപ്പുണ്ടായിരുന്നു..അതിൽ അവരുടെ ഐഡന്റിറ്റി കാർഡും ഫോണും ഉണ്ടായിരുന്നു. അവരുടെ ഫോണിലെ ലോക്ക്സ്‌ക്രീനിൽ ഒരു ഫോട്ടോയുണ്ടായിരുന്നു. ആ ഫോട്ടോ കണ്ടപ്പോൾ വിനുവിന് ആ സ്ത്രീ ആരാണെന്ന് മനസ്സിലായി. വിനു ആ ഫോട്ടോയും പെങ്ങളുടെ ഫോണിലേക്ക് അയച്ചു. താൻ അയച്ച ഫോട്ടോസ് അബദ്ധത്തിൽ പോലും ആർക്കും ഫോർവേഡ് ചെയ്യരുത് എന്ന് അയാൾ പെങ്ങളോട് പറഞ്ഞു. ആ സ്ത്രീയുടെ ഫോൺ ലോക്ക് ആയിരുന്നതിനാൽ അയാൾക്കത് തുറന്ന് നോക്കാൻ പറ്റിയില്ല. അയാൾ അവിടെ കണ്ട ഒരു വാട്ടർ ബോട്ടിൽ
എടുത്ത് ആ സ്ത്രീയുടെ മുഖത്തേക്ക് വെള്ളം തളിച്ചു.പാതിബോധത്തിൽ കിടന്ന അവർക്ക് അയാൾ കുടിക്കാൻ വെള്ളം കൊടുത്തു..പ്രൊജക്റ്റ് കഴിഞ്ഞ് പിറ്റേന്ന് നാട്ടിലേക്ക് തിരിച്ച് പോകേണ്ടതുകൊണ്ട് പോലീസ് കേസിൽ ഇൻവോൾവ്ഡ് ആയാൽ ഉടനെ എങ്ങും നാട്ടിലേക്ക് തിരികെപോവാൻ പറ്റാതെ അമേരിക്കയിൽ ഓരോ നൂലാമാലകളിൽ കുടുങ്ങിക്കിടക്കേണ്ടി വരുമോ എന്ന ചിന്തയിലും പിന്നെ ഒരുപക്ഷെ വാദി പ്രതിയായേക്കുമോ എന്നുള്ള ഭയം കൊണ്ടും അയാൾ ആ സ്ത്രീയോട് താൻ അവരുടെ ഫോണിൽ നിന്ന് തന്നെ എമർജൻസി നമ്പർ വിളിക്കുകയാണെന്നും പറയുന്നത് പെങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.. പക്ഷെ പെട്ടെന്നാണ് എന്തോ ഒരു ശബ്ദം കേട്ടത്..കൂടെ വിനുവിന്റെ അലർച്ചയും! എന്താണ് സംഭവിച്ചതെന്ന് പെങ്ങൾക്ക് മനസ്സിലായില്ല..ഫോൺ കട്ട് ആയി..പിന്നീട് ഇന്നുവരെ ആരും വിനുവിനെ കണ്ടിട്ടില്ല അയാളുടെ ശബ്ദം കേട്ടിട്ടില്ല.."വർഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
"കുറച്ച് നാളുകൾക്ക് മുൻപ് അമേരിക്കയിൽ നിങ്ങളുടെ കമ്പനിയിൽ വെച്ച് ഒരു സ്റ്റാഫിനെ കാണാതായത് ഓർമ്മയുണ്ടോ ? മിസ്സിംഗ് കേസ് ഒക്കെ രജിസ്റ്റർ ചെയ്തിരുന്നു.പക്ഷെ ഇന്നും അയാൾ എവിടെയാണെന്നോ അയാൾക്കെന്തു സംഭവിച്ചുവെന്നോ ആർക്കുമറിയില്ല. ഒരു വിനീത് ? "വർഷ ആദിത്യനെ നോക്കി ചോദിച്ചു.
"അതെന്റെ ചേട്ടനാ! എന്റെ വിനുവേട്ടൻ.." വർഷ മുഖം പൊത്തി കരഞ്ഞു..
പ്രിയ ഒഴികെ ആദിത്തും മറ്റുള്ളവരും കേട്ടതൊന്നും വിശ്വസിക്കാനാവാതെ പകച്ച് നിന്നു .
"പ്രിയേച്ചിയുടെ ഐഡി കാർഡ് നോക്കിയപ്പോൾ ഏട്ടന് സംശയം തോന്നിയിരുന്നു ..പിന്നെ പ്രിയേച്ചിയുടെ ഫോണിലെ ആദിത് സാറിന്റെ ഫോട്ടോ കണ്ടപ്പോൾ ഏട്ടന് മനസ്സിലായി അത് സാറിന്റെ പെങ്ങളാണെന്ന്.ഓർമ്മ വെക്കാത്ത പ്രായത്തിൽ ആരോ ഓർഫനേജിൽ ഉപേക്ഷിച്ച് പോയതാ എന്നെയും ഏട്ടനേയുംചിലരുടെ ഒക്കെ സഹായം കൊണ്ട് ഞങ്ങൾക്ക് സ്കൂളിൽ പോയി പഠിക്കാൻ പറ്റി ...ഏട്ടൻ പഠിക്കാൻ മിടുക്കനായിരുന്നു..മെറിറ്റിൽ തന്നെ ഏട്ടന് എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടി. പഠിത്തം കഴിഞ്ഞ് ഒരു കമ്പനിയിൽ ഏട്ടന് ജോലി കിട്ടി.ഒരു വാടക വീടെടുത്ത് ഏട്ടൻ എന്നെയും കൂട്ടി അവിടെ താമസമാക്കി.കുറച്ച് നാൾ കഴിഞ്ഞ് പ്രോജക്ടിന്റെ ഭാഗമായി അമേരിക്കയിലുള്ള നിങ്ങളുടെ കമ്പനിയിലേക്ക് ഓൺസൈറ്റ് പോവാൻ ഏട്ടന് ഒരവസരം കിട്ടി. ആറ് മാസത്തേക്കായാലും അങ്ങോട്ട് പോയാൽ ശമ്പളം കൂടുതൽ കിട്ടുമെന്നുള്ളത് ഏട്ടന് വലിയൊരാശ്വാസമായിരുന്നു..എന്നെ തിരികെ ഓർഫനേജിൽ തന്നെ നിർത്തി ഏട്ടൻ അമേരിക്കയിലേക്ക് പോയി.എല്ലാ ദിവസവും എന്നെ വിളിച്ച് സംസാരിക്കും.. അവിടുത്തെ വിശേഷങ്ങൾ പറയും. തിരിച്ച് വരുന്നതിന്റെ തലേദിവസമായിരുന്നു കൂട്ടുകാരോടൊപ്പമുള്ള ആ പാർട്ടി.ആ ഫോൺ കോളിന് ശേഷം ഏട്ടന്റെ ശബ്ദം ഞാൻ കേട്ടിട്ടില്ല വിനുവേട്ടനെ പിന്നെ ആരും കണ്ടിട്ടുമില്ല!ആരോട് ചോദിക്കണം എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. വിനുവേട്ടന്റെ ഫ്രെണ്ട്സിൽ ചിലരോട് ചോദിച്ചപ്പോൾ അവരും കൈമലർത്തി. ആകെ കൈയിൽ ഉണ്ടായിരുന്നത് ഏട്ടൻ അയച്ച് തന്ന രണ്ടു ഫോട്ടോസ് ആയിരുന്നു..
അനാഥാലയത്തിലെ മദറിനോട് കാര്യങ്ങൾ പറഞ്ഞു.അവരും അവർക്കാവുന്നത്പോലെ ആരെയൊക്കെയോ വിളിച്ച് ഏട്ടനെ കണ്ടുപിടിക്കുന്നതിന് എന്തെങ്കിലും സഹായം ചെയ്യണമെന്ന് അപേക്ഷിച്ചു.പക്ഷെ ഞങ്ങളെപ്പോലെ ആരും ചോദിക്കാനും പറയാനും ഇല്ലാത്തവരെ കാണാതായാൽ ആർക്കെന്ത് നഷ്ടം.. അതുകൊണ്ട് വിനുവേട്ടന്റെ മിസ്സിംഗ് ഒരു ലോക്കൽ പത്രത്തിലെ ഒരു ചെറിയ കോളത്തിൽ ഒതുങ്ങി. അപ്പോഴാണ് ഞാൻ പ്രിയേച്ചിയെ കുറിച്ച് ഓർത്തത് .പ്രിയേച്ചി ജീവനോടെ ഉണ്ടെങ്കിൽ ഒരുപക്ഷെ എന്നെ സഹായിക്കാൻ പറ്റുമായിരിക്കും എന്ന് എനിക്ക് തോന്നി.കാരണം പ്രിയേച്ചി ആണ് അവസാനമായി എന്റെ വിനുവേട്ടനെ നേരിട്ട് കണ്ടത്..പ്രിയേച്ചിയോടാണ് വിനുവേട്ടൻ അവസാനമായി സംസാരിച്ചതും..കിട്ടാവുന്ന ന്യൂസ് പേപ്പറുകളും ഇന്റർനെറ്റും ഒക്കെ ഞാൻ അരിച്ചുപെറുക്കി..പക്ഷെ അമേരിക്കയിൽ ഇങ്ങനെ ഒരു സംഭവം നടന്നതായി എവിടെയും വായിച്ച് കണ്ടില്ല..ആ രാത്രിക്കു ശേഷം പ്രിയേച്ചി ജീവനോടെ ഉണ്ടോ ഇല്ലയോ എന്നെനിക്ക് അറിയില്ലായിരുന്നു.പിന്നെ ഉള്ള ഒരേ ഒരു വഴി നിങ്ങളെ തേടി വരിക എന്നായിരുന്നു..അതിന് നിങ്ങൾ നാട്ടിലെത്തുന്നത് വരെ കാക്കണമായിരുന്നു..പിന്നീട് കുറച്ച് നാൾ കഴിഞ്ഞാണ് ആദിത് സാറിന്റെ ഒരു ഇന്റർവ്യൂ ഒരു പത്രത്തിൽ വായിച്ചത്...അതിൽ ആർട്ടിൻ സൊല്യൂഷൻസ് സി.ഇ.ഓ ഇപ്പൊ മുംബൈയിൽ അദ്ദേഹത്തിന്റെ അവധിക്കാല വസതിയിൽ ഉണ്ട് എന്ന് എഴുതിയിരുന്നു ..നിങ്ങളുടെ കൂടെ പ്രിയേച്ചി ഉണ്ടോ ഇല്ലയോ എന്നെനിക്ക് കണ്ടുപിടിക്കണമായിരുന്നു..ഞങ്ങളുടെ കൂടെ അനാഥാലയത്തിലുണ്ടായിരുന്ന ഒരു കുട്ടി കല്യാണം കഴിഞ്ഞ് മുബൈയിലായിരുന്നു താമസം.ഇടയ്ക്ക് ഞങ്ങൾ ഫോൺ വിളിച്ച് സംസാരിക്കുമായിരുന്നു.ഈ പത്ര വാർത്ത കണ്ടശേഷം ഞാൻ അവളെ വിളിച്ച് സംസാരിച്ചു.ഞാൻ എന്തിനാണ് വരുന്നതെന്ന് അറിഞ്ഞപ്പോൾ ആദ്യം അവൾ വിലക്കി.ഞാൻ കരഞ്ഞുപറഞ്ഞപ്പോൾ ഒരുകാരണവശാലും ഇതിന്റെ പേരിൽ അവൾക്കോ അവളുടെ ഭർത്താവിനോ ഒരാപത്തും സംഭവിക്കരുത് എന്ന ഉറപ്പിന്മേൽ അവൾ സമ്മതിച്ചു. അങ്ങനെ അവളുടെ അടുത്തേക്ക് പോകാൻ ഞാൻ തീരുമാനിച്ചു.മദറിനോട് കാര്യങ്ങൾ പറഞ്ഞാൽ സമ്മതിക്കില്ല എന്ന് എനിക്കറിയാമായിരുന്നു.അതുകൊണ്ട് ഒരു ജോലി തേടി അവളുടെ അടുത്തേക്ക് പോവാണെന്ന് കള്ളം പറഞ്ഞു.
അങ്ങനെ ഞാൻ മുബൈയിൽ എത്തി അവരുടെ കൂടെ താമസം തുടങ്ങി..നിങ്ങളുടെ വീട്ടിൽ കയറാനുള്ള എളുപ്പവഴി ആയാണ് ഞാൻ സെയിൽസ് ഗേളിന്റെ ജോലി ഏറ്റെടുത്തത്..അങ്ങനെ സതിയമ്മയുമായി അടുത്തു...പിന്നെ അമ്മയുടെ കാലുപിടിച്ച് ആ വീട്ടിൽ കയറിപ്പറ്റി. പക്ഷെ ഇവിടെ വരുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു യാദൃശ്ചികമായിട്ടാണെങ്കിലും സവിതയുമായി ചെറിയ മുഖ സാമ്യം ഉള്ളത് കൊണ്ടാണ് സതിയമ്മ എന്നെ ഉപേക്ഷിക്കാഞ്ഞതെന്ന്… പിന്നീടാണ് അടച്ചിട്ട ആ മുറിക്കുള്ളിൽ പ്രിയേച്ചി ഉണ്ടെന്ന സത്യം മനസ്സിലാക്കിയത്.പ്രിയേച്ചി ജീവനോടെ ഉണ്ടെന്നറിഞ്ഞപ്പോൾ തന്നെ എനിക്ക് പാതി ആശ്വാസമായി.പ്രിയേച്ചിയുടെ അവസ്ഥ വളരെ മോശമാണെന്ന് എനിക്ക് മനസ്സിലായിരുന്നു.പല തവണ ഞാൻ പ്രിയേച്ചിയുടെ മുറിക്കുള്ളിൽ കയറാൻ ശ്രമിച്ചു.പക്ഷെ സതിയമ്മ ഒരിക്കലും സമ്മതിച്ചില്ല.ആരും കാണാതെ കയറിയ ദിവസമാണ് പ്രിയേച്ചി എന്നെ അടിച്ചതും ഞാൻ ബോധം കേട്ട് വീണതും ..പക്ഷെ ഞാൻ പിന്മാറാൻ ഒരുക്കമല്ലായിരുന്നു..എന്റെ ഏട്ടന് വേണ്ടി എന്തും നേരിടാൻ ഞാൻ തയാറായിരുന്നു. പിന്നീട് കയറിയപ്പോളും പ്രിയേച്ചി എന്നെ ഉപദ്രവിക്കാൻ വന്നു.പക്ഷെ ഞാൻ പ്രിയേച്ചിയോട് ആ രാത്രി പ്രിയേച്ചിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാമെന്നും ആ രാത്രി അതുപോലെ തന്നെ വേദന ഏറ്റുവാങേണ്ടി വന്ന ഒരാളുണ്ട് അയാളിന്ന് എവിടെയാണെന്നോ ഏതവസ്ഥയിലാണെന്നോ ഒന്നും എനിക്കറിയില്ല പ്രിയേച്ചി എന്നെ സഹായിക്കണം എന്നും പറഞ്ഞ് പ്രിയേച്ചിയുടെ കാലുപിടിച്ച് കരഞ്ഞു.. വിനുവേട്ടന്റെ ഫോട്ടോയും ഏട്ടൻ എനിക്കയച്ച് തന്ന ഫോട്ടോസും ഞാൻ പ്രിയേച്ചിയെ കാണിച്ചു." പറഞ്ഞതും വർഷ പൊട്ടിക്കരഞ്ഞു.. അവൾ പറഞ്ഞതൊന്നും വിശ്വസിക്കാനാവാതെ ആദിത്തും മുത്തശ്ശിയും മറ്റുള്ളവരും അവളെ നോക്കി..
"വർഷ പറഞ്ഞത് സത്യമാണ്..വിനു അയച്ചിരുന്ന ഫോട്ടോസ് വർഷ എന്നെ കാണിച്ചു.വിനു എന്റെ ഫോണിൽ നിന്നും എമർജൻസി നമ്പർ വിളിച്ചു. അതെ സമയം തന്നെയായിരുന്നിരിക്കണം വിനു ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത നിമിഷം അയാൾ അപ്രത്യക്ഷനായി ! എന്റെ ഫോണിൽ നിന്നും കാൾ വന്നതനുസരിച്ച് ലൊക്കേഷൻ ട്രാക്ക് ചെയ്ത് പോലീസ് ബോട്ട് ഹൗസിൽ വന്നെന്നെ രക്ഷപെടുത്തി..അവർ അപ്പുവിനെ വിളിച്ചുവരുത്തി.. മരണവെപ്രാളത്തിനിടയ്ക്ക് ഞാൻ തന്നെ നമ്പർ ഡയൽ ചെയ്തതാകാമെന്നാണ് അവരും വിചാരിച്ചത്.. അന്ന് രാത്രി ജീവച്ഛമായി കിടന്ന എന്നോട് കരുണ കാണിച്ച എന്നെ രക്ഷപ്പെടുത്തിയ ആ പാവം ഇന്നെവിടെയാണെന്ന് ആർക്കുമറിയില്ല.. "പ്രിയ കരഞ്ഞുകൊണ്ട് പറഞ്ഞു...
"ആ ഫോട്ടോസ് ..അതെവിടെ?" ജയദേവൻ ചോദിച്ചു.
വർഷ തന്റെ ഫോൺ എടുത്ത് ആദിത്തിന് നേരെ നീട്ടി.വിനുവിന്റെ ഫോട്ടോ കണ്ടപ്പോൾ കുറച്ച് നാളുകൾക്ക് മുൻപ് ഇങ്ങനെ ഒരാൾ തന്റെ കമ്പനിയിൽ നിന്നും മിസ്സിംഗ് ആയതും മിസ്സിംഗ് കേസ് രെജിസ്റ്റർ ചെയ്തിട്ടും ഒരു തുമ്പും കിട്ടാത്തതും ആദിത്തിന് ഓർമ്മവന്നു...
പിന്നെ വിനു വർഷയ്ക്ക് അയച്ചുകൊടുത്ത ഫോട്ടോസ് അവൻ കണ്ടു.
താനും ജയദേവനും തോളിൽ കൈയിട്ട് ചിരിച്ചുകൊണ്ട് നിൽക്കുന്നതായിരുന്നു പ്രിയയുടെ ഫോണിലെ ലോക്ക് സ്ക്രീൻ ഫോട്ടോ.
രണ്ടാമത് അയച്ച ഫോട്ടോ കാണാൻ ശക്തി ഇല്ലാതെ ആദിത് കണ്ണുകളടച്ചു..
അതിൽ ചോരയിൽ കുളിച്ചുകിടക്കുന്ന പ്രിയയുടെ മുഖം വ്യെക്തമായിരുന്നു ! അവൻ കണ്ണുതുറന്ന് ആ ഫോട്ടോയിലേക്ക് നോക്കി.. പെട്ടെന്ന് അവന്റെ കണ്ണുകൾ ഒന്ന് കുറുകി..ആ ഫോട്ടോ മുഖത്തോടടുപ്പിച്ച് വീണ്ടും അതിൽ നോക്കി.അവന്റെ തലയ്ക്കകത് ഒരു വിസ്ഫോടനം നടന്നു.. കണ്ടത് വിശ്വസിക്കാനാകാതെ കണ്ണിമചിമ്മാതെ അവൻ വീണ്ടും വീണ്ടും അതിൽ നോക്കികൊണ്ടിരുന്നു..
കാര്യമെന്തെന്നറിയാതെ മുത്തശ്ശിയും ജയശങ്കറും മായയും ദേവനും അവനെ നോക്കികൊണ്ടിരുന്നു..
"എന്ത് പറ്റി മോനെ?"മായ ചോദിച്ചു.
അവൻ പതിയെ മുഖമുയർത്തി എല്ലാവരെയും നോക്കി.അവന്റെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞിരുന്നു..
അവൻ പതിയെ ആ ഫോട്ടോയുമായി അവിടെ നിന്ന ഒരാളുടെ അടുത്തേക്ക് ചെന്നു.
(ഈ കഥ അതിന്റെ അവസാന ഭാഗങ്ങളിലേക്ക് എത്തിച്ചേരുകയാണ്.. ...)
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക