നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദി മെഡിറ്റേഷന്‍സ്:കാലുകൊണ്ട് ചിത്രം വരയ്ക്കുന്ന പെണ്‍കുട്ടിയുടെ കഥ

Image may contain: one or more people, eyeglasses and closeup

സ്വര്‍ണ്ണനിറമുള്ള ഒരു കിളിക്കൂട്‌.അതിന്റെ പാതിതുറന്ന കിളിവാതിലിനു സമീപം ഒരു പ്രാവ് ആകാശത്തേക്ക് നോക്കിനില്പുണ്ട്.ആരുടെയോ കൈവിരലുകള്‍ ആ കിളിവാതിലില്‍ സ്പര്‍ശിക്കുന്നു.പ്രാവിന്റെ മിഴികളില്‍ തുടിക്കുന്നത് എന്താണ്?ആ കൈവിരലുകളുടെ ഉടമ പ്രാവിനെ മോചിപ്പിക്കുകയാണോ അതോ ആ കിളിവാതിലടച്ചു വീണ്ടും ബന്ധിക്കുകയാണോ ?
ഏറെനേരം രഘുനാഥന്‍ എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ആ പെയിന്റിങ്ങിലെക്ക് നോക്കിനിന്നു.അയാളുടെ മൂത്തമകള്‍ ഗായത്രി അവസാനം വരച്ച ചിത്രങ്ങളിലൊന്നാണ് അത്.
ഇത്രയും വര്‍ഷത്തിനിടക്ക് ആ പെയിന്റിംഗ് നോക്കി എത്ര നേരം താന്‍ കളഞ്ഞുവെന്ന് അയാള്‍ക്ക് അറിയില്ല.എങ്കിലും ഇപ്പോള്‍ ,ഈ നിമിഷം ആ പെയിന്റിംഗിന് താന്‍ കരുതാത്ത മറ്റൊരു അര്‍ത്ഥം കൈവരുന്നത് പോലെ അയാള്‍ക്ക് തോന്നി.
കുറച്ചു മുന്‍പാണ് അയാള്‍ ഡോക്ടര്‍ അനിരുദ്ധനെ കണ്ടത് .എക്സിബിഷന്‍ ഹാളില്‍ ചിത്രങ്ങളുടെ ഇടയില്‍ തൂക്കിയ തന്റെ മകളുടെ ചിത്രം കണ്ടതും അയാള്‍ പറഞ്ഞു.
“ഇത് ആ കുട്ടി തന്നെ.ഞാന്‍ അവളുമായി സംസാരിച്ചിരുന്നു.”
ഇന്ന് ഗായത്രിയുടെ ജന്മദിനമാണ്.
രഘുനാഥന്‍ പോലീസില്‍നിന്ന് ഡി.വൈ.എസ്.പിയായാണ്‌ വിരമിച്ചത്.
സര്‍വീസില്‍ അയാള്‍ ഏറ്റവും കുഴഞ്ഞുപോയ കേസ് ഒരു മരണവുമായി ബന്ധപ്പെട്ടായിരുന്നു.പത്തു വര്‍ഷം മുന്‍പ്.അന്നയാള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു.
മരിച്ചത് വേറെ ആരുമല്ല .അയാളുടെ ഭാര്യ മാലിനി.
മകള്‍ ഗായത്രിയുടെ തോക്കില്‍നിന്നാണ് മാലിനിക്ക് വെടിയേറ്റത്.ആ കേസില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടായില്ല.
മകള്‍ എങ്ങിനെ അമ്മയെ കൊല്ലും ?
എന്തിനു കൊല്ലും ?
അറിയാതെ സംഭവിച്ച ഒരു കയ്യബദ്ധം അല്ല കാലബദ്ധം.അതായിരുന്നു ആ അപകടം.എല്ലാവരും വിധിയെഴുതി.കൈകള്‍ക്ക് വളര്‍ച്ച നഷ്ടപ്പെട്ട ഗായത്രി കാലു കൊണ്ട് പിസ്റ്റള്‍ ഉപയോഗിക്കുന്നത് പരിശീലിക്കവേയാണ് അപകടമുണ്ടായത്.
അതായിരുന്നു മാലിനിയുടെ മരണം.
പത്രങ്ങളില്‍ അത് വലിയ വാര്‍ത്തയായിരുന്നു.മരണത്തിന്റെ വിചിത്രമായ കാരണം മാത്രമായിരുന്നില്ല വാര്‍ത്താപ്രാധാന്യത്തിന്റെ പിന്നില്‍.
സിനിമകളില്‍ കത്തിനില്‍ക്കുന്ന ബാലതാരം ബേബി നയനയുടെ അമ്മയാണ് മരിച്ചത്.
മാലിനിയെ വിവാഹം കഴിക്കുമ്പോള്‍ രഘുനാഥന്‍ സബ് ഇന്‍സ്പെക്ടറായിരുന്നു.
അവര്‍ക്ക് രണ്ടു മക്കള്‍ ഉണ്ടായി.ആദ്യം ജനിച്ചത് ഗായത്രി.അവള്‍ക്ക് ജനിച്ചപ്പോള്‍ മുതല്‍ കരങ്ങളുടെ വളര്‍ച്ച നിലച്ചിരുന്നു.ഗായത്രി ഉണ്ടായി ആറു വര്‍ഷം കഴിഞ്ഞു നയന ജനിച്ചു.
ഗായത്രിയുടേത് വിളറി വെളുത്ത മുഖം..നിസ്സഹായത നിഴലിക്കുന്ന കണ്ണുകള്‍. ആകുലതയും അപകര്‍ഷതയും അവളുടെ എണ്ണമയം പുരണ്ട കറുത്ത മുഖത്ത് നിറയെ മുഖക്കുരു ഉണ്ടാക്കി. ഒച്ച തീരെക്കുറവ്.ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ താഴ്ന്ന സ്വരത്തില്‍ മറുപടി പറയും.
രണ്ടു കയ്യും ഇല്ലാത്ത കുട്ടി.
നയന നേരെ തിരിച്ചായിരുന്നു.
അവള്‍ ഒരു താരമായാണ് ജനിച്ചതെന്ന് രഘുവിന് പലപ്പോഴും തോന്നിയിട്ടുണ്ട്.
പൂ വിടര്‍ന്നത് പോലെയൊരു പെണ്‍കുട്ടി.ചുവപ്പ് കലര്‍ന്ന വെളുത്ത മുഖം.തേന്‍കൊഞ്ചല്‍ നിറഞ്ഞ സ്വരം.നന്നായി പാട്ട് പാടും.
നയനക്ക് ഏഴുവയസ്സുള്ളപ്പോള്‍ അവളുടെ മുഖം ഒരു വനിതാ മാസികയില്‍ വന്നു.അടുത്തുള്ള ഒരു ടെക്സ്റ്റയില്‍ ഷോപ്പുകാര്‍ അവളെ കുട്ടികളുടെ വസ്ത്രങ്ങള്‍ക്ക് വേണ്ടി മോഡലാക്കി.
തന്റെ നായികയുടെ കുട്ടിക്കാലം അഭിനയിക്കാന്‍ ഒരു പ്രമുഖ സംവിധായകന്‍ ഓമനത്തമുള്ള ഒരു കൊച്ചുകുട്ടിയെ തിരയുകയായിരുന്നു.നയനക്ക് നറുക്ക് വീണു.
പടം സൂപ്പര്‍ഹിറ്റ്.
അതൊരു തുടക്കമായിരുന്നു.നയനയുടെ കൊഞ്ചിയുള്ള വര്‍ത്തമാനവും ,ചിരിയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി.
അങ്ങിനെ അവള്‍ ബേബി നയനയായി മാറി.
അവസരങ്ങള്‍ ഒന്നിന് പിറകെ ഒന്നായിവന്നു.
രഘുനാഥനു കുട്ടിയെ സിനിമയില്‍ വിടാന്‍ താത്പര്യമുണ്ടായിരുന്നില്ല.പക്ഷേ പാഞ്ഞുവരുന്ന തിരമാലയില്‍ നിന്ന് ഓടിമാറാന്‍ ശ്രമിച്ചാലും ചിലപ്പോള്‍ നടക്കില്ലല്ലോ.
അയാളുടെ ഭാര്യ മാലിനിക്ക് സിനിമ ഒരു നിറമുള്ള സ്വപ്നമായിരുന്നു.വര്‍ണ്ണം നിറഞ്ഞ പകലുകള്‍ ,തിളങ്ങുന്ന രാത്രികള്‍.മോഹിപ്പിക്കുന്ന ജീവിതം.കൈ നിറയെ പണം.
അയാള്‍ മാലിനിയെ പിന്തിരിപ്പിക്കാന്‍ തുടക്കത്തില്‍ത്തന്നെ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.
കൈക്കൂലി വാങ്ങാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പരിമിതമായ ചുറ്റുപാടില്‍ ഒതുങ്ങാന്‍ മാലിനിക്ക് കഴിയില്ലായിരുന്നു.
“നമ്മള്‍ അവളുടെ ഭാവി നശിപ്പിക്കരുത്.”രഘുനാഥന്റെ എതിര്‍പ്പുകളെ ആ ഒറ്റവാചകത്തില്‍ മാലിനി അമര്‍ത്തിക്കൊണ്ടിരുന്നു.
നയനയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു തുടങ്ങി..ധാരാളം പരസ്യങ്ങള്‍.സിനിമകള്‍.സീരിയലുകള്‍.സിനിമയുടെ പതഞ്ഞുപൊന്തുന്ന ലഹരിയില്‍ മാലിനി എത്രപെട്ടന്നാണ് മറഞ്ഞുപോയത്.
വീട്ടിലേക്കുള്ള വരവുകള്‍ കുറഞ്ഞു.കുടുംബവുമായുള്ള കൂടിക്കാഴ്ചകളും.
നയന ശ്രദ്ധിക്കപെടുമ്പോള്‍ ഗായത്രി കൂടുതല്‍ ഉള്ളിലേക്ക് വലിഞ്ഞു.ഗായത്രിക്ക് തന്നെക്കാള്‍ ആറുവയസ് കുറവുള്ള അനിയത്തിക്കുട്ടിയുടെ പ്രശസ്തിയില്‍ അങ്കലാപ്പും അസൂയയും ഉണ്ടായിരുന്നോ?
“അവള്‍ക്ക് ഒരുപാട് അപകര്‍ഷതയുണ്ട്.കൈ വയ്യല്ലോ.പിന്നെ നയന സിനിമയില്‍ ഇങ്ങനെ തിളങ്ങി നില്‍ക്കുകയും.”
മാലിനി മൂത്തമകളെക്കുറിച്ച് പറഞ്ഞു.അവള്‍ അങ്ങിനെ പറഞ്ഞെങ്കിലും ഏറ്റവും കൂടുതല്‍ അപകര്‍ഷതയുള്ളത് മാലിനിക്കാണ് എന്ന് രഘുവിന് പലപ്പോഴും തോന്നിയിട്ടുണ്ട്.
മൂത്തമകളെ പൊതുപരിപാടികള്‍ക്ക് അവര്‍ കൂടെക്കൂട്ടിയില്ല.വീട്ടില്‍ വരുന്നവര്‍ക്ക് അവളെ പരിചയപ്പെടുത്തിയില്ല.അമ്മക്ക് തന്നോടുള്ള നിശബ്ദമായ വെറുപ്പ് അവള്‍ക്ക് അറിയാമായിരുന്നു താനും.പത്രക്കാരും മറ്റും വരുമ്പോള്‍ ഗായത്രി മുറിക്കുള്ളില്‍ തന്നെയിരുന്നു.യാത്രകള്‍ ,ചടങ്ങുകള്‍ എന്നിവയില്‍നിന്നു എന്തെങ്കിലും കാരണം പറഞ്ഞു അവള്‍ ഒഴിവായി.തന്റെ കുറവുകളെക്കുറിച്ച് അവള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.അതില്‍ അവള്‍ക്ക് അമ്മയോടോ തന്നെ അങ്ങനെ സൃഷ്‌ടിച്ച ഈശ്വരനോടോ പരാതി ഉണ്ടായിരുന്നില്ല.ആത്മാവിലേക്ക് ഉള്‍വലിയുന്നവരില്‍ കാണുന്ന ഒരു തെളിച്ചം തന്റെ പതിനാറുകാരി മകളില്‍ രഘു പലപ്പോഴും ദര്‍ശിച്ചു.
അവളുടെ ശാന്തതയുടെ ഒരു കാരണം വായനയായിരുന്നു .പിന്നെ പെയിന്റിങ്ങും. ശാന്തമായ മനസ്സിന്റെ അടുപ്പില്‍ ഒരു തണുത്ത തീ നാളമായി പ്രതിസന്ധികളെ നേരിടാനുള്ള കരുത്തുജ്വലിച്ചു നിന്നു.
എപ്പോഴോ അവള്‍ കാലുകൊണ്ട്‌ ചിത്രം വരച്ചു തുടങ്ങി.അതിമനോഹരമായ ചിത്രങ്ങള്‍.
മുറിക്കുള്ളില്‍ അടച്ചിരുന്നു അവള്‍ വരച്ചുകൊണ്ടിരുന്നു.പിന്നെ ഇഷ്ടം പോലെ വായിച്ചു.
അച്ഛനായിരുന്നു അവളുടെ ഏറ്റവും വലിയ കൂട്ടുകാരന്‍.
എപ്പോഴോ ഒരിക്കല്‍ അവളുമായ് നടത്തിയ സംഭാഷണം രഘുനാഥന്‍ ഓര്‍മ്മിചു.
“അച്ഛാ,ഒരാള്‍ക്ക് ഒരു സ്ത്രീയുടെ വലിയ സ്വര്‍ണ്ണമാലയില്‍ മോഹമുദിച്ചു.അത് മോഷ്ടിക്കുന്നതിനിടെ അവരെ കൊല്ലേണ്ടി വന്നു.”
“ഉം.”
“അടുത്ത കേസ്,അയാളും അവരും തമ്മില്‍ തര്‍ക്കമുണ്ടായി.ദേഷ്യത്തില്‍ അയാള്‍ കയ്യില്‍ കിട്ടിയ കുപ്പിയെടുത്തു അവരുടെ തലക്കടിച്ചു.അവര്‍ മരിച്ചു.അതും കൊലപാതകം.”
“ഉം.”
“രണ്ടും മര്‍ഡറാണ്.അതിനുള്ള ശിക്ഷ ഒരുപോലാരിക്കുമോ അതോ വ്യതാസമുണ്ടോ?”
അയാള്‍ക്ക് പെട്ടെന്ന് ഉത്തരം മുട്ടി.അപ്പോള്‍ അവള്‍ പറഞ്ഞു.
“ഫസ്റ്റ് കേസ്.sin driven by desire is more serious than sin driven by anger.അതായത് ദേഷ്യം കൊണ്ടുണ്ടാകുന്ന തെറ്റുകളെക്കാള്‍ കൂടുതല്‍ സീരിയസ് അഭിലാഷങ്ങളില്‍നിന്നുണ്ടാകുന്ന തെറ്റുകളാണ്.”
“എന്നാര് പറഞ്ഞു?”
“മാര്‍ക്കസ് ഔറെലിയസ്.”
അവള്‍ കിന്‍ഡില്‍ തുറന്നു വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ വെളുത്ത പാരഗ്രാഫ് അയാളെ കാണിച്ചു.മാര്‍ക്കസ് ഔറെലിയസ് എന്ന റോമന്‍ ചക്രവര്‍ത്തി രചിച്ച “ദ മെഡിറ്റേഷന്‍സ് “എന്ന പുസ്തകം.അവളുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമായിരുന്നു അത്.ജീവിതത്തിന്റെ നിര്‍മ്മമതയോടെ നേരിടാന്‍ മനസ്സിന് കരുത്തു പകരുന്ന പുസ്തകം.ദിവസത്തില്‍ ഒരിക്കലെങ്കിലും അവള്‍ അതിലെ ഏതാനും പേജുകള്‍ വായിക്കും.അവള്‍ക്ക് ആശ്വാസമായിരുന്നു അതിലെ ചിന്തകള്‍.ജീവിതത്തില്‍ ഒരു ഘട്ടത്തിലും മനസ്സ് തളര്‍ന്നുപോവാതിരിക്കാനുള്ള ദാര്‍ശനിക ചിന്തകളായിരുന്നു അതില്‍ നിറയെ.ഗായത്രി എന്ന വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ ആ പുസ്തകത്തിനു വലിയ ഒരു റോളുണ്ടായിരുന്നു എന്ന് രഘുവിന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അന്നേ അവള്‍ വായിച്ചുകൊണ്ടിരുന്നത് വലിയ പുസ്തകങ്ങളാണ്.അവളുടെ മനസ്സിന്റെ തടാകത്തില്‍ വലിയ ചിന്തകളുടെ അരയന്നങ്ങളാവണം നീന്തിയിരുന്നത്.അതാവണം അവള്‍ വരച്ചുകൊണ്ടിരുന്നത്. അവിടെ കുഞ്ഞനുജത്തിയോട് എന്തസൂയ.?
നയനക്കും ചേച്ചിയെ വലിയ ഇഷ്ടമായിരുന്നു.ഓരോ യാത്രകള്‍ കഴിഞ്ഞുവരുമ്പോഴും അവള്‍ ഏറെ നേരം ചേച്ചിയോട് വര്‍ത്തമാനം പറയും.സിനിമ സെറ്റുകളിലെ നിറമുള്ള വിശേഷങ്ങള്‍,തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ ഒക്കെ അവള്‍ ചേച്ചിയോട് പങ്കുവയ്ക്കും.
രണ്ടു കയ്യുമുള്ള സുന്ദരിയായ കുഞ്ഞനജത്തിയുടെ ഓമനത്തമുള്ള മുഖം നോക്കി അവള്‍ ഒരേ ഇരിപ്പിരുന്നു അത് കേള്‍ക്കും.അപ്പോള്‍ ഒരു ചെറുപുഞ്ചിരി അവളുടെ ചുണ്ടില്‍ തെളിയും.
ഒരിക്കല്‍ മാത്രമാണു അവള്‍ കരഞ്ഞതായി അയാള്‍ ഓര്‍ക്കുന്നത്.മാലിനി മരിച്ചപ്പോള്‍ പോലും അവള്‍ കരഞ്ഞില്ല.അവളുടെ കാലുകള്‍കൊണ്ടുണ്ടായ മരണം.അതും സ്വന്തം അമ്മയുടെ.നിര്‍വികാരമായ കണ്ണുകളോടെ അവള്‍ ആ മരണത്തെ നേരിട്ടൂ.ഒരു വെളുത്ത സ്ലേറ്റ് പോലെയായിരുന്നു അവളുടെ മുഖം .മാസങ്ങളോളം.
ആ അപകടത്തിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്പായിരുന്നു അത്.അച്ഛനും അമ്മയും രണ്ടു മക്കളുമായി സംസാരിക്കുന്നതിനിടെ ഒരു ഹിന്ദി സിനിമയില്‍ നയനക്ക് അവസരം ലഭിച്ചതിനെക്കുറിച്ച് ആലോചിച്ചു.രഘുനാഥന്‍ അപ്പോള്‍ ഏറെക്കുറെ നിശബ്ദനായിരുന്നു.അത് കൂടാതെ ഒരു കേസില്‍ രാഷ്ട്രീയവൈരാഗ്യത്തിന്റെ ഇരയായി സസ്പെന്‍ഷനിലും.എങ്കിലും ഇപ്രാവശ്യം ഗായത്രി എതിര്‍ത്തു.
“ഫൈനല്‍ പരീക്ഷയുടെ സമയത്ത് പോയാല്‍ ഈ വര്‍ഷവും പഠിത്തം മുടങ്ങും.സിനിമ വെക്കേഷന്റെ സമയത്ത് വല്ലതുമാണെകില്‍ വിട്ടാല്‍ മതി.” ഗായത്രി പറഞ്ഞു.
അവളുടെ ഉറച്ച ശബ്ദം മാലിനിയെ ചൊടിപ്പിച്ചു.
“അവളു സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ടാ ഈ കുടുംബം ഇപ്പോള്‍ മുന്‍പോട്ടു പോകുന്നത്.രണ്ടു കയ്യുമില്ലാത്ത നിന്നെ ഏതെങ്കിലും ഒരുത്തന്റെ കയ്യില്‍ പിടിച്ചു വിടണമെങ്കിലും നിന്റെ അനിയത്തി സിനിമക്ക് പോണം.അപ്പോഴാ അവളുടെ ഒരു അഭിപ്രായം പറച്ചില്‍.എന്നാ നീ പോയി കൊണ്ടുവാ കുടുംബത്തിലേക്ക്.”
മാലിനിയുടെ പറച്ചില്‍ തന്റെ മുഖം ചേര്‍ത്തുള്ള അടിയാണ് എന്ന് രഘുനാഥനു തോന്നി.എങ്കിലും അമ്മയുടെ കുത്ത് വാക്ക് കേട്ട് അകത്തേക്ക് പോകുന്ന മകളുടെ കണ്ണില്‍നിന്ന് നീര്‍ത്തുള്ളികള്‍ ഉരുണ്ടുചാടുന്നത് പിടയ്ക്കുന്ന നെഞ്ചോടെ അയാള്‍ കണ്ടു.അന്ന് രാത്രി മുഴുവന്‍ അവള്‍ ശബ്ദമില്ലാതെ കരയുകയായിരുന്നുവെന്ന് പിറ്റേന്ന് അവളുടെ മുഖം കണ്ടപ്പോള്‍ അയാള്‍ക്ക് മനസ്സിലായി.ആ സങ്കടവും അവള്‍ ചൊരിഞ്ഞത് പെയിന്റിംഗിലായിരുന്നു.കടല്‍തീരത്തെ പാറപ്പുറത്തു ഒറ്റക്ക് മഴകൊണ്ട് നനഞ്ഞു വിറച്ചിരിക്കുന്ന ഒരു കടല്‍കാക്കയുടെ ചിത്രം അവള്‍ വരച്ചത് ആ ദിവസങ്ങളിലാണ്.
എങ്കിലും കാലു കൊണ്ട് ചിത്രം വരയ്ക്കുന്ന വാശി അമ്മയില്‍നിന്ന് സാമ്പത്തികമായി സ്വാതന്ത്രം വാങ്ങുന്നതിനു അവളെ സഹായിച്ചു.ഫെയ്സ്ബുക്ക് വഴി അവളുടെ ചിത്രങ്ങള്‍ ധാരാളം പേര്‍ അറിഞ്ഞു.ഇന്റര്‍നെറ്റ് വഴി അവളുടെ ചിത്രങ്ങള്‍ ധാരാളം പേര്‍ വാങ്ങാന്‍ തുടങ്ങി.രണ്ടു കയ്യും ഇല്ലാതിരുന്നിട്ടും ജീവിതത്തെ ധൈര്യപൂര്‍വ്വം നേരിടുന്ന അവളുടെ കഥ ധാരാളം പേരില്‍ ആവേശം ജനിപ്പിച്ചു.അങ്ങിനെയാണ് അവള്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്.അതില്‍നിന്ന് അവള്‍ക്ക് സാമാന്യം നല്ല പരസ്യപണവും ലഭിക്കാന്‍ തുടങ്ങി.
ആ യൂട്യൂബ് ചാനലിനു വേണ്ടിയാണ് കാലുകള്‍ക്കൊണ്ട് ആയുധങ്ങള്‍ പ്രയോഗിക്കുന്നത് അവള്‍ പരിശീലിച്ചു തുടങ്ങിയത്.താന്‍ പോലീസിലായത് കൊണ്ട് ശാസ്ത്രീയമായ പരിശിലനവും മറ്റും എളുപ്പമായി.
നിലത്തുകിടന്നു കാലുകൊണ്ട്‌ പിസ്റ്റള്‍ പ്രയോഗിച്ചു അകലെയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ ഭേദിക്കാന്‍ അവള്‍ പഠിച്ചുതുടങ്ങി.
ഇതിനിടയില്‍ നയനയുടെ സിനിമയിലെ അവസരങ്ങള്‍ മെല്ലെ കുറയുന്നത് പോലെ തോന്നി.അവള്‍ വളരുകയാണ്.
“അവളുടെ കുട്ടിത്തം പോയാല്‍ അവസരങ്ങള്‍ കുറയും.അവസരങ്ങള്‍ കുറഞ്ഞാല്‍..” ഒരിക്കല്‍ മാലിനിയില്‍നിന്ന് അങ്കലാപ്പ് പുരണ്ട വാചകങ്ങള്‍ പുറത്തുവന്നു.
“ഇപ്പോഴത്തെ ബാലനടിമാരാ നാളത്തെ നായികമാര്‍..” പിന്നീടൊരിക്കല്‍ മാലിനി പറഞ്ഞു.
മാലിനി നയനയെയും കൂട്ടി വലിയ സംവിധായകരെ സ്ഥിരമായി കാണാന്‍ തുടങ്ങി.അവള്‍ക്ക് വീണ്ടും ബാലനായിക വേഷങ്ങള്‍ കിട്ടിത്തുടങ്ങി.
ഇതിനിടെ ഒരു ബിഗ്‌ ബജറ്റ് ഹോളിവുഡ് സിനിമയില്‍ അവള്‍ക്ക് അവസരം ലഭിക്കാനുള്ള സാധ്യത മുന്നില്‍ തെളിഞ്ഞു.കോടികള്‍ പ്രതിഫലം ലഭിക്കും.അതിനു വേണ്ടി ഡല്‍ഹിയിലുള്ള സായിപ്പിനെ കാണാന്‍ പോകാന്‍ മാലിനി തീരുമാനിച്ചു.
പോകുന്നതിന്റെ തലേന്ന് രാവിലെയാണ് അതുണ്ടായത്‌.
വീടിന്റെ മുന്പിലത്തെ തോട്ടത്തില്‍ ഗായത്രി തോക്ക് കൊണ്ട് പരിശീലിക്കുകയായിരുന്നു.അവളോട്‌ എന്തോ പറയാന്‍ വന്ന മാലിനിയുടെ തിരുനെറ്റി തുളച്ചു വെടിയുണ്ട കടന്നുപോയി.
ഒരു നിമിഷനേരത്തെ അബദ്ധം.കാലു അറിയാതെ തെറ്റിയതാവാം.ആ സംഭവം നടക്കുമ്പോള്‍ മറ്റാരും ഉണ്ടായിരുന്നില്ല.
മാലിനി മരിച്ചതോടെ നയനയുടെ സിനിമാ ഭാവി അവസാനിച്ചു.അവള്‍ക്ക് അതില്‍ വലിയ താത്പര്യമുണ്ടായിരുന്നില്ലെന്നു തുറന്നു പറഞ്ഞത് ഗായത്രി മരിച്ച ദിവസങ്ങളിലാണ്.
തന്നെയും നയനയെയും ഒറ്റക്കാക്കി ഗായത്രിയും പോയി.അതും ഒരു അപകടമരണമായിരുന്നു.നയന ഡിഗ്രി പൂര്‍ത്തിയാക്കി .അവള്‍ക്ക് ഒരു വിദേശ കമ്പനിയില്‍ ജോലി ശരിയായി.മാലിനിയുടെ മരണത്തിനുശേഷം നയനയുടെ അമ്മ ഗായത്രിയായിരുന്നു.ആ യാത്രകളില്‍ അവളും അനിയത്തിയുടെ ഒപ്പമുണ്ടായിരുന്നു.എല്ലാം കഴിഞ്ഞു നഗരത്തിലെ ഒരു വലിയ ഹോട്ടലില്‍ വിശ്രമിക്കവേ ,അസ്തമനത്തിന്റെ ചിത്രം വരക്കണം എന്ന് പറഞ്ഞു അവള്‍ ഒറ്റക്ക് ഹോട്ടലിന്റെ ഏറ്റവും മുകളിലെനിലയില്‍ കയറി. അവിടെനിന്ന് താഴത്തേക്ക് കാലു തെറ്റി വീണു മരിച്ചു.
ഒരു ചുവന്ന പെയിന്റിംഗ് പോലെ ആ ഹോട്ടലിന്റെ മുന്‍പിലെ ലോണില്‍ അവള്‍ മരിച്ചു കിടന്നു.
അതിന്റെ പിറ്റേന്നാണ് നയന തന്നോട് അത് പറഞ്ഞത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചില സംവിധായകരെ കാണാന്‍ അമ്മയോടൊപ്പം പോയത്.അവരുടെ അറപ്പ് തോന്നിക്കുന്ന നോട്ടങ്ങളില്‍ ചൂളിയത്.അവരുടെ ചീത്ത സ്പര്‍ശങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ അമ്മ കത്തുന്ന നോട്ടം നോക്കിയത്.
അതൊക്കെ അവള്‍ പറഞ്ഞിരുന്നത് ഒരാളോട് മാത്രം .
ഗായത്രിയോട്.അവളുടെ ചേച്ചിയോട്.
ഒരു ദീര്‍ഘനിശ്വാസത്തോടെ എല്ലാം താന്‍ കേട്ടിരുന്നു.
നയന ഇപ്പോള്‍ വിദേശത്തു നല്ലനിലയിലാണ്.അയാള്‍ നാട്ടില്‍ തനിച്ചും.എങ്കിലും ഗായത്രിയുടെ പിറന്നാളിന് അവള്‍ നാട്ടില്‍ മുടങ്ങാതെ എത്തും.ഈ ജന്മദിനത്തിനു ഗായത്രി വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞത് നയനയാണ്.
അവളുടെ ആത്മാവിന്റെ സന്തോഷത്തിന്.ഗായത്രിയുടെ ചിത്രം കണ്ടു പ്രദര്‍ശനം കാണാന്‍ വന്ന ഒരു അപരിചിതന്‍ തന്നെ വന്നു പരിചയപ്പെട്ടു.അയാളുടെ പേര് ഡോക്ടര്‍ അനിരുദ്ധന്‍ എന്നായിരുന്നു.
രണ്ടു കയ്യും വളര്‍ച്ചയില്ലാത്ത ആ പെണ്‍കുട്ടി തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്നു കണ്ടതായി ഡോക്ടര്‍ ‍ ഓര്‍മ്മിച്ചു.വിദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഹോര്‍മ്മോണ്‍ മരുന്നുകളെക്കുറിച്ച് ചോദിക്കാനായിരുന്നു അവള്‍ വന്നത്.സിനിമാതാരങ്ങളുടെ ഒരു ബ്യൂട്ടി കണ്‍സല്‍ട്ടന്റ് ആയിരുന്നു ഡോക്ടര്‍ അനിരുദ്ധന്‍.
മാലിനി നയനയുടെ കുട്ടിത്തം നിലനിര്‍ത്താന്‍ വിദേശത്ത് നിന്ന് മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു.കുറച്ചു നാളുകള്‍കൂടി മുഖത്തിന്റെ ബാല്യം നിലനില്‍ക്കും.പിന്നെ അതിലും കുറച്ചുനാളുകള്‍കൊണ്ട് മുഖ സൌന്ദര്യം കൂടി നായികാ പദവിയില്‍ എത്താം.എപ്പോഴും ഫീല്‍ഡില്‍ നില്‍ക്കാന്‍ സഹായിക്കുന്ന മാന്ത്രികമരുന്ന്. വിദേശത്ത് നടിമാർ ഇവ ഉപയോഗിക്കുമെന്നാണ് പറയുന്നത്.
മാലിനി അത്തരം മരുന്നുകള്‍ വാങ്ങാന്‍ ഏര്‍പ്പാട് ചെയ്ത വിവരം ഗായത്രി അറിഞ്ഞിരുന്നു.അത്തരം മരുന്നുകള്‍ ജീവന്‍ തന്നെ അപകടത്തിലാക്കുമെന്ന് ഡോക്ടര്‍ ഗായത്രിയോട് പറഞ്ഞിരുന്നു.വിദേശത്തു വിദഗ്ദ്ധരായ സ്പെഷലിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ ആധുനിക സാങ്കേതിക സൗകര്യം ഉപയോഗിച്ചാണ് ഇത്തരം ട്രീറ്റ്മെന്റുകള്‍ ചെയ്യുന്നത്.ഇന്ത്യയില്‍ അതിനുള്ള സൗകര്യമില്ല.തത്കാല നേട്ടം ഉണ്ടാകുമെങ്കിലും അത്തരം മരുന്നുകള്‍ ഉപയോഗിച്ചാല്‍ ആയുസ്സ് പെട്ടെന്ന് അവസാനിക്കും.
എങ്കിലും മാലിനി അത് നയനയില്‍ പ്രയോഗിച്ചില്ല.അവള്‍ക്ക് കൂടുതല്‍ സംവിധായകരുടെ അടുത്തു പോകേണ്ടിയും വന്നില്ല.അതിനു മുന്‍പ് തന്നെ അവള്‍ മരിച്ചു.
തനിക്കു ചുറ്റും താനറിയാത്ത പലതും ഉണ്ടായിരുന്നതായി രഘുനാഥന്‍ അറിഞ്ഞു.അര്‍ത്ഥം അറിയാതെ പെയിന്റിംഗ് ആസ്വദിക്കാന്‍ ശ്രമിക്കുന്ന കാഴ്ചക്കാരനെ പോലെയായിരുന്നു തന്റെ കുടുംബ ജീവിതം.
മാലിനിയുടെ തെറ്റ് അഭിലാഷങ്ങളില്‍നിന്നുണ്ടായതാണ്.പക്ഷേ ഗായത്രിക്ക് അമ്മയോട് ദേഷ്യം ഉണ്ടായിരുന്നിരിക്കണം.
“അച്ഛന്‍ ഇവിടെ വന്നു ഈ പെയിന്റിംഗ് നോക്കിനില്‍ക്കുകയായിരുന്നോ ?” നയനയുടെ ചോദ്യം കേട്ടാണ് അയാള്‍ ചിന്തകളില്‍നിന്ന് ഞെട്ടി ഉണര്‍ന്നത്.
അയാള്‍ വീണ്ടും മുന്‍പിലുള്ള പെയിന്റിംഗ് നോക്കി.
സ്വര്‍ണ്ണനിറമുള്ള കൂട്ടില്‍ അടക്കപ്പെട്ട പക്ഷി.പാതി തുറന്ന കിളിവാതിലില്‍ ആരുടെയോ വിരലുകള്‍.
“ഈ പെയിന്റിംഗിന്റെ അര്‍ത്ഥം എന്താന്ന് അച്ഛന് എന്തേലും തോന്നിയോ ?” നയന ചോദിച്ചു.
അയാള്‍ അതിനു മറുപടി പറഞ്ഞില്ല.അവളെ വെറുതെ നോക്കുക മാത്രം ചെയ്തു.
അതിന്റെ അര്‍ത്ഥം നീയാണ് എന്ന് മാത്രമായിരുന്നു ആ നോട്ടം.
(അവസാനിച്ചു.)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot