നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തുടർക്കഥകൾ !!

Image may contain: 1 person, smiling, beard, selfie and closeup
മതിയെടീ, വാ വന്നു കെടക്ക്... രാവിലെ തൊടങ്ങീതല്ലേ...
സ്നേഹം നിറഞ്ഞ ആ ശാസന തനിക്കു തീരെ പരിചയമില്ലാത്തതിനാൽ, ട്രീസ ആകെയൊന്ന് അന്ധാളിച്ചു. നമുക്ക് തീരെ വിശ്വാസം വരാത്ത കാര്യങ്ങൾ നടന്നുകാണുമ്പോൾ സ്വയം ഉറക്കമുണർത്തുന്നതു പോലെ, തലയൊന്നു ശക്തിയിൽ കുടഞ്ഞ് അവളയാളെ നോക്കി; ചമ്മലു നിറഞ്ഞതെങ്കിലും ഒരു ചെറുപുഞ്ചിരിയായിരുന്നു അയാളുടെ മറുപടി.
അവൾ കഴുകിക്കൊണ്ടിരുന്ന പാത്രം ലേശം ബലം പിടിച്ചുതന്നെ അയാൾ വാങ്ങിച്ചെടുത്തു. അതിനെ സിങ്കിലേക്കു വച്ച്, അവൾക്കു പുറകിലായി നിന്നുകൊണ്ട് ഇരുവശത്തുകൂടെയും അവളുടെ കൈകളെ കവർന്നെടുത്ത്, ആ ടാപ്പിനടിയിൽ പിടിച്ച് സ്നേഹപൂർവ്വം കഴുകിയെടുത്തു. അവളയാളെത്തന്നെ ഉറ്റു നോക്കുകയായിരുന്നു. കൈകൾ തുടച്ചതവൾ സ്വയമായിരുന്നു.
പണികളൊഴിഞ്ഞ് കിടക്കുന്നേന് മുന്നേ ഒരു കുളി പതിവുള്ളതിനാൽ, അന്നും അവളതു തെറ്റിച്ചില്ല. അന്നേരവും അവൾ ചിന്തിച്ചതു മുഴുവൻ അയാളിലെ ഈ മാറ്റത്തെപ്പറ്റിയായിരുന്നു. കുളി കഴിഞ്ഞ് വാതിൽപ്പടി കടക്കുമ്പോൾത്തന്നെയുള്ള ആ ശ്വാസം മുട്ടിക്കുന്ന, മടുപ്പിക്കുന്ന ഇറുക്കിപ്പിടുത്തം ഇല്ലല്ലോയെന്നാശ്വസിച്ചു നോക്കുമ്പോളതാ, അയാളു പിന്നേം പുഞ്ചിരിച്ചോണ്ടിരിക്കുന്നു... ശ്ശെടാ, ഇയാൾക്കിതെന്നാ പറ്റി എന്നാലോചിച്ചപ്പോൾ തികട്ടി വന്ന പരിഹാസത്തോടെത്തന്നെ ചോദിച്ചു, "എന്താണ് ഒരു പ്രത്യേകസ്നേഹമൊക്കെ, സാധാരണ ഇങ്ങനൊന്നുമല്ലല്ലോ... ഇന്നലെ നിങ്ങളു ഒറ്റയ്ക്കുപോയി കണ്ട ഫിലിമിൽ ചോദിച്ച മാതിരി, ഇനിയെന്റെ കിഡ്നിയെങ്ങാനും ആവശ്യമുണ്ടോ ??"
അയാളൊന്നു ചിരിയ്ക്കാൻ ശ്രമിച്ചു...
ഡ്രെസിംഗ് ടേബിളിൽ മുടി കോതിക്കൊണ്ടു നിന്നപ്പോൾ, അയാൾ പിറകിലൂടെ വന്ന് കഴുത്തിലൂടെ ചുറ്റിപ്പിടിച്ച്, കണ്ണാടിയിൽ അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ടു പറഞ്ഞു, "ഈ കുറഞ്ഞ കാലം കൊണ്ട് ഞാൻ നിന്നെ ഒരുപാടു വെഷമിപ്പിച്ചിട്ടുണ്ട്, അറിയാം... ചെയ്തതിനൊക്കെയും മാപ്പർഹിയ്ക്കുന്നില്ലാന്നും അറിയാം... എന്നാലും ചോദിയ്ക്കാണ്, ഈയൊരു തവണത്തേയ്ക്കു കൂടി നിനക്കെന്നോട് ക്ഷമിച്ചു കൂടെ ??"
-- പാലിയ്ക്കപ്പെടുമെന്നുറപ്പില്ലാത്ത വിഷയങ്ങളിൽ തുടരെത്തുടരെയുള്ള ഈ ക്ഷമ ചോദിയ്ക്കലും, ക്ഷമിയ്ക്കലും ഒക്കെയൊരു പ്രഹസനമല്ലേ ജോർജ്ജേ...
"ട്രീസാ, ഇന്നുമുതൽ ഞാനൊരു പുതിയ മനുഷ്യനാണ്. നീയാഗ്രഹിയ്ക്കുന്ന ഒരു ജീവിതമായിരിയ്ക്കും ഇനി നമ്മുടേത്... ഐ ഡൂ റെസ്‌പെക്ട് മൈ ഗ്രെയ്റ്റ് ലേഡി, ട്രസ്റ്റ് മി..."
-- നിങ്ങൾ പുരുഷന്മാർ ഞങ്ങളെ ബഹുമാനിയ്‌ക്കേണ്ട കാര്യമൊന്നുമില്ല ജോർജ്ജേ... വേണ്ടത് പരിഗണനയാണ്, ഒരു സഹജീവിയോടുള്ള പരിഗണന, കുടുംബകാര്യങ്ങളിൽ ഞങ്ങളുടെ കൂടി അഭിപ്രായമാരായൽ, നിയന്ത്രണങ്ങളാൽ വരിഞ്ഞു മുറുക്കാതെ ഞങ്ങളുടേതായ സ്പേസ് തരിക, കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ നൽകാവുന്ന ചെറിയ ചെറിയ അഭിനന്ദനങ്ങൾ, പറ്റിയ വീഴ്ചകളിൽ കുറ്റപ്പെടുത്താതെയുള്ള ചേർത്തുപിടിയ്ക്കലുകൾ, വീണുപോയേക്കാവുന്ന സന്ദർഭങ്ങളിൽ കൈപിടിച്ചുള്ള തിരുത്തലുകൾ, അങ്ങനെയങ്ങനെ നൂറു കുഞ്ഞു കുഞ്ഞു കാര്യങ്ങളിലാടോ ഞങ്ങടെ സന്തോഷമിരിയ്ക്കുന്നേ. താൻ പ്രണയിക്കുന്ന,
വിശ്വസിക്കുന്ന, തന്നെ ജീവനായ ഒരുവൻ എന്നും കൂടെയുണ്ടാവും എന്ന തോന്നൽ തരുന്ന ഒരു വിശ്വാസമുണ്ട് ജോർജ്ജേ, അതിനോളം സുരക്ഷയൊന്നും ഈ ലോകത്തൊരു മിലിട്ടറി ഫോഴ്‌സിനും തരാൻ പറ്റില്ല. അല്ലാതെ താൻ എനിക്ക് വേണ്ടി, നമ്മുടെ കുടുംബത്തിനു വേണ്ടി മാത്രമാണ് ഈ കിടന്നു കഷ്ടപ്പെടുന്നത്, എന്തെല്ലാം വാങ്ങിത്തന്നാലും എവിടെയൊക്കെ കൊണ്ടോയാലും മുഖം തെളിയൂല്ലാ എന്നൊക്കെയുള്ള പല്ലവികളോ താൻ എനിക്കായി ചെയ്തുതരുന്നുവെന്നു കരുതുന്ന സുഖലോലുപതകളോ ഒന്നും, ഒന്നുംതന്നെ എന്നെ ഞാനായിരിക്കാൻ പ്രേരിപ്പിയ്ക്കില്ലെടോ. എൻ്റെ "ദി ബെസ്ററ്" ആയ ഒരു പെരുമാറ്റവും തനിക്കൊട്ടു കിട്ടുകയുമില്ല.
അയാളെ മറികടന്ന് ബെഡിനരികിലേയ്ക്ക് നടക്കുമ്പോഴും, പഴകി ദ്രവിച്ച ആ വാചകങ്ങൾ അവളുടെ കാതിൽ വന്നലയ്ക്കുന്നുണ്ടായിരുന്നു, "യു ട്രസ്റ്റ് മി ട്രീസാ, ഐ വിൽ നെവർ ലെറ്റ് യു ഡൗൺ..."

BY: Krishna Cherat

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot