"പിന്നെ..?" ജയദേവൻ അവരുടെ അടുത്തേക്ക് ചെന്നു .
"ഇയാളല്ലെങ്കിൽ പിന്നെ ആരാ സവിതയെ കൊന്നത്?" ജയദേവൻ സതിയുടെ ചുമലിൽ പിടിച്ച് കുലുക്കി.
സതി ഒന്നും മിണ്ടാതെ നിന്നു ..
"എന്തൊക്കെയാ ഇവിടെ നടക്കുന്നതീശ്വരാ..എനിക്കൊന്നും മനസ്സിലാകുന്നില്ല.പറ സതി..ആരാ നമ്മടെ സവിതയെ ഇല്ലാതാക്കിയത്?"മുത്തശ്ശി കരഞ്ഞുകൊണ്ട് ചോദിച്ചു.
"വികാസ് സാറും ശാരദേച്ചിയും അമ്മയും അവരുടെ ഒരു ബന്ധുവിന്റെ വീട്ടിൽ പോയ ദിവസം. അന്ന് നല്ല മഴയുള്ളൊരു ദിവസമായിരുന്നു.അപ്പു പറഞ്ഞതുപോലെ അന്ന് സവിതയെ കുളത്തിൽ പിടിച്ച് തള്ളി അവനും ദേവനും പ്രിയ മോളും കൂടി വെളിയിൽ പോയി.അത് കഴിഞ്ഞ് ഞാൻ ചെന്ന് നോക്കുമ്പോൾ സവിത അവിടെ തനിയെ ചിരിച്ചുകൊണ്ട് നിൽക്കുന്നു.എന്റെ കൂടെ മായയും ഉണ്ടായിരുന്നു.സവിതയുടെ ഉടുപ്പുമുഴുവനും നഞ്ഞിട്ടുണ്ടായിരുന്നു.കാര്യം ചോദിച്ചപ്പോ അപ്പു എന്തോ പറഞ്ഞ് കളിയാക്കിയെന്നും അവളെ അവൻ പിടിച്ച് തള്ളിയെന്നും പറഞ്ഞു.പടവിനരികിൽ തന്നെ ആയിരുന്നു അവൾ വീണത്..അപ്പു വരുമ്പോൾ കുളത്തിന് നടുവിലേക്ക് കുറെ ദൂരം പോയി എന്നും പേടിച്ച് കുളത്തിൽ കുറച്ച് സമയം കൈകാലിട്ടടിച്ചെന്നും അവളുടെ വിളി കേട്ട് അപ്പുറത്ത് പുറംപണിക്ക് വന്ന ആളുകൾ ആണ് അവളെ രക്ഷപെടുത്തിയതിനും അപ്പുവിനോട് കള്ളം പറഞ്ഞ് അവനെ പേടിപ്പിക്കണമെന്നും അവൾ എന്നോട് പറഞ്ഞു. തുണി എല്ലാം അലക്കി കുറച്ചുകൂടി കഴിഞ്ഞിട്ട് തിരിച്ച് വരാമെന്ന് അവൾ പറഞ്ഞു.അടുത്ത മഴ വരുന്നതിനുമുൻപ് കയറിപ്പൊന്നേക്കണം എന്ന് പറഞ്ഞിട്ട് ഞാനും മായയും അവിടെ നിന്ന് തിരിച്ച് തറവാട്ടിലേക്ക് പോയി..ഞാൻ അടുക്കളയിൽ നല്ല തിരക്കിലായിരുന്നു.അടുത്ത മഴ പെയ്തുതുടങ്ങിയിട്ടും സവിതയെ കാണാഞ്ഞത് കൊണ്ട് മായ അവളെ അന്വേഷിച്ച് വീണ്ടും കുളപ്പുരയിലേക്ക് പോയി. കുറച്ച് നേരം കഴിഞ്ഞിട്ടും മായയും സവിതയും തിരികെ വരാഞ്ഞത് കൊണ്ട് ഞാൻ കുളപ്പുരയിലേക്ക് ചെന്നു .അവിടെ കണ്ട കാഴ്ച്ച ..!" ഭയാനകമായ എന്തോ ഓർത്തിട്ടെന്നപോലെ സതിയുടെ മുഖം വലിഞ്ഞുമുറുകി...
"അവിടെ ഞാൻ കണ്ടത് ഒരിറ്റ് ശ്വാസത്തിന് വേണ്ടി വെള്ളത്തിൽ കിടന്ന് കൈകാലിട്ടടിക്കുന്ന എന്റെ കുഞ്ഞിനേയും അവളുടെ തല വെള്ളത്തിൽ മുക്കിപ്പിടിച്ചിരിക്കുന്ന മായയെയുമാണ്.!" കേട്ടത് വിശ്വസിക്കാനാവാതെ എല്ലാവരും തരിച്ചിരുന്നുപോയി !.സതി ആ ഓർമയിൽ മുഖം പൊത്തി കരഞ്ഞു.."ഞാൻ ഓടി ചെന്നപ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നു..എന്റെ മോളുടെ ശരീരം കെട്ടിപ്പിടിച്ച് അലമുറ ഇട്ട് കരയാൻ തുടങ്ങിയ എന്നോട് ഒരബദ്ധം പറ്റിയതാണെന്ന് ഇവർ കരഞ്ഞുപറഞ്ഞു.പുറത്താരും ഇതറിയരുതെന്ന് കാലുപിടിച്ചപേക്ഷിച്ചു.സവിത കൈയിൽ എന്തോ മുറുക്കെ പിടിച്ച് വെച്ചിട്ടുണ്ടായിരുന്നു .അത് തുറന്ന് നോക്കിയപ്പോൾ ഒരു രുദ്രാക്ഷം! എനിക്ക് കണ്ടു പരിചയമുള്ളയാതായിരുന്നു അത്..ഇവിടുത്തെ അമ്മ പണ്ട് അമ്പലത്തിൽ നിന്നും പൂജിച്ച് കൊടുത്ത് ദേവന്റെ അച്ഛൻ സ്ഥിരമായി കഴുത്തിലിട്ടോണ്ടിരുന്ന രുദ്രാക്ഷമായിരുന്നു അത്.. എന്റെ മോളെ അയാൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പിടിവലിക്കിടയിൽ അയാളുടെ രുദ്രാക്ഷം അവൾ പൊട്ടിച്ചെടുത്തതാകാമെന്നും എനിക്ക് മനസ്സിലായി.കാലുപിടിച്ചിട്ടും മോഹനവാഗ്ദാനങ്ങൾ നൽകിയിട്ടും ഞാൻ സമ്മതിക്കുന്നില്ലെന്ന് കണ്ടപ്പോൾ മായയുടെ ഭാവം മാറി! ഈ കുറ്റം അപ്പുവിന്റെ തലയിൽ വെച്ചുകെട്ടുമെന്ന് പറഞ്ഞെന്നെ ഭീഷണിപ്പെടുത്തി..കുറച്ച് മുൻപ് അപ്പു അവളെ കുളത്തിലേക്ക് തള്ളിയിട്ടു എന്ന് സവിത പറയുന്നത് മായയും കേട്ടിരുന്നു..പോലീസ് അന്വേഷണം വരുമ്പോ തന്റെ ഭർത്താവിന്റെ പണവും സ്വാധീനവും വെച്ച് അപ്പു സവിതയെ കുളത്തിൽ തള്ളിയിടുന്നത് കണ്ടു എന്ന് ആരെക്കൊണ്ടെങ്കിലും കള്ളസാക്ഷി പറയിപ്പിക്കുമെന്നും സവിതയുടെ മരണം എങ്ങനെയെങ്കിലും അപ്പുവിന്റെ തലയിൽ കെട്ടിവെയ്ക്കുമെന്നും മായ എന്നോട് പറഞ്ഞു.അതിനും പറ്റിയില്ലെങ്കിൽ അപ്പുവിനെ ഇവർ എങ്ങനെയെങ്കിലും അപായപ്പെടുത്തുമെന്നും പറഞ്ഞു. സ്വന്തം ഭർത്താവിനെ രക്ഷിക്കാൻ ഇവർ ഏതറ്റം വരെ പോവുമെന്നും എന്റെ കുഞ്ഞിന്റെ മരണം കൊണ്ട് എനിക്കറിയാമായിരുന്നു.അപ്പുവിന്റെ ഭാവി പേടിച്ച് ഞാൻ ആരോടും ഒന്നും മിണ്ടിയില്ല. വികാസ് സാറിനോടും ശാരദേച്ചിയോടും അപ്പു സവിതയെ കുളത്തിലേക്ക് തള്ളിയിടുന്നത് താൻ കണ്ടുവെന്നും അപ്പുവിന് ഒരു കൈയബദ്ധം പറ്റിയതാണ് അവനെ ഇതിൽ നിന്നും എങ്ങനെ എങ്കിലും രക്ഷപെടുത്തണമെന്നും പറഞ്ഞ് ഈ സ്ത്രീ അവരുടെ മുൻപിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് വളരെ ഭംഗി ആയി അഭിനയിക്കുന്നത് നിസ്സഹായയായി ഞാൻ നോക്കി നിന്നു .വെളിയിൽ പോയി തിരികെ വന്ന അപ്പു കാണുന്നത് ജീവനില്ലാത്ത എന്റെ മോളുടെ മുഖമാണ്.ഞാനും ശാരദേച്ചിയും മായയും അപ്പുവിനെ അന്വേഷിച്ച് അവന്റെ മുറിയിൽ ചെന്നപ്പോൾ അവൻ താനാണ് കൊലയാളി എന്ന് പറഞ്ഞ് വാവിട്ട് കരഞ്ഞു. അങ്ങനെ മായ ഉദ്ദേശിച്ചത് പോലെ കാര്യങ്ങളെല്ലാം നടന്നു.."സതി മായയെ വെറുപ്പോടെ നോക്കി.ജയദേവൻ മായയുടെ ചുമലിൽ പിടിച്ച് കുലുക്കി.
"എന്തൊക്കെയാ അമ്മെ ഇവർ പറയുന്നത്...അച്ഛന്റെ മാനം രക്ഷിക്കാൻ എന്റെ സവിതയെ കൊന്നത് ..അമ്മയാണോ?എന്തിനാ അമ്മെ..എന്തിനാ അമ്മെ അവളെ കൊന്നത്..?കുറച്ച് ജീവൻ ബാക്കി വെച്ചുകൂടായിരുന്നോ ?അവളേത് അവസ്ഥയില്ലായിരുന്നുവെങ്കിലും ഒരു താലിയും കെട്ടി ഒരു പരാതിയും പറയാതെ ജീവിതകാലം മുഴുവൻ ഞാൻ പൊന്നുപോലെ നോക്കില്ലായിരുന്നോ.. അവളെ..കൊന്നുകളയണമായിരുന്നോ?" ജയദേവൻ കരഞ്ഞുകൊണ്ട് മായയോട് ചോദിച്ചു.
"പറയ് എന്തിനാ അവളെ കൊന്നത്?" ജയദേവൻ മായയുടെ കഴുത്തിൽ പിടിമുറുക്കി..
മായ ശ്വാസം കിട്ടാതെ അവന്റെ കൈ എടുത്ത് തട്ടിമാറ്റാൻ നോക്കി.അവൻ വിട്ടില്ല.അത്രയ്ക്കും ഭ്രാന്തമായ ഒരവസ്ഥയിൽ ആയിരുന്നു ജയദേവൻ!
ആദിത്തും ജയശങ്കറും എങ്ങനെയോ അവന്റെ കൈ പിടിച്ച് മാറ്റി.
ശ്വാസം കിട്ടാതെ മായ കുറച്ച് നേരം ചുമച്ചുകൊണ്ടിരുന്നു..
"എന്തിനാ മായെ നീ ആ പാവത്തിനെ കൊന്നുകളഞ്ഞത്..?നിന്റെ ഭർത്താവിനെ രക്ഷിക്കാൻ ഇങ്ങനൊരു കടുംകൈ ചെയ്യണമായിരുന്നോ ?" ..ഒന്നുമില്ലെങ്കിലും നിന്റെ മകൻ സ്നേഹിച്ചിരുന്ന പെണ്ണല്ലേ .."മുത്തശ്ശി മായയെ നോക്കി കരഞ്ഞുകൊണ്ട് ചോദിച്ചു
"ആങ്ങളയും പെങ്ങളും തമ്മിൽ കല്യാണം കഴിക്കുന്നതിലും വലിയ മഹാപാപം വേറെ എന്തുണ്ട് അമ്മെ?" മായ ജയശങ്കറിനെയും സതിയേയും നോക്കി മുത്തശ്ശിയോട് ചോദിച്ചു.
കേട്ടത് വിശ്വസിക്കാനാവാതെ എല്ലാവരും തറച്ച് നിന്നു.
"നീ എന്താ പറയുന്നതെന്ന് നിനക്ക് വല്ല നിശ്ചയവുമുണ്ടോ കുഞ്ഞേ.."?മുത്തശ്ശി അന്താളിപ്പോടെ മായയോട് ചോദിച്ചു.
"ഉണ്ട് അമ്മെ.ഞാൻ സത്യമാ പറഞ്ഞത്.വർഷങ്ങളായി ഞാൻ മൂടിവച്ച സത്യം.സതിക്കും എനിക്കും മാത്രമറിയാവുന്ന രഹസ്യം.അല്ലെന്ന് സതി പറയട്ടെ.."മായ സതിയെ നോക്കി പറഞ്ഞു.സതി പൊട്ടിക്കരഞ്ഞു..
"കല്യാണം കഴിഞ്ഞ നാളുകളിൽ ഒരു കുഞ്ഞില്ലാതെ സതിയും ഭർത്താവും എന്ത് മാത്രം വിഷമിച്ചിരുന്നു എന്ന് അമ്മയ്ക്ക് ഓർമ്മയില്ലേ ..അതിനുള്ള ടെസ്റ്റുകൾ ചെയ്ത് തുടങ്ങിയപ്പോൾ തന്നെ ഡോക്ടർ പറഞ്ഞിരുന്നു കുഴപ്പം സതിയുടെ ഭർത്താവിനാണെന്നും കുഞ്ഞുങ്ങൾ ഉണ്ടാവാനുള്ള ചാൻസ് വളരെ കുറവാണെന്നും.ചികിത്സകൾ ആരംഭിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞും ഫലമൊന്നും കണ്ടില്ല...ജോലി കിട്ടി ജയേട്ടനും ഞാനും മോനും അമേരിക്കയിലേക്ക് താമസം മാറുന്നതിനു മുൻപ് ഞങ്ങൾ നാട്ടിൽ താമസിച്ചിരുന്ന സമയം. വികാസ് ഏട്ടനും ശാരദ ചേച്ചിയും പിള്ളേരും അന്ന് അമേരിക്കയിലായിരുന്നു.ഞാനും ദേവനും എന്റെ വീട്ടിൽ പോയിരുന്ന ഒരു ദിവസം .സതി ചായ്പ്പ് വൃത്തിയാക്കുന്നതിനിടയിൽ ഇയാൾ അവിടെ കയറി.സതിയുടെ എതിർപ്പുകളെ എല്ലാം അവഗണിച്ചുകൊണ്ട് ഇയാൾ അവരെ ക്രുരമായി മാനഭംഗപ്പെടുത്തി...കാര്യം കഴിഞ്ഞ് അയാൾ അയാളുടെ പാട്ടിനു പോയി.തിരികെ എത്തിയ ഞാൻ കാണുന്നത് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ചായ്പ്പിൽ ഇരുന്ന് പൊട്ടിക്കരയുന്ന സതിയെയാണ്.അവർ എന്നോടെല്ലാം പറഞ്ഞു.എനിക്കെന്റെ ഭർത്താവിന്റെ സ്വഭാവം നല്ലത്പോലെ അറിയാമായിരുന്നത്കൊണ്ട് എനിക്കവരെ അവിശ്വസിക്കേണ്ട കാര്യം ഇല്ലായിരുന്നു . ഈ വിവരം തൽക്കാലം മറ്റാരുമറിയരുതെന്ന് ഞാൻ അവരുടെ കാലുപിടിച്ചപേക്ഷിച്ചു.കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സതി ജോലിക്ക് വരാതെ ആയി.അവരുടെ വീട്ടിൽ ചെന്ന് കാര്യം അന്വേഷിച്ചപ്പോൾ എന്റെ ഭർത്താവിനാൽ അവർ ഗർഭിണിയാണെന്ന സത്യം ഞാൻ അറിഞ്ഞു.സ്വന്തം ഭർത്താവിൽ നിന്നും അവർ ഒന്നും ഒളിച്ചുവെച്ചില്ലെന്നും സത്യങ്ങൾ എല്ലാം തുറന്നുപറഞ്ഞതിൽ പിന്നെ സതിയുടെ ഭർത്താവ് അവരെ ഉപേക്ഷിച്ച് നാടുവിട്ടുപോയെന്നും അവർ പറഞ്ഞു.എന്ത് പറഞ്ഞിട്ടും ആ കുഞ്ഞിനെ കളയാൻ സതി തയാറായില്ല .തെറ്റ് പറ്റിയത് തനിക്കാണെന്നും അതിന്റെ പേരിൽ ഒന്നുമറിയാത്ത ഒരു കുരുന്നുജീവനെ നുള്ളിയെടുക്കാൻ അവർ തയ്യാറല്ലെന്നും എന്നോട് പറഞ്ഞു.ഈ സത്യം നമ്മൾ രണ്ടാളും അല്ലാതെ മൂന്നാമതൊരാൾ അറിയരുതെന്നും ഇതിന്റെ പേരിൽ അവകാശവും ചോദിച്ചുകൊണ്ട് ഞങ്ങളുടെ കുടുംബം തകർക്കാൻ വരരുതെന്നും ഞാൻ ഇവരെക്കൊണ്ട് സത്യം ചെയ്യിച്ചു..പല തവണ ഞാൻ മറ്റാരുമറിയാതെ സാമ്പത്തികമായി സഹായിക്കാൻ ശ്രമിച്ചെങ്കിലും സതി അത് നിരസിച്ചു.വർഷങ്ങൾ കഴിഞ്ഞു..സവിത വളർന്നപ്പോൾ മറ്റെല്ലാ പെൺകുട്ടികളിലും കാണുന്നതുപോലെ സവിതയിലും ഇയാളുടെ നോട്ടം ചെല്ലുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..അന്ന് വഴങ്ങി കൊടുക്കാഞ്ഞതിന്റെ പേരിൽ മദ്യലഹരിയിൽ ഇയാൾ ഇല്ലാതാക്കാൻ നോക്കിയത് സ്വന്തം മകളെ ആണെന്ന് ഇയാൾക്കിപ്പഴും അറിഞ്ഞുകൂടാ!" മായ വെറുപ്പോടെ ജയശങ്കറിന്റെ നോക്കി പറഞ്ഞു..അയാൾ അവിടെ എല്ലാം തകർന്നവനെപോലെ നിൽക്കുകയായിരുന്നു.വീഴാതിരിക്കാൻ ഒരു കൈ മേശയുടെ സൈഡിൽ മുറുകെ പിടിച്ചിരുന്നു..
ജയശങ്കറും മായയും ജയദേവനും നാട്ടിൽ വന്ന സമയം നടു തിരുമ്മാൻ പോകണം എന്നും പറഞ്ഞ് സതി അതിരാവിലെ വന്ന് വർഷയെ സഹായിച്ചിട്ട് എല്ലാവരും എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ തിരികെ പോയിരുന്നത് ജയശങ്കറിന്റെ മുൻപിൽ ചെന്ന് പെടാതിരിക്കാനായിരുന്നുവെന്ന് വർഷയ്ക്ക് മനസ്സിലായി. അവൾ സതിയെ സഹതാപത്തോടെ നോക്കി.സതി സാരിയുടെ മുന്താണി കൊണ്ട് വാ പൊത്തിപ്പിടിച്ച് കരയുകയായിരുന്നു.
"ആയിടയ്ക്കാണ് ദേവൻ സവിതയെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത് ..പല തവണ ഞാൻ സതിയോടു പറഞ്ഞു എന്തെങ്കിലും പറഞ്ഞ് സവിതയെ പിന്തിരിപ്പിക്കാൻ.സതി എത്ര ശ്രമിച്ചിട്ടും നടന്നില്ല.പിന്നീടാണ് ആ ദിവസം വന്നത്.സവിതയെ അന്വേഷിച്ച് സതിയുടെ കൂടെ ഞാനും പോയി..അന്ന് അവൾ അപ്പുവിന്റെ കാര്യം പറഞ്ഞ് കുറെ ചിരിച്ചു..തുണി നനച്ചിട്ട് വന്നോളാം എന്ന് പറഞ്ഞപ്പോൾ സതിയും ഞാനും തിരികെ പോയി.കുറച്ച് കഴിഞ്ഞും സവിതയെ കാണാതെ വന്നപ്പോൾ അടുത്ത മഴ പെയ്തുതുടങ്ങിയപ്പോഴേക്ക് അവളെ അന്വേഷിച്ച് ഞാൻ കുളപ്പുരയിൽ ചെന്നു. അവൾ പടവിൽ അനങ്ങാൻ വയ്യാതെ അവശനിലയിൽ കിടക്കുന്നതാണ് ഞാൻ കണ്ടത്.കൈയിൽ ഇയാളുടെ രുദ്രാക്ഷവുമുണ്ടായിരുന്നു.മരിച്ചെന്നുകരുതി ഇയാൾ അവളെ അവിടെ ഇട്ടിട്ട് പോയതാണ്.എന്നെ കണ്ടതും അവൾ കരയാൻ തുടങ്ങി. എന്റെ ഭർത്താവ് അവളെ നശിപ്പിക്കാൻ ശ്രമിച്ചതും അവളോട് ചെയ്തുകൊണ്ടിരുന്ന വൃത്തികേടുകളും ഓരോപ്രാവശ്യവും അവൾ കഷ്ടിച്ച് രക്ഷപ്പെട്ടതും അവൾ എന്നോട് പറഞ്ഞു.. ഇത്ര നാളും സഹിച്ചു പക്ഷെ ഇനി സത്യങ്ങൾ എല്ലാം അവൾ എല്ലാവരെയും അറിയിക്കുമെന്നും പറഞ്ഞു. എന്റെ വാക്കുകളൊന്നും അവൾ ചെവികൊണ്ടില്ല.മകളാണെന്ന് അറിയാതെ അവളെ കാമത്തോടെ പ്രാപിക്കാൻ നടക്കുന്ന ഒരച്ഛൻ.സ്വന്തം പെങ്ങളാണെന്നറിയാതെ അവളെ പ്രണയിക്കുന്ന ദേവൻ..ദേവൻ എന്തായാലും അവളെ ഉപേക്ഷിക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു .അവനവളോട് ഭ്രാന്തമായ പ്രണയമായിരുന്നു.അവൾ ജീവിച്ചിരുന്നാൽ ആരെതിർത്താലും ദേവൻ അവളെ സ്വന്തമാക്കുമായിരുന്നു. അതിന് മുൻപ് സവിത ആരാണെന്നുള്ള സത്യം എനിക്ക് ദേവനോട് തുറന്ന് പറയേണ്ടിവരും. വർഷങ്ങളായി മൂടിവച്ച ആ സത്യം.. അവൾ എന്റെ ഭർത്താവിന്റെ ജാരസന്തതി ആണെന്നുള്ള സത്യം താമസിയാതെ പുറത്തുവരും. എന്റെ ഭർത്താവിന്റെ ചരിത്രം നാട്ടുകാർ അറിയും.എല്ലാം എല്ലാവരും അറിഞ്ഞാൽ തകരാൻപോകുന്നത് എന്റെ ജീവിതമായിരുന്നു.അതിന് ഏറ്റവും നല്ല പരിഹാരം സവിത.. അവൾ ഇല്ലാതാവുകായായിരുന്നു! രക്ഷിക്കണമേ എന്നും പറഞ്ഞ് എന്റെ നേരെ കൈ നീട്ടിയപ്പോൾ അതെ കൈ പിടിച്ച് ഞാൻ അവളെ വെള്ളത്തിലേക്ക് വലിച്ചിട്ടു.തല വെള്ളത്തിൽ താഴ്ത്തിപ്പിടിച്ച് എത്ര നേരം നിന്നുവെന്ന് അറിയില്ല.അവൾ കൈകാലിട്ടടിച്ചു.മഴ പെയ്യുന്നത്കൊണ്ട് ആരും ആ പരിസരത്തെങ്ങുമില്ലായിരുന്നു. പക്ഷെ താമസിയാതെ സതി അവളെ അന്വേഷിച്ച് വന്നു..അപ്പോഴേക്കും സവിതയുടെ പ്രാണൻ ഞാൻ എന്റെ കൈകൾ കൊണ്ട് പറിച്ചെടുത്തിരുന്നു.."മായയുടെ മുഖം ക്രൂരമായ ഭാവത്തോടെ തിളങ്ങി ! .
കേട്ടതൊന്നും വിശ്വസിക്കാനാവാതെ എല്ലാവരും സ്തബ്ധരായി നിന്നു .
"ഒരു വാക്ക് എന്നോട് പറഞ്ഞാൽ പോരായിരുന്നോ..ഞാൻ ഒഴിയുമായിരുന്നല്ലോ ..അവളെ.. അവളെ കൊല്ലണമായിരുന്നോ .."ജയദേവന്റെ വാക്കുകൾ ഇടറി.അവൻ മായയെ വെറുപ്പോടെ നോക്കി പറഞ്ഞു.
"സ്വന്തം ജീവിതം രക്ഷപ്പെടുത്തുന്ന തത്രപ്പാടിൽ നിങ്ങൾ ഒറ്റ ഒരുത്തി കാരണം ഇന്ന് ആരുടെയൊക്കെ ജീവിതമാ തകർന്നതെന്ന് മനസ്സിലാവുന്നുണ്ടോ?ഒരു തെറ്റും ചെയ്യാത്ത പ്രിയേച്ചിയുടെ..പ്രിയേച്ചി ഇന്ന് ജീവനോടെ ഉണ്ടെന്നെങ്കിലും പറയാം.പക്ഷെ എന്റെ ഏട്ടനോ?ഒരു ജീവൻ രക്ഷിക്കുക മാത്രമാണ് ഏട്ടൻ ചെയ്തത്..പക്ഷെ അതിന് ഏട്ടന് കിട്ടിയ സമ്മാനം മരണമായിരുന്നു...അവസാനമായി ആ മുഖം ഒന്ന് കാണാൻ കൂടി നിങ്ങളെന്നെ അനുവദിച്ചില്ല..എനിക്കിനി ആരുണ്ട്.."വർഷ മായയുടെ മുൻപിൽ ചെന്ന് പൊട്ടിക്കരഞ്ഞു.
"ഒരു കാര്യം ചെയ് ...പ്രയേച്ചിയെ ഇല്ലാതാക്കാൻ ക്വട്ടേഷൻ കൊടുത്തത്പോലെ,എന്റെ ഏട്ടനെ ഇല്ലാതാക്കിയതുപോലെ,എന്നെയും തീർത്തുകള.ഇനി എന്നെ മാത്രമായിട്ടെന്തിനാ ബാക്കിവെച്ചിരിക്കുന്നത്..നിങ്ങളുടെ കൈകൾ കൊണ്ട് തന്നെ എന്നെ തീർത്ത് കളയ് .."വർഷ ജയദേവന്റെ അടുത്ത് ചെന്ന് അവന്റെ കൈകൾ രണ്ടും അവളുടെ കഴുത്തിൽ എടുത്ത് മുറുക്കികൊണ്ട് പറഞ്ഞു .ജയദേവൻ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രിയയുടെയും വർഷയുടെയും മുൻപിൽ സാഷ്ടാംഗം വീണു.
"പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത്..എനിക്കൊന്നുമറിയില്ലായിരുന്നു.ക്ഷമിക്കണമെന്ന് പറയാൻ എനിക്കർഹതയില്ല..എന്ത് ശിക്ഷ വേണമെങ്കിലും വിധിച്ചോളു...."ജയദേവൻ പൊട്ടിക്കരഞ്ഞു.
"എല്ലാവരെയും ശിക്ഷിക്കാനും രക്ഷിക്കാനും മുകളിലിരിക്കുന്ന ആൾക്ക് മാത്രമേ അവകാശമുള്ളൂ ദേവാ ..നിന്റെ പ്രതികാരം തീർക്കാനായി സത്യമന്വേഷിക്കാതെ നീ ഞങ്ങൾക്കുവേണ്ടി വിരിച്ച വലയിൽ ഞാനും പ്രിയേച്ചിയും കുടുങ്ങി..നീ ആഗ്രഹിച്ചതുപോലെ മനസ്സിനും ശരീരത്തിനും ഏറ്റ മുറിവുമായി എന്റെ പ്രിയേച്ചിയും അത് കണ്ട് ഞാനും ജീവിതകാലം മുഴുവനും അതോർത്ത് നീറിനീറി കഴിയുമായിരിക്കും.. വർഷയുടെ ഏട്ടനെ പ്രിയേച്ചിയെ സഹായിച്ചതിന്റെ പേരിൽ നീയും നിന്റെ വിശ്വസ്തനും ഇല്ലാതാക്കി..വർഷയ്ക്ക് ആകെ ഉണ്ടായിരുന്ന രക്തബന്ധം നിന്റെ പകയുടെ പേരിൽ ഈ ഭൂമിയിൽ നിന്നും നിങ്ങൾ തുടച്ചുനീക്കി ...എന്ത് നേടി ദേവാ നീ എന്നിട്ട്..നിനക്ക് നിന്റെ സവിതയെ തിരിച്ചുകിട്ടിയോ?"ആദിത് ദേവനെ പിടിച്ച എഴുനേൽപ്പിച്ചു നിർത്തിക്കൊണ്ട് ചോദിച്ചു. ജയദേവൻ മുഖം പൊത്തി പൊട്ടിക്കരഞ്ഞു..
"ഇവരാ ഈ ഒറ്റ ഒരു സ്ത്രീയാ ഇതിനെല്ലാം കാരണം!"മായയുടെ നേരെ വിരൽചൂണ്ടി ജയദേവൻ ആക്രോശിച്ചു.
"സ്വന്തം ഭർത്താവിന്റെ കൊള്ളരുതായ്മകൾ കണ്ടില്ലെന്ന് നടിച്ചെന്ന് മാത്രമല്ല അയാൾ ചെയ്തുകൂട്ടിയ വൃത്തികേടുകളൊക്കെ മൂടിവെച്ചു... സത്യങ്ങളറിയാതെ ഞാൻ എന്തൊക്കെ ചെയ്തുകൂട്ടി! ആരുടെയൊക്കെ ജീവിതം നശിപ്പിച്ചു.. ഈ പാപമൊക്കെ ഞാൻ എവിടെകൊണ്ടുപോയി തീർക്കും?ഇപ്പൊ ഞാനും എന്റെ അച്ഛനെന്ന് പറയുന്ന ഈ വൃത്തികെട്ട മനുഷ്യനും തമ്മിലെന്ത് വത്യാസം ?"കരച്ചിലിനിടയിലും ജയദേവൻ പറഞ്ഞുകൊണ്ടിരുന്നു.മായ ഒന്നും മിണ്ടാതെ കണ്ണീരോടെ തല താഴ്ത്തി നിന്നു..
പെട്ടെന്ന് തന്നെ ജയദേവൻ ആരോടും ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് വെളിയിലേക്കിറങ്ങി.. ആദിത് അവനെ തടയാൻ പോയില്ല.ആദിത് വിളിച്ചുപറഞ്ഞതനുസരിച്ച് പോലീസ് വന്ന് ജയശങ്കറിനെയും മായയെയും അറസ്റ്റ് ചെയ്തു.ദിവസങ്ങൾ കഴിഞ്ഞിട്ടും ജയദേവന്റെ വിവരം ഒന്നുമുണ്ടായില്ല...
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക