നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇഷ്ടം

"മനുവേട്ടാ ഈ തുണി ഒന്ന് വിരിക്കുമോ ?"
അയ്യടാ ഒന്ന് പോയെ .എനിക്ക് നൂറു കൂട്ടം പണിയുണ്ട് മോള് പോയി അങ്ങ് വിരിച്ചാൽ മതി "
"പിന്നെ പണി ?മൊബൈലിൽ കുത്തിയിരിക്കുന്നതല്ലേ പണി ?"
"മൊബൈലിൽ കുത്തുന്നത് ഫേസ്ബുകിലല്ല എന്റെ കമ്പനിയുടെ ഒരു പ്രൊജക്റ്റ് അയയ്ക്കുവാ കൊച്ചെ ..കമ്പ്യൂട്ടർ കേടായി പോയത് കൊണ്ടാ "
ലക്ഷ്മി പിന്നീട ഒന്നും പറഞ്ഞില്ല അതിനു മറുപടി പറയാൻ നിന്നാൽ ബാക്കിയുള്ള ജോലി കൂടി അവതാളത്തിലാകും ബാങ്കിലെത്താൻ വൈകും
തുണി വിരിച്ചു വന്നപ്പോൾ അരി തിളച്ചു തൂവുന്നു
"ഇതൊന്നു ഓഫ് ചെയ്തൂടെ എന്റെ മനുവേട്ടാ ?"
പത്രം വായിച്ചിരിക്കുന്ന മനുവിനോടവൾ ഉറക്കെ ചോദിച്ചു
"നീ എന്നോട് പറഞ്ഞിട്ട് പോയില്ലല്ലോ ഞാൻ എങ്ങനെ അറിയും ലക്ഷ്മിക്കുട്ടി ?"
സംഗതി സത്യമാണ് പറഞ്ഞില്ല
അവൾ ചോറ് വാർത്തിട്ടു
"ദോശക്കല്ലടുപ്പിൽ വെച്ചു
"ഇന്നും ദോശയാ ?"
"ഓ അത് ചോദിക്കാനെങ്കിലും അടുക്കളയിൽ വന്നല്ലോ ..ദേ ആ തേങ്ങാ തിരുമ്മി തന്നെ ..കുറച്ചു മതി "
"അയ്യോ എന്റെ വിരല് മുറിഞ്ഞിരിക്കുവാടി..നോക്ക് ഇന്നലെ നിനക്ക് ഉള്ളി അരിഞ്ഞു തന്നതാ"
"കഷ്ടം ണ്ടു ട്ടോ കുഞ്ഞു മുറിവല്ലേ ഇത്തിരി തേങ്ങാ മതിയെന്ന് പ്ലീസ് "
"ആഹാ ഇത്തിരി മതിയോ ?'
"ഉം "
"എന്നാ പിന്നെ നീ തന്നെ ചെയ്തോ "അവൻ കള്ള ചിരി ചിരിച്ചു
മനുവേട്ടാ ..."
" കിടന്നു കാറല്ലേ കൊച്ചെ ഞാൻ കുളിച്ചേച്ചും വരുമ്പോ ചൂട് ദോശയും ചമ്മന്തിയും ..ഓക്കേ ലാ ലാ ലാ ലാ "ഒരു മൂളിപ്പാട്ടും പാടി അവൻ സ്ഥലം വിട്ടു
ഈശ്വര അമ്മയെ സമ്മതിക്കണം .ലക്ഷ്മി ഓർത്തു .മൂന്നുമക്കളേം അച്ഛനെയും വീടും ഒക്കെ നോക്കിട്ടായിരുന്നു 'അമ്മ സ്കൂളിലേക്ക് ഓടിക്കൊണ്ടിരുന്നത്.പോരാത്തതിന് രണ്ടു പശുവും .ആ സമയത്തൊക്കെ "ഈ അമ്മയ്‌ക്കെന്താ ഇത്ര ജോലി "എന്ന് എത്ര തവണ ചോദിച്ചിരുന്നു .കല്യാണം കഴിഞ്ഞപ്പോളല്ലേ മനസിലായത് ഒരു കുടുംബം കൊണ്ട് പോകാനുള്ള പെടാപ്പാട് .ഹോട്ടൽ ഭക്ഷണം മനുവേട്ടന് അത്ര ഇഷ്ടമല്ല ഇനി ജോലിക്കാരിയെ നിർത്താമെന്നു പറഞ്ഞാൽ അതും അങ്ങനെ തന്നെ
ഒരിക്കൽ ചോദിച്ചു
"അതൊന്നും വേണ്ടടി .വിശ്വസിക്കാൻ കൊള്ളൂല "
"എല്ലാരും ഒന്നും അങ്ങനല്ല "
"അല്ലാടി ..എന്നെ ..എന്നെ വിശ്വസിക്കാൻ കൊള്ളുകേലന്നു ."പൊട്ടിച്ചിരിച്ചു മനുവേട്ടൻ
"പോ അവിടുന്ന് "
"ആരും വേണ്ടടി നിന്നെ ഞാൻ സഹായിക്കില്ലേ ?"
അത് പറച്ചിലിൽ മാത്രമേ ഉള്ളു .തിരിഞ്ഞു നോക്കില്ല ഒരു ഇല എടുത്തു മറിച്ചിടില്ല.എന്തിനും ഏതിനും ലക്ഷ്മിക്കുട്ടി
ഭക്ഷണം കഴിച്ചു വേഗം വസ്ത്രം മാറി തുടങ്ങിയപ്പോഴേക്കും തിരക്ക് കൂട്ടാൻ തുടങ്ങി
"ലക്ഷ്മി വേഗം ബോർഡ് മീറ്റിംഗ് ഉളളതാ വേഗം "
"ദേ ഈ ഷാൾ ഒന്ന് പിന് ചെയ്തോട്ടെ "
"അതൊക്കെ വണ്ടിയിലിരുന്നു ചെയ്യാം നീ വീട് പൂട്ടിക്കെ "
വീട് പൂട്ടി അവനെ ചുറ്റിപ്പിടിച്ചു ലക്ഷ്മി
"പതിയെ മതി ട്ടോ "
"എന്നാ എന്റെ മോള് നടന്നു പോയെ ..ഇപ്പൊ തന്നെ ലേറ്റ് ആണ് "
ബൈക്ക് പറന്നു
ഷാൾ പിന് ചെയ്യാൻ ഇടയ്ക്കു മനുവിന്റെ ദേഹത്ത് നിന്ന് കയ്യെടുത്തതാണ് ലക്ഷ്മി .റോഡിലെ കുഴിയിലേക്ക് കൃത്യം ആ നേരം തന്നെയാണ് ബൈക്ക് വീണത് .അവൾ തെറിച്ചു റോഡിൽ വീണു
"ഹേയ് കുഴപ്പമൊന്നുമില്ല .നടുവ് അടിച്ചു വീണത് കൊണ്ട് ഒരു ചതവുണ്ട് .വലതു കൈക്കു ഒരു ഉളുക്കും ഈ കാണുന്ന മുറിവിലും ചതവിലുമൊക്കെ നിന്നതു മഹാഭാഗ്യം അത്ര തിരക്കുള്ള റോഡല്ലേ അത്? "
ഡോക്ടർ ലക്ഷ്മിയുടെ കൈയിലെ മുറിവ് പരിശോധിച്ച് പറഞ്ഞു
"ഒരാഴ്ച റസ്റ്റ് വേണം ട്ടോ "
മനു തലയാട്ടി
വീട്ടിലെത്തി ലക്ഷ്മി കിടന്നപ്പോൾ അവൻ മുറിയുടെ ജനാല തുറന്നിട്ടു
"അമ്മയോട് വരാൻ പറയട്ടെ മനുവേട്ടാ?
ലക്ഷ്മി സങ്കടം നിഴലിക്കുന്ന മുഖത്തു മെല്ലെ തലോടി .മനുവിന്റെ മുഖം വാടിയിരുന്നു .അവനാകെ പേടിച്ചു പോയിരുന്നു
"ആരും വേണ്ട "അവനടക്കി പറഞ്ഞു ആ കൈവെള്ളയിൽ അമർത്തി ചുംബിച്ചു
പിറ്റേ ദിവസം
"ലക്ഷ്മി സോപ്പെവിടെയാ ? "
"സ്റ്റോറിലുണ്ട് മനുവേട്ടാ "
തുണി ബക്കറ്റിലിട്ടു സോപ്പ് നോക്കി തുടങ്ങിയിട്ട് അര മണിക്കൂറായി .ഹോ! കിട്ടി. തുണി നനച്ചു അടുക്കളയിൽ വന്നപ്പോൾ പാത്രങ്ങൾ ഉണ്ട് കഴുകാൻ .അത് ചെയ്തു തീർത്തു. അപ്പമുണ്ടാക്കി
"ലക്ഷ്മി അപ്പത്തിനെന്താ കറി വേണ്ടത്? "
വാതിൽക്കൽ വന്ന മനുവിനെ അവൾ കൈയാട്ടി അടുത്തേക്ക് വിളിച്ചു
"ഹോട്ടലിൽ നിന്ന് വാങ്ങിക്കു പൊന്നു ഒരു ദിവസം "
ആ താടിയിൽ പിടിച്ചവൾ പറഞ്ഞു.
"വേണ്ട വേണ്ട ഞാൻ ചെയ്യാം ..ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ ..പറ എന്താ കറി വേണ്ടത് ?'
"പഞ്ചസാര മതി കറി വേണ്ട "അവൾ മെല്ലെ പറഞ്ഞു
"ശരിക്കും ?"
"ഉം "
"എന്നാ പാലും പഞ്ചസാരയും അപ്പവും കൊണ്ട് ചേട്ടൻ ദേ വന്നു "
ലക്ഷ്മി മനുവിനെ അറിയുകയായിരുന്നു .വീടൊക്കെ തൂത്തു വാരി തുണികൾ കഴുകി അടുക്കളയിൽ ചോറും കറിയും ഉണ്ടാക്കി അത് തന്നെ കൊണ്ട് കഴിപ്പിച്ച്‌ ....
മനുവും ലക്ഷ്മിയെ അറിയുകയായിരുന്നു അവളൊരു ദിവസം ചെയ്തു തീർക്കുന്നത് എന്തൊക്കെ... അവളോടി നടക്കുമ്പോൾ വീടിനു കിട്ടിയിരുന്ന ഊർജം. അന്തരീക്ഷത്തിൽ കേൾക്കുമായിരുന്ന കൊലുസിന്റെ നാദം. ഒക്കെ ഒക്കെ
"വൈകിട്ടല്ലേ അപ്പൂസിന്റ പിറന്നാൾ പാർട്ടി ?"മനു ഓഫീസിൽ പോകാനൊരുങ്ങുമ്പോൾ അവൾ ചോദിച്ചു
"ഉം പക്ഷെ ഞാൻ പോണില്ല ..എന്തെങ്കിലുമൊരു കള്ളം പറയാം "
എന്തിനു? പോയിട്ടു വാ ..അമ്മയും അനിയത്തിയും ഒക്കെ എന്താ വിചാരിക്കുക ?'
"നീ ..ഇല്ലാണ്ട് ..ഒരു മൂഡില്ല "
"അയ്യടാ ഓവർ ആക്കല്ലേ ...പൊയ്‌വാ "
മനു വീണ്ടും മടിച്ചു നിന്നു
"വേഗം വന്നാൽ മതി "അവൾ സ്നേഹത്തോടെ പറഞ്ഞു
പാർട്ടിയിൽ പങ്കെടുക്കുമ്പോളും മനു അസ്വസ്ഥനായിരുന്നു .വഴിക്കണ്ണുമായി തന്നെ കാത്തിരിക്കുന്ന പെണ്ണിന്റെ ഓർമയിൽ അവനു വേദനിച്ചു .മഴ പെയ്യുന്നത് വക വെയ്ക്കാതെ അവൻ അവിടെ നിന്നിറങ്ങി
"ഈശ്വര നനഞ്ഞല്ലോ ...തുവർത്തിക്കെ .."ലക്ഷ്മി തോർത്തെടുത്ത് നീട്ടി
അവനൊന്നും മിണ്ടാതെ പോക്കറ്റിൽ നിന്നു ഒരു കഷ്ണം കേക്ക് എടുത്തു കൊടുത്തു
"നനഞ്ഞു. എന്നാലും മധുരമുണ്ടാകും ..ഇന്നാ എന്റെ മോള് ഇത് കഴിക്ക് "
ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു അവൾ മുന്നോട്ടാഞ്ഞു അവനെ കെട്ടിപ്പുണർന്നു
"ഇങ്ങനെ സ്നേഹിക്കണ്ട എനിക്ക് പേടിയാ "
"ഇതൊക്കെയാണോ സ്നേഹം ഞാൻ തുടങ്ങിയല്ലേ ഉള്ളൂ? "അവനവളെ രണ്ടു കൈകളിലും കോരിയെടുത്തു മുറ്റത്തേക്കിറങ്ങി
"മഴ നനയാമെടി"
മഴ ആർത്തിരമ്പി പെയ്തു കൊണ്ടിരുന്നു അവരുടെ ഉടലിനെ നനച്ച്
"എനിക്ക് മഴ നനഞ്ഞാൽ പനിപിടിക്കും ട്ടോ "ലക്ഷ്മി ആ കണ്ണിലേക്കു നോക്കി
"എനിക്കും വരും "മനു ചിരിച്ചു "പനി പിടിച്ച നമ്മൾ രണ്ടും ഒരു ചുക്ക് കാപ്പി ഒക്കെ കുടിച്ചു ഒരു പുതപ്പിന് കീഴിൽ സുഖമായിട്ടു കിടക്കും പനി മാറും വരെ "
"എന്നിട്ട് ?"
"എന്നിട്ടോ ?"
"ഉം "
"എന്നിട്ടു ..ഞാൻ നിന്നെ സ്നേഹിക്കും ..ദേ ഈ തുലാമഴ പോലെ ..നിന്നിലേക്ക്‌ പെയ്തിറങ്ങി നിന്നെ നനച്ച് ... അങ്ങനെ അങ്ങനെ"
മഴ അവരെ പൊതിഞ്ഞു പെയ്തു കൊണ്ടേയിരുന്നു
പക്ഷെ മനുവിനും ലക്ഷ്മിക്കും പനി പിടിച്ചില്ല അവര് വീണ്ടും പഴയ പടിയായി
"മനുവേട്ടാ ദേ ഇ സാമ്പാറിന് ഒന്ന് അരിഞ്ഞു തരുവോ ?"
"ഒന്ന് പോ കുട്ടി എനിക്കിഷ്ടം മാതിരി പണിയുണ്ട് "
"ദൈവമേ അന്നത്തെ പോലെ ഒന്ന് കൂടി ആക്സിഡന്റ് ...വന്നെങ്കിൽ "
"അയ്യോ അവൻ ആ വാ പൊത്തി "മിണ്ടല്ലേ കൊച്ചെ ..സാമ്പാറിനോ അവിയലിനോ അരിഞ്ഞു തരാം "
ലക്ഷ്മി പൊട്ടിച്ചിരിച്ചു
"പാവമാ എന്റെ ,മനുവേട്ടൻ "
മനു അവളെ അവന്റ നെഞ്ചിലേക്ക് അമർത്തിപ്പിടിച്ചു
"പാവമായിട്ടല്ല ..നിന്നെ അത്രയ്ക്ക് ഇഷ്ടമായിട്ട ..അവൻ മുഖം താഴ്ത്തി അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു ...
ഇഷ്ടം ...അതങ്ങനെ പതഞ്ഞു നിറഞ്ഞു ഒഴുകട്ടെ... മനസ്സുകളിലൂടെ.... ഉയിരിലൂടെ

BY Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot