അവസാനഭാഗം
-കത്തിയെരിഞ്ഞ സൂര്യൻ പകലിനോട് വിട ചൊല്ലാനൊരുങ്ങുവേ അലോഷി നിർവ്വികാരനായി തന്റെ വലത് കൈയിൽ തല വെച്ച് ചാരു കസേരയിൽ ഇരുന്നു. അകത്ത് സീത തന്റെ ജന്മ രഹസ്യത്തിന്റെ കെട്ടഴിയുന്നതും കാത്ത് അക്ഷമയായിരിക്കുകയായിരുന്നു ... അമ്മയൊരിക്കലും തന്നോട് പറയാത്ത രഹസ്യം ... കഴിഞ്ഞ വർഷമാണ് അച്ഛന് സ്ഥലമാറ്റമായി കോയമ്പത്തൂരിലേക്ക് വന്നത്. അന്നു മുതലുള്ള പരിചയമാണ് അലോഷിയങ്കിളിനെ ... അമ്മയ്ക്ക് ഏറെ വിശ്വാസമുള്ളൊരാൾ ... കൈവിട്ട തന്റെ നശിച്ച ജീവിതം തിരികേ തന്നയാൾ .. അമ്മ തന്നെയാണ് ആ രാത്രി തന്നെഅലോഷിയങ്കിളിന്റെ വീട്ടിലെത്തിച്ചത് ..
"അലോഷി ... എന്തു ചെയ്യണമെന്നനിക്കറിയില്ല. ... ഇവിടെ ഇനിയും തുടർന്നാൽ ഒരു പക്ഷെ എന്റെ മോള് ...? ദേവനെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ ... " മൃദുലയുടെ ശബ്ദം അലോഷിയുടെ കാതിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട് .
അലോഷിയുടെ ചുമ ദേവുവിനെ ചിന്തകളിൽ നിന്നുണർത്തി .
"എന്റെ ദേവേട്ടൻ ഇത്രയും മന:സാക്ഷിയില്ലാത്തയാളാണോ ... ഒരു പെൺകുട്ടിയെ .... എനിക്ക് ലജ്ജ തോന്നുന്നു അലോഷി ... "
"വേണ്ട ദേവു ... " അലോഷിയുടെ ശബ്ദം ദൃഢമായിരുന്നു. ..
ദേവു അലോഷിയെ നീരസത്തോടെ നോക്കി ...
"ദേവനെക്കുറിച്ച് ഒരക്ഷരം പറയരുത് .. സ്വന്തം സഹോദരിക്കു വേണ്ടി ജീവിതം സമർപ്പിച്ചതാണോ അവൻ ചെയ്ത തെറ്റ് ... അതോ പഴമക്കാർ പറഞ്ഞുറപ്പിച്ച വാക്കു തെറ്റിക്കാഞ്ഞതോ ...? "
"അലോഷി ഇനിയെങ്കിലും നീ ...."
"പറയാം ... സിദ്ധാർത്ഥന് നിന്നെ വിവാഹം കഴിച്ചേ തീരു എന്ന വാശിയും അവന്റെ വീട്ടുകാർക്ക് നിങ്ങളുടെ അച്ഛൻ കൊടുത്ത വാക്കും ദേവനെ ശരിക്കും വിഷമത്തിലാക്കിയിരുന്നു .... സിദ്ധാർത്ഥന്റെ സ്വഭാവത്തിലെ ചില ന്യൂനതകൾ അതിനോടകം ദേവനറിഞ്ഞിരുന്നു ... പഠിക്കുന്ന സമയത്തെ ഒരു വഴിവിട്ട ബന്ധം സിദ്ധാർത്ഥനുള്ളതായറിഞ്ഞ ദേവൻ സത്യമറിയാനാണ് എന്നെ അയച്ചത് .
മൃദുലയെത്തേടി ഞാൻ പുറപ്പെട്ടതങ്ങിനെയാണ് ....
അവളുടെ വിവാഹം കഴിഞ്ഞെന്ന് ഞാൻ നൽകിയ ഉറപ്പിലാണ് നിങ്ങളുടെ വിവാഹം കഴിഞ്ഞത് ...പക്ഷെ അവൾക്ക് സിദ്ധാർത്ഥ നിൽ ഒരുകുട്ടിയുണ്ടെന്ന വാർത്തയറിയാൻ ഞാൻ വൈകിപ്പോയി ... "
അലോഷിയുടെ വാക്കുകൾ ചാട്ടുളി പോലെ തന്റെ ഹൃദയത്തിൽ പതിച്ച ദേവു തളർന്നു പോയി ... വറ്റിവരണ്ട തൊണ്ടയിൽ വാക്കുകൾ കുടുങ്ങിക്കിടന്നു.
"അലോഷി .... വേണ്ട ... ഞാൻ സമ്മതിക്കില്ല .. സിദ്ധു ... "
അവൾ തല തല്ലിക്കരഞ്ഞു ... അന്തരീക്ഷം കറുത്തിരുളാൻ തുടങ്ങി .. ഉഷ്ണം അതിന്റെ പാരമ്യതയിൽ മനസ്സുകളെ ചുട്ടുപൊള്ളിച്ചു.
"നീ വിശ്വസിക്കണം ദേവൂ ... എന്നെങ്കിലുമൊരിക്കൽ ആ കുട്ടി വന്നേക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ദേവൻ മറ്റൊരു കുടുംബ ജീവിതം തന്നെ വേണ്ടെന്ന് വെച്ചത് ... കാരണം നിന്നെ അത്രയ്ക്കിഷ്ടമായിരുന്നു നിന്റെയേട്ടന് .."
"ദേവേട്ടാ ... എന്തിനായിരുന്നു ....!"
"അതേ ദേവൂ ... നാം തീരുമാനിക്കുന്ന പോലെ ഒന്നും നടക്കില്ലല്ലോ ... മൃദുല ആ രാത്രി സീതയേയും കൂട്ടി എന്നെ കാണാൻ വന്നിരുന്നു ... ദേവന്റെ നിർദ്ദേശ പ്രകാരം ഞാൻ അവളെ ഇങ്ങോട്ടു കൊണ്ടുവന്നു ... പക്ഷെ ഞങ്ങൾ വന്ന് രണ്ടാം നാൾ ....!"
"സിദ്ധു പലപ്പോഴും എന്റെ മുന്നിൽ പതറുന്നത് ഇതുകൊണ്ടായിരുന്നു അല്ലെ. .. നിങ്ങളുടെ കത്ത് ലഭിച്ചപ്പോൾ എന്റെ കൂടെ വരാനും തയ്യാറായില്ല. ... "
"ദേവനറിയാമായിരുന്നു ... അതു കൊണ്ടാണ് ഈ കാര്യങ്ങൾ പറയാതെ നിന്നെ വരുത്താൻ കാരണങ്ങൾ നിരത്തിയത് .. പക്ഷെ നീ വന്നപ്പോഴേക്കും സീതയെ എന്റെ കൈയ്യിലേൽപ്പിച്ച് നിന്നോട് ഇക്കാര്യങ്ങൾ സാവകാശം ബോദ്ധ്യപ്പെടുത്തണമെന്ന് പറഞ്ഞ് അവൻ പോയി ...."
ഇത്രയും നേരം അക്ഷോഭ്യനായിരുന്ന അലോഷിയുടെ മിഴികൾ ഈറനണിഞ്ഞു ..
അകത്തു നിന്നും അടക്കിപ്പിടിച്ച കരച്ചിൽ കേൾക്കാമായിരുന്നു ...
ദേവൂ ... ഞാൻ ആദ്യം പറഞ്ഞത് ആവർത്തിക്കുന്നു ... സീതയ്ക്ക് ഇപ്പോഴൊരു അമ്മയുടെ സാന്നിധ്യമാണ് ആവശ്യം ... നിനക്ക് ..., നിനക്ക് സാധിക്കുമോ ...?
ദേവു അകത്തേക്കോടി ... രണ്ടു മനസ്സുകൾ അകത്തെ മുറിയിൽ നെടുവീർപ്പുകളോടെ അലിഞ്ഞു ചേരുന്നത് അലോഷിയറിയുന്നുണ്ടായിരുന്നു. ...
സീതയുടെ കൈ പിടിച്ച് പുറത്തേക്ക് വന്ന ദേവുവിനെ അലോഷി നിറഞ്ഞ മനസ്സോടെ നോക്കി നിന്നു ...
"കാര്യങ്ങൾ സിദ്ധാർത്ഥനെ നീ തന്നെയറിയിക്കണം ... എന്റെ നിയോഗം തീർന്നിരിക്കുന്നു .. എന്റെ ശ്വാസഗതി ഏതു നിമിഷവും നിലച്ചേക്കാം ... ദേവനുണ്ടെങ്കിലേ അലോഷിയുള്ളൂ ...
നിങ്ങളുടെ പുഷ്പവാടിയിൽ മറഞ്ഞിരുന്നൊരു ചെമ്പനീർ പൂവായി സീത പരിമളം പടർത്തട്ടെ ... "
നിങ്ങളുടെ പുഷ്പവാടിയിൽ മറഞ്ഞിരുന്നൊരു ചെമ്പനീർ പൂവായി സീത പരിമളം പടർത്തട്ടെ ... "
കറുത്തിരുണ്ട ആകാശം പൊടുന്നനെ കോരിച്ചൊരിയാൻ തുടങ്ങി ... വിങ്ങി നീറിയ മനസ്സുകളിൽ കുളിർ തെന്നൽ നവോൻമേഷം നിറച്ചു ... ആത്മാക്കളുടെ സന്തോഷം മഴയായി ഭൂമിയെ കുളിരണിയിച്ചു.
അവസാനിച്ചു.
✍️
രചന: ശ്രീധർ ആർ എൻ✍️
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- CLICK HERE
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക