നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നുപെയ്തമഴയിൽ - Part 14


"ഈ സംഭവം നടന്ന രാത്രി നീ എവിടെയായിരുന്നു എന്നാ  എന്നോട് പറഞ്ഞത്?" ആദിത് നിറകണ്ണുകളോടെ ജയദേവനെ  സൂക്ഷിച്ച് നോക്കി.
"എന്താടാ..?" ജയദേവൻ കാര്യമെന്തന്നറിയാതെ ആദിത്തിനെ നോക്കി.
"നീ അന്നെവിടെ  ആയിരുന്നു.."ആദിത് വീണ്ടും അവനോട് ചോദിച്ചു.
"അത്..നിനക്കറിയാവുന്നതല്ലേ..ഞാൻ എല്ലാവരുടെയും മുൻപിൽ വെച്ച് പറയണോ ?" ജയദേവൻ മടിയോടെ ചോദിച്ചു.
"ചോദിച്ചതിന് ഉത്തരം പറയെടാ.." ആദിത് അലറി.
ആദിത്തിന്റെ ഭാവമാറ്റം കണ്ട് എല്ലാവരും പേടിച്ചു..
"ഞാൻ പറഞ്ഞല്ലോ..സ്ട്രിപ്പ് ക്ലബ്ബിൽ.." ജയദേവൻ മടിച്ച് മടിച്ച് പറഞ്ഞു.
ആദിത് കൈനിവർത്തി അവന്റെ മുഖത്തിനിട്ടൊരെണ്ണം പൊട്ടിച്ചു.
എല്ലാവരും സ്തബ്ധരായി നിന്നു !
"സ്ട്രിപ്പ് ക്ലബ്ബിൽ ആനന്ദിക്കാൻ  പോയ നിന്റെ വാച്ച് എങ്ങനെയാടാ ഈ  ഫോട്ടോയിൽ  എന്റെ പ്രിയേച്ചിയുടെ അടുത്ത് കിടക്കുന്നത്?"ആദിത് കത്തുന്ന കണ്ണുകളോടെ അവനെ നോക്കി.ജയദേവൻ ആ ഫോട്ടോ വാങ്ങി നോക്കി. ആ ഫോട്ടോയിൽ പ്രിയയുടെ  ശരീരത്തിനടിയിൽ   ഒരു വാച്ച് പുറംതിരിഞ്ഞ് പകുതി വെളിയിലേക്ക് നീണ്ടുകിടക്കുനുണ്ടായിരുന്നു..
"നിനക്കെന്താ ഭ്രാന്താണോ? ഇതുപോലത്തെ വാച്ച് ലോകത്ത് ഇവന്  മാത്രമേ ഉള്ളോ?" ജയശങ്കർ  ഒച്ചവെച്ചു.
"ഇത് പിറന്നാൾ സമ്മനമായി ഞാൻ ഇവന് കൊടുത്ത ലക്ഷങ്ങൾ വില  വരുന്ന ഹ്യൂബ്‌ളോട്ടിന്റെ വാച്ച് ആണ്. ഇതിൽ എൻഗ്രേവ് ചെയ്തിരിക്കുന്ന വേർഡ്‌സ്‌  കണ്ടോ? ' ബെസ്റ്റ് ഫ്രെണ്ട്സ്  ഫോറെവർ ജെ.എ.എസ്.പി '. ജെ.എ.എസ്.പി  എന്നാൽ ജയദേവ് ആദിത് സവിത പ്രിയ .നിന്റെ കൈയിൽ ഇത് കാണാഞ്ഞപ്പോ ഞാൻ നിന്നോട് ഇതിനെപറ്റി ചോദിച്ചിരുന്നു.എവിടെയോ വെച്ച് കളഞ്ഞുപോയി എന്ന്  ഒരു മടിയും കൂടാതെ നീ എന്റെ മുഖത്തു നോക്കി കള്ളം പറഞ്ഞു. ഇനി പറയ് ഞാൻ നിനക്ക് സമ്മാനിച്ച ഈ വാച്ച് എങ്ങനെ അവിടെ വന്നു എന്ന് .." ആദിത് ജയദേവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.
"എനിക്കറിയില്ല.. ആരെങ്കിലും എന്നെ ചതിച്ചതാകാം.. എന്നെ വിശ്വസിക്ക് അപ്പു  ......"ജയദേവൻ  കരഞ്ഞുപറഞ്ഞു.
"അന്ന് ആ ബോട്ട് ഹൗസിൽ നിന്നും ഇറങ്ങാൻ നേരം ആ മുഖംമൂടി ധരിച്ചയാൾ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടുവെന്ന് ഞാൻ പറഞ്ഞല്ലോ.ഫോൺ വിളിച്ച അയാൾ പറഞ്ഞത് "ഷി  ഈസ് പേയിങ് ഫോർ വാട്ട് ഹേർ ബ്രദർ ഡിഡ് റ്റു യു.. " എന്നാണ്.എന്റെ ആങ്ങള ആരോടോ ചെയ്ത തെറ്റിന്റെ ശിക്ഷ ആണത്രേ ഞാൻ അനുഭവിക്കുന്നതെന്ന്..ആ ആരോ ഒരാൾ നീ ആയിരുന്നു എന്ന് വളരെ വൈകി ആണെങ്കിലും എനിക്ക് മനസ്സിലായി ദേവാ "പ്രിയ ജയദേവനെ നോക്കി പറഞ്ഞു.പ്രിയ പറയുന്നത്കേട്ട് ആദിത് കണ്ണുമിഴിച്ച് ജയദേവനെ  നോക്കി.
"ഞാൻ.. ഞാനെന്ത് തെറ്റാടാ നിന്നോട് ചെയ്തത്? സ്വന്തം കൂടപ്പിറപ്പായിട്ടാലേ ഞാൻ നിന്നെ കണ്ടിട്ടുള്ളു..എന്നിട്ടും എന്റെ പ്രിയേച്ചിയെ നീ..?" ആദിത് ജയദേവനെ തലങ്ങുംവിലങ്ങും തല്ലി .പിടിച്ച് മാറ്റാൻ ചെന്ന ജയ്ശങ്കറിനെയും അവൻ വകവെച്ചില്ല.
തനിക്കൊന്നുമറിയില്ല.. തന്നെ ആരോ ചതിച്ചതാണെന്ന് അടികൊള്ളുന്നതിനിടയിലും ജയദേവൻ കരഞ്ഞുകൊണ്ട് വിളിച്ച്പറയുന്നുണ്ടായിരുന്നു..ഒടുവിൽ മുത്തശ്ശി ഇടയിൽ കയറിനിന്നപ്പോൾ   ആദിത് ഒന്നടങ്ങി.. മായ ജയദേവനെ  കെട്ടിപ്പിടിച്ച് കരഞ്ഞു.
"ഏതോ ഒരുത്തി എന്തോ പറഞ്ഞെന്നു വെച്ച് എന്റെ കുഞ്ഞിനെ ഇങ്ങനെ  തല്ലിക്കൊല്ലണോ?"ദേഷ്യം കൊണ്ട് മായ വിറയ്ക്കുന്നുണ്ടായിരുന്നു.
"മകനെ രക്ഷിക്കാൻ നോക്കണ്ട മായാന്റി ..സ്വന്തം അമ്മയെ പോലെയാണ് ഞാൻ നിങ്ങളെ സ്നേഹിച്ചത്..സ്വന്തം മകന്റെ ശരീരം നൊന്തപ്പോ നിങ്ങൾക്ക് വേദനിച്ചു അല്ലെ? നിങ്ങളുടെ മകൻ കാരണം ഒരു  രാത്രി മണിക്കൂറുകളോളം ഒരുതെറ്റും ചെയ്യാത്ത ഞാൻ അനുഭവിക്കേണ്ടി വന്ന പറയാൻ അറയ്ക്കുന്ന യാതനകൾക്ക് ആര് സമാധാനം പറയും?എനിക്കും നീതി കിട്ടണ്ടേ മായാന്റി?വർഷ എന്നെ ഈ   ഫോട്ടോ കാണിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി  അപ്പു നിനക്ക് തന്ന ഗിഫ്റ്റ് ആണ് ഈ വാച്ച് എന്ന് ..ഒന്നും മനസ്സിലാകാതെ ഞാനും അപ്പുവിനെ പോലെ അന്ന് ആ ഫോട്ടോ നോക്കി സ്തബ്ധയായി നിന്നു ..ഞാൻ അത് വർഷയെ  അറിയിച്ചു.എന്നെ കൊല്ലാക്കൊല ചെയ്യാൻ  നീ അയാൾക്ക് നൽകിയ സമ്മാനങ്ങളിൽ ഒന്ന് മാത്രമായിരിക്കണം  ആ വാച്ച്..അല്ലെ ദേവാ?സ്വന്തം അനിയനെ  പോലെ കൂടെ നിന്ന് സ്നേഹിച്ചിട്ട് എന്തിനായുന്നു എന്നോടി കൊലച്ചതി ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കുത്തരം കിട്ടിയില്ല.. അപ്പോഴാണ് ദൈവനിശ്ചയമെന്നപോലെ മുത്തശ്ശി വീണുകിടക്കുന്നു എന്ന് പറഞ്ഞ് നാട്ടിൽ നിന്നും ഫോൺ  വന്നത്.മുംബൈയിലെ ഞങ്ങളുടെ വീട്ടിലെ  അടച്ചിട്ട മുറികൾ ഒന്നൊന്നായി തുറന്ന് വർഷ എന്തെങ്കിലും ഒരു തുമ്പിന് വേണ്ടി അലഞ്ഞു..നിരാശ ആയിരുന്നു ഫലം.. പക്ഷെ മുത്തശ്ശിയെ കാണാൻ നാട്ടിലെത്തിയ ഞങ്ങളെ എതിരേറ്റത് ഞെട്ടിക്കുന്ന കുറച്ച് കഥകൾ  ആയിരുന്നു.. നിനക്ക് സവിതയോടുണ്ടായിരുന്ന ഭ്രാന്തമായ പ്രണയത്തിന്റെ  കഥ!   " പ്രിയ  ജയദേവനെ നോക്കി പറഞ്ഞു..ആദിത്തും എല്ലാവരും കണ്ണും മിഴിച്ച്  നിന്നു!
"ടി  കൊച്ചെ  അനാവശ്യം പറയരുത്..കേറി കേറി അങ് മുറത്തിൽ കേറി കൊത്തുവാണല്ലോ.. വായിൽ നാവുണ്ടെന്ന് വെച്ച് ആരെപ്പറ്റിയും എന്ത് അനാവശ്യോം  പറയാം എന്ന് കരുതരുത്  "ജയശങ്കർ  പ്രിയയുടെ നേരെ വിരൽ ചൂണ്ടി ആക്രോശിച്ചു.
ജയദേവൻ മുഖം കുനിച്ച് നിന്നതേ ഉള്ളു..
"പ്രിയേച്ചി പറഞ്ഞത് സത്യമാണ്.ഒരിക്കൽ കുറച്ച് മാസികകൾ  എടുക്കാൻ ചായ്‌പിൽ  കയറിയ എനിക്ക് അവിടെ നിന്നും കുറച്ച് ബുക്ക്സ് കിട്ടി .സവിതയുടെ ഡയറിക്കുറിപ്പുകൾ ആയിരുന്നു അത്...ജയദേവന്റെ മനസ്സിൽ സവിതയോട്  മൊട്ടിട്ട തീവ്രമായ പ്രണയവും എപ്പോഴും കൂടെ നടക്കുന്ന ആദിത് സാറോ   പ്രിയേച്ചിയോ  പോലും അറിയാതെ ചായ്പ്പിലും കുളക്കരയിലും അവർ മനസ്സുകൊണ്ട്  പ്രണയം പങ്കിട്ടതും  ഒരിക്കൽ കവലയിൽ സവിതയെ നോക്കി വഷളൻ കമന്റ് പാസ്സാക്കിയ ഒരാളെ ഇരുട്ടിൽ മറഞ്ഞ് നിന്ന് ജയദേവൻ അടിച്ച് വീഴ്ത്തിയതും ഒക്കെ  സവിത തീയതി സഹിതം  കുറിച്ചിട്ടിട്ടുണ്ട്..."വർഷ കൈയിലിരുന്ന ബുക്ക്  എല്ലാവരെയും ഉയർത്തിക്കാണിച്ചു." ജയദേവൻ സവിതയെ അത്രത്തോളം ഭ്രാന്തമായി സ്നേഹിച്ചിരുന്നത് അവളും ആസ്വദിച്ചിരുന്നു..പക്ഷെ അപ്പോഴും ജയദേവന്  എന്തിന് ആദിത് സാറിനോട് വിരോധം തോന്നണം എന്നത് എനിക്കും പ്രിയേച്ചിക്കും ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു  ..അറിഞ്ഞുകൊണ്ടല്ലെങ്കിൽ പോലും സവിതയുടെ  മരണത്തിന്  താൻ  ആണ് കാരണക്കാരാണെന്ന്  ആദിത്  സാർ  എന്നോട് പറയും വരെ.." വർഷ  ആദിത്തിനെ  നോക്കി പറഞ്ഞു.
എല്ലാം കേട്ട് തരിച്ച് നിൽക്കുകയായിരുന്നു ആദിത്.
" എന്താ മോനെ ഇവൾ പറയുന്നത്..നമ്മടെ സവിതയെ മോൻ എന്ത് ചെയ്തെന്നാ .."മുത്തശ്ശി വിറച്ചുകൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു ..
"കൊന്നു! ഞാൻ പ്രാണനായി കൊണ്ടുനടന്ന എന്റെ പെണ്ണിനെ ഇവൻ നിഷ്ക്കരുണം കൊന്നുകളഞ്ഞു !" അതുവരെ മുഖം താഴ്ത്തി മിണ്ടാതെ നിന്ന ജയദേവൻ മുഖമുയർത്തി ആദിത്തിനെ  നോക്കി അലറി!
അവന്റെ ഭാവമാറ്റം കണ്ട് എല്ലാവരും  അവനെ പകച്ച്  നോക്കി.
"നേരാണോ മോനെ?" മുത്തശ്ശി കരഞ്ഞുകൊണ്ട് ആദിത്തിന്റെ ചുമലിൽ പിടിച്ചു.അവൻ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിൽക്കുകയാണ്..അവൻ കരയുകയായിരുന്നു..
"അറിയാതെ പറ്റിയതാണ് മുത്തശ്ശി..ഒരു തമാശയ്ക്ക് വേണ്ടി അവളെ ഒന്ന് പേടിപ്പിക്കാൻ  വേണ്ടി അവൾക്ക് നീന്തൽ അറിയാമെന്ന ധൈര്യത്തിൽ ചെയ്താണ്...പക്ഷെ പക്ഷെ.."ആദിത് വിതുമ്പി..
"സവിത മരിച്ച അന്ന് നിനക്കൊരബദ്ധം പറ്റി എന്ന് പറഞ്ഞ്  നീ സതിയാന്റിയോട്  കുറ്റസമ്മതം  നടത്തുന്നത് നിന്റെ മുറിയുടെ വാതിൽക്കൽ മറഞ്ഞ് നിന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നു .എന്റെ പെണ്ണിന്റെ ജീവിതം വെച്ച് തമാശ കളിച്ചതാണ്  നിനക്ക് പറ്റിയ അബദ്ധം എന്ന് എനിക്ക് മനസ്സിലായ അന്ന് ഞാൻ തീരുമാനിച്ചതാണ് ഞാൻ എന്ത് അവസ്ഥയിൽ കൂടികടന്നു പോകുന്നോ  അതിന്റെ നൂറിരട്ടി വേദന നിനക്ക് തരണമെന്ന്.കാശ് വാരി എറിഞ്ഞ് നിന്റെയും എന്റെയും തന്തമാര് ചേർന്ന് അതൊരു നാച്ചുറൽ ഡെത്ത്  ആക്കി നിന്നെ രക്ഷപ്പെടുത്തി..ഒരു ഉളുപ്പിമില്ലാതെ ഒരു കുറ്റബോധവുമില്ലാതെ നീ  മൂവ് ഓൺ ചെയ്തു..എന്റെ സവിതയുടെ ശ്വാസം നിലച്ച ആ കുളത്തിൽ തന്നെ നിന്നെ കൊന്നുതാക്കണമെന്ന് ഞാൻ നിശ്ചയിച്ചു.പക്ഷെ അതിൽ പിന്നെ നീ ഒരിക്കൽ പോലും നാട്ടിൽവന്നില്ല.അത് കഴിഞ്ഞായിരുന്നു നിന്റെ തന്തയുടെയും  തള്ളയുടെയും മരണം.ഞാൻ മനസ്സുകൊണ്ട് സന്തോഷിച്ചു.നിന്റെ കണ്ണീരുകണ്ടപ്പോൾ എനിക്ക് കുറച്ചാശ്വാസം കിട്ടി.പക്ഷെ എനിക്ക് നിന്നെ മുഴുവനായും തകർക്കണമായിരുന്നു.അതിനു വേണ്ടി നീ  ഈ ലോകത്ത് ഏറ്റവും സ്നേഹിക്കുന്ന നിന്റെ പെങ്ങളുടെ  ജീവിതം നശിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.നീണ്ട നാളത്തെ പരിശ്രമത്തിനൊടുവിൽ  ഒരു വാടകക്കൊലയാളിയെ ഞാൻ കണ്ടുപിടിച്ചു..എ റിയൽ സൈക്കോ! " ജയദേവന്റെ കണ്ണുകളിൽ പക ആളിക്കത്തി . " ഞാൻ അയാളെ നേരിട്ട് കണ്ട്  കാര്യങ്ങൾ സംസാരിച്ചു. കൊല്ലരുതെന്ന് ഞാൻ   പ്രത്യേകം പറഞ്ഞിരുന്നു.കാരണം നിന്റെ പ്രിയേച്ചിയുടെ അവസ്ഥ  കണ്ട് നീ ജീവിതകാലം മുഴുവനും നീറി നീറി കഴിയണം.നമ്മൾ അളവറ്റു സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും ആപത്തുവരുമ്പോൾ നമ്മൾ അനുഭവിക്കുന്ന വേദനയുടെ ആഴം എന്തെന്ന്  നീ മനസ്സിലാക്കണം. പണത്തിനു പുറമെ അയാൾ എന്റെ കൈയിൽ  കിടന്നവാച്ച് കൂടി ആവശ്യപ്പെട്ടപ്പോൾ ഞാൻ സന്തോഷത്തോടെ കൊടുത്തു.കൊടുത്ത പണി ഭംഗിയായി ചെയ്തു എന്ന് പറയാൻ  ആ രാത്രി അയാൾ എന്നെവിളിച്ചു.ഇട്ടിരുന്ന വസ്ത്രവും  മുഖം മൂടിയും എല്ലാം മാറ്റി കുറച്ച് ദൂരം പോയി കഴിഞ്ഞപ്പോളാണ് ഞാൻ അയാൾക്ക് സമ്മാനിച്ച ലക്ഷങ്ങൾ വിലയുള്ള വാച്ച് കൈയിൽ ഇല്ല എന്നയാൾ മനസ്സിലാക്കിയത്.നിന്റെ പ്രിയേച്ചിയുമൊത്ത് നടന്ന പിടിവലിക്കിടയിൽ അവിടെ തന്നെ വീണുപോയതാകാമെന്ന്   അയാൾ വിചാരിച്ചു.തിരിച്ച്  ബോട്ട് ഹൗസിലേക്ക്  ചെന്നപ്പോളാണ് അവിടെ പ്രിയയുടെ ഫോൺ കൈയിൽ  പിടിച്ചിരിക്കുന്ന ഒരു ഹതഭാഗ്യനെ   കണ്ടത്.."പറഞ്ഞിട്ട് ജയദേവൻ വർഷയെ നോക്കി ക്രൂരമായി  ചിരിച്ചു .വർഷ ഓടിച്ചെന്ന് ജയദേവന്റെ ഷർട്ടിന്റെ  കോളറിൽ പിടിച്ചു.
"അയാൾ അയാൾ ആണോ എന്റെ ഏട്ടനെ ഉപദ്രവിച്ചത്?എന്റെ ഏട്ടന് എന്ത് സംഭവിച്ചു?പറ എന്റെ ഏട്ടൻ ജീവനോടെ ഉണ്ടോ?"വർഷ അവനെ പിടിച്ച്കുലുക്കി.അവന്റെ   ഉത്തരത്തിനായി എല്ലാവരും ആകാംഷയോടെ കാതുകൂർപ്പിച്ചു… (തുടരും)

(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot