Slider

നിഷാദർ

0
Image may contain: 1 person, indoor
നിഷാദരാണു ഞങ്ങൾ,
പണ്ടു നിങ്ങൾ വേട്ടയാടി
ഞങ്ങളുടെ മണ്ണും പെണ്ണും
അടിമയാക്കപ്പെടുന്നതു കണ്ടിട്ടും
പ്രതികരിക്കാൻ കഴിയാതെ,
അടിച്ചമർത്തപ്പെട്ട കാടിന്റെ മക്കൾ.
ഇന്നു ഞങ്ങൾ കാട്ടിൽ നിന്നും
ആട്ടിയിറക്കപ്പെട്ടിരിക്കുന്നു.
നിലവിളി കേൾക്കാനാവാത്തവിധം
ഞങ്ങളുടെ വായമൂടപ്പെട്ടിരിക്കുന്നു
നീതിപീഠവും ഞങ്ങൾക്കു
മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു
അവകാശം നിക്ഷേധിക്കപ്പെട്ട,
വിരലിൽ മഷി പുരട്ടാൻമാത്രം
വിധിക്കപ്പെട്ട നിസ്സഹായരാണു ഞങ്ങൾ
ധർമ്മത്തെ,യധർമ്മംകൊണ്ടെതിർക്കുന്ന
പരിഷ്കൃതരെന്നു ഭാവിക്കുന്ന
നിങ്ങളല്ലേ ഇന്നിതിനു കാരണക്കാർ?
അധികാരം കൈയ്യ്പ്പിടിയിലാക്കാൻ
ദൈവങ്ങളുടെ പേരിൽ തെരുവിൽ
ഞങ്ങളുടെ ജീവൻ വില്പനച്ചരക്കാക്കും
നിങ്ങളുടെ കുടിലതയിൽ
ശകുനിയെത്ര ഭേദം,
ദൈവനാമത്തിലും കള്ളംപറയാൻ
മടിയില്ലാത്ത നിങ്ങളുടെ
വിരല്ത്തുമ്പിലല്ലേ
ഭരണയന്ത്രം തിരിയുന്നത്?.
അധികാരമുള്ള നിങ്ങളുടെ,യാജ്ഞ -
കളനുസരിക്കുന്ന അനുചരരേക്കൊണ്ട്‌
എതിർക്കുന്ന ഞങ്ങളെ ക്രൂരമായ്
വെട്ടിയും വെടിവച്ചും വീഴ്ത്തില്ലേ നിങ്ങൾ?
കൊടിയുടെ നിറത്തിൽ നിങ്ങൾക്കു
പല പേരുകളല്ലോ.?
മതത്തിലും, രാഷ്ട്രീയത്തിലും
പ്രത്യയശാസ്ത്രത്തിലും
അന്ധരായ്ത്തീർന്ന നിങ്ങൾക്കു -
ഞങ്ങളുടെ ജീവൻ വെറുംപുല്ക്കൊടി
മാ...നിഷാദാ യെന്നുറക്കെവിളിക്കുവാൻ,
നിഷാദകുലങ്ങൾക്കും അപമാനമാം
നിഷാദജന്മങ്ങൾ നിങ്ങൾ
ഇനിയെത്ര തവണ
വിരലിൽ മഷിപുരണ്ടാലാണ്
ഞങ്ങളുടെ മണ്ണ്
ഞങ്ങളുടെ അവകാശമയി മാറ്റാൻ കഴിയുന്ന
പുതിയ രക്ഷകൻ ഞങ്ങൾക്കായ്
അവതരിക്കുക?
ബെന്നി ടി ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo