Slider

പ്രാന്തിപ്പെണ്ണ്

0
 Image may contain: 1 person, beard
അച്ഛൻ മരിച്ച അന്ന് വൈകുന്നേരമാണ് അവൾ ആദ്യമായി നെല്ലിമരത്തോടു സംസാരിച്ചത്.
"നെല്ലീ..എന്റച്ഛൻ എന്നെ കെട്ടിപ്പിടിച്ചുമ്മ വെക്കുന്നത് നീ ഇടം കണ്ണിട്ട് നോക്കാറില്ലേ?! ...നീ എന്നുമിവിടെ എനിക്ക് കൂട്ടായി ഉണ്ടാവുമെന്ന് പറഞ്ഞാ അച്ഛൻ പോയത് ?.. എന്താ നീ ഒന്നും മിണ്ടാത്തത്? "
നെല്ലിയുടെ ഇളം ചില്ലകൾ കരുവാളിച്ചുപോയ അവളുടെ കവിൾത്തടങ്ങൾ ഒരു കാറ്റിനാൽ തഴുകുകയും കണ്ണുകളിൽ ആർദ്രമായി ഉമ്മ വെക്കുകയും ചെയ്തു... അവളുടെ കണ്ണുകളിൽ ചിരിയുടെ ചുവപ്പ് ഒരു കടലായി പരന്നൊഴുകി.
ആകെയുള്ള ഒന്ന് ആൺകുട്ടി അല്ലാതെയായതിൽ തന്നോട് കണക്ക് തീർക്കുന്ന അമ്മക്കുള്ള അവളുടെ മറുപടി കൂടിയായിരുന്നു അത്.
രാത്രിയിൽ നിറഞ്ഞു കത്തുന്ന വൈദ്യുതി വെളിച്ചത്തിൽ ഇരുട്ടായിപ്പോയ അവളുടെ മുറിയുടെ ജനൽപ്പാളികൾ തുറന്നു വെച്ചാൽ കേൾക്കത്തക്ക ദൂരത്തിലായിരുന്ന ചെമ്പകത്തിനോട് അവൾ സംസാരിച്ചു തുടങ്ങിയത് ഒരു മഴ പെയ്യുന്ന രാത്രിയിലായിരുന്നു.. ഒന്നും ആരോടും മിണ്ടാനില്ലാത്ത ഒരു രാത്രിയിൽ, ഒരു കേൾവിക്കാരും ഉണർന്നിരിക്കാത്ത ഒരു രാത്രിയിൽ, ഒരു കൂട്ടിനായി കൊതിച്ച ഒരു രാത്രിയിൽ അവൾ ചെമ്പകച്ചില്ലകളോട് മധുരമായി സംസാരിച്ചു.
ഒപ്പം കളിച്ച, ഒന്നിച്ചു പഠിച്ച കൂട്ടുകാരി പിണങ്ങിപ്പോയ ഒരു ഞായറാഴ്ച ദിവസമായിരുന്നു അവൾ ആദ്യമായ് പരൽ മീനുകളോട് സംസാരിച്ചത്. പറമ്പിന്റെ മൂലക്കുള്ള കുളപ്പടവിലിരുന്നു കണങ്കാലുകൾ വെള്ളത്തിലേക്ക് ഇറക്കിവെച്ചിരുന്നപ്പോൾ അവൾ കണ്ട സ്വപ്നം മുഴുവൻ തലതല്ലിച്ചിരിച്ചു കൊണ്ട് കൊച്ചു മീനുകൾ കേട്ടു
"ഒറ്റക്ക് സംസാരിക്കുന്ന പെണ്ണ്..പ്രാന്തിപ്പെണ്ണ്."
അവളുടെ അമ്മയുടെ സംസാരം വെള്ളം കോരുന്ന കയറുപോലെ എന്നും ഈ രണ്ടു വാക്കുകളിൽ ഇറങ്ങിയും കയറിയുമിരുന്നു.
അങ്ങിനെ ഒരു ദിവസം അവൻ വന്നു. അവൾ കൺപുരികം ഉയർത്തി ഒരു കൂസലുമില്ലാതെ അവനോട് ചോദിച്ചു :
“മുറ്റത്തുള്ള ഈ നെല്ലിമരത്തിന്റെ, തൊടിയിലെ ചെമ്പകത്തിന്റെ, കുളപ്പടവിൽ കണ്ണും നട്ടിരിക്കുന്ന പരലുകളുടെ, വേലിക്കപ്പുറത്തുള്ള അതിരാണിക്കാടുകളുടെ, അതിനുമതിനും അപ്പുറമുള്ള മഴമേഘങ്ങളുടെ സ്നേഹം നിനക്ക് നല്കാൻ പറ്റുമോ ? “
അവൻ ഒട്ടും തന്നെ ആലോചിക്കാതെ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു:
ചെമ്പകമായി നിന്റെ ചുണ്ടുകളിൽ പുല്ലാംകുഴൽ മീട്ടാം...
നിന്റെ കാൽ വിരൽത്തുമ്പുകളിൽ പരല്മീനായി ഇക്കിളി കൂട്ടാം....
മഴമേഘങ്ങൾ പോലെ നിന്നിൽ എന്നും പെയ്യാം പക്ഷെ.." നിർത്താതെ ആഞ്ഞുവീശിക്കൊണ്ടിരിക്കുന്ന നെല്ലിമരച്ചില്ലകളെ അവൻ ഭയപ്പാടോടെ നോക്കി.
"ഉം...പറ്റില്ല ല്ലേ?!" അവൾ അവന്റെ കണ്ണുകളിൽ നോക്കിക്കൊണ്ടു പറഞ്ഞു: "ഈ നെല്ലിമരം എന്നും എന്റെ മൂർദ്ധാവിൽ മൃദുവായി ഉമ്മ വെക്കും..എന്റെ എല്ലാ വേദനകളെയും കഴുകിക്കളയും.. പറ്റുമോ നിനക്ക് ?"
അവൻ വീണ്ടും നെല്ലിയെ നോക്കി...പിന്നെ അവളുടെ നേരെ തന്റെ വിരലുകൾ നീട്ടി...കൈവിരലുകളിൽ കൈ വിരലുകൾ കോർത്തു അവർ നെല്ലിയുടെ ചുവട്ടിൽ ഇരുന്നപ്പോൾ അതിന്റെ ചില്ലകളിൽ നിന്നും പച്ച നിറമുള്ള കണ്ണീരിലകൾ അവരുടെ മൂർദ്ധാവിലേക്ക് പെയ്തു.
അവൾ അവനോടു ചേർന്നു നിന്നു. ചെമ്പകം അവളുടെ നെഞ്ചിലേക്ക് ഒരു കുടം കൊതിപ്പൂക്കൾ വാരിയിട്ടു..
ദൂരെ ഇളം പച്ച നിറത്തിലുള്ള കുന്നിൽ മുകളിൽ മഹാഗണി മരങ്ങൾക്ക് മീതെ നക്ഷത്രങ്ങൾ പെയ്യാൻ തുടങ്ങിയപ്പോൾ കറാമ്പൂവിന്റെ മണമുള്ള മഞ്ഞ് മടിച്ചു മടിച്ചു പിൻവാങ്ങി..മഞ്ഞിനെ പുണർന്നു വന്ന മഴയുടെ മുടിയിഴകളിൽ നിന്നും കാറ്റ് പിന്നെയും പിന്നെയും കുളിര് കടം ചോദിച്ചു..
പാതിവഴിയിലായിപ്പോയ ഒരു പനന്തത്ത പ്രാണൻ മീട്ടി….
അവൾ ചിരിച്ചു - പിന്നെ അവനും…..
ഇന്ന്, അവൾ ചെമ്പകത്തിന്റെ, അതിരാണിയുടെ, പരൽ മീനുകളുടെ ഭാഷ മറന്നു പോയിരിക്കുന്നു..
ഒരു ഭാഷ മാത്രമേ അവൾക്കോർമയുള്ളൂ...
അതവന്റെ ഭാഷയാണ്....
അവനും ഒരു ഭാഷ മാത്രമേ അറിയൂ - അതവളുടെ ഭാഷയാണ്..
(ഹാരിസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo