Slider

ചുവന്നമഷിപ്പേന

0

അവൾക്കു എണ്ണമെഴുക്കൊട്ടുമില്ലാത്ത ചെമ്പൻ മുടിയായിരുന്നു.അവ ചീകിയൊതുക്കാതെ വെറുതെ പുറകിൽ പിന്നിയിട്ടിരിക്കുന്നു. പല മുടിയിഴകളും മുഖത്ത് വീണു കിടക്കുന്നുണ്ട്‌. മഞ്ഞ നിറത്തിലുള്ള ചുരിദാറാണവൾ ധരിച്ചിരുന്നത്. അവൾ പതുക്കെ എന്റെയടുത്തേയ്ക്കു വന്നു. തിളക്കമുള്ള കണ്ണുകൾ. ഞാൻ പേര് ചോദിച്ചപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു,
"എനിക്കറിയില്ല ചേച്ചി!"
അവൾ എന്റെ കയ്യിൽ പിടിച്ചു നടന്നു.
പിന്നീട് ഞാനും ഒപ്പം അവളും നേരെ ചെന്നത് ഒരു സെല്ലിലേക്കാണ്.
അവിടെ അതാ ഒരു ഗർഭിണി പരിപൂർണ്ണ നഗ്നയായി നിലത്തു തലകുനിച്ചിരിക്കുന്നു! നിലം വെള്ളമൊഴിച്ചു കഴുകിയതിനാൽ സെല്ലിനുള്ളിൽ അങ്ങിങ്ങായി വെള്ളം തളംകെട്ടി കിടക്കുന്നതു കാണാം . മലമൂത്രവും ഡെറ്റോളും ചേർന്നാലുണ്ടാവുന്ന ഒരു വല്ലാത്ത ദുർഗന്ധം അവിടമാകെ നിറഞ്ഞിരുന്നു.
ഞാൻ അവളുടെ നിറവയറിലേക്കു നോക്കി. അതാ വയറിനു ഇടതു ഭാഗത്തായി അവളുടെ കുഞ്ഞ് ചവുട്ടി മറിയുന്നു.എന്റെ നെഞ്ചിനകത്തൊരു ഭാരം അനുഭവപ്പെട്ടു. തൊണ്ട വേദനിക്കുന്ന പോലെ തോന്നി.
വയറ്റിനുള്ളിലെ കുഞ്ഞിന് വിശന്നിട്ടാവുമോ അവൻ ചവുട്ടി മറിയുന്നത്. ഞാൻ സെല്ലിന്റെ മൂലയിൽ വച്ചിരിക്കുന്ന പാത്രത്തിലേക്ക് നോക്കി. അതിലേ ആഹാരം അനങ്ങിയ ലക്ഷണമില്ല.
അവിടെ കണ്ട വാർഡനോട് ഞാൻ ചോദിച്ചു, "എന്താ ഇവരെ വസ്ത്രമുടുപ്പിക്കാതെ ഇരുത്തിയിരിക്കുന്നെ?."
"അത് മാഡം, ഇവർ വസ്ത്രം കീറി ആത്മഹത്യക്കും മറ്റും ശ്രമിക്കുന്നതു കൊണ്ടാണ്. ചിലരാകട്ടെ, പലവട്ടം ഉടുപ്പിട്ടു കൊടുത്താലും അവരത് വലിച്ചു കീറി, പിറന്നു വീണപടി നടക്കും ." അവർ നിസ്സാരമായി പറഞ്ഞു.
ഞാൻ ചുറ്റിനും കണ്ണോടിച്ചു. പല പ്രായത്തിലുമുള്ള സ്ത്രീകൾ ശരീരത്തിൽ നൂൽബന്ധമില്ലാതെ മുറ്റത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ചിലർ ഷർട്ട്‌ ധരിച്ചിട്ടുണ്ട്.അടിവസ്ത്രങ്ങളൊന്നുമില്ലാതെ ഷർട്ട്‌ മാത്രം. അതിനു ബട്ടൺ പോലും ഇട്ടിട്ടില്ല.
യാന്ത്രികമായി, ഞാനെന്റെ ചുരിദാറിന്റെ ഷാൾ നേരെയാക്കി. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
മറ്റൊരു ഭാഗത്ത്‌ വാർഡന്മാർ ലാത്തി കൊണ്ട്‌ ചിലരുടെ പുറകിലടിച്ചു എന്തൊക്കെയോ ചീത്തവിളിച്ചു പറയുന്നുണ്ട്. അവർ വേദനകൊണ്ട് പുളഞ്ഞു വാർഡിലേക്കോടുന്നു.
"ചേച്ചി",
അവൾ എന്നെ വിളിച്ചപ്പോൾ ഞാൻ പെട്ടന്നു ഞെട്ടി..
"അതേ ചേച്ചി, ഞങ്ങളെല്ലാരും ഭ്രാന്തികൾ അല്ലാട്ടോ. ചികിത്സയൊക്കെ കഴിഞ്ഞു സുഖായവരും ഉണ്ട്. ദേ നോക്ക്യേ..."
അവൾ ഒരു മരച്ചുവട്ടിലേക്കു വിരൽ ചൂണ്ടി. അവിടെ ഒരു മുത്തശ്ശി, മറ്റൊരു മുത്തശ്ശിയുടെ ഉടുപ്പ് നേരെയാക്കാൻ ശ്രമിക്കുന്നു.
"ആ മുത്തശ്ശിയുടെ അസുഖമൊക്കെ ഭേദമായതാണ്. പക്ഷെ അവരെ ആരും തിരികെ കൊണ്ട് പോകാൻ വന്നില്ല.അതുപോലെ ഇവിടെ ഒത്തിരിപ്പേരുണ്ട്."
ഒരു നെടുവീർപ്പോടെ അവളതു പറയുമ്പോൾ അവൾ എന്റെ കൈകളിൽ അമർത്തിപ്പിടിച്ചു. എനിക്ക് വേദനിച്ചുവെങ്കിലും ഞാൻ കൈകൾ വലിച്ചെടുത്തില്ല.
"ഐഷ,വായോ നമുക്ക് പോകാം..." അമ്പിളി ഗേറ്റിനടുത്തു നിന്നു കൊണ്ട് എന്നെയുറക്കെ വിളിച്ചു. അവരുടെ സംഘത്തിനൊപ്പം ആ ആശുപത്രിയിലേക്ക് ഇഡ്ഡലിയും സാമ്പാറും വിതരണം നടത്തുവാനെത്തിയതായിരുന്നു ഞാൻ.
"ചേച്ചിക്കു പോകുവാൻ സമയമായി മോളേ."
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. അവൾ പതിയെ എന്റെ കൈകൾ സ്വതന്ത്രമാക്കി. തലകുനിച്ചു നിന്നു.
അവളെ കെട്ടിപിടിച്ചു ഒരുപാടുമ്മകൾ കൊടുക്കാനാണ് എനിക്കപ്പോൾ തോന്നിയത്.
അവൾക്കത് കൂടുതൽ സങ്കടമായെങ്കിലോ എന്നുകരുതി ഞാനത് ചെയ്തില്ല.
"അടുത്ത പ്രാവശ്യം വരുമ്പോൾ മോൾക്കെന്താ ചേച്ചി കൊണ്ട് വരേണ്ടത്?"
ഞാൻ പതുക്കെ ചോദിച്ചു.
അവളെന്റെ കണ്ണുകളിലേക്കു ഒരു പ്രത്യേക ഭാവത്തോടെ നോക്കി.
"എനിക്കൊരു ചുവന്ന മഷിപ്പേന കൊണ്ട് തരാമോ".
"ഉം". ഞാൻ വേഗത്തിൽ ഗേറ്റിനടുത്തേക്കു തിരിഞ്ഞു നടന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
അന്നുരാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ ഞാനോർത്തു എന്തിനു വേണ്ടിയാകും അവൾ ചുവന്ന മഷിപ്പേന ചോദിച്ചത്.
"അവളുടെയും അവിടെ താൻ കണ്ട മറ്റെല്ലാവരുടെയും ജീവിതപുസ്തകത്തിലെ വരികൾ വെട്ടി തിരുത്തുവാനാകും!!!"

BY Aisha Jaice
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo