
വൈകീട്ടാണു മൂത്ത മോളുടെ പിറന്നാൾ ഫങ്ഷൻ വച്ചിരിയ്ക്കുന്നത്. പുറത്തുനിന്ന് ആരെയും വിളിച്ചിട്ടില്ല, കുടുംബക്കാർ മാത്രം. എന്നാൽത്തന്നെയും കുറച്ചധികം പേരുണ്ടാവും ഫങ്ഷന്. മോൾക്കാണെങ്കിൽ ശകലം ഹൈപ്പർ ആക്ടിവിറ്റി ഉള്ളതോണ്ട് വൈകീട്ട് അവൾ ഫ്രഷ് ആയിരിക്കാൻ നിർബന്ധമായി പിടിച്ചുകിടത്തി ഉറക്കുകയാണ്. ഉറക്കത്തിന് അലോസരം ഒന്നുമുണ്ടാവാതിരിക്കാൻ അയാൾ മോളെ ഇറുക്കി കെട്ടിപ്പിടിച്ചിരുന്നു. അവൾടെ അനിയത്തിയും അമ്മയും കൂടി മുകളിലെ മുറിയിൽ ഫങ്ഷന് ഇടാനുള്ള ഡ്രെസ്സൊക്കെ എടുത്തുവെക്കാനാ-ന്നും പറഞ്ഞു പോയിട്ടിപ്പോ മണിക്കൂറൊന്നാവുന്നു. അയാൾക്കാണെങ്കിൽ ദേഷ്യം വരുന്നുണ്ട്, സാധാരണ ഈ സമയത്തൊക്കെ അയാൾ സോഷ്യൽമീഡിയയിൽ ഒക്കെ ചുമ്മായിങ്ങനെ വ്യാപരിയ്ക്കാറുള്ളതാണ്, ഇന്നതിനൊന്നും സാധിയ്ക്കാത്തതിലുള്ള ഈർഷ്യ അയാളുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. അപ്പോഴാണ് പിറകിൽ കാൽപ്പെരുമാറ്റം, പാളിനോക്കിയപ്പോൾ കണ്ടു, അമ്മേം മോളും കൂടി ഒരേ നിറത്തിലുള്ള ഡ്രെസ്സൊക്കെ ഇട്ട്, അയ്യേ... ഒരുമാതിരി കോലംകെട്ടു നിൽക്കുന്നു, ഒപ്പം ഒരു ചോദ്യവും; "കലക്കീട്ടില്ലേ ഷമ്മിച്ചേട്ടാ ??"
ഉണ്ടായിരുന്ന കലി മൊത്തം അയാൾ എടുത്തങ്ങിട്ടു, "നിനക്കെന്താണ് സിനീ, നീയെന്താ കൊച്ചു കുട്ടിയാണോ... പിള്ളാരുമായി മാച്ചു മാച്ച് ഡ്രെസ്സൊക്കെയിടാൻ, ഇതൊക്കെ എന്തൊരു ബോറാണെന്നറിയോ...??"
ഒച്ചതാഴ്ത്തി പല്ലിറുമ്മിക്കൊണ്ടാണ് അയാളിതു പറഞ്ഞതെങ്കിലും, പല്ലിറുമ്മലും ഒച്ച താഴ്ത്തലും തമ്മിൽ വിചാരിച്ചത്ര സിങ്കായില്ല, ഫലമോ ഉറക്കത്തിലായിരുന്ന മോളുണർന്നു. പിന്നെപ്പറയണ്ടല്ലോ, സീൻ മൊത്തം കോൺട്രയായി. ഒരുങ്ങിയതല്ല, റിഹേഴ്‌സൽ നോക്കിയതാണെന്നു പറഞ്ഞിട്ടൊന്നും അവളു കൂട്ടാക്കുന്നില്ല, ഭയങ്കര കരച്ചിലായി, അവൾക്കും അതുപോലെ ഒരുങ്ങണമെന്ന വാശിയായി... എല്ലാംകൊണ്ടും അൺകൺട്രോളബിൾ സിറ്റുവേഷൻ. ഒച്ചപ്പാടുകൾ നിറഞ്ഞ ഒരു ശാന്തത, എന്നൊക്കെ വേണമെങ്കിൽ പറയാം…
ഒന്നും രണ്ടും പിന്നെ മൂന്നും നാലുമൊക്കെ പറഞ്ഞ് അയാളും ഭാര്യയും തമ്മിൽ മുട്ടൻ വഴക്കായി. ഇതിനേക്കാൾ നിസ്സാരപ്രശ്നങ്ങൾക്ക് പോലും "ദി വെരി സീരിയസ്" ആവുകയും പൊട്ടിത്തെറിക്കുകയും ചെയ്യുകയെന്നത് അയാൾടെ സ്വഭാവമാണ്. അത്രയ്ക്ക് വരില്ലേലും ഏകദേശം അതേ സ്വഭാവം തന്നെയുള്ള ഭാര്യയും കൂടി ചേരുമ്പോൾ, ആഹ... ആഹഹാ... ഇപ്പൊ കേൾക്കാം അയാൾടെ സ്വന്തം അമ്മേടെ ഡയലോഗ്...
ദേ ഇപ്പൊ അങ്ങ് വിചാരിച്ചതേയുള്ളൂ, അപ്പോഴേക്കും അമ്മ മൊഴിഞ്ഞു, "ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്, ഇവർക്ക് വഴക്കിടാൻ ആരേലും കൈവെഷം കൊടത്തുണ്ടോ ആവോ, ന്റെ മാതാവേ, ഇപ്പൊ പറയും ചെക്കൻ, ഈ നശിച്ച വീട്ടീന്നങ്ങ് ഇറങ്ങിപ്പോയാലോ-ന്ന്..."
പറഞ്ഞുതീർന്നില്ല, ദാ മുഴക്കുന്നു ഇറങ്ങിപ്പോക്ക് ഭീഷണി... "എടാ ചെറുക്കാ, പറയുന്നതൊക്കെ കൊള്ളാം, കഴിഞ്ഞ തവണത്തെപ്പോലെ ഇവിടന്നിറങ്ങീട്ട് എന്റാങ്ങളേടെ അവടെക്ക് പോവാൻ നിക്കണ്ടാ, അവര് വേളാങ്കണ്ണീപ്പോയേക്കാ"
മനസ്സിൽ വെട്ടിയ വെള്ളിടി അയാൾ പുറത്തുകാണിച്ചില്ല. ചവിട്ടിത്തുള്ളി, ഡ്രെസെടുക്കാൻ അലമാര വലിച്ചു തുറന്നു… ഇന്നലെ വരെ നല്ല രീതിയിൽ അടുക്കി വച്ചിരുന്ന തന്റെ സ്വന്തം അലമാര, സഹധർമ്മിണിയുടേയും പിള്ളാരടേം ഡ്രെസുകൾ കൊണ്ടു നിറഞ്ഞു തുളുമ്പിയിരിക്കുന്നു. അയാൾടെയാ പകപ്പു നിറഞ്ഞ സന്ദർഭത്തിന്റെ ആശയം അവളങ്ങു വ്യക്തമാക്കി, “ഞങ്ങടലമാരേടെ വാതിലെളകീത് ശര്യാക്കാത്തപ്പോ ആലോയിക്കണാർന്നു, കണക്കായിപ്പോയി….“
"എടീ പ്രേതമേ..." എന്ന സംബോധനയിൽ, "ദേ മനുഷ്യാ, പ്രേതം നിങ്ങടെ .... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ...." പ്രിയതമേ എന്ന വാക്ക് പല്ലിറുമ്മലിൽ ലോപിച്ച് "പ്രേതമേ..." എന്നായിപ്പോയതാ-ന്ന് ഇവളെയെങ്ങനെപ്പറഞ്ഞു മനസ്സിലാക്കും, എന്നോർത്തപ്പോഴേക്കും അയാളറിയാതങ്ങു കൈ കൂപ്പി പോവുകയായിരുന്നു. ചിരി പൊട്ടിയെങ്കിലും, പുറമെ കാണിക്കാതെ, ശക്തമായി വിരലു ചൂണ്ടി കണ്ണുരുട്ടിക്കൊണ്ടവൾ, "അന്ത ഭയം ഇരുക്കട്ടും, ജാഗ്രതൈ ...." തൻ്റെ തുണികൾ എടുക്കാനായിട്ടു അലമാരേല് കൈ കടക്കുന്നില്ലല്ലോന്നു പരാതിപ്പെട്ടപ്പോ അവളു പറഞ്ഞു, "കൈയെങ്ങാൻ കടന്നിരുന്നേൽ എൻ്റെ രണ്ടു ചുരിദാറു കൂടി ഞാനങ്ങു തിരുകില്ലാരുന്നോ മനുഷ്യാ ??"
അവൾടെ ഒരു ചുരിദാറ് എന്ന മട്ടിൽ, ചുണ്ടു കോട്ടിക്കൊണ്ട് അയാൾ തന്റെ കർത്തവ്യത്തിലേക്ക് കടന്നു. തക്കസമയത്ത് ബാഗൊന്നും കയ്യിൽ കിട്ടാഞ്ഞതു കൊണ്ടും, വേഗമാ മുറിയിൽ നിന്നും നിഷ്ക്രമിക്കണമെന്നുള്ളതു കൊണ്ടും, ഒരു മുണ്ടു വിരിച്ച് അതിൽ കുറച്ചു ഡ്രെസുകൾ ഝടുതിയിൽ വാരിക്കെട്ടിയെടുക്കുകയായിരുന്നു. അതുകണ്ട് അമ്മ, "ഇവനലക്കും തൊടങ്ങ്യോ, ഇപ്പോഴാണേൽ നല്ല അലക്കുകാരെയൊട്ടു കിട്ടാനുമില്ല, ഇതങ്ങൊരു തൊഴിലുമാക്കാം, കയ്യിലു പത്തു കാശുമാവും..." എന്നു വിധിച്ചു.. നിസ്സഹായതയോടെ "അമ്മേ...." (ഏതോ പടത്തിൽ ദിലീപ്.jpg)... എന്നു വിളിച്ച്, വാതിൽ കടക്കാൻ നേരം, "നിന്നെ ഞാൻ കാണിച്ചു തരാടീ"-ന്നും പറഞ്ഞു രൂക്ഷമായവളെ ഒന്നു നോക്കിയതാ, എന്താ സംഭവിച്ചേന്ന് മനസ്സിലാവണേന് മുന്നേ തളത്തിൽ നെഞ്ചും തല്ലി വീഴുകയും പുറകെ മൂന്നും മൂന്നും ആറു ചുരുട്ടിയ കൈകൾ പുറത്തു വന്നു പതിയ്ക്കുകയുമായിരുന്നു.
പിന്നെപ്പിന്നെ ഇടിയുടെ ആക്കം കൊറഞ്ഞു, നനുത്ത അടികളായി, പിന്നത് തലോടലായി, പൊട്ടിച്ചിരികളായി, കളിയാക്കലുകളായി... ശേഷം, നാലുപേരും കൂടി കെട്ടിയമർന്നിരുന്നപ്പോ അയാള് ചോദിച്ചു, "അതെന്താ അമ്മേ, ഞാൻ ദേഷ്യപ്പെട്ടപ്പോ അമ്മ മാത്രം എന്നെ അടിയ്ക്കാഞ്ഞത്, മ്മള് കഴിഞ്ഞ തവണ ധാരണയിലെത്തിയതല്ലേ, ഇത്തരം സാഹചര്യങ്ങളിൽ ഈ നശിച്ച ദേഷ്യം ഒന്നു മാറിക്കിട്ടാൻ വേണ്ടി, എന്നെ എല്ലാരും ചേർന്നങ്ങ് എടുത്തിട്ടടിക്കാമെന്ന്, എന്നോടുള്ള ഇഷ്ടം കൊണ്ടാവും ല്ലേ...??"
"ഓ അതൊന്നുമല്ലെട ചെറുക്കാ, പഴയതുപോലെ കുനിഞ്ഞൊന്നും ചെയ്യാൻ വയ്യെടാ, പ്രായായില്ലേ...."
-- "അമ്മേ...... യു ടൂ ബ്രൂട്ടസ്..."
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക