ഡാഡിയുടെയും മമ്മിയുടെയും കൂടെ ക്രിസ്തുമസ് ആഘോഷിക്കാനാണ് ഓഫീസിൽ നിന്നും കെട്ടിയോന്റെ അടുത്തൂന്നും ലീവ് എടുത്ത് നാട്ടിലെത്തിയത്. എല്ലാം ആ എടത്വ അമ്മച്ചി കൊളമാക്കി. ചേച്ചിയുടെ അമ്മായിയമ്മയാണ്. നാളെയാണ് അടക്ക്.
നല്ലോരു ക്രിസ്തുമസ് ദിവസം മൊത്തം ട്രെയിനിൽ പോയി.നോയമ്പ് പോലും വീട്ടാതെ ട്രെയിനിലെ ഒണക്ക ഫുഡ്. ഹോ! കരച്ചിലു വന്നു പോയി. എന്തൊക്കെ പ്ലാനിങ്ങ് ആരുന്നു. കുഞ്ഞാങ്ങളയും ജീചേച്ചിയും ഒക്കെ വരാനിരുന്നതാ. എല്ലാം ക്യാൻസൽഡ്.
എന്റെ കാര്യം പോട്ടെ. പാവം ഡാഡിയും മമ്മിയും . മടുത്തു രണ്ടാളും. വയസ്സായതല്ലേ? പോവണ്ടാ എന്ന് എല്ലാരും പറഞ്ഞതാ. ചേച്ചിയും പറഞ്ഞു വയ്യെങ്കിൽ വരണ്ടാ എന്ന്. അപ്പോ മമ്മിക്ക് ഒരു ആഗ്രഹം. പോണംന്ന്. തന്നെ ആണേൽ എന്നാ ചെയ്തേനെ. ഇപ്പോൾ ഞാൻ ഉണ്ടല്ലോ കൂടെ.
പയ്യന്നൂർന്ന് കോട്ടയം വരെ ട്രെയിൻ. അന്ന് ബന്ധുവീട്ടിൽ തങ്ങി. പിറ്റേന്ന് രാവിലെ കോട്ടയത്തൂന്ന് ബസിൽ തിരുവല്ല. അവിടുന്ന് എടത്വാ ബസിൽ കേറി. ഭാഗ്യം അവർക്ക് സീറ്റ് കിട്ടി. എനിക്കും ഒരു അഡ്ജസ്റ്റ്മെന്റ് സീറ്റ് . ഒരു കൊച്ചിന്റെ കൂടെ.
രണ്ട് സ്റ്റോപ്പ് കഴിഞ്ഞാണ് ആ അമ്മ കേറീത്. മുണ്ടും നേരിയതും ഉടുത്ത് നെറ്റിയിൽ ചന്ദനമൊക്കെ തൊട്ട് നല്ല ഐശ്വരമുള്ള മുഖം. ഒരു പത്തറുപത് വയസ്സു കാണും.
ആരേലും ഒരു സീറ്റ് താ മക്കളെ എന്ന് പറഞ്ഞാ കേറി വന്നത് തന്നെ. ഡ്രൈവറുടെ തൊട്ട് പുറകിലിരിക്കുന്ന ഞങ്ങളെയാണ് നോട്ടം. ഏറ്റവും ഇങ്ങേ അറ്റത്താണേൽ ഞാനും. ആരും അനങ്ങിയില്ല. എണീക്കണോ വേണ്ടയോ എന്ന ആലോചനയിലായിരുന്നു ഞാനും. യാത്രയുടെ മടുപ്പും ഡ്രൈവറുടെ വെട്ടിച്ച് വെട്ടിച്ചുള്ള ഓട്ടത്തിൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്ന അഭ്യാസവും. മടി തോന്നി.
ഒരു സീറ്റ് ചോദിച്ചിട്ട് ഈ പെണ്ണുങ്ങൾ തരുന്നുണ്ടോന്ന് നോക്കിയെ. നാണം കെട്ട വർഗ്ഗങ്ങൾ. ഞെളിഞ്ഞ് ഇരിക്കുന്ന കണ്ടോ അവളുമാർ .നിനക്കൊക്കെ ഒരു കാലത്ത് വയസ്സാകുമെടീ . അപ്പോൾ നീ ഒക്കെ അനുഭവിക്കാൻ കിടക്കുന്നതേ ഉള്ളെടീ.
ആ അമ്മ അങ്ങ് തൊടങ്ങി. ഞങ്ങൾ മൂന്നു പേരും ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിച്ച് അവിടെ തന്നെ ഇരുന്നു.
അടുത്തത് വന്നു ഉടനേ തന്നെ.
കണ്ണാടീം വച്ച് അവൾ ഇരിക്കുന്ന കണ്ടില്ലയോ. നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കത്തില്ലടീ. നോക്കുമ്പോ കർത്താവേ, അവർക്ക് രണ്ടാൾക്കും കണ്ണാടി ഇല്ല. അപ്പോ ഞാനാണ് ടാർഗറ്റ്. രക്ഷപ്പെട്ട ആശ്വാസം അവർക്ക് .
ദാ വരുന്നു അടുത്തത്.
അവൾ ഒരു കോളേജ് കുമാരി വന്നിരിക്കണു. നിനക്കൊക്കെ ഒരു കാലത്ത് വയസ്സാകുമെടീ. മനസ്സിൽ പത്ത് പന്ത്രണ്ട് ലഡ്ഡു അടുപ്പിച്ച് പൊട്ടി. മരണ വീട്ടിലേക്ക് പോവണ കാരണം ഒരു പൗഡർ പോലും ഇട്ടില്ലായിരുന്നു. നിങ്ങൾ വിശ്വസിക്കില്ല. എന്നാലും നേരാ.
പെട്ടെന്നാ വിരലിൽ കെടന്ന മോതിരത്തിന്റെ കാര്യം ഓർത്തത്. ഒറ്റ കറക്ക് വച്ചു കൊടുത്തു. ടോണി അകത്തായി. അമ്മച്ചി കണ്ടില്ല. ഭാഗ്യം.
കണ്ടില്ലേ ഇരിക്കുന്നത് കൊച്ചി രാജാവിന്റെ കൊച്ചു മോള് .അടുത്ത് ഇരുന്ന ചേച്ചി എന്റെ കൈക്കിട്ട് ഒറ്റ തട്ട്. ഞങ്ങൾ മൂന്നു പേരും പൊട്ടിച്ചിരിച്ചു പോയി.
ഇതൊക്കെ രാവിലെ എവിടന്ന് കുറ്റീം പറിച്ച് ഇറങ്ങിയേക്കുവാണോ? ഇതിനൊന്നും വീട്ടിൽ തന്തേം തള്ളേം ഇല്ലാത്തതാണോ? ഇതിനെയൊക്കെ ഇങ്ങനെ കയറൂരി വിടാനായിട്ട്. ഇതൊന്നും വെള്ളം കിട്ടി ചാകത്തില്ല എന്റെ ഭഗവാനേ.
ഇത്രയും ആയപ്പോഴേക്കും ബസിലെ സോ കോൾഡ് യങ്ങ്സ്റ്റേർസ് മൊത്തം എന്റെ സപ്പോർട്ടായി. അവര് എന്നോട് കൈ കൊണ്ടും കാലു കൊണ്ടും കണ്ണു കൊണ്ടുമൊക്കെ പോട്ടെ എന്ന് പറയുന്നുണ്ട്. ആ ആനവണ്ടിയിലെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ.
എഴുന്നേറ്റക്കാം എന്ന തീരുമാനം ഞാൻ എന്നത്തേക്കുമായി അങ്ങ് തിരുത്തി. എന്റെ കൂസലില്ലായ്മ കണ്ടാവണം അമ്മച്ചി അടുത്ത ലെവലിലേക്ക് കടന്നു.
നീയൊക്കെ ഇന്ന് രാത്രി വീട്ടിലെത്തിയാൽ ഭാഗ്യം. എന്റെ ചക്കുളത്തുകാവിലമ്മേ .. കാത്തോളണേ. ഈശ്വരാ ഭഗവാനേ, അച്ഛനു നല്ലത് മാത്രം വരുത്തണേ എന്ന് പറഞ്ഞ ശ്രീനിവാസനെയൊക്കെ ഓർത്ത് ഞാൻ വെറുതെ ഇരുന്നു.
മക്കളുടെ കയ്യീന്ന് ഒരു തുള്ളി വെള്ളം കിട്ടി ചാകാനുള്ള യോഗം നിനക്കുണ്ടാവത്തില്ലെടീ. ചാവാൻ നേരമല്ലേ , അതും ഇത്തിരി വെള്ളത്തിന്റെ കാര്യം , അത് ഞാനങ്ങ് സഹിച്ചു. എന്തായാലും അമ്മച്ചീടെ ഈ ശാപം അതങ്ങ് ഏറ്റാൽ മതിയാരുന്നു.
ഞാൻ നോക്കുമ്പോ രണ്ട് സീറ്റ് പുറകിലിരിക്കുന്ന മമ്മി എണീക്കാൻ നോക്കുന്നു. കണ്ണുരുട്ടി കാണിച്ച് മമ്മിയെ ഞാൻ അവിടെ ഇരുത്തിച്ചു. പാവം എന്നെ പറയുന്നത് കേട്ടുള്ള വിഷമമാണ്.
ഞാൻ ഒരക്ഷരം പോലും മിണ്ടിയില്ല. എന്നാത്തിനാ വെറുതെ .അതുകൊണ്ട് ഒരു കാര്യോം ഇല്ല താനും.
................ദേവീ, ഇവളൊക്കെ ഇന്ന് വീട്ടിലെത്തുവോ എന്തോ. ആ ദേവീടെ പേരു മറന്നു പോയി. തിരുവല്ല എടത്വാ റൂട്ടിലുള്ള ഏതോ ദേവിയാണ്.
അങ്ങേ അറ്റത്തിരുന്ന അവർ എന്നോട് പറയുവാ , ഇത്രയും പറഞ്ഞ സ്ഥിതിക്ക് എന്തായാലും എഴുന്നേൽക്കരുതെന്ന് . ഏതാണ്ട് അര മണിക്കൂറിനുള്ളിൽ അവര് ഇറങ്ങി. അമ്മേ ഭഗവതി കാത്തോളണേ എന്ന് ഉറക്കെ ഉറക്കെ ഉരുവിട്ട് കൊണ്ട് അവർ റോഡ് സൈഡിൽ തന്നെയുള്ള ചക്കുളത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് നടന്നു പോയി.
അവര് ഇറങ്ങിയതും എല്ലാവർക്കും നാവ് വച്ചു. ഡ്രൈവർ തന്നെയാ തുടങ്ങിയത്. ഇത്രേം തിരക്കുള്ള ബസിൽ കേറിയിട്ട് സീറ്റില്ലാന്ന് പറഞ്ഞ് കരഞ്ഞിട്ടെന്താ കാര്യം എന്നാ പിന്നെ അവർക്ക് തിരക്കില്ലാത്ത വണ്ടിയേൽ കേറിയാ പോരാരുന്നോ?
ഒരു വയസ്സായ സ്ത്രീയുടെ വായീന്നു വരുന്നതാണോ അവര് പറഞ്ഞതൊക്കെ. പിന്നെ എങ്ങനെ തോന്നും സീറ്റ് കൊടുക്കാൻ .പുറകീന്ന് ആരോ ആണ് പറഞ്ഞത്.
അതുവരെ എല്ലാം തമാശ ആയിരുന്നു എങ്കിലും മമ്മിയുടെ മുഖത്തെ സങ്കടം എന്നെ അസ്വസ്ഥപ്പെടുത്തി.
ഞങ്ങൾക്കും ഇറങ്ങേണ്ട സ്റ്റോപ്പ് ആയി. മരണ വീടിന്റെ കറുത്ത പന്തൽ ദൂരെ നിന്നേ കാണാം. ഒപ്പീസും പാട്ടും പ്രാർത്ഥനകളും തുടങ്ങിയിരുന്നു.
" കേട്ടു നടുങ്ങി മനമിളകി
ഭീതി വളർന്നെൻ സ്വരമിടറി
മിഴിനീർ തൂകി ഉണർത്തിച്ചു
ഞാനൊരു നിമിഷമൊരുങ്ങട്ടെ."
ഭീതി വളർന്നെൻ സ്വരമിടറി
മിഴിനീർ തൂകി ഉണർത്തിച്ചു
ഞാനൊരു നിമിഷമൊരുങ്ങട്ടെ."
~~~~~
പ്രെറ്റി ടോണി
പ്രെറ്റി ടോണി