നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൂട്ടുകാരിക്കൊരു സമ്മാനം

ആകെ കയ്യിലുണ്ടായിരുന്ന 265 രൂപ ഒന്നുടെ മുറുക്കിപ്പിടിച്ചു ഞാനും ജിതയും ഒന്നുടെ പരുങ്ങി നിന്നു..." ചേട്ടാ കഴിഞ്ഞ ആഴ്ച വന്നപ്പോ ഇതുമ്മേൽ ഇട്ടിരുന്ന വില 260 ആയിരുന്നല്ലോ ചേട്ടാ ....ഞങ്ങൾക്ക് ഉറപ്പാ ...." "അയ്യോ മോളെ അതൊക്കെ കൊടുത്തു പോയി ...ഇത് വേറെ ടോപ്പാ....ഇതിന്റെ മെറ്റീരിയല് വ്യത്യാസം ഉണ്ട് നോക്കിക്കേ ...മുന്നൂറിൽ കുറച്ചു തരാൻ ബുദ്ധിമുട്ടുണ്ട് മോളെ "... ...
സങ്കടം കൊണ്ട് എന്താ ചെയ്യണ്ടേ എന്നറിയാണ്ടായിപ്പോയി ......ഒരുപാട് മോഹിച്ചിട്ടാ ഞങ്ങൾ ആ ടോപ് എടുക്കാൻ വന്നത് ... ഞങ്ങളുടെ ആവശ്യം വളരെ ചെറുതും പക്ഷെ ഞങ്ങൾക്ക് ഒത്തിരി വലുതും ആയിരുന്നു ....ഞങ്ങളുടെ ക്ലാസ്സിൽ മഠത്തിൽ നിന്നു പഠിക്കുന്ന മൂന്ന് കൂട്ടുകാരാണുള്ളത് ... സൂര്യ , റിക്സി, ലിജി ... സൂര്യയുടെ അപ്പൻ മരിച്ചു ....കെട്ടിത്തൂങ്ങി മരിച്ചതാ....എന്തിനാ ഏതിനാ അവൾക്കറിയാൻ മേല..... അവൾടമ്മ തമിഴ്‌നാട്ടിലെവിടെയോ ആണ് പണി ചെയ്യുന്നത് .....അവളുടെ അമ്മൂമ്മയാണ് അവളെ മഠത്തിൽ ആക്കിയത് ....
റിക്സിയുടെ 'അമ്മ മരിച്ചു ...അപ്പൻ വേറെ കെട്ടി ...റിക്സി അവിടെ ഒരു അധികപ്പറ്റായി ... എങ്കിലും റിക്സിയുടെ അപ്പാപ്പൻ അവളെ കാണാൻ ഇടക്കിടക്ക് വരും .....
ലിജിയുടെ കാര്യം അങ്ങനല്ല ....അവൾക്കു അപ്പനും അമ്മയും ആരുമില്ല .....അതിനെക്കുറിച്ചൊന്നും അവൾക്കു അറിയുകയുമില്ല ...തേടിവരാനും തേടിപ്പോവാനും ആരുമില്ല ...തികച്ചും അനാഥ .... അവൾക്കു വേണ്ടിയാണ് ഈ ടോപ്പ്....
നാളെ ആണ് സ്കൂളിൽ ക്രിസ്മസ് സെലിബ്രേഷൻ ...എല്ലാരും പുത്തനുടുപ്പും മാലയും വളയും ഒക്കെ ഇട്ടു ചെത്തി വരുന്ന ദിവസം .....പെൺപിള്ളേര് മാത്രം പഠിക്കുന്ന സ്കൂൾ ആയതോണ്ട് ഞാൻ ആണ് ഏറ്റവും സുന്ദരി എന്നുള്ള മട്ടിലാ എല്ലാത്തിന്റേം വരവും ....സൂര്യക്കും റിക്സിക്കും അവരുടെ വീട്ടിൽ നിന്നും ഉടുപ്പും കൊണ്ട് ആളുകൾ വന്നു .....പാവം ലിജി .... അവൾക്കു സമ്മാനവും കൊണ്ട് വരാൻ ആരും ഇല്ല ....
അങ്ങനെയാണ് അവൾക്കൊരു ഉടുപ്പെടുത്തു കൊടുക്കണം എന്നുള്ള ആഗ്രഹം മനസ്സിൽ മുളപൊട്ടിയത് .....പക്ഷെ വെറും എട്ടാം ക്ലാസ്സുകാരായ ഞങ്ങളുടെ കയ്യിൽ നയാ പൈസയില്ല .....വീട്ടിൽ പറഞ്ഞാൽ ചീത്ത കേൾക്കുമോ എന്നുള്ള പേടിയും .....
ഒടുക്കം ജിത അവളുടെ അങ്കിൾ കൊടുത്ത മിഡി ഇറക്കു കുറഞ്ഞെന്നും സൂത്രം പറഞ്ഞു അത് ലിജിക്ക്‌ കൊടുക്കാൻ അനുവാദം വേടിച്ചു ......അടുത്തത് അതിനൊരു ടോപ്പ് എടുക്കണം എന്ന കടമ്പ ആയിരുന്നു ....... പോക്കറ്റ് മണിയും ക്രിസ്മസ് ഫ്രണ്ടിന് സമ്മാനം കൊടുക്കാൻ ഉള്ള പൈസയിൽ നിന്നും വെട്ടിച്ചും ഞാനും ഞാനുമെന്റെ ജിതയും പിന്നെ ഒരു പതിമൂന്നു പേരും ....വളരെ കഷ്ടപ്പെട്ട് ഒരു 265 രൂപ ഉണ്ടാക്കി .....
അതുക്കും മുന്നേ മിന്നാരം ടെക്സ്റ്റയിൽസിൽ നിന്നും ജിത മനോഹരമായ ആ ടോപ്പിന്റെ വില മനസ്സിലാക്കിയിരുന്നു ..... അങ്ങനെ അവിടെ ചെന്ന് നിൽക്കുമ്പോഴാണ് ഇടിവെട്ടുപോലെ അതിന്റെ വില 310 രൂപ എന്ന് ടാഗിൽ കാണുന്നത് .... അതിൽ കുറഞ്ഞ വിലയ്ക്കുള്ളതൊന്നു എടുക്കാമെന്ന് കരുതിയെങ്കിലും ഒന്നും അവൾക്കു പാകമാകുമെന്നു തോന്നിയില്ല ....
ഒടുക്കം അതിൽ നിന്നും 10 രൂപയ്ക്കു ഒരുകൂട് മെഴുകുതിരി വാങ്ങിച്ചു പള്ളിയിൽ പോയി .മാതാവിന്റെ മുന്നിൽ മെഴുതിരി കത്തിച്ചു മുട്ടുകുത്തുമ്പോൾ കരച്ചില് വരുന്നുണ്ടായിരുന്നു ......പെട്ടെന്ന് പിന്നിൽ ഒരു ശബ്ദം ..."നിങ്ങള് ഇതുവരെ വീട്ടിൽ പോയില്ലെടി ...എന്നാ എടുക്കുവാ ഇവിടെ ...മണി അഞ്ചാവാറായല്ലോ..."
തിരിഞ്ഞു നോക്കുമ്പോൾ സിസ്റ്റർ നമിക....ഞങ്ങൾക്ക് അമ്മെ പോലെ തന്നെ ആണ് സിസ്റ്ററും ...അത്ര സ്നേഹമാണ് ....എന്തും തുറന്നു പറയാം ....കാര്യങ്ങൾ കേട്ടപ്പോൾ സിസ്റ്റർ ചിരിച്ചു..."ഇത്രേ ഉള്ളോ കാര്യം ...." സിസ്റ്ററുടെ ഉടുപ്പിൽ നിന്നും കയ്യിട്ടു 100 രൂപയുടെ ഒരു നോട്ടെടുത്തു തന്നിട്ട് പറഞ്ഞു ..."പോയി വേടിച്ചിട്ടു വെക്കം വീട്ടിൽ പോകാൻ നോക്ക് ..... ഞാൻ അവൾക്കൊരു ഒരു ഉടുപ്പ് വേടിച്ചിരുന്നു...ഇനിയിപ്പോ ഒരു കാര്യം ചെയ്യാം ...ഞാൻ അത് അവളുടെ പിറന്നാളിന് കൊടുത്താക്കാം ...... നിങ്ങളുടെ സമ്മാനം മുടക്കണ്ട....."
സന്തോഷം കൊണ്ട് ഞങ്ങൾ സിസ്റ്റർക്കു കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു ....ഓടിപ്പോയി ടോപ്പും വേടിച്ചു മിഡിയും കൂട്ടി പാക്ക് ചെയ്തു ലിജിക്ക്‌ കൊണ്ടോയി കൊടുത്തു ....ഓൾക്കും കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു.... പൈസയുടെ ബാക്കി കൊടുക്കാൻ നോക്കിയപ്പോ സിസ്റ്ററെ കണ്ടില്ല ....
പിറ്റേന്ന് സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചപ്പോഴും സിസ്റ്ററെ കണ്ടില്ല ...സ്കൂൾ മൊത്തം തപ്പിയലഞ്ഞു ....ഒടുക്കം വീട്ടിലേക്കു സൈക്കിളും കൊണ്ട് ഇറങ്ങിയപ്പോ എങ്ങുനിന്നോ ബാഗും പെട്ടിയും ഒക്കെ തൂക്കി വരുന്നു .....
"സിസ്റ്റർ ഇതെവിടെ പോയി ???.....ഞങ്ങൾ ഇത് എവടെ ഒക്കെ നോക്കി ...." ഞങ്ങൾ സിസ്റ്ററുടെ അടുത്തേക്ക് ഓടിച്ചെന്നു ....
"ഞാനങ്ങു കഴിഞ്ഞ ബുധനാഴ്ച പോയതല്ലിയോടി???? ...എറണാകുളത്തു ധ്യാനം കൂടാൻ ...ആട്ടെ ക്രിസ്മസ് ആഘോഷം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ???"
അപ്പോൾ ഞങ്ങൾ ആ കണ്ടത് ആരെയായിരുന്നു ?????

By
Mazhamegha Pennu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot