നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹ നൈവേദ്യം


കാഴ്ചയില്ലാത്ത ഒരു അനാഥ പെൺകുട്ടിക്ക് താൻ ജീവിതം നൽകുന്നു .
നാട്ടുകാരും കൂട്ടുകാരും , കേട്ടവർ കേട്ടവർ അഭിനന്ദനങൾ ചൊരിഞ്ഞു .
വീട്ടുകാർ മാത്രം കട്ട കലിപ്പിലായിരുന്നു .ഒടുവിൽ എന്റെ വിശാല മനസ്കത ഓർത്തപ്പോൾ അവരും സമ്മതിച്ചു .
പക്ഷെ എന്റെ മനസിലെ കുറുക്കന് ആ വിശാല മനസ്കത അല്ലായിരുന്നു , ജീവിതത്തെ അളന്നു മുറിച്ചുള്ള കണക്കു കൂട്ടലുകൾ മാത്രമായിരുന്നു .
താൻ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ പല സംഭവങ്ങളുമായിരുന്നു അവന്റെ മനസ്സിൽ നിറയെ .
പെണ്ണുകെട്ടിയാൽ കണ്ണുകെട്ടി എന്നല്ലേ , എന്നാൽ കണ്ണില്ലാത്ത ഒരുവളെ കെട്ടിയാൽ ഒരിക്കലും തന്റെ കണ്ണുകെട്ടാൻ മുതിരില്ല .
എന്തായാലും ഒരു ജീവിത പങ്കാളി വേണം , അത് ഒരു അന്ധ ആകുന്നതാണ് ഏറ്റവും നല്ലത്‌ .
അതാകുമ്പോൾ സീരിയലിലെ നായിക ഉടുത്ത പോലുള്ള സാരി വേണമെന്നോ , മറ്റവളെക്കാളും കൂടുതൽ ആഭരണം വേണമെന്നോ ഉള്ള പരാതികൾ ഒരിക്കലും ഉണ്ടാവില്ലല്ലോ .
കാഴ്ചയില്ലാത്ത കാരണം ടൂറിനോ , സിനിമയ്ക്കോ പോണം എന്നും പറഞ്ഞു വാശി പിടിക്കുകയുമില്ല .
അവൾക്കു ഒരിക്കലും മറ്റുള്ള ആണുങ്ങളുടെ സൗന്ദര്യവുമായി തന്നെ താരതമ്യം ചെയ്യാനാവില്ല , അത് കൊണ്ടു എന്തായാലും ആരുമായും ഓടിപ്പോകുമെന്നും പേടിക്കേണ്ടതില്ല .
ഏറ്റവും വലിയ പ്ലസ് പോയിന്റ് ഫേസ്ബുക്കിലും , വാട്സാപ്പിലും കുത്തി ഇരിക്കുകയില്ലെന്നുള്ളതാണ് , തന്റെ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞു കയറാനും വരില്ലല്ലോ .
വിശാല മനസ്കന് വിവാഹ മംഗളങ്ങൾ നേരാൻ പൗര പ്രമുഖരും അഭ്യുദയകാംക്ഷികളും ധാരാളം ചടങ്ങിനെത്തിയിരുന്നു .
എന്റെ കണക്കു കൂട്ടലുകൾ ഒന്നും തെറ്റയിട്ടില്ലന്നു വിവാഹ ശേഷം എനിക്ക് മനസിലായി . എന്റെ ബുദ്ധിയിൽ എനിക്ക് തന്നെ അഭിമാനം തോന്നി .നീ ഒരു സംഭവമാണ് കേട്ടോ ..., ഞാൻ എന്നോട് തന്നെ പലവട്ടം പറഞ്ഞു .
എന്റെ വീടും ഞാനും മാത്രമായിരുന്നു അവളുടെ ലോകം .
സ്നേഹിക്കാൻ മാത്രമേ അവൾക്കു അറിയുകയുള്ളോ എന്ന് ചിന്തിച്ചു പോയിരുന്നു , അവളെപോലെ ഉള്ള ഒരു പെൺകുട്ടിക്ക് ഇത്രയും നല്ല ജീവിതം കിട്ടിയതിന്റെ നന്ദി പ്രകടനമായിരിക്കും .
അവൾക്കിപ്പോൾ വീടും പരിസരവുമെല്ലാം എന്നെക്കാൾ തിട്ടമാണ് .
വീട്ടുജോലികളെല്ലാം വളരെ ഭംഗിയായി അവൾ ചെയ്യുന്നത് കണ്ടു അവൾക്കു ശരിക്കും കാഴ്ച ഇല്ലാത്തവളാണോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിരുന്നു . ചിലപ്പോൾ അനാഥാലയത്തിലെ ചിട്ടകളും , പഠനവുമായിരിക്കും .
വീട്ടുകാർക്ക് അവൾ പ്രിയങ്കരി ആയി മാറിയിരുന്നു . അവളുടെ സ്നേഹം എന്റെ മനസ്സിലും ചെറിയ ചെറിയ വികാരങ്ങൾ സൃഷ്ടിക്കുവാൻ തുടങ്ങിയിരുന്നു .
അവൾക്കു വേണ്ടി മാത്രം ഞാനിപ്പോൾ സമയം കണ്ടെത്താൻ തുടങ്ങി . ഓഫീസിൽ നിന്നും നേരത്തെ വന്ന്‌ അവളെയും കൂട്ടി പുറത്തു ചുറ്റാൻ പോകുകയും , കാണുന്ന കാഴ്ചകൾ ഒന്നും വിടാതെ അവൾക്കു വിവരിച്ചു കൊടുക്കുകയും ചെയ്തു .
അവൾ ഒരു കൊച്ചു കുട്ടിയെ പോലെ അതെല്ലാം കൗതുകത്തോടെ കേട്ടു നിൽക്കുന്നത് കാണുമ്പോൾ എന്റെ മനസിലും എന്തെന്നില്ലാത്ത ഒരു ആനന്ദം ഉണ്ടാക്കിയിരുന്നു .
ലോകത്തിനു കീഴേയുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾ പരസ്പരം പങ്കു വെച്ചു .
അറിയാതെ ഞാൻ അവളുടെ കണ്ണുകളായി മാറുകയായിരുന്നു .
അവളുമായുള്ള ഓരോ നിമിഷവും ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള എന്റെ തെറ്റായ പല ധാരണകളെയും പൊളിച്ചടുക്കുന്നത് ആയിരുന്നു .
അവൾക്കായി ഞാൻ പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങി കൊടുത്ത ദിവസമാണ് ഇരുട്ട് മറച്ച അവളുടെ മിഴികളിൽ നിന്നും ആദ്യമായി നീർതുള്ളികൾ ഞാൻ കണ്ടത് .
" എനിക്കിതിനെക്കാളുമൊക്കെ പ്രിയം എന്റെ ചേട്ടനെ ഒരു തവണയെങ്കിലും അന്ധകാരത്തിന്റെ മറയില്ലാതെ കാണുകയെന്നതാണ് ".
ഇത് പറഞ്ഞവൾ എന്റെ മാറിലേക്ക് ചാഞ്ഞപ്പോൾ , ആ വാക്കുകൾ ഓരോ വലിയ കൂടങ്ങളായി എന്റെ മനസിലേക്ക് പതിക്കുകയായിരുന്നു .ആ സ്നേഹം എന്റെ മനസിലെ അന്ധതയെ ഉടച്ചു കളയുകയായിരുന്നു .
ദാമ്പത്യ ജീവിതത്തിൽ പരസ്പര സ്നേഹമാണ് വലുതെന്നും , കാഴ്ചയല്ല കാഴ്ചപ്പാടാണ് മാറ്റേണ്ടതെന്നും അവൾ എനിക്ക് മനസ്സിലാക്കി തന്നു .
ഒരുമിച്ചു പുതിയ കാഴ്ചകൾ കാണുവാനായി എന്റെ പാതികാഴ്ച അവൾക്കു പകുത്തു നൽകാൻ തന്നെ ഞാൻ തീരുമാനമെടുത്തു .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot