Slider

രണ്ടാം കെട്ട്

0

ഭാര്യ അവളുടെ വീട്ടിൽ പോയത് കൊണ്ട് രാവിലെ വൈകിയാണ് എണീറ്റത്.പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് കട്ടൻ ചായയുണ്ടാക്കുക എന്ന മഹത്തായ കർമ്മത്തിലേക്ക് കടക്കുമ്പോഴാണ് മൊബൈൽഫോൺ ബെല്ലടിക്കുന്നത് കേട്ടത്. പച്ചവെള്ളത്തിൽ ചായപ്പൊടിയും പഞ്ചസാരയും ആദ്യമേ ഇട്ടു കൊടുത്ത് ഗ്യാസടുപ്പും കത്തിച്ച് ഞാൻ ഫോണെടുക്കാനായി പോയി. ഇനി അവരായി അവരുടെ പാടായി.തിളക്കുമ്പോഴേക്കും വന്നാൽ മതിയല്ലോ. അവിടെയെത്തിയപ്പോഴേക്കും കാൾ അതിന്റെ വഴിക്ക് പോയി. ഫോൺ രണ്ട് ദിവസമായി പട്ടിണിയായത് കൊണ്ട് തിരിച്ചുവിളിക്കാനും ഗതിയില്ല.
തിരിച്ച് അടുക്കളയിലെത്തി ഗ്യാസ് ഓഫ് ചെയ്ത് ചായ ഗ്ലാസിലേക്കൊഴിച്ചു. എളുപ്പവഴിയിലുണ്ടാക്കിയ ചായയുടെ സ്വാദ് ഒന്ന് വേറെത്തന്നെയായിരുന്നു. അപ്പോൾ തന്നെയത് മുറ്റത്തേക്ക് നീട്ടിച്ചിന്തി.
സിറ്റൗട്ടിലെത്തിയപ്പോൾ ഉത്തരത്തിൽ നിന്നു വീണ പല്ലിയെപ്പോലെ പത്രം മുറ്റത്ത് കിടക്കുന്നത് കണ്ടു. ഭയഭക്തി ബഹുമാനത്തോടെ അതിനെ കൈയിലെടുത്തു.പത്രപാരായണം എപ്പോഴുംപണി തന്നിട്ടേയുള്ളൂ. അതു കൊണ്ട് വായന പതിവില്ല. പിന്നെയെന്തിനാണ് പത്രം വരുത്തുന്നതെന്ന് നിങ്ങൾ ചോദിക്കും. കുട്ടികൾ അവരുടെ സ്കൂൾപ്രൊജക്ടുകൾക്കാവശ്യമായ ചിത്രങ്ങൾ വെട്ടിയെടുക്കും, ഭാര്യ ഇടക്കിടെ ജ്വല്ലറിയുടെ പരസ്യം നോക്കും.
ഫസ്റ്റ് പേജിലെല്ലാം പ്രധാനപ്പെട്ട വാർത്തകളായത് കൊണ്ട് അതൊന്നും വായിക്കാൻ നിൽക്കാതെ പേജുകൾ മറിച്ചു മുന്നോട്ട് പോയി. അഡ്വർടൈസിംഗ് ഫീൽഡിൽ ജോലി ചെയ്യുന്നത് കൊണ്ടാവും നേരെയെത്തിയത് പരസ്യപ്പേജിലാണ്.
മാട്രിമോണിയൽ പേജ്.ഒന്ന് കെട്ടിയതാണെങ്കിലും കെട്ട് ഒന്നുകൂടി മുറുകാൻ വേണ്ടി അതിന്റെ മേലെ ഒന്നുകൂടി കെട്ടുന്നതിൽ കുഴപ്പമില്ലെന്ന് മനസ് പറയുന്നു. ഒന്നു നോക്കിയാലോ.കിട്ടിയാൽ ഊട്ടി പൊട്ടിയാ ചട്ടി. 
പരസ്യങ്ങൾ ഓരോന്നായി വായിച്ചു തുടങ്ങി.ഹിന്ദു കൃസ്ത്യൻ എന്നിവയെല്ലാം വിട്ട് മുസ്ലിംകൾ വരനു വേണ്ടി വരിനിൽക്കുന്നിടത്തെത്തി.
കൃഷ്ണമണി പുറത്ത് ചാടില്ലെന്ന് ഉറപ്പ് വരുത്തി കഴിയുന്നത്ര കണ്ണ് തുറന്ന് വായിക്കാൻ തുടങ്ങി.തന്റേതല്ലാത്ത കാരണത്താൽ ബന്ധമൊഴിവാക്കേണ്ടി വന്ന നിരവധി ഭാഗ്യവതികളുടെ ലിസ്റ്റുകൾ കണ്ടു.അതിലൊന്നിൽ കണ്ണുടക്കി.
തന്റേതല്ലാത്ത കാരണത്താൽ വിവാഹബന്ധം വേർപെടുത്തേണ്ടി വന്ന അതീവ സുന്ദരിയായ മുസ്ലിം യുവതി. വയസ് മുപ്പത്തിയഞ്ച്. കോടീശ്വരി. ദത്ത് നിൽക്കാൻ താൽപര്യമുള്ളവർക്ക് മുൻഗണന.
കോടീശ്വരിയാണെങ്കിൽ ദത്തല്ല നത്തായും നിൽക്കാൻ തയാറാണെന്ന് മനസ് പറഞ്ഞു. അങ്ങാടിയിലേക്കിറങ്ങി മൊബൈൽ ഷോപ്പിൽ കയറി ഫോൺ റീചാർജ് ചെയ്യുമ്പോൾ അവിടത്തെ പയ്യൻ ചോദിക്കുന്നു എന്താ ഇക്കാ ഇന്ന് വല്ല ലോട്ടറിയുമടിച്ചോന്ന്. ആദ്യമായാണ് ഞാൻ ഇത്രയും വലിയ തുകക്ക് റീചാർജ് ചെയ്യുന്നത്. അത് കണ്ടപ്പോൾ അവനും അമ്പരന്നു കാണും. റീചാർജ് ചെയ്തതിന്റെ ഇരുപത് രൂപയും കൊടുത്ത് അവിടെ നിന്നിറങ്ങിയയുടനെ പത്രത്തിൽ നിന്ന് കുറിച്ചെടുത്ത നമ്പറിലേക്ക് ഫോൺ ചെയ്തു.
നമ്പർ ബിസിയാണ്. ദത്ത് നിൽക്കാൻ താൽപര്യമുള്ള എന്നെപ്പോലെയുള്ളവർ ക്യൂ നിൽക്കുന്നുണ്ടാവും. ദൈവമേ അവളെ എനിക്ക് തന്നെ കിട്ടണേ.അവളെ കല്യാണം കഴിച്ചാൽ പിന്നെ കുറച്ച് ദിവസം ദവിടെ കുറച്ച് ദിവസം ദിവിടെ. എങ്ങിനെയെങ്കിലും പറ്റിച്ചേർന്ന് നിന്ന് കുറച്ച് കാശ് കൈക്കലാക്കാൻ നോക്കണം.കാരണം എപ്പോഴാണവൾ തന്റേതല്ലാത്ത കാരണത്താലെന്നും പറഞ്ഞ് വീണ്ടും പത്രത്തിൽ പരസ്യം കൊടുക്കുന്നത്. എങ്ങാനും ഔട്ടായിപ്പോകുന്നതിന് മുമ്പ് കഴിയുന്നത്ര റൺസെടുക്കാൻ നോക്കണം. മനസിൽ കോട്ട പണിയുന്നതിനിടയിൽ അങ്ങേത്തക്കൽ ബെല്ലടിക്കാൻ തുടങ്ങി. കോട്ടപ്പണി നിർത്തിവെച്ച് ഫോണിലേക്ക് കയറിയിരുന്നു.
"ഹലോ "
" സെക്കന്റ്സ് മാട്രിമണിയല്ലേ "
"അതേ."
"ഇന്നത്തെ പത്രത്തിൽ ഒരു പരസ്യം കണ്ട് വിളിച്ചതാ. ആ കോടീശ്വരി... "
"ഓകെ.. താങ്കൾക്ക് താൽപര്യമുണ്ടെങ്കിൽ ആയിരം രൂപാ റെജിസ്ട്രേഷൻ ഫീസായി പരസ്യത്തിൽ കാണുന്ന അഡ്രസിൽ അയക്കുക. നിങ്ങളുടെ പ്രൊഫൈൽ ഇഷ്ടപ്പെട്ടാൽ അവരുമായി ബന്ധപ്പെടാനുള്ള കോൺടാക്ട് നമ്പർ തരും. പിന്നെയുള്ള കാര്യങ്ങൾ നിങ്ങൾ തമ്മിലാകും."
മതി ദദു മതി. ആയിരമല്ല വേണമെങ്കിൽ രണ്ടായിരം തന്നെ അയക്കാം.കോടികളുടെ ഉടമയാകുമ്പോൾ എന്ത് രണ്ടായിരം.
ആലോചിച്ചിട്ട് സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ എന്ന അവസ്ഥയിലായി...
വീട്ടിലെത്തി ബെഡിനടിയിൽ ഭാര്യ സൂക്ഷിച്ചു വെക്കുന്ന അയൽക്കൂട്ടത്തിന്റെ പണമടങ്ങിയ പഴ്സ് പതിയെ പതിയെടുത്തു തുറന്നു നോക്കി. രക്ഷപ്പെട്ടു. അത്യാവശ്യത്തിനുള്ള പണം അതിൽ നിന്നെന്നെ നോക്കി ചിരിക്കുന്നുണ്ട് . എക്കണോമിക്കൽ ക്രൈസിസ് വരുമ്പോൾ ഞാൻ സ്ഥിരം ആശ്രയിക്കാറുള്ള സ്ഥലമാണിത്.
പുതിയ രണ്ടായിരത്തിന്റെ ഒരു നോട്ടെടുത്ത് കളർ കൈയിൽ പറ്റാതെ പൊതിഞ്ഞെടുത്ത് പോസ് റ്റോഫീസിൽ പോയി ആയിരം മണിയെടുത്ത് ഓർഡറാക്കി അയച്ചുകൊടുത്തു. എളുപ്പ വഴിയിൽ കോടീശ്വരനാവാനുള്ള ഓരോ ബുദ്ധിമുട്ട് നോക്കണേ..
വൈകുന്നേരം അങ്ങാടിയിലേക്കിറങ്ങിയപ്പോഴാണ് സുഹൃത്ത് മുനീറിനെ കണ്ടത്. എന്തോ പോയ അണ്ണാ നെപ്പോലെയിരിക്കുകയാണവൻ. ഞാൻ കാര്യമന്വേഷിച്ചു.ഒരു പുളിച്ച നോട്ടം നോക്കിയതല്ലാതെ അവൻ കാര്യമൊന്നും പറയുന്നില്ല. കുറെ നിർബന്ധിച്ചപ്പോൾ അവൻ എന്നെയും കൂട്ടി കുറച്ചകലേക്ക് മാറി നിന്നു.
"എടാ ഒരു പറ്റുപറ്റിപ്പോയി "
"എന്തേ. നീ കാര്യം തെളിച്ചു പറ". 
ഒരു ശരാശരി സുഹൃത്തിനെപ്പോലെ അവനെ ആശ്വസിപ്പിക്കുക എന്നതിലപ്പുറം അവന്റെ വിഷമമറിഞ്ഞ് അകമെ സന്തോഷിക്കുക എന്നതായിരുന്നു എന്റെ പ്രധാന ഉദ്ദേശ്യം.ഒടുവിൽ അവൻ പറഞ്ഞു തുടങ്ങി.
" ഒരു പെണ്ണു കൂടി കെട്ടമെന്നത് കുറെ കാലമായി മനസിലുള്ള ഒരാഗ്രഹമായിരുന്നു. അങ്ങിനെയാണ് പത്രത്തിലെ പരസ്യത്തിൽ കണ്ട ഒരു നമ്പറിൽ ബന്ധപ്പെട്ടത്.തന്റേതല്ലാത്ത കാരണത്താൽ വിവാഹബന്ധം വേർപ്പെടുത്തേണ്ടി വന്ന അതിസുന്ദരിയായ കോടീശ്വരിക്കാരി. പരസ്യത്തിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ആയിരം രൂപ റെജിസ്ട്രേഷൻ ഫീസായി അടക്കാൻ പറഞ്ഞു. ഞാനടക്കുകയും ചെയ്തു".
അൽപനേരം അവനൊന്നും മിണ്ടിയില്ല. പക്ഷേ എനിക്കവനെ മിണ്ടിക്കാതിരിക്കാനാവില്ലല്ലോ. അപ്പോഴേക്കും ആകെയുള്ള ഒരു ചങ്കിനുള്ളിൽ പെരുമ്പറ പോലോത്തെ എന്തൊക്കെയോ മുഴങ്ങാൻ തുടങ്ങിയിരുന്നു.
"എന്നിട്ട് ?"
അവന്റെ അണ്ണാക്കിളക്കാൻ ഞാൻ നടത്തിയ ശ്രമം വിജയിച്ചു. അവൻ തുടർന്നു പറഞ്ഞു.
"കുറെ ദിവസമായി ഒരു വിവരവുമില്ലാതായപ്പോൾ ഞാനാ നമ്പറിൽ വീണ്ടുമൊന്നു വിളിച്ചു നോക്കി. അപ്പോൾ അവർ പറയുകയാണ് അവളുടെ കല്യാണം കഴിഞ്ഞെന്ന്. പക്ഷേ ഇന്നത്തെ പത്രത്തിലും അതേ നമ്പർ വെച്ചു കൊണ്ട് അതേപരസ്യം മറ്റൊരു സ്ഥലപ്പേരിൽ വന്നത് കണ്ട ഞാൻ അതിനെപ്പറ്റി അന്വേഷിച്ചു. അതൊരു തട്ടിപ്പു ടീമാണത്രെ. ആയിരം രൂപ വാങ്ങി വെച്ച് പിന്നീട് വിളിക്കുമ്പോൾ പെണ്ണിന്റെ കല്യാണം കഴിഞ്ഞെന്നു പറഞ്ഞ് അവർ കൈ കഴുകും.രണ്ടാം കെട്ടിന്റെ കേസായതിനാൽ പോലീസിലൊട്ടു പരാതിപ്പെടാനും വയ്യ. വല്ലാത്തൊരുപെടലായിപ്പോയി സക്കീ... "
"നിനക്കത് വേണം. ഒരു പെണ്ണുള്ളതിന് എന്ത് കുഴപ്പം കണ്ടിട്ടാ നീ വേറൊരു പെണ്ണും തിരഞ്ഞ് പോയത്.പത്രത്തിൽ വരുന്ന ഇത്തരം തട്ടിപ്പ് പരസ്യങ്ങളിലൊക്കെ നീ പോയി പെട്ടതാലോചിച്ചിട്ട്..... ശ്ശെ.. നാണക്കേട്.."
"നീയിതാരോടും പറയരുത്"
"ഞാനാരോടും ഒന്നും പറയാൻ പോകുന്നില്ല."
ചെറിയൊരു തിരക്കുണ്ടെന്നും പറഞ്ഞ് ഞാൻ അവന്റെയടുത്തു നിന്നും മുങ്ങി.അയൽക്കൂട്ടത്തിലെ ആയിരം രൂപ പത്രത്തിലൂടെ പോസ്റ്റോഫീസ് വഴി തട്ടിപ്പു കൂട്ടത്തിലെത്തിപ്പെട്ട വഴിയാലോചിച്ച് സങ്കടമൊന്നും തോന്നിയില്ലെങ്കിലും കോടീശ്വരനാവാനുള്ള മോഹം പൊലിഞ്ഞു പോയ തോർത്തപ്പോൾ സഹിക്കാനായില്ല. ആകെയുള്ളൊരു സമാധാനം സുഹൃത്തും അതിൽ പെട്ടല്ലോ എന്നതാണ്. സങ്കടം വരുമ്പോൾ ഇടക്ക് അവന്റെ കഥ മറ്റുള്ളവരോടൊക്കെ പറഞ്ഞ് നടന്നു ആശ്വസിക്കാമെന്നായിരുന്നു വീട്ടിലേക്ക് നടക്കുമ്പോൾ മനസിലുണ്ടായിരുന്ന ഏകചിന്ത...
_________________________
എം.പി സക്കീർ ഹുസൈൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo