നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

....ഒരു ചോര....(അനുഭവം ..ചെറുകഥ)


പിള്ളാരേ ..ഉമ്മ ആഫീസിൽ പോകുവാ, രണ്ടുപേരും വഴക്കിടാതെ ഇരിക്കണം കേട്ടോ..!
പുട്ടും കടലയും ഉണ്ടാക്കി വെച്ചിട്ടുണ്ട് ,
ഉച്ചത്തേക്കുള്ള ചോറുമുണ്ട്..
രണ്ടു പേരും വഴക്കിടാതിരുന്ന് കഴിക്കണം കേട്ടോ..?
വഴിയിലെത്തിയിട്ടും ഉമ്മ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു...
"മക്കളെ വഴക്കിടല്ലേ"
ഉമ്മ ഇങ്ങനെ ആധി പിടിക്കുന്നത്
എന്റെയും എന്റെ അനിയന്റെയും കാര്യം ഓർത്തിട്ടാണ്..
ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളു ഞങ്ങള്‍ തമ്മില്‍ ,
ഇരുപത്തിനാല് മണിക്കൂറും വഴക്ക് തന്നെ ..
ഞങ്ങള്‍ 'മുന്നാളാണെന്ന' കൂട്ടുകാരും അയൽക്കാരും പറയുന്നത് ,
ഞങ്ങളുടെ വഴക്കിന്റെ ഇടയിലേക്ക് ആദ്യമെല്ലാം തടസ്സം നിൽക്കാൻ ഉമ്മായുടെ കൂടെ അവരും ഉണ്ടായിരുന്നു ..
ഞങ്ങള്‍ നന്നാവില്ലെന്ന് അറിഞ്ഞിട്ടാവും ഇപ്പോ അവരാരും ഇടയില്‍ കയറാറില്ല,,
വഴക്കിടാൻ അവനും എനിക്കും പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും വേണ്ടിയിരുന്നില്ല..
അന്നും പതിവ് പോലെ വഴക്ക് തുടങ്ങി ,
ഞാന്‍ തിന്നിട്ട് പാത്രം കഴുകാതെ വെച്ചെന്നും പറഞ്ഞ് , ആ പാത്രമെടുത്ത് അവന്‍ എന്റെ മണ്ടയിൽ ഒറ്റയടി..
കടലക്കറിയിൽ കുളിപ്പിച്ചാണ് ഞാന്‍ അന്ന് അവനോട് പ്രതികാരം ചെയ്തത്.
"കടലക്കറിയും ചട്ടിയുമെടുത്ത് അവന്റെ തലക്കിട്ടൊറ്റയടി "
പിന്നെ അവിടൊരു യുദ്ധമായിരുന്നു...
"മീശമാധവൻ സിനിമയില്‍ ചാണാത്തിൽ വീണ 'സലീം കുമാറിനെപ്പോലെ അവന്റെ നിൽപ്പു കണ്ടപ്പോഴേ ഞാന്‍ ഊഹിച്ചു അവന്‍ എന്നെ കൊല്ലുമെന്ന്,
എടാ പട്ടീന്ന് അലറി വിളിച്ചുകൊണ്ട് അവന്‍ എന്റെ ദേഹത്തേക്ക് ചാടി വീണ് ഇടിയോടിടി..
കടിയും, ചവിട്ടും, ഇടിയും കൊണ്ട് ഞാന്‍ തളന്നിട്ടും അവന്റെ ദേഷ്യം മാറിയില്ല..
ഇടികൊണ്ട് താഴെ വീഴുന്നവരെ ആ പന്നി എന്നെയെടുത്തിട്ടലക്കി,,
അതിന്റെ പ്രതികാരമെന്നവണ്ണം "ടീവിയുടെ റിമോട്ട് കൈയ്യിലെടുത്ത് ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചു ഇന്ന് റിമോട്ട് എന്റെ കൈയില്‍ എനിക്ക് ഇഷ്ടമുള്ള ചാനലേ ഞാന്‍ വെയ്ക്കൂ..
(അതിനും ഒരു കഥയുണ്ട് ..ഞങ്ങൾ തമ്മില്‍ കൂടുതലായി അടി നടക്കുന്നത് ടീവി കാണുമ്പോഴാണ്, എനിക്ക് ക്രിക്കറ്റ്‌ കാണണം അവന് സിനിമയും..ടീവി വാങ്ങിച്ചതിനു ശേഷം അത് " പന്ത്രണ്ടാമത്തെ റിമോട്ടാണ്,
ഇനി റിമോട്ട് തല്ലി പൊട്ടിച്ചാൽ ടീവി വിൽക്കുമെന്നുള്ള ഉമ്മായുടെ ഭീഷണിയാണ് ഈ ബുദ്ധിക്ക് പിന്നില്‍ ..
ആരാണോ ആദ്യം റിമോട്ട് കൈയ്യിലെടുക്കുന്നത് അന്നത്തെ ദിവസം ടീവിയും റിമോട്ടും അവർക്ക് സ്വന്തം )
അണ്ടിയാഫീസീന്ന് വന്നു കഴിഞ്ഞാലും ഞങ്ങളുടെ വഴക്ക് തീർക്കാനെ ഉമ്മാക്ക് നേരം കാണു..
പാവം എന്റെ ഉമ്മ.. ഞങ്ങളുടെ വഴക്കിനിടയിൽ കിടന്ന് കരയാനായിരുന്നു പാവത്തിന്റെ വിധി ,,
"എന്തിനാ മക്കളെ നിങ്ങളിങ്ങനെ ശത്രുക്കളെപ്പോലെ എപ്പോള്‍ നോക്കിയാലും ഇങ്ങനെ വഴക്കിടുന്നത്..
നിങ്ങള്‍ ഒരു ചോരയല്ലേടാ , ഈ ഉമ്മാക്ക് സഹിക്കുമോ നിങ്ങൾ ഇങ്ങനെ പരസ്പരം വേദനിപ്പിക്കുന്നത്"...
ഉമ്മാന്റെ കണ്ണീരിനു മുന്നില്‍ മനസ്സലിഞ്ഞാൽ പിന്നെ രണ്ടു ദിവസത്തേക്ക് ഞങ്ങള്‍ നല്ല കുട്ടികളായിരിക്കും...
"അതു കഴിഞ്ഞാല്‍ പിന്നെയും കീരിയും പാമ്പും പോലെ തന്നെ "
പിന്നെയും ഞങ്ങള്‍ തമ്മിലുള്ള വഴക്കും അടിയും കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല..
വഴക്ക് മൂർച്ചിച്ച ഒരു ദിവസം സഹികെട്ട് കൈയ്യില്‍ കിട്ടിയ ' പിച്ചാത്തിയെടുത്ത് ഞാന്‍ അവന്റെ കൈയ്യിലിട്ടൊരു വെട്ടങ്ങ് കൊടുത്തു ..
അവന്റെ കൈയ്യീന്ന് ചോരയൊലിക്കുന്നത് കണ്ടിട്ടാകും എന്റെ മനസ്സ് എന്തോ വല്ലാതെ നൊന്തത്..
പാവം ഉമ്മ , ഞങ്ങളുടെ വഴക്ക് പേടിച്ച് ആഫീസിൽ പോകാതെ വീട്ടില്‍ തന്നെ ഇരിപ്പായി,
എന്നിട്ടും ഉമ്മായുടെ കണ്ണ് തെറ്റിയാൽ അപ്പോള്‍ തുടങ്ങും വഴക്ക്,
സ്കൂള്‍ തുറക്കാന്‍ ഒരാഴ്ചക്കൂടിയെയുള്ളു ഉമ്മാന്റെ മുഖത്ത് അതിന്റെ സന്തോഷം കാണാം ..
അങ്ങനെയെങ്കിലും ഞങ്ങളുടെ വഴക്ക് കുറയുമെന്ന് വിചാരിച്ചാവും പാവം ,,
"മഴയുള്ള ഒരു സന്ധ്യയ്ക്ക് ഉമ്മാന്റെ വലതും ഇടതുമിരുന്ന് ടീവി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് , റോഡിന്റെ അപ്പുറത്തെ മാവിൽ നിന്നും മാങ്ങ വീഴുന്ന ശബ്ദം കേട്ട് എനിക്ക് മുന്നേ അവനിറങ്ങി ഓടിയത്..
അവന്റെ കൂടെ ഓടാനൊരുങ്ങിയ എന്നെ തടഞ്ഞത് ഉമ്മയാണ് ..
"നീ അവിടെ ഇരിന്നേ ..അവനല്ലേ ആദ്യം പോയത് ... നീ കൂടെ പോയി വെറുതെ വഴക്കുണ്ടാകണ്ട,
ഉമ്മ പറഞ്ഞത് കൊണ്ട് അവന്‍ രക്ഷപ്പെട്ടു ഇല്ലെങ്കില്‍ അവന് ഒറ്റ മാങ്ങപോലും ഞാന്‍ കൊടുക്കില്ലായിരുന്നു..
(ഉമ്മായുടെ മുഖത്ത് നോക്കാതെ ഞാന്‍ പിറുപിറുത്തു കൊണ്ട് ഇരുന്നപ്പോഴാണ് റോഡില്‍ നിന്ന് അവന്റെ കരച്ചില് കേൾക്കുന്നത്)
ഞാനും ഉമ്മായും ഓടിച്ചെല്ലുമ്പോൾ വീടിന്റെ വേലികെട്ടിയ മുള്ളു കമ്പിയിൽ കാല് കുടുങ്ങി നിലവിളിക്കുന്ന അവനെയാണ് കണ്ടത്,
കാല് ഒത്തിരി മുറിഞ്ഞിട്ടുണ്ട് ചോര ഒരുപാട് ഒഴുകുന്നു..
അവന്റെ കരച്ചില് കണ്ടപ്പോള്‍ എന്റെ മനസ്സ് വല്ലാതെ പിടച്ചു പോയി .
ഉമ്മാന്റെ തോളില്‍ കിട്ടുന്ന തട്ടം പിടിച്ചു വാങ്ങി അവന്റെ കാലില്‍ കെട്ടികൊണ്ട് അവനെ പൊക്കിയെടുത്ത് ഞാന്‍ അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി,
വീട്ടില്‍ നിന്ന് പത്ത് മിനിറ്റ് നടന്നാല്‍ " ലത്തീഫ് ഡോക്ടറിന്റെ ആശുപത്രിയും വീടും കൂടിയാണ് ..
അവനെയും കൊണ്ട് ഡോക്ടറിന്റെ മുറിയിലേക്ക് ഞാന്‍ ഓടി കയറി, അവനെ അടുത്തുള്ള ബഡ്ഡിൽ കിടത്തിയപ്പോഴും വേദനകൊണ്ടവൻ നിലവിളിക്കുന്നുണ്ടായിരുന്നു,,
"എന്തു പറ്റിയതാണ്..
ലത്തീഫ് ഡോക്ടറിന്റെ ചോദ്യത്തിന് അണച്ചു കൊണ്ട് ഞാന്‍ എങ്ങനെയൊക്കയോ മറുപടി പറഞ്ഞു ..
മുള്ളു കമ്പിയിൽ കൊണ്ട് കീറിയതാണ് ഡോക്ടര്‍ , ഒരുപാട് ചോര പോയി ,
കെട്ടഴിച്ചപ്പോഴും അവന്റെ കാലില്‍ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു,
"നല്ല മുറിവുണ്ട് സ്റ്റിച്ച് ഇടണം ..
മയക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇവിടെ ഇല്ല ..അതുകൊണ്ട് ഇങ്ങനെ തന്നെ സ്റ്റിച്ച് ഇടാം,
ഡോക്ടറിന്റെ പറച്ചില് കേട്ട് അവന്‍ പേടിച്ച് എന്റെ കൈയില്‍ ഇറുക്കിപ്പിടിച്ചു കൊണ്ട് കരഞ്ഞു..
"ഇക്കാ എനിക്ക് പേടിയാ..ഇക്ക....
എനിക്ക് ഓർമ്മവെച്ച ഇത്രയും കാലത്തിനിടയ്ക്ക് അവൻ ആദ്യമായിട്ടാണ് എന്നെ ഇക്കാന്ന് വിളിക്കുന്നത് "
വേദനകൊണ്ട് കരയുന്ന അവനെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാനും കരഞ്ഞു പോയി ..
പേടിക്കണ്ട മോനെ ..ഇക്ക ഉണ്ടല്ലോ കൂടെ
വേദനിക്കില്ലടാ..മോൻ കരയണ്ട..
സ്റ്റിച്ചിടുന്ന വേദനയിൽ രണ്ടു കൈകൊണ്ടും അവനെന്നെ ഇറുക്കി കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു.,,
അപ്പോഴേക്കും ഉമ്മാ അടുത്തുള്ള തങ്കപ്പൻ ചേട്ടന്റെ ഓട്ടോയുമായി അവിടെ എത്തിയിരിക്കുന്നു ..
ഞാന്‍ അവനെ കെട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ടിട്ടാവും കണ്ണില്‍ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണീരിനൊപ്പം ഉമ്മാന്റെ മുഖത്ത് ഒരു പുഞ്ചിരിയും കണ്ടത് ,
ആശുപത്രിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ 'ലത്തീഫ് ഡോക്ടര്‍ ഉമ്മാനോട് പറഞ്ഞ ആ വാക്ക് ഇന്നും എന്റെ കാതിലുണ്ട്...
"ഈ ചേട്ടന്റെയും അനിയന്റെയും സ്നേഹം കണ്ട് സത്യത്തില്‍ എന്റെ കണ്ണും നിറഞ്ഞു പോയി ...ഇങ്ങനെ രണ്ട് മക്കളെ പെറ്റ ഉമ്മ ഭാഗ്യവതിയാണ്",,
ഇല്ല..പിന്നെ ഒരിക്കലും ഞങ്ങൾ ഉമ്മാന്റെ കണ്ണു നനയിച്ചിട്ടില്ല..
വഴക്ക് കൂടിയിട്ടില്ല,ഉള്ളില്‍ മൂടിവെച്ചിരുന്ന സ്നേഹം പരസ്പരം പങ്കുവെച്ച് ,ഉമ്മ ആഗ്രഹിച്ച മക്കളെപ്പോലെ ഞങ്ങള്‍ മാറിയിരിക്കുന്നു ,,
ഇന്ന് ഈ പ്രവാസലോകത്ത് ജീവിക്കുമ്പോഴും എന്റെ മനസ്സുനിറയെ ഉമ്മായും അവനും ഞങ്ങളുടെ വഴക്കും സ്നേഹവുമെല്ലാം ഇങ്ങനെ നിറഞ്ഞു നിൽക്കുന്നുണ്ട്..
"ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ആ ഉമ്മാന്റെ മകനായി, ആ അനിയന്റെ ഇക്കയായി ..
പുറമേ വഴക്കിട്ട്, ഉള്ളില്‍ മൊത്തം സ്നേഹം നിറച്ച് ..സ്നേഹിച്ച് കൊതി തീരാതെ
"ഒരു ചോരയായി " ജീവിക്കണം..,,,
-അൻഷാദ് ഓച്ചിറ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot