...........................
പുതിയ കോളേജിലെ ആദ്യ ദിവസങ്ങളിലെ ആഹ്ലാദങ്ങളുടെ ക്ലാസിലിരിക്കുമ്പോഴാണ് അവൻ കയറി വന്നത്... ഇത്രയും വലിപ്പമുള്ള ഈ ചെക്കൻ എന്റെ ക്ലാസിലാണോ എന്നാണ് ആദ്യം സംശയിച്ചത്.ആറടിയിലേറെ ഉയരവും അത്യാവശ്യം വണ്ണവും എണ്ണക്കറുപ്പും കരിവീട്ടി പോലെ തോന്നിച്ചു.അടുത്തിരുന്ന കൂട്ടുകാരി കാട്ട്മാക്കാൻ എന്ന് ചെവിയിൽ പറഞ്ഞപ്പോൾ ഞാൻ ചിരിച്ച് കൊണ്ട് അവളുടെ തുടയിലൊരു നുള്ള് കൊടുത്തു.
എല്ലാരോടും ചിരിച്ച് കളിച്ച് ഒരു കിലുക്കാം പെട്ടിയായി നടക്കാനായിരുന്നു പണ്ട് മുതലേ ഇഷ്ടം.. കാട്ടുമാക്കാനോട് സംസാരിച്ചപ്പോൾ തന്നെ നല്ല ഇഷ്ടമായി.. രൂപം പോലല്ല. സൗമ്യവും രസകരവുമായ പെരുമാറ്റം.. ഞങ്ങൾ പെട്ടെന്ന് തന്നെ നല്ല കൂട്ടായി.. കഷ്ടിച്ച് അഞ്ചടി മാത്രം ഉയരമുള്ള എനിക്ക് അവന്റെ മുഖത്തേക്ക് നോക്കി സംസാരിക്കണമെങ്കിൽ മരത്തിൽ നോക്കുന്നത് പോലെ നോക്കണമായിരുന്നു.
ഒരിക്കൽ സീനിയർ ചേച്ചിമാരുമായി ഞങ്ങൾ ഒന്ന് ഉടക്കി.. അന്നവർ ചേട്ടന്മാരുമായി വന്ന് വലിയ പ്രശ്നമായി.. എന്തോ പറഞ്ഞ് വന്ന എന്നെ ഒരു ചേട്ടൻ പിടിച്ചൊന്നു തള്ളി.. വേച്ചു പോയി തട്ടി നിന്നത് കാട്ടമാക്കാനെറ നെഞ്ചിലായിരുന്നു.പിന്നവിടെ നടന്നത് അടിയുടെ പൊടി പൂരമാണ്. സീനിയേഴ്സ് ഏത് വഴിക്കാണ് ഓടിയതെന്ന് കാണാനില്ലായിരുന്നു .
ഒരു ദിവസം കാട്ടുമാക്കാന്റെ പെരുമാറ്റത്തിൽ വല്ലാത്ത പതർച്ച കണ്ടു... അന്നവൻ എന്നോട് അവന്റെ പ്രണയം തുറന്ന് പറഞ്ഞു.ഷോക്കായിപ്പോയ എനിക്ക് പെട്ടെന്ന് തിരിഞ്ഞ് നടക്കാനാണ് തോന്നിയത്.ആ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങൾ എന്തൊക്കെയെന്ന് ശരിയായി മനസ്സിലാക്കാൻ പറ്റിയില്ല.
ഇപ്പോൾ പഴയ പോലെ അവനോട് സംസാരിക്കാൻ പറ്റാറില്ല.. എന്തോ പോലെ.. ഒരു മറുപടിയും കൊടുത്തിട്ടുമില്ല.. എങ്കിലും അറിയാം വോളിബോൾ കോർട്ടുകളിൽ കാണികളെ ഹരത്തിലാക്കി കാട്ടുമാക്കാൻ ചാടി അടിക്കുന്ന സ്പെഷൽ സ്മാഷ് പോലെന്തോ ഒന്ന് എന്നിലും തുളഞ്ഞ് കയറി യിരിക്കുന്നു. കോഴ്സ് കഴിയുമ്പോഴും ഈ ഇഷ്ടം അത് പോലെ ഉണ്ടെങ്കിൽ... കാത്തിരിക്കാം അല്ലെ....
-യൂനുസ് മുഹമ്മദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക