Slider

പ്രവാസിയുടെ അവധി

0

കിടന്നിട്ട് മൂന്നാമത്തെ പ്രാവശ്യമാണ് ഇന്ന് എണീക്കുന്നത്.. ഉറക്കം വരുന്നില്ല.. സമയം രാത്രി രണ്ട് മണി കഴിഞ്ഞിരിക്കുന്നു.. രണ്ട് വർഷത്തെ പ്രവാസത്തിന് ശേഷം നാളെ നാട്ടിലേക്ക്. സ്വപ്ന സാക്ഷാൽകാരത്തിന്.. ഫോണിലൂടെ നെയ്ത് കൂട്ടിയ സ്വപ്നങ്ങൾക്ക് നിറം പകരുവാൻ. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ വീട്ടിൽ ഭാര്യയോട് പോലും അറിയിക്കാതെ ഒരു അവർക്ക് ഒരു സർപ്രൈസ് ആക്കാം എന്ന് കരുതി പോയതിന്റെ ഫലമായി ഒരാഴ്ച പട്ടിണിയിലായിരുന്നു. പ്രകൃതിയുടെ ചില കളികൾ. എന്തായാലും ഇക്കുറി അത്തരമൊരു പരീക്ഷണത്തിന് മുതിർന്നില്ല. അവളോട് കൂടി ആലോചിച്ച് ഒരു തിയ്യതി തീരുമാനിച്ചു..
എങ്ങനെ ഉറങ്ങാൻ കഴിയും. ഫോൺ എടുത്തു റൂമിന് പുറത്തിറങ്ങി. അവളും ഉറങ്ങിയിട്ടുണ്ടാകില്ല.. അര മണിക്കൂർ മുന്നേ വിളിച്ചിരുന്നല്ലോ.. നമ്പർ ഡയൽ ചെയ്തു. ആദ്യത്തെ അടിയിൽ തന്നെ അറ്റൻഡ് ചെയ്തു.. അവളുടെ നനുത്ത ശബ്ദം.. നിങ്ങളും ഉറങ്ങുന്നില്ലേ ഇക്കാ?... കുട്ടി ഉണർന്നുക്കാണ്. ശബ്ദം കേട്ടാൽ അവൻ കരയും.. എന്നാൽ ശരി എന്ന് പറഞ്ഞ് കട്ടാക്കുകായായിരുന്നു..ഞാൻ എങ്ങനെ ഉറങ്ങും..
പുറത്ത് ഹാളിൽ കെട്ടി റെഡിയാക്കി വെച്ചിരിക്കുന്ന പെട്ടിയിലേക്ക് നോക്കി അങ്ങനെ നിന്നു.. നാളെ നാട്ടിലെത്തുന്നു.. ഏതോരു പ്രവാസിയുടെയും സന്തോഷകരമായ ദിവസം.. ഹാൻഡ് ബേഗിൽ മറ്റൊരു ആളുടെ അഡ്രസ്സ് എഴുതി ഭാര്യക്ക് വേണ്ടി വാങ്ങിയ കുറച്ച് സാധനങ്ങൾ അടങ്ങിയ കവർ എടുത്തു.. അതിലേക്ക് നോക്കി അങ്ങനെ നിന്നു... (ആരോഗ്യകരമായ കുടുംബ ജീവിതത്തിന് ഒരു കൂട്ടുകുടുംബത്തിൽ ഇത്തരം ചില പൊടിക്കൈകൾ ഒക്കെ വേണം).. പാവം അവൾക്കും ഇന്ന് ഉറക്കമില്ലാത്ത രാത്രി ആയിരിക്കം.. ഇത്ര കാലം തന്റെ വികാരവിചാരങ്ങളെ അടക്കിവെച്ച് എല്ലാം സഹിച്ച് ജീവിതം തള്ളിനീക്കിയതിന്റെ പ്രതിഫല ദിനങ്ങൾക്ക് വേണ്ടിയുള്ള നിമിഷങ്ങൾ തുടങ്ങുന്ന ദിനം..
ഇത്തവണത്തെ പോക്കിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഞങ്ങളുടെ ജീവിതത്തിലേക്ക് കുറച്ചു വൈകി കടന്നു വന്ന ഭാഗ്യം.. അവനെയും ഞാൻ കണ്ടിട്ടില്ല..ഞങ്ങളുടെ മോൻ.. ഇപ്പോൾ നടക്കാൻ തുടങ്ങിയിരിക്കുന്നു.. അവനെ ഒന്നു കൊഞ്ചിക്കുവാൻ തോളിലേറ്റി നടക്കുവാൻ...
പിന്നെ മറ്റൊരു വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി.. എന്റെ മാലിനിയുടെ വിവാഹം.. അയൽവാസി വാസന്തി ചേച്ചിയുടെ മകൾ ... എന്റെ കളിക്കൂട്ടുകാരി.. ജാതക പൊരുത്തമില്ലാത്തതിന്റെ പേരിൽ നീണ്ടു പോയ കല്യാണം.. അടുത്ത ആഴ്ചയാണ്.. എന്നോട് കൂടി ചോദിച്ചിട്ടായിരുന്നു തിയ്യതി തീരുമാനിച്ചത്.. അവൾ കാരണമാണല്ലോ എനിക്ക് ഇങ്ങനെ ജീവിതം തന്നെ ഉണ്ടായത്. താളം തെറ്റിയ എന്റെ ജീവിതത്തെ നേർ ദിശയിലേക്ക് നയിച്ചവൾ.. മദ്യത്തിന് അടിമയായിരുന്ന എന്നെ, അത് പോലെ പ്രായത്തിന്റെ ചാപല്യത്തിൽ പല കുരുത്തക്കേടുകളും കാണിച്ചിരുന്ന എന്നെ..അവളുടെ സ്നേഹപൂർവ്വമായ ശാസനകളും ഉപദേശങ്ങളും കൊണ്ടും അവസാനം വിസ ശരിയായപ്പോൾ പണം തികയാതെ വന്നപ്പോൾ അവളുടെ ആഭരണങ്ങൾ തന്ന് കൊണ്ടും.. അവളെ കുറിച്ച് ആലോചിക്കുമ്പോൾ എന്നും അത്ഭുതമാണ്.സ്ത്രി എന്ന എന്റെ പല സങ്കൽപങ്ങളെയും പൊളിച്ച് എഴുതിയവൾ.. പ്രണയവും കാമവും ഒന്നുമില്ലാത്ത കലർപ്പില്ലാത്ത സ്നേഹം മാത്രമായിരുന്നു അവളോട് എനിക്ക്.. അന്ന് ഒരു ദിവസം ബസ്സ് പണിമുടക്കുള്ള ഒരു ദിവസം. തിരക്കുള്ള ഒരു ജീപ്പിൽ എന്റെ മടിയിൽ ഇരുന്ന് യാത്ര ചെയ്തിട്ടുണ്ട് അവൾ. അന്ന് പോലും എനിക്ക് യാതൊരു വികാരവിചാരയും തോന്നാത്തതിന്റെ കാരണം... അത് പോലെ പല സന്ദർഭങ്ങളും..പക്ഷെ ഒരിക്കൽ പോലും ഞങ്ങളുടെ ബന്ധത്തിൽ അത്തരം ഒരു ചിന്ത ഉണ്ടായിട്ടില്ല.. ഞങ്ങളെ രണ്ട് പേരെയും ഒരു പാതിരാത്രിയിൽ ഒരുമിച്ച് കണ്ടാൽ പോലും ആരും സംശയിക്കില്ല... അത്രമേൽ ഉറച്ചിട്ടുണ്ട് ആളുകളുടെ മനസ്സിൽ ഞങ്ങളുടെ സ്നേഹ ബന്ധം.പിന്നീട് എന്റെ വിവാഹത്തിന് ശേഷവും ബന്ധം തുടരുന്നു.എന്റെ ഭാര്യക്ക് അവൾ മാലിനി ചേച്ചിയായി... എനിക്ക് ചേച്ചിയാണോ അനിയത്തി ആണോ കൂട്ടുകാരിയാണോ അമ്മയാണോ. എന്ന് ഇത് വരെയും പിടികിട്ടിയിട്ടില്ല.. ഒന്ന് എനിക്ക് ഉറപ്പാണ്. ഇതെല്ലാമാണ് അവൾ എനിക്ക്.. അവൾക്ക് വേണ്ടിയുള്ള ഒരു സമ്മാനവും എന്റ കഴുത്തിൽ ഉണ്ട്... എന്തായാലും കല്യാണങ്ങളുടെ ഓർമ്മകൾ നാടുവിട്ടാൽ എന്നും ഗൃഹാതുരത്വമുണർത്തുന്നതാണ്.പണ്ടൊക്കെ കല്യാണതലേന്ന് എല്ലാവരും ഒരുമിച്ച് ഇരുന്ന് കലപില കൂട്ടി.. പച്ചക്കറി വെട്ടലും തേങ്ങ ചിരകലും ഉള്ളിയുടെ തൊലി കളയലും അങ്ങനെ നൂറു കൂട്ടം പണികൾ.. പിന്നെ ചെക്കന്റെയോ പെണ്ണിന്റെ വീട്ടിലേക്ക്... ജീപ്പിന്റെ പിറകിൽ തൂങ്ങി യുള്ള യാത്രകൾ.. ഉള്ളിൽ സ്ഥലമുണ്ടെങ്കിലും പിന്നിൽ തൂങ്ങും.... അതൊക്കെ ഒരു കാലം.. എല്ലാ കാര്യങ്ങൾക്കും വന്ന മാറ്റങ്ങൾ കല്യാണങ്ങളുടെ നിറവും കെടുത്തിയിരിക്കുന്നു..
കുറച്ച് നേരം എങ്കിലും ഒറങ്ങിയിട്ടില്ലെങ്കിൽ നാളെ പണിയാകും. വീണ്ടും റൂമിലെത്തി.കിടന്നു.. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കിടന്നു.. ഒരു രക്ഷയുമില്ല.. പതിയെ ഒന്നു മയങ്ങി എന്ന് തോന്നുന്നു.. വാതിലിൽ ആരോ മുട്ടുന്നു.. ആരാ ഈ നേരത്ത് എന്ന് ആലോചിച്ച് പോയി തുറന്നു.. പടച്ചവനെ.... പോലീസ്.. വാതിൽ തുറന്നതും രണ്ടു മൂന്നു പേർ അകത്തു കയറി ലൈറ്റ് ഇട്ടു...അരികിലും മുക്കിലും ആയി പരിശോധിച്ചു.റൂമിലുള്ള കൂട്ടുകാരൻ ചാടി എണീറ്റു.. അവന്റെ കട്ടിലിന്റെ ചുവട്ടിൽ നിന്നാണത് കിട്ടിയത്.. പഴയ ഒരു ബ്ലാങ്കറ്റിനുള്ളിൽ ഒളിപ്പിച്ച ചാരായത്തിന്റെ അഞ്ച് കുപ്പികൾ.. കഴിഞ്ഞ ആഴ്ചയാണ് അവൻ ഈ പരിപാടി തുടങ്ങിയത് അറിഞ്ഞത്.അതിന്റെ പേരിൽ വഴക്കിട് റൂം മാറിപ്പോയ കരീം ഇക്ക എന്നോട് പറഞ്ഞിരുന്നത് മനസ്സിൽ ഓടിയെത്തി.പെട്ടെന്ന് റൂം മാറിക്കോ കുടുങ്ങിയാൽ എല്ലാവരും കുടുങ്ങും.. വലിയ പ്രശ്നമായിരിക്കും.. നാട്ടിൽ പോകാൻ ഒരു ആഴ്ച കൂടിയേ ഒള്ളൂ എന്നതിന്റെ പേരിൽ മറ്റൊരു റൂം നോക്കിയതും ഇല്ല..
പോലീസ് വാഹനത്തിൽ ഇരിക്കുമ്പോൾ തന്നെ കൂട്ടിക്കൊണ്ടുവരാൻ എയർപ്പോർട്ടിൽ വരാൻ വേണ്ടി ഒരുങ്ങുന്ന ഭാര്യയുടെ മുഖം. ചിണുങ്ങുന്ന മോൻ.. കല്യാണപ്പെണ്ണ് മാലിനി... അതിന് ഒരുങ്ങുന്ന പന്തൽ.. എല്ലാം ഓർമ്മയിൽ..എന്റെ നിരപരാധിത്വം തെളിയിച്ച് ഇനി എന്ന് നാട്ടിലേക്ക്?...
(അധ്വാനിക്കാതെ പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള ചിലരുടെ പ്രവർത്തി മൂലം നഷ്ടപ്പെടുന്നത് ഇങ്ങനത്തെ നിരപരാധികളുടെ നാട് എന്ന സ്വപ്നങ്ങളാണ്. നാട്ടിൽ അവർക്ക് വേണ്ടപ്പെട്ടവരുടെയും.. ഇപ്പോൾ ഇവിടെ നടക്കുന്ന മദ്യ റെയ്ഡുകളിലെല്ലാം പിടിക്കപ്പെടുന്നത് അധികവും മലയാളികളാണെന്നും അവരെല്ലാം നാട്ടിൽ നല്ല പ്രമാണിമാരോ അല്ലെങ്കിൽ പ്രമാണിമാരുടെ മക്കളോ ഒക്കെയാണെന്നും ചേർത്തു വായിക്കുക...)

By
Mansoor Pmna
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo