Showing posts with label NishinPuthalathodi. Show all posts
Showing posts with label NishinPuthalathodi. Show all posts

#ഒരു_ശിശിരത്തിന്റെ_ഓർമ്മയ്ക്ക്

കഴുത്തിലൂടെ മാറിടങ്ങളെ ചുംബിക്കാനൊഴുകിയ വിയർപ്പുകണങ്ങളെ കിടക്കയിൽ നിന്ന് തെന്നി മാറിയ വിരിയാൽ ഒപ്പിയെടുത്ത് ആ വിരി കൊണ്ട് തന്റെ നഗ്നത മറച്ചുകൊണ്ട്, പഴകി ദ്രവിച്ച ആ ജനാലക്കരികിലേക്ക് അവൾ നടന്നു.
അവനവന്റെ തിരക്കിൽ മുഴുകിയിരിക്കുന്ന പല ഭാഷകളുടെയും സംസ്കാരങ്ങളുടെയും മറ്റൊരു ലോകം ആ ജനാലക്കപ്പുറത്ത് അവൾക്ക് ദൃശ്യമായിരുന്നു. ജനലിലൂടെ ഉള്ളിലേക്ക് വമിക്കുന്ന തണുത്ത കാറ്റ് അലസമായ അവളുടെ കാർകൂന്തലുകളെ തലോടുന്നുണ്ടായിരുന്നു...
കാറ്റിനനുസരിച്ച് തിരിഞ്ഞു നിന്ന്, കട്ടിലിൽ തളർന്ന് കിടന്നുറങ്ങുന്ന ചെറുപ്പക്കാരനിലേക്കായി പിന്നീടവളുടെ ദൃഷ്ടി. ദൃഷ്ടി മാത്രമായിരുന്നില്ല മനസ്സും...
ഇന്നത്തേതടക്കം ഇതെത്രാമത്തെ തവണയാണവൻ മണിക്കൂറുകൾ വില കൊടുത്ത് വാങ്ങി തനിക്കരികിലേക്കെത്തുന്നതെന്നവൾ ആലോചിച്ചു, നിരാശയായിരുന്നു ഫലം. ഒരു പക്ഷെ അവന് കൃത്യമായ ഓർമ്മയുണ്ടായിരുന്നിരിക്കണം. അവൾ ഓർത്തു...
തണുത്ത ഒരു ഡിസംബർ മാസത്തിലാണ് ആരോ പറഞ്ഞു കേട്ടത് പ്രണയിക്കാൻ ഒരു പെൺകുട്ടിയെ തിരഞ്ഞ് ഒരു ചെറുപ്പക്കാരൻ വന്നിരുന്നുവെന്ന്... പറഞ്ഞവരുടേയും കേട്ടവരുടേയും വാക്കുകളിലും നോട്ടങ്ങളിലും പരിഹാസവും പുച്ഛവും കൂടി കലർന്ന ഒരു ഭാവമായിരുന്നു അന്നേരം. എന്തിന്, ഏതോ ഭ്രാന്തന്റെ ഭ്രാന്തൻ ചിന്തകളായായിരുന്നു താനും അതിനെ സ്വീകരിച്ചത്... അല്ലെങ്കിൽ ആരെങ്കിലും പ്രണയിക്കാൻ ഒരു വേശ്യാലയം തിരഞ്ഞെടുക്കുമോ??
പിന്നീടുള്ള ഓരോ ദിവസവും ഓരോ വാതിലുകൾ വീതം അവനു മുന്നിൽ തുറക്കപ്പെട്ടു... കാലമന്നുവരെ ഒരുപാട് പേർക്ക് മുന്നിൽ മടിക്കുത്തഴിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരു ഭ്രാന്തനു മുന്നിൽ കീഴ്പ്പെടേണ്ടി വരുന്നതിലുള്ള ആധിയാവാം ഓരോ വാതിലുകൾ തുറന്നടയുമ്പോഴും എന്റെ ഹൃദയമിടിപ്പും വല്ലാതെ കൂട്ടിക്കൊണ്ടിരുന്നത്....
ഇവിടുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ ഒരു നേരമ്പോക്കായിരുന്നു അവൻ. ആ കൂട്ടത്തിൽ തുറന്നടയപ്പെട്ട ഏതോ വാതിലിനുടമ വിളിച്ചു പറഞ്ഞു കേട്ടു ''അവനൊരു ഭ്രാന്തനാണെന്ന് '', പക്ഷെ എന്റെ ചിന്തകളെ തകിടം മറച്ചുകൊണ്ടാണവർ അതിനെ വിശദീകരിച്ചത്,
''ഇന്നേ വരെ നോട്ടം കൊണ്ട് പോലും അവനാരുടേയും മടിക്കുത്തഴിച്ചിട്ടില്ലത്രേ...''
അതെന്നിൽ കൗതകം നിറച്ചു. പിന്നീടുള്ള ദിനങ്ങളിൽ ആദ്യമുണ്ടായിരുന്ന ആധി ആകാംക്ഷക്കും കാത്തിരിപ്പിനും വഴിവച്ചു...
അധികം വൈകാതെ തന്നെ എന്റെ വാതിലും അവനു വേണ്ടി തുറക്കപ്പെട്ടു. ആദ്യ ദർശനം എങ്കിലും ചിരപരിചിതനെപ്പോലെ പുഞ്ചിരിച്ച് കൊണ്ട് അവൻ കട്ടിലിൽ വന്നിരുന്നു.
എത്രത്തോളം സൗമ്യത അവനിൽ നിറഞ്ഞിരുന്നോ അത്രത്തോളം പ്രക്ഷുബ്ദമായിരുന്നു എന്റെ മനസ്സും, അവനെ പറ്റി പല മുൻവിധികളും മനസ്സിൽ കുറിച്ച് വച്ച് ഞാൻ സ്വയം ഒരു അഗ്നിപർവ്വതമായി മാറിയിരുന്നു. അത് തിരിച്ചറിഞ്ഞിട്ടായിരിക്കണം മൗനം ഭേദിച്ച് അവൻ പറഞ്ഞു
" താൻ ഇരിക്കൂ.. "
കട്ടിലിന്റെ ഒരു വശത്ത് ഞാൻ ചെന്നിരുന്നപ്പോൾ ഒരു പുഞ്ചിരി നൽകി കൊണ്ട് ജനാലക്കരികിലേക്കവൻ എഴുന്നേറ്റു നടന്നു..
''എന്തൊരു തിരക്ക് പിടിച്ച ലോകം, അല്ലെ..."
പുറത്തെ തെരുവിലേക്ക് നോക്കികൊണ്ട് അവൻ പറഞ്ഞു...
"ഇവരെല്ലാം ഏതൊക്കെ നാട്ടുകാർ ആയിരിക്കും? ഏത് ഭാഷക്കാർ ആയിരിക്കും? പക്ഷെ അവനവന് വേണ്ടി ഇതെല്ലാം മറന്ന് അലയുകയല്ലേ ഇവർ...." അവൻ പറഞ്ഞു നിർത്തി...
ആ ജനലിനപ്പുറത്ത് അങ്ങനൊരു ലോകം അന്നാദ്യമായി ഞാൻ ശ്രദ്ധിച്ചു... ഇത്രയും കാലം ഈ മുറിയിൽ കഴിഞ്ഞിട്ടും അതൊന്നും ശ്രദ്ധിച്ചിട്ടില്ലായിരുന്നു.... ഞാൻ കാണാത്തത് കാണാനായിരുന്നു അവനേറെയിഷ്ടം...
"പ്രണയിക്കാൻ എന്തിനാ ഇവിടേക്ക് വന്നത്??"
കട്ടിലിൽ എന്റെ കണ്ണിൽ നോക്കി ഇരിക്കുമ്പോൾ ഞാനവനോട് ചോദിച്ചു. ഒരു മന്ദഹാസം ആയിരുന്നു എനിക്കുള്ള മറുപടി.. അതിനു മാത്രമല്ല എന്റെ പല ചോദ്യങ്ങക്കുമുള്ള ഉത്തരം അവനൊരു മന്ദഹാസത്തിലേക്ക് ചുരുക്കിയിരുന്നു...
ഏറെ നേരം എന്റെ കൂടെ ഈ മുറിയിൽ ചിലവിട്ടിട്ടും എന്റെ വിരൽ തുമ്പ് പോലും സ്പർശിക്കാതെ തിരിച്ചു പോവാനൊരുങ്ങവെ ഞാനവനോട് ചോദിച്ചു:
" കാമം തീർക്കാനല്ലെങ്കിൽ പിന്നെന്തിനിത്രയും പണം മുടക്കിയീ ഭ്രാന്ത്? ഞാനിവിടെ എത്തപ്പെട്ട കഥയറിയണോ ?? അല്ല, അതിന് വേണ്ടിയും ചിലർ വരാറുണ്ട്...."
'' ഇത്ര നേരത്തിനിടക്ക് ഞാൻ തന്റെ പേര് പോലും ചോദിച്ചിട്ടില്ല, പിന്നെന്തിനാണെനിക്ക് നിന്റെ കഥ... ഞാനൊരു മനസ്സ് തേടി വന്നതാണ്, അതെനിക്കിവിടുന്ന് കിട്ടി... " ഇത്രയും പറഞ്ഞ് ഒരു പുഞ്ചിരിയും തന്ന് അവനിറങ്ങിപ്പോയി... മരത്തിന്റെ പഴയ കോണിപ്പടികളിലൂടെ അവനിറങ്ങിപ്പോയ ശബ്ദം പയ്യെ എവിടെയോ പോയി നിലച്ചു...
കൗതുകവും പരവേശവും കൂടികലർന്ന ഒരു പ്രത്യേക മനസികവസ്ഥയിലേക്ക് എന്നെ തള്ളി വിട്ടിട്ടായിരുന്നു അവൻ അന്ന് പോയത്...
പിന്നീടൊട്ടുമിക്ക ദിവസങ്ങളിലും രാവെന്നോ പകലെന്നോ ഇല്ലാതെ അവൻ ഇവിടെ വന്നിരുന്നു, ആ പുഞ്ചിരി എനിക്ക് സമ്മാനിക്കാനായി മാത്രം..
ആരെയും മയക്കുന്ന ഒരു ലഹരിയുണ്ടായിരുന്നു അവന്റെ ആ പുഞ്ചിരിക്ക്, വീണ്ടും വീണ്ടും അവന്റെ ചിന്തകൾ എന്നിലുണർത്തിയ വശ്യമായ ഒരു പുഞ്ചിരി...
എന്റെ മനസ്സ് പലപ്പോഴും നിഘൂടതകളുടെ മറ പറ്റി മാത്രം അവനെ പറ്റി ചിന്തിച്ചു. പക്ഷെ ഓരോ വരവിലും പഴയ നിഘൂടതകളെല്ലാം മായിച്ച് പുതിയവക്ക് തിരിതെളിച്ചിട്ടവൻ പോകും... എത്ര മണൽ തരിയെ കവർന്നിട്ടും തീരം അതേ പോലെ കാത്തുസൂക്ഷിക്കുന്ന തിരമാലയെ പോലെ...
തരിശായി കിടന്നിരുന്ന എന്റെ മനസ്സിൽ പ്രണയത്തിന്റെ വിത്ത് പാകി അതിനെ പരിപോഷിപ്പിക്കലായിരുന്നു അവന്റെ ആഗമനോദ്ദേശം എന്ന് ഞാൻ തിരിച്ചറിയുമ്പോഴേക്കും അവനെന്ന പ്രണയം എന്നിൽ വേരുറപ്പിച്ചിരുന്നു, ആരാലും നുള്ളിക്കളയാനാവാത്ത വിധം...
ഗർഭവതിയിൽ ഗർഭകാല ചേഷ്ടകൾ എന്ന പോലെ ഒരു പ്രണയിനിയിലേക്ക് ചുരുങ്ങിയ എന്നിൽ പ്രണയചേഷ്ടകളും പ്രകടമായി തുടങ്ങിയിരുന്നു... തിരക്കേറിയ ആ നഗരവീഥിയിൽ രാവെന്നോ പകലെന്നോ ഇല്ലാതെ നൈമിഷികമായി മാറി കൊണ്ടിരിക്കുന്ന വദനങ്ങളിൽ ഞാനവനെ തിരഞ്ഞു തുടങ്ങി. എന്തിന്, അവന്റേതെന്ന് തോന്നിപ്പിക്കുന്ന നിഴലുകൾ പോലും എന്നിൽ ഒരു പരവേശത്തിന് വഴിവച്ചു...
പ്രണയാർദ്രമായ ഒരു പുലർവേളയിൽ അവനെനിക്കൊരു കഥ പറഞ്ഞു തന്നു, വാനോളം സ്നേഹിച്ച പുരുഷനെ മറന്ന് തൊലിവെളുപ്പും പണവുമുള്ള മറ്റൊരുത്തന്റെ കൂടെ പോയ ഭാര്യയുടെ കഥ. ഭാര്യ ചതിച്ചുപ്പോയ ആ കഥാനയകന് അവന്റെ മുഖഛായ ഉണ്ടായിരുന്നു...
കുളിച്ചീറനുടുത്ത് വന്ന് കണ്ണാടിയിൽ നോക്കി എന്റെ കണ്ണുകൾ കണ്ട് എന്റെ മനസ്സ് ആ സായാഹ്നത്തിലേക്ക് വീണ്ടും സഞ്ചരിച്ചു, അന്ന് ആ ദിനത്തിൽ അവൻ പോവാനിറങ്ങവെ ഞാനവനോട് ചോദിച്ചു;
"നിന്റെ പ്രണയത്തിനർഹയാവാൻ മാത്രം എന്റെ മനസ്സിനെന്ത് പ്രത്യേകതയാണുള്ളത്??"
പതിവ് പുഞ്ചിരിയുടെ അകമ്പടിയോടെ അവൻ പറഞ്ഞു:
"ഒരുപാട് വിഷമങ്ങളാലും സങ്കടങ്ങളാലും വീർപ്പുമുട്ടുന്ന നിഷ്കളങ്കമായ മനസ്സാണ് നിന്റേത്... അങ്ങനെയുള്ളവരെ സ്നേഹിച്ചാൽ ആ സ്നേഹം നൂരിരട്ടിയായി തിരിച്ചും കിട്ടും, പലരും ദുരു:പയോഗിക്കുന്നതും അതാണ്.. തിരിച്ച് കിട്ടും എന്ന് പ്രതീക്ഷിച്ച് ഒന്നും ചെയ്യരുതെന്നാണ് പറയാറ്, പക്ഷെ സ്നേഹത്തിന്റെ കാര്യത്തിൽ അത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം... തിരിച്ച് കിട്ടിയില്ലെങ്കിൽ പിന്നെ സ്നേഹത്തിനെന്ത് വില, അല്ലെ...''
നിശബ്ദമായ ഒരു പുഞ്ചിരി എന്നിൽ വിടർത്താൻ ഞാൻ ശ്രമിച്ചുകൊണ്ടു ഞാൻ വീണ്ടും ചോദിച്ചു;
"എനിക്ക് സങ്കടങ്ങളും വിഷമങ്ങളും ഉണ്ടെന്ന് തനിക്കെങ്ങനെ മനസ്സിലായി??"
ഒരുവേള നിശ്ശബ്ദതമായി ബാക്കി വച്ച് അവൻ പറഞ്ഞു
" നിഷ്കളങ്കമായ കണ്ണിൽ നോക്കിയാൽ മനസ്സിനെ അറിയാം... "
ഒരാളിൽ പ്രണയം ജനിപ്പിക്കുവാൻ മാത്രം ഒന്നും എന്റെയീ കണ്ണുകളിൽ ഞാൻ കാണുന്നില്ല... പക്ഷേ ഈ കണ്ണുകളിൽ ഞാനിന്ന് പ്രണയം കാണുന്നു, അവനോടുള്ള പ്രണയം...
കോരിച്ചൊരിയുന്ന മഴയും കൊണ്ടാണ് ഇന്നവൻ കയറി വന്നത്. തുറന്നിട്ട ജനാലയിലൂടെ ഉള്ളിലേക്ക് വരുന്ന തണുത്ത കാറ്റിന്റെ ആലിംഗനമേറ്റ് ഏതോ ഒരു മായികലോകത്ത് നിൽക്കുകയായിരുന്നു അന്നേരം ഞാൻ...
മഴ നനഞ്ഞു വന്നതിന് ശകാരിച്ച് കൊണ്ട് സാരിത്തുമ്പ് കൊണ്ടവന്റെ തല തോർത്തി കൊടുക്കുമ്പോൾ അവന്റെ ഭാര്യയിൽ നിന്നവൻ കൊതിച്ച സ്നേഹവും കരുതലും എന്നിൽ നിന്ന് കിട്ടുന്നത് കണ്ടിട്ടാവാം അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
ഇവനെ പോലെ സ്നേഹിക്കാൻ മാത്രമറിയുന്ന പുരുഷനെ മറന്ന് മറ്റൊരുത്തന്റെ കൂടെ പോയതിന് എനിക്കവളോട് സഹതാപം തോന്നി...
മഴയുടെ തണുപ്പിൽ അവന്റെ സാമീപ്യം എനിക്കൊരു ആശ്വാസമായിരുന്നു, തിരിച്ചവനും. ചേർന്നു നിന്ന് തണുപ്പകറ്റുമ്പോൾ ചുടുനിശ്വാസങ്ങൾ ഞങ്ങളുടെ രക്തത്തിനും ചൂട് പിടിപ്പിച്ചു... അവന്റെ സ്പർശനങ്ങൾ എന്നെ വികാരപരവശയാക്കി... ബന്ധനങ്ങളെല്ലാം കാറ്റിൽ പറത്തി ഇരുമെയ്യും ഒന്നായി... കിനിഞ്ഞിറങ്ങിയ വിയർപ്പുതുള്ളികൾ വരെ തമ്മിൽ പുണർന്നു. ഇടക്കുയർന്ന ശീൽക്കാരത്തിനും പ്രണയത്തിന്റെ ശബ്ദമായിരുന്നു.
തളർന്നുവീഴുമ്പോൾ ഞാനവനിൽ കണ്ട പുഞ്ചിരിയെ എങ്ങനെ വിവരിക്കണമെന്നറിയില്ല, സംതൃപ്തിയുടേയോ? അതോ സന്തോഷത്തിന്റെയോ? അതോ ഇനി പ്രണയത്തിന്റെയോ? ആവോ...
പക്ഷെ എന്നിൽ ഒരൊറ്റ ഭാവമേ ഉണ്ടായിരുന്നുള്ളൂ, കുറ്റബോധത്തിന്റെ...
കട്ടിലിലെ ഒരു ഞരക്കം എന്റെ ശ്രദ്ധ അങ്ങോട്ട് തിരിച്ചു. വിറക്കുന്ന കൈകളും വർദ്ധിച്ച ഹൃദയമിടിപ്പുമുള്ള അവന്റെ ചുണ്ടുകളിൽ ആ സ്ഥിരം പുഞ്ചിരി ഇപ്പോളില്ല, മറിച്ച് ആ പുഞ്ചിരിയെ മറച്ചുകൊണ്ട് കിനിയുന്ന രക്തത്തിന് മരണത്തിന്റെ നിറമാണ്. അറിഞ്ഞു കൊണ്ട് ഞാൻ ചെയ്ത തെറ്റിനുള്ള എന്റെ പ്രായശ്ചിത്തം, അവന്റെ മരണം... എന്നിൽ നിന്നവനിലേക്കൂർന്നിറങ്ങിയ മാറാ രോഗത്തിൽ നിന്നും അവനുള്ള രക്ഷ...
അവന്റെ വായിലേക്ക് സ്നേഹത്തിൽ ചാലിച്ചൊഴിച്ച് കൊടുത്ത വിഷത്തിന്റെ കുപ്പി എന്റെ കൈകളിൽ ഭദ്രമായിരുന്നു. അവസാന ശ്വാസം അവനിൽനിന്നൂർന്ന് പോവുന്നതും നോക്കി ക്രൂരമായി ചിരിച്ച എന്റെ മൂക്കിൽ നിന്നും രക്തം പൊടിഞ്ഞ് തുടങ്ങിയിരുന്നു.
"അവനില്ലാതെയിനി ഞാനില്ലല്ലോ... അവനിലാണല്ലോ ഞാൻ, എന്നിലവനും...!!!"

പെണ്ണ്കാണൽ


പെണ്ണ്കാണൽ

"ഈ പെണ്ണ് കാണൽ ഇത്ര കുഴപ്പം പിടിച്ച ഏർപ്പാടായിരുന്നോ??"
ചില്ലുജാലകത്തിലൂടെ മുറിയിലേക്ക് പടരുന്ന പ്രഭാതത്തിന്റെ ഊഷ്മളത ഏറ്റുവാങ്ങി ഒരു ദിനം തുടങ്ങാം എന്ന എന്റെ ആഗ്രഹങ്ങൾക്കു മീതെ ചൂടുവെള്ളം ഒഴിച്ച പോലെയാണ് അന്ന് ഏട്ടന്റെയും അമ്മയുടേയും ശബ്ദം എന്റെ ഉറക്കത്തിനു ഭംഗം വരുത്തി എന്റെ കാതുകളിൽ കയറിയത്...
"ഇനി അവന്റൊപ്പം പെണ്ണ് കാണാൻ പോവാനോ? ഞാനോ? അതിനിനി വേറെ ആളെ നോക്കിയാ മതി... "
"എടാ അവൻ നിന്റനിയനല്ലെ? നീയല്ലാതെ വേറാരാ അവന്റെ കൂടെ പോവ്വാ?? "
"അനിയൻ...! എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട... ആളെ നാണം കെടുത്താനായിട്ട് ഉണ്ടായ ഒരു സാധനം... "
''എടാ അതിനു മാത്രം എന്താ പ്രശ്നം?? ഗൾഫിൽ നല്ല ജോലിയില്ലേ , നല്ല സൗന്ദര്യവും തറവാട്ട് മഹിമയും ഇല്ലേ?? "
''ഒക്കെ ഉണ്ട്, എല്ലാത്തിനും പുറമേ രണ്ട് മീറ്റർ നീളം കൂടുതൽ ഉള്ള ഒരു നാക്കും ഉണ്ട് അത് അമ്മ വിട്ട് പോവണ്ട, അതാണ് പ്രശ്നവും."
സംഭവം പെട്ടന്ന് പിടികിട്ടി, ഇന്നെവിടെയോ ഒരു ചായ കുടിക്കാൻ പോവാൻ ണ്ട് (പെണ്ണ് കാണാൻ)... ഏട്ടൻ കൂടെ വരില്ല എന്നാണ് പറയണേ... എന്നാലും എന്റെ നാവ് എന്ത് പിഴച്ചിട്ടാ??
"ഓനോട് ചോദിച്ച് നോക്ക് എന്താ ഇന്നലെ ഉണ്ടായെ എന്ന്? ഇവളെ കെട്ടുന്നതിന് മുന്നേ ഞാനും കൊറേ പെണ്ണ് കാണാൻ പോയതാ, പക്ഷെ ഇത് വരെ അങ്ങനെ ഒന്ന് ഉണ്ടായില്ല.. "
വീണ്ടും ഏട്ടൻ തന്നെയാ, പക്ഷെ അതിൽന്ന് രണ്ട് കാര്യം മനസ്സിലായി. ഒന്ന് ഏട്ടത്തിയും ഉണ്ട് ഹാളിൽ, രണ്ട് ഇന്നലത്തെ പെണ്ണ് കാണലാണ് പ്രശ്നകേന്ദ്രം...
രണ്ട് കൊല്ലം മുന്നേ തരക്കേടില്ലാത്ത ഒരു ജോലിയുമായി പ്രവാസ ലോകത്തേക്ക് കുടിയേറിയിട്ട് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഞാൻ നാട്ടിൽ കാല് കുത്തുന്നത്. അന്ന് തൊടങ്ങീതാ അമ്മക്കെന്നെ കെട്ടിക്കാഞ്ഞിട്ടുള്ള സൂക്കേട്. അമ്മേടെ ഊര വേദന, ഏട്ടത്തീടെ പ്രസവം, എല്ലാം കാരണങ്ങളുടെ നിരയിലേക്ക് അമ്മ നിരത്തി വച്ചു.. വേറെ നിവൃത്തി ഒന്നും ഇല്ലാത്തതോണ്ടും, ഇനിയും ഒഴിവ് കഴിവ് പറഞ്ഞാൽ അമ്മ പതിനെട്ടാമത്തെ അടവായിട്ട് കണ്ണീരൊലിപ്പിക്കാൻ തുടങ്ങും എന്നറിയാവുന്ന കൊണ്ടും ഞാൻ സമ്മതം മൂളി. പിറ്റേന്ന് രാവിലെ തൊട്ട് അമ്മേം ഏടത്തിയും ഒരോ ആലോചനയും ഫോട്ടോയും കൊണ്ട് വരും, അതിൽ തരക്കേടില്ലാത്തത് നോക്കി ഞങ്ങൾ പോയി കാണും. ഇതായിരുന്നു പരുപാടി, അഞ്ചെണ്ണം കണ്ടു, അഞ്ച് പേർക്കും പ്രവാസിയേ പറ്റൂലാ ഗവൺമെന്റ് ജോലിക്കാരയേ പറ്റൂന്ന്...
അങ്ങനെയാണ് ഇന്നലെ ഒരു വീട്ടിൽ പോയത്.
അത്യാവശ്യം തരക്കേടില്ലാത്ത ഒരു വീട്. വണ്ടി ചെന്ന് നിന്നതും ഒന്ന് രണ്ട് പേർ മുറ്റത്തേക്കിറങ്ങി വന്നു. വളരെ മര്യാദയോടെ അവർ ഞങ്ങളെ അകത്തേക്ക് ആനയിച്ചു. പതിവു പോലെ ഞാനിരുന്ന് വിയർക്കാൻ തുടങ്ങി.
''വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ??"
അമ്മാവനെന്ന് തോന്നിക്കുന്നൊരാൾ പെണ്ണുകാണലിലെ ആ സ്ഥിരം ക്ലീഷെ ഡയലോഗ് ചോദിച്ചു.
"ഏയ് ചെറുതായിട്ട്, അത് സാരമില്ല "
ക്ലീഷെ മറുപടി ഏട്ടനും കൊടുത്തു...
പിന്നേയും അവരെന്തൊക്കെയോ പറഞ്ഞു, അതിൽ അയലത്തെ വീട്ടിലെ വളർത്തുനായ വരെ വിഷയമായതു പോലെ എനിക്ക് തോന്നി.
'' എന്നാ പിന്നെ കുട്ടിയെ വിളിക്കാം ല്ലെ??"
ഏട്ടനാണ് പറഞ്ഞത്, നന്ദി ഭാവത്തിൽ ഞാനൊന്ന് ഏട്ടനെ നോക്കി. പിന്നീടെന്റെ നോട്ടം അടുക്കളയുടെ വാതിൽക്കലേക്കായി. മന്ദം മന്ദം ആ കർട്ടണു പിന്നിൽ നിന്ന് കടുംനീല ചുരിദാർ ധരിച്ച ഒരു സ്ത്രീ രൂപം പുറത്തേക്ക് വന്നു. പതിയെ എന്റെ കണ്ണുകൾ അവളുടെ മുഖത്തേക്ക് പറിച്ചു നടപ്പെട്ടു. നല്ല വെളുത്ത് തുടുത്ത് ഒരു സുന്ദരി പക്ഷെ മുഖത്തേയും ചുണ്ടുകളിലേയും അനാവശ്യ ചായക്കൂട്ടുകളും മറ്റും ആ സൗന്ദര്യത്തിൽ ഒരു കൃത്രിമത്വം തോന്നിപ്പിച്ചു... നീട്ടി വളർത്തിയ നെയിൽ പോളിഷ് ഇട്ട അവളുടെ നഖങ്ങളിൽ ഞാൻ ആകൃഷ്ടനായെങ്കിലും, ചായ ഗ്ലാസ്സ് നീട്ടുന്നതിനിടയിൽ അതേ നഖങ്ങൾ അവൾക്കും ഗ്ലാസ്സിനുമിടയിൽ തീർത്ത അസ്വാരസ്യങ്ങൾ വീട്ടുജോലികളുമായും പാത്രങ്ങളുമായും അവൾക്കുള്ള അപരിചിതത്വം എനിക്ക് വെളിപ്പെടുത്തി തന്നു...
"കുട്ടികൾക്കെന്തെങ്കിലും പറയാനുണ്ടെങ്കിൻ ആ മുറിലേക്ക് ചെല്ലാം.. " വലതുവശത്തെ ഒരു മുറിയിലേക്ക് വിരൽ ചൂണ്ടി അമ്മാവൻ പറഞ്ഞു.
നെറ്റിയിലെ വിയർപ്പുതുള്ളികൾ തൂവാല കൊണ്ടൊപ്പിയെടുത്ത് ഞാൻ ആ മുറിയിലേക്ക് നടന്നു.
എന്നെ പോലെ തന്നെ ഒരു പരിഭ്രമം ആ കുട്ടിയിലും ഞാൻ കണ്ടു.
"എന്താ പേര് ?? "
" ശിൽപ.."
"എന്ത് ചെയ്യുന്നു??"
"ഡിഗ്രീ കഴിഞ്ഞു, ഇപ്പൊ ഒന്നും ചെയ്യുന്നില്ല..."
പിന്നെയും വെറുതെ എന്തൊക്കെയോ സംസാരിച്ച് ഞാൻ ഹാളിലെ സോഫയിൽ എന്റെ പഴയ സ്ഥാനം തിരിച്ച് പിടിച്ചു...
"പയ്യൻ എന്ത് ചെയ്യുന്നൂ എന്നാ പറഞ്ഞേ?"
" ഞാൻ ഗൾഫിൽ ആണ്, അവിടെ ഒരു കമ്പനിയിൽ ആർക്കിട്ടക്റ്റ് ആണ്."
"ഓ.. അത് പിന്നെ, ഞങ്ങൾ ഗവണ്മെന്റ ജോലിക്കാരെയാണ് നോക്കുന്നേ, ഗൾഫുകാരൊന്നും ശരിയാവില്ല... ക്ഷമിക്കണം..."
എന്നെ സംബന്ധിച്ച് ആ പ്രതികരണം ഒരു പ്രശ്നമേയല്ലായിരുന്നു, പക്ഷെ ഇതടക്കം ആറ് വീട്ടിൽ നിന്നും കിട്ടിയ മറുപടി എന്നിലെ പ്രവാസിയുടെ മനസ്സിൽ ഒരു കൊള്ളിയാൻ പോലെ മറഞ്ഞു.
" സാറ് ഗൾഫിൽ ആയിരുന്നില്ലേ ??" വിനീതനായി തന്നെ ഞാൻ ചോദിച്ചു.
"അതെ, അഞ്ച് വർഷം മുൻപ് വരെ, ഇപ്പോ ഇവിടെ അല്ലറ ചില്ലറ ബിസിനസ്സൊക്കെയായിട്ട് അങ്ങ് പോണൂ... എന്തേ ?? "
" അല്ല, ഒന്നൂല്യ, സാറിന് ഗവ: ജോലി ഇല്ലാത്തോണ്ടും ഗൾഫിൽ ആയിരുന്നകൊണ്ടും വളരെ കഷ്ടപ്പെട്ടാണ് ല്ലേ ങ്ങൾ ജീവിക്കുന്നേ... "
അടുക്കള വാതിൽക്കൽ നിൽക്കുന്ന പെണ്ണിനോടും അവളുടെ അമ്മയോടും ആയി ഞാൻ ചോദിച്ചു. അവരൊന്നാകെ അന്ധാളിച്ച് നിക്കുന്നത് കണ്ടിട്ടാണ് ഞാൻ പയ്യെ പെണ്ണിന്റച്ഛനെയും അമ്മാവനേയും നോക്കിയത്. അവരും അതേ അവസ്ഥയിലാണ്.
അത്രേം നേരം വിനീതകുലീനനായി ഇരുന്നിരുന്ന എന്നിൽ നിന്നും ഇങ്ങനൊരു ചോദ്യം അവർ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
''ഞങ്ങൾ ആണുങ്ങൾ കൂലിപ്പണി എടുത്തിട്ടാണേലും കെട്ടിയ പെണ്ണിനെ പട്ടിണിക്കിടാതെ പോറ്റും, പിന്നെ പ്രവാസികൾക്കെന്താ പ്രശ്നം?? ഞങ്ങൾ അവിടെ കിടന്ന് രാപ്പകലില്ലാതെ അദ്വാനിക്കുന്നതിന്റെ ഫലമാണ് ഈ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ.. നാടിനും വീടിനും വേണ്ടിയാണ് സ്വന്തം സുഖവും സന്തോഷവും മറന്ന് അവിടെ പോയി കഷ്ടപ്പെടുന്നത്, സാറിന് അറിയായിരിക്കുമല്ലോ ല്ലേ... എന്ത് ജോലിയാണെങ്കിലും അതിന് അതിന്റേതായ മഹത്വം ഉണ്ട്, അതോണ്ട് ആരേയും ജോലിയുടെ പേരും പറഞ്ഞ് തള്ളിക്കളയരുത്.... അപ്പോ എല്ലാം പറഞ്ഞ പോലെ ഞങ്ങളിറങ്ങുവാ..."
ഇത്രയും അവരുടെ മുഖത്ത് നോക്കി പറഞ്ഞപ്പോ എന്തോ ഒരു ആശ്വാസം, മൂന്നാല് ദിവസായിട്ട് കൊണ്ട് നടക്കണ ഒരു ഭാരം ഇറക്കി വച്ച പോലെ...
അന്തം വിട്ട് നിക്കണ ഏട്ടനേയും 'എടാ ഭയങ്കരാ' എന്ന ഭാവത്തിൽ എന്നെ നോക്കി നിക്കുന്ന കൂട്ടുകാരനേയും പിടിച്ച് വലിച്ച് അവിടന്ന് ഇറങ്ങി പട ജയിച്ച ചേകവരെ പോലെ കാറിലേക്ക് കയറുമ്പോ ഞാൻ കണ്ടു ആ വാതിൽക്കൽ എന്താ ഇപ്പോ സംഭവിച്ചേ എന്ന് ആലോചിച്ച് നിൽക്കുന്ന കുറച്ച് നിഴലുകളെ...
കാറിൽ വച്ച് എന്തൊക്കെയോ ഏട്ടൻ പറഞ്ഞപ്പോ അത് കേട്ട് ഒരു ഉളുപ്പില്ലാതെ എന്റെ കൂട്ടുകാരൻ ചിരിച്ച് തകർത്തപ്പോൾ ഞാനും ഒന്ന് അവന്റെ കൂടെ കൂടി ആ പെണ്ണ് കാണൽ കൂടെ പൊളിഞ്ഞത് ഒന്ന് ആഘോഷിച്ചു...
ഇത്രയേ ഇന്നലെ ഉണ്ടായുള്ളൂ... അതിനാണ് ഈ ഏട്ടൻ ഇങ്ങനെ കടന്ന് തുള്ളണെ...
എന്തായാലും ഇനീം അവിടെ കിടന്നാൽ ശരിയാവൂല എന്നുള്ളത് കൊണ്ട് ഞാൻ മെല്ലെ എണീറ്റ് എന്റെ പണിയൊക്കെ തീർത്ത് ഉമ്മറത്ത് പോയിരുന്നു...
"ചെറിയമ്മാവൻ ഒരു ആലോചനയുടെ കാര്യം പറഞ്ഞിനി.. വൈകീട്ട് മാമൻ വരും.. നിങ്ങൾ മൂന്ന് പേരും കൂടെ ഒന്ന് പോയി കണ്ടേച്ചു വാ.." ഉമ്മറത്തേക്ക് കാലെടുത്തുവച്ച ഏട്ടനോടും എന്നോടും കൂടെ ഇതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് തന്നെ പോയി... അമ്മേടെ കയ്യിലെ ചൂൽ കണ്ടിട്ടോ എന്തോ ഇപ്പൊ ഏട്ടനും ഒന്നും പറഞ്ഞില്ല.. അല്ലേലും ഏട്ടൻ ഇങ്ങനാ, എന്തേലും പറഞ്ഞ്‌ ആദ്യം ഉടക്കിയാലും കാര്യത്തോടടുക്കുമ്പോ മുന്നിൽ തന്നെ ഉണ്ടാവും...
വൈകുന്നേരം ഒരു നാല് നാലേകാൽ ആവുമ്പോഴേക്കും അമ്മാവനും എത്തിയിരുന്നു. ആവശ്യമില്ലാതെ അവിടന്ന് വാ തുറക്കരുതെന്ന ഉപദേശത്തോടെ ഏട്ടൻ വണ്ടി എടുത്തു...
കൃത്യം അഞ്ച് മണിക്ക് ഞങ്ങൾ അവിടെ എത്തി. ഒരു കൊച്ച് വീട്, പക്ഷെ അത് ആരുടേയും മനസ്സ് കവരാൻ വണ്ണം മനോഹരമായിരുന്നു...
കുട്ടിയുടെ അച്ഛനെന്ന് തോന്നിക്കുന്ന ഒരാൾ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.. നന്നേ ക്ഷീണിച്ചിരിക്കുന്നു അദ്ദേഹം... റെയിൽവേയിലോ മറ്റോ ആയിരുന്നെന്ന് നേരത്തെ ആരോ പറഞ്ഞിരുന്നു... ഇത്രയും കാലം ഉണ്ടായിരുന്ന ഒരു പരിഭ്രാന്തി ഇന്നെന്നെ വിട്ടു പോയിരിക്കുന്നു... പതിവ് സംഭാഷണങ്ങൾക്ക് ശേഷം അവർ കുട്ടിയെ വിളിച്ചു.
മെലിഞ്ഞ് ഇരു നിറത്തിലുള്ള ഒരു സ്ത്രീ രൂപം ചായയുമായി വന്നു. അധികം ഛായങ്ങളൊന്നുമില്ല, കണ്ണെഴുതിയിട്ടുണ്ട്, ഒരു ചന്ദനക്കുറിയും അതിനു മീതേ ഒരു ചുവന്ന പൊട്ടും. ചുവന്ന ധാവണി അവൾക്ക് നന്നായി ചേരുന്നുണ്ട്.
പിന്നീടുള്ള അവരുടെ സംസാരത്തിൽ നിന്നെനിക്ക് മനസ്സിലായി പ്രവാസിയാണെന്നതൊന്നും അവർക്കൊരു പ്രശ്നമല്ല, എല്ലാ ജോലിക്കും അതിന്റേതായ മഹത്വവും കഷ്ടപ്പാടുമുണ്ടെന്ന് അറിയുന്നവരാണിവർ...
എന്നാ പിന്നെ കാര്യങ്ങളിലേക്ക് കടന്നാലോ.. രാഘവൻ മാഷിന് രണ്ട് പെൺമക്കളാ ല്ലെ...?
ഏട്ടൻ മൗനം വെടിഞ്ഞ് ചോദിച്ചു.
" അതേ... മൂത്തവളെ കൊണ്ടോയത് കോഴിക്കോട്ടേക്കാ... ഇത് ഇളയവളാണ്..."
" അപ്പോ വീടും പറമ്പുമൊക്കെ ഇളയവൾക്കുള്ളതല്ലേ ?? "
ചെറിയമ്മാവന്റെ ഈ ചോദ്യം അവരെപ്പോലെ എന്നെയും ഒന്ന് ഞെട്ടിച്ചു..
"അല്ല നിങ്ങളും തറവാടികളാണ് ഞങ്ങളും തറവാടികളാണ്. സ്ത്രീധനമായി ഒന്നും ഞങ്ങൾക്ക് വേണ്ട, പക്ഷെ നിങ്ങളായിട്ട് എന്തെങ്കിലും തന്നാൽ ഞങ്ങളത് വേണ്ടെന്നും പറയില്ല. അതല്ലേ അതിന്റെ മര്യാദ... " ചെറിയമ്മാവൻ തുടർന്നു.
ഒരു നിമിഷം എന്താണ് നടക്കുന്നതെന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നു. ആ ഒരു നിമിഷം കൊണ്ട് തന്നെ ചെറിയമ്മാൻ ഒരു വലിയ തുക സ്ത്രീധനമായി ചോദിക്കാതെ ചോദിച്ചു... ഞാൻ ചെറിയമ്മാവനെ ഒന്നു നോക്കി, എന്തോ നേടിയെടുത്ത പോലെ അഭിമാനപൂരിതമായിരുന്നു ആ മുഖം... പിന്നീടെന്റെ കണ്ണുകൾ എന്റെ ആജ്ഞക്കു പോലും കാത്തു നിൽക്കാതെ ആ അച്ഛന്റെ മുഖത്തേക്ക് പാഞ്ഞു... ചെറിയമ്മാവന്റെ വീരസാഹസിക പ്രകടനത്തിന് മുന്നിൽ പതറി തലകുനിച്ചിരിക്കുന്നു...
ചെറുപ്പം തൊട്ടേ സ്ത്രീധനത്തിനെതിരായിരുന്നു ഞാൻ, ആ ഞാനിന്ന് സ്ത്രീധനത്തിന്റെ പുതിയ രൂപമായി മാറിയ തറവാടിത്ത പ്രദർശനത്തിന്റെ ഭാഗമായി മാറാനാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞ വേളയിൽ പ്രതികരിക്കാൻ ആഞ്ഞൂ. പക്ഷെ ഞാൻ വൈകിപ്പോയി...
ഒരു സ്ത്രീ ഐശ്വരത്തിന്റെയും സ്നേഹത്തിന്റെയുമൊക്കെ മാത്രം പ്രതീകമല്ല, അവരുടെ ഉള്ളിൽ ഉഗ്രരൂപിയായി കാളി ദേവിയും ഉപവസിക്കുന്നു എന്ന് ആരോ പറഞ്ഞു കേട്ടത് ഊട്ടിയുറപ്പിക്കും വിധമാണ് അത് വരെ വാതിൽക്കൽ അമ്മയുടെ പിറകിൽ മറഞ്ഞു നിന്ന അവൾ മുന്നോട് വന്നിപ്രകാരം പറഞ്ഞത്:
" ക്ഷമിക്കണം ഞങ്ങൾക്കീ ബന്ധത്തിന് താൽപര്യമില്ല... സ്ത്രീയെ ഒരു ബാധ്യതയായിട്ടാണിന്ന് പലരും കാണുന്നതെന്നതിന്റെ തെളിവായിട്ടാണ് ഞാൻ സ്ത്രീധനത്തെ കാണുന്നത്. ഒരാൾ ഒരു സാധനം വാങ്ങുമ്പോൾ അതിന് പണം അങ്ങോട്ട് കൊടുക്കാറാണ് പതിവ്, ആ ഒരു വസ്തുവിന് നൽകുന്ന പരിഗണന പോലും സ്ത്രീക്ക് നൽകാത്തവരാണ് സ്ത്രീധനം വാങ്ങുന്നത്. പത്തിരുപത് കൊല്ലം വളർത്തി വലുതാക്കിയ അച്ഛനും അമ്മക്കും അവളെ ഒന്ന് കല്യാണം കഴിപ്പിച്ചയക്കാൻ അങ്ങോട്ട് പണം കൊടുക്കേണ്ട അവസ്ഥയാണെങ്കിൽ എനിക്ക് കല്യാണം കഴിക്കണ്ട... നട്ടെല്ലുള്ള ആരേലും സ്ത്രീധനം വാങ്ങാതെ കെട്ടാൻ തയ്യാറാണെങ്കിൽ അയാൾക്ക് മുന്നിൽ കഴുത്ത് നീട്ടികൊടുക്കുന്നത് ഒരു അഭിമാനമാണ്, കെട്ടിയ പെണ്ണിനെ പോറ്റാൻ അവളുടെ വീട്ടിൽന്ന് പണം വാങ്ങുന്നവന് മുന്നിൽ ഉടുത്തൊരുങ്ങി ചെല്ലുന്നതേ അപമാനവും... "
ഇത്രയും കേട്ടപ്പോഴേ എന്റെ രോമകൂപങ്ങൾ അവൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് ബഹുമാനം കാണിച്ചു.. വീണ്ടും എന്റെ കണ്ണുകൾ ആ അച്ഛന്റെ നേരെ തിരിഞ്ഞു. ഇന്നലെ ആ വീട്ടിൽ വച്ച് ഞാൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എന്റെ ഏട്ടന്റെ മുഖത്ത് കണ്ട അതേ നിസ്സംഗഭാവം ഞാൻ ഇന്ന് ആ അച്ഛനിൽ കണ്ടു. ഇന്നത്തെ സമൂഹം ഒരു സ്ത്രീയെ ബന്ധിച്ചിരിക്കുന്ന ചങ്ങലയിലെ ചില കണ്ണികൾ തന്റെ മകളാൽ പൊട്ടിച്ചെറിയപ്പെട്ടതിന്റെ ആവലാതിയായിരുന്നിരിക്കണം ആ നിംസ്സംഗതക്ക് കാരണം....
തിരിഞ്ഞ് നോക്കിയപ്പോ " നിനക്ക് പറ്റിയ പെണ്ണ്" എന്ന ഭാവത്തിൽ ഏട്ടൻ എനിക്കൊരു പുഞ്ചിരി തന്നു...
വർഷങ്ങൾക്കിപ്പുറം കഴുത്ത് നീട്ടി കൊടുത്തത് നട്ടെല്ലുള്ള ഒരാണിനു മുന്നിലാണെന്ന അവളുടെ അഭിമാനത്താൽ അവളുടെ കഴുത്തിൽ കിടക്കുന്ന എന്റെ പേര് കൊത്തിവച്ച ഞാൻ ചാർത്തിയ വച്ച ആ താലിമാലയും തിളങ്ങുന്നുണ്ടായിരുന്നു....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo