Showing posts with label AbhiKattor. Show all posts
Showing posts with label AbhiKattor. Show all posts

#മുടി


അമ്മേ...
തൊണ്ടപൊട്ടുമാറുച്ചത്തിൽ ദേഷ്യത്തോടെ അവൻ വിളിച്ചു.
എന്താ മോനേ...? എന്ന് ചോദിച്ചു ഓടിയെത്തിയ അമ്മയുടെ നേരേ കയ്യിൽ ഒരു മുടി എടുത്ത് പിടിച്ചുകൊണ്ടവൻ ആക്രോശിച്ചു.
നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട്, ഒന്നുകിൽ തലമുടി തുണി വച്ച് കെട്ടി വയ്ക്കുക, അല്ലെങ്കിൽ മൊട്ട അടിക്കുക... നാശം.
ഒരു ചെറിയ മുടി അല്ലേ മോനേ... മോനതങ്ങു മാറ്റിയിട്ട് കഴിക്ക്. നിനക്കിഷ്ട്ടമുള്ള കറിക...(മുഴുവിക്കാൻ അവൻ സമ്മതിച്ചില്ല)
ഇതാണോ ചെറിയ മുടി, നിങ്ങൾക്ക് കണ്ണും കാണില്ലേ?
എനിക്ക് വേണ്ട, നിങ്ങളിരുന്നു കഴിച്ചോ...അവൻ ദേഷ്യത്തോടെ എഴുന്നേറ്റ് പോയി.
മോനേ... മോനേ...
ചെറിയൊരു ഞെട്ടലോടെ അവൻ ഏതോ ഓർമ്മകളിൽ നിന്നും ഉണർന്നു.
മോൻ എന്താ ഓർക്കുന്നത്? എന്താ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്?
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...അവൻ വിങ്ങിപ്പൊട്ടി.
മോനേ നീ എന്തിനാ കരയുന്നത്? അമ്മെ ഈ അവസ്ഥയിൽ അധികം വിഷമിപ്പിക്കാതെ.
അമ്മേ... ഞാൻ കാരണം അമ്മയുടെ...
മുഴുവിപ്പിക്കാൻ വിടാതെ ആ അമ്മ അവനെ തടഞ്ഞു.
ഒരിക്കലും ഇല്ല മോനേ...അമ്മയ്ക്കൊരു അസുഖം വന്നു, അത്‌ ഭേദമാക്കാൻ "കീമോ" ചെയ്തു, ചെറുതായി എന്റെ മുടി ഒന്ന് പോയി. അത്രേ ഒള്ളു അതിനിയും വളരും. മോൻ വിഷമിക്കാതെ, അത് മോൻ കാരണം ആണെന്ന് ആര് പറഞ്ഞു. (അതാണ് "മാതൃത്വം", സ്വന്തം മക്കളുടെ കണ്ണൊന്ന് കലങ്ങിയാൽ മറ്റെന്തിലും താങ്ങാവുന്നതിലും അപ്പുറമാണ് അവർക്ക്)
എന്നാലും എന്റെ വാക്കുകൾ ആറംപറ്റിയല്ലോ അമ്മേ...പൊട്ടിക്കരഞ്ഞുകൊണ്ടവൻ പറഞ്ഞു.
ഒരു മുടി പോലും ഇല്ലാതെ എന്റെ അമ്മയുടെ...പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. അത്രമേൽ അവന്റെ മനസ്സ് തകർന്നുപോയിരുന്നു.
മോനേ...മോൻ പോയി അമ്മയ്ക്ക് കുടിക്കാൻ കുറച്ച് വെള്ളം കൊണ്ടുവാ.
അവൻ നിറകണ്ണുകളോടെ എഴുനേറ്റു. അമ്മയെ കെട്ടിപ്പിടിച്ച്, മുടിയില്ലാത്ത ആ തലയിൽ നിറ കണ്ണുകളോടെ അവൻ ചുംബിച്ചു. അപ്പോഴവന്റെ കണ്ണിൽ നിന്നും ആ ശിരസ്സിൽ പതിച്ച കണ്ണുനീർത്തുള്ളികൾക്ക് ആ രോഗത്തിന്റെ സകല തീഷ്‌ണാവസ്ഥയേയും തണുപ്പിക്കുവാനുള്ള ശക്തി ഉണ്ടായിരുന്നു.
മന്ത്രം ഉരുക്കഴിക്കും പോലെ എണ്ണിയാലൊടുങ്ങാത്ത ക്ഷമാപണം മനസ്സുകൊണ്ട് അമ്മയോടേറ്റുപറഞ്ഞുകൊണ്ടു അവൻ നടന്നകുന്നു.
നിറകണ്ണുകളോടെ ആ അമ്മ തലയിൽ തുണിയെടുത്തു കെട്ടി.
============
"അമ്മയേയും, അന്നത്തേയും നിന്ദിക്കരുത് "
***അഭി കാട്ടൂർ***

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo