Showing posts with label ShamseeraShameer. Show all posts
Showing posts with label ShamseeraShameer. Show all posts

കാഴ്ചകളിലൂടെ

Image may contain: 1 person, eyeglasses and closeup

ഞാനെന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാൻ ഹോസ്പിറ്റലിൽ അഡ്മിറ്റായ സമയം ലേബർ റൂമിൽ ആദ്യ പ്രസവത്തിനായി കാത്ത് കിടക്കുന്ന മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. വേദന തുടങ്ങിയതും നിലവിളിച്ച് കൊണ്ട് ആരെയൊക്കെയോ ആ കുട്ടി തെറി പറയാൻ തുടങ്ങി. ഡോക്ടറേയും, നഴ്സിനേയും അടുത്ത് കിടക്കുന്ന എന്നെവരെ തെറി വിളിക്കുന്നു.
"നിങ്ങളെന്താ കരയാത്തേ.... വേദനയില്ലേ
ഓ... മൂന്നാമത്തേതാണല്ലോ !
വല്ലാത്തൊരവസ്ഥയിൽപ്പെട്ടത് പോലെയുള്ള ആ കുട്ടിയുടെ ചോദ്യം എന്നെ ചിരിപ്പിക്കുകയാണ് ചെയ്തത്.
"മൂന്നിനും ഒന്നിനുമൊക്കെ വേദന ഒരേപോലെയാ കുട്ടീ"
അവിടെയുള്ള നഴ്സ് അപ്പൊത്തന്നെ മറുപടി കൊടുക്കുന്നത് ഞാൻ കേട്ടു.
ആ സമയം പല്ല്കടിച്ചു പിടിച്ചു ബെഡ്ഡിന്റെ ഒരു വശം കൈ കൊണ്ട് മുറുക്കി പിടിച്ച് കിടക്കുകയായിരുന്നു ഞാൻ.
പിന്നീട്,
ആ കുട്ടിയുടെ പരാക്രമണങ്ങൾ ലേബർ റൂമിൽ കൂടിവരാൻ തുടങ്ങി.
ഇറങ്ങി ഓടാനും, മാന്താനും അട്ടഹസിക്കാനും തുടങ്ങി. ഇടയ്ക്ക് ബോധം മറിഞ്ഞ് ഒന്നും മിണ്ടാതെയായി.
പേടിച്ചരണ്ട് ഡോക്ടറാ കുട്ടിയുടെ ഉമ്മാന്റെ അനുജത്തിയുമായി വന്നു,,സമാധാനിപ്പിക്കാൻ പറഞ്ഞു.
സമാധാനിപ്പിക്കുന്ന അവരോട്
"എനിക്കീ കുട്ടിയെ വേണ്ടായോ", ഇതിനെ എനിയ്ക്ക് വേണ്ടാ " ന്ന് നിലവിളിക്കുന്നുണ്ടായിരുന്നാ പെൺകുട്ടി.
എങ്ങിനൊക്കോ അതിനെ പ്രസവിപ്പിച്ചെടുത്തൂന്ന് പറയാം ഡോക്ടർ ,അത്രയ്ക്ക് കഷ്ടപ്പെട്ടു പോയിരുന്നു.
അവിടുന്ന് കുറച്ചു കഴിഞ്ഞ് എന്റെ പ്രസവവും നടന്നു. ഞാൻ കിടക്കുന്നതിനപ്പുറത്ത് തന്നെ ആ കുട്ടിയും
എല്ലാം കഴിഞ്ഞ് കിടപ്പുണ്ടായിരുന്നു.
പെട്ടെന്ന് എന്നെ നോക്കി ഒരു ചോദ്യം.
" ഇതാണോ സുഖപ്രസവം " എന്ന്.
സത്യത്തിൽ ഞാൻ വീണ്ടും ചിരിച്ചു പോയി.
പക്ഷെ ആ കുട്ടിയുടെ മുഖം അത് ചോദിക്കുമ്പോൾ ഒരു തരം വെറുപ്പ് നിറഞ്ഞ് ചുവന്നിരുന്നു.
അപ്പൊ എന്തോരപാകത അവളിൽ എനിയ്ക്ക് തോന്നിയിരുന്നു.
പീന്നീട് എന്നെ റൂമിലേക്ക് മാറ്റിയപ്പോൾ തൊട്ടടുത്ത മുറിയിൽത്തന്നെ അവളും ഉണ്ടായിരുന്നു.
അവളുടെ ബന്ധുക്കളൊക്കെയും മൂടിക്കെട്ടിയ മുഖവുമായി ഇടയ്ക്കിടെ ഞങ്ങള റൂമിലേക്ക് എത്തി നോക്കുന്നു.
ഞാനെന്റെ ഉമ്മാനോട് കാര്യം തിരക്കിയപ്പോൾ അറിഞ്ഞത്
ആ പെൺകുട്ടി കുഞ്ഞിന് പാല് കൊടുക്കുന്നില്ല, എല്ലാവരോടും ദേഷ്യത്തിൽ പെരുമാറുന്നു എന്നൊക്കെയാണ്. മാനസികാവസ്ഥ വളരെ മോശമായെന്ന്.
ഞാനാ നിമിഷം ഓർത്തത് ലേബർ റൂമിലേക്ക് പ്രവേശിച്ച സമയം അവൾ
സംസാരിച്ചതൊക്കെയും ആയിരുന്നു. വളരെയേറെ ലാളനയേറ്റുവാങ്ങിയ ഒരു പെൺകുട്ടിയാണെന്ന് ആ സംസാരത്തിൽ നിന്ന് അറിയാമായിരുന്നു. വേദനയും, സങ്കടവും എന്താന്ന് അറിയാത്തത് പോലെയായിരുന്നത്. വളരെ ചെറുതിലേ വിവാഹം കഴിഞ്ഞതുമാണെന്നും.
ഒരുപക്ഷേ അതാവാം ആ കുട്ടിയ്ക്ക് ഒന്നും താങ്ങാനുള്ള ശേഷിയില്ലാതായതും, പെട്ടെന്നുള്ള മനസ്സിന്റെ മാറ്റവുമെല്ലാം!
ഒന്നും അറിയില്ല,, അല്ലെങ്കിൽ ആരും ഒന്നും പറഞ്ഞ് കൊടുത്തില്ല എന്നതുമാവാം!
പെണ്ണല്ലേ ഇത്തിരി മാറും ,വണ്ണവും വന്നാൽ വിവാഹം എന്ന ദുഷിച്ച ആചാരം അപൂർവ്വം ചില പെൺകുട്ടികളിൽ ദുരന്തമായേക്കാം പലവിധത്തിൽ!
എല്ലാവർക്കും എല്ലാറ്റിനുമുള്ള കരുത്തുണ്ടാകില്ലല്ലോ .... ഓരോ മനസ്സും വ്യത്യാസപ്പെട്ട് കിടക്കുകയല്ലേ ...
ഇത്രയും വേദന സഹിച്ച് കിട്ടിയതായിട്ടും സ്വന്തം കുഞ്ഞിനെ "മുലയൂട്ടാൻ വയ്യേ ...."
എന്ന ചോദ്യം ഉയരുമ്പോൾ മനുഷ്യർ എന്നും "സ്വാർത്ഥ "രാണെന്ന വസ്തുതയിലേക്കാണ് എന്റെ ചിന്തയെ കൊണ്ടുചെന്നെത്തിച്ചത്. ഒരുപക്ഷേ മെഡിക്കൽ സയൻസിൽ ഇതിനെയൊക്കെ പല വിധത്തിൽ നിർണ്ണയിച്ചേക്കാം ..... ശരിയാണ് എല്ലാം ഓരോ വൈകല്യങ്ങളാണ് വലുതും, ചെറുതുമൊക്കെയായി.
ഞാൻ പറഞ്ഞു വരുന്നത് ഇതാണ്
പത്തുമാസം ചുമന്നതുകൊണ്ടൊന്നും ഒരമ്മയെ സൃഷ്ടിക്കാൻ കഴിയില്ലല്ലോ കുഞ്ഞിനെ പുറന്തള്ളാനല്ലാതെ .
"അമ്മ "എന്ന പദം തുടർന്നുള്ള കുഞ്ഞുങ്ങളോടുള്ള പരിചരണത്തിലാണ് പൂർണ്ണമാകുന്നത്.
പ്രസവത്തിലനുഭവിച്ച വേദനയും, ബുദ്ധിമുട്ടും ,ഒന്നുമറിയാത്ത കുഞ്ഞിനോട് വെറുപ്പ് തോന്നിപ്പിക്കുന്നുവെങ്കിൽ അവിടെ താനൊരു അമ്മയായിയെന്ന "ബോധം " ഒരു പെൺകുട്ടിയിൽ വന്നില്ല എന്നതാണ്.
അപ്പൊ പ്രാധാന്യമർഹിക്കുന്ന വിഷയം "ബോധം " തന്നെയാണ്.
ഓരോ ചുറ്റുപാടിനോടും സമരസപ്പെടാനുള്ള മനുഷ്യന്റെ ബോധം.
നേരത്തേ കാലത്തേ വിവാഹം ചെയ്തയക്കുമ്പോൾ മാനസികമായ വളർച്ചയും കൂടി മാതാപിതാക്കൾ തന്റെ മക്കളിൽ പരിശോധിക്കൽ നിർബന്ധമല്ലേ...
ചില മക്കൾ പൊരുത്തപ്പെടും എന്തിനോടും അതവരുടെ തിരിച്ചറിവും, മനസ്സിന്റെ കരുത്തുമൊക്കെ കൊണ്ടു തന്നെയാണ്. അവരിലെ നല്ല ഗുണം കൊണ്ട് മാത്രമായിരിക്കും. ആരും പഠിപ്പിച്ചതാവില്ല .അല്ലെങ്കിൽ ,എത്ര പഠിപ്പിച്ചാലും വിവേകമില്ലെങ്കിൽ എന്താണ് പരിഹാരം!
തിരിച്ചറിവില്ലെങ്കിൽ വിദ്യാഭ്യാസം എവിടെയാണ് പ്രായോഗികമാകുന്നത്?
സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാനുള്ള മാനസികാവസ്ഥയിൽ ഒരമ്മ എത്തി നില്ക്കുമ്പോൾ
അത് തന്റെ സുഖത്തിന് ഭംഗം വരുമ്പോഴാണെന്നാണ് ഇന്നത്തെ കാഴ്ചകൾ പറയാതെ പറയുന്നത്.
കാമുകൻ പറയുമ്പോൾ "അസത്തെ "ന്ന് വിളിക്കാൻ തുടങ്ങി ,
പിന്നീട് പെറ്റിട്ടതിനെയൊക്കെ ഇട്ടേച്ച് ഓടുന്ന "പെണ്ണുങ്ങൾ "
"ഫ്രീഡം " നഷ്ടപ്പെടുമ്പോൾ കുഞ്ഞുങ്ങളെ ഞെക്കിക്കൊല്ലുന്നത് !
ഇതൊക്കെ എങ്ങിനെയാണ് "അമ്മ"യാകുന്നത്.
കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോഴും ആശുപത്രിയിൽ ഞാൻ കണ്ട സമാനസംഭവം കേട്ടു .
ഉമ്മറത്തിണ്ണയിൽ വന്നിരുന്നു അയൽപക്കത്തെ സ്ത്രീ- അവരെന്നോട് പറഞ്ഞു "മരിച്ച വീട്ടിൽ പോയുള്ള വരവാ,,, "
ആരെന്ന് ചോദിച്ചപ്പോൾ പറഞ്ഞത്.
"ചെറിയ കുഞ്ഞാ "ണെന്ന് .
പ്രസവിച്ച് ദിവസങ്ങൾ മാത്രം!
റൂമടച്ച് അതിന്റെ അമ്മതന്നെ എറിഞ്ഞും, കുത്തിയും വിരലുകൾ കടിച്ചു മുറിച്ചും ഇല്ലാതാക്കിയെന്ന് .
"ആ പെണ്ണിന് പെരാന്താ... അല്ലാതിങ്ങനെ ചെയ്യോ " ആ നിമിഷം ഞാനോർത്തു എന്റെ കൂടെ ലേബർ റൂമിലുണ്ടായിരുന്ന ആ കുട്ടിയെ .
ഇവരുടെ ഭാഷ്യവും ഏതാണ്ട് അതേ പോലെത്തന്നെ .
"കുട്ടിയ്ക്ക് എന്തോ ഒരുതരം വെറുപ്പെന്ന്. ഒന്നിനും വയ്യാന്ന് ,കുഞ്ഞ് ഉറങ്ങാൻ സമ്മതിക്കുന്നില്ലായെന്ന്. മുലയൂട്ടാൻ പറ്റില്ലാ എന്ന് "
ഒക്കെയും മുളപൊട്ടുന്നത് നേരത്തെ പറഞ്ഞ സ്വാർത്ഥതയിൽ നിന്ന് തന്നെയാണ്, തിരിച്ചറിവിന്റെ പോരായ്കയാണ്, ബന്ധങ്ങളുടെ മൂല്യമറിയാത്തവരുടെ പ്രഹസനങ്ങളാണ്
കർമ്മങ്ങൾ ചെയ്യാനുള്ളതാണ്.
കർത്തവ്യങ്ങൾ പാലിക്കപ്പെടാനുള്ളതാണ്.
അതോരോരുത്തരിലും പല തരത്തിലും നിക്ഷിപ്തവുമാണ് !
ചെയ്തേ പറ്റൂ ..
അല്ലാതെ മടുക്കുമ്പോൾ എറിഞ്ഞും, കൊന്നും ഓടാൻ ഇതൊക്കെ കീടങ്ങളാണോ? ചുറ്റുപാടുകളോടുള്ള സമീപനങ്ങളിൽ അല്പം ആത്മാർത്ഥത വേണം എല്ലാറ്റിനും ആദ്യം
"നല്ല ബോധം " വേണം. തന്നിൽ വന്ന് ചേർന്നതിനെ അടക്കിപിടിക്കണമെന്ന സാമാന്യബോധം!
ദുരിതങ്ങളും, കഷ്ടപ്പാടുകളും സഹിച്ച് ജീവിയ്ക്കാനല്ല,,,
കൊല്ലാൻ നോക്കുന്നവന്റെ കാല് കഴുകാനല്ല.
സ്വന്തം സുഖത്തിന് വേണ്ടി നശിപ്പിക്കാതിരിക്കുക ഒന്നിനേയും!
അമ്മയെന്നതും, അച്ഛനെന്നതും ഭർത്താവെന്നതും, ഭാര്യയെന്നതും,
മക്കളെന്നതും, സഹോദരൻ ,സഹോദരി എന്നതും ഒരു താല്ക്കാലിക സുഖത്തിന് വേണ്ടി വലിച്ചെറിയേണ്ട ബന്ധങ്ങളല്ല.
ഉറങ്ങാൻ സമ്മതിക്കാത്ത കുഞ്ഞിനെ കൊന്നുകളയാനുള്ളതല്ല.
അതിനെ ഉറക്കാൻ ശ്രമിക്കുമ്പോൾ ,
ഉറക്കി കിടത്തുമ്പോഴാണ് "അമ്മയാവുക " അല്ലാതെ ഏതമ്മയാണ് മക്കളിൽ നിറഞ്ഞ് നില്ക്കുന്ന അമ്മയാവുക!
കാമുകനെ കിട്ടുമ്പോൾ ഇറങ്ങിയോടുന്ന
പെണ്ണ് പെറ്റ കുഞ്ഞിനെ വളർത്തുന്ന അച്ഛനാണ് അതിന്റെ "അമ്മ"!
അല്ലാതെ വെറുതേയൊരമ്മ സൃഷ്ടിക്കപ്പെടുകയില്ല.
അതമ്മയുമല്ല!
അമ്മ എന്നത് നിങ്ങൾക്ക് "ഈസി "യായി കൈകാര്യം ചെയ്ത് പോകാൻ പറ്റുന്ന ഒന്നല്ല വളർത്തുകയെന്നതാണ് കടമ പ്രസവിക്കുക എന്നതല്ല !
ഷംസീറ ഷമീർ ചെച്ചി.

മാർക്കറ്റ് റോഡ് (ചെറുകഥ)

Image may contain: one or more people


"ശകുന്തള പ്രണയിച്ചിട്ടുണ്ടോ "?
"അതെ
പക്ഷെ ,അതിന് പ്രണയമെന്ന് ഞാൻ പേരിട്ടില്ല.
ഒരുപാട് സമാന ചിന്തകളുള്ള രണ്ടു ഹൃദയങ്ങളുടെ കൂടിച്ചേരലായിരുന്നത്,
ശരീരത്തെ ഞങ്ങൾ പരസ്പരം മോഹിച്ചേയിരുന്നില്ല എന്നതാവും വാസ്തവം. അത്രമേൽ ഹൃദയത്തെ ഇഷ്ടപ്പെട്ടു. "

"എന്നിട്ടാ ഇഷ്ടം പൂർണ്ണമായോ?"
"ഇല്ല. അപൂർണ്ണമായി.
ഇടയ്ക്ക് വെച്ച് ഇരുവഴിയേ പിരിയേണ്ടിവന്നു.
പിന്നീട് മറന്നു. ,,
മറവിയെ ഏല്പിച്ചു എന്നു പറയുന്നതാവും ശരി. "
വീണ്ടുമവർ ചോദ്യം ആവർത്തിക്കാനുള്ള ഭാവമാണെന്ന് കണ്ടപ്പോ ശകുന്തള എഴുന്നേറ്റു .
"ക്ഷമിക്കണം ഇപ്പോ ഇത്രയും മതി. "
"ശരി മാഡം,
ഇത്രയും സമയം ഞങ്ങളോട് സഹകരിച്ചതിന് നന്ദി. "
അവർ ബാഗും, പേനയും എടുത്ത് നടന്ന് പോകുന്നത് ഒരു ദീർഘനിശ്വാസത്തോടെ ശകുന്തള നോക്കി നിന്നു.
"പോയോ "?
"മ്ം.. പോയി. "
"എന്നാ നീയിങ്ങ് വന്നേ "
"ഏതോ മാസികയിലേക്കാ.. ഞാൻ കുറേ ഒഴിഞ്ഞ് മാറി അവര് വിട്ടില്ല. "
"അവര് വിടുമോ നീ വളർന്ന് വരുന്ന എഴുത്തുകാരിയല്ലേ, പോരാത്തതിന് നർത്തകിയും .
ഇപ്പോ നൃത്തം തീരേ ഉപേക്ഷിച്ചോ നീ മുഴുവൻ സമയവും പേനയും പേപ്പറും."
"എന്താന്നറിയൂല ചിലങ്കകൾ പണ്ടത്തെ പോലെ എന്നെ ആകർഷിക്കുന്നില്ല, അവഗണിക്കുന്ന പോലെ. അവയ്ക്ക് എന്നെ വേണ്ടാതായത് പോലെ. പക്ഷെ എന്റെ ജീവൻ ആ ചിലങ്കകളുടെ നാദമാണ് .
"ശരിക്കും സത്യമാണോ ആ ഇന്റർവ്യൂക്കാരോട് പറഞ്ഞതൊക്കെ?"
"എന്തേ സത്യമല്ലാന്ന് തോന്നിയോ ?"
"നിനക്കവനെ അത്രയ്ക്കിഷ്ടമല്ലായിരുന്നോ
പിന്നെങ്ങിനെ?"
"എന്റെ ഭർത്താവാണ് ഇന്നെനിക്കെല്ലാം നിങ്ങളെയാണ് ഞാനിന്ന് ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും.
അതിനപ്പുറം ഒന്നുമില്ല.
ഇത് ഞാൻ എത്ര തവണ ആവർത്തിച്ചതാ എന്നിട്ടും വിണ്ടും വീണ്ടു ഇങ്ങനെ .. "
"നിന്റെ വെളുത്ത വിരലുകൾ ഇങ്ങ് താ എന്റെ മുടിയിഴകളിൽ അതിനെയൊന്ന് നിരങ്ങാൻ വിട്. "
"ഞാൻ വസ്ത്രം മാറിയിട്ട് വരാം "
വെള്ളയിൽ നീല പൂക്കളുള്ള നൈറ്റിയിൽ ശകുന്തള വന്ന് അയാളുടെ അരികിൽ ചേർന്നിരുന്നു.
അയാൾ അവളുടെ മടിയിൽ അനുസരണയോടെ കിടപ്പായിരുന്നു.
"എനിക്കവനോട് അസൂയ തോന്നുന്നു.
നീ ആദ്യമായി സ്നേഹിച്ച ആ പുരുഷനോട്. "
"വീണ്ടും നിങ്ങൾ...
ക്ഷമിക്കണം എനിക്കിഷ്ടമല്ലിത് കേൾക്കാൻ "
ശകുന്തള അയാളുടെ തലയ്ക്കടിയിലൂടെ നീണ്ട് മെലിഞ്ഞ അവളുടെകാലുകൾ വലിച്ചെടുത്തു. അയാളുടെ തല താഴെ മുട്ടി വേദനിച്ചിരിക്കണം.
"നീ പിണങ്ങല്ലേ .. ഇങ്ങടുത്തോട്ട് വന്നേ
അയാൾ ശകുന്തളയെ ചുറ്റി പിടിച്ചു തൂവെള്ള കർട്ടനിട്ട അവരുടെ മുറിയിലേക്ക് വലിച്ചിഴച്ചു.
മുറിയിലെ കിടക്ക വിരിയും നല്ല തൂവെള്ള നിറം.
സങ്കടവും, ദേഷ്യവുമായിരുന്നു ശകുന്തളയുടെ മുഖത്ത്. പക്ഷെ അതീവ സൗന്ദര്യവുമുണ്ടായിരുന്നു. കിടക്കയിലേക്ക് തള്ളിയിട്ട്
അയാൾ അവളുടെ വായ അമർത്തി പിടിച്ചു.
"നിന്നെ അവൻ ഇങ്ങനെ ചെയ്തിരുന്നോ?"
"ഛീ .... വൃത്തികേട് പറയുന്നോ "
ഒരു ഭദ്രകാളിയെ പോലെ തോന്നിച്ചു ആ നിമിഷം ശകുന്തളയെ .
അവൾ അയാളെ പിന്നോട്ട് തള്ളിയിട്ടു.
പക്ഷെ അയാളുടെ ബലിഷ്ഠമായ കരങ്ങളിൽ വീണ്ടും അവൾ ബന്ധിക്കപ്പെട്ടു.
ആ സമയം അത്രയും അവളുടെ കാതുകളിൽ ഒരു മടിയുമില്ലാതെ അയാൾ അവന്റെ പേര് ഉരുവിട്ടു കൊണ്ടേയിരുന്നു.അതു കേട്ട്
വിയർപ്പുകണങ്ങളുള്ള അവളുടെ നെറ്റി ചുളിയുന്നുണ്ടായിരുന്നു.
ഇടയ്ക്കിടെ അവൾ ചെവി പൊത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ .. മനസ്സ് തളർന്നു കൊണ്ടു തന്നെ അവളുടെ ശരീരവും തളർന്നുവീണു.
അഴിഞ്ഞ മുടികൾ വാരികെട്ടി ശകുന്തള മുറിയിലെ മേശയ്ക്കരികിൽ പ്രതിമ കണക്കെ വന്നിരുന്നു. ഒന്ന് തിരിഞ്ഞു നോക്കി.
എല്ലാം ആസ്വദിച്ച് ,
തന്നെ ഇന്നും ഇഞ്ചിഞ്ചായി കൊല്ലാതെകൊന്ന് അയാൾ സുഖനിദ്രയിലാണ്!
"ദൈവമേ ഇതിന് മാത്രം എന്ത് തെറ്റാണ് ഞാൻ...മടുത്തു പോകുന്നല്ലോ ഈ ജീവിതം!
ശകുന്തളയുടെ കരിമഷിയിട്ട കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.
അവൾ പതുക്കെ കട്ടിയുള്ള നീല പുറംചട്ടയുള്ള ആ ഡയറി തുറന്നു.
"എന്റെ ശകുന്തളയ്ക്ക് ..
ഇന്ന് നീയും ഞാനും പിരിയുകയാണ്
നീ പറഞ്ഞതാണ് ശരി
ഇനി തമ്മിൽ കാണരുത് ഒരിക്കലും ."
ആ താളിൽ മുഖമമർത്തി അവളൊരുപാട് കരഞ്ഞു.
പവിത്രമായ ഒന്നിനെ മലിനമാക്കാൻ വാക്കുകൾക്ക് എത്ര വേഗത്തിലാണ് സാധിക്കുന്നത്.
സുജയുടെ ഫോൺ നമ്പർ പരതുമ്പോൾ ശകുന്തളയുടെ ശരീരത്തിന് വല്ലാത്തൊരു പിടച്ചിലായിരുന്നു.
"സുജേ.... ഞാനാ ശകുന്തള
എനിയ്ക്ക് അവനെ കാണണം.
നിനക്കറിയോ എവിടെയാ അവൻ താമസമെന്ന്?" സുജയ്ക്ക് ആരാണെന്ന ചോദ്യം വേണ്ടായിരുന്നു.
"ഈ സിറ്റിയിൽ തന്നെയുണ്ടിപ്പോ
മാർക്കറ്റ് റോഡിൽ
ഒരു വാടക വീടാണ്
പേര് "ശാകുന്തളം "
ശകുന്തള ഒന്നും പറയാതെ ഫോൺ വെച്ചു. ഉറങ്ങുന്ന അയാളെ ഒന്നു കൂടെ നോക്കി.
കുളിമുറിയിലേക്ക് നടന്നു. നന്നായി കുളിച്ചു വന്നു. ശരീരത്തോടൊപ്പം മനസ്സും അവൾ നന്നായി കഴുകി വൃത്തിയാക്കിയിരുന്നു.
കണ്ണാടിക്ക് മുൻപിൽ അല്പനേരം നിന്നു.
വലിയ വട്ടപൊട്ട് തൊട്ടു.
കൈകളിൽ കരിവളയിട്ടു.
മഞ്ഞ കളറിലുള്ള സാരിയും ചുറ്റി.
മുടി അലസമായി അഴിച്ചിട്ടു.
ഏറെ നേരം അതേ നില്പ് നിന്നു.
പരസ്പരം അധികമൊന്നും സംസാരിക്കുക പോലും ചെയ്യാതെ ഹൃദയം കൈമാറിയ അവരുടെ ഇടയിൽ പണ്ടെങ്ങോ പറഞ്ഞ് വെച്ച കാരണവന്മാരുടെ വാക്കായിരുന്നു വിലങ്ങായത്.
ശകുന്തളയുടെ പ്രാണനായകന്റെ ഹൃദയം മറ്റൊരുവൾക്ക് കാരണവന്മാർ പണയപ്പെടുത്തിയെന്നറിഞ്ഞ നിമിഷം "ഇനി കാണരുതെന്ന " ഒറ്റവരിയിൽ എല്ലാമവസാനിപ്പിച്ചു പടിയിറങ്ങിയതാണ്.!
പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും .... ഇറങ്ങുകയാണ്.
അവനെ കാണാൻ. കാണണം, സംസാരിക്കണം .എല്ലാ വേദനയും തുറന്ന് പറഞ്ഞ് പണ്ടത്തെ പോലെ അവന്റെ മുന്നിലൊന്ന് പൊട്ടിക്കരയണം. ഈ ലോകത്ത് അത് നോക്കി നിന്ന് സങ്കടപ്പെടാൻ അവൻ മാത്രമേ എനിയ്ക്കുള്ളൂ അത് സത്യമാണ്. അതിനു മാത്രമല്ല
വാശിയാണീ ശകുന്തളയ്ക്ക് തങ്ങളുടെ നിഷ്ക്കളങ്കമായ ബന്ധത്തെ കരിവാരി തേയ്ക്കുന്നവരോട്.. പുച്ഛമാണ്!
ശകുന്തള സഞ്ചരിച്ച ഓട്ടോ ചെന്ന് നിന്നത് "ശാകുന്തളം'' എന്ന് പേരെഴുതിയ ചെറിയ ഓടുമേഞ്ഞൊരു വീടിന്റെ മുൻപിലാണ്.
മുറ്റം നിറയെ പൂക്കളാണ് പക്ഷെ വാട്ടമുണ്ട്. കുറേ ദിവസായി നനഞ്ഞിട്ടെന്ന് കണ്ടാലറിയാം .
കാളിംങ് ബെൽ അമർത്തി അവൾ ഹൃദയമിടിപ്പ് നിയന്ത്രിച്ച് നിന്നു,
അവന്റെ കാലടികളുടെ ശബ്ദ്ദം കാതോർത്തുകൊണ്ട് .
പക്ഷെ ...ഒരനക്കവും ഇല്ല
നിമിഷങ്ങൾ കഴിഞ്ഞു ആരും ഇല്ല. ഓരോ സെക്കന്റും ഓരോ യുഗം പോലെ തോന്നിയവൾക്ക്.
ആരുമില്ല. ആ കതക് അവൾക്ക് മുന്നിൽ അടഞ്ഞുതന്നെ കിടന്നു.
ശകുന്തളയുടെ കണ്ണുകൾ വീണ്ടും നനഞ്ഞ് തുടങ്ങിയിരിക്കുന്നു.
മനസ്സിൽ എന്തോ വന്നു കനം വയ്ക്കുന്നു. ഒന്ന് പൊട്ടിക്കരയാൻ തോന്നിയവൾക്ക്.
"കുഞ്ഞേതാ?"
പെട്ടെന്ന് ശകുന്തള തിരിഞ്ഞു നോക്കി.
താടിയും മുടിയും നരച്ച ഒരാൾ,
മുഖം പ്രസന്നമാണ് എങ്കിലും എന്തോ നേരിയ പ്രയാസമുണ്ട് അയാളുടെ മുഖത്ത്.
"ഞാനിവിടെ ഒരാളെ കാണാൻ വന്നതാ "
"ആരെ ?സാറിനെയാണോ
അതോ ആ പെണ്ണിനേയോ ?"
"ഏത് പെണ്ണ് " അതാണ് ചോദിക്കാൻ തോന്നിയത്.
"സാറിന്റെ ഭാര്യ. "
"അല്ല .
എനിയ്ക്ക് സാറിനെയാ കാണേണ്ടത്.
ഒത്തിരി നാളായി കണ്ടിട്ട്. വെറുതെ ഒന്ന് കാണാൻ വന്നതാ. "
ആ സാധു മനുഷ്യൻ വിക്കി വിക്കി അതു പറഞ്ഞു.
"ആ സാറ് കുറച്ചീസം മുൻപ് തൂങ്ങി മരിച്ചു. "
ഒട്ടും പ്രതീക്ഷിക്കാത്ത, കേൾക്കാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒന്ന് ശകുന്തളയ്ക്ക് ചുറ്റും ഇരുട്ട് പടരുന്നത് പോലെ തോന്നി.
തീരെ കനമില്ലാതെ ശരീരം ഉലയുന്നത് പോലെ.. ചുവരിലേക്ക് പടർന്ന ഏതോ വള്ളി ചെടി പരതി പിടിക്കുകയാണ് അവളുടെ കൈകൾ .പിടുത്തം കിട്ടിയ ആ വള്ളി ചെടിയിലെ ഇലകളെ മുഴുവൻ ശകുന്തള ഞെരിച്ചു താഴെയിട്ടു. പിന്നീട്
മുറ്റത്തേക്കിറങ്ങി മതിലിൽ ചാരി ഒറ്റ നില്പ് നിന്നു.
" അസത്താ സാറിന്റെ യാ പെണ്ണുമ്പിള്ള.
എന്നും വഴക്കാ ., സാറൊരു പാവാ വെറും പാവം. എന്നോട് കഥകൾ പറയും.
കഥ പറയാനും കേൾക്കാനുമൊക്കെ വലിയ ഇഷ്ടാ,,,,
പണ്ടത്തെ ഏതോ ഇഷ്ടത്തെ ചൊല്ലിയാ എന്നും വഴക്ക്.
ആ സാറിന് ഒരു ബന്ധവുമില്ലാ ആരുമായും. പക്ഷെ ഈ പെണ്ണ് വെറുതേ വിടൂല എന്നും ആ കുട്ടിയുടെ പേര് പറഞ്ഞ് കൊല്ലാതെ കൊല്ലും ആ സാറിനെ ."
ഇലകളൊക്കെ പൊഴിച്ചു നില്ക്കുന്ന ആ പറമ്പിലെ ഒറ്റമരം ശകുന്തളയെ അതിന്റെ ചുവട്ടിലേക്ക് വിളിക്കുന്നത് പോലെ തോന്നി.
ശകുന്തള തീരാത്ത സംശയത്തോടെ വീണ്ടും അയാളുടെ മുഖത്തേക്ക് നോക്കി.
"എന്നിട്ടോ.. ഒരു ദിവസം സാറ്ജോലി കഴിഞ്ഞ് വരുമ്പോ ഈ പെണ്ണ് മറ്റൊരുവന്റെ കൂടെ കിടക്കുന്നു.
എന്താ വേണ്ടു പിന്നെ??? വാക്ക് കൊണ്ടു പോലും ആ സാറ് വേദനിപ്പിക്കുന്നത് ഞങ്ങളാരും കണ്ടില്ലാ "എന്റെ ദീപ്തീ എന്റെ ദീപ്തീ "ന്നാ എന്നും പല്ലവി.
പറഞ്ഞിട്ടെന്ത് ,
പെണ്ണിന് ഭാഗ്യമില്ലാ ആ സാറിന്റെ സ്നേഹത്തിന്., അല്ലാച്ചാ യോഗ്യതയില്ലാന്ന് പറയാം.
താങ്ങാൻ പറ്റിക്കാണില്ല അന്ന് രാത്രി
ദേ... ആ ഇല പൊഴിച്ച മരത്തിന്റെ കൊമ്പിൽ സാറ് തൂങ്ങി. "
ഇല പൊഴിച്ചു നില്ക്കുന്ന ആ ഒറ്റമരത്തെ ശകുന്തളയൊന്നു കൂടി നോക്കി വായ പൊത്തി പിടിച്ചു. കരച്ചിലടക്കി. സാരിത്തലപ്പ് കഴുത്തിലൂടെയിട്ട് ശരീരം പുതച്ചു.
"കുട്ടി ഏതാന്ന് പറഞ്ഞില്ല?"
ഒന്നും പറയാതെ ശകുന്തള ഭ്രാന്ത് വീണ മനസ്സോടെ അവിടെ നിന്ന് ഇറങ്ങി നടന്നു.
എന്തിനാണ് എനിയ്ക്കിപ്പോ കാണാൻ തോന്നിയത്.
ഈ നിമിഷം തകർന്നു പോയില്ലേ ഞാൻ
തീർത്തും പരാജയപ്പെട്ടില്ലേ?? അവൾ സ്വയം ചോദ്യം ചോദിച്ചു കൊണ്ടേയിരുന്നു.
ഇല്ല,ഞാൻ സന്തോഷിക്കുകയാണ്
അദ്ദേഹത്തിന് സന്തോഷമാകും
ഈ വാർത്ത കേട്ടാൽ എനിയ്ക്ക് തന്നെ പറയണ മിത്.
എന്റെ ജീവിതത്തിന് സ്വസ്ഥത തന്നാവണം അവൻ പോയത്.
അവന്റെ ജീവിതം അവന്റെ പെണ്ണിന് വേണ്ടി ഹോമിച്ചു.
കാലുകൾ തളരുന്നത് പോലെ തോന്നി ശകുന്തളയ്ക്ക് എങ്കിലും വേഗതയുണ്ട്.
അവന്റെ മരണം സത്യത്തിൽ എന്താണെനിക്ക് സമ്മാനിക്കുന്നത്? അറിയില്ല. മനസിലാകുന്നില്ല
ആശ്വസമാണോ ഒരുപക്ഷേ ആയിരിക്കാം
അദ്ദേഹത്തിന് സമാധാനവും.
എന്നോടുള്ള ഇഷ്ടക്കൂടുതലാണ് അദ്ദേഹത്തിൽ അവന്റെ പേര് പലപ്പോഴായി കടന്ന് വരുന്നത്. വാക്കുകൾ കൊണ്ട് എന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്നതും അവനോടുള്ള വെറുപ്പാകും. അത്രമേൽ അദ്ദേഹമെന്നെ സ്നേഹിക്കുന്നുണ്ടാവണം!
വീടെത്തിയ
ശകുന്തള കണ്ണുകളും, കവിളും തൂവാല കൊണ്ട് അമർത്തി തുടച്ചു.
മുടിയൊക്കെ നേരെയാക്കി ധൃതിയിൽ മുറിയിലേക്ക് ഓടി.
അവിടെയെങ്ങും അയാളില്ല.
പുറത്തേയ്ക്ക് പോയിക്കാണും.
അവൾ സാരി അഴിച്ചു അയലിൽ വിരിച്ചിട്ടു.
റോസാപ്പൂവിന്റെ നിറമുള്ള നൈറ്റിയണിഞ്ഞു.
കുളിമുറിയിൽ പോയി കൈയും മുഖവുമൊക്കെ കഴുകി.
ചൂട് കാപ്പിയുമായി വരാന്തയിൽ ഇരുപ്പുറപ്പിച്ചു.
അവന്റെ മരണം എന്നിൽ എന്താണ് സൃഷ്ടിച്ചത്.
ഭ്രാന്തിയായി പോകുമോ എന്ന് ഭയപ്പെട്ട അതേ നിമിഷം തന്നെ പൊടുന്നനെ എന്നിൽ നുരഞ്ഞത് ആശ്വാസത്തിന്റെ ഉറവയല്ലേ അതിപ്പഴും എന്നിൽ പതയുന്നുവെങ്കിൽ അദ്ദേഹത്തെ ഞാനെന്തുമാത്രം ഇഷ്ടപ്പെടുന്നു ദൈവമേ... അവന്റെ മരണം എന്നെയെന്താണിത്രയും ആശ്വസിപ്പിക്കുന്നത്. അവന്റെയാത്മാവ് എന്റെ സങ്കടം അറിയുന്നുണ്ടാവുമോ എന്നോട് ക്ഷമിച്ചു കാണുമവൻ.
എന്റെയതേ വേദന തിന്നതല്ലേ അവനും. അപ്പൊ അവനറിയാനാവും എന്നെ .
ഇരുട്ട് വീണ് തുടങ്ങുന്നേയുള്ളൂ ....
ശകുന്തളയുടെ മനസ്സ് പാടേ അസ്വസ്ഥമാണ്
അവൾ എത്രയോ വട്ടം ഉമ്മറത്ത് വന്ന് നോക്കി പോയ്ക്കഴിഞ്ഞിരിക്കുന്നു. അയാൾ വരുന്നത് കാണുന്നില്ല.
ഒടുവിൽ ക്ഷമ നശിച്ചപ്പോൾ അവൾ വസ്ത്രം മാറി ടൗണിൽ അടുത്തുള്ള ലൈബ്രററിയിലേക്ക് നടന്നു.
വേഗതയിലുള്ള നടത്തമാണ്. പെട്ടെന്ന് മിന്നായം പോലെ ഒരു കാർ ശകുന്തളയെ കടന്ന് പോയി, ഒന്നേ കണ്ടുള്ളൂ എങ്കിലും അദ്ദേഹത്തിന്റെ കാറാണെന്ന് മനസിലായി.
ആ കറുത്ത കാറിൽ അദ്ദേഹത്തോടൊപ്പം ഒരു സ്ത്രീയുണ്ട്.
ഒരു നിഴൽ പോലെ അവൾ കണ്ടതാണത്.
അതൊരു സ്ത്രീ തന്നെയാണ്.
കാറിനെ പിന്തുടർന്ന ഓട്ടോ പോകുന്ന വഴി ശകുന്തളയ്ക്ക് നല്ല പരിചയം തോന്നി
മാർക്കറ്റ് റോഡാണ്
ദൈവമേ.... എങ്ങോട്ടാണ്.?
"ശാകുന്തളം "
നരച്ച താടിയുള്ള ആ പ്രായം ചെന്ന മനുഷ്യൻ പറഞ്ഞത് അവളോർത്തു.
"ഈ പേരായിരുന്നു പോലും ആ സാറ് പണ്ട് ഇഷ്ടപ്പെട്ട പെണ്ണിന്
ഇതൊക്കെ ഇവിടുത്തെ പെണ്ണുമ്പിള്ള തന്നെ തൂക്കിയതാ ഗേറ്റിൽ .!
ആ സാറിനെ കൊല്ലാതെ കൊല്ലാൻ
കഷ്ടം!
ആ സാറൊരു ഭീരു .
ഹൃദയം കൊടുത്ത പെണ്ണിനെ കാണാമാറയത്ത് വെറുതേ നിർത്തിയതാ... കണ്ടിരുന്നേൽ ,
ഒന്ന് മിണ്ടിയിരുന്നേൽ ... ഇതിപ്പോ ...വെറുതേ പഴി കേട്ട്
ജീവനും ജീവിതവും ഒക്കെയും കളഞ്ഞുമുടിച്ചു .
ശകുന്തള ആ മുറ്റത്തെ നറുവെട്ടത്തിലൂടെ പതിയെ നടന്നു ഉമ്മറത്തെത്തി നിന്നു.
അടക്കി പിടിച്ച സംസാരവും ചിരിയും.
അയാൾ പൊട്ടിച്ചിരിക്കുന്നുണ്ടിപ്പോൾ
"ഭീരുക്കൾ പാവം.
ആദ്യമായി നിന്നെ ഓഫിസിൽ വച്ച് കണ്ടപ്പഴേ എന്റെ മനസ്സിലങ്ങ് പതിഞ്ഞു പോയി.
അന്നു മുതലേ ആഗ്രഹിച്ചതാ സ്വന്തമാക്കാൻ നിന്നെ.
പക്ഷെ ആ നശിച്ച എഴുത്തുകാരി നൃത്തക്കാരി അവളൊരു തടസ്സാ എന്നും. നിന്റെ ശല്യത്തെ നീ ഭംഗിയായി ഒഴിവാക്കിയെടുത്തു. ജീവനും കൊണ്ട് ഓടിയല്ലോ ആ പാവം." അയാൾ വീണ്ടും ചിരിക്കുകയാണ് ഉച്ഛത്തിൽ!
"അതുപോലെ ഒരിക്കൽ അവളും ഓടും സഹികെട്ടോടും നോക്കിക്കോ... എന്റെ ബുദ്ധിയോളം ഒരെഴുത്തുകാരിയും വളർന്നിട്ടില്ല പാവം പെണ്ണ്!" മദ്യവും, പെണ്ണും അയാളിലെ ആഭാസനെ ശകുന്തളയ്ക്ക് കാട്ടികൊടുക്കുകയായിരുന്നു.
"അവരുടെ ദിവ്യ പ്രണയം തന്നെ നമ്മൾ അവർക്ക് ആയുധമാക്കി
പാവങ്ങൾ വെറും കീടങ്ങൾ ".
ശകുന്തളയുടെ ശരീരം മുഴുവൻ തീയാളി പടരുന്നത് പോലെ തോന്നി.
അതിൽ വെന്ത് വെണ്ണീറായി പോകുന്നത് പോലെ,ഉടലാകെ വിറയ്ക്കുന്നുണ്ട്.
അതേ സമയം നഗ്നമായ രണ്ട്
കാമദേഹങ്ങളുടെ വിയർപ്പിൽ പവിത്രതയുടെ കെട്ടുതാലി കുതിരുകയായിരുന്നു. അയാളും അവളും വൃത്തികെട്ട സ്നേഹത്തിന്റെ പ്രതിഫലനങ്ങളായി അവൾക്ക് മുന്നിൽ ആടിത്തിമർക്കുകയായിരുന്നു.
കണ്ണുകളെ കാട്ടാൻ അനുവദിക്കാഞ്ഞിട്ടും അയാളുടെ കൈകളിൽ അവൾ പുളയുന്നത് ശകുന്തള ഒരറപ്പുമില്ലാതെ ഒന്നുകൂടി നോക്കി നിന്നു.
അവരുടെ അന്നത്തെ ദാഹം തീർന്നെന്ന് തോന്നിയപ്പോൾ അവൾ അവിടെ നിന്നും അതിവേഗതയിൽ ഇറങ്ങി നടന്നു. വീട്ടിലെത്തി കണ്ണുകൾ ഇറുകെയടച്ച് വരാന്തയിലെ പതുപതുപ്പുള്ള സോഫയിൽ തലചായ്ച്ച് കിടന്നു.
ഇരുട്ടിന്റെ കാഠിന്യം കൂടി വന്നപ്പോൾ അയാൾ വന്നു.
"നേരം ഇത്രയും ഇരുട്ടി?"
"എന്താ നിനക്ക് ഇരുട്ടിനെ പേടിയുണ്ടോ ?"
"ഇല്ല. ഇപ്പോ പേടിയില്ല ."
"മുൻപും ഉണ്ടാകാൻ വഴിയില്ല. മുൻപ് അവനുണ്ടാകുമായിരുന്നില്ലേ ഏതിരുട്ടിലും കാവലായ്"
അവളൊന്ന് മന്ദഹസിച്ചു കൊണ്ട്
അയാളെ അത്താഴത്തിന് വിളിച്ചു.
"എനിയ്ക്കിന്ന് അത്താഴം വേണ്ട.
നീ വാ,,,, നമുക്ക്.... "
"ഇല്ല ഞാനില്ല നിങ്ങള് കിടന്നോ
എനിയ്‌ക്കെഴുതണം. "
"ഓ..വീണ്ടും തുടങ്ങിയോ നിന്നോട് ഞാൻ പറഞ്ഞില്ലേ ഒക്കെയും നിർത്താൻ എനിയ്ക്ക് മാത്രമായി നിന്നെ സദാ സമയവും ഇങ്ങനെ.. " എന്തോ അയാൾ മുഴുവനാക്കിയില്ല.
ആലോചിക്കാം അവൾ ഒന്നമർത്തി നടന്നു
മുറി ലക്ഷ്യമാക്കി.
ആ രാവ് അവളുടെ വിരലുകൾക്ക് ഇരട്ടി വേഗത കൊടുത്തിരുന്നു.
പാതിയിലധികമായ ശകുന്തളയുടെ ജീവിത കഥയ്ക്ക് എളുപ്പം വിരാമമിടാൻ അവൾക്ക് കഴിഞ്ഞു.
നേരം പുലർന്നിരിക്കുന്നു.
ഒട്ടും ഭംഗിയില്ലാത്തൊരു ഉദയം! എഴുതിയതൊക്കെയും അടുക്കി പെറുക്കി ശകുന്തള അതുമായി സുജയുടെ വീട് ലക്ഷ്യമാക്കി നടന്നു.
വളരെ നേരം എന്തൊക്കെയോ അവർ തമ്മിൽ സംസാരിച്ചു. സന്തോഷത്തോടെ അവിടുന്നു തിരിച്ചു.
പിറ്റേ ദിവസം തന്നെ വാർത്ത വന്നു.
എഴുത്തിലൂടെ വായനക്കാരെ ഏറെ തൃപ്തിപ്പെടുത്തിയ ശകുന്തളയുടെ ജീവിത കഥ
പുസ്തകരൂപത്തിലെന്ന് .
ഇന്ന് ശകുന്തളയുടെ പുസ്തക പ്രകാശനം നടന്ന ദിവസമാണ് "മാർക്കറ്റ് റോഡെ " ന്ന് അവൾ പേരിട്ട ആ പുസ്തകത്തിലൂടെ ജനങ്ങൾ ആർത്തിയോടെ കണ്ണുകളെ പായിക്കുമ്പോൾ
അതേ ഒറ്റമരത്തിൽ ശകുന്തള തൂങ്ങിയാടുന്നുന്നുണ്ടായിരുന്നു.
ശുഭം!
ഷംസീറ ഷമീർ ചെച്ചി.

തോരാത്ത മഴ



ചെമ്മൺ പാതയിലൂടെ നിരങ്ങി നീങ്ങുന്ന കാറിന്റെ ഒരുവശം ചേർന്നിരുന്ന്ചിതറിയ ഓർമ്മകളെ വാരിക്കൂട്ടുകയായിരുന്നു ഞാൻ.ഇപ്പോ കാറ് എവിടെയോ നിർത്തിയിട്ടുണ്ട്.
കരുണാലയം എന്ന് വലിയ അക്ഷരത്തിൽ എഴുതിയ ബോർഡ് ,ഇഷ്ടിക കൊണ്ട് നീളത്തിൽപണിതൊരു കെട്ടിടം, മുറ്റം നിറയെ പൂക്കളാണ് മല്ലി, ജമന്തി, ചെട്ടി, മുല്ല, ചെമ്പരത്തി തിങ്ങി നിറഞ്ഞാടുന്നു .അതിനിടയിലൊക്കെ ഓരോ സിമന്റ് ബെഞ്ചിട്ടിട്ടുണ്ട്. അതിനിടയിലൂടെഎന്റെ മകൾ എന്നെ കൈപിടിച്ച് നടത്തി അവിടെ പുഞ്ചിരിച്ച മുഖവുമായി നില്ക്കുന്ന ആകാശനീല സാരി ചുറ്റിയ ഇരുനിറമുള്ള ഒരു സ്ത്രീയെ ഏല്പിച്ചു ,എന്റെ മകൾ തിരിഞ്ഞു നടന്നു. കാതിൽ കുതിര കുളമ്പടി പതിയുന്നു, കിതപ്പ് കൂടി വരുന്നു, കണ്ണിൽ നനവ് പടർന്ന് കഴിഞ്ഞു.
"ഷരീഫാ... ഉമ്മാനെയൊന്ന് തിരിഞ്ഞു നോക്കൂ മോളേ.. ഇവിടെ ഇട്ടേച്ച് പോവുകയാണോ മോളേ..."
ഇല്ല അവളുടെ നിഴലും മറഞ്ഞു കഴിഞ്ഞിരിക്കുന്നു.
ഒരുപാട് പറഞ്ഞിരുന്നു അദ്ദേഹം ,ജീവിതത്തിന്റെ സായാഹ്നം അത്ര രസമുള്ളതാവില്ല നീ ആർക്കും അടിമപ്പെടരുതെന്ന്. അദ്ദേഹമായിരുന്നു ശരി, ഇന്നു ഞാനറിയുന്നുണ്ടത്. വിരലിലെ മോതിരത്തിൽ ഞാനൊന്നു ചുംബിച്ചു. തനിച്ചായി തീർത്തും. ആർക്കും വേണ്ടാത്ത, ആരും വായിക്കാത്ത കീറി പോയ അദ്ധ്യായമാണിന്നീ ഉമ്മ. മരണം നടന്നു വരുന്നത് അറിയുന്നുണ്ട്. അതിനു മുൻപ് എനിക്ക് ഒന്നു കൂടെ പോകണം ആ അരളിയുടെ ചുവട്ടിലും, പുഴക്കരയിലും, അദ്ദേഹവും ഞാനും ഞങ്ങളുടെ പൊന്നുമക്കളും കളിച്ചു രസിച്ച ഓട് മേഞ്ഞ, വലിയ മുറ്റമുള്ള, നിറയെ മുറികളുള്ള സന്തോഷത്തിന്റെ ഗന്ധമുള്ള ആ വീട്ടിൽ. ഇന്നേക്ക് കുറേദിവസങ്ങൾ പിന്നിട്ടു ഞാനിവിടെ എത്തിയിട്ട് ജമന്തി വിരിഞ്ഞു നില്ക്കുന്ന കരുണാലയത്തിന്റെ മുറ്റത്ത് കണ്ട സിമന്റ് ബെഞ്ചിനോട് ഇഷ്ടമാണ് ഇപ്പോ.കാരണം ഓർമ്മകളെ ഇവിടം തട്ടി വിളിക്കും. പണ്ട് ശാരദ പറയുമായിരുന്നു നമുക്ക് പ്രായമേറുമ്പോൾ നോക്കാൻ ആരേലും വേണ്ടയോ... അപ്പൊ കല്യാണം കഴിക്കാതെങ്ങനെയാടീ മക്കള് വേണ്ടേന്ന്. അവൾക്ക് എന്തൊരു സൗന്ദര്യമായിരുന്നു. കറുത്ത പീലിയുള്ള കണ്ണും, സ്വർണ്ണനിറവുമായിരുന്നു. ഞാനന്ന് മണ്ണിൽ തൊടുന്ന പാവാടയും വലിച്ച് മുടിയൊന്നും ഒതുക്കാതെ നില്പുണ്ടാവും. ശാരദയുടെ സൗന്ദര്യം കണ്ടിട്ടാ പാലക്കാട്ട് നിന്നു വന്ന അവളുടെ അമ്മാവന്റെ മകൻ കൂടെ കൂട്ടിയത്. അവര് പ്രണയിച്ചതായിരുന്നു.ഒരു ദിവസം കശുമാവിൻ തോട്ടത്തിൽ ശാരദയുടേയും, അപ്പുവിന്റെയും ലീലാവിലാസം കണ്ട് അയ്യേ... ഇപ്പഴും നാണം വരുന്നു എനിക്ക തോർക്കുമ്പോൾ. അപ്പുവിന് സ്വന്തമായതോടെ പിന്നെയവൾ കൊല്ലത്തില് പേറായിരുന്നു. അതിനു മാത്രം പാലക്കാട്ടീന്ന് വരും, പോകും. അന്ന് ഞാൻ കുറേ ചിരിക്കാറുണ്ടായിരുന്നു "എടീ ശാരദേ...നിന്നെ നോക്കാൻ ഇത്രയും മക്കള് വേണോ" അതു കേൾക്കുമ്പോ അവളെന്നെ ഓടിക്കും. പക്ഷെ അവള് ഭാഗ്യവതിയാ ... മക്കളോടൊപ്പം ഇന്നും ഉണ്ടല്ലോ.ഞാൻ മാത്രം എനിക്കെന്തോ എന്നോട് തന്നെ വെറുപ്പ് തോന്നുകയാ ഇപ്പോ.മക്കൾക്കും, മരുമക്കൾക്കും കടല് കടക്കാൻ ഭാഗ്യണ്ടായപ്പോൾ വേണ്ടാതാകാൻ മാത്രം സ്നേഹമേ ഈ ഉമ്മനൽകിയിരുന്നുള്ളൂ. സ്നേഹം പകർന്നിട്ട് എന്ത് കാര്യമാണല്ലേ അത് തിരിച്ചറിയാനും, തിരിച്ചു സ്നേഹിക്കാനും ആരുമില്ലെങ്കിൽ വ്യർത്ഥമാണ് എല്ലാം..! ഏറ്റവും വലിയ ഭീകരതയല്ലേ അത്. അദ്ദേഹത്തിന്റെ മരണത്തോടെയാണ് ഞാനറിഞ്ഞത് നിശബ്ദതയുടെ ആഭീകരത.രാത്രി തിമർത്ത് പെയ്യുന്ന മഴയെ നോക്കി വീടിന്റെഉമ്മറ തിണ്ണയിൽ ഇരിക്കുമ്പോ ഓർമ്മകൾ അരിച്ചിറങ്ങി വരും.ശാരദയുടെ കൂടെ കോളേജിലെ കാറ്റാടി മരങ്ങളെ പുല്കി കളിച്ചു നടന്നതും.പിന്നീട് സലീമിന്റെ വശ്യമായ ചിരിയിൽ വീണ് പോയതും, വിവാഹിതയായതും, മക്കളെ കിട്ടിയപ്പോ പഠിപ്പൊക്കെയും മതിയാക്കി മക്കളെ നെഞ്ചിൽ ചേർത്ത് കാലം കഴിച്ചതും. മനോഹരമല്ലായിരുന്നോ.. അന്ന് ജീവിതം!നല്ല കുളിരുള്ള പ്രഭാതങ്ങളും, പൊന്നുവിതറുന്ന നട്ടുച്ചയും, അസ്തമയ സൂര്യന്റെ ചുവപ്പ് കവിളിൽ പതിയുന്ന സന്ധ്യകളും, നിലാവുള്ള രാത്രിയും അദ്ദേഹവും മക്കളും.. എന്റെ സ്വർഗ്ഗം വെറും നിമിഷ നേരത്തേക്ക് മാത്രമായിരുന്നു.എന്റെ മക്കൾ വളരേണ്ടിയിരുന്നില്ല.ആ കുഞ്ഞു കണ്ണുകളായിരുന്നു കാണാൻ നല്ലത്,ഈ ഉമ്മായെ ഇമവെട്ടാതെ നോക്കുന്ന ആ കുഞ്ഞു കണ്ണുകൾ വേണമായിരുന്നു എനിക്ക്. പിന്നീട് മുകളിലെ മുറിയിൽ മക്കളും പേരക്കുട്ടികളും ഉറങ്ങി അവസാന വെട്ടവും അണയുമ്പോൾ താഴേയ്ക്ക് ഇറങ്ങി വരുന്ന നിശബ്ദത എന്നെ പേടിപ്പെടുത്തുമായിരുന്നു. ഒറ്റയ്ക്ക് പുറത്തെ ഇരുട്ടിൽ ആർത്ത് പെയ്യുന്ന മഴയോടൊപ്പം പെയ്തു തീർന്നിരുന്നെങ്കിലെന്ന് മോഹിച്ചിരുന്നു.ഇവിടെ ഈ കരുണാലയത്തിൽ നിറയെ വെളിച്ചമാ പക്ഷെ എന്നിട്ടും കണ്ണ് നിറയുന്നു. ഹൃദയം ഇടയ്ക്ക് മരവിച്ച പോലെ.വിരലുകൾ മക്കളെ തലോടാൻ കൊതിക്കുന്നു.എന്താവും അങ്ങിനെ? അവസാന നിമിഷവും അദ്ദേഹം എന്നോട് പറയുമായിരുന്നു. "ഞാൻ പോയാൽ ചിലപ്പോ നീ ഒറ്റപ്പെട്ടേക്കാം അന്ന് സങ്കടപ്പെടരുത്, ധൈര്യമായി നില്ക്കണം കാരണം നീ ഒറ്റയ്ക്ക് പോകേണ്ടവൾ തന്നെയാ "
എന്നെ തിരിച്ചറിഞ്ഞ ആ സ്നേഹം ,എനിക്ക് ചുറ്റുമുള്ളവരെ നന്നായി വായിച്ചിരിക്കണം. അല്ലാതെ....
ഇതൊരു വല്ലാത്ത യാത്ര തന്നെ ഈ ജീവിതയാത്ര! കാഴ്ചകളൊക്കെയും കൗതുകമാണ് നമുക്ക്. ഓരോരോ കൗതുകം.
വളരെ വലുതായിട്ടും എന്റെ മകൾ ഷരീഫയ്ക്ക് ചോറുരുള ഞാൻ വായില് വെച്ച് കൊടുക്കണമായിരുന്നു. ഇടയ്ക്കെപ്പൊഴോ എന്റെ വിരലിന്റെ അരികിന് പഴുപ്പ് ബാധിച്ചു. സോപ്പിന്റെയൊക്കെ ഉപയോഗം കുറയ്ക്കാനാ അന്ന് ഡോക്ടറ് പറഞ്ഞത്. ഞാനനുസരിച്ചില്ല. എങ്ങിനെ കഴിയുമതിന്. എന്റെ മക്കളും വീടും അന്ന് ഞാനില്ലയെങ്കിൽ ശൂന്യമല്ലായിരുന്നോ വെറും ശൂന്യം.പക്ഷെ ഷരീഫ പിന്നെ ചോറുരുളവാങ്ങീല്ല,അറപ്പ് വന്നു ഈ ഉമ്മാടെ കൈകളോട് .ആ അറപ്പാവും ഇന്നവൾക്ക് മുഴുവനായും എന്നോട് തോന്നിയത്. സാരല്യ കുട്ടിയല്ലേ.. എന്നെക്കൊണ്ട് അത്രയും എന്തോ പ്രയാസം അവർക്ക് തോന്നുന്നുണ്ടാവും അല്ലാതെ അവരെന്നെ ഇവിടെ കൊണ്ട് വിടില്ലല്ലോ.. അവർക്ക് ഇതുകൊണ്ട് സമാധാനം കിട്ടുവെങ്കിൽ അങ്ങനെയാവട്ടെ.
എന്നെയിവിടെ വിട്ട് പോകുമ്പോൾ ഇവിടുത്തെ മോളോട് അവള് പറയുന്നത് കേട്ടു ഇക്കാക്കമാര് നാട്ടില് വരുമ്പോ വന്ന് കൊണ്ടോയ്ക്കോളാം എന്നൊക്കെ., ആർക്കറിയാം ഇനി വരുമോന്ന്...
ഈ കരുണാലയത്തിന്റെ മുന്നിൽവിജനമായ റോഡാണ്. എന്നിലെ പ്രതീക്ഷകൾ ദിവസവും വഴി നടക്കുന്ന, കാത്ത് നില്ക്കുന്ന കുണ്ടും കുഴിയുമുള്ളൊരു റോഡ്. ഇപ്പോമരണത്തെ മണക്കുമ്പോൾ മാത്രമാ കൊതിവല്ലാതെമൂക്കുക പാൽപല്ല് കാട്ടി ചിരിച്ച, എന്റെ വിരലിൽ തൂങ്ങി നടന്ന പൊന്നുമക്കളെ അവസാനമായി ഒന്നു കാണാൻ. ചില രാത്രികളിൽ സ്വപ്നത്തിൽ എന്റെഉപ്പയെ കാണും, ഉമ്മയേയും,ഒരുപാട് കരയും.അപ്പൊ ഞാൻ ചെറിയ കുട്ടിയെ പോലെയാ.. അവരറിയില്ലല്ലോ അവരെ മകളെ ആർക്കും വേണ്ടാതായത്. ഇന്നെവിടെയോ ചുരുണ്ട് കൂടികിടപ്പാണെന്ന്. കൂരിരുട്ടിൽ എന്റെ മക്കളെയും ആരൊക്കെയോ ഉപേക്ഷിച്ച് പോകുന്നത് കണ്ട് ഞെട്ടിയുണരാറുണ്ട്. നെഞ്ചുരുകിയാ അപ്പൊ പ്രാർത്ഥിക്കാറ് ഞാൻ മക്കൾക്ക് ഈ ഗതി വരുത്തരുതേയെന്ന്. പക്ഷെ അപ്പൊ എന്റെ മുറിയിലെ എൽസ്സയുടെവാക്കുകളാചെവിയിൽ തുളഞ്ഞ് കയറുക. "നിന്റെ കർമ്മഫലം നീ അനുഭവിക്കില്ലേ.. പഴുത്ത പ്ലാവില വീഴുമ്പോപച്ച പ്ലാവില ചിരിക്കാറില്ലേ..."സദാസമയവും എൽസ ഇങ്ങനെയാ ഇതേഉരുവിട്ട് കൊണ്ട്.പാവം, മാനസിക രോഗിയാന്നാ ഇപ്പോ അവൾക്ക് പേര്.
ഈ ഉമ്മായ്ക്കിനി ആശ ഒന്നേയുള്ളൂ മരണം വരുമ്പോഴെങ്കിലും എന്റെ മക്കൾ അരികിൽ വേണമെന്നത്.അങ്ങേ ലോകത്ത് എത്തിയാ അദ്ദേഹത്തോട് പറയാലോ നമ്മുടെ മക്കളാ എന്നെ യാത്രയാക്കിയതെന്ന്, ഞാൻ തോറ്റു പോയില്ലെന്ന് പറയാലോ. ജേതാവിനെ പോലെ പോകണം ആ നിർവൃതിയിൽ മണ്ണോട് ചേരണം.
ഇന്നും നല്ല മഴ പെയ്യുന്നുണ്ട് ജമന്തിയൊക്കെനിലംപൊത്തി, ഗേറ്റിനരികിലെ ബോഗൺവില്ല മഴ നനഞ്ഞ് കൂടുതൽ നിറം വച്ചപോലെ,, നല്ലമണ്ണിന്റെ മണവും. ഈ നീളമുള്ളവരാന്തയിൽ എത്ര മുഖങ്ങളാ മണ്ണിന്റെ മണവും വലിച്ചെടുത്ത് മഴയെ നോക്കി ഇങ്ങനെ.. പാവങ്ങൾ ആ മൂലയിലിരിക്കുന്നവരെ കണ്ടോ.., കൃഷ്ണേട്ടനും, ബീരാനിക്കയും നല്ല കൂട്ടാ.. എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു.പക്ഷെ ഇന്നലെ ഞാൻ കണ്ടിരുന്നു കൃഷ്ണേട്ടൻ ഒറ്റയ്ക്കിരുന്ന് കരയുന്നത്.ചുമലിലിട്ട
തോർത്ത് മുണ്ട്കൊണ്ട് തിമിരം മൂടിയ കണ്ണുകൾ തുടയ്ക്കുന്നത്.വായ മുറുക്കെ പൊത്തി
വീണ്ടും വീണ്ടും കരയുന്നത്. സങ്കടങ്ങളൊക്കെ അടക്കി പിടിച്ച് ആരുടെയൊക്കെയോ വരവും പ്രതീക്ഷിച്ചുള്ള ഈ ജീവിതത്തിനും കാണും ഒരു സുഖം.ഇല്ലേ...
മഴ തോരുന്നില്ലല്ലോ..
ഒരു വെളുത്ത കാറ് കവാടം കടന്ന് മുറ്റത്ത് കൊണ്ടുവന്ന് നിർത്തിയിട്ടുണ്ട്.
ആരാ ഇറങ്ങുന്നത് ...? കരുണാലയത്തിന്റെ അകത്ത് നിന്ന് എന്നെപ്പോലെ എത്ര കണ്ണുകളാപുറത്തേക്ക് ചാടിയത്. എന്തിന്? വെറുതെ.ഇവിടുന്ന് ആരും പോകാറില്ലല്ലോ ഇങ്ങോട്ട് വരാറല്ലേയുള്ളൂ.. അതിനല്ലേ ഗേറ്റ് മലർക്കെ തുറന്നിട്ടിരിക്കുന്നത്.
"എന്താ സുഹറാ ഇങ്ങനെ നോക്കുന്നേ.. മനസ്സിലായില്ലെന്നുണ്ടോ നിനക്കെന്നെ "?
മുണ്ടും നേരിയതും ചുറ്റി മെലിഞ്ഞു വെളുത്ത ഒരു രൂപം ഉമ്മറപടി കയറിവരുന്നു.
"നിന്റെ ശാരദ തന്നെ, വയസ്സ് കാലത്ത് നോക്കാൻ
കുറേ മക്കളെ പെറ്റ് കൂട്ടിയ നിന്റെയാ പഴയ ശാരദ ഓർക്കുന്നില്ലേ.. നീയ്യ് "
"ഉം ... എനിക്ക് കണ്ടപ്പഴേ മനസിലായി നീ വാ... കുറേയുണ്ട് പറയാൻ.
നമുക്കാ പഴയ കാറ്റാടി മരങ്ങളെക്കുറിച്ച് പറയാം ന്താ ല്ലേ... അതല്ലേ നല്ലത് ശാരദേ "...
ശുഭം.
ഷംസീറ ചെച്ചി

മൈലാഞ്ചിയില്ലാതെ ............................... (ഒരു ജീവിത കഥ! )

മൈലാഞ്ചിയില്ലാതെ
............................... (ഒരു ജീവിത കഥ! )
"സ്വപ്നങ്ങൾ നെയ്യുന്ന കൂട്ടുകാരീ..... "
എന്നാണ് എന്റെ കൂട്ടുകാരി എന്നെ വിളിച്ചിരുന്നത്.
പക്ഷെ, എനിക്ക് സ്വപ്നങ്ങൾ ഉണ്ടായിരുന്നോ...? അറിയില്ല ,
പ്രതീക്ഷകളെ ഞാൻ നെഞ്ചിൽ കൊണ്ട് നടക്കാറുണ്ടായിരുന്നു ചിരിപ്പിക്കാൻ കഴിയുന്ന പ്രതീക്ഷകളെ മാത്രം.!
ശലഭങ്ങളെ പോലെ പാറി പറക്കാൻ ഇഷ്ടപ്പെട്ട, വർണ്ണങ്ങളെ സ്നേഹിച്ച, കവിതകളെ പ്രണയിച്ച, കഥ പറയാൻ ഇഷ്ടമുള്ള എന്റെ ലോകം എനിക്ക് പ്രിയമായിരുന്നു എന്നും!
ജനിച്ച് വളർന്ന മണ്ണിൽ മാമ്പഴം പറിച്ചും, പേരയ്ക്ക കടിച്ചും ഓടി നടക്കുമ്പോൾ എന്റെ പ്രായം പതിനേഴ് !
സ്നേഹം നിറച്ച മനസ്സ് വാരി വിതറി ബന്ധങ്ങളെയെല്ലാം മുറുകെ പുണർന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു ഞാൻ.
കലപില കൂടി ഒപ്പംനടന്ന ജ്യേഷ്ഠത്തി ഒരുനാൾ
താലിയണിഞ്ഞ് വധുവായി പടിയിറങ്ങിയപ്പോൾ ഏങ്ങിയേങ്ങിക്കരഞ്ഞിരുന്നു ദിവസങ്ങളോളം. ഒറ്റപ്പെട്ടത് പോലെ തീർത്തും!
ചില ആത്മ ബന്ധങ്ങളുണ്ടാക്കുന്ന വേർപാട് അങ്ങനെയല്ലേ..
അതാവും ഒരുപാട് കരഞ്ഞു.
പിന്നീട്..,
ആ വിവാഹം വരുത്തിവെച്ച ബാധ്യത തീർക്കാൻ ശലഭങ്ങളുറങ്ങുന്ന വീടും നാടും വിട്ട് എന്നേയും, അനിയനേയും കൂട്ടി ഉമ്മ അവിടുന്ന് പടിയിറങ്ങി.
മനസ്സിനേറ്റ ഏറ്റവും വലിയ മുറിവായിരുന്നു അത്.!
തിരിഞ്ഞു നോക്കി ഞാൻ കണ്ണ് നിറയെ അവസാനമായി - എന്റെ കല്യാണ സൗഗന്ധികം പടർന്ന ആ വീട്ടിലേക്ക്.
ഒരുപാട് നാളുകൾ കണ്ണീരുണങ്ങിയ കവിൾത്തടവുമായി ഏതോ വാടക വീട്ടിൽ അന്തിയുറങ്ങി. പതിയെ സ്വപ്നങ്ങളിൽ മാത്രം എന്റെ ശലഭങ്ങളുറങ്ങുന്ന വീട് ഒതുങ്ങാൻ തുടങ്ങി.
കോളേജ് കാലം ഹരമായിരിന്നു എനിക്ക്.
നഷ്ടപ്പെട്ടതിന്റെ സങ്കടം കാട്ടാതെ ചിരിച്ച് കളിക്കാൻ എന്റെ പ്രിയപ്പെട്ട ഇടം!
പ്രണയമെന്തെന്ന് പറഞ്ഞ് തരാനായി കാലം കരുതിവച്ച പ്രഭാതങ്ങൾ എന്റെ മുന്നിൽ ഉദിക്കുകയായിരുന്നു.
എവിടെയോ വായിച്ച നായകന്മാരുടെ മുഖങ്ങൾ പ്രത്യക്ഷപ്പെടുത്തി എന്നിലും ചില ചലനങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കുകയായിരുന്നു.
പ്രണയത്തിന്റെ വ്യാഖ്യാനമറിയാത്ത ഞാനും അതാണ് പ്രണയമെന്ന് വൃഥാ സങ്കല്പിച്ച നാളുകളുമായിരുന്നു അതൊക്കെ !
ചൂളം വിളിക്കുന്ന ആൺപിള്ളേരെ ശൗര്യമുള്ള നോട്ടം കൊണ്ട് തടുക്കാനറിയാമായിരുന്നു എനിക്ക്.
നാവ് കൊണ്ട് നിലയ്ക്ക് നിർത്താനറിയാമായിരുന്നു തോണ്ടാൻ വരുന്ന മാന്യൻമാരെ .
ഇത്തിരി അഹങ്കാരവും ഉണ്ടായിരുന്നു കാണാൻ മോശമല്ലാത്ത സൗന്ദര്യം കിട്ടിയതിൽ.
നിശബ്ദമായി എന്നെ പിൻതുടരുന്ന പ്രണയങ്ങളെയൊക്കെ മൗനമായി നോക്കിക്കണ്ട് ചിലതിനോട് ചിരിച്ച് നടക്കുന്ന കളിയും, പഠനവും നിറഞ്ഞ കാലം സുന്ദരമായിരിക്കാം..! സൗഹൃദങ്ങളുടെ വലയത്തിൽ അമ്മാനമാടിയിരുന്ന കാലം!
ഉമ്മയുടെ വാത്സല്യ മകളായി ,അനിയന്റെ ഇച്ചാച്ചയായി തല്ല് കൂടി, കളി പറഞ്ഞ് ഉറങ്ങുന്ന സുഖമുള്ള കാലം മറുവശത്ത്.
അവന്റെ പേര് - "നിസാം..."!
നിസാം എന്നെ ആദ്യമായി കാണുമ്പോൾ ഞാൻ നാരങ്ങാ നിറമുള്ള ചുരിദാറായിരുന്നു ധരിച്ചത് ,
അതേ നിറമുള്ള ദുപ്പട്ടയും!
ഒരുപാട് തിരക്കുള്ള ആ ബസ്സ്റ്റോപ്പിൽ വെച്ച് കണ്ടപ്പോൾ തന്നെ നിസാമിന്റെ മനസ്സിലെവിടെയോ ഞാൻ ചലനം സൃഷ്ടിച്ചതാവാം... ആ മനസ്സിൽ എന്റെ ദുപ്പട്ട പാറി പറക്കുകയായിരുന്നു.
പക്ഷെ ബഹളങ്ങൾക്കിടയിൽ മറഞ്ഞ എന്നെ നിസാം തെല്ലൊരു വ്യസനത്തോടെ ഉപേക്ഷിച്ചു.
എങ്ങ് നിന്നോ വന്ന് എങ്ങോ പോയൊരു പെൺകുട്ടി അത്ര മാത്രം!
പിന്നീട് അപ്രതീക്ഷിതമായിട്ടായിരുന്നു വീണ്ടും ..
കാത്ത് വെച്ചത് പോലെ.....
നിസാമിന്റെ നാട്ടുകാരിയാണ് ഞാനെന്ന് അവന് ബോധ്യമായത്.
അന്ന്
ഏതോ ദിക്കിലേക്ക് ബസ്സ് കയറി പോയ താൻമറന്ന് തുടങ്ങിയ പെണ്ണിന്റെ രൂപം വീണ്ടും അപ്രതീക്ഷിതമായി മുൻപിൽ വന്ന്പെട്ടതോടെ സൽമ നിസാമിനുള്ളതാണെന്ന് അവൻ മനസ്സിൽ കോറിയിട്ടു .
പിന്നീടുള്ള നീക്കങ്ങൾ എന്നെ സ്വന്തമാക്കുക എന്നതായിരുന്നു.
എന്റെ എളാമ്മയുടെ കുടുംബസുഹൃത്തായ നിസാം അവരെകൂട്ട് പിടിച്ച് എന്റെ പിറകെ കൂടി. കത്തുന്ന നോട്ടം പായിച്ച് പിന്മാറുകയല്ലാതെ എനിക്ക് നിസാമിനെ പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല.
കാരണം എന്റെ വിലക്കുകളില്ലാത്ത ലോകത്തോടുള്ള അമിത ആവേശം തന്നെയായിരുന്നു. ഉമ്മ എല്ലാ സ്വാതന്ത്യവും തന്നിരുന്നു എനിക്ക്.അത് ആസ്വദിച്ച് മതിയാകാതെയുള്ള എന്റെ ജീവിതത്തിലെ ഒരു വിഘ്നമായി നിസാമിനെ ഞാൻ കണ്ടു.
"ഒരുപാടിഷ്ടമാണ്. എനിക്ക് നിന്നെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്,
ഒരു മറുപടി പറയണം സൽമ."
അതെ എന്റെ പേര് "സൽമ "!
ഞാൻ പറയാൻ മറന്നതാ.. ട്ടോ ....
എന്റെ പിറകേ കൂടിയ നിസാമിനെ ഒരു പൂവാലനെ പോലെ കണ്ട് ഞാൻ ഓടിക്കുകയായിരുന്നു.
ഇതേ പ്രക്രിയ ഒരു മാസത്തോളം തുടർന്നു. നിസാം എന്നെത്തേടി എള്ളാമ്മയുടെ വീട്ടിലെ നിത്യ സന്ദർശകനായി മാറി. ഇടയ്ക്കിടെ എളാമ്മയുടെ വീട്ടിൽ പോകാറുള്ള എനിക്ക് അങ്ങോട്ടുള്ള പോക്ക് അലോസരമായി തുടങ്ങി.
അങ്ങനെയിരിക്കെ എന്റെ ഉമ്മാനെ അവർ കാര്യങ്ങൾ അറിയിച്ചു.
"എന്താ ആ പയ്യന് മോശം? സമ്പത്തില്ലേ, സൗന്ദര്യമില്ലേ... ഈ കുട്ടിക്ക് അഹങ്കാരമാണോ..?" ബന്ധുക്കളുടെ ചോദ്യങ്ങൾ കാതിൽ പതിക്കാൻ തുടങ്ങിയിരുന്നു.
ബന്ധുക്കൾ എനിക്ക് ശത്രുക്കളാകാൻ തുടങ്ങി.
"അതെ അഹങ്കാരമാണ് '
അത്ര മാത്രമേ അവരോട്ഞാൻ മറുപടി പറഞ്ഞുള്ളൂ...
പക്ഷെ എന്റെ ഉമ്മയെ കെട്ടി പിടിച്ച് കരയാതിരിക്കാൻ കഴിഞ്ഞില്ല .
" വീട് വേണം ശലഭങ്ങൾ പറക്കുന്ന നഷ്ടപ്പെട്ടആ വീട് പോലെ.. !
നമുക്കൊരു വീട് വേണം. അവിടെ എനിക്ക് ഇനിയും നിങ്ങളോടൊപ്പം കളി പറഞ്ഞ് ജീവിക്കണം.
കഥ പറഞ്ഞ് ഓടി നടക്കണം"
അതായിരുന്നു എന്റെസത്യം. എന്നെ നഷ്ടപ്പെടുത്താൻ എന്റെ മനസ്സ് പാകപ്പെട്ടിരുന്നില്ല എന്ന സത്യം .
"കല്യാണം എന്നത് ഇപ്പോ ചിന്തിക്കാൻ പറ്റുന്നില്ല ഉമ്മാ.. " അതു പറഞ്ഞ്കരഞ്ഞു ഒരുപാടൊരുപാട്.
ജ്യേഷ്ഠത്തിയുടെ വിവാഹം വരുത്തിവെച്ച ഗതികേട് എന്റെ മനസ്സിനെ കുത്തിനോവിച്ച് കൊണ്ടിരുന്നു എന്നത് മറ്റൊരു സത്യമായിരുന്നു. !
അമ്മമാർക്ക് മക്കളുടെമനസ്സ് കാണാൻ കഴിയുന്നത് കൊണ്ടാവാം പിന്നീട് ഉമ്മ നിർബന്ധിച്ചില്ല.
" ശരി വേണ്ട . നിനക്ക് സമ്മതമില്ലേൽ നിസാമിനെ കെട്ടാൻ നിർബന്ധിക്കുന്നില്ല.. അവൻ പോയ്ക്കോട്ടെ."
ഉമ്മയുടെ വാക്കുകൾ എനിക്ക് വല്ലാതെ ആശ്വാസം തന്നു.
പക്ഷെ... നിസാം ഈ സൽമയെ വലം വെച്ച് കൊണ്ടേയിരുന്നു.
ബന്ധുക്കൾ വീണ്ടും വരവ് തുടങ്ങി.
"പ്രണയമുണ്ട് കുട്ടിക്ക് പ്രണയമുണ്ട് അല്ലാതെയിങ്ങനെ വാശി പിടിക്കില്ല."
"അതെ പ്രണയമുണ്ട്, എന്തേ.... ???
ഒടുവിൽ രക്ഷപ്പെടാൻ... ചിരിച്ച് കാണിച്ച ഒരു പ്രണയത്തിന് നേരെ ഞാൻ ചൂണ്ടി.
പ്രണയത്തെ ഞാൻ നെഞ്ചേറ്റിയിട്ടൊന്നുമില്ല, ഉണ്ടെങ്കിൽ തന്നെ ദൂരേയ്ക്ക് കളയാൻ വലിയ പ്രയാസമൊന്നും എനിക്കില്ല.
ദയവ് ചെയ്ത് ഇന്നെന്റെ ശാഠ്യത്തിന് ആ പട്ടം ചാർത്താതിരിക്കുക പഠിക്കണം ഇനിയും !
ഞങ്ങൾക്കായുള്ള വീട്ടിൽ സ്വസ്ഥമായി എന്റെ ഉമ്മയോടും, അനിയനോടും ഒപ്പം ഇനിയും ജീവിക്കണം.
എന്റെ മനസ്സായിരുന്നു അത്.
മറിച്ച്
വെറുമൊരു നിസാര പ്രണയമാണ് തടസ്സമെന്ന കരുതിയവരല്ലേ ബുദ്ധിശൂന്യർ!
എല്ലാം കേട്ട് ഉമ്മ അരികിലേക്ക് വന്നു.
"നിന്റെ ഭാഗ്യമല്ലേ സൽമ ഇത്.
ഒരുത്തി പടിയിറങ്ങിയപ്പോൾ നമുക്ക് നഷ്ടമായത് നീ കണ്ടതല്ലേ..,
നിന്നെ ഇനി എന്ത് ചെയ്യും ?
കാണട്ടെ! എന്ന് പറഞ്ഞ് നോക്കി നില്ക്കുന്ന ലോകമാണിത്!
ഇപ്പോ ഒരു ചെക്കൻ
ഒന്നും വേണ്ട, നിങ്ങളെ മകളെ മതിയെന്ന് പറഞ്ഞ് കാല് പിടിക്കുന്നു. ഇതിൽപരം ഭാഗ്യം ഇനിയുണ്ടോ മോളേ നമുക്ക് !
ഞാനെന്ത് ചെയ്യണം സൽമാ....
നിന്റെ ബാപ്പയെ നിനക്കറിയില്ലേ.. ഇനിയൊന്നും അദ്ദേഹത്തെ കൊണ്ട് സാദ്ധ്യമാകില്ല എന്ന് തെളിഞ്ഞതാണ് .
അല്ലെങ്കിൽ നമുക്ക് പ്രിയപ്പെട്ട വീടിന്ന് അകലെയാവില്ലായിരുന്നു.
ഇനി വരുന്നവർ എന്താവും ആവശ്യപ്പെടുക എന്നും എനിക്ക് അറിയില്ല. "
ഇനി മോള് പറയൂ.. ഉത്തരം.
ഉമ്മായുടെ കണ്ണീരണിഞ്ഞവാക്കുകൾക്ക് മുന്നിൽ വീണ്ടും ഞാൻ പറഞ്ഞു.
"വിവാഹം ചെയ്യാതെ ജീവിച്ചോളാം..ഉമ്മാ... ഞാൻ"
പക്ഷെ ......
ഉമ്മാനെ ധിക്കരിക്കാൻ കഴിയാതെ,,, ഒരു ഉടമ്പടിയിൽ ഞാൻ നിസാമിന്റെതാകാമെന്ന് വാക്ക് കൊടുത്തു.
അതായത് അഞ്ച് വർഷം കഴിഞ്ഞ് വിവാഹം.
ഡിഗ്രികഴിഞ്ഞ് ,പി.ജി കഴിഞ്ഞ്.വീട് പണി പൂർത്തിയായിട്ട് ആ വീട്ടിൽ വെച്ച് !
അവർ സമ്മതം മൂളി. എന്റെ ബന്ധുക്കൾ!
"ഉടമ്പടിയൊക്കെ കേട്ടു .
പക്ഷെ അഞ്ച് വർഷം!ഇത്തിരി കൂടി പോയില്ലേ..? " നിസാം എന്റെ മുഖത്തേക്ക് നോക്കി.
"ഇല്ല " ഞാൻ പറഞ്ഞു.
"എന്നെ ഇഷ്ടമായോ.. അവകാശപ്പെടാൻ വലിയ സൗന്ദര്യമൊന്നും ഇല്ല."
"സൗന്ദര്യം മനസ്സിനല്ലേ..." ഞാൻ പറഞ്ഞു .
"പിന്നെയെന്താ എന്നോട് നീരസം കാട്ടിയത്? മറ്റാരെയെങ്കിലും ഇഷ്ടമുണ്ടായിരുന്നോ?നിസാം വീണ്ടും ചോദിച്ചു.
"അങ്ങിനെ പറയത്തക്ക ഇഷ്ടമൊന്നും എന്റെ ഹൃദയത്തെ കീഴ്പ്പെടുത്തിയില്ല.
പിന്നെ ഞങ്ങൾക്ക് സ്വന്തമായൊരു വീടില്ല !
വാടക വീട്ടിലാണ് ഇപ്പോ താമസം,
എന്റെ ബാപ്പ അദ്ദേഹത്തിന് ഉമ്മായെ വിവാഹം ചെയ്യുന്നതിന് മുൻപ് മറ്റൊരു ഭാര്യയും മക്കളും ഉണ്ട്.
ഇതൊന്നും ചിലപ്പോ നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ട് പിന്മാറുന്നതല്ലേ നല്ലത് " ഞാൻ വീണ്ടും ഒഴിഞ്ഞ് മാറിത്തന്നെ നിന്നു .
" ഇതൊന്നും എനിക്കൊരു വിഷയമായി തോന്നുന്നില്ല സൽമാ..
"നീ മുൻപ് വിവാഹിതയായോ?"
ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി.
"ഏയ് ഇല്ല."
"എങ്കിൽ മറ്റെല്ലാം പ്രശ്നങ്ങളും എന്റേയും പ്രശ്നങ്ങളാണ് ഇനി ."
തോറ്റു പോയ ഞാൻ തല കുനിച്ച് നിന്നേയുള്ളൂ... ആ സ്നേഹത്തിന് മുൻപിൽ.!
പിന്നീട് വെറുതേ ഒരു പെണ്ണ് കാണൽ ചടങ്ങ് നടന്നു.
എന്റെ അഞ്ച് വർഷവും കേട്ട് പോയവർ അതൊന്നും അവിടെ പറഞ്ഞില്ല. അത് പൊട്ടി പെണ്ണിന്റെ വായാടിത്തമാക്കി ഒന്നോ രണ്ടോ വർഷം പറഞ്ഞ് തിരികെ വന്നു.
എന്നോട് രണ്ട് വർഷത്തിന്റെ കാലാവധിയുണ്ടെന്നും, പഠിപ്പൊക്കെ അപ്പോഴേക്കും തീരുമെന്നും പറഞ്ഞു.
അഞ്ച് വർഷം തകർന്നത് കേട്ട് വേദനിച്ചുവെങ്കിലും രണ്ട് വർഷത്തിൽ ആശ്വാസം കണ്ടെത്തി.
അങ്ങിനെ ആ നിക്കാഹ് കഴിഞ്ഞു !
മതപ്രകാരം സൽമ നിസാമിന്റെ പെണ്ണായി!! .
ഇനിയൊരു ബിരിയാണി ചോറ് വിളമ്പുന്ന ചടങ്ങേ ശേഷിക്കുന്നുള്ളൂ.. പൂർണ്ണമായും സൽമ നിസാമിന്റെ മണവാട്ടിയാകാൻ!
എന്റെ മനസ്സ് നിസാമിനെ പുല്കാൻ തുടങ്ങിയിരുന്ന നിമിഷങ്ങൾ!
പിറ്റേന്ന് തന്നെ നിസാം.. ഹാജരായി !
കോളേജിൽ കൊണ്ടുവിടാനും,
സിനിമയ്ക്ക് പോകാനും, ബീച്ചിൽ കറങ്ങാനും, പുതിയ ഉടുപ്പുകൾ വാങ്ങിത്തരാനും സല്ലപിക്കാനും വല്ലാത്ത വെപ്രാളമായിരുന്നു നിസാമിന് .
എന്റെ സമ്മതമൊക്കെ കിട്ടി നിക്കാഹ് കഴിയുമ്പോഴേക്കും നിസാമിന് തിരിച്ചു വിദേശത്തേക്ക് പോകാൻ വിരലിലെണ്ണാവുന്ന ദിവസങ്ങളേ ഉണ്ടായിരുന്നുള്ളൂ..
ഞങ്ങൾ കിട്ടിയ ദിവസങ്ങൾനന്നായി ആസ്വദിച്ചൂന്ന് പറയാം...
ആ ബൈക്കിന് പുറകിൽ എനിക്ക് വല്ലാത്തൊരു സുരക്ഷ ലഭിക്കുന്നത് പോലെ... ആരൊക്കെയോ വന്ന് ചേർന്നത് പോലെ.
ഒൻപത് ദിവസങ്ങൾക്ക് ശേഷം...
നിസാം വിദേശത്തേക്ക് മടങ്ങി.!
മങ്ങിയ പ്രഭാതമായിരുന്നു അന്നെനിക്ക്.
മനസ്സിൽ ,
മുൻപ് ചിരിച്ച് കാണിച്ച പ്രണയമാണെന്ന് പറഞ്ഞതിനോടൊക്കെ പുച്ഛം നിറഞ്ഞ് തുടങ്ങിയ നാളുകൾ. ! നിസാമിനെ പ്രണയിച്ച് തുടങ്ങിയ നാളുകൾ!
ഹൃദയം നിസാമിന്റെ ഫോൺ വിളികൾക്കായി മിടിച്ച നിമിഷങ്ങൾ.!
ഒരു വർഷം ഇഴഞ്ഞു നീങ്ങി. പുലരുവോളമുള്ള ഫോൺ വിളികളുമായി ..... ഇടയിൽ കൊച്ചു കൊച്ചു ഇണക്കവും, പിണക്കവുമായി .
ആദ്യമായി കിട്ടിയ സമ്മാനം!
പിറന്നാൾ ദിനത്തിൽ നിസാം സമ്മാനിച്ച കല്ല് വെച്ച മനോഹരമായ ആ മോതിരത്തെ ഞാൻ പ്രണയിക്കുകയായിരുന്നു.
പുതിയവീടിന്റെ പണി കഴിഞ്ഞ് തുടങ്ങിയിരുന്നു... മറ്റൊരു വാടക വീട്ടിൽ ചേക്കേറിയ നാളുകൾ.
നിസാം.. വരുന്നെന്ന്!!
പ്രിയപ്പെട്ടവർക്ക് സദ്യയൊരുക്കി എന്നെ കൂടെക്കൂട്ടാൻ.
ഒരു വർഷം ആയിട്ടേയുള്ളൂ......ഞാൻ കോപം കൊണ്ട് ജജ്വലിച്ചു,,, ഫോണെടുത്തു.
"പറഞ്ഞ വാക്കിന് വില വേണം.
രണ്ട് വർഷം എന്ന് പറഞ്ഞിട്ട് ..
ഒരു വർഷമേ..ആയുള്ളൂ.. എനിക്ക് ഇപ്പോ പറ്റില്ല.
വീട് പണി പാതിയിലാ... പഠനം പാതിയിലാ.. നടക്കില്ല" ,
ഞാൻ തീർത്ത് പറഞ്ഞു .
" നോക്കൂ... സൽമാ.. നീയിന്ന് എന്റെ ഭാര്യയാണ്. നമ്മുടെ നിക്കാഹ് കഴിഞ്ഞതാണ്, ഇനി പ്രിയപ്പെട്ടവരെ വിളിച്ച് ഒരാഘോഷം അത്രയേയുള്ളൂ"
"അതെ.. അറിയാം.. അതിന് സമയമായില്ല എന്നേ ഞാൻ പറഞ്ഞുള്ളൂ.. "
എന്റെ കണ്ണിൽ കണ്ണുനീര് നിറയാൻ തുടങ്ങിയത് നിസാം എന്നെ മനസിലാക്കുന്നില്ലല്ലോ എന്നോർത്ത് മാത്രമായിരുന്നു.
എന്തോ എന്റെ സ്വപ്നങ്ങൾക്ക് മീതെ ആരോ ചുറ്റിവരിയുന്നത് പോലെ തോന്നി.
"എന്റെ ലീവിന് സമയമായി എനിക്ക് നാട്ടിൽ വരാം.. നിന്നെ നിക്കാഹ് ചെയ്തൂന്ന് വെച്ച് ഞാനെന്തിനീ ഒഴിവ് ദിനങ്ങൾ ഇവിടെ കളയുന്നു."
"ശരി അങ്ങനെയെങ്കിൽ വന്നോളൂ.".. ഞാൻ മറുപടി കൊടുത്തു.
വീണ്ടും കടൽത്തീരവും, റസ്‌റ്റോറന്റും പക്ഷെ എന്തോ രണ്ടു പേർക്കുമിടയിൽ ഒരു മൗനം!
നിസാം പറഞ്ഞതിൽ നിന്നും പിന്മാറിയില്ല. ഇപ്പോത്തന്നെ വിവാഹത്തിനൊരുങ്ങണം നീ,
നീ വിവാഹത്തിന് ഒരുങ്ങുന്നില്ലായെങ്കിൽ.....
"എന്നെയിനി കാണരുതെന്നും,
ഞാൻ മരിച്ചാൽ പോലും നീ വരരുതെന്നും,
നിന്റെ മുൻപിൽ ഞാൻ നശിക്കു"മെന്നുമുള്ള ഭീഷണി !
"ഒരാൾ നശിക്കണോ ,വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അയാൾ തന്നെയാണ് ... " ഞാനും മറുപടി കൊടുത്തു.
ഒരുതരം ഭ്രാന്ത് പോലെ നിസാംഎന്നെ സ്നേഹിക്കുകയായിരുന്നോ...
പക്ഷെ എന്റെ ഉറച്ച തീരുമാനം തെറ്റിക്കാനാവാതെ ഞാൻ കരയുക മാത്രം ചെയ്യുകയായിരുന്നു.
കോരിച്ചൊരിയുന്ന മഴയിലേക്ക് അന്ന് രാത്രി ബൈക്ക് ചീറിച്ച് കൊണ്ട് നിസാം പോകുന്നത് നോക്കി നിന്ന എന്നെ ആ ഇരുട്ട് വല്ലാതെ ഭയപ്പെടുത്തുകയായിരുന്നു.
ഒരിക്കലും ഇനി കാണരുതെന്ന് പറഞ്ഞ് നിസാമിന്റെ നിഴലും മറഞ്ഞു.
ഞാനെന്താണ് ഇങ്ങനെ...? എന്നോട് പലവട്ടം ചോദിച്ചു.
മനസ്സിനെ പാകപ്പെടുത്താൻ പറ്റാത്തത്,
നിസാമില്ലാതെ എന്ത് സ്വപ്നമാണിനിയെനിക്ക്. എന്നെ എന്താണ് അന്ധയാക്കുന്നത്.
പിന്നീട് കുറേ ദിവസക്കാലം ഞങ്ങൾ കാണാതായി.
നിസാം വീട്ടിലേക്ക് വരാതായി.
വിളിയില്ല,,,,
കോളേജിന്റെ വഴിയിൽ കാത്ത് നില്പില്ല.
രാത്രി ഏറെ വൈകിയാലും കഥ പറഞ്ഞിരിക്കുന്ന , ഞാൻ ഉന്തി തള്ളി വിടുന്ന നിസാം എന്റെവീട്ടിൽ വരാതായി.അങ്ങനെ ദിവസങ്ങൾ പോകവെ....
ഒരു ദിവസം എളാമ്മ വിളിപ്പിച്ചിട്ടാണ് ഞാനവിടെ ചെന്നത്.
കോളേജ് വിട്ട് വന്ന പാടേ ആയിരുന്നു
ഉമ്മ പറഞ്ഞത് നിന്നെ അന്വേഷിച്ച് എളാമ്മ വന്നെന്നും, അവിടേക്ക് ചെല്ലാൻ പറഞ്ഞെന്നും. എന്തോ സംസാരിക്കാനുണ്ടെന്ന്.
"നീ വേഗം പോയി വാ..
ഉമ്മ എന്റെ കയ്യിൽ വണ്ടിക്കൂലി തന്നു.
ഞാൻ അതേ വേഷത്തിൽ, ബാഗ് ടേബിളിൽ വച്ച് , രൂപയും വാങ്ങി ഇറങ്ങി.
ഉമ്മാന്റെ സഹോദരിയുടെ വീട്ടിലേക്ക്...
അവിടെ എത്തുമ്പോൾ ഉമ്മറത്ത് നിസാമും ഉണ്ടായിരുന്നു.
"എന്താണ് നിന്റെ തീരുമാനം?
ഒരു പയ്യൻ കാലിൽ, വീണതിന്റെ അഹങ്കാരമാണോ കുട്ടീ..? പൊന്നും പണവും ഒന്നും വേണ്ടെന്ന് പറഞ്ഞതിന്റെ ഖിബ്റാണോ നിനക്ക്, ഇത്രയും കാല് പിടിച്ചിട്ട് നീ എന്ത് കാത്താണ് ഇരിക്കുന്നത് സൽമാ... "
കേട്ട് നിന്നതേയുള്ളൂ ഞാൻ അക്ഷരം ഉരിയാടാതെ.
കണ്ണീര് കൊണ്ട് കവിൾത്തടം നനയാൻ തുടങ്ങി.
ഞങ്ങളുടെ വീടിന്റെ അവസ്ഥയായിരുന്നു എന്റെ മനസ്സിൽ.
ഇത്തയുടെ വിവാഹത്തലേന്ന് കരിവാളിച്ച മുഖവുമായി ,മനസ്സിൽ കടം വാങ്ങിയതിന്റെ വെപ്രാളവുമായി ഓടി നടന്ന ബാപ്പയുടേയും,ഉമ്മയുടേയും മുഖമായിരുന്നു. ഒടുക്കം ഒരു നിവൃത്തിയുമില്ലാതെ ചോര നീരാക്കി പണിത വീടും, സ്ഥലവും നഷ്ടപ്പെടുത്തി കരഞ്ഞിറങ്ങിയ ഉമ്മാന്റെ മുഖമായിരുന്നു .
വീട് വിറ്റതിന്റെ പേരിൽ കോടീശ്വരൻമാരായ ജ്യേഷ്ഠത്തിയുടെ ബന്ധക്കാരുടെ അകൽച്ചയും, അവളനുഭവിച്ചിരുന്ന ദുഃഖവുമെല്ലാം എന്നെ വലിഞ്ഞ് മുറുക്കിക്കൊണ്ടിരുന്നു
"സ്വർണ്ണം ഞാൻ തരാം... നമുക്ക് ഏതേലും ഹാളിൽ വെച്ച് വിവാഹം നടത്താം..." നിസാം വീണ്ടും പറയുകയാണ്.
എന്റെ ഇത്തക്ക് കൊടുത്ത പോലെ അത് തന്നേ ഉമ്മ എന്നെ ഇറക്കി വിടുകയുള്ളൂ.... എനിക്കുറപ്പായിരുന്നു.
പിന്നെ അനുജത്തിയെ പോലെ എന്നെ ചേർത്തു നിർത്തുന്ന ഇക്കയുണ്ടായിരുന്നു ഇത്തയുടെ ഭർത്താവ് എന്തിനും തയ്യാറായി .. അറിയാം എങ്കിലും ഉമ്മ വീണ്ടും കടക്കെണിയിൽ പെടുമോയെന്ന ഭയം ,സങ്കടം എന്നെ നിസാമിനോട് തർക്കിക്കാൻ തയ്യാറാക്കി കൊണ്ടിരുന്നു.
സമാധാനത്തോടെയുള്ള ഒരു കല്യാണം!
അതു മാത്രമായിരുന്നു സ്വപ്നം!
"കേട്ടില്ലേ സൽമാ ഇനി എന്ത് വേണം., സ്വർണ്ണം പോലും അവൻ തരാന്ന് പറയുന്നു., എന്നിട്ടും അഹങ്കാരമാണിത്. " എളാമ്മ ദേഷ്യത്തിലായിരുന്നു.
"എനിക്ക് ഹാളിൽ വെച്ച് വിവാഹം വേണ്ട,
പിന്നെ സ്വർണ്ണം തരാതിരിക്കാൻ മാത്രം ഗതികേട് ഞങ്ങൾക്കില്ല.
എന്റെ ഇത്തയെ പറഞ്ഞ് വിട്ട പോലെ അന്തസ്സായി തന്നെ ഉമ്മ എന്നേയും വിടൂ.... വീട് പണി പൂർത്തിയാകണം. അത്രയേയുള്ളൂ.. "
വീണ്ടും ,വീണ്ടും എന്റെ കാത് തുളക്കുമാറ് അവർ പലതും പറഞ്ഞു കൊണ്ടേയിരുന്നു.
ഞാൻ ചുവര് ചാരി കരയാൻ തുടങ്ങിയിരുന്നു. നിസാം പിന്നീട് മൗനിയായി മാറി നില്പായിരുന്നു.
"പറഞ്ഞപോലെ ഒരു വർഷം കഴിഞ്ഞില്ലേ സൽമാ? ന
"ഞാൻ … പറഞ്ഞത് ഒരു വർഷമല്ല " ദേഷ്യം കൊണ്ട് എന്റെ മുഖം ചുവന്നിരുന്നു.
ഒരു തരം പറയാൻ പറ്റാത്ത മാനസികാസ്ഥയിലേക്ക് മനസ്സ്പാഞ്ഞ് പോവുകയായിരുന്നു.
വീണ്ടും നിർബന്ധം തുടർന്നപ്പോൾ എന്റെ സകല നിയന്ത്രണവും പോയിരുന്നു.
ഉച്ചത്തിൽ തന്നെ ഞാൻ പറയാൻ തുടങ്ങി
" ശരി നടക്കൂ... നിസാമിന് എങ്ങോട്ടാണ് ഞാൻ വരേണ്ടത്,, കൊണ്ടു പോകൂ ഈ നിമിഷം തന്നെ വേണേ കൊണ്ടു പോയ്ക്കോളൂ
പൊന്നും ,പട്ടും വേണ്ടെങ്കിൽ കൊണ്ടു പോകൂ... ഞാനൊന്നു കാണട്ടെ... ഒന്നും വേണ്ടാത്ത ആളെ !
ഒരു വർഷക്കാലം കൂടി ക്ഷമിക്കാൻ വയ്യെങ്കിൽ കൊണ്ട് പോ.. ഇപ്പോത്തന്നെ.. ദേഷ്യവും, എന്റെ വാശിയുമായിരുന്നു എന്നെക്കൊണ്ടത് പറയിച്ചത്.
ഞാനവിടുന്ന് ഇറങ്ങി വഴിയിൽ വെച്ചനിസാമിന്റെ ബൈക്കിന് പിറകിൽ ഇരുപ്പുറപ്പിച്ചു.
നിസാം ഒന്നും മിണ്ടാതെ, ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിരക്കി തുടങ്ങിയിരുന്നു.
കാഴ്ചകൾ കാണാത്ത കണ്ണ്, !
ഒന്നും
കേൾക്കാൻ വയ്യാത്ത ചെവി !
മിടിക്കുന്ന ഹൃദയം!
കാൽ മുട്ടുകൾ രണ്ടും ചേർന്ന് വിറയ്ക്കുന്നുണ്ടായിരുന്നു.!
എങ്ങോട്ടാണ് പോകുന്നത് വണ്ടി? സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥ.! അനുഭവിച്ചാൽ മാത്രം അറിയാവുന്ന ആ അവസ്ഥ!
ശരീരമാകെ ഒരു തരം വിറയൽ മാത്രം .
ഇന്നും ഞാൻ ഓർത്തെടുക്കാൻ നോക്കും അന്ന് ആ വഴിയിൽ കണ്ട ഏതെങ്കിലും കാഴ്ച പക്ഷെ വെറുമൊരു പുകമഞ്ഞ് മാത്രം!
അതെ ആ അവസ്ഥയും മനുഷ്യന് സ്വന്തമെന്ന് അറിയുന്നു.
വണ്ടി ചെന്ന് നിന്നത് ആരവങ്ങളോടെ ഞാൻ കയറിച്ചെല്ലേണ്ടിയിരുന്ന ആ മുറ്റത്തായിരുന്നു.
വിവാഹത്തിന് പന്തലിടാൻ വേണ്ടി കൊതിയോടെ ...നിസാം വലിയ തൈകളൊക്കെ വെട്ടിമാറ്റി വച്ച വീട്ടുമുറ്റത്ത്.
"ഉമ്മാ... ഞാൻ സൽമയെ ഇങ്ങോട്ട് കൂട്ടി... ഉമ്മ അവളെ അകത്തേക്ക് കയറ്റൂ"..
നിസാം പറഞ്ഞത് കേട്ട അമ്പരപ്പോടെ ഉമ്മ കൈപിടിച്ച് എന്നെഅകത്ത് കയറ്റി.
സംഭവിക്കുന്നത് എന്താണെന്നറിയാതെ
അകത്തേക്ക് കയറിയ ഞാൻ അലറിക്കരഞ്ഞു. എനിക്കെന്റെ വീട്ടിൽ പോകണമെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞു .
കൂടെ മണിമാരനാകാനുള്ള ആഗ്രഹം നഷ്ടമായ നിസാമും ,മൂത്തമകന്റെ വിവാഹ നാൾ സ്വപ്നം കണ്ട ഉമ്മയും കണ്ണീരണിഞ്ഞു നിന്നു.
"ഞാൻ സൽമയെ കൂടെക്കൂട്ടി " വിവരം എല്ലാവരേയും നിസാം ഫോൺ കറക്കിവിളിച്ച് പറഞ്ഞു.
ആ മുഖത്ത് സങ്കടം കനത്തിരുന്നു. അത്തറിനേറെയും, കസവ് മുണ്ടിന്റേയും ചേല് നഷ്ടപ്പെട്ട സങ്കടമോ..
അതോ പ്രിയ സഖിക്ക് കൊടുത്ത വാക്ക് തെറ്റിച്ചതിലോ.... ?അറിയില്ല.
എങ്കിലും ആ കണ്ണുകൾ ഒരുപാട് കരയുന്നത് ഞാൻ കണ്ടു.
ശേഷം എന്റെ ഉമ്മയെ വിവരം അറിയിക്കാൻ നിസാം സ്നേഹിതനേയും കൂട്ട് പിടിച്ചു ചെന്നു. നിസാമിനെ കടുത്ത വാക്കുകളാൽ പിച്ചിചീന്തി ഉമ്മ ഇറക്കിവിട്ടു.
"എന്റെ മകളെ കണ്ണീര് കുടിപ്പിച്ചാൽ നിങ്ങളെ ഞാൻ വെച്ചേക്കില്ല .
ആരു പറഞ്ഞു ഒന്നുമില്ലാതെ അവളെ കൂട്ടി പോകാൻ..അവൾ അനാഥയൊന്നുമല്ല. അന്തസ്സായി ഞങ്ങൾ ഇറക്കിവിട്ടുതരില്ലായിരുന്നോ.. ഇനി എന്റെ മോൾക്ക് എന്ത് സ്ഥാനമാ നിങ്ങളെ വീട്ടിൽ ഉള്ളത്. എല്ലാം നശിപ്പിച്ചില്ലേ..., വിളിച്ച് കൊണ്ടും പോകും മുൻപ് പറയാൻ തോന്നിയില്ലല്ലോ.. എന്നിട്ട് ഇപ്പോ പറയാൻ വന്നിരിക്കുന്നു.. ഇറങ്ങി പോയ്ക്കോ.. "
വിശ്വസിക്കാൻ കൂട്ടാക്കാതെ അഭിമാനിയായ ഉമ്മ തകർന്ന് പോയിരുന്നു.
ഇതിന് മാത്രം എന്ത് അപരാധമാണ് താൻ ചെയ്ത തെന്ന് അറിയാതെ കേട്ട് നില്ക്കാൻ ശക്തിയില്ലാതെ നിസാം കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ബൈക്കുമെടുത്ത് അവിടുന്ന് ഇറങ്ങുമ്പോൾ മനസ്സ് കലങ്ങി മറിയുന്നുണ്ടായിരുന്നു.
നിസാമിന്റേയും, സൽമ യുടേയും മണിയറ മുല്ലപ്പൂവും, അത്തറും, മൈലാഞ്ചിയുമില്ലാതെ കണ്ണീരിന്റെ ഉപ്പുരസത്താൽ കുതിരുകയായിരുന്നു.
ആരാണ് തെറ്റുകാരെന്നറിയാതെ.. തേങ്ങലുകളാൽ ആ രാത്രി നിശബ്ദ്ദമാകുകയായിരുന്നു.
പിറ്റേ ദിവസം സൽമയെ അയൽവാസികൾ അത്ഭുത ജീവിയെ പോലെ നോക്കുന്നു.
ചിലർ ചിരിക്കുന്നു.
ചിലർ താടിയിൽ കൈ വെച്ച് നില്ക്കുന്നു.
"ങാ... എന്താ ഇപ്പോ അതിശയം!
അവരെ നിക്കാഹ് പണ്ടേ കഴിഞ്ഞതല്ലേ... നമ്മള മതത്തില് അതല്ലേ വേണ്ടൂ.... പിന്നെ അവന് കൂട്ടുന്നതിന് കുഴപ്പമെന്ത് " അവരിൽ ചിലർ തന്നെ അതും പറയുന്നുണ്ടായിരുന്നു.
എളാമ്മ ഓടി വന്ന് എന്നെകെട്ടി പിടിച്ച് ഏങ്ങിക്കരഞ്ഞിരുന്നു.
" എന്ത് പണിയാ നീ കാണിച്ചേ..... "എന്തേലും പറഞ്ഞെന്ന് കരുതി ഓടിയിങ്ങ് പോരുകയാണോ.. ഞാനിനി അവളോട് എന്ത് പറയും പടച്ച റബ്ബേ...." കുറ്റബോധം കൊണ്ടോ, സങ്കടം കൊണ്ടോ ആ ഹൃദയം പിടയുന്നതും ഞാനറിഞ്ഞു. എല്ലാറ്റിനും മറുപടിയായി മൗനം എന്നെ കീഴടക്കിയിരുന്നു.
എന്റെ നേരെ എവിടെ നിന്നൊക്കെയോ കുറ്റപ്പെടുത്തലുകൾ വന്ന് വീണ് കൊണ്ടേയിരുന്നു.
"അവൻ വിളിച്ചെന്ന് കരുതി ഇറങ്ങിയിങ്ങ് പോരുകയാണോ കുട്ടീ" -
പാതി ചത്ത മനസ്സോടെ എല്ലാം കേട്ട് സൽമയുടെ ദിനങ്ങൾ നീങ്ങി തുടങ്ങി.
വീട്ടുകാർ പിണക്കത്തിലായി. മാസങ്ങളോളം ഉമ്മയുടെ നിഴൽ പോലും കാണാതായി.
അനുജന്മാർ വാങ്ങിക്കൊണ്ട് വന്ന രണ്ട് പുതിയ വസ്ത്രങ്ങളായിരുന്നു എനിക്കവിടെ സ്വന്തമെന്ന് പറയാൻ ആകെയുണ്ടായിരുന്നത്.
പിറ്റേ ദിവസംകോളേജിൽ എത്തിയ എന്നെ കൂട്ടുകാരും കളിയാക്കി തുടങ്ങി ...
"മണവാട്ടി.. എന്തൊക്കെയായിരുന്നു വാഗ്ദാനങ്ങൾ ..
എന്റെ കല്യാണം നിങ്ങൾ കരുതുന്നതിലും വ്യത്യസ്തമായിരിക്കും , അവിടെ ഇരുത്തി ചോറും തരും,
ഇവിടെ ഇരുത്തി പലഹാരം തരും.
എന്നിട്ട് ഇതാ വന്നിരിക്കുന്നു
ഒരു നാരങ്ങ വെള്ളം പോലും തരാതെ അവള് കാര്യം സാധിച്ചു. "
അങ്ങേ.. തലക്കീന്ന് പുരുഷ കേസരികൾ ചൂളമിടുന്നു
"ഹലോ... എങ്ങനെ ഉണ്ടായിരുന്നു.... "
മനസ്സ് പാതി കൈവിട്ട് നില്ക്കുന്ന എന്നെ ശ്യാമ യുടേയും, കൂട്ടുകാരുടേയും വാക്കുകൾ ഭ്രാന്തിയാക്കുകയായിരുന്നു.
മാഷ് ക്ലാസ് തുടങ്ങി അല്പം കഴിഞ്ഞതേ... ഓർമ്മയുള്ളൂ മനസ്സ് എന്റെ നിയന്ത്രണത്തിന്ന് കൈവിട്ട് തുടങ്ങിയിരുന്നു.
ക്യാമ്പസ് കുലുങ്ങുമാറ് ഞാൻ കൂക്കിയിട്ടു - പിന്നീട് ബോധരഹിതയായി നിലം പതിച്ചു.
ബോധം തെളിഞ്ഞപ്പോൾ എന്തൊക്കെയോ പിച്ചും പേയും പറയാൻ തുടങ്ങിയിരുന്നു.
പേടിച്ച് നിലവിളിച്ച ശ്യാമ എന്റെ കാലിൽ പിടിച്ച് മാപ്പ് പറയുന്നുണ്ടായിരുന്നു.
"ഞാൻ തമാശ പറഞ്ഞതല്ലേ ... സൽമ.
നിന്നെ ഞങ്ങൾക്കറിയില്ലേ...
നീ ഞങ്ങളോട് ഒരായിരം വട്ടം ചോദിച്ചതല്ലേ
" ഞാൻ എന്ത് ചെയ്യണം, എന്റെ വീടിന്റെ ഇപ്പഴത്തെ അവസ്ഥ മാറാൻ നിസാമിന് സമയമില്ല. എന്നെ ഉടനെ കെട്ടണമെന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യും.
എനിക്ക് ഇപ്പോ സമയമാകാത്തത് പോലെ ... നിങ്ങള് പറഞ്ഞ് താ ഉത്തരം "
എന്ന് നീ ഞങ്ങളോടും ചോദിച്ചില്ലേ..
നിന്റെ ശരിക്ക് വിട്ട് ഞങ്ങളും നിനക്ക് ഉത്തരം തരാതെ കയ്യൊഴിഞ്ഞു.
ഇപ്പോ നിന്നെ പഴിച്ചു പോയി ,ക്ഷമിക്കൂ സൽമാ... എന്നോട് ക്ഷമിച്ചെന്ന് പറയ്..."
കരയുന്ന ശ്യാമയേയും, എന്റെ കൂട്ടുകാരേയും ഞാൻ കാണുന്നുണ്ടായിരുന്നു.
കൂട്ടുകാരിൽ നിന്നും വിവരം അറിഞ്ഞ മാഷ്
എന്റെ ഡയറിയിൽ നിന്നും നമ്പർ എടുത്ത് നിസാമിന്റെ വീട്ടിലേക്ക് വിളിച്ചു.
നിമിഷ വേഗേന ഓടിയെത്തിയ പാവം നിസാം.... ആകെ മരവിച്ചായിരുന്നു മാഷിന്റെ മുൻപിൽ ഇരുന്നത് .
" നിസാം.. സൽമക്ക് കുഴപ്പമൊന്നുമില്ല ഹൈപ്പർടെൻഷനാണ് ഇപ്പോ ഓകെയാണ്. ഞങ്ങൾ മൂന്ന് വർഷമായി ആ കുട്ടിയെ ഇവിടെ കാണുന്നു.
ചിരിച്ച മുഖത്തോടെയല്ലാതെ ഇന്നുവരെ കണ്ടിട്ടില്ല. ഇനിയും അങ്ങനെ കാണണം. നിങ്ങൾ ചെയ്തത് വലിയ കാര്യമാണ്.
പക്ഷെ അവളെ കരയിക്കരുത് "
മാഷ് അതു പറഞ്ഞ് എന്റെ ചുമലിൽ തട്ടി .
ഹണിമൂൺ ആഘോഷിച്ചേ ഇനിഇങ്ങോട്ട് വരേണ്ടതുള്ളൂ... എന്ന് പറഞ്ഞ് പത്ത് ദിവിസത്തെ ലീവ് തന്ന് മാഷ് ഞങ്ങളെ കൈ വീശി കാണിക്കുമ്പോൾ നിറഞ്ഞ കണ്ണാലേ.. എന്റെ കൂട്ടുകാരും നില്പുണ്ടായിരുന്നു.
നിസാമിനെ ചേർന്ന് ഇരുന്ന് റോഡിലെ തിരക്കിലേക്ക് നോക്കിയപ്പോൾ.... കണ്ടു -
വിവാഹ ദിവസത്തെപ്പറ്റി സ്വപ്നം നെയ്ത് ശ്യാമ യുടേയും, നേനയുടേയും, കൂടെ നടന്ന് നീങ്ങുന്ന ഒരു പെൺകുട്ടിയെ.
നിസാം അണിയിച്ച മഹർ ഉമ്മ ആരുടേയോ കൈവശം കൊടുത്തുവിട്ടിരുന്നു.
രാത്രികൾ ഞാൻ ചെയ്ത തെറ്റിനെ ശപിച്ച് കൊണ്ട് മായുമ്പോഴും,, എന്റെയാ അവസ്ഥ! കൈവിട്ട മനസ്സ്! ആർക്കുംകാട്ടാൻ കഴിയാതെ കരഞ്ഞ് തീർക്കുകയായിരുന്നു ഞാൻ.
മൂന്ന് മാസത്തിന് ശേഷം നിസാം വിദേശത്തേക്ക് പോയി.
സൽമയെ പഠിക്കാൻ പറഞ്ഞയക്കണമെന്ന് നിസാം വീട്ടിൽ പറഞ്ഞേല്പ്പിച്ചിരുന്നു.
ഉദരത്തിൽ ഒരു പുതുനാമ്പ് വളരുന്നതറിഞ്ഞിട്ടും എന്നോട് പഠിപ്പ് നിർത്താൻ നിസാം പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഗർഭവും പേറി ഞാൻ ക്ലാസ് മുഴുവൻ പൂർത്തിയാക്കിയിരുന്നു. എന്റെ ആഗ്രങ്ങൾക്കൊന്നും ഒരു തടസ്സവും പറയാതെ നിസാം ചേർന്ന് നിന്നതേയുള്ളൂ എന്നും.
ഞാനറിയുകയായിരുന്നു പീന്നീട് ആ സ്നേഹം. എല്ലാ പരിഭവങ്ങളും ,പിണക്കവും എന്നോടുള്ള ഭ്രാന്തമായ സ്നേഹമായിരുന്നെന്ന് തിരിച്ചറിയുകയായിരുന്നു.
വിവാഹത്തോടുള്ള എന്റെ എതിർപ്പും, പിന്നീടുള്ള വാശിയും ഞാൻ നഷ്ടമാകുമോന്ന് നിസാമിനെ ഭയപ്പെടുത്തകയായിരുന്നു.
പ്രണയമെന്തെന്ന് തിരിച്ചറിഞ്ഞ നാളുകൾ.... തുടങ്ങുകയായിരുന്നു. സ്നേഹം കൂടുമ്പോൾ പരിഭവവും കൂടി വന്നിരുന്നു.
ഒരിക്കൽ പോലും നിസാമിന്റെ വീട്ടിലേക്ക് വരാത്ത ഉമ്മയെ തേടി പോകേണ്ടയെന്ന് നിസാം വാശി പിടിച്ചു. ദേഷ്യപ്പെട്ടു.
"അത്രയ്ക്ക് വലിയ തെറ്റാണോ ഞാൻ ചെയ്തത്. മഹറ് കൊടുത്ത പെണ്ണിനെയല്ലേ കൂടെ കൂട്ടിയത്.
നിസാം ഇടയ്ക്കിടെ ചോദിച്ച് കൊണ്ടേയിരുന്നു.
പിന്നീടതൊക്കെ മറന്ന് നിനക്ക് പോകണോ... പോയ്ക്കോ എന്നും നിസാം ഒരിക്കൽ പറഞ്ഞു.
പക്ഷെ,, ഞാനും പോയില്ല.!
കുറച്ച് കാലം പിണങ്ങി നിന്ന എന്റെ ഉമ്മാക്ക് എന്നെ കാണാൻ വരാതിരിക്കാൻ ആവില്ലായിരുന്നു.
ഉമ്മ വന്നു. ആ നിമിഷം വീണ്ടും ഞാൻ ഒരുപാട് കരഞ്ഞു.
എല്ലാവരും പറയുമ്പോലെ ഉമ്മാന്റെ മകൾ ഒളിച്ചോടിയതല്ല എന്ന് എന്നെങ്കിലും അറിയുമെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്.
അതെ, ചോദിച്ചിട്ടുണ്ട് പലരും
"ഒളിച്ചോടിയതാണോ "പ്രേമിച്ചതാണോ "
ഇങ്ങനെ നിരവധി ചോദ്യങ്ങൾ... ചോദ്യം മാത്രമല്ല ആണെന്ന് അവർ സ്ഥിതീകരിച്ചിട്ടുണ്ട്.
നിക്കാഹ് മുൻപ് കഴിഞ്ഞെന്നതൊന്നും ഈ ചോദിക്കുന്നവർക്ക് ബാധകമേ അല്ലായിരുന്നു. എന്തോ അപരാധം ചെയ്ത പോലെ പലരും ക്രൂശിച്ചു.
പക്ഷെ നടന്നതൊന്നും പറഞ്ഞ് ഫലിപ്പിക്കാൻ ഒരിക്കലും കഴിയാത്തിടത്തോളം ഞാനെന്ന വ്യക്തി തെറ്റുകാരിയായി തുടരുമല്ലോ....
നിക്കാഹ് കഴിഞ്ഞ് അവൻ ആ കുട്ടിയുടെ വീട്ടിൽ താമസമായിരുന്നൂന്ന് തോന്നുന്നു "പുതിയാപ്പിള '' വീട്ടിലങ്ങ് കൂടി .പറഞ്ഞവർ ഇങ്ങിനേയും ഉണ്ടായിരുന്നു.
എവിടെയെങ്കിലും പോയാൽ ആറു മണി കഴിഞ്ഞാൽ ഞങ്ങളിന്ന സ്ഥലത്തുണ്ട് ഇപ്പൊ എത്താമെന്ന് എന്റെ ഉമ്മയെ വിളിച്ചു പറയുന്ന നിസാമിനേയും കുരിശിൽ തറച്ചവർ !
"നീയെന്താടീ എന്നെ കല്യാണം വിളിക്കാഞ്ഞത് നിന്റെ കല്യാണം എപ്പഴായിരുന്നു."
ഈ ചോദ്യങ്ങൾക്ക് മുൻപിൽ പറയാൻ മറുപടിയില്ലാതെ പരുങ്ങിയിരുന്നു ഞാൻ ഇടയ്ക്കൊക്കെ.
പക്ഷെ ..പിന്നീട് ഞാൻ അഭിമാനത്തോടെ പറഞ്ഞു തുടങ്ങി.
എന്നെ എന്റെ നിസാംക്ക ഒന്നും വേണ്ടെന്ന് പറഞ്ഞങ്ങ് കൂട്ടി.
പക്ഷെ,അഭിമാനിയായ ഉമ്മ ഈ സൽമയെ തോല്പിച്ചു.
പുതുതായി പണിത വീടും, പറമ്പും ഈ മകൾക്ക് വേണ്ടിയും ഉപേക്ഷിച്ചു.
അതിന്റെ ഓഹരി നിസാമിനായി നീട്ടി.
എനിക്ക് രണ്ട് മക്കളും ഒരേ പോലെയാണെന്ന് പറഞ്ഞ് വീണ്ടും വാടക വീട്ടിൽ അഭയം തേടിയതാണ് എന്നെ ഞാനല്ലാതാക്കിയത്.
" എന്തിനാണ് വീട് വാറ്റ് കാശ് കൊടുത്തത് എന്ന് ചോദിക്കുമ്പോൾ...
"അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലെ "ന്ന മറുപടിയാണ് കിട്ടിയിരുന്നത്.
പരിഭവങ്ങളും, പായാരവുമായി ഞങ്ങൾ ജീവിക്കുന്നുണ്ട്.
നിസാമിന്റെ എല്ലാ പരിഭവങ്ങൾക്കും കാരണം എന്നോടുള്ള സ്നേഹത്തിന്റെ അടയാളങ്ങളായിരുന്നു.
മുല്ലപ്പൂവിനോടും, മൈലാഞ്ചിയോടും, സ്വർണ്ണവളകളോടും ഞാൻ ചോദിക്കാറുണ്ട് കണ്ടോ നിങ്ങളില്ലാതെ ഞാൻ മണവാട്ടിയായതെന്ന്...
ആ നിമിഷം അവ നാണിച്ച് പോകുന്നത് കാണാറുണ്ട് ഈ സൽമ!
ഷംസീറ ചെച്ചി.

''വണ്ണാച്ചാ" ഞാൻ പോയേച്ചും വരാം

''വണ്ണാച്ചാ" ഞാൻ പോയേച്ചും വരാം
............................... (ചെറുകഥ)
തൂക്ക് പാത്രവും എടുത്ത് ഉമ്മറത്തേക്ക് ഇറങ്ങുമ്പോഴേ കേട്ടു -
കണ്ട പുല്ലിനോടും, പൂവിനോടും കഥ പറഞ്ഞ് നില്ക്കാതെ പാലും കൊണ്ടും വേഗം വരണമെന്ന താക്കീത് !
വഴിയിലെ കാഴ്ചകൾ എനിക്ക് മടുക്കില്ലല്ലോ... പുല്ലെണ്ണ പറിച്ച് കണ്ണെഴുതിയും, വണ്ണാച്ചനോട് കുശലം ചോദിച്ചും നടക്കുമ്പോൾ എന്റെ വഴികൾ അവസാനിക്കാറില്ലല്ലോ... വല്ലാത്തൊരു അനുഭൂതി നിറയ്ക്കുന്ന പ്രകൃതി!
ഹൃദയത്തിൽ കുളിര് നിറയ്ക്കുന്നത്!
പക്ഷെ മതിവരുവോളം ഈ മഞ്ഞിൻ കണങ്ങളെ വാരി പുണരാൻ എനിക്ക് തടസ്സമുണ്ടല്ലോ...
" ഞാൻ പോയേച്ചും വരാട്ടോ... നമ്മക്ക് നാളെ കഥ പറയാം..., വണ്ണാച്ചൻ അകത്ത് പോക്കോ ,
നിന്റെ ലോകം എന്ത് രസമാ.. എനിക്ക് അസൂയ തോന്നുന്നു നിന്നോട് വണ്ണാച്ചാ...
ഉം.. പോയ്ക്കോ.. ഞാൻ പോവ്വാ.. "
എന്നും ഇങ്ങനെയാ
മനസ്സിലാ മനസ്സോടെയാ ഞാൻ യാത്ര പറയുക എന്റെ സ്വപ്നങ്ങളുടെ താഴ്‌വരകളോട്...
ചിമ്മിനിവെട്ടത്ത് ഏറെ നേരം കുത്തിയിരുന്ന് വായിക്കുമ്പോൾ ആവേശമായിരുന്നു , അടുത്ത താള് പറയുന്ന കഥ കേൾക്കാൻ...
പക്ഷെ അവിടെയും എന്റെ ജന്മശാപം പിൻതുടർന്നു.
"ചിമ്മിനി തീർക്കാതെ ഊതി കെടുത്തി കിടക്ക് കുട്ടീ... എന്തോന്നാ പാതിരാവരെ വായിച്ച് കൂട്ടുന്നത് "
വിളക്ക് ഊതി അണയ്ക്കുമ്പോൾ .... നെഞ്ചിലും പടരും ആ ഇരുട്ട്.
അലസമായ പകലുകളെ ആടിനെ മേയ്ച്ചും, അനിയത്തിമാരെ പരിചരിച്ചും തീർക്കും!
സ്കൂളിലേക്കുള്ള യാത്രയിൽ എന്റെ മുഖത്ത് വന്ന് തട്ടുന്ന സൂര്യകിരണങ്ങൾക്ക് വല്ലാത്തൊരു ശോഭയായിരുന്നു. അതെന്റെ മനസ്സിൽ സ്വർണ്ണത്തിന്റെ പറുദീസ തീർക്കാറുണ്ടായിരുന്നു.
മുതുക് പിഞ്ഞിയ യൂണിഫോം ആരും കാണാതെ തട്ടത്തിന്റെ തലപ്പ് കൊണ്ട് മറിച്ച് ,എന്റെ പ്രാണനായ പുസ്തകക്കെട്ടുകളെ മാറോടടുക്കി പിടിച്ചു.
പഠിക്കുന്ന പുസ്തകങ്ങൾ മാത്രമല്ല ട്ടോ.. വീട്ടിന്ന് വല്ലപ്പോഴും കിട്ടുന്ന നാലണ കൂട്ടിവെച്ച് ഞാൻ വാങ്ങിയ കഥാ പുസ്തകങ്ങളും ഉണ്ട് അടക്കി പിടിച്ചവയിൽ!
സരസയും, ആമിനയും നെല്ലിക്ക പെറുക്കാൻ പോകുമ്പോൾ ഞാൻ ഇടവഴിയിലെ കല്ലിന് മേലിരുന്ന് തലേ ദിവസം വായിച്ച് തീരാത്ത ആ താളുകളിലേക്ക് വേഗം കണ്ണുകളെ പായിക്കും. വീട്ടിലെത്തിയാ പിന്നെ ഒന്നും നടക്കില്ല.. അറിയാം..
പത്താം ക്ലാസ് ജയിച്ചെന്നറിഞ്ഞപ്പോൾ എന്റെ പിഞ്ഞിയ ബ്ലൗസ് നോക്കി കണ്ണ് നിറച്ചു!
വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഉള്ളിൽ കടലിരമ്പുന്ന പോലെ ...
പട്ടണത്തിലേക്ക് ഉപരിപഠനം നടത്താൻ വെമ്പിയ മനസ്സിനെ താഴിട്ട് പൂട്ടാൻ ഒട്ടും അമാന്തിക്കേണ്ടി വന്നില്ല.
കരഞ്ഞ് കലങ്ങിയ കണ്ണുകൾ ആരും കാണാതെ ഇടയ്ക്കിടെ തണുത്ത വെള്ളം കൊണ്ട് കഴുകി വെച്ചു ഞാൻ.
പ്രാണനെപ്പോലെ സ്നേഹിക്കുന്ന പുസ്തകങ്ങളെ ആക്രിക്കാരൻ കൊണ്ട് പോകുന്നത് കണ്ടപ്പോൾ ഹൃദയം പിടഞ്ഞു.
പത്രാസുകാരനൊരുത്തൻ ഒത്ത് വന്നത് കൊണ്ട് വീട്ടുകാർ എന്നെ മംഗല്യപ്പെണ്ണാക്കാൻ ഒരുങ്ങുകയാണ്.
വായിച്ച് തുടങ്ങിയതേയുള്ളൂ.. ജീവിതം!
അതിന് മുൻപേ അടച്ചു വച്ചോളാൻ പറഞ്ഞിരിക്കുന്നു.
"എന്റെ പ്രിയപ്പെട്ട ലോകമേ.... നിങ്ങൾ വിട തരിക !
പുൽച്ചാടിയും, പുല്ലെണ്ണയും, വണ്ണാച്ചനും, നെല്ലിക്കാമരവും,
ആമ്പലും, വയലും ഒന്നുമല്ല ഇനി എന്റെ പകലുകൾ !
ഞാൻ ഒളിപ്പിച്ച് വച്ച അക്ഷരങ്ങളേ.... നിങ്ങളെ വായിക്കാൻ ഇനി ഞാൻ അശക്തയാണ്... പോയേച്ചും വരാം... ഞാൻ പുതിയലോകം എന്നെ തിരിച്ചറിയും നാൾ!
സ്വപ്നങ്ങളുടെ താഴ്വരകളേ വിട
അവസാന വരി കോറിയിട്ടപ്പോൾ കരിമഷി പടർന്ന കണ്ണുനീർ ആ താളുകളെ അഭംഗിയാക്കിയിരുന്നു.
പത്രാസുകാരന്റെ ചൂട്പറ്റി കിടക്കുമ്പോൾ നാളെ കാലത്ത് വെക്കേണ്ട കറിയെന്ത്,
ഉച്ചയ്ക്ക് ഉപ്പേരിയെന്ത് എന്ന ജീവിതം വായിക്കാൻ തുടങ്ങിയിരുന്നു.
അടുപ്പിലെ തീ ഊതി ആളിക്കത്തിക്കുമ്പോൾ .... അതിന്റെ കനൽ പറക്കുന്നത് ഞാൻ വെറുതേ നോക്കി നില്ക്കും....
നല്ല സ്വർണ്ണ നിറത്തിൽ ഇത്തിരി സമയം മാത്രം കാണും,
പിന്നീടത് അപ്രത്യക്ഷമാകും.
ചുണ്ടിൽ ചെറിയൊരു ചിരിയാ അപ്പൊ വരിക.
പണ്ട് തൂക്ക് പാത്രവുമേന്തി വണ്ണാച്ചനോട് കഥ പറഞ്ഞ് നടന്ന ,ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്ന, ഒരു പാട് വായിക്കാനിഷ്ടമായിരുന്ന പ്രകൃതിയോട് അലിഞ്ഞ് ചേർന്നിരുന്നെങ്കിലെന്ന് മോഹിച്ച എല്ലാം കാഴ്ചകളും ഒരു നിമിഷം കൊണ്ട് അസ്തമിച്ച് എരിഞ്ഞ് തീർന്ന കനൽ!
മക്കളെ പെറ്റ് പോറ്റാൻ തുടങ്ങിയതേ... പാതി വഴി പിന്നീട് തനിച്ചായി ഞാൻ! എന്നേക്കാളും ഒരു പാട് പ്രായമുണ്ടായിരുന്ന പത്രാസുകാരൻ അങ്ങ് പോയി.
മക്കളും ചിറക് വച്ച് പറക്കാൻ തുടങ്ങിയിരിക്കുന്നു.
എനിക്കും പ്രായമായി ! മുടി മുഴുവൻ നരച്ചു, വിരലുകളൊക്കെ ചുളിഞ്ഞു,, കാൽമുട്ടുകൾക്കൊക്കെ ബലം കുറഞ്ഞു.
കണ്ണിലും വെളുത്തപാടതിങ്ങി നിറഞ്ഞിരിക്കുന്നു. ഇല്ലെങ്കിൽ ആ അലമാരക്കകത്തെ മക്കളുടെ പുസ്തകം ഒന്നെടുത്ത് കണ്ണ് പായിക്കാമായിരുന്നു.
ശുഭം....ഷംസീറ ചെച്ചി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo