Slider

മൈലാഞ്ചിയില്ലാതെ ............................... (ഒരു ജീവിത കഥ! )

0
മൈലാഞ്ചിയില്ലാതെ
............................... (ഒരു ജീവിത കഥ! )
"സ്വപ്നങ്ങൾ നെയ്യുന്ന കൂട്ടുകാരീ..... "
എന്നാണ് എന്റെ കൂട്ടുകാരി എന്നെ വിളിച്ചിരുന്നത്.
പക്ഷെ, എനിക്ക് സ്വപ്നങ്ങൾ ഉണ്ടായിരുന്നോ...? അറിയില്ല ,
പ്രതീക്ഷകളെ ഞാൻ നെഞ്ചിൽ കൊണ്ട് നടക്കാറുണ്ടായിരുന്നു ചിരിപ്പിക്കാൻ കഴിയുന്ന പ്രതീക്ഷകളെ മാത്രം.!
ശലഭങ്ങളെ പോലെ പാറി പറക്കാൻ ഇഷ്ടപ്പെട്ട, വർണ്ണങ്ങളെ സ്നേഹിച്ച, കവിതകളെ പ്രണയിച്ച, കഥ പറയാൻ ഇഷ്ടമുള്ള എന്റെ ലോകം എനിക്ക് പ്രിയമായിരുന്നു എന്നും!
ജനിച്ച് വളർന്ന മണ്ണിൽ മാമ്പഴം പറിച്ചും, പേരയ്ക്ക കടിച്ചും ഓടി നടക്കുമ്പോൾ എന്റെ പ്രായം പതിനേഴ് !
സ്നേഹം നിറച്ച മനസ്സ് വാരി വിതറി ബന്ധങ്ങളെയെല്ലാം മുറുകെ പുണർന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു ഞാൻ.
കലപില കൂടി ഒപ്പംനടന്ന ജ്യേഷ്ഠത്തി ഒരുനാൾ
താലിയണിഞ്ഞ് വധുവായി പടിയിറങ്ങിയപ്പോൾ ഏങ്ങിയേങ്ങിക്കരഞ്ഞിരുന്നു ദിവസങ്ങളോളം. ഒറ്റപ്പെട്ടത് പോലെ തീർത്തും!
ചില ആത്മ ബന്ധങ്ങളുണ്ടാക്കുന്ന വേർപാട് അങ്ങനെയല്ലേ..
അതാവും ഒരുപാട് കരഞ്ഞു.
പിന്നീട്..,
ആ വിവാഹം വരുത്തിവെച്ച ബാധ്യത തീർക്കാൻ ശലഭങ്ങളുറങ്ങുന്ന വീടും നാടും വിട്ട് എന്നേയും, അനിയനേയും കൂട്ടി ഉമ്മ അവിടുന്ന് പടിയിറങ്ങി.
മനസ്സിനേറ്റ ഏറ്റവും വലിയ മുറിവായിരുന്നു അത്.!
തിരിഞ്ഞു നോക്കി ഞാൻ കണ്ണ് നിറയെ അവസാനമായി - എന്റെ കല്യാണ സൗഗന്ധികം പടർന്ന ആ വീട്ടിലേക്ക്.
ഒരുപാട് നാളുകൾ കണ്ണീരുണങ്ങിയ കവിൾത്തടവുമായി ഏതോ വാടക വീട്ടിൽ അന്തിയുറങ്ങി. പതിയെ സ്വപ്നങ്ങളിൽ മാത്രം എന്റെ ശലഭങ്ങളുറങ്ങുന്ന വീട് ഒതുങ്ങാൻ തുടങ്ങി.
കോളേജ് കാലം ഹരമായിരിന്നു എനിക്ക്.
നഷ്ടപ്പെട്ടതിന്റെ സങ്കടം കാട്ടാതെ ചിരിച്ച് കളിക്കാൻ എന്റെ പ്രിയപ്പെട്ട ഇടം!
പ്രണയമെന്തെന്ന് പറഞ്ഞ് തരാനായി കാലം കരുതിവച്ച പ്രഭാതങ്ങൾ എന്റെ മുന്നിൽ ഉദിക്കുകയായിരുന്നു.
എവിടെയോ വായിച്ച നായകന്മാരുടെ മുഖങ്ങൾ പ്രത്യക്ഷപ്പെടുത്തി എന്നിലും ചില ചലനങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കുകയായിരുന്നു.
പ്രണയത്തിന്റെ വ്യാഖ്യാനമറിയാത്ത ഞാനും അതാണ് പ്രണയമെന്ന് വൃഥാ സങ്കല്പിച്ച നാളുകളുമായിരുന്നു അതൊക്കെ !
ചൂളം വിളിക്കുന്ന ആൺപിള്ളേരെ ശൗര്യമുള്ള നോട്ടം കൊണ്ട് തടുക്കാനറിയാമായിരുന്നു എനിക്ക്.
നാവ് കൊണ്ട് നിലയ്ക്ക് നിർത്താനറിയാമായിരുന്നു തോണ്ടാൻ വരുന്ന മാന്യൻമാരെ .
ഇത്തിരി അഹങ്കാരവും ഉണ്ടായിരുന്നു കാണാൻ മോശമല്ലാത്ത സൗന്ദര്യം കിട്ടിയതിൽ.
നിശബ്ദമായി എന്നെ പിൻതുടരുന്ന പ്രണയങ്ങളെയൊക്കെ മൗനമായി നോക്കിക്കണ്ട് ചിലതിനോട് ചിരിച്ച് നടക്കുന്ന കളിയും, പഠനവും നിറഞ്ഞ കാലം സുന്ദരമായിരിക്കാം..! സൗഹൃദങ്ങളുടെ വലയത്തിൽ അമ്മാനമാടിയിരുന്ന കാലം!
ഉമ്മയുടെ വാത്സല്യ മകളായി ,അനിയന്റെ ഇച്ചാച്ചയായി തല്ല് കൂടി, കളി പറഞ്ഞ് ഉറങ്ങുന്ന സുഖമുള്ള കാലം മറുവശത്ത്.
അവന്റെ പേര് - "നിസാം..."!
നിസാം എന്നെ ആദ്യമായി കാണുമ്പോൾ ഞാൻ നാരങ്ങാ നിറമുള്ള ചുരിദാറായിരുന്നു ധരിച്ചത് ,
അതേ നിറമുള്ള ദുപ്പട്ടയും!
ഒരുപാട് തിരക്കുള്ള ആ ബസ്സ്റ്റോപ്പിൽ വെച്ച് കണ്ടപ്പോൾ തന്നെ നിസാമിന്റെ മനസ്സിലെവിടെയോ ഞാൻ ചലനം സൃഷ്ടിച്ചതാവാം... ആ മനസ്സിൽ എന്റെ ദുപ്പട്ട പാറി പറക്കുകയായിരുന്നു.
പക്ഷെ ബഹളങ്ങൾക്കിടയിൽ മറഞ്ഞ എന്നെ നിസാം തെല്ലൊരു വ്യസനത്തോടെ ഉപേക്ഷിച്ചു.
എങ്ങ് നിന്നോ വന്ന് എങ്ങോ പോയൊരു പെൺകുട്ടി അത്ര മാത്രം!
പിന്നീട് അപ്രതീക്ഷിതമായിട്ടായിരുന്നു വീണ്ടും ..
കാത്ത് വെച്ചത് പോലെ.....
നിസാമിന്റെ നാട്ടുകാരിയാണ് ഞാനെന്ന് അവന് ബോധ്യമായത്.
അന്ന്
ഏതോ ദിക്കിലേക്ക് ബസ്സ് കയറി പോയ താൻമറന്ന് തുടങ്ങിയ പെണ്ണിന്റെ രൂപം വീണ്ടും അപ്രതീക്ഷിതമായി മുൻപിൽ വന്ന്പെട്ടതോടെ സൽമ നിസാമിനുള്ളതാണെന്ന് അവൻ മനസ്സിൽ കോറിയിട്ടു .
പിന്നീടുള്ള നീക്കങ്ങൾ എന്നെ സ്വന്തമാക്കുക എന്നതായിരുന്നു.
എന്റെ എളാമ്മയുടെ കുടുംബസുഹൃത്തായ നിസാം അവരെകൂട്ട് പിടിച്ച് എന്റെ പിറകെ കൂടി. കത്തുന്ന നോട്ടം പായിച്ച് പിന്മാറുകയല്ലാതെ എനിക്ക് നിസാമിനെ പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല.
കാരണം എന്റെ വിലക്കുകളില്ലാത്ത ലോകത്തോടുള്ള അമിത ആവേശം തന്നെയായിരുന്നു. ഉമ്മ എല്ലാ സ്വാതന്ത്യവും തന്നിരുന്നു എനിക്ക്.അത് ആസ്വദിച്ച് മതിയാകാതെയുള്ള എന്റെ ജീവിതത്തിലെ ഒരു വിഘ്നമായി നിസാമിനെ ഞാൻ കണ്ടു.
"ഒരുപാടിഷ്ടമാണ്. എനിക്ക് നിന്നെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്,
ഒരു മറുപടി പറയണം സൽമ."
അതെ എന്റെ പേര് "സൽമ "!
ഞാൻ പറയാൻ മറന്നതാ.. ട്ടോ ....
എന്റെ പിറകേ കൂടിയ നിസാമിനെ ഒരു പൂവാലനെ പോലെ കണ്ട് ഞാൻ ഓടിക്കുകയായിരുന്നു.
ഇതേ പ്രക്രിയ ഒരു മാസത്തോളം തുടർന്നു. നിസാം എന്നെത്തേടി എള്ളാമ്മയുടെ വീട്ടിലെ നിത്യ സന്ദർശകനായി മാറി. ഇടയ്ക്കിടെ എളാമ്മയുടെ വീട്ടിൽ പോകാറുള്ള എനിക്ക് അങ്ങോട്ടുള്ള പോക്ക് അലോസരമായി തുടങ്ങി.
അങ്ങനെയിരിക്കെ എന്റെ ഉമ്മാനെ അവർ കാര്യങ്ങൾ അറിയിച്ചു.
"എന്താ ആ പയ്യന് മോശം? സമ്പത്തില്ലേ, സൗന്ദര്യമില്ലേ... ഈ കുട്ടിക്ക് അഹങ്കാരമാണോ..?" ബന്ധുക്കളുടെ ചോദ്യങ്ങൾ കാതിൽ പതിക്കാൻ തുടങ്ങിയിരുന്നു.
ബന്ധുക്കൾ എനിക്ക് ശത്രുക്കളാകാൻ തുടങ്ങി.
"അതെ അഹങ്കാരമാണ് '
അത്ര മാത്രമേ അവരോട്ഞാൻ മറുപടി പറഞ്ഞുള്ളൂ...
പക്ഷെ എന്റെ ഉമ്മയെ കെട്ടി പിടിച്ച് കരയാതിരിക്കാൻ കഴിഞ്ഞില്ല .
" വീട് വേണം ശലഭങ്ങൾ പറക്കുന്ന നഷ്ടപ്പെട്ടആ വീട് പോലെ.. !
നമുക്കൊരു വീട് വേണം. അവിടെ എനിക്ക് ഇനിയും നിങ്ങളോടൊപ്പം കളി പറഞ്ഞ് ജീവിക്കണം.
കഥ പറഞ്ഞ് ഓടി നടക്കണം"
അതായിരുന്നു എന്റെസത്യം. എന്നെ നഷ്ടപ്പെടുത്താൻ എന്റെ മനസ്സ് പാകപ്പെട്ടിരുന്നില്ല എന്ന സത്യം .
"കല്യാണം എന്നത് ഇപ്പോ ചിന്തിക്കാൻ പറ്റുന്നില്ല ഉമ്മാ.. " അതു പറഞ്ഞ്കരഞ്ഞു ഒരുപാടൊരുപാട്.
ജ്യേഷ്ഠത്തിയുടെ വിവാഹം വരുത്തിവെച്ച ഗതികേട് എന്റെ മനസ്സിനെ കുത്തിനോവിച്ച് കൊണ്ടിരുന്നു എന്നത് മറ്റൊരു സത്യമായിരുന്നു. !
അമ്മമാർക്ക് മക്കളുടെമനസ്സ് കാണാൻ കഴിയുന്നത് കൊണ്ടാവാം പിന്നീട് ഉമ്മ നിർബന്ധിച്ചില്ല.
" ശരി വേണ്ട . നിനക്ക് സമ്മതമില്ലേൽ നിസാമിനെ കെട്ടാൻ നിർബന്ധിക്കുന്നില്ല.. അവൻ പോയ്ക്കോട്ടെ."
ഉമ്മയുടെ വാക്കുകൾ എനിക്ക് വല്ലാതെ ആശ്വാസം തന്നു.
പക്ഷെ... നിസാം ഈ സൽമയെ വലം വെച്ച് കൊണ്ടേയിരുന്നു.
ബന്ധുക്കൾ വീണ്ടും വരവ് തുടങ്ങി.
"പ്രണയമുണ്ട് കുട്ടിക്ക് പ്രണയമുണ്ട് അല്ലാതെയിങ്ങനെ വാശി പിടിക്കില്ല."
"അതെ പ്രണയമുണ്ട്, എന്തേ.... ???
ഒടുവിൽ രക്ഷപ്പെടാൻ... ചിരിച്ച് കാണിച്ച ഒരു പ്രണയത്തിന് നേരെ ഞാൻ ചൂണ്ടി.
പ്രണയത്തെ ഞാൻ നെഞ്ചേറ്റിയിട്ടൊന്നുമില്ല, ഉണ്ടെങ്കിൽ തന്നെ ദൂരേയ്ക്ക് കളയാൻ വലിയ പ്രയാസമൊന്നും എനിക്കില്ല.
ദയവ് ചെയ്ത് ഇന്നെന്റെ ശാഠ്യത്തിന് ആ പട്ടം ചാർത്താതിരിക്കുക പഠിക്കണം ഇനിയും !
ഞങ്ങൾക്കായുള്ള വീട്ടിൽ സ്വസ്ഥമായി എന്റെ ഉമ്മയോടും, അനിയനോടും ഒപ്പം ഇനിയും ജീവിക്കണം.
എന്റെ മനസ്സായിരുന്നു അത്.
മറിച്ച്
വെറുമൊരു നിസാര പ്രണയമാണ് തടസ്സമെന്ന കരുതിയവരല്ലേ ബുദ്ധിശൂന്യർ!
എല്ലാം കേട്ട് ഉമ്മ അരികിലേക്ക് വന്നു.
"നിന്റെ ഭാഗ്യമല്ലേ സൽമ ഇത്.
ഒരുത്തി പടിയിറങ്ങിയപ്പോൾ നമുക്ക് നഷ്ടമായത് നീ കണ്ടതല്ലേ..,
നിന്നെ ഇനി എന്ത് ചെയ്യും ?
കാണട്ടെ! എന്ന് പറഞ്ഞ് നോക്കി നില്ക്കുന്ന ലോകമാണിത്!
ഇപ്പോ ഒരു ചെക്കൻ
ഒന്നും വേണ്ട, നിങ്ങളെ മകളെ മതിയെന്ന് പറഞ്ഞ് കാല് പിടിക്കുന്നു. ഇതിൽപരം ഭാഗ്യം ഇനിയുണ്ടോ മോളേ നമുക്ക് !
ഞാനെന്ത് ചെയ്യണം സൽമാ....
നിന്റെ ബാപ്പയെ നിനക്കറിയില്ലേ.. ഇനിയൊന്നും അദ്ദേഹത്തെ കൊണ്ട് സാദ്ധ്യമാകില്ല എന്ന് തെളിഞ്ഞതാണ് .
അല്ലെങ്കിൽ നമുക്ക് പ്രിയപ്പെട്ട വീടിന്ന് അകലെയാവില്ലായിരുന്നു.
ഇനി വരുന്നവർ എന്താവും ആവശ്യപ്പെടുക എന്നും എനിക്ക് അറിയില്ല. "
ഇനി മോള് പറയൂ.. ഉത്തരം.
ഉമ്മായുടെ കണ്ണീരണിഞ്ഞവാക്കുകൾക്ക് മുന്നിൽ വീണ്ടും ഞാൻ പറഞ്ഞു.
"വിവാഹം ചെയ്യാതെ ജീവിച്ചോളാം..ഉമ്മാ... ഞാൻ"
പക്ഷെ ......
ഉമ്മാനെ ധിക്കരിക്കാൻ കഴിയാതെ,,, ഒരു ഉടമ്പടിയിൽ ഞാൻ നിസാമിന്റെതാകാമെന്ന് വാക്ക് കൊടുത്തു.
അതായത് അഞ്ച് വർഷം കഴിഞ്ഞ് വിവാഹം.
ഡിഗ്രികഴിഞ്ഞ് ,പി.ജി കഴിഞ്ഞ്.വീട് പണി പൂർത്തിയായിട്ട് ആ വീട്ടിൽ വെച്ച് !
അവർ സമ്മതം മൂളി. എന്റെ ബന്ധുക്കൾ!
"ഉടമ്പടിയൊക്കെ കേട്ടു .
പക്ഷെ അഞ്ച് വർഷം!ഇത്തിരി കൂടി പോയില്ലേ..? " നിസാം എന്റെ മുഖത്തേക്ക് നോക്കി.
"ഇല്ല " ഞാൻ പറഞ്ഞു.
"എന്നെ ഇഷ്ടമായോ.. അവകാശപ്പെടാൻ വലിയ സൗന്ദര്യമൊന്നും ഇല്ല."
"സൗന്ദര്യം മനസ്സിനല്ലേ..." ഞാൻ പറഞ്ഞു .
"പിന്നെയെന്താ എന്നോട് നീരസം കാട്ടിയത്? മറ്റാരെയെങ്കിലും ഇഷ്ടമുണ്ടായിരുന്നോ?നിസാം വീണ്ടും ചോദിച്ചു.
"അങ്ങിനെ പറയത്തക്ക ഇഷ്ടമൊന്നും എന്റെ ഹൃദയത്തെ കീഴ്പ്പെടുത്തിയില്ല.
പിന്നെ ഞങ്ങൾക്ക് സ്വന്തമായൊരു വീടില്ല !
വാടക വീട്ടിലാണ് ഇപ്പോ താമസം,
എന്റെ ബാപ്പ അദ്ദേഹത്തിന് ഉമ്മായെ വിവാഹം ചെയ്യുന്നതിന് മുൻപ് മറ്റൊരു ഭാര്യയും മക്കളും ഉണ്ട്.
ഇതൊന്നും ചിലപ്പോ നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ട് പിന്മാറുന്നതല്ലേ നല്ലത് " ഞാൻ വീണ്ടും ഒഴിഞ്ഞ് മാറിത്തന്നെ നിന്നു .
" ഇതൊന്നും എനിക്കൊരു വിഷയമായി തോന്നുന്നില്ല സൽമാ..
"നീ മുൻപ് വിവാഹിതയായോ?"
ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി.
"ഏയ് ഇല്ല."
"എങ്കിൽ മറ്റെല്ലാം പ്രശ്നങ്ങളും എന്റേയും പ്രശ്നങ്ങളാണ് ഇനി ."
തോറ്റു പോയ ഞാൻ തല കുനിച്ച് നിന്നേയുള്ളൂ... ആ സ്നേഹത്തിന് മുൻപിൽ.!
പിന്നീട് വെറുതേ ഒരു പെണ്ണ് കാണൽ ചടങ്ങ് നടന്നു.
എന്റെ അഞ്ച് വർഷവും കേട്ട് പോയവർ അതൊന്നും അവിടെ പറഞ്ഞില്ല. അത് പൊട്ടി പെണ്ണിന്റെ വായാടിത്തമാക്കി ഒന്നോ രണ്ടോ വർഷം പറഞ്ഞ് തിരികെ വന്നു.
എന്നോട് രണ്ട് വർഷത്തിന്റെ കാലാവധിയുണ്ടെന്നും, പഠിപ്പൊക്കെ അപ്പോഴേക്കും തീരുമെന്നും പറഞ്ഞു.
അഞ്ച് വർഷം തകർന്നത് കേട്ട് വേദനിച്ചുവെങ്കിലും രണ്ട് വർഷത്തിൽ ആശ്വാസം കണ്ടെത്തി.
അങ്ങിനെ ആ നിക്കാഹ് കഴിഞ്ഞു !
മതപ്രകാരം സൽമ നിസാമിന്റെ പെണ്ണായി!! .
ഇനിയൊരു ബിരിയാണി ചോറ് വിളമ്പുന്ന ചടങ്ങേ ശേഷിക്കുന്നുള്ളൂ.. പൂർണ്ണമായും സൽമ നിസാമിന്റെ മണവാട്ടിയാകാൻ!
എന്റെ മനസ്സ് നിസാമിനെ പുല്കാൻ തുടങ്ങിയിരുന്ന നിമിഷങ്ങൾ!
പിറ്റേന്ന് തന്നെ നിസാം.. ഹാജരായി !
കോളേജിൽ കൊണ്ടുവിടാനും,
സിനിമയ്ക്ക് പോകാനും, ബീച്ചിൽ കറങ്ങാനും, പുതിയ ഉടുപ്പുകൾ വാങ്ങിത്തരാനും സല്ലപിക്കാനും വല്ലാത്ത വെപ്രാളമായിരുന്നു നിസാമിന് .
എന്റെ സമ്മതമൊക്കെ കിട്ടി നിക്കാഹ് കഴിയുമ്പോഴേക്കും നിസാമിന് തിരിച്ചു വിദേശത്തേക്ക് പോകാൻ വിരലിലെണ്ണാവുന്ന ദിവസങ്ങളേ ഉണ്ടായിരുന്നുള്ളൂ..
ഞങ്ങൾ കിട്ടിയ ദിവസങ്ങൾനന്നായി ആസ്വദിച്ചൂന്ന് പറയാം...
ആ ബൈക്കിന് പുറകിൽ എനിക്ക് വല്ലാത്തൊരു സുരക്ഷ ലഭിക്കുന്നത് പോലെ... ആരൊക്കെയോ വന്ന് ചേർന്നത് പോലെ.
ഒൻപത് ദിവസങ്ങൾക്ക് ശേഷം...
നിസാം വിദേശത്തേക്ക് മടങ്ങി.!
മങ്ങിയ പ്രഭാതമായിരുന്നു അന്നെനിക്ക്.
മനസ്സിൽ ,
മുൻപ് ചിരിച്ച് കാണിച്ച പ്രണയമാണെന്ന് പറഞ്ഞതിനോടൊക്കെ പുച്ഛം നിറഞ്ഞ് തുടങ്ങിയ നാളുകൾ. ! നിസാമിനെ പ്രണയിച്ച് തുടങ്ങിയ നാളുകൾ!
ഹൃദയം നിസാമിന്റെ ഫോൺ വിളികൾക്കായി മിടിച്ച നിമിഷങ്ങൾ.!
ഒരു വർഷം ഇഴഞ്ഞു നീങ്ങി. പുലരുവോളമുള്ള ഫോൺ വിളികളുമായി ..... ഇടയിൽ കൊച്ചു കൊച്ചു ഇണക്കവും, പിണക്കവുമായി .
ആദ്യമായി കിട്ടിയ സമ്മാനം!
പിറന്നാൾ ദിനത്തിൽ നിസാം സമ്മാനിച്ച കല്ല് വെച്ച മനോഹരമായ ആ മോതിരത്തെ ഞാൻ പ്രണയിക്കുകയായിരുന്നു.
പുതിയവീടിന്റെ പണി കഴിഞ്ഞ് തുടങ്ങിയിരുന്നു... മറ്റൊരു വാടക വീട്ടിൽ ചേക്കേറിയ നാളുകൾ.
നിസാം.. വരുന്നെന്ന്!!
പ്രിയപ്പെട്ടവർക്ക് സദ്യയൊരുക്കി എന്നെ കൂടെക്കൂട്ടാൻ.
ഒരു വർഷം ആയിട്ടേയുള്ളൂ......ഞാൻ കോപം കൊണ്ട് ജജ്വലിച്ചു,,, ഫോണെടുത്തു.
"പറഞ്ഞ വാക്കിന് വില വേണം.
രണ്ട് വർഷം എന്ന് പറഞ്ഞിട്ട് ..
ഒരു വർഷമേ..ആയുള്ളൂ.. എനിക്ക് ഇപ്പോ പറ്റില്ല.
വീട് പണി പാതിയിലാ... പഠനം പാതിയിലാ.. നടക്കില്ല" ,
ഞാൻ തീർത്ത് പറഞ്ഞു .
" നോക്കൂ... സൽമാ.. നീയിന്ന് എന്റെ ഭാര്യയാണ്. നമ്മുടെ നിക്കാഹ് കഴിഞ്ഞതാണ്, ഇനി പ്രിയപ്പെട്ടവരെ വിളിച്ച് ഒരാഘോഷം അത്രയേയുള്ളൂ"
"അതെ.. അറിയാം.. അതിന് സമയമായില്ല എന്നേ ഞാൻ പറഞ്ഞുള്ളൂ.. "
എന്റെ കണ്ണിൽ കണ്ണുനീര് നിറയാൻ തുടങ്ങിയത് നിസാം എന്നെ മനസിലാക്കുന്നില്ലല്ലോ എന്നോർത്ത് മാത്രമായിരുന്നു.
എന്തോ എന്റെ സ്വപ്നങ്ങൾക്ക് മീതെ ആരോ ചുറ്റിവരിയുന്നത് പോലെ തോന്നി.
"എന്റെ ലീവിന് സമയമായി എനിക്ക് നാട്ടിൽ വരാം.. നിന്നെ നിക്കാഹ് ചെയ്തൂന്ന് വെച്ച് ഞാനെന്തിനീ ഒഴിവ് ദിനങ്ങൾ ഇവിടെ കളയുന്നു."
"ശരി അങ്ങനെയെങ്കിൽ വന്നോളൂ.".. ഞാൻ മറുപടി കൊടുത്തു.
വീണ്ടും കടൽത്തീരവും, റസ്‌റ്റോറന്റും പക്ഷെ എന്തോ രണ്ടു പേർക്കുമിടയിൽ ഒരു മൗനം!
നിസാം പറഞ്ഞതിൽ നിന്നും പിന്മാറിയില്ല. ഇപ്പോത്തന്നെ വിവാഹത്തിനൊരുങ്ങണം നീ,
നീ വിവാഹത്തിന് ഒരുങ്ങുന്നില്ലായെങ്കിൽ.....
"എന്നെയിനി കാണരുതെന്നും,
ഞാൻ മരിച്ചാൽ പോലും നീ വരരുതെന്നും,
നിന്റെ മുൻപിൽ ഞാൻ നശിക്കു"മെന്നുമുള്ള ഭീഷണി !
"ഒരാൾ നശിക്കണോ ,വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അയാൾ തന്നെയാണ് ... " ഞാനും മറുപടി കൊടുത്തു.
ഒരുതരം ഭ്രാന്ത് പോലെ നിസാംഎന്നെ സ്നേഹിക്കുകയായിരുന്നോ...
പക്ഷെ എന്റെ ഉറച്ച തീരുമാനം തെറ്റിക്കാനാവാതെ ഞാൻ കരയുക മാത്രം ചെയ്യുകയായിരുന്നു.
കോരിച്ചൊരിയുന്ന മഴയിലേക്ക് അന്ന് രാത്രി ബൈക്ക് ചീറിച്ച് കൊണ്ട് നിസാം പോകുന്നത് നോക്കി നിന്ന എന്നെ ആ ഇരുട്ട് വല്ലാതെ ഭയപ്പെടുത്തുകയായിരുന്നു.
ഒരിക്കലും ഇനി കാണരുതെന്ന് പറഞ്ഞ് നിസാമിന്റെ നിഴലും മറഞ്ഞു.
ഞാനെന്താണ് ഇങ്ങനെ...? എന്നോട് പലവട്ടം ചോദിച്ചു.
മനസ്സിനെ പാകപ്പെടുത്താൻ പറ്റാത്തത്,
നിസാമില്ലാതെ എന്ത് സ്വപ്നമാണിനിയെനിക്ക്. എന്നെ എന്താണ് അന്ധയാക്കുന്നത്.
പിന്നീട് കുറേ ദിവസക്കാലം ഞങ്ങൾ കാണാതായി.
നിസാം വീട്ടിലേക്ക് വരാതായി.
വിളിയില്ല,,,,
കോളേജിന്റെ വഴിയിൽ കാത്ത് നില്പില്ല.
രാത്രി ഏറെ വൈകിയാലും കഥ പറഞ്ഞിരിക്കുന്ന , ഞാൻ ഉന്തി തള്ളി വിടുന്ന നിസാം എന്റെവീട്ടിൽ വരാതായി.അങ്ങനെ ദിവസങ്ങൾ പോകവെ....
ഒരു ദിവസം എളാമ്മ വിളിപ്പിച്ചിട്ടാണ് ഞാനവിടെ ചെന്നത്.
കോളേജ് വിട്ട് വന്ന പാടേ ആയിരുന്നു
ഉമ്മ പറഞ്ഞത് നിന്നെ അന്വേഷിച്ച് എളാമ്മ വന്നെന്നും, അവിടേക്ക് ചെല്ലാൻ പറഞ്ഞെന്നും. എന്തോ സംസാരിക്കാനുണ്ടെന്ന്.
"നീ വേഗം പോയി വാ..
ഉമ്മ എന്റെ കയ്യിൽ വണ്ടിക്കൂലി തന്നു.
ഞാൻ അതേ വേഷത്തിൽ, ബാഗ് ടേബിളിൽ വച്ച് , രൂപയും വാങ്ങി ഇറങ്ങി.
ഉമ്മാന്റെ സഹോദരിയുടെ വീട്ടിലേക്ക്...
അവിടെ എത്തുമ്പോൾ ഉമ്മറത്ത് നിസാമും ഉണ്ടായിരുന്നു.
"എന്താണ് നിന്റെ തീരുമാനം?
ഒരു പയ്യൻ കാലിൽ, വീണതിന്റെ അഹങ്കാരമാണോ കുട്ടീ..? പൊന്നും പണവും ഒന്നും വേണ്ടെന്ന് പറഞ്ഞതിന്റെ ഖിബ്റാണോ നിനക്ക്, ഇത്രയും കാല് പിടിച്ചിട്ട് നീ എന്ത് കാത്താണ് ഇരിക്കുന്നത് സൽമാ... "
കേട്ട് നിന്നതേയുള്ളൂ ഞാൻ അക്ഷരം ഉരിയാടാതെ.
കണ്ണീര് കൊണ്ട് കവിൾത്തടം നനയാൻ തുടങ്ങി.
ഞങ്ങളുടെ വീടിന്റെ അവസ്ഥയായിരുന്നു എന്റെ മനസ്സിൽ.
ഇത്തയുടെ വിവാഹത്തലേന്ന് കരിവാളിച്ച മുഖവുമായി ,മനസ്സിൽ കടം വാങ്ങിയതിന്റെ വെപ്രാളവുമായി ഓടി നടന്ന ബാപ്പയുടേയും,ഉമ്മയുടേയും മുഖമായിരുന്നു. ഒടുക്കം ഒരു നിവൃത്തിയുമില്ലാതെ ചോര നീരാക്കി പണിത വീടും, സ്ഥലവും നഷ്ടപ്പെടുത്തി കരഞ്ഞിറങ്ങിയ ഉമ്മാന്റെ മുഖമായിരുന്നു .
വീട് വിറ്റതിന്റെ പേരിൽ കോടീശ്വരൻമാരായ ജ്യേഷ്ഠത്തിയുടെ ബന്ധക്കാരുടെ അകൽച്ചയും, അവളനുഭവിച്ചിരുന്ന ദുഃഖവുമെല്ലാം എന്നെ വലിഞ്ഞ് മുറുക്കിക്കൊണ്ടിരുന്നു
"സ്വർണ്ണം ഞാൻ തരാം... നമുക്ക് ഏതേലും ഹാളിൽ വെച്ച് വിവാഹം നടത്താം..." നിസാം വീണ്ടും പറയുകയാണ്.
എന്റെ ഇത്തക്ക് കൊടുത്ത പോലെ അത് തന്നേ ഉമ്മ എന്നെ ഇറക്കി വിടുകയുള്ളൂ.... എനിക്കുറപ്പായിരുന്നു.
പിന്നെ അനുജത്തിയെ പോലെ എന്നെ ചേർത്തു നിർത്തുന്ന ഇക്കയുണ്ടായിരുന്നു ഇത്തയുടെ ഭർത്താവ് എന്തിനും തയ്യാറായി .. അറിയാം എങ്കിലും ഉമ്മ വീണ്ടും കടക്കെണിയിൽ പെടുമോയെന്ന ഭയം ,സങ്കടം എന്നെ നിസാമിനോട് തർക്കിക്കാൻ തയ്യാറാക്കി കൊണ്ടിരുന്നു.
സമാധാനത്തോടെയുള്ള ഒരു കല്യാണം!
അതു മാത്രമായിരുന്നു സ്വപ്നം!
"കേട്ടില്ലേ സൽമാ ഇനി എന്ത് വേണം., സ്വർണ്ണം പോലും അവൻ തരാന്ന് പറയുന്നു., എന്നിട്ടും അഹങ്കാരമാണിത്. " എളാമ്മ ദേഷ്യത്തിലായിരുന്നു.
"എനിക്ക് ഹാളിൽ വെച്ച് വിവാഹം വേണ്ട,
പിന്നെ സ്വർണ്ണം തരാതിരിക്കാൻ മാത്രം ഗതികേട് ഞങ്ങൾക്കില്ല.
എന്റെ ഇത്തയെ പറഞ്ഞ് വിട്ട പോലെ അന്തസ്സായി തന്നെ ഉമ്മ എന്നേയും വിടൂ.... വീട് പണി പൂർത്തിയാകണം. അത്രയേയുള്ളൂ.. "
വീണ്ടും ,വീണ്ടും എന്റെ കാത് തുളക്കുമാറ് അവർ പലതും പറഞ്ഞു കൊണ്ടേയിരുന്നു.
ഞാൻ ചുവര് ചാരി കരയാൻ തുടങ്ങിയിരുന്നു. നിസാം പിന്നീട് മൗനിയായി മാറി നില്പായിരുന്നു.
"പറഞ്ഞപോലെ ഒരു വർഷം കഴിഞ്ഞില്ലേ സൽമാ? ന
"ഞാൻ … പറഞ്ഞത് ഒരു വർഷമല്ല " ദേഷ്യം കൊണ്ട് എന്റെ മുഖം ചുവന്നിരുന്നു.
ഒരു തരം പറയാൻ പറ്റാത്ത മാനസികാസ്ഥയിലേക്ക് മനസ്സ്പാഞ്ഞ് പോവുകയായിരുന്നു.
വീണ്ടും നിർബന്ധം തുടർന്നപ്പോൾ എന്റെ സകല നിയന്ത്രണവും പോയിരുന്നു.
ഉച്ചത്തിൽ തന്നെ ഞാൻ പറയാൻ തുടങ്ങി
" ശരി നടക്കൂ... നിസാമിന് എങ്ങോട്ടാണ് ഞാൻ വരേണ്ടത്,, കൊണ്ടു പോകൂ ഈ നിമിഷം തന്നെ വേണേ കൊണ്ടു പോയ്ക്കോളൂ
പൊന്നും ,പട്ടും വേണ്ടെങ്കിൽ കൊണ്ടു പോകൂ... ഞാനൊന്നു കാണട്ടെ... ഒന്നും വേണ്ടാത്ത ആളെ !
ഒരു വർഷക്കാലം കൂടി ക്ഷമിക്കാൻ വയ്യെങ്കിൽ കൊണ്ട് പോ.. ഇപ്പോത്തന്നെ.. ദേഷ്യവും, എന്റെ വാശിയുമായിരുന്നു എന്നെക്കൊണ്ടത് പറയിച്ചത്.
ഞാനവിടുന്ന് ഇറങ്ങി വഴിയിൽ വെച്ചനിസാമിന്റെ ബൈക്കിന് പിറകിൽ ഇരുപ്പുറപ്പിച്ചു.
നിസാം ഒന്നും മിണ്ടാതെ, ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിരക്കി തുടങ്ങിയിരുന്നു.
കാഴ്ചകൾ കാണാത്ത കണ്ണ്, !
ഒന്നും
കേൾക്കാൻ വയ്യാത്ത ചെവി !
മിടിക്കുന്ന ഹൃദയം!
കാൽ മുട്ടുകൾ രണ്ടും ചേർന്ന് വിറയ്ക്കുന്നുണ്ടായിരുന്നു.!
എങ്ങോട്ടാണ് പോകുന്നത് വണ്ടി? സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥ.! അനുഭവിച്ചാൽ മാത്രം അറിയാവുന്ന ആ അവസ്ഥ!
ശരീരമാകെ ഒരു തരം വിറയൽ മാത്രം .
ഇന്നും ഞാൻ ഓർത്തെടുക്കാൻ നോക്കും അന്ന് ആ വഴിയിൽ കണ്ട ഏതെങ്കിലും കാഴ്ച പക്ഷെ വെറുമൊരു പുകമഞ്ഞ് മാത്രം!
അതെ ആ അവസ്ഥയും മനുഷ്യന് സ്വന്തമെന്ന് അറിയുന്നു.
വണ്ടി ചെന്ന് നിന്നത് ആരവങ്ങളോടെ ഞാൻ കയറിച്ചെല്ലേണ്ടിയിരുന്ന ആ മുറ്റത്തായിരുന്നു.
വിവാഹത്തിന് പന്തലിടാൻ വേണ്ടി കൊതിയോടെ ...നിസാം വലിയ തൈകളൊക്കെ വെട്ടിമാറ്റി വച്ച വീട്ടുമുറ്റത്ത്.
"ഉമ്മാ... ഞാൻ സൽമയെ ഇങ്ങോട്ട് കൂട്ടി... ഉമ്മ അവളെ അകത്തേക്ക് കയറ്റൂ"..
നിസാം പറഞ്ഞത് കേട്ട അമ്പരപ്പോടെ ഉമ്മ കൈപിടിച്ച് എന്നെഅകത്ത് കയറ്റി.
സംഭവിക്കുന്നത് എന്താണെന്നറിയാതെ
അകത്തേക്ക് കയറിയ ഞാൻ അലറിക്കരഞ്ഞു. എനിക്കെന്റെ വീട്ടിൽ പോകണമെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞു .
കൂടെ മണിമാരനാകാനുള്ള ആഗ്രഹം നഷ്ടമായ നിസാമും ,മൂത്തമകന്റെ വിവാഹ നാൾ സ്വപ്നം കണ്ട ഉമ്മയും കണ്ണീരണിഞ്ഞു നിന്നു.
"ഞാൻ സൽമയെ കൂടെക്കൂട്ടി " വിവരം എല്ലാവരേയും നിസാം ഫോൺ കറക്കിവിളിച്ച് പറഞ്ഞു.
ആ മുഖത്ത് സങ്കടം കനത്തിരുന്നു. അത്തറിനേറെയും, കസവ് മുണ്ടിന്റേയും ചേല് നഷ്ടപ്പെട്ട സങ്കടമോ..
അതോ പ്രിയ സഖിക്ക് കൊടുത്ത വാക്ക് തെറ്റിച്ചതിലോ.... ?അറിയില്ല.
എങ്കിലും ആ കണ്ണുകൾ ഒരുപാട് കരയുന്നത് ഞാൻ കണ്ടു.
ശേഷം എന്റെ ഉമ്മയെ വിവരം അറിയിക്കാൻ നിസാം സ്നേഹിതനേയും കൂട്ട് പിടിച്ചു ചെന്നു. നിസാമിനെ കടുത്ത വാക്കുകളാൽ പിച്ചിചീന്തി ഉമ്മ ഇറക്കിവിട്ടു.
"എന്റെ മകളെ കണ്ണീര് കുടിപ്പിച്ചാൽ നിങ്ങളെ ഞാൻ വെച്ചേക്കില്ല .
ആരു പറഞ്ഞു ഒന്നുമില്ലാതെ അവളെ കൂട്ടി പോകാൻ..അവൾ അനാഥയൊന്നുമല്ല. അന്തസ്സായി ഞങ്ങൾ ഇറക്കിവിട്ടുതരില്ലായിരുന്നോ.. ഇനി എന്റെ മോൾക്ക് എന്ത് സ്ഥാനമാ നിങ്ങളെ വീട്ടിൽ ഉള്ളത്. എല്ലാം നശിപ്പിച്ചില്ലേ..., വിളിച്ച് കൊണ്ടും പോകും മുൻപ് പറയാൻ തോന്നിയില്ലല്ലോ.. എന്നിട്ട് ഇപ്പോ പറയാൻ വന്നിരിക്കുന്നു.. ഇറങ്ങി പോയ്ക്കോ.. "
വിശ്വസിക്കാൻ കൂട്ടാക്കാതെ അഭിമാനിയായ ഉമ്മ തകർന്ന് പോയിരുന്നു.
ഇതിന് മാത്രം എന്ത് അപരാധമാണ് താൻ ചെയ്ത തെന്ന് അറിയാതെ കേട്ട് നില്ക്കാൻ ശക്തിയില്ലാതെ നിസാം കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ബൈക്കുമെടുത്ത് അവിടുന്ന് ഇറങ്ങുമ്പോൾ മനസ്സ് കലങ്ങി മറിയുന്നുണ്ടായിരുന്നു.
നിസാമിന്റേയും, സൽമ യുടേയും മണിയറ മുല്ലപ്പൂവും, അത്തറും, മൈലാഞ്ചിയുമില്ലാതെ കണ്ണീരിന്റെ ഉപ്പുരസത്താൽ കുതിരുകയായിരുന്നു.
ആരാണ് തെറ്റുകാരെന്നറിയാതെ.. തേങ്ങലുകളാൽ ആ രാത്രി നിശബ്ദ്ദമാകുകയായിരുന്നു.
പിറ്റേ ദിവസം സൽമയെ അയൽവാസികൾ അത്ഭുത ജീവിയെ പോലെ നോക്കുന്നു.
ചിലർ ചിരിക്കുന്നു.
ചിലർ താടിയിൽ കൈ വെച്ച് നില്ക്കുന്നു.
"ങാ... എന്താ ഇപ്പോ അതിശയം!
അവരെ നിക്കാഹ് പണ്ടേ കഴിഞ്ഞതല്ലേ... നമ്മള മതത്തില് അതല്ലേ വേണ്ടൂ.... പിന്നെ അവന് കൂട്ടുന്നതിന് കുഴപ്പമെന്ത് " അവരിൽ ചിലർ തന്നെ അതും പറയുന്നുണ്ടായിരുന്നു.
എളാമ്മ ഓടി വന്ന് എന്നെകെട്ടി പിടിച്ച് ഏങ്ങിക്കരഞ്ഞിരുന്നു.
" എന്ത് പണിയാ നീ കാണിച്ചേ..... "എന്തേലും പറഞ്ഞെന്ന് കരുതി ഓടിയിങ്ങ് പോരുകയാണോ.. ഞാനിനി അവളോട് എന്ത് പറയും പടച്ച റബ്ബേ...." കുറ്റബോധം കൊണ്ടോ, സങ്കടം കൊണ്ടോ ആ ഹൃദയം പിടയുന്നതും ഞാനറിഞ്ഞു. എല്ലാറ്റിനും മറുപടിയായി മൗനം എന്നെ കീഴടക്കിയിരുന്നു.
എന്റെ നേരെ എവിടെ നിന്നൊക്കെയോ കുറ്റപ്പെടുത്തലുകൾ വന്ന് വീണ് കൊണ്ടേയിരുന്നു.
"അവൻ വിളിച്ചെന്ന് കരുതി ഇറങ്ങിയിങ്ങ് പോരുകയാണോ കുട്ടീ" -
പാതി ചത്ത മനസ്സോടെ എല്ലാം കേട്ട് സൽമയുടെ ദിനങ്ങൾ നീങ്ങി തുടങ്ങി.
വീട്ടുകാർ പിണക്കത്തിലായി. മാസങ്ങളോളം ഉമ്മയുടെ നിഴൽ പോലും കാണാതായി.
അനുജന്മാർ വാങ്ങിക്കൊണ്ട് വന്ന രണ്ട് പുതിയ വസ്ത്രങ്ങളായിരുന്നു എനിക്കവിടെ സ്വന്തമെന്ന് പറയാൻ ആകെയുണ്ടായിരുന്നത്.
പിറ്റേ ദിവസംകോളേജിൽ എത്തിയ എന്നെ കൂട്ടുകാരും കളിയാക്കി തുടങ്ങി ...
"മണവാട്ടി.. എന്തൊക്കെയായിരുന്നു വാഗ്ദാനങ്ങൾ ..
എന്റെ കല്യാണം നിങ്ങൾ കരുതുന്നതിലും വ്യത്യസ്തമായിരിക്കും , അവിടെ ഇരുത്തി ചോറും തരും,
ഇവിടെ ഇരുത്തി പലഹാരം തരും.
എന്നിട്ട് ഇതാ വന്നിരിക്കുന്നു
ഒരു നാരങ്ങ വെള്ളം പോലും തരാതെ അവള് കാര്യം സാധിച്ചു. "
അങ്ങേ.. തലക്കീന്ന് പുരുഷ കേസരികൾ ചൂളമിടുന്നു
"ഹലോ... എങ്ങനെ ഉണ്ടായിരുന്നു.... "
മനസ്സ് പാതി കൈവിട്ട് നില്ക്കുന്ന എന്നെ ശ്യാമ യുടേയും, കൂട്ടുകാരുടേയും വാക്കുകൾ ഭ്രാന്തിയാക്കുകയായിരുന്നു.
മാഷ് ക്ലാസ് തുടങ്ങി അല്പം കഴിഞ്ഞതേ... ഓർമ്മയുള്ളൂ മനസ്സ് എന്റെ നിയന്ത്രണത്തിന്ന് കൈവിട്ട് തുടങ്ങിയിരുന്നു.
ക്യാമ്പസ് കുലുങ്ങുമാറ് ഞാൻ കൂക്കിയിട്ടു - പിന്നീട് ബോധരഹിതയായി നിലം പതിച്ചു.
ബോധം തെളിഞ്ഞപ്പോൾ എന്തൊക്കെയോ പിച്ചും പേയും പറയാൻ തുടങ്ങിയിരുന്നു.
പേടിച്ച് നിലവിളിച്ച ശ്യാമ എന്റെ കാലിൽ പിടിച്ച് മാപ്പ് പറയുന്നുണ്ടായിരുന്നു.
"ഞാൻ തമാശ പറഞ്ഞതല്ലേ ... സൽമ.
നിന്നെ ഞങ്ങൾക്കറിയില്ലേ...
നീ ഞങ്ങളോട് ഒരായിരം വട്ടം ചോദിച്ചതല്ലേ
" ഞാൻ എന്ത് ചെയ്യണം, എന്റെ വീടിന്റെ ഇപ്പഴത്തെ അവസ്ഥ മാറാൻ നിസാമിന് സമയമില്ല. എന്നെ ഉടനെ കെട്ടണമെന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യും.
എനിക്ക് ഇപ്പോ സമയമാകാത്തത് പോലെ ... നിങ്ങള് പറഞ്ഞ് താ ഉത്തരം "
എന്ന് നീ ഞങ്ങളോടും ചോദിച്ചില്ലേ..
നിന്റെ ശരിക്ക് വിട്ട് ഞങ്ങളും നിനക്ക് ഉത്തരം തരാതെ കയ്യൊഴിഞ്ഞു.
ഇപ്പോ നിന്നെ പഴിച്ചു പോയി ,ക്ഷമിക്കൂ സൽമാ... എന്നോട് ക്ഷമിച്ചെന്ന് പറയ്..."
കരയുന്ന ശ്യാമയേയും, എന്റെ കൂട്ടുകാരേയും ഞാൻ കാണുന്നുണ്ടായിരുന്നു.
കൂട്ടുകാരിൽ നിന്നും വിവരം അറിഞ്ഞ മാഷ്
എന്റെ ഡയറിയിൽ നിന്നും നമ്പർ എടുത്ത് നിസാമിന്റെ വീട്ടിലേക്ക് വിളിച്ചു.
നിമിഷ വേഗേന ഓടിയെത്തിയ പാവം നിസാം.... ആകെ മരവിച്ചായിരുന്നു മാഷിന്റെ മുൻപിൽ ഇരുന്നത് .
" നിസാം.. സൽമക്ക് കുഴപ്പമൊന്നുമില്ല ഹൈപ്പർടെൻഷനാണ് ഇപ്പോ ഓകെയാണ്. ഞങ്ങൾ മൂന്ന് വർഷമായി ആ കുട്ടിയെ ഇവിടെ കാണുന്നു.
ചിരിച്ച മുഖത്തോടെയല്ലാതെ ഇന്നുവരെ കണ്ടിട്ടില്ല. ഇനിയും അങ്ങനെ കാണണം. നിങ്ങൾ ചെയ്തത് വലിയ കാര്യമാണ്.
പക്ഷെ അവളെ കരയിക്കരുത് "
മാഷ് അതു പറഞ്ഞ് എന്റെ ചുമലിൽ തട്ടി .
ഹണിമൂൺ ആഘോഷിച്ചേ ഇനിഇങ്ങോട്ട് വരേണ്ടതുള്ളൂ... എന്ന് പറഞ്ഞ് പത്ത് ദിവിസത്തെ ലീവ് തന്ന് മാഷ് ഞങ്ങളെ കൈ വീശി കാണിക്കുമ്പോൾ നിറഞ്ഞ കണ്ണാലേ.. എന്റെ കൂട്ടുകാരും നില്പുണ്ടായിരുന്നു.
നിസാമിനെ ചേർന്ന് ഇരുന്ന് റോഡിലെ തിരക്കിലേക്ക് നോക്കിയപ്പോൾ.... കണ്ടു -
വിവാഹ ദിവസത്തെപ്പറ്റി സ്വപ്നം നെയ്ത് ശ്യാമ യുടേയും, നേനയുടേയും, കൂടെ നടന്ന് നീങ്ങുന്ന ഒരു പെൺകുട്ടിയെ.
നിസാം അണിയിച്ച മഹർ ഉമ്മ ആരുടേയോ കൈവശം കൊടുത്തുവിട്ടിരുന്നു.
രാത്രികൾ ഞാൻ ചെയ്ത തെറ്റിനെ ശപിച്ച് കൊണ്ട് മായുമ്പോഴും,, എന്റെയാ അവസ്ഥ! കൈവിട്ട മനസ്സ്! ആർക്കുംകാട്ടാൻ കഴിയാതെ കരഞ്ഞ് തീർക്കുകയായിരുന്നു ഞാൻ.
മൂന്ന് മാസത്തിന് ശേഷം നിസാം വിദേശത്തേക്ക് പോയി.
സൽമയെ പഠിക്കാൻ പറഞ്ഞയക്കണമെന്ന് നിസാം വീട്ടിൽ പറഞ്ഞേല്പ്പിച്ചിരുന്നു.
ഉദരത്തിൽ ഒരു പുതുനാമ്പ് വളരുന്നതറിഞ്ഞിട്ടും എന്നോട് പഠിപ്പ് നിർത്താൻ നിസാം പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഗർഭവും പേറി ഞാൻ ക്ലാസ് മുഴുവൻ പൂർത്തിയാക്കിയിരുന്നു. എന്റെ ആഗ്രങ്ങൾക്കൊന്നും ഒരു തടസ്സവും പറയാതെ നിസാം ചേർന്ന് നിന്നതേയുള്ളൂ എന്നും.
ഞാനറിയുകയായിരുന്നു പീന്നീട് ആ സ്നേഹം. എല്ലാ പരിഭവങ്ങളും ,പിണക്കവും എന്നോടുള്ള ഭ്രാന്തമായ സ്നേഹമായിരുന്നെന്ന് തിരിച്ചറിയുകയായിരുന്നു.
വിവാഹത്തോടുള്ള എന്റെ എതിർപ്പും, പിന്നീടുള്ള വാശിയും ഞാൻ നഷ്ടമാകുമോന്ന് നിസാമിനെ ഭയപ്പെടുത്തകയായിരുന്നു.
പ്രണയമെന്തെന്ന് തിരിച്ചറിഞ്ഞ നാളുകൾ.... തുടങ്ങുകയായിരുന്നു. സ്നേഹം കൂടുമ്പോൾ പരിഭവവും കൂടി വന്നിരുന്നു.
ഒരിക്കൽ പോലും നിസാമിന്റെ വീട്ടിലേക്ക് വരാത്ത ഉമ്മയെ തേടി പോകേണ്ടയെന്ന് നിസാം വാശി പിടിച്ചു. ദേഷ്യപ്പെട്ടു.
"അത്രയ്ക്ക് വലിയ തെറ്റാണോ ഞാൻ ചെയ്തത്. മഹറ് കൊടുത്ത പെണ്ണിനെയല്ലേ കൂടെ കൂട്ടിയത്.
നിസാം ഇടയ്ക്കിടെ ചോദിച്ച് കൊണ്ടേയിരുന്നു.
പിന്നീടതൊക്കെ മറന്ന് നിനക്ക് പോകണോ... പോയ്ക്കോ എന്നും നിസാം ഒരിക്കൽ പറഞ്ഞു.
പക്ഷെ,, ഞാനും പോയില്ല.!
കുറച്ച് കാലം പിണങ്ങി നിന്ന എന്റെ ഉമ്മാക്ക് എന്നെ കാണാൻ വരാതിരിക്കാൻ ആവില്ലായിരുന്നു.
ഉമ്മ വന്നു. ആ നിമിഷം വീണ്ടും ഞാൻ ഒരുപാട് കരഞ്ഞു.
എല്ലാവരും പറയുമ്പോലെ ഉമ്മാന്റെ മകൾ ഒളിച്ചോടിയതല്ല എന്ന് എന്നെങ്കിലും അറിയുമെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്.
അതെ, ചോദിച്ചിട്ടുണ്ട് പലരും
"ഒളിച്ചോടിയതാണോ "പ്രേമിച്ചതാണോ "
ഇങ്ങനെ നിരവധി ചോദ്യങ്ങൾ... ചോദ്യം മാത്രമല്ല ആണെന്ന് അവർ സ്ഥിതീകരിച്ചിട്ടുണ്ട്.
നിക്കാഹ് മുൻപ് കഴിഞ്ഞെന്നതൊന്നും ഈ ചോദിക്കുന്നവർക്ക് ബാധകമേ അല്ലായിരുന്നു. എന്തോ അപരാധം ചെയ്ത പോലെ പലരും ക്രൂശിച്ചു.
പക്ഷെ നടന്നതൊന്നും പറഞ്ഞ് ഫലിപ്പിക്കാൻ ഒരിക്കലും കഴിയാത്തിടത്തോളം ഞാനെന്ന വ്യക്തി തെറ്റുകാരിയായി തുടരുമല്ലോ....
നിക്കാഹ് കഴിഞ്ഞ് അവൻ ആ കുട്ടിയുടെ വീട്ടിൽ താമസമായിരുന്നൂന്ന് തോന്നുന്നു "പുതിയാപ്പിള '' വീട്ടിലങ്ങ് കൂടി .പറഞ്ഞവർ ഇങ്ങിനേയും ഉണ്ടായിരുന്നു.
എവിടെയെങ്കിലും പോയാൽ ആറു മണി കഴിഞ്ഞാൽ ഞങ്ങളിന്ന സ്ഥലത്തുണ്ട് ഇപ്പൊ എത്താമെന്ന് എന്റെ ഉമ്മയെ വിളിച്ചു പറയുന്ന നിസാമിനേയും കുരിശിൽ തറച്ചവർ !
"നീയെന്താടീ എന്നെ കല്യാണം വിളിക്കാഞ്ഞത് നിന്റെ കല്യാണം എപ്പഴായിരുന്നു."
ഈ ചോദ്യങ്ങൾക്ക് മുൻപിൽ പറയാൻ മറുപടിയില്ലാതെ പരുങ്ങിയിരുന്നു ഞാൻ ഇടയ്ക്കൊക്കെ.
പക്ഷെ ..പിന്നീട് ഞാൻ അഭിമാനത്തോടെ പറഞ്ഞു തുടങ്ങി.
എന്നെ എന്റെ നിസാംക്ക ഒന്നും വേണ്ടെന്ന് പറഞ്ഞങ്ങ് കൂട്ടി.
പക്ഷെ,അഭിമാനിയായ ഉമ്മ ഈ സൽമയെ തോല്പിച്ചു.
പുതുതായി പണിത വീടും, പറമ്പും ഈ മകൾക്ക് വേണ്ടിയും ഉപേക്ഷിച്ചു.
അതിന്റെ ഓഹരി നിസാമിനായി നീട്ടി.
എനിക്ക് രണ്ട് മക്കളും ഒരേ പോലെയാണെന്ന് പറഞ്ഞ് വീണ്ടും വാടക വീട്ടിൽ അഭയം തേടിയതാണ് എന്നെ ഞാനല്ലാതാക്കിയത്.
" എന്തിനാണ് വീട് വാറ്റ് കാശ് കൊടുത്തത് എന്ന് ചോദിക്കുമ്പോൾ...
"അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലെ "ന്ന മറുപടിയാണ് കിട്ടിയിരുന്നത്.
പരിഭവങ്ങളും, പായാരവുമായി ഞങ്ങൾ ജീവിക്കുന്നുണ്ട്.
നിസാമിന്റെ എല്ലാ പരിഭവങ്ങൾക്കും കാരണം എന്നോടുള്ള സ്നേഹത്തിന്റെ അടയാളങ്ങളായിരുന്നു.
മുല്ലപ്പൂവിനോടും, മൈലാഞ്ചിയോടും, സ്വർണ്ണവളകളോടും ഞാൻ ചോദിക്കാറുണ്ട് കണ്ടോ നിങ്ങളില്ലാതെ ഞാൻ മണവാട്ടിയായതെന്ന്...
ആ നിമിഷം അവ നാണിച്ച് പോകുന്നത് കാണാറുണ്ട് ഈ സൽമ!
ഷംസീറ ചെച്ചി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo