നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സാന്ദ്രം - Part 5

Part 5
നീന ഇപ്പോൾ നില്ക്കുന്നത് ഒരു ഹോസ്പിറ്റൽ മുറിയിലാണ്.
അവിടെ... കിടക്കയിൽ തന്റെ ശരീരം അവൾക്കു കാണാം.
കൃത്യമായ ഇടവേളകളിൽ ഒരു ബീപ് ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുന്നു.
തന്റെ ഹൃദയ താളത്തിനൊപ്പിച്ചാണാ ശബ്ദമെന്നവൾ തിരിച്ചറിഞ്ഞു.
തിരിച്ച് പോകാൻ സമയമായോ ?
എനിക്കിനിയും എന്റെ റോബിയെ കാണാനാകുമോ ?
അവൾക്കതോർത്തപ്പോൾ തന്നെ സന്തോഷമടക്കാനായില്ല.
ഒരിക്കൽ കൂടി റോബി തന്നെ ചേർത്തു പിടിക്കുന്ന നിമിഷമോർത്ത് അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
അപ്പോൾ ഒരു ഡോക്ടർ അകത്തേക്ക് കയറി വരുന്നതു കണ്ടു.
പുറകിലായി റോബിയും!
അവനെ കണ്ടതും പിന്നെ അവൾക്ക് പിടിച്ചു നില്ക്കാനായില്ല.
“ഞാൻ വരുവാ റോബീ...” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.
ആ നിമിഷം തന്നെ ശരീരം നുറുങ്ങുന്ന വേദനയാൽ അവൾ പുളഞ്ഞു.
വിരലുകൾ ബെഡ്ഷീറ്റിൽ അള്ളിപ്പിടിച്ചുകൊണ്ട് അവൾ എഴുന്നേല്ക്കാൻ ഒരു വിഫല ശ്രമം നടത്തി.
ഇല്ല... സാധിക്കുന്നില്ല. അനങ്ങാനേ കഴിയുന്നില്ല... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“നോക്കൂ ഡോക്ടർ...” റോബിയുടെ ശബ്ദം. “നീന കരയുന്നു...അതാ...”
“സോറി റോബി...കോമയിൽ അതൊക്കെ സാധാരണയാണ്. ” ഡോക്ടറുടെ ശബ്ദം “ ശരിക്കും ഇപ്പൊ എന്താ നടക്കുന്നതെന്ന് പറയാനൊക്കില്ല. നീന ഗ്രാജ്വലി റിക്കവറായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, ഈ കണ്ണുനീരൊക്കെ അതിന്റെ ലക്ഷണമാണെന്നു പറയാനാവില്ല.എന്തായാലും നല്ല ഡെവലപ്പ്മെന്റ് കാണാനുണ്ട്. നല്ല ബ്രെയിൻ ആക്റ്റിവിറ്റിയുണ്ട്. ചിലപ്പോ കണ്ണുകൾ അനങ്ങുന്നതു കാണാം. അതു നല്ല ലക്ഷണമാണ്.“
”നീന എഴുന്നേല്ക്കും എന്നു തന്നെയാണ് അപ്പോ ഡോക്ടറുടെ അഭിപ്രായം.“
”നമുക്ക് പ്രാർഥിക്കാം റോബി.“
”ഇപ്പൊ നമ്മളീ സംസാരിക്കുന്നതൊക്കെ അവൾക്കു കേൾക്കാനാകുന്നുണ്ടോ ?“
”ഉണ്ടാകാം... അതിരിക്കട്ടെ, ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് വല്ല അറിവും കിട്ടിയോ ? ആരാ നീനയെ...“
”ഇല്ല ഡോക്ടർ...“ റോബിയിൽ നിന്നും ഒരു ദീർഘ നിശ്വാസമുതിർന്നു.
***** ***** ***** ***** ***** *****
അതിരാവിലെ തന്നെ മാത്യൂസ് എസ് പീ ഓഫീസിലെത്തി. സീ ഐ യും ഒല്ലൂർ എസ് ഐയും ചേർന്ന് എസ് പീയുമായി കൂടിയാലോചിച്ച് ബെന്നിയെ അറസ്റ്റു ചെയ്യാനാണു തീരുമാനം.
കൃത്യമായ തെളിവുകളില്ലാതെ ബെന്നിയെ അറസ്റ്റു ചെയ്യുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് എസ് പീ യുടെ അഭിപ്രായം. കാരണം ഇതിനു മുൻപുണ്ടായിട്ടു സകല കേസുകളിലും അവൻ വളരെ വിദഗ്ധമായി തടിയൂരിയിട്ടുണ്ട്. എന്നിരുന്നാലും, അവനെ എങ്ങനെയെങ്കിലും കുറേ കാലത്തേക്ക് അകത്തിടാൻ സാധിച്ചാൽ അതൊരു വലിയ നേട്ടമായിരിക്കും. അത്രക്ക് അപകട കാരിയാണ് ബെന്നി.
“എന്താ മാത്യൂസിന്റെ തിയറി ?” എസ് പീ കൂടുതൽ സംസാരത്തിനൊന്നും നിന്നില്ല. നേരേ കാര്യത്തിലേക്കു കടന്നു.
“സർ.” മാത്യൂസ് താൻ എഴുതി തയാറാക്കിയ നോട്ടുകൾ നിവർത്തി.
“പുതിയ രണ്ടു കേസുകളാണ് ഞാൻ ചാർജ്ജു ചെയ്യാൻ ഉദ്ദേശിക്കുന്നത്. 1. റിട്ടയേർഡ് കേണൽ ചെറിയാന്റെ ദുരൂഹമായ സാഹചര്യത്തിലുള്ള മരണം. 2. റോബിൻ സക്കറിയായുടെ കൊലപാതക ശ്രമം. എന്റെ ഊഹം ഇങ്ങനെയാണ്.
കേണൽ തന്റെ മോട്ടോർ ബൈക്ക് റിപ്പയർ ചെയ്യാനായി ചെന്നതാണ് ബെന്നിയുടെ അടുക്കൽ. അവിടെ വെച്ച് ബെന്നി കേണലിന്റെ മകൾ നീനയെക്കുറിച്ചറിയുന്നു. കോളേജിൽ പഠിക്കുമ്പോഴെ തനിക്ക് താല്പ്പര്യമുള്ള അവളെ സ്വന്തമാക്കാനായി അയാൾ കേണലുമായി സംസാരിക്കുന്നു. സ്വതവേ ഗൗരവക്കാരനായ കേണൽ ആ പ്രൊപ്പോസൽ തള്ളിക്കളയുന്നു. ഒരു പക്ഷേ ബെന്നിയെ ഇൻസൾട്ട് ചെയ്തിരിക്കാനും ഇടയുണ്ട്. കാരണം അത് കേണലിന്റെ ഒരു സ്വഭാവ രീതിയാണ്. ആ സംഭവത്തിനു ശേഷം , കേണൽ തനിക്കൊരു തടസ്സമായിത്തീരുമെന്ന് കരുതിയ ബെന്നി അദ്ദേഹത്തെ വക വരുത്തുന്നു. അതിനു ശേഷം കല്യാണാലോചനയുമായി നീനയെ നേരിൽ കാണാൻ ചെന്നപ്പോളാണ് നീനയും റോബിയും തമ്മിലുള്ള കല്യാണം ഉറപ്പിച്ചതായി മനസ്സിലാക്കുന്നത്. അതോടെ അയാൾ റോബിയെയും ഒഴിവാക്കാനായി ശ്രമം തുടങ്ങുന്നു. അങ്ങനെ, ഇന്നലെ വൈകിട്ട് ഏതാണ്ട് 9:30 ന് -------- ജംഗ്ഷനിൽ വെച്ച് റോബി സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്ക് അപകടത്തിൽ പെടുത്തി അയാളെ കൊല്ലാൻ ശ്രമിക്കുന്നു. എന്നാൽ, റോബി പരിക്കുകളോടെ രക്ഷപ്പെട്ടു ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു.“
”ഓക്കേ...കൊള്ളാം.“ എസ് പീ ക്ക് താല്പര്യമായി. ”ഇതിൽ അവൻ കുടുങ്ങിയാൽ നമ്മൾ രക്ഷപ്പെട്ടു. പിന്നെ കുറേ കാലത്തേക്ക് ശല്യമുണ്ടാകില്ല. ബാക്കി പറയൂ. എങ്ങനെയാണ് നമുക്ക് ബെന്നിയെ ബന്ധപ്പെടുത്താനാവുക ?“
”അവിടെയാണ് പ്രശ്നം. കേണലിന്റെ മരണം ഒരു കൊലപാതകമാണെന്നത് എന്റെ ഒരു ഊഹം മാത്രമാണ്. ഹാർട്ട് അറ്റാക്ക് ആയിരുന്നു മരണകാരണം എന്നാണ് ഡോക്റ്റർ പറയുന്നത്. പക്ഷെ, എന്റെ കണക്കു കൂട്ടൽ പ്രകാരം അത് വളരെ വെൽ പ്ലാൻഡ് ആയിട്ടുള്ള ഒരു മർഡർ ആണ്. ഭക്ഷണത്തിലോ മദ്യത്തിലോ കലർത്തി കൊടുത്ത എന്തെങ്കിലും വിഷമായിരിക്കണം മരണ കാരണം. ബെന്നി മുൻപ് അങ്ങനെ ഒരു കേസിൽ പ്രതിയായിരുന്നു. തിരുവനന്തപുരം വർക്കല ഭാഗത്തു നടന്ന ഒരു കൊലക്കേസ് ഫയൽ ഞാൻ പരിശോധിച്ചിരുന്നു. എന്നാൽ ആ കേസും ആത്മഹത്യയായി മാറി ബെന്നി ഊരിപ്പോന്നു.“
”കേണലിന്റെ മരണം നമ്മൾ റെജിസ്റ്റർ ചെയ്തിട്ടുണ്ടോ ?“
”ഇല്ല സർ. അത് സ്വഭാവിക മരണമായിട്ടാണ് അന്ന്...“
”ഓക്കേ - റോബിനെ ഇടിച്ച വാഹനത്തിന്റെ വല്ല വിവരവും ? “
”അതുമില്ല സർ. നംബർ പ്ലേറ്റ് ഇല്ലായിരുന്നു . ഒരു കറുത്ത ജീപ്പാണ്. ട്രാഫിക്ക് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പക്ഷേ ഒന്നും വ്യക്തമല്ല.“
”പിന്നെ തന്റെ കയ്യിൽ എന്തു കോപ്പാ ഉള്ളത് ?“ എസ് പീ പെട്ടെന്ന് ക്ഷുഭിതനായി.
”അതല്ല സർ... ബെന്നിയെ ഒന്നു കസ്റ്റഡിയിലെടുക്കാൻ സാധിച്ചാൽ, നമുക്ക് ...“
”എന്ത് കാരണം പറഞ്ഞാടോ ? തനിക്കിതെന്താ പറ്റിയേ മാത്യൂസ് ? റോബി തന്റെ ഫ്രണ്ടായകൊണ്ടുള്ള ആവേശമാണോ ?“
”അല്ല സർ... സാധാരണ എന്റെ ഇങ്ങനത്തെ ഇന്റ്യൂഷൻസ് ഒന്നും പിഴക്കാറില്ല സർ. എങ്ങനേലും ഒരു വാറണ്ടുണ്ടാക്കി റോബിയെ പൊക്കിയാൽ ... “
”ഒരു കുന്തവും സംഭവിക്കില്ല. രാവിലെ തന്നെ ആളെ മിനക്കെടുത്തി. എണീറ്റു പൊക്കേ എല്ലാരും. ഒത്തിരി പ്രതീക്ഷിച്ചു ഞാൻ.“
“സർ... ഞാൻ മുഴുവൻ പറയട്ടെ. പ്ലീസ്.” മാത്യൂസ് നിരാശനായിട്ടില്ല.
“ഞാൻ നീനയുമായി സംസാരിച്ചു. കേണലിന്റെ മരണ ശേഷം അവർ അദ്ദേഹത്തിന്റെ ഓഫീസ് മുറി അടച്ചു പൂട്ടി. അതിൽ പിന്നെ ആരും ആ മുറിയിൽ കടക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല. ക്ലീനിങ്ങ് പോലും. സോ, . ഞാൻ ആ മുറി മുഴുവൻ ഫോറൻസിക്കുമായി ചെന്ന് പരിശോധിക്കാനാണ് വിചാരിക്കുന്നത്. എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല. മാത്രമല്ല,
കേണൽ അജയ്പാൽ സിങ്ങ് തന്ന അസൈന്മെന്റ് പ്രകാരം കേണലുമായി അവസാനം ബന്ധപ്പെട്ടിരുന്ന എല്ലാവരെയും ചോദ്യം ചെയ്ത് റിപ്പോർട്ടുണ്ടാക്കേണ്ട ചുമതല എനിക്കുണ്ട്. ആ ഒരു ചാൻസ് വെച്ച് എനിക്ക് ബെന്നിയെ ചോദ്യം ചെയ്യാം.
പിന്നെ, നീനയുടെയും റോബിന്റെയും മൊഴിയെടുത്തിട്ടുണ്ട്.
എല്ലാ കേസുകളും തുടക്കം ഇങ്ങനെയൊക്കെയയിരിക്കില്ലേ സർ. ഞാനൊന്നു ശ്രമിക്കട്ടെ പ്ലീസ്.”
“അതിലൊന്നും എനിക്കൊരു വിരോധവുമില്ല മാത്യൂസ്. പക്ഷേ അവസാനം ദേ മറ്റേതു പോയ അണ്ണാനെപ്പോലെ വന്നു നില്ക്കരുത് എന്റെ മുൻപിൽ. എനിക്കത്രേ പറയാനുള്ളൂ.”
മീറ്റിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ മാത്യൂസ് ഒല്ലൂർ എസ് ഐ രാജ ശേഖരനുമായി സംസാരിച്ചു.
“ഞാൻ രാവിലെ തന്നെ രണ്ടു പോലീസുകാരെ വിട്ടിട്ടുണ്ട് ബെന്നിയെ പൊക്കാൻ. ഇനി അറിഞ്ഞില്ല കേട്ടില്ല എന്നു പറയരുത്.”
“താനെന്തേലും കാണിക്ക്. ദേഹോപദ്രവം ഒഴികെ ബാക്കി എന്തു വേണേലും ചെയ്തോ. അവസാനം എന്റെ തലേൽ വരരുത്.”
“അങ്ങനത്തെ ഒരു പരിപാടിയുമില്ല എനിക്ക്. പക്കാ പ്രൊഫഷണൽ ആയി കൈകാര്യം ചെയ്യും. ഡോണ്ട് വറി.”
“റോബിന് പ്രൊട്ടക്ഷനില്ലേ ?” ചോദിച്ചത് സീ ഐ ആയിരുന്നു.
“രണ്ട് പേരെ പോസ്റ്റ് ചെയ്തിട്ടുണ്ട് സർ. അതോർത്തിനി പേടിക്കണ്ട. പിന്നെ സർ... ആ ഫോറൻസിക്കിന്റെ കാര്യം ഒന്ന്...”
“അതൊക്കെ ഞാൻ വിളിച്ചു പറഞ്ഞോളാം. എന്താ നോക്കുന്നത് ? ഫിന്ഗർ പ്രിന്റ് മാത്രം പോരല്ലോ.”
“പോരാ സർ. ലാബ് വേണ്ടി വരും. ഭാഗ്യമുണ്ടെങ്കിൽ കേണൽ കഴിച്ച ഡ്രിങ്കിന്റെ കുപ്പി ഇപ്പൊഴും അവിടെ കാണും. അതൊന്ന് വിശദമായി പരിശോധിച്ചാൽ. ഒരു ടോക്സിക്കോളജി റിപ്പോർട്ടുണ്ടാക്കാമെന്നാണ് ഞാൻ കരുതുന്നത്.”
“നമ്മടെ ലാബും സൗകര്യവുമൊക്കെ വെച്ച് എനിക്ക് വല്യ പ്രതീക്ഷയൊന്നുമില്ല. എന്തായാലും താനിതൊന്നും ചാടിക്കേറി മിലിട്ടറി സിങ്ങിനെ അറിയിക്കാൻ നിക്കരുത്.”
“ഇല്ല സർ. പോകട്ടെ. വളരെ ബിസിയായിരിക്കും ഇന്നത്തെ ദിവസം.“
മാത്യൂസ് പോയിക്കഴിഞ്ഞപ്പോൾ ഒല്ലൂർ എസ് ഐ സീ ഐ യെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു.
”ഫയങ്കര ആത്മാർഥതയാണല്ലോ കക്ഷിക്ക്.“
”ഹോസ്പിറ്റലിൽ കിടക്കുന്ന റോബി അങ്ങേരുടെ ക്ലോസ് ഫ്രണ്ടാ. അതിന്റെ ചൂടാ. “
***** ***** ***** ***** ***** ***** ***** *****
11:30
മാത്യൂസിന്റെ ഫോണടിച്ചു.
“സർ... ബെന്നി മുങ്ങി. അവനിവിടില്ല. ഏതോ പള്ളിയിലെ എന്തോ പ്രോഗ്രാമിനായിട്ട് പോയിരിക്കുവാണത്രേ. എന്തോ ടീവീയിൽ പ്രസംഗമോ മറ്റോ ഉണ്ടത്രെ.”
“ആര് ? ബെന്നിയാണോ പ്രസംഗിക്കുന്നേ ?”
“തന്നെ സർ. അവൻ തന്നെ. പഠിച്ച കള്ളനാ സാറേ. അവന്റെ പാസ്റ്ററെ കണ്ടു. ആളാ പറഞ്ഞെ . അങ്ങേരെ പൊക്കണോ ? ബെന്നി വരുമ്പൊ പുള്ളിക്കാരൻ തന്നെ കൂട്ടിക്കൊണ്ടു വരാന്നാണു പറയുന്നെ.”
“വേണ്ട... ആളെ പൊക്കിയിട്ടെന്തിനാ ? അവനെപ്പൊ വരുമെന്നു ചോദിക്ക്. നിങ്ങളിങ്ങു പോരെ. അല്ലെങ്കി വേണ്ട, നിങ്ങളു നേരേ കേണൽ ചെറിയാന്റെ വീട്ടിലേക്കു വിട്ടോ. ഞാനിപ്പൊ അങ്ങോട്ട് വരാം.”
“ഓക്കെ. സർ. ”
അതിനു ശേഷം മാത്യൂസ് നീനയുടെ നംബർ ഡയൽ ചെയ്തു
“ഹലോ - നീന വീട്ടിലേക്കെത്തിയോ ?”
“എത്തി സർ. ഇവിടെ രണ്ട് ഓഫീസർമാർ വന്നിട്ടുണ്ട്. ഫോറൻസിക്ക് ന്നോ മറ്റോ പറഞ്ഞു.
”ഓക്കേ - ഞാനിതാ വരുന്നു. ഒരു കാര്യം. അവിടെ രണ്ട് പട്ടികളില്ലേ ? കേണൽ സാറിന്റെ...“
”ഉവ്വ സർ. കൂട്ടിലാണ്.“
”അതുങ്ങളെ അവിടുന്നൊന്നു മാറ്റണം. ഞാൻ ഡോഗ് സ്ക്വാഡിനെയും അറിയിച്ചിട്ടുണ്ട്. അവർ വരുമ്പൊ പട്ടികൾ തമ്മിൽ പ്രശ്നമാകണ്ട.“
”അതിപ്പൊ സർ...ജെർമ്മൻ ഷെപ്പേർഡ്സ് ആണ് രണ്ടും. എനിക്കും അമ്മക്കും അടുത്തേക്കു പോകാൻ തന്നെ പേടിയാ. ജോലിക്കാരൻ ഇന്നു രാവിലെ എന്തോ എമർജൻസി ആയിട്ട് അവന്റെ നാട്ടിലേക്കു പോയിരിക്കുവാ.“
ജോലിക്കാരൻ ഛോട്ടാ രാജിന്റെ മുഖം മാത്യൂസിന്റെ മനസ്സിൽ തെളിഞ്ഞു.
“കഷ്ടമായല്ലോ. അവനെ എനിക്കൊന്നു കാണണമായിരുന്നു. അവന്റെ പേപ്പറുകളൊക്കെ ഉണ്ടോ നീനാ ?”
“അറിയത്തില്ല സർ. പപ്പാ ഏർപ്പാടാക്കിയതാ. അവർ കുടുംബമായിട്ട് നമ്മുടെ കൂടെയാ താമസിച്ചിരുന്നെ. പേപ്പറുകളൊക്കെ കാണും . പപ്പായുടെ ഓഫീസിൽ നോക്കാം.”
“ഓക്കേ. ഞാനിതാ വരുന്നു.”
ഫോൺ വെച്ചതും സീ ഐ വിളിച്ചു.
“തനിക്കു പ്രാന്തായോടോ മത്തായി ?”
“എന്തു പറ്റി സർ ?”
“ആറു മാസം മുൻപ് നടന്ന മരണത്തിന് താൻ ഇപ്പൊ ഡോഗ് സ്ക്വാഡിനെയും കൊണ്ട് ചെന്നിട്ടെന്തൊണ്ടാക്കാനാ ?”
“സർ.. ഒന്നും മിസ്സാകണ്ട എന്നു കരുതിയാണ്...”
“താനിത് നാട്ടുകാരെ മൊത്തം അറിയിക്കും. അവസാനം നാറും. ആദ്യം താൻ പറഞ്ഞ പോലെ തെളിവെടുക്ക്. ഫോറൻസിക്കിനെ വിട്ടിട്ടുണ്ട് ഞാൻ. പതിയെ പോ. ചുമ്മാ കിടന്നു ചാടി വല്ല പത്രക്കാരും അറിഞ്ഞാ ...”
“സോറി സർ... ഞാൻ...”
“ഓവർ സ്മാർട്ടാവല്ലെ മത്തായി. തനിക്കു തന്നെ പണി കിട്ടും.”
“സർ!”
***** ***** ***** ***** ***** *****
മാത്യൂസ് എത്തിയതിനു ശേഷമാണ് തെളിവെടുപ്പു തുടങ്ങിയത്.
ആദ്യം തന്നെ അവർ കേണലിന്റെ ഓഫീസ് മുറി തുറന്ന് പരിശോധന ആരംഭിച്ചു.
ഒഴിഞ്ഞ രണ്ട് ഗ്ലാസ്സുകൾ അപ്പോഴും മേശപ്പുറത്തുണ്ടായിരുന്നു. കൂടാതെ കേണൽ അവസാനം ഒഴിച്ച വൈറ്റ് മിസ്ചീഫ് റമ്മിന്റെ കുപ്പിയും തൊട്ടടുത്തായി മറിഞ്ഞു കിടന്നിരുന്നു.
“ആ കുപ്പി പരിശോധിക്കണം. പ്രിന്റ്സും കണ്ടെന്റ്സും നോക്കണം.” മാത്യൂസ് നിർദ്ദേശിച്ചു.
“ഓക്കേ സർ... ധാരാളം ഫിന്ഗർ പ്രിന്റുകളുണ്ട് റൂമിൽ. ക്രോസ്സ് മാച്ചു ശെയ്യരുതുക്ക് ആളുകളുണ്ടോ ?”
“നമുക്ക് തല്ക്കാലം ഒരാളുണ്ട്. ബെന്നി. അവൻ മാത്രേ ഉള്ളു സസ്പെക്റ്റ് ആയിട്ട്.അവന്റെ പ്രിന്റ് ഒക്കെ നമ്മുടെ സിസ്റ്റത്തിൽ കാണും. ധാരാളം കേസുള്ള വല്യ പുള്ളിയാ.”
ഫോറൻസിക്ക് വിദഗ്ധൻ മുരുകേഷ് പാതി തമിഴനാണ്. മലയാളം അല്പ്പം കഷ്ടമാണ്.
“ഇനിയെന്താ സർ അടുത്ത പരിപാടി ?” ഒരു കോൺസ്റ്റബിൾ അടുത്തു വന്നു.
“ഇനി...ഹ്മ്മ്...” മാത്യൂസ് ആലോചിച്ചു. “ഇവിടൊരു ജോലിക്കാരനുണ്ട്. ഛോട്ടാ രാജൻ. അവന്റെ പേപ്പറുകൾ തപ്പിയെടുക്കണം. ഇവിടെത്തന്നെ കാണും. ”
പിന്നെ അതിനായുള്ള തിരച്ചിലായിരുന്നു. അതിനിടെ ...
“സർ... കുപ്പിയിൽ എന്തോ ഉണ്ട് കേട്ടോ. ” മുരുകേഷ് കുപ്പി വെളിച്ചത്തിൽ പിടിച്ചു. “കാണുന്നുണ്ടോ സർ ? എന്നമോ പൗഡർ മാതിരി...”
മാത്യൂസിന്റെ മുഖത്ത് ഒരു പുഞ്ചിരി പടർന്നു.
“ഞാൻ പറഞ്ഞില്ലേ മുരുകേഷ്... എന്റെ ഒരു തോന്നലും അങ്ങനെ ചുമ്മാതായിട്ടില്ല. ആ ബെന്നീടെ മോന്ത കണ്ടപ്പോളേ ഞാൻ അപകടം മണത്തതാ. ഈ സാധനം ടെസ്റ്റു ചെയ്യാനുള്ള സംവിധാനം നമുക്കില്ലേ ?“
”കെമിക്കൽ അനലൈസിങ്ങ്... ഒക്കെ റൊംബ കഷ്ടം... നോക്കാം സർ.“
”അതൊന്നും പറഞ്ഞാ പറ്റില്ല മുരുകേഷ്. നമുക്ക് ഇന്നു തന്നെ പറ്റിയാൽ റിപ്പോർട്ട് കിട്ടണം. ഞാൻ പോയി മറ്റവനെ പൊക്കട്ടെ.“
”ഒക്കേ സർ. നാൻ വിളിക്കാം.“ മുരുകേഷ് ജോലിയിലേക്കു മടങ്ങി.
”അതേ - എന്തെങ്കിലും ഞാൻ പറഞ്ഞാ അതുടനേ സീ ഐക്ക് കൊണ്ടെ കൊളുത്തുന്ന പരിപാടി വേണ്ട കേട്ടോ. ഇത് അനലൈസ് ചെയ്ത് എതെങ്കിലും ഉറപ്പു കിട്ടിയിട്ട് ഇനി ആരെയെങ്കിലും അറിയിച്ചാ മതി. എല്ലാരോടും കൂടെയാ പറഞ്ഞത്. “ വളരെ ഗൗരവത്തിൽ പോലീസുകാരോട് അത്രയും പറഞ്ഞ് മാത്യൂസ് ഇറങ്ങി. ഫോൺ പോക്കറ്റിൽ കിടന്ന് അടിക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായിരുന്നു.
അയാൾ തിരിച്ചു വിളിച്ചു.
”സർ...നമ്മുടെ ബെന്നി ഇവിടെ വന്നിരിപ്പുണ്ട്. “
”എവിടെ ? സ്റ്റേഷനിലോ ??“
”അതേ സർ. ഇവിടിരിപ്പുണ്ട്. നമ്മൾ എന്തിനാ അന്വേഷിച്ചതെന്നു ചോദിക്കുന്നു. ‘അകത്തോട്ട്’ കേറ്റിയിടണൊ ?“
”വേണ്ടാ...ഞാനിതാ വരുന്നു.“
മാത്യൂസ് അമ്പരന്നു പോയിരുന്നു.
12:30
മാത്യൂസ് സ്റ്റേഷനിലെത്തിയപ്പോൾ ബെന്നിയും കൂടൊരാളും സ്റ്റേഷൻ വളപ്പിൽ ഒരു പ്ലാവിന്റെ ചുവട്ടിൽ സംസാരിച്ചു നില്ക്കുന്നതാണ് കണ്ടത്.
“ബെന്നി... അകത്തേക്കിരിക്കാം. വരൂ.” മാത്യു വിളിച്ചു.
രണ്ടാളും തിടുക്കത്തിൽ നടന്ന് മാത്യൂസിനരികിലെത്തി.
“എന്താ പ്രശ്നം സാറേ ?” കൂടെ നിന്നിരുന്ന വെള്ള ജുബ്ബ ധരിച്ചയാൾ ചോദിച്ചു.
“ഇയാടെ വക്കീലാ ?”
“അല്ല സാറേ, ഞാൻ പാസ്റ്റർ പീ കേ അബ്രഹാം. ബെന്നി എന്റെ ചർച്ചിലെ ഒരു വിശ്വാസിയാണ്.”
“അതെയാ...അപ്പോ പാസ്റ്റർ ഇവിടെ നിക്ക്. നീ അകത്തോട്ട് നടക്ക്.. ” മാത്യു ബലത്തിൽ ബെന്നിയെ പിടിച്ച് അകത്തേക്ക് തള്ളി.
“സാറേ ഞാൻ ഓടുവൊന്നുമില്ല. സംസാരിക്കാൻ തന്നെയാ വന്നത്. എന്താ കേസെന്നു പറ ?”
മാത്യൂസ് ആകെ ചിന്താകുഴപ്പത്തിലായിരുന്നു.
ഇതിപ്പൊ ഇവൻ തന്നെ ഇങ്ങോട്ട് വന്നു കീഴടങ്ങിയപ്പോ ആകെ കൺഫ്യൂഷനായി.
“ഇന്നലെ രാത്രി ഒൻപതിനും പത്തിനുമിടക്ക് നീ എവിടാരുന്നു ?”
ബെന്നി ഒരല്പ്പം ആലോചിച്ചു. “ഞാൻ പള്ളിയിൽ...കൊയർ പ്രാക്റ്റീസിലായിരുന്നല്ലോ. ഇന്നലെ രാത്രി 12 വരെ.”
“നീ..!! കൊയറിൽ ? എന്തുവാടേ ? ആരെയാ നീ ഈ മൂഞ്ചിക്കാൻ നോക്കുന്നെ ?”
“സാർ...” ബെന്നി പുഞ്ചിരിച്ചു. “ഞാനൊരു പുതിയ സൃഷ്ടിയാണ് സർ. ഒരു വർഷവും 3 മാസവുമായി ഞാൻ രക്ഷിക്കപ്പെട്ടിട്ട്.”
“ഓഹോ...ആരാ നിന്നെ രക്ഷിച്ചെ ?”
“സർ കേസെന്താന്നു പറ. പഴയതു വല്ലതും കുത്തിപ്പൊക്കുവാണോ ? അതോ പുതിയതു വല്ലതും ?”
“രക്ഷിക്കപ്പെട്ടില്ലേ ? പിന്നെ നിനക്കിനി കേസുണ്ടാകുന്നതെങ്ങനെ ?”
“സാറെന്തോ മനസ്സിൽ വെച്ചു സംസാരിക്കുവാ. കാര്യം പറ സാറെ. രണ്ടാൾക്കും സമയം ലാഭിക്കാം.”
“നിനക്ക് നീനയെ അറിയാമോ ?”
“നീന...” ബെന്നി കുറച്ചു നേരം ആലോചിച്ചു. “ആ മിലിട്ടറീടെ മോളാണോ ?”
“അതേ...അല്ലാതെ നിനക്കെത്ര നീനയെ അറിയാം ?”
“നീന എന്റെ കൂടെ പഠിച്ചതാ സാർ. ഇന്നലെ കൂടി കൂടി കണ്ടതാ. ഞാൻ അവ്ളുടെ വീട്ടിൽ പോയിരുന്നു. അല്ല - സാറിന്നലെ വന്നപ്പളല്ലേ ഞാനവിടെ നിന്ന്...”
“എന്തിന് ?”
“അതൊരു കഥയാ സർ. ആ കൊച്ചിന്റെ അപ്പൻ ആ മിലിട്ടറി അയാൾടെ ഒരു വണ്ടി എന്റെ ഷോപ്പിൽ കൊണ്ടെ വെച്ചിട്ട് പോയതാ. അഞ്ചാറു മാസമായി. ആളുമില്ല കാശുമില്ല. ഞാൻ കുറേ അന്വേഷിച്ചു. അവസാനം വീട് മനസ്സിലായത് ഇന്നലെയാ. അവടെ ചെന്നപ്പളാ മനസ്സിലാകുന്നെ നീനേടെ വീടാന്ന്. അപ്പൻ മരിച്ചു പോയെന്നു പറഞ്ഞു.അത്രേയുള്ളൂ. ഞാൻ അവിടുന്നു പോന്നു.“
”നീന പറഞ്ഞത് അങ്ങനെയല്ലല്ലോ.“
”പിന്നെ ?“
”നീ അവളെ പ്രൊപൊസ് ചെയ്തില്ലേടാ ?“
”അയ്യോ! പ്രൊപോസൊന്നും അല്ല സർ.ഞാൻ എനിക്ക് നീനയെ കോളേജീ പഠിക്കുമ്പളേ ഇഷ്ടമായിരുന്നു എന്നു പറഞ്ഞു. നീനക്കു താല്പര്യമാണെങ്കി ഞാനിനിയും റെഡിയാണെന്നു പറഞ്ഞു കല്യാണത്തിന്. അപ്പൊ അവളെനിക്ക് ഒരു കല്യാണക്കുറി എടുത്തു തന്നു. “ ബെന്നി പുഞ്ചിരിച്ചു. ”ഞാൻ ചുമ്മാ തമാശക്കു ചോദിച്ചതല്ലേ സർ. അല്ലാതെ നീനയെപ്പോലൊരു പെണ്ണ് എന്നെയൊക്കെ കെട്ടാൻ സമ്മതിക്കുമോ ? എന്നിട്ടിപ്പൊ എന്താ ഉണ്ടായത് ? അവൾ കമ്പ്ലൈന്റ് ചെയ്തോ ?“
“ഇതുവരെ അവൾ കമ്പ്ലെയിന്റ് ചെയ്തില്ല. അടുത്തു തന്നെ ചെയ്യും. എന്നിട്ട് വേണം എനിക്ക് നിന്നെ ഒന്നു വിശദമായി കാണാൻ.“ മാത്യൂസ് പല്ലു ഞെരിച്ചു.
“സാർ... എനിക്കൊന്നും മനസ്സിലാകുന്നില്ല. വന്നപ്പൊ തൊടങ്ങി സാറെന്തോ കൊള്ളിച്ച് പറയുന്നു. വ്യക്തമായി പറഞ്ഞിരുന്നെങ്കിൽ ... ”
“വ്യക്തമാക്കിത്തരാടാ...നിന്റെ ആ ജീപ്പെവടെ ? നിനക്കൊരു ബ്ലാക്ക് ജീപ്പില്ലേ ? അതെവിടെ ?”
“ഏത് ജീപ്പ് ? സാറെന്താ ഈ പറയുന്നേ ? എനിക്കാകെ ഉള്ളത് ഒരു വാഗൺ ആർ ആണ്. അതാണെങ്കി ഞാൻ മുഴുവൻ സമയവും ചർച്ചിന് വിട്ടുകൊടുത്തിരിക്കുവാ. സാറിനെന്തെങ്കിലും എന്റെ തലേട്ടു വെച്ചു കെട്ടാനാണെങ്കി ആയിക്കോ സാറേ. പണ്ടു തൊട്ടേ ശീലമാ എനിക്ക്. ഞാൻ സ്വപ്നത്തിൽ അറിയാത്ത കാര്യങ്ങളാ എനിക്ക് വെച്ചു തരാറ്.”
“ഈ ജീപ്പ് നിന്റെയല്ലേടാ ?” മാത്യൂസ് തന്റെ ഫോണിൽ ഒരു സീ സീ ടീ വി ദ്രശ്യം തുറന്നു.
“ഇന്നലെ രാത്രി ഒൻപതരക്ക് ------- ജങ്ങ്ഷനിൽ... ഇത് നിന്റെ വണ്ടിയല്ലേടാ ?”
ബെന്നിയുടെ മുഖം ഇരുണ്ടു.
“ഇതെന്റെ വണ്ടിയല്ല സാറേ. പക്ഷേ ഈ വണ്ടി എനിക്കറിയാം.”
(തുടരും)

Alex John, Biju V

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot