നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാഗം 2 സാന്ദ്രം

ഭാഗം 2 സാന്ദ്രം
നീന വീണ്ടും കണ്ണു തുറന്നു.
ഇതെന്തു പറ്റി ? എവിടെപ്പോയി ആ തടാകം ?
താഴെ ഒരു ബെഡിൽ ഒരു പെൺകുട്ടി കിടക്കുന്നതു കണ്ടു അവൾ. വെള്ള തൂവൽ കൊണ്ടുണ്ടാക്കിയ ഒരു ബെഡിൽ.
അവൾ ചുറ്റും കണ്ണോടിച്ചു.
ബെഡ് മാത്രമല്ല, ആ മുറിയാകെ നല്ല തൂവെള്ള നിറത്തിൽ പ്രകാശ പൂരിതമായിരുന്നു.
നീന ചുറ്റും നോക്കി.
താനിപ്പൊ അന്തരീക്ഷത്തിൽ ഉയർന്നു നില്ക്കുകയാണ്.
പക്ഷേ അതൊന്നും അവളെ അല്ഭുതപ്പെടുത്തിയില്ല.
ആരാണാ ബെഡിൽ കിടക്കുന്നതെന്നറിയാനുള്ള കൗതുകമായിരുന്നു കൂടുതൽ.
അവൾ പതിയെ താഴേക്ക് ഒഴുകിയിറങ്ങി.
ബെഡിനരികിലെത്തിയ അവൾ അല്പ്പ നേരം ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി നിന്നു... ചുണ്ടുകൾ വിതുംബി.
തന്റെ ശരീരം തന്നെയാണാ കിടക്കുന്നത്!!
“മരിച്ചു പോയോ ദൈവമേ ഞാൻ ??”
ബെഡിൽ കിടക്കുന്ന നീനയുടെ ശരീരം ഒരു മാലാഖയേപ്പോലെ തോന്നിച്ചു. ആ തൂവൽ കിടക്ക അവളുടെ ശരീരത്തിൽ നിന്നുള്ള പ്രകാശത്തിൽ കുതിർന്നിരുന്നു.
“വേണ്ടാ...” അവൾ കണ്ണുകൾ ഇറുക്കിയടച്ചു. “ഇതെനിക്കു കാണണ്ട...ആ മനോഹര തടാകമെവിടെ ? എന്റെ റോബിയെവിടെ ?? ”
പ്രതീക്ഷയോടെ വീണ്ടും കണ്ണുകൾ തുറന്ന അവൾ നിരാശയായി. വീണ്ടും അതേ മുറിയിൽ തന്നെ. പക്ഷേ ...
പതിയെ ഒരു വാതിൽ തുറന്നു.
മുൻപ് കണ്ട ആ വെളുത്ത ഡ്രസ്സിട്ട ഒരു നേഴ്സ് പെൺകുട്ടി തിടുക്കത്തിൽ ഓടി ആ ബെഡിനരികിലേക്കെത്തി. നീന അവളെ തിരിച്ചറിഞ്ഞു. നേരത്തെ ആ തടാകക്കരയിൽ...
“നീനാ...” അവൾ വിളിക്കുന്നു.
നീന തല ചെരിച്ച് നോക്കി. ആരാണിവൾ ?
ആ പെൺകുട്ടി ബെഡിൽ കിടക്കുന്ന നീനക്കരികിൽ... അവളുടെ മുഖത്തോട് മുഖം ചേർത്ത് വിങ്ങിപ്പൊട്ടി കരയുകയാണ്.
“നീനാ... നീ തിരിച്ചു പോണം... നിന്റെ സമയമായിട്ടില്ല...”
ഒടുവിൽ ആ പെൺകുട്ടി നിവർന്നു നിന്നപ്പോൾ നീന അവൾക്കഭിമുഖമായി താഴ്ന്നിറങ്ങി.
“കുട്ടിയേതാ ? എനിക്കു മനസ്സി...”അവളുടെ വാക്കുകൾ മുറിഞ്ഞു. ശബ്ദം പുറത്തേക്കു വരുന്നില്ല...
അപ്പോളാണവൾ നേഴ്സ് കുപ്പായത്തിനു മുകളിലായി ആ കുട്ടിയുടെ നെയിം ടാഗ് ശ്രദ്ധിച്ചത്.
“സാന്ദ്ര!”
************** ****************** ****************
കഥ തുടരുന്നു...
വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗം .
മൂന്നാം നിലയിൽ റൂം നമ്പർ പതിമൂന്നിൽ മരണത്തോട് മല്ലിട്ട് കിടക്കുകയായിരുന്നു കേണൽ ചെറിയാൻ.
ഓടിക്കിതച്ചെത്തിയ റോബിന് പക്ഷേ ആരെയും കാണാനായില്ല. ഐ സീ യൂ വിന്റെ വാതിലിലെ ആ ചെറിയ പാളിയിലൂടെ കേണൽ കിടക്കുന്നതു കാണാം. പക്ഷേ നീനയെവിടെ ?
“ആരാ ?” ഒരു ചോദ്യം കേട്ട് രണ്ടു പേരും തിരിഞ്ഞു.
“ഡോക്റ്റർ...ഞാൻ റോബി. കേണൽ സാറിന്റെ കുടുംബ സുഹൃത്താണ്. ഇതെന്റെ സുഹൃത്ത് മി. മാത്യൂസ്.”
“അഹാ...” ഡോക്ടറുടെ ഭാവം മാറി “എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ. ഈ മനുഷ്യൻ എന്താ ആകാശത്തൂന്ന് പൊട്ടി വീണതാണോ ?”
“എന്തു പറ്റി ഡോക്ടർ ?”
“അരോടു ചോദിച്ചാലും ഒന്നുമറിയില്ല. ഇങ്ങേരുടെ ഒരു മെഡിക്കൽ ഹിസ്റ്ററി കിട്ടിയിരുന്നെങ്കിൽ എന്തെങ്കിലും ഒരു മാർഗ്ഗമുണ്ടായേനേ. ഞങ്ങളിപ്പൊ ഇരുട്ടിൽ തപ്പുവാ. ഫുൾ ബ്ലഡ് ടെസ്റ്റ് ചെയ്തു. കൊളസ്റ്റ്രോളൊക്കെ കൂടുതലാ. പക്ഷേ അതൊക്കെ ഈ പ്രായത്തിൽ സാധാരണയല്ലേ. ഇങ്ങേരു വല്ല മരുന്നു കഴിക്കുന്നുണ്ടോ ... അതിന്റെ ഡോസെത്രയാ ... ആരാ പ്രിസ്ക്രൈബു ചെയ്തേ... ആർക്കും ഒരു വിവരവുമില്ല. കൂടെ വന്ന പെണ്ണുമ്പിള്ള തല കറങ്ങി വീണ് അതിനെ താഴെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ആ പെൺകൊച്ച് - നീന - അതിനാണെങ്കി കരയാൻ മാത്രേ അറിയൂ. എന്തു ചോദിച്ചാലും ഇരുന്നു മോങ്ങിക്കൊണ്ടിരുന്നാ ഞങ്ങൾ എന്തിട്ടു ചികിൽസിക്കും ? സെക്കൻഡു വെച്ച് വഷളായിക്കൊണ്ടിരിക്കുവാ കേണൽ...“
“ഡോക്ടർ കുറച്ചു കൂടി മയത്തിൽ സംസാരിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു... ” മാത്യൂസ് ഇടപെട്ടു
“പിന്നെ ദേഷ്യം വരില്ലേ സുഹൃത്തേ! എനിക്കിയാളെ രക്ഷിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്. പക്ഷേ ഞാൻ എവിടുന്ന് തുടങ്ങും ? ഒരു ഇയാളൊരു പട്ടാളക്കാരനല്ലേ, മെഡിക്കൽ ഹിസ്റ്ററി എന്തായാലും കാണുമല്ലോ.”
”അതിപ്പോ ഡോക്റ്റർ... മിലിട്ടറി ഹോസ്പിറ്റലിലായിരിക്കും മുൻപ് ചികിൽസിച്ചിട്ടുണ്ടാകുക. പെട്ടെന്നൊക്കെ ഒരു ഹിസ്റ്ററി കിട്ടാൻ എളുപ്പമാകില്ല. നീന എവിടെ ഡോക്ടർ...ഞാനൊന്നു സംസാരിക്കാം അവളോട്“ റോബി പറഞ്ഞു.
”നീന താഴത്തെ നിലയിലാണ്. അമ്മക്ക് പെട്ടെന്ന് പ്രഷർ കൂടി. അവരെ അഡ്മിറ്റ് ചെയ്തു. അവിടെ ചെന്നന്വേഷിച്ചാൽ റൂം നംബർ കിട്ടും.“
അപ്പോൾ ഐ സീ യൂ വിൽ നിന്നും ഒരു നേഴ്സ് തിടുക്കത്തിൽ പുറത്തേക്കോടിയിറങ്ങി ഡോക്ടറെ മാറ്റി നിർത്തി എന്തോ പറഞ്ഞു.
“പെശകാണല്ലോടാ ലക്ഷണം കണ്ടിട്ട്.” മാത്യൂസ് റോബിയുടെ ചെവിയിൽ പറഞ്ഞു.
“മിസ്റ്റർ റോബിൻ...” ഡോക്റ്റർ വർക്കടുത്തേക്കു വന്നു. “ടെക്നിക്കലി - കേണൽ മരിച്ചു പോയി കേട്ടോ. ഇപ്പൊ എല്ലാം മിഷ്യനിലാ. ഇനി പ്രതീക്ഷ വേണ്ട. ഹാർട്ടും കിഡ്നിയും ഒക്കെ പണി നിർത്തി.”
റോബി നിർവ്വികാരനായി അതു കേട്ടു നിന്നു.
“സിസ്റ്റർ - താഴെ പോയി നീനയെ കണ്ടു പിടിച്ച് ഒന്നിങ്ങോട്ട് വരാൻ പറയൂ. അമ്മ അറിയരുത്.” ഡോക്റ്റർ ആ സിസ്റ്ററെ പറഞ്ഞു വിട്ടു.
“ഒന്നു ചോദിക്കട്ടെ ഡോക്റ്റർ...” മാത്യൂസ് ഇടപെട്ടു. “ഡോക്ടരുടെ അഭിപ്രായത്തിൽ എന്താണ് മരണ കാരണം ?”
“ഇയാളെന്താ പോലീസു കാരുടെ മാതിരി ?” ഡോക്ടർക്ക് ചോദ്യം ഇഷ്ടപ്പെട്ടില്ല.
“ഓ.. സോറി. അതു പറയാൻ വിട്ടു. ഞാൻ മാത്യൂസ് തരകൻ. സ്ഥലം എസ് ഐ ആണ്.”
“ആഹാ... സർവ്വ സന്നാഹവുമായിട്ടാണല്ലോ. നിങ്ങളു കേണലിന്റെ ആരാന്നാ പറഞ്ഞേ ? ” ഡോക്റ്റർ റോബിക്കു നേരേ തിരിഞ്ഞു. “നിങ്ങൾക്കെന്താ വല്ല സംശയവുമുണ്ടോ ? ”
“സംശയത്തിന്റെയല്ല ഡോക്റ്റർ. ഞാൻ ഇത്തിരി മുൻപ് കണ്ട് സംസാരിച്ചിട്ട് പോന്നതേയുള്ളൂ. അപ്പൊഴൊന്നും യാതൊരു പ്രശ്നവും തോന്നിയില്ല.”
“ഹാർട്ട് അറ്റാക്ക് ആണെന്നേ ഞാൻ പറയൂ. അതിന്റെ എല്ലാ ലക്ഷണവുമുണ്ടായിരുന്നു. നെഞ്ചുവേദന, ശ്വാസതടസ്സം അങ്ങനെ എല്ലാം. പ്രായം - കൊളസ്ട്രോൾ ലെവൽ ഒക്കെ നോക്കിയാലും അതിനാണു സാധ്യത. ഇനിയിപ്പൊ പോലീസുകാരൊക്കെ ഇടപെട്ട സ്ഥിതിക്ക് അന്വേഷണം വേണമെങ്കിൽ അങ്ങനെ. എനിക്കൊരു തടസ്സവുമില്ല. ബോഡി പുറത്തേക്കിറക്കാം. മഹസ്സർ തയ്യാറാക്കിക്കോളൂ...“
മാത്യൂസ് റോബിയെ നോക്കി.
”എന്താടാ നിന്റെ അഭിപ്രായം ? വെറുതെ....പണിയാക്കണോ ? നീനയോട് ചോദിച്ചിട്ട് ചെയ്യാം. അല്ലേ ?“
റോബി മറുപടി ഒന്നും പറഞ്ഞില്ല. ആകെ ഷോക്കിലായിപ്പോയി അവൻ.
തന്നെ വല്ലാതെ വെറുത്തിരുന്ന ഒരു മനുഷ്യനായിരുന്നു. എന്നാലും മരിച്ച് പോയെന്നു കേൾക്കുമ്പോൾ ആരായാലും ഒന്നു പതറിപ്പോകും.
ആ സമയം, നീന സ്റ്റെപ്പുകൾ ഓടിക്കയറി വരുന്നതു കണ്ടു. അലറിക്കരഞ്ഞുകൊണ്ട് അവൾ വന്നപാടെ റോബിയുടെ മാറിലേക്കു വീണു.
റോബി അവളെ ചേർത്തു പിടിച്ചു. അവന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
”വേഗം തീരുമാനം പറയണം. ബോഡി പുറത്തേക്കിറക്കണം. “ ഡോക്റ്റർ റോബിയുടെ ചെവിയിൽ മന്ത്രിച്ച് താഴേക്കിറങ്ങിപ്പോയി.
”നീന...“ റോബി അവളെ തന്നിൽ നിന്നടർത്തി മാറ്റി. ” പപ്പക്ക് ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ ? ഹാർട്ടിന് എന്തെങ്കിലും തകരാറുള്ളതായിട്ട് മുൻപെപ്പൊഴെങ്കിലും...“
”എനിക്കൊന്നുമറിയില്ല റോബി... “ അവൾ ആകെ തളർന്നു പോയിരുന്നു.
”നീന... എന്തെങ്കിലും സംശയമുണ്ടെങ്കിൽ പറയൂ... പോലീസിനെ ഇടപെടുത്തണോ ? പോസ്റ്റ്മോർട്ടം വേണോ ? ഈ അവസ്ഥയിൽ ചോദിക്കാൻ പാടില്ലാത്തതാണ്. പക്ഷേ എനിക്കെന്റെ ജോലി ചെയ്തല്ലേ പറ്റൂ...“ മാത്യൂസ് നീനയെ നോക്കി.
“മത്തായി...വിട്ടേരെടാ. ” റോബിയാണത് പറഞ്ഞത്. “പോകാനുള്ളവരു പോയി. ഇനി ചികഞ്ഞോണ്ടിരുന്നിട്ടെന്തു കാര്യം. വെറുതേ ആ ബോഡി വെട്ടിക്കീറി ആ വിഷമോം കൂടി താങ്ങണോ ? ഡോക്ടറു പറഞ്ഞല്ലോ ഹാർട്ട് അറ്റാക്ക് ആണെന്ന്. നമുക്ക് ബാക്കിയുള്ള കാര്യങ്ങളു നോക്കാം. - നീന- അമ്മയുടെ അടുത്തേക്കു പൊയ്ക്കോ. ഇവിടത്തെ കാര്യങ്ങളൊക്കെ ഞങ്ങൾ നോക്കിക്കോളാം.”
“റോബി... എന്റെ പപ്പാ...” നീന കുഴഞ്ഞ് താഴേക്കിരുന്നു.
ഒരു സിസ്റ്റർ ഓടിയെത്തി അവളെ താങ്ങിയെഴുന്നേല്പ്പിച്ചു .
************* **************** ***************
ആറു മാസങ്ങൾക്കു ശേഷം.
ഇപ്രാവശ്യം ജോസച്ചനോടൊപ്പം റോബിനും മാത്യൂസും കുടുംബവും ഒന്നിച്ചാണ് നീനയുടെ വീട്ടിലെത്തിയത്.
“കേണൽ സാർ മരിച്ച് ഒരു വർഷം തികയുന്നതിനു മുൻപേ ഒരു കല്യാണാലോചന ശരിയല്ലെന്നറിയാം. പക്ഷേ നിങ്ങൾ ഒറ്റക്കാണല്ലോ എന്നോർത്താണ് എല്ലാം പെട്ടെന്നായ്ക്കോട്ടേ എന്ന് ഞങ്ങൾ കരുതിയത്.” ജോസച്ചൻ സംസാരം തുടങ്ങി. “നമുക്ക് അധികം ആഡംബരമൊന്നും വേണ്ട. രണ്ട് കൂട്ടർക്കും പറയത്തക്ക ബന്ധുക്കളൊന്നുമില്ലല്ലോ.”
“എല്ലാം അച്ചൻ തീരുമാനിച്ചാ മതി. അതിയാനുണ്ടായിരുന്നെങ്കി നിങ്ങളെ ഇപ്പൊ ഇവിടുന്നിറക്കി വിട്ടേനേ. അപ്പോ ഞാൻ അധികം അഭിപ്രായം പറയുന്നത് ശരിയല്ല. നീന എന്തായാലും ഇനി വേറൊരു കല്യാണത്തിനു സമ്മതിക്കില്ല. അപ്പോ ഇതു തന്നെ നടക്കട്ടെ. പക്ഷേ, കല്യാണം കഴിഞ്ഞാൽ റോബി ഇങ്ങോട്ട് പോരണം. എനിക്കത്രയേ പറയാനുള്ളൂ.”
“അമ്മ... ” റോബി പതിയെ എഴുന്നേറ്റ് മിസ്സിസ് അന്നമ്മയുടെ തോളിൽ കൈ വെച്ചു. “ അതൊന്നും പറയണ്ട ആവശ്യമേയില്ല. എനിക്കാകെ ഒരാഗ്രഹമേയുള്ളൂ. കല്യാണം നമുക്ക് സ്നേഹവീട്ടിൽ വെച്ചു നടത്തണം. എന്റെ എല്ലാരും ഉള്ളത് അവിടെയാ. അവിടത്തെ സിസ്റ്റർമാരും സഹോദരങ്ങളും മാത്രമേ ഉള്ളൂ എനിക്ക് ബന്ധുക്കളായിട്ട്. ”
അവർ വിതുംബിക്കൊണ്ട് റോബിയുടെ നെറ്റിയിൽ ചുംബിച്ചു. “നീനേടെ ഭാഗ്യാ മോനെ കിട്ടിയത്.”
“എന്നാ പിന്നെ, ബാക്കി കാര്യങ്ങൾ സംസാരിക്കാം.” മാത്യൂസ് ഒരു പേനയും പേപ്പറുമെടുത്തു. “ഡെയ്റ്റുകളൊക്കെ ഒരു തീരുമാനമായാൽ പിന്നെ കാര്യങ്ങൾ എളുപ്പമാ.”
റോബി നീനയെ നോക്കി പുഞ്ചിരിച്ചു.
എന്നാൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
തുടരും

Biju Vasudev / Alex John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot