നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചോരൻ

ചോരൻ
"ഹേയ് മിസ്റ്റർ നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ
എത്രയും പെട്ടെന്ന് സർജറിക്കുള്ള രണ്ടു ലക്ഷം രൂപ ഇന്നു തന്നെ അടച്ചാൽ കുട്ടിയെ ജീവനോടെ രക്ഷിക്കാം
എങ്ങനെയെങ്കിലും അത് അടയ്ക്കാൻ നോക്ക് അല്ലെങ്കിൽ.... "
ഇത്രയും പറഞ്ഞ് നിർത്തി തൊഴുത് പിടിച്ച് മുന്നിൽ നിന്നവനെ കടന്ന് ആ ഡോക്ടർ കോറിഡോറിലൂടെ നടന്നകലുന്ന ബൂട്ടിന്റെ ശബ്ദം കാതുകളിൽ നിന്നും അകന്നകന്ന് പോയി.
"എങ്ങനെയെങ്കിലും.... ചേട്ടാ... എങ്ങനെയെങ്കിലും....
നമ്മുടെ മുത്തിനെ രക്ഷിക്ക് ചേട്ടാ.... "
നെഞ്ചിൽ അമർന്നവളുടെ മുഖം... കൈകൾ
ഷർട്ടിൽ പിടിച്ചു പഴകി മുഷിഞ്ഞ അതിലെ ബട്ടൺസുകൾ പൊട്ടിച്ചു കൊണ്ട് താഴേക്കൂർന്നൊരു നിലവിളിയോടെ....
മകളുടെ ജീവന് വേണ്ടിയുള്ള അമ്മയുടെ കണ്ണുനീരിന്റെ ചൂട് അച്ഛന്റെ നെഞ്ചിന് താങ്ങാവുന്നതിനപ്പുറമായിരുന്നു.
ഗ്ലാസ് ഡോറിലൂടെ തന്റെ മകളെ അവസാനമായി കാണുമ്പോഴും
"അച്ഛാ.... " എന്നവളുടെ കുഞ്ഞു ചുണ്ടുകൾ അനങ്ങുന്നുണ്ടായിരുന്നു.
അവളുടെ ജീവന്റെ ചലനമെന്ന് കാട്ടിത്തന്ന മുകളിലേക്കും താഴേക്കുമായി കയറിയും ഇറങ്ങിയും ചലിച്ചുകൊണ്ടിരുന്ന കമ്പ്യൂട്ടർ സ്ക്രീനിൽ ആ നിമിഷം ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നതും കണ്ടു. "എങ്ങനെയെങ്കിലും...."
കാലിൽ കെട്ടിപ്പിടിച്ച് ഇരിക്കുന്നവളുടെ ശബ്ദം വിതുമ്പലോടെ നേർത്ത് നേർത്ത് ഇല്ലാതെയാകുന്നു.
"അതെ....എങ്ങനെയെങ്കിലും..."
ആ ചിന്തയാകാം ഏഴടിയേറെ പൊക്കമുള്ള ആ മതിലിനപ്പുറം ഇറങ്ങാൻ ഒരു പ്രയാസവുമുണ്ടായില്ല.
മുന്നിൽ കാണുന്ന വലിയ ഒരു നില ഓടിട്ട വീട് അതിന് മുന്നിലായി കിടക്കുന്ന വില കൂടിയ കാറുകളും വീടിന്റെ വലിപ്പവും പ്രൗഡിയുമൊക്കെ തന്റെ ആവശ്യം ഇവിടം കൊണ്ട് സാധ്യമാകുമെന്നുറപ്പിച്ചു.
ദൂരെ നിന്ന് ഒരു ബൈക്കിന്റെ ശബ്ദം വരുന്നുണ്ട്
മതിലിനരികിലെ പഴയകാല കിണറിന് പുറകിലേക്കൊളിക്കുമ്പോൾ ചിന്തിച്ചു
"ഈ രാത്രി ആരാണാവോ ഈ നേരത്ത്..."
വൃക്ഷങ്ങളിലെ ഇലകൾ പോലും ഒരു ചലനമില്ലാതെ ഉറങ്ങുന്ന ഈ സമയം
രാത്രി സഞ്ചാരി മൂങ്ങകൾ പോലും തന്റെ ശബ്ദം നിർത്തിയ നിശബ്ദതയെ മുറിച്ച് കൊണ്ട് ബൈക്കിന്റെ ശബ്ദം ആ വീടിന്റെ ഗേറ്റിനരികിലായി വന്നു നിന്നു.
കിണറിന് പുറകിൽ നിന്ന് പതിയെ തല ഉയർത്തി നോക്കുമ്പോൾ രണ്ടു പേർ ഗേറ്റിൽ പിടിച്ച് അകത്തേക്ക് നോക്കി നിൽക്കുകയാണ്.
അവർ തമ്മിൽ ചെവിയിൽ എന്തൊക്കെയോ പറയുകയാണെന്ന് നിഴൽ രൂപങ്ങളിലൂടെ മനസ്സിലാക്കി.
തല പുറകിലേക്ക് വലിച്ച് ശ്വാസം പിടിച്ച് മിണ്ടാതെ ഇരുന്നു.
ബൈക്ക് വീണ്ടും സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടിട്ടും പിന്നെ അങ്ങോട്ട് നോക്കിയില്ല. ബൈക്കിന്റെ ശബ്ദം പതിയെ അകന്നകന്ന് ഇല്ലാതായി
വീണ്ടും നിശബ്ദത പതിയെ അവിടേക്ക് നോക്കി.
ഗേറ്റിൽ നിന്നും ചുവന്ന നിറത്തിൽ ഭംഗിയായി വീടിന് മുൻപിൽ വരെ പാകിയിരിക്കുന്ന ഇന്റർലോക്ക്
അതിന് ഇരുവശങ്ങളിലും തറയിൽ വച്ചു പിടിപ്പിച്ചിരിക്കുന്ന പച്ച പുൽത്തകിടിയ്ക്ക് അരികിലായി അവിടെ പൂത്തു നിൽക്കുന്ന കണിക്കൊന്നയിൽ നിന്നും അവിടവിടെയായി വീണു കിടക്കുന്ന കണിക്കൊന്നയുടെ ഇലകളും വാടിയ മഞ്ഞപ്പൂക്കളും
അതിനിടയിൽ രണ്ടു ദിനപത്രങ്ങളും മാസികകളും കൂടെ കണ്ടപ്പോൾ
വീടിനുള്ളിൽ ആരും കാണില്ല എന്നൊരു ആശ്വാസമായി.
പക്ഷേ മുന്നിലെ റോഡും കുറച്ചകലെ ആണെങ്കിലും അടുത്ത വീട്ടിലുള്ളവർ.
"ഇന്നെന്താ ഇത്രയും നിലാവ് ഇവിടെ..
വീടിന്റെ വാതിലിനടുത്തേക്ക് എത്തണമല്ലോ." ആകാശത്തേക്ക് നോക്കി
അർദ്ധവൃത്തമായ ചന്ദ്രന് കൂട്ടെന്നപോൽ മൂന്നു നക്ഷത്രങ്ങൾ അടുത്തായി നിരനിരയായി നിൽക്കുന്നുണ്ട്.
കുറച്ച് മാറി കൂടുതൽ പ്രകാശത്തോടെ കൺച്ചിമ്മി കാണിച്ചു കൊണ്ടിരുന്ന ഒരു നക്ഷത്രം പെട്ടെന്ന് മറഞ്ഞു.
ഒഴുകി വന്ന കുറച്ച് മേഘങ്ങൾ മറച്ചതായിരുന്നതിനെ.
ഇനി ആ മേഘങ്ങൾ
ചന്ദ്രനടുത്തേക്കാണ് വരുന്നത്.
മനസ്സിലെ പദ്ധതികൾ തയ്യാറായി മുകളിലേക്ക് നോക്കി തന്നെ നിന്നു
പതിയെ പതിയെ ആ മേഘങ്ങൾ വന്ന് ചന്ദ്രനെ മറയ്ക്കുന്നു.
മുന്നിലെ കാഴ്ച്ചകൾ മറച്ച് കൊണ്ട് കൊന്നപ്പൂക്കളും ഇലകളുമൊക്കെ ഇരുട്ട് മൂടിയ സമയം
വീടിന്റെ വാതിൽ ലക്ഷ്യമാക്കി ഓടി എങ്ങനെയെങ്കിലും....
മനസ്സിലെ ചിന്ത കൊണ്ടാണോ ആ വാതിൽ തുറക്കാൻ പ്രയാസമുണ്ടായില്ല.
അതൊ ഈ വാതിൽ തുറന്ന് വച്ചിരിക്കുവായിരുന്നോ
എന്ന് ചിന്തിക്കുവാനുള്ള മനസ്സ് അപ്പോൾ ഉണ്ടായിരുന്നിരിക്കില്ല അല്ലായിരുന്നേൽ.... അകത്ത് കയറി വാതിൽ പതിയെ ചേർത്തടക്കുമ്പോൾ പുറത്തെ കാഴ്ചയിൽ ചന്ദ്രന്റെ നിലാവ് വീണ്ടും തെളിഞ്ഞിരുന്നു.
വാതിൽ പാളി അടച്ചപ്പോഴുണ്ടായ ചെറിയ ശബ്ദം കേട്ട് പേടിയോടെ തറയിലേക്കൂർന്ന് ഇരുന്നു.
കുറച്ച് സമയം കാതോർത്തു...
ഇല്ല....മറുപടിയായി ഒരു ശബ്ദവും കേൾക്കാനില്ല.
തറയിലൂടെ ഇഴഞ്ഞുതന്നെ നടുത്തളത്തിലെ വലിയ മുറിയിലേക്കെത്തി
മുകളിൽ നല്ല വേഗതയിൽ ഫാൻ കറങ്ങുന്നുണ്ട്.
"ഇനി ഇവിടെ ആരെങ്കിലും ഉണ്ടാകുമോ..." ഫാനിന്റെ കാറ്റിലൂടെ മറ്റെന്താ ശബ്ദമെന്ന് ശ്രദ്ധിച്ചപ്പോഴാണ്
കുറ്റാ കൂരിരിട്ടിലും കണ്ണൊന്നു പഴകി കാഴ്ചതെളിഞ്ഞു
മുന്നിലെ ചെറിയ മേശമേൽ ഇരിയ്ക്കുന്ന ഒരു പുസ്തകം
അതിലെ കടലാസ്സുകൾ കാറ്റിലിളകുന്നതാണ്. തറയിലൂടെ പിന്നെയും മുന്നോട്ട് ഇഴഞ്ഞപ്പോൾ കൈയിൽ എന്തോ തടഞ്ഞു
ഒരു പേന....
അതെടുത്ത് മുകളിലെ മേശമേലുള്ള ബുക്കിന്റെ തുറന്നിരിക്കുന്ന കടലാസ്സിലേക്ക് വച്ചപ്പോൾ ആ ശബ്ദം നിന്നു.
എങ്കിലും അവസാന ജീവന്റെ പിടപ്പ് എന്നതുപോലെ ഒന്നു രണ്ടു വട്ടം കൂടെ അത് ഒന്നു അനങ്ങിയിട്ട് നിശബ്ദമായി.
എന്തോ എഴുതി കൂട്ടിയിരിക്കുന്നുണ്ടതിൽ
ആ പേന തറയിൽ വീണതാവാം..
നേരെ മുന്നിൽ കാണുന്ന മുറിയുടേതെന്ന് തോന്നിയ വാതിലിന് നേരെ ഇഴഞ്ഞുതന്നെ നീങ്ങി.
വാതിൽ പാളി പതിയെ ഒന്നു തള്ളി നോക്കി അതു തുറക്കുന്നുണ്ട്...
പൂട്ടിയിട്ടില്ല....
പക്ഷേ... വാതിൽ അൽപ്പം തുറന്നപ്പോൾ അതിനകത്ത് നിന്നും കൊടും തണുപ്പ് പുറത്തേക്ക് വന്ന് ശരീരം മൂടി
തണുപ്പിനാൽ രോമങ്ങൾ എഴുന്നേറ്റു. മുറിയുടെ അകത്ത് നിന്ന് ഒരു മൂളൽ ശബ്ദമുണ്ട്
Ac ഓൺ ആയി കിടക്കുന്നതാണ് "ആരെങ്കിലും ഉണ്ടാകുമോ ഇതിനകത്ത്..."
ഇഴഞ്ഞിഴഞ്ഞ് അകത്തേയ്ക്ക് കയറി തറയിലൂടെയല്ല ഐസിന് മുകളിലൂടെയാണ് ഇഴയുന്നത് എന്ന തോന്നലിനോളം തണുപ്പുണ്ട്.
പതിയെ തല ഉയർത്തുമ്പോൾ അരികിലായുള്ള ഒരു
കട്ടിലിന് തലയ്ക്കലായി ഒരു വലിയ അലമാരയുടെ മുന്നിലെത്തി.
ആ മുറിയ്ക്കുള്ളിലെ ഇരുട്ടിനെ വകഞ്ഞു മാറ്റാൻ Ac മെഷീനിലെ പച്ചവെളിച്ചം ധാരാളമായിരുന്നു.
പഴയകാല തടി അലമാരയാണ്
അതു തുറക്കുവാൻ ഒരു ശ്രമം നടത്തി സാധിക്കുന്നില്ല.
ആരുടെയോ ശ്വാസ്വാചഛ്വാസത്തിന്റെ ശബ്ദം പെട്ടെന്ന് കേട്ടപ്പോൾ
കട്ടിലിൽ ആരോ ഉറങ്ങുന്നുണ്ട് എന്ന ചിന്തയാൽ ആ ശ്രമം നിർത്തി. "എങ്ങനെയെങ്കിലും ഇത് തുറക്കണമല്ലോ..."
കട്ടിലിൽ ആരോ ഉറങ്ങുന്നുണ്ട്
അപ്പോൾ തീർച്ചയായും താക്കോൽ തലയിണക്കീഴിൽ ഉണ്ടാകും
തല ഉയർത്തി പതിയെ കട്ടിലിലേക്ക് നോക്കി സുന്ദരിയായ ഒരു സ്ത്രീ മാലാഖയെ പോലെയുള്ള ഒരു പെൺകുട്ടിയേയും ചേർത്തു പിടിച്ച് ഉറങ്ങുന്നുണ്ട്.
തന്റെ മകളുടെ പ്രായം വരുമായിരിക്കും ആ കുട്ടിയ്ക്കും
നേരിയ പ്രകാശത്തിലും ആ സ്ത്രീയുടെ ഉറങ്ങുന്ന സൗന്ദര്യത്തിലേക്ക് കണ്ണുകൾ പോയപ്പോൾ
Ac യുടെ നേരിയ കാറ്റ് കൃത്യമായി ആ മുഖത്തേക്ക് തന്നെയാണ് വീശുന്നത്
അതിൽ ആ മുടിയിഴകൾ പാറിക്കളിക്കുകയാണ് കണ്ണുകളടച്ച് ശാന്തമായി എന്തോ സ്വപനം കണ്ടു പുഞ്ചിരിച്ച് ഉറങ്ങുന്ന മുഖം.
കൊത്തിവച്ച ശില്പം പോലെ ചരിഞ്ഞു കിടക്കുന്നവളുടെ ശരീരത്തിന്റെ നിഴൽ പോലെ കാണുന്ന അംഗലാവണ്യങ്ങൾ
ഒരു പുരുഷന്റെ ചിന്തയിൽ വിഷം നിറയ്ക്കുവാനോളം പോന്നതായിരുന്നത്.
പക്ഷേ അവളോട് ചേർന്ന് അരികിലുറങ്ങുന്ന കുഞ്ഞിന്റെ കണ്ണുകൾ പകുതി തുറന്നിരിക്കുന്നുണ്ട് "തന്നെ കണ്ടു കാണുമോ....
തന്നെ നോക്കുന്നതാകുമോ.....
ഏയ് അല്ല....തന്റെ മകളും അരക്കണ്ണിലാണല്ലോ ഉറങ്ങുന്നത്...
എന്നും ഞാനും അവളും അത് നോക്കി ഇരിക്കുന്നതല്ലേ..... "
ആ ഓർമ്മകൾ മതിയായിരുന്നു മറ്റു ചിന്തകളിലേക്കൊന്നും പോകാതെ കൈകൾ തലയിണക്കീഴിലേക്ക് പരതുമ്പോൾ....
അകലെ ആശുപത്രി മുറിയിലെ കിടക്കയിലെ കുഞ്ഞു ചുണ്ടുകൾ "അച്ഛാ.... "എന്നു ശബ്ദിച്ചത്
ആ ശരീരം ഒന്നു പിടച്ചു നിശ്ചലമായപ്പോൾ
പകുതി തുറന്ന് ഉറങ്ങിയിരുന്ന ആ കണ്ണുകളും പൂർണ്ണമായടഞ്ഞിരുന്നു.
തുറന്ന അലമാരയ്ക്കുള്ളിലെ താഴത്തെ തട്ടിൽ നിറയെ അടുക്കി വച്ചിരിക്കുന്ന നോട്ടുക്കെട്ടുകൾ സ്വർണ്ണാഭരണങ്ങൾ
തറയിൽ നിന്ന് എഴുന്നേൽക്കേണ്ടി വന്നില്ല
നിലത്ത് കിടന്ന് കൊണ്ട് തന്നെ അതിൽ നിന്നും തനിക്ക് തികയും എന്ന് തോന്നിയ രണ്ട് ചെറിയ കെട്ടുകൾ എടുത്ത് അരയിൽ തിരുകി
തറയിലൂടെ ഇഴഞ്ഞ് തന്നെ കട്ടിലിനടുത്തെത്തി താക്കോൽ തലയിണക്കീഴിലേക്ക് വച്ചു കുറച്ച് നേരം നിശ്ചലനായി കിടന്നു.
Ac യുടെ മൂളൽ ശബ്ദത്തോടൊപ്പം പുറത്ത് മഴ ആരംഭിക്കുവാനുള്ള തയ്യാറെടുപ്പാണെന്ന് മനസ്സിലായി
വീടിന് മുകളിൽ മഴ തുള്ളികൾ ചെറുതായി പതിച്ച് തുടങ്ങിയിരിക്കുന്നു.
എത്രയും പെട്ടെന്ന് ഇനി ആശുപത്രിയിലെത്തണം പൈസ അടയ്ക്കണം
നിലത്ത് കിടന്ന് മരവിച്ചു ശരീരം.
ഇത്രയും തണുപ്പിൽ ഇവർ എങ്ങനെ കിടന്നുറങ്ങുന്നു.
ഇനി ഇഴഞ്ഞ് പോകാൻ ഒന്നും സമയം കളയാൻ വയ്യ
തലയിലേക്ക് മഴത്തുള്ളികൾ വീണത് പോലെ തോന്നി കൈ കൊണ്ട് തുടച്ചു
"വീട് ചോർന്നൊലിക്കുവാണോ.... "
നനഞ്ഞ കൈകൾ മുക്കിലേക്കടുപ്പിച്ചപ്പോൾ വല്ലാത്തൊരു ദുർഗന്ധം
ഇനി സമയമില്ല എഴുന്നേറ്റ് പൊയ്ക്കളയാം
മഴ ഉറയ്ക്കുന്നുണ്ട്
നിലത്ത് നിന്ന് പെട്ടെന്ന് എഴുന്നേറ്റതും
ഇരു തോളിലും ആരോ ചവിട്ടി
കാൽ തെറ്റി കട്ടിലിൽ കിടന്നവളുടെ ദേഹത്തേക്ക് വീണു...
പെട്ടെന്നുണ്ടായ മിന്നൽ വെളിച്ചത്തിൽ കണ്ടു
കൺ മുന്നിലായി മുകളിൽ തൂങ്ങിയാടുന്ന രണ്ട് കാൽപാദങ്ങൾ.
മിന്നലിന് അകമ്പടിയായി വന്ന ശബ്ദം നെഞ്ചിനുള്ളിലൂടെയാണോ കടന്ന് പോയത്. ശരീരത്തിലേക്ക് ചെന്ന് വീണിട്ടും ഇവൾ എന്താ ഉണരാത്തത്.
ഇവളുടെ മുഖം കണ്ണുനീരൊണങ്ങിപ്പിടിച്ച കവിളുകളും
തുറന്ന വായിലെ പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചോരയും
പുറത്തേക്ക് തുറിച്ച കണ്ണുകളും
മിന്നൽ വീണ്ടും കാട്ടിത്തന്നു.
കുറച്ചു മുൻപെ കണ്ടതായി തോന്നിയതെല്ലാം വെറും ഭ്രമമായിരുന്നുവോ...
അതുവരെ ഇല്ലാതിരുന്ന ഒരു രൂക്ഷമായ ദുർഗന്ധം മൂക്കിനുള്ളിലേക്ക് തുളച്ച് കയറുന്നുണ്ട്.
തലയിലും മുഖത്തുമൊക്കെ ചോണനുറുമ്പുകൾ അരിക്കും പോലെ എന്തൊക്കെയോ ഇഴയുന്നു. മുന്നിലാടുന്ന കാൽ വിരൽ തുമ്പുകളിൽ നിന്നും നിലത്തെന്തോ നിറമാർന്ന നീരിലേക്ക് തുള്ളി തുള്ളിയായി വീഴുന്ന ശബ്ദം.
പുറത്തേക്കിറങ്ങി ഓടാൻ വെമ്പുമ്പോഴും കാലുകൾ ചലിക്കുന്നില്ലലോ
എങ്ങനെയും രക്ഷപ്പെടണം....
വാതിൽ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴാണ് ''അച്ഛാ....അച്ഛാ.... "എന്ന പിൻവിളി
ഒരു ദുർബല ശബ്ദമായി കാതുകളിലേക്കെത്തിയത് ഇതും തോന്നലായിരിക്കുമോ...
തിരിഞ്ഞു നിന്നു...
കട്ടിലിൽ മാലാഖയെ പോലുറങ്ങുന്ന കുഞ്ഞു ചുണ്ടുകളിൽ നിന്നാണാ ശബ്ദം
തോന്നലല്ല.... എന്തോ ഒരു ധൈര്യത്തിൽ വീണ്ടും അടുത്തേയ്ക്ക് ചെന്നു.
ശരിയാണ് ആ കുഞ്ഞു ചുണ്ടുകൾ വിതുമ്പുന്നുണ്ട് "അച്ഛാ....വേണ്ട...അച്ഛാ...
അമ്മേ....അമ്മേ...."
അര കണ്ണടച്ച് ഉറങ്ങിയിരുന്ന ആ മിഴികൾ പൂർണ്ണമായും അടയാൻ തുടങ്ങുന്നത് പോലെ... കോരിച്ചൊരിയുന്ന മഴയും നനഞ്ഞ് കൊണ്ട് അതൊന്നും വകവയ്ക്കാതെ തോളിലൊരു മാലാഖയുമായി ഓടുകയാണ് രണ്ട് കാലുകൾ അടുത്ത ആശുപത്രിയും ലക്ഷ്യമാക്കി...
ആ കാലുകൾക്ക് ഇത്രയും ശക്തി എവിടെന്ന് വന്നുവെന്നറിയാതെ...
തളരാതെ വേഗതയിൽ അത് ഓടിക്കൊണ്ടേയിരുന്നു......
ജെ......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot