പരിപ്പ് മുറിക്കുന്ന കത്തി....
...........
...........
(ഈ കഥയിലെ കഥാപാത്രവുമായി ആർക്കെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ എന്നെ അന്വേഷിക്കരുത്...ഞാൻ നാട്ടുവിട്ടു..)
നാട്ടിലെ ഒരു പഴയ കല്ല്യാണവീട്..പഴയതെന്ന് പറയാൻ കാരണമുണ്ട്.. ഇന്ന് കല്ല്യാണങ്ങളൊക്കെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നത് കൊണ്ട് പഴയകാല കല്ല്യാണ തലേന്ന് പോലെയുള്ള കലാപരിപാടികൾ ഇന്നത്തെ തലമുറയ്ക്ക് കാണാനുള്ള ഭാഗ്യം ഇല്ലാതായില്ലേ...
അന്നത്തെ കല്ല്യാണ ദിവസം മുഹുർത്ത സമയത്ത് ചെന്നില്ലെങ്കിലും ആർക്കും പരിഭവം കാണില്ല..പക്ഷെ തലേന്ന് ചെന്നില്ലെങ്കിൽ പരിഭവമായിരിക്കും...അതൊരു നഷ്ടവുമായിരിക്കും..പെൺകുട്ടിയുടെ കല്ല്യാണമാണെങ്കിൽ തലേ ദിവസമായിരിക്കും വീട്ടുക്കാരെ മുഴുവനും കാണാൻ സാധിക്കുക..അന്നേ ദിവസം ഒരു ആഘോഷം തന്നെയാണ്..
കല്ല്യാണ ദിവസത്തേക്ക് വേണ്ടുന്ന സദ്യവട്ടം തയ്യാറാക്കാൻ ഒരു കൂട്ടർ പച്ചക്കറികൾ അരിയുന്നു...സ്ത്രീ ജനങ്ങൾ അമ്മികല്ലിൽ അരവുകൾ അരയ്ക്കുന്നു.....(ഇന്നത്തെപ്പോലെ ഗ്രൈൻ്ററും മിക്സിയും ഒന്നും അന്ന് ഇല്ലായിരുന്നു.. ചുറ്റുവട്ടങ്ങളിലെ വീടുകളിലുള്ള അമ്മികളും കുട്ടികളും ചിരവകളും ഉരലുകളുമെല്ലാം കല്ല്യാണ വീട്ടിൽ എത്തിയിട്ടുണ്ടാവും..പ്രഥമനാണെങ്കിൽ രണ്ടു ദിവസം മുന്നേ തന്നെ ചെറുപയർ വറുത്ത് പൊടിക്കാൻ സ്ത്രീകൾ എത്തിയിട്ടുണ്ടാകും..ഇല മുറിക്കാൻ പോലും ഒരു പ്രത്യേക സമയമുണ്ട്..അത് മുറിച്ചു കെട്ടുകളായി കല്ല്യാണ വീട്ടിൽ എത്തിക്കേണ്ട ചുമതല ഞങ്ങൾ പിള്ളേരുടെതാണ്..ഒരിക്കലും കല്ല്യാണ വീട്ടിലെ ആൾക്കാർ ഇതൊന്നും ആവശ്യപ്പെടാറില്ല..അതൊക്കെ നാട്ടുകാരുടെ ഉത്തരവാദിത്വമാണ്..അതായിരുന്നു കാലം)
ഞങ്ങൾ കുട്ടികൾ ഇല തുടയ്ക്കുക...അല്ലെങ്കിൽ ചിരവിയ തേങ്ങ അരയ്ക്കാൻ എത്തിച്ചു കൊടുക്കുക തുടങ്ങിയ ജോലിയിൽ വ്യാപ്രതരായിരിക്കും...
ഞങ്ങൾ കുട്ടികൾ ഇല തുടയ്ക്കുക...അല്ലെങ്കിൽ ചിരവിയ തേങ്ങ അരയ്ക്കാൻ എത്തിച്ചു കൊടുക്കുക തുടങ്ങിയ ജോലിയിൽ വ്യാപ്രതരായിരിക്കും...
തലേദിവസം കല്ല്യാണത്തിന് പോയാൽ ഞാൻ വയസ്സന്മാരുടെ കൂടെയായിരിക്കും..അതിനൊരു കാരണമുണ്ട്..അവരുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള കഥകളും പ്രേമ കഥകളും യക്ഷി കഥകളും അല്പം എരിവും പുളിയുമുള്ള വർത്തമാനങ്ങളും വയസ്സന്മാരുടെ നാവിൽ നിന്ന് നിർലോഭം ലഭിക്കും എന്നതു തന്നെ..അവരുടെ കൂടെ ഭക്ഷണം കഴിക്കാനിരുന്നാൽ ആരും ശല്ല്യപ്പെടുത്തില്ല..പതുക്കെ കഴിച്ചാൽ മതി..
പായസം പ്രഥമനാണെങ്കിൽ തേങ്ങാപ്പാൽ പിഴിയുന്നത് നല്ല വെളുത്ത തോർത്തിലായിരിക്കും..ചുരുങ്ങിയത് മൂന്ന് തോർത്തെങ്കിലും പാൽ പിഴിയൽ മൂലം കീറും...പാൽ പിഴിയുമ്പോൾ നല്ല നല്ല പാട്ടുകൾ ചേട്ടന്മാർ പാടും..ഇടയ്ക്കിടെ കട്ടൻ ചായ വരും..അത് ഞങ്ങൾ പിള്ളേർക്ക് തരില്ല.. അതിന്റെ ഗുട്ടൻസ് പിന്നെയാണ് മനസ്സിലായത്..പാലു പിഴിഞ്ഞ് കഴിയുമ്പോഴെക്കും പാലു പിഴിഞ്ഞ ചേട്ടന്മാരുടെ നാവും കൈയും കുഴഞ്ഞിട്ടുണ്ടാവും...കാലത്ത് പ്രഥമനും കുടിച്ച് തലേന്നത്തെ പഴംകഞ്ഞിയിൽ സാമ്പാറും അവിയലും കൂട്ടുകറിയുമൊക്കെ ഒഴിച്ച് അതും കഴിച്ചായിരിക്കും പല ചെറുപ്പക്കാരും അവരരവരുടെ വീട്ടിലേക്ക് പോകുന്നത്
ഇത്രയും കല്ല്യാണ വിശേഷങ്ങൾ...ഇതിനിടയിൽ നടന്ന ഒരു രസകരമായ കഥയാണ് എനിക്ക് ഓർമ്മ വരുന്നത്...
ഇതുപോലെയുള്ള ഒരു കല്ല്യാണ തലേന്ന്.. എല്ലാവരും അവരരവരുടെ ജോലികളിൽ മുഴുകി നില്ക്കുമ്പോഴാണ് നമ്മുടെ കഥാനായകൻ്റെ രംഗ പ്രവേശം(തെറ്റിദ്ധരിക്കണ്ട സത്യമായും ഞാനല്ല)...എൻ്റെ പ്രായം കാണുമോ അതോ അതിലും ചെറുതോ...പച്ചക്കറികൾ അരിയുന്നിടത്ത് മൂപ്പർ ചുറ്റി നടന്നു..കത്തിയൊന്നും ഒഴിവില്ല..ഇല തുടയ്കുന്നിടത്തും വന്നു അവിടെയും ഒഴിവില്ല..എന്നാപ്പിന്നെ പാചകപ്പുരയിൽ കയറിയേക്കാം..അങ്ങനെ മൂപ്പർ പാചകപ്പുരയിൽ കയറിയപ്പോഴാണ് പണ്ടാരി സാമ്പാറിനുള്ള പരിപ്പ് കഴുകിയിടുന്നത് കണ്ടത്...മൂപ്പർക്ക് ഇതു കണ്ടപ്പോൾ ആകാംക്ഷ അടക്കാൻ പറ്റിയില്ല..
"നിങ്ങള് പരിപ്പ് മുറിക്കാതെയാ സാമ്പാർ വെക്കുക?"
മൂപ്പരുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് പണ്ടാരിയൊന്ന് ചിരിച്ചു.. മൂപ്പര് ചോദിച്ചത് മറ്റൊന്നും കൊണ്ടല്ല...സാമ്പാറിനുള്ള പച്ചക്കറികൾ എല്ലാം അരിഞ്ഞാണല്ലോ ഇടുന്നത്..അപ്പോൾ പിന്നെ പരിപ്പും അങ്ങനെയാവാനെ വഴിയുള്ളു...
ഇതു കേട്ട പണ്ടാരിയുടെ സഹായി തലയിൽ കൈ വച്ചു പറഞ്ഞു
"അയ്യോ മോനെ പരിപ്പ് മുറിക്കാൻ മറന്നുപോയി.. മോൻ ഓടിപ്പോയി പരിപ്പ് മുറിക്കുന്ന കത്തിയെടുത്ത് വാ"
അവൻ ഓടിപ്പോയി പച്ചക്കറികൾ അരിയുന്നവരുടെ അടുത്ത് ചെന്ന് പരിപ്പ് മുറിക്കുന്ന കത്തി എവിടേന്ന് ചോദിച്ചു.. അവരവനെ കളിയാക്കാനായി അവിടെ കാണും ഇവിടെ കാണുമെന്ന് പറഞ്ഞ് ഓടിച്ചു കൊണ്ടേയിരുന്നു..
പാവം ഒരുപാട് സമയം കത്തി അന്വേഷിച്ചു നടക്കുമ്പോൾ പണ്ടാരിയും സഹായിയും മറ്റുള്ളവരും ഉള്ളിൽ ചിരിയൊതുക്കി കഴിയുകയായിരുന്നു..അവസാനം തോറ്റു മടങ്ങിയവനെ പോലെ അവൻ പണ്ടാരിയുടെ മുന്നിലെത്തി
"കത്തി ആട ഏട്യയും കാണുന്നില്ല"
"കത്തി കാണുന്നിലെങ്കിൽ നാളത്തെ സാമ്പാറിന് ടേസ്റ്റിലെങ്കിൽ നമ്മളെ പറയറെ"
പണ്ടാരി ചിരി അടക്കിപ്പിടിച്ചു മറുപടി കൊടുത്തു...
പണ്ടാരി ചിരി അടക്കിപ്പിടിച്ചു മറുപടി കൊടുത്തു...
അതിനു ശേഷം കുറെക്കാലം കല്ല്യാണ വീട്ടിലെ തമാശയായിരുന്നു 'പരിപ്പ് മുറിക്കുന്ന കത്തി'
ബിജു പെരുംചെല്ലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക