Slider

അവകാശികള്‍ കഥ

0
അവകാശികള്‍
കഥ
അയ്യപ്പന്റെ പരാതി സ്വീകരിക്കാന്‍ വകുപ്പില്ല എന്നാണ് എസ് ഐയുടെ നിലപാട്.കളവു നടന്നാല്‍ പരാതി നല്‍കേണ്ടത് കളവുപോയ മുതലിന്റെ ഉടമയാണ്. തൊണ്ടി തിരിച്ചറിയേണ്ടതും അയാളാണ്. ഗ്രാമത്തിലെ എല്ലാ പുരയിടങ്ങളില്‍ നിന്നും തേങ്ങ കളവു പോകുന്നുവെന്ന് പരാതിപ്പെടാന്‍ അയ്യപ്പനെന്തധികാരം ? അവന്റെ പുരയിടത്തില്‍ ഒരു തെങ്ങുപോലുമില്ല.
അയ്യപ്പന്റെ വാദവും പക്ഷേ നിസ്സാരമായി കാണാനാവില്ല. പുരയിടമായ പുരയിടങ്ങളിലെ തേങ്ങകളെല്ലാം കളവു പോവുന്നതുകൊണ്ട് തെങ്ങുകയറ്റം ജീവിതോപാധിയായ താന്‍ ഇന്ന് തൊഴിലില്ലാത്തവനാണ്. തന്റെ തൊഴിലവസരം നഷ്ടപ്പെടുത്തുന്ന ഈ അവസ്ഥയോട് തെങ്ങിന്റെ ഉടമസ്ഥര് പ്രതികരിക്കുന്നില്ല. അവര്‍ തനിക്ക് മതിയായ നഷ്ടപരിഹാരം തന്നേ തീരുവെന്ന വാദത്തില്‍നിന്നു പിന്‍വാങ്ങാന്‍ അതുകൊണ്ട് അയ്യപ്പന്‍ തയ്യാറല്ല.
കൂടുതല്‍ ചിന്തിച്ചപ്പോള്‍ സംഗതി ഒരു പൊലീസ് കേസല്ല എന്നും അതിന് രാഷ്ട്രീയമായ പരിഹാരമാണ് ആവശ്യം എന്നും എസ് ഐക്ക് ബോദ്ധ്യപ്പെട്ടു.അങ്ങനെയാണ് തേങ്ങ കളവു പോവുന്നത് വ്യാപകമായി നടക്കുന്ന മൂന്നും നാലും വാര്‍ഡുകളൂടെ ജനപ്രതിനിധികളെ സ്റ്റേഷനിലേയ്ക്ക് വിളിക്കാന്‍ തീരുമാനിച്ചത്.രണ്ടു പ്രതിനിധികള്‍ രണ്ടു പാര്‍ട്ടികളില്‍ പെട്ടവരായതുകൊണ്ട് ജനാധിപത്യപരമായ ഒരു സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞേക്കും. രണ്ടു പേരുടേയും പുരയിടത്തിലെ തെങ്ങുകയറ്റക്കാരനാണല്ലോ അയ്യപ്പന്‍.
എസ് ഐയുടെ കണക്കുകൂട്ടല്‍ തെറ്റായില്ല.തേങ്ങ മോഷണത്തിന്റെ കാര്യത്തില്‍ രണ്ടു പേര്‍ക്കും ഒരേ അഭിപ്രായമാണ്. ''തെങ്ങുകയറ്റത്തിനും തേങ്ങ പൊതിക്കാനും അതു കൊപ്രക്കളത്തിലെത്തിക്കാനുമുള്ള പണച്ചെലവ് കിട്ടുന്ന വിലയേക്കാള്‍ കൂടുതലാണ്. കറിയ്ക്കരയ്ക്കാനുള്ള തേങ്ങകൂടി വിറ്റാലും കച്ചവടം നഷ്ടമാണ്. രാത്രിയിലെ തേങ്ങമോഷണം അതുകൊണ്ട് ഞങ്ങള്‍ക്കു ലാഭമാണ്. ഇരുട്ടായതുകൊണ്ടോ, എന്തോ, മോഷണക്കാരന്‍ മുഴുവന്‍ തേങ്ങയും പെറുക്കിയിടുക്കാറില്ല. ഞങ്ങള്‍ക്ക് കറിയ്ക്കരയ്ക്കാനുള്ളത് സര്‍പ്പക്കാവിലും കുറ്റിക്കാടുകളിലുമായി ഒളിഞ്ഞു കിടക്കുന്നുണ്ടാവും. അങ്ങനെ വീട്ടാവശ്യം കഴിയുന്നു.പിന്നെ ഞങ്ങളെന്തിനാ പരാതിപ്പെടാനും സാക്ഷിപറയാനും പോണത് ?'' അയ്യപ്പന്‍ കേള്‍ക്കാത്ത മട്ടില്‍ പിന്നെയും എന്തൊക്കെയോ കാതില്‍ രഹസ്യം പറഞ്ഞ് ജനപ്രതിനിധികള്‍ സ്ഥലം വിട്ടപ്പോള്‍ എസ് ഐ അയ്യപ്പനെ വിളിച്ചു.
''അയ്യപ്പാ,നിന്റെ വീട്ടിലിപ്പൊ ആരൊക്കെയുണ്ട് ?'' ചോദ്യം എന്തിനെന്നു മനസ്സിലായില്ലെങ്കിലും എസ് ഐയെ അനുസരിക്കണം. ''ഞാനും എന്റെ പെണ്ണും '' അയ്യപ്പന്‍ പറഞ്ഞു.
''അപ്പോ, നിന്റെ അന്യേനൊരുത്തനുണ്ടായിരുന്നില്യേ ? അവനെവ്ടെ ?''തന്റെ കുടുംബപുരാണത്തില്‍ ഇയാള്‍ക്കെന്തു കാര്യം എന്നൊന്നും ചോദിക്കാന്‍ അയ്യപ്പന്‍ മുതിര്‍ന്നില്ല.
''അവനിപ്പൊ വേറെയാ താമസം . തെങ്ങുകേറാനുള്ള അവകാശം പകുതീം പകുതീം ആക്കണംന്ന് പറഞ്ഞ് വഴക്കിനു വന്നു. നിന്റെ പണി നീതന്നെ കണ്ടെത്തീക്കോന്ന് ഞാന്‍ പറഞ്ഞപ്പോ ഒന്നൂം രണ്ടും പറഞ്ഞ് എറങ്ങിപ്പോയീതാ. അവനെവടേങ്കിലും പോയി തൊലയട്ടെ. സാറ് എന്റെ കാര്യത്തിനൊരു സമാധാനം ണ്ടാക്കിത്താ.''
കള്ളനെ കയ്യോടെ പിടിച്ച സന്തോഷം എസ് ഐയുടെ മുഖത്തു തെളിഞ്ഞു.
''അയ്യപ്പാ, നിന്റെ അന്യേന്‍ നല്ല അനുസരണേള്ളോനാ. നീ ഉപദേശിച്ച പോലെ അവന്‍ അവന്റെ പണി കണ്ടെത്തി. പാതി തെങ്ങുകേറ്റം അവനു ഭാഗിച്ചുകൊടുത്ത് ചേട്ടനും അന്യേനും സുഖായി കഴിഞ്ഞൂടെ ? ആലോചിച്ച് നോക്ക്. പിന്നെ പറഞ്ഞാമതി. നീയിപ്പൊ പോ. '' എസ് ഐ ബെെക്കിന്റെ താക്കോലെടുത്ത് മറ്റേതോ കേസന്വേഷണത്തിന് കിക്ക് സ്റ്റാര്‍ട്ട് ചെയ്തു.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo