Showing posts with label SheebaRavi. Show all posts
Showing posts with label SheebaRavi. Show all posts

മഴ

Image may contain: 1 person, standing
അങ്ങകലെ മഴ ആര്‍ത്തിരമ്പി വരുന്നു. അതിന്‍റെ മുഴക്കം കോള്‍ക്കുമ്പം ഭയം തോന്നുന്നു അല്ല.!
പക്ഷേ , ഇപ്പൊഴോ.....
നോക്കു...നാടില്ലാത്ത, വീടില്ലാത്ത, പേരില്ലാത്ത ഏതോ മാന്ത്രികനായ സംഗീതജ്ഞന്‍ , ഏതോ മനോഹരമായ വാദ്യോപകരണത്തില്‍ -പേരില്ലാത്ത മനോഹരമായ രാഗത്തില്‍ ചിട്ടപ്പെടുത്തിയ സംഗീതം പോലെ ...എന്‍റെ കണ്‍മുന്നില്‍ ഇതാ - ഈ ഓടിന്‍ പുറത്തു നിന്ന് മഴത്തുളളികള്‍ താഴെ വീണ് ചിന്നിചിതറുന്നു. 'ഉയരങ്ങളില്‍ നിന്ന് താഴെക്കുളള പതനം - ഭൂമിയുമായുളള ലയനം, കണ്ടിരിക്കാന്‍ എന്തൊരു രസമാണ്, കോള്‍ക്കാന്‍ എന്തൊരു സുഖമാണ്..അല്ലേ..!!
പ്രകൃതിയിലെ ഏറ്റവും സുന്ദരവും, സ്നേഹമയവുമായ കാഴ്ച - 'മഴ '.
നിന്നെ എനിക്കെന്തിഷ്ടമാണെന്നറിയോ ? എന്‍റെ കണ്ണനെ പ്പോലെ നീയും എനിക്ക് പ്രിയപ്പെട്ടവള്‍.
എന്‍റെ മുറ്റത്തുകൂടി ഒഴുകുന്ന ഈ ചെറിയ നീര്‍ചാലുകള്‍ -എന്‍റെ പ്രിയ യമുനയും, ഈ കൊച്ചു പൂന്തോട്ടം - എന്‍റെ വൃന്ദാവനവും.
''വിരഹിണിയായ എന്‍റെ യമുനയും, നാഥനില്ലാത്ത എന്‍റെ വൃന്ദാവനവും, പിന്നെ... ഈ ഞാനും കാത്തിരിക്കുകയാണ് ...ഒരു തോരാ മഴയത്ത് കണ്ണില്‍ കുസൃതിയും, ചുണ്ടില്‍ നേര്‍ത്ത പുഞ്ചിരിയുമായ് കടന്നുവരുന്ന മായകണ്ണന്‍റെ പദനിസ്വനത്തിനായ് ''
ചിന്തകള്‍ വഴിമാറുന്നു...
ദാഹജലത്തിനായ് കേഴുന്ന വേഴാമ്പലിനെപോലെ ഞാനും നിന്‍റെ വരവിനായ് കാത്തിരിക്കാറുണ്ട്.
''കൊല്ലുന്ന ഏകാന്തതയിലേക്ക് വഴിത്തെറ്റി കടന്നുവന്ന യാത്രികന്‍റെ സ്വാന്തനം പോലെ - വെന്തെരിയുന്ന മീനച്ചൂടിനു ശേഷം ഒരു നനുത്ത തലോടലായ് നീയും കടന്നുവരുന്നു.''
പിന്നെ , എനിക്കേറെയിഷ്ടം നിന്നിലൂടെയുളവാകുന്ന ഈ അലസതയാണ് - ഹായ് !! ഇതാ ഇങ്ങനെ കൂനികൂടി മൂടിപുതച്ച് ഇരിക്കാന്‍ എന്ത് സുഖാന്നറിയോ..!
നോക്കു...അങ്ങകലെ കോടയാകുന്ന പുതപ്പിനാല്‍ മൂടിപുതച്ച്, അമ്മയാകുന്ന ഭൂമിദേവിയുടെ മടിത്തട്ടില്‍ നിഷ്കളങ്കയായ കുഞ്ഞിന്‍റെ ഭാവത്തോടെ ഉറങ്ങിക്കിടക്കുന്ന താഴ്വാരം.....അല്ല...തനിക്ക് അപ്രാപ്യമായ കാമിനിയെ ഒന്നണച്ചു പുല്‍കാന്‍ വെമ്പല്‍ക്കൊളളുന്ന ഗിരിനിരകള്‍....അതുമല്ല....നിതാന്തമായ കടല്‍ - തന്നിലേക്ക് എല്ലാം ലയിക്കുമ്പോള്‍ , തനിക്ക് ഒന്നിലേക്കും ലയിക്കാന്‍ കഴിയില്ലല്ലോ എന്ന ഹൃദയഭേദകമായ കടലിന്‍റെ വേദന.....അങ്ങിനെ , അങ്ങിനെ നീണ്ടുപോകുന്ന ചിന്തകളുടെ മായാലോകം.
ചില സമയത്ത് നീ അമ്മയാകുന്നു. മമത ഭാവമെന്നു കരുതി കൊഞ്ചാന്‍ വരുമ്പോള്‍ പൊട്ടിത്തെറിക്കുന്ന തുലാവര്‍ഷത്തിലെ നിന്നെ എനിക്കു പേടിയാണ്. അടങ്ങാത്ത ഹൃദയ വേദനയോടെ ഇരുണ്ട കാര്‍കൂന്തല്‍ അഴിച്ചിട്ട് ഭ്രാന്തിയെ പോലെ ആര്‍ത്തുക്കരയുന്ന കര്‍ക്കിടകത്തിലെ നിന്ന ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്നു. പ്രണയത്തിന്‍റെ പനിചൂടില്‍ മനസ്സിലേക്കു കുളിരുകോരിയിടുന്ന ചാറ്റല്‍മഴയെ - നിന്നെയും ഞാന്‍ പ്രണയിക്കുന്നു.
''ശമനത്താളത്തിന്‍റെ അവസാന മിടിപ്പിലും നീയെന്നെ പുണരുക ''.
Sheeba ..... 07_07_17

അപരിചിതന്‍

Image may contain: 1 person, standing

നിന്‍റെ മൗനത്തോടെനിക്ക് കലഹമാണ്
നിന്‍റെ പുഞ്ചിരിയോടെനിക്ക് കാമമാണ്
നിന്‍റെ നോവുകളോടെനിക്ക് പ്രണയമാണ്
നിന്‍റെ നിഴലിനോടെനിക്ക് വെറുപ്പാണ്
എന്‍റെ വിരഹം ആഘോഷമാക്കിയ നിന്‍റെ
കണ്ണുകളെ ഞാന്‍ ചൂഴ്ന്നെടുക്കുന്നു...
നിശയുടെ ലഹരിയില്‍ പകലിനെ കാണാതെ പോയ -
ശൂന്യഗര്‍ത്തങ്ങളില്‍; ഇനി ഞാനൊന്നമര്‍ത്തി ചുംബിക്കട്ടെ.
നിന്‍റെ ശവക്കല്ലറ - എന്‍റെ എല്ലിനുളളിലെ മജ്ജയാല്‍ കാലം രേഖപ്പെടുത്തും....
ആത്മാവുമരണപ്പെട്ടവന്‍റെ തലയോട്ടിയുമായി -
ഓര്‍മകള്‍ പടിപ്പുര വാതിലില്‍ കാത്തുനില്‍ക്കുന്നു.
Sheeba ......05_07_2017

എന്നെ മറന്നിട്ട വഴിയില്‍

Image may contain: 1 person, standing

എന്നെ മറന്നിട്ട വഴിയില്‍....ഞാന്‍
നിന്നെ തിരയുന്നു കണ്ണേ..(2)
നിന്നോര്‍മ്മ അകലുന്ന നിമിഷം...ഞാന്‍
മണ്ണോടു മണ്ണായ നേരം.(2)
(എന്നെ)
കാത്തിരുന്നീടുന്നു ജന്മാന്തരങ്ങളായ്...
കാലം കെെകോര്‍ത്ത പാതയോരത്തായ്....
നിനക്കായ് പാടിയ പാട്ടുകള്‍ പാതിയില്‍,
ഇടറുന്നത്താളത്തില്‍ മൗനങ്ങള്‍ പുല്കുന്നു.(2)
(എന്നെ)
കിനാവിന്‍റെ ചാരത്ത് മയങ്ങുമെന്‍ നിനവുകള്‍...
നിഴലായ് പിരിയാതെ.....നിഴലായ് പിരിയാതെ - നിന്നിലലിയുന്നു.
നീ....എന്നോ ബലിയിടൊരാത്മാവു ഞാന്‍;
മണ്ണില്‍.....പിന്നെയും, പൊഴിയുന്നു മഴനൂലുകള്‍.(2)
(എന്നെ)
Sheeba ........ 04-07-2017

ബാല്യം ( കവിത )

Image may contain: 1 person

ചെറുതരി വളപ്പൊട്ടിലും മിന്നിത്തെളിയുന്ന നിറമാര്‍ന്നോരോര്‍മയാണെന്‍റെ ബാല്യം.
കലപില കൂട്ടി കലമ്പുന്ന പറങ്കിമാവിന്‍ ചുവട്ടിലെ കുഞ്ഞുകൂടാരമാണെന്‍റെ ബാല്യം .
കാലില്‍ ചിലമ്പിട്ട് തുളളാതെ തുളളുന്ന, തിരുനെറ്റി മുറിവിലെ മഞ്ഞള്‍പൊടിക്ക്; രണ്ടുവിരല്‍ ഉള്‍ക്കാഴ്ചയാണെന്‍റെ ബാല്യം .
ആകാശനീലിമ കാണാതെ സൂക്ഷിച്ചൊരൊറ്റ മയില്‍പ്പീലിക്ക്, കളിത്തോഴന്‍റെ കണ്ണിലെ കുസൃതിയും,കരുതലും,പ്രണയവും;പിന്നെ വേര്‍പ്പാടിന്‍റെ പിന്‍നിഴല്‍ കാഴ്ചയുമാണെന്‍റെ ബാല്യം .
ഇത്തിരി വെട്ടത്തില്‍ ഒത്തിരി നോവിന്‍റെ ഇരുള്‍മറത്തീര്‍ത്തൊ -രമ്മതന്‍ കണ്ണുനീര്‍ ഛായയും;അച്ഛന്‍റെ കെെയ്യിലെ വേര്‍പ്പാല്‍ പൊതിഞ്ഞൊരാ -രുചി ചേര്‍ന്ന നാവിന്‍റെ നിറവാണെന്‍റെ ബാല്യം .
നീന്തിത്തുടിച്ചൊരാ ചിറയിലും,പരല്‍മീനു പുളയുന്ന തോടിന്‍റെ ചേറില്‍ പുതഞ്ഞൊരാ കാലിന്‍ തണുപ്പിലും;പിന്നെ വെയില്‍ക്കിളി പാടുന്ന പാട്ടില്‍ തുളളുന്ന തുമ്പിക്ക് കല്ലെടുപ്പിച്ചൊരെന്‍റെ ബാല്യം .
കര്‍ക്കിടകരാവിലെ തോരാമഴയത്ത് ഭസ്മമണമുള്ളൊരാ-നെഞ്ചില്‍ കുറുകുന്ന രാമായണശീലില്‍ മുഖം ചോര്‍ത്തൊരഹല്യത്തന്‍ ; നോവില്‍ കണ്ണുനീര്‍ മോക്ഷം കൊതിച്ചോ...രെന്‍റെ ബാല്യം .
ചെമ്പകമണമുളള നിലാവിന്‍റെ മുറ്റത്ത്-ചന്ദനക്കുറിയായ് പുഞ്ചിരി പൂവുകള്‍;മഞ്ഞാടചുറ്റിയ വയലേലകള്‍ രാവിന്‍റെ -യാലസ്യമോടെ മയങ്ങിക്കിടക്കവേ-കതിരോന്‍ നെയ്തൊരാ പട്ടുടയാട വാരിയെടുത്തൊരാ കുഞ്ഞുകെെ കുസൃതിയാണെന്‍റെ ബാല്യം .
പിരിയുവാനൊന്നിച്ചു ചേര്‍ന്നൊരാ നൂപുരസന്ധ്യയും, ഇലഞ്ഞിത്തറയിലെ കാറ്റിന്‍ പിശറലും,പിന്നെ കരിംത്തിരി കത്തിയണഞ്ഞൊരാ ഉമ്മറത്തിണ്ണയും-ഒറ്റത്തിരിവെട്ടത്തില്‍ ആളിപടരുന്നൊരോര്‍മകള്‍...നിഴലാട്ടരൂപങ്ങള്‍.
ഓര്‍മയാണോര്‍മയാണെന്‍റെ ബാല്യം .....സ്മൃതിപഥം വാഴ്ത്തുന്ന സ്നേഹസൂക്തം.
ഇനിയില്ല വഴിയിലെ മഴവീണ പൂക്കള്‍ക്ക്....കൊലുസ്സിന്‍റെ കൊഞ്ചലായ് എന്‍റെ ബാല്യം .
Sheeba .

ഹിമശില


''മിഥിലാ, നീയെൻെറ ക്ഷമയെ പരീക്ഷിക്കരുത്‌...., കഴിഞ്ഞ മൂന്നു ദിവസമായി..., എനിക്കു ......''
ആത്മസംഘർഷത്തിൻെറ വേലിയേറ്റത്തിൽ വാക്കുകൾ ശബ്ദമില്ലാതെ അവനിൽ നിന്നും ചിതറിതെറിച്ചു.
'' ഈ കൂടി കാഴ്ചയിൽ നിനക്കു തന്ന വാക്ക് ; ഈ നിമിഷം വരെ ഞാൻ പാലിച്ചിരിക്കുന്നു.''
ദൂരെ വെളളച്ചാട്ടത്തിൻെറ അലയൊലികൾ അവർക്കിടയിലെ മൗനത്തെ വാചാലമാക്കി.
കസേരയിൽ നിന്ന് എഴുന്നേറ്റ്... മൂന്നു ചാൽ നടന്ന ജീവൻ പതിയെ തിരിഞ്ഞു നോക്കി; 
വിയർപ്പുപ്പൊടിഞ്ഞ മുന്തിരി ജ്യൂസ്സിനു പിറകിൽ -തലകുനിച്ചിരിക്കുന്ന;ഒരു വെയിൽ നാളമേറ്റാൽ ഉരുകിയൊലിക്കുന്ന നേർത്ത 'ഹിമശില ' പ്പോലവൾ. 
മുടിയിഴകളിൽ കെെ കൊരുത്ത് 'ഡെസേർട്ട് ഹാർട്ട് ' ഹോട്ടലിൻെറ മൂന്നാം നിലയിലെ റസ്റ്റോറൻറ്റിനോട് ചേർന്ന ബാൽക്കണിയിൽ നിൽക്കവേ, തണുപ്പിൻെറ സൂചിമുനകൾ കണ്ണിലേക്ക് തറച്ചു കയറി.
നീലവിരിപ്പിട്ട ജാലകത്തിൻെറ മുന്നിലും, പിന്നിലും കാഴ്ച ഒരുപ്പോലെ...തണുത്തുറഞ്ഞ ഹിമശിലകൾ...!
വഴിത്തെറ്റിവന്ന കൗതുകം പ്പോലെ, 'ഡെസേർട്ട് ഹാർട്ട് ' അവൻെറ ചിന്തകളെ ചോദ്യം ചെയ്തു ? അഞ്ചു ദിവസം മുൻപ് - ''ഡെസേർട്ട് ഹാർട്ട് ഹോട്ടൽ, 3rd ഫ്ളോർ, 104-ാം നന്പർ റൂമെന്ന് '' - അവൾ വിളിച്ചു പറഞ്ഞപ്പോഴേ മനസ്സിൽ കയറി കൂടിയതാണീ ; കൗതുകം.!
പോക്കറ്റിൽ നിന്നും മീര ഭജൻ ഒഴുകിയെതിയപ്പോൾ - അവൻ , അവളെ നോക്കി, 
അവൾക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട്. അല്ലാ... അവൾക്ക് പ്രിയപ്പെട്ട ഒരേഒരു പാട്ട് ! കഴിഞ്ഞ ആറു വർഷമായി, എനിക്കും..!
ആവർത്തനം ഭ്രാന്തിൻെറ ചിതൽപ്പുറ്റുകൾ തീർക്കുന്നു.
''സർ, ഇനിയെന്തെങ്കിലും ? 
'' ആഹാ.... ഒരു ബിയർ.''
മൂന്നു തവണ ലെെറ്ററിൽ വിരലുകൾ പരാജയപ്പെട്ടപ്പോൾ - ചുണ്ടിലെ സിഗരറ്റിൻെറ കഴുതൊടിച്ച് നിലത്തിട്ട് ചവിട്ടിയരച്ചു.
ചുറ്റിലും മലനിരകൾ, അവയെ കെട്ടിപ്പിടിച്ച് ഉരുകിയൊലിക്കുന്ന കാട്ടാറുകൾ.വന്യതയുടെ പച്ചപ്പ് ഇരുൾ മറതീർത്ത കൂടാരം... 'ഡെസേർട്ട് ഹാർട്ട്.'
മുടിയഴകളിൽ കെെ കൊരുത്ത് ഒരു പിൻപ്പറ്റൽ. 
അവളിലേക്കുളള ദൂരം - കാലങ്ങൾക്കപ്പുറത്തേക്ക് ഒരു മടക്കയാത്രയ്ക്ക് ഒരുങ്ങുന്നവൻെറ നിസ്സംഗതയെ ശിഥിലമാക്കുന്ന പ്രാണൻെറ പിടയലാവുന്നു. 
ഒഴിഞ്ഞ മൂന്നു ബിയർ കുപ്പികളും, വിയർപ്പുപ്പൊടിച്ച ഒരു മുന്തിരിജ്യൂസ്സും - അവർക്കിടയിലെ പരിഭവങ്ങൾക്ക് മൂക സാക്ഷികളായി. 
''മിഥിലാ, ഒരു നിമിഷം, ഒരേ..... ഒരു നിമിഷം ''
'' നീയെൻെറ കണ്ണുകളിലേക്ക് നോക്ക് ''
'' നിൻെറ രതിമൂർച്ചയെ കവർന്നെടുത്ത - ഈ നീല കണ്ണുകളിൽ, നിനക്കു നഷ്ടമായ..... അല്ലാ, നമ്മുക്ക് നഷ്ടമായ ലഹരിയുടെ രാവുകൾ തിളങ്ങി നിൽക്കുന്നതു കാണാം.''
ഡിസംബറിൻെറ മരവിപ്പ് മാറ്റാൻ വീശിയടിച്ച കാറ്റിൽ; തണുത്തുറഞ്ഞ വെയിൽനാളങ്ങൾ -ആലിലകളെ വാരിപ്പുണരാനാവാതെ വിറച്ചു നിന്നു. 
''സാർ, മൂന്നു മണിക്കാണ് ഫ്ളെെറ്റ് - രണ്ട് മണിയക്ക് ഇവിടുന്ന് പുറപ്പെടേണ്ടി വരും.'' 
'' ഉം '' 
''ലഞ്ച് '' 
'' പറയാം ''
സമയം പതിനൊന്നു മണിയാവുന്നു... അവശേഷിക്കുന്ന കുറഞ്ഞ സമയം - അവൻെറ ഹൃദയതാളം, ബലിക്കല്ലിൽ പിടയുന്ന അവസാന ശ്വാസത്തെ തൻെറ ഉയിരിനോട് ചേർത്തു പിടിക്കാൻ......വെന്പൽ കൊണ്ടു. 
വീണ്ടുമൊരു പാഴ്ശ്രമം !
കഴുത്തൊടിഞ്ഞ് ചവിട്ടിയരക്കപ്പെട്ടു...! 
''നിൻെറ, ചുണ്ടിനു മുകളിലെ കാക്കാപ്പുളളിയെ നുളളിനോവിക്കാെത....'' 
ഒരു നേർത്ത തേങ്ങലായ് മീരാ ഭജൻ ഒഴുകിയെത്തി.
''ജീവേട്ടാ, എന്താ ഫോണെടുക്കാതെ ?'' 
''അച്ഛനും, അമ്മയും എല്ലാം നാളെ വരുന്നുണ്ട്... അവരെല്ലാം ഒത്തിരി ഹാപ്പിയാ... മൂന്നു വർഷായില്ല്യേ , ഈ കാത്തിരിപ്പ്..!'' 
''ഇന്ന് വെെകീട്ട് എത്തില്ലേ, ജീവേട്ടാ? അയ്യോ.... വെക്കല്ലേ ! അച്ഛനെന്തോ പറയാനുണ്ടെന്ന്....!''
വീശിയടിച്ച കാറ്റിൽ, ആലിലകളെ പുണരാനാവാതെ - മഞ്ഞവെയിൽ വിറകൊണ്ടു.
''അവളുടെ ചുണ്ടിലും ഞാൻ കണ്ടത് , നിൻെറ കാക്കപ്പുളളികളായിരുന്നില്ലേ....മിഥിലാ ? ''
''മൂന്നു വർഷങ്ങൾ...കാലം... എനിക്കും, നിനക്കു മിടയിൽ..... നിനക്കൊരിക്കലും-എൻെറ വേദന തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലാ, മിഥിലാ; അന്നു നീ ഭ്രാന്തിൻെറ ചങ്ങല കിലുക്കമായിരുന്നു !'' 
വെളളച്ചാട്ടത്തിൻെറ നേർത്ത അലയൊലികൾ മൗനത്തിൻെറ ചുണ്ടുകളെ മുറിപ്പെടുത്തി. 
'' സർ, കുടിക്കാനെന്തെങ്കിലും ?'' 
'' ഒരു ബിയർ കൂടി '' 
ഒരു വിരല്തുന്പിനകലത്തിലും, ലഹരിയുടെ മഴമേഘ പെയ്ത്തിലും, ഒടുങ്ങാത്ത ദാഹത്തിൻെറ അലമാലകൾക്കിടയിൽ നിന്നും, വാക്കുകളെ പെറുക്കിയെടുക്കാൻ - അവൻ ശ്രമിക്കുന്നുണ്ടായിരുന്നു.!
നിത്യ ചെെതന്യത്തിൻെറ ആത്മാവിൽ അഭയം തേടി അലയുന്നവൻെറ പ്രാർത്ഥനപ്പോലെ - അവൻ പറഞ്ഞു!
'' മിഥിലാ , ഞാൻ.... അറിഞ്ഞുകൊണ്ടല്ല, നിനക്കൊന്നും നഷ്ടമാവില്ല ; ഒന്നും....ഒന്നും.'' 
'' ഞാൻ വന്നില്ലേ ? ഇനിയും വരും.... നമ്മൾ കാണും..... സംസാരിക്കും.'' 
''ഞാൻ , നിൻേറതു മാത്രമാണെന്നു പറയുന്നില്ല, മിഥിലാ ..... പക്ഷേ ! നീ എന്നും എൻേറതു മാത്രമായിരിക്കണം.''
'' നിൻെറ വേദനയുടെ ആഴം, നിന്നിൽ എരിഞ്ഞടങ്ങിയ സ്വപ്നങ്ങൾ....! നീ എനിക്കു ചാർത്തിതന്ന 'സ്വാർത്ഥനും,ക്രൂരനുമെന്ന ' വിശേഷണങ്ങൾക്ക് തിളക്കം കൂട്ടുന്നു.'' 
''എനിക്കൊരിക്കലും ഒരു വേറിട്ട മനുഷ്യനാവാൻ കഴിയില്ലെന്നു നമ്മൾ തിരിച്ചറിഞ്ഞതാണ് !'' 
''എന്നിരുന്നാലും '' 
''ഞാൻ പറിച്ചു നട്ട നിന്നെ പിഴുതെറിയാൻ എനിക്കാവില്ലെന്നു, നീ; അനുഭവിച്ചറിയുന്നതുമാണ്.'' 
''ഈ തണുത്തുറഞ്ഞ മൗനം - നോവിൻെറ കണ്ണാടിചില്ലുകൾ ആത്മാവിലേക്ക് കുത്തിയിറക്കുന്നു.''
''മിഥിലാ, നിന്നിലെ ഭ്രാന്തിൻെറ ചങ്ങല കിലുക്കത്തെയാണ്, ഞാൻ പ്രണയിച്ചത് !'' 
'' ആ 'കുഞ്ഞു മുകുളം ' വിരിഞ്ഞോട്ടെ....മിഥിലാ '' 
'' നമ്മൾ കല്പാന്ത കാലത്തോളം കൃഷ്ണശിലയിൽ തീർത്ത 'രാധാമാധവം.'! മറിച്ചായിരുന്നുവെങ്കിൽ നമ്മുടെ 'പ്രണയം ' എന്നേ പുഴു വരിച്ചേനെ....!'' 
''നീ കാണുന്നില്ലേ ? നിൻെറ പ്രണയം കവർന്നെടുക്കാൻ, എൻെറ നീല കണ്ണുകളിൽ തിളങ്ങി നിൽക്കുന്ന-കാക്കാപ്പുളളിയെ.....മിഥിലാ, ആവർത്തനത്തിൻെറ ലഹരി - തീ ജ്വാലകളായ് എന്നിൽ ആളിപടരുന്നു...!'' 
ഹിമശിലകൾക്കിടയിൽ മറഞ്ഞിരുന്ന മഞ്ഞവെയിൽ വീശിയടിച്ച കാറ്റിനോടൊപ്പം - ആലിലകളെ വാരിപ്പുണർന്നു.
പിണങ്ങി പിരിഞ്ഞ ഒരു കാട്ടരുവി അകലെ എന്തിനെന്നറിയാതെ തലത്തല്ലി കരയുന്നുണ്ടായിരുന്നു.....!!!

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo